Home Articles Malayalam Articles പ്രസംഗം വാക്ചാതുര്യമോ……?
0

പ്രസംഗം വാക്ചാതുര്യമോ……?

72
0

ഷീലാ ദാസ്‌

ഒരിക്കൽ ഒരു ദൈവദാസൻ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ, കേട്ടിരുന്ന വ്യക്തി പറഞ്ഞു, എത്ര നല്ല പ്രസംഗകൻ, അദ്ദേഹത്തിന്റെ പ്രസംഗം നന്നായിരുന്നു. എന്നാൽ മറ്റൊരാൾ പ്രസംഗിച്ചു കഴിഞ്ഞപ്പോൾ, പറഞ്ഞത്‌, എത്ര വലിയ ക്രിസ്തു എന്നത്രെ. പ്രസംഗം നല്ലതായിരുന്നുവോ എന്നതിനേക്കാൾ, പ്രസംഗത്തിലൂടെ യേശുക്രിസ്തു ആരെന്ന് ലോകത്തിനു മനസിലാക്കി കൊടുക്കുവാൻ കഴിഞ്ഞോ എന്നതാണു് പ്രധാനം. പ്രസംഗിക്കുന്നവർക്ക്‌ ഒരു പഞ്ഞവുമില്ലാത്ത കാലമാണിത്‌. എന്നാൽ നാം ക്രിസ്തുവിനെയാണോ, നമ്മേയാണോ ഉയർത്തുന്നത്‌ എന്ന് ചിന്തിക്കുന്നത്‌ നല്ലതാണു.

അപ്പോസ്തലനായ പൗലോസ്‌ പ്രസംഗിച്ചത്‌ മനുഷ്യന്റെ വാക്ചാതുര്യത്തോടെയല്ല, മറിച്ച്‌ ദൈവത്തിന്റെ ജ്ഞാനം കൊണ്ടാണു്. മനുഷ്യന്റെ ബുദ്ധിയിൽ നിന്നും വരുന്ന അറിവ്‌ കൊണ്ട്‌ പ്രസംഗിച്ചാൽ, മറ്റുള്ളവരുടെ ബുദ്ധിമണ്ഡലത്തിൽ തൊടും. എന്നാൽ ദൈവത്തിന്റെ ജ്ഞാനത്തിൽ നിന്നും പ്രസംഗിച്ചാൽ, ഹൃദയത്തിന്റെ അറകളിലേക്ക്‌ കടന്ന് ചെന്ന് രൂപാന്തരം വരുത്തും. പ്രാർത്ഥനാമുറിയിൽ, ദൈവത്തോടുള്ള ബന്ധത്തിൽ സമയം ചിലവഴിച്ച്‌, പ്രസംഗപീഠത്തിൽ കയറിയാൽ, പരിശുദ്ധാത്മാവ്‌ ജനഹൃദയങ്ങളെ സ്പർശിക്കുന്നത്‌ കാണാം. ഇന്ന് കേൾവിക്കാർ മുഴു ശ്രദ്ധയോടെ പ്രാസംഗികനെ ശ്രദ്ധിക്കുമ്പോൾ, അദ്ദേഹത്തിന്റെ വാക് ചാതുര്യവും വേഷഭൂഷാദികളും ഭാവങ്ങളും ഒക്കെ ജനത്തിന്റെ മനസ്സിൽ മായാതെ നിൽക്കും. എന്നാൽ കർത്താവിന്റെ ആഗ്രഹം ജനം തന്നിലേക്കകർഷിക്കപ്പെടണം എന്നത്രെ. ഒരിക്കലും ജനം തന്നിലേ ക്കാകർഷിക്കപ്പെടുവാൻ പ്രാസംഗികൻ ആഗ്രഹിക്കയോ ശ്രമിക്കയോ ചെയ്യരുത്‌. പ്രാസംഗികൻ പുകഴ്ത്ത്പ്പെടുവാനും അവസരം കൊടുക്കരുത്‌. വേദികളിൽ നമ്മെ മറ്റുള്ളവർ പുകഴ്ത്തുമ്പോൾ, നാം അറിയാതെ കർത്താവിന്റെ മഹത്വം ഏറ്റെടുക്കുകയാണു്. നമ്മുടെ പേരിന്റെ മുൻപിൽ അവർ ചേർക്കുന്ന പദവികളുടെ എണ്ണവും നമുക്ക്‌ മാന്യതയായി തോന്നും എങ്കിലും ദൈവത്തിനു് അത്‌ അപമാനമായി തോന്നും, കാരണം കർത്താവ്‌ ഭൂമിയിൽ ആയിരുന്നപ്പോൾ ഈ പദവികൾ ഒന്നും തന്റെ പേരിനു മുൻപിൽ ചേർത്തില്ലല്ലോ. സ്വർഗ്ഗത്തിൽ പിതാവിനൊട്‌ സമനായി വാണിരുന്ന പുത്രനായ യേശു തമ്പുരാനു് ഈ ലോകം പദവികൾ ഒന്നും തന്നില്ല എങ്കിൽ കേവലം ഒരു ശ്വാസം മാത്രം കൈമുതലായുള്ള നാം എന്തിൽ അഹങ്കരിക്കണം? അകത്തേക്കു വലിച്ച ശ്വാസം പുറത്തേക്കെടുക്കണമെങ്കിൽ, മുകളിൽനിന്നും അനുവാദം വേണമെന്ന് നാം മറന്നുപോകുന്നു. പുകഴ്ത്തപ്പെടുവാനും പ്രശംസിക്കപ്പെടുവാനും നാം ആഗ്രഹിക്കുന്നെങ്കിൽ ഓർക്കുക, നമുക്കു പ്രതിഫലം കിട്ടിപ്പോയി. നമ്മുടെ അറിവുകൾ നിരത്തിവെച്ച്‌ നാം കഴിവുള്ളവരാണു് എന്ന് തെളിയിക്കുന്നതിനേക്കാൾ, ക്രൂശിൽ മരിച്ച ദൈവപുത്രനിലൂടെ നമുക്ക്‌ ലഭിച്ച വിലയേറിയ വീണ്ടെടുപ്പിനെക്കുറിച്ചും നിത്യ രക്ഷയേക്കുറിച്ചും ലഭിക്കാൻ പോകുന്ന ഭാഗ്യപദവികളെക്കുറിച്ചും അതിനു് ഈ ഭൂമിയിൽ എത്ര വിശുദ്ധജീവിതവും ഭക്തിയും ഉള്ളവരായി ജീവിക്കണം എന്നതിനെക്കുറിച്ചും തെളിയിക്കുന്നതല്ലേ വലുതും നല്ലതും. കേൾവിക്കർക്ക്‌ പ്രയോജനപ്പെടേണ്ട ക്രൂശിനേക്കുറിച്ച്‌ പറയാതെ മറച്ചുവെക്കുന്നത്‌ ദൈവ സന്നിധിയിൽ നീതിയോ? എന്നു ചിന്തിക്കുന്നതും നല്ലതാണു്. എത്ര കഴിവുള്ള പ്രസംഗകനും മനുഷ്യനെ രക്ഷിക്കാൻ കഴിയില്ല. എന്നാൽ ക്രൂശിനെ ഉയർത്തുവാൻ പരിശ്രമിക്കുന്ന ഏത്‌ കഴിവ്‌ കുറഞ്ഞ പ്രസംഗ കനെയും ദൈവം തന്റെ ആയുധമായി ഉപയോഗിക്കയും ചെയ്യും. കാരണം തനിക്കുള്ള കഴിവില്ലായ്മയെക്കുറിച്ച്‌ ബോദ്ധ്യമുള്ള പ്രാസംഗികൻ ഒരിക്കലും തന്നിൽ തന്നെ പ്രശംസിക്കയില്ല, ദൈവത്തെ മാത്രം ഉയർത്തുകയും ക്രൂശിൽ പ്രശംസിക്കയും ചെയ്യും. നമുക്കും ലഭിക്കുന്ന അവസരങ്ങൾ ക്രിസ്തുവിനെയും അവന്റെ ക്രൂശിനെയും മാത്രം ഉയർത്തി അതിലൂടെ അനേകരെ നിത്യതയിലേക്കെത്തിക്കാൻ പരിശ്രമിക്കാം, ദൈവം സഹായിക്കട്ടെ.


MGM Ministries-Article Source: kraisthavaezhuthupura.com/articles/sheeladas/1474 – (taken 2011-2015)

(72)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close