Home Articles Malayalam Articles മറ്റുള്ളവർ കാണാത്തത്‌ കാണുക

മറ്റുള്ളവർ കാണാത്തത്‌ കാണുക

919
0

ഷീലാ ദാസ്‌

ലോകമനുഷ്യർ കാണാത്ത കാര്യങ്ങളെ വിശ്വാസത്താൽ കാണുന്നവരാണു് ദൈവമക്കൾ. വേദപുസ്തകത്തിൽ, അപ്രകാരമുള്ള അനേക വിശുദ്ധന്മാരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിൽ, ഏറ്റവും പ്രധാനമായ വ്യക്തി ഏലിയാവായിരുന്നു. ദൈവത്തിന്റെ വാക്കുകൾക്ക്‌ വില കൊടുത്ത മനുഷ്യനായിരുന്നു അദ്ദേഹം. നീണ്ട മൂന്ന് വർഷങ്ങൾ മഴ പെയ്യുകയില്ല എന്ന് ഒരു രാജാവിന്റെ മുഖത്ത്‌ നോക്കി ദൂത്‌ പറയത്തക്ക നിലയിൽ അസാധാരണ നിയോഗം പ്രാപിച്ച ദൈവപുരുഷന്റെ മുൻപിൽ, മറുത്തു പറയാൻ ആരും ധൈര്യപ്പെട്ടില്ല. ദൈവത്തിൽ നിന്നും പ്രാപിച്ചു എന്ന് ഉറപ്പുള്ളവർക്ക്‌ മാത്രമേ, മുഖം നോക്കാതെ ഉന്നതന്മാരോടും വിളിച്ചു പറയാൻ കഴിയൂ. ദൂത്‌ പറഞ്ഞ ദൈവമനുഷ്യൻ, ദൂത്‌ പറഞ്ഞിട്ട്‌ സ്വന്തം കാര്യങ്ങൾക്ക്‌ വേണ്ടി സമയം കളയുകയല്ല, മറിച്ച്‌ ദൂത്‌ തന്നവന്റെ മുൻപിൽ ദൂത്‌ നിറവേറുന്നത്‌ വരെ അപേക്ഷയും അഭയ യാചനയും കഴിക്കയായിരുന്നു. മൂന്ന് വർഷവും ആറു മാസവും താൻ പറഞ്ഞ ദൂതുമായി ദൈവസന്നിധിയിൽ ഇരുന്നു. “ഞാൻ പറഞ്ഞല്ലാതെ” എന്ന വാക്കുകളുടെ മേൽ ദൈവം സീൽ വച്ചു. ഭക്തൻ ദൈവത്തിൽ ആശ്രയിച്ചു കൊണ്ട്‌, ദൈവിക നിയോഗത്തിൽ പറയുന്ന വാക്കുകൾക്ക്‌ മനുഷ്യൻ വില കൽപ്പിച്ചോ ഇല്ലയോ എന്നത്‌ ദൈവത്തിനു വിഷയമല്ല. ദൈവം അത്‌ ഏറ്റെടുത്തു കഴിഞ്ഞു എന്ന് വിശ്വസിക്കുക. ദൈവത്തിന്റെ സമയം ആയപ്പോൾ, മഴ പെയ്യില്ല എന്ന് പറഞ്ഞവനെക്കൊണ്ടു തന്നെ മഴ പെയ്യാൻ പോകുന്നു എന്ന് പറയിച്ചു. ദൈവം നമ്മെക്കൊണ്ടു പറയിപ്പിച്ച ദൂതിനെ എതിർത്തവരെ നോക്കി, അവർ പറയുന്ന പരിഹാസവാക്കുകളെ നോക്കി ഭാരപ്പെടുകയോ പതറിപ്പോകയോ വേണ്ട. അതിന്റെ നിവർത്തീകരണത്തിന്റെ സമയം ആകുമ്പൊൾ മറ്റൊരാളെയല്ല, നമ്മെ തന്നെ അയച്ച്‌ ദൈവം മറുപടി നൽകും. അത്‌ ദൈവത്തിന്റെ ഭാഗത്ത്‌ നിന്നും ദൈവം വിശ്വസ്തനാണെന്ന് തെളിയിക്കുന്ന സന്ദർഭമാണു്. എന്നാൽ പ്രർത്ഥനാനിരതനായിരിക്കുന്ന ഏലിയാവിനു കൂട്ടായി ദൈവം ഭ്രൃത്യനെ കൊടുത്തിട്ടുണ്ട്‌. ദൈവത്തോടുള്ള ബന്ധത്തിൽ, വിലയേറിയ ദൂത്‌ പ്രാപിച്ചവന്റെ കൂടെ നിൽക്കുന്ന ആളിനു് ആ ദൂത്‌ വെളിപ്പെടണമെന്നില്ല. കഴിഞ്ഞ ചില വർഷങ്ങളായി, ദൂത്‌ പറഞ്ഞിട്ട്‌ കരയുന്ന ഏലിയാവിനെ ഈ ഭൃത്യൻ കാണുന്നെങ്കിലും തന്റെ ദർശനം ഇദ്ദേഹത്തിനു് വെളിപ്പെട്ടിട്ടില്ല. ദൈവത്തിൽ നിന്നും അടുത്ത ദൂത്‌ പ്രാപിച്ച ദൈവമനുഷ്യൻ മഴ പെയ്യാൻ പോകുന്നു എന്ന് രാജവിന്റെ മുൻപിൽ പറയാൻ പോകുന്നതിനു മുൻപ്‌, തന്റെ കൂടെയുണ്ടായിരുന്നവനു് ഉറപ്പ്‌ ലഭിക്കേണ്ടതിനായിട്ടായിരിക്കും കടലിന്റെ അടുത്ത്‌ നോക്കുവാൻ പറഞ്ഞു വിട്ടത്‌. പ്രാർത്ഥിച്ചവൻ വലിയ മഴ ദർശനം കാണുമ്പോൾ, ഭ്രുത്യൻ പോയി നോക്കിയിട്ട്‌ ഒന്നും കാണാതെ മടങ്ങിവരുന്നു. വീണ്ടും വീണ്ടും താൻ പോയി നോക്കിയിട്ടും ഒന്നും കണ്ടില്ല. എന്നാൽ ഏഴാമത്തെ പ്രാവശ്യവും താൻ വിശ്വാസത്തോടെ ഒന്നുമായിരിക്കില്ല പോയത്‌. കാരണം, മലയുടെ മുകളിൽ നിന്നും കടൽത്തീരം വരെ പോകുന്നത്‌ എളുപ്പമുള്ള കാര്യമല്ല, എതിർക്കാൻ പറ്റാത്ത ഒരാളായതുകൊണ്ട്‌ മാത്രം ഭ്രുത്യൻ എതിർത്തില്ല എന്നു മാത്രം. ഇന്നത്തെ പ്രവാചകശിഷ്യന്മാർ ആയിരുന്നു എങ്കിൽ രണ്ടാമത്തെ പ്രാവശ്യം പോയപ്പോൾ ആ വഴി വീട്ടിലേക്കു പോകുമായിരുന്നു. വഴി നടന്നു ക്ഷീണിച്ചെങ്കിലും ഏലിയാവിന്റെ വാക്കുകൾ അനുസരിക്കാൻ തയ്യാറായ ഭ്രുത്യനും കൈപോലെ മേഘം കണ്ടു. ചില കാര്യങ്ങൾ അനുസരിക്കാൻ പ്രയാസമുള്ളതാണെങ്കിലും സമർപ്പണത്തോടെ അനുസരിക്കാൻ തയ്യാറാകൂ, ചിലത്‌ നാം കാണും. എന്നാൽ, പ്രാർത്ഥനാമനുഷ്യനായ, ഏലിയാവ്‌ പ്രാർത്ഥിച്ചപ്പോൾ കേട്ട വലിയ മഴയുടെ മുഴക്കം ഭ്രുത്യൻ കേട്ടില്ല, താൻ കണ്ട ദർശനം ഭ്രുത്യൻ കാണുവാൻ ഏഴു പ്രാവശ്യം നടക്കേണ്ടിവന്നു. ദൈവസന്നിധിയിൽ വിശ്വസ്തതയോടെ നിൽക്കുന്ന നിങ്ങൾ പ്രാപിച്ച ദർശനം കാണാൻ കഴിയാത്തവരോട്‌ മുഷിയരുത്‌, നിങ്ങൾ കാണുന്നത്‌ കാണുവാൻ വർഷങ്ങൾ അവർ നടക്കേണ്ടിവരും. അതുകൊണ്ട്‌ ദൈവത്തെ കാത്തിരിക്കുക, വിലയേറിയ ദർശനം പ്രാപിക്കുക, നിങ്ങളുടെ ദർശനം മനസിലാകാത്ത ചിലർ നിങ്ങളോടൊപ്പം നടക്കുന്നു എങ്കിൽ അവരെയും കൂടെക്കൂട്ടുക, ചില നാളുകൾ കഴിയുമ്പോൾ നിങ്ങൾ കണ്ടതും പറഞ്ഞതും സത്യമായിരുന്നു എന്നു ലോകത്തോട്‌ പറയുവാൻ ദൈവം അവരെ കൂടെ നിർത്തിയിരിക്കയായിരുന്നു എന്ന് നിങ്ങൾക്ക്‌ മനസിലായിട്ട്‌ നിങ്ങളും ദൈവത്തിനു നന്ദി പറയാനിടയാകും.

MGM Ministries-Article Source: kraisthavaezhuthupura.com/articles/sheeladas/1498 – (In 2011-2015)

(919)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close