Home Articles Malayalam Articles Burnt Offering – (ഹോമയാഗം)

Burnt Offering – (ഹോമയാഗം)

149
0

by പാസ്റ്റര്. സി. ഐ. ചെറിയാന്

സീനിയര് ഫാക്കല്റ്റി, ഐ.ബി.സി & സെമിനാരി, കുമ്പനാട്

വിശുദ്ധ വേദപുസ്തകത്തില് രേഖപ്പെടുത്തിയിട്ടുള്ള മൃഗബലിയോടു കൂടിയ യാഗങ്ങള്ക്ക് മനുഷ്യോല്പത്തിയോളം പുരാതനത്വമുള്ളതായി കാണുന്നു. ദൈവപ്രസാദം ലഭിക്കേണ്ടണ്ടണ്ടതിനായി മാനവജാതിയെ പാപവിമുക്തരാക്കുവാന് മനുഷ്യാവതാരമെടുത്ത സാക്ഷാല് യാഗവസ്തുവായ ശ്രീയേശുക്രിസ്തു ”ലോകസ്ഥാപനം മുതല് അറുക്കപ്പെട്ട കുഞ്ഞാട്” എന്നു തന്നെ രേഖപ്പെടുത്തിയിരിക്കുന്നു (വെളി.13:8). മാത്രമല്ല, ക്രിസ്തുവും നിങ്ങളെ സ്നേഹിച്ച് നമുക്കുവേണ്ടി തന്നത്താന് ദൈവത്തിനു സൗരഭ്യ വാസനയായ വഴിപാടും യാഗവുമായി അര്പ്പിച്ചു എന്നു പൗലോസും വ്യക്തമാക്കുന്നു (എഫെ. 5:2).
ആദാം മുതലുള്ള ആദികാല പിതാക്കന്മാരെല്ലാവരും യാഗം കഴിച്ചു ദൈവത്തോടു നിയമം ചെയ്ത വിശുദ്ധന്മാരായിരുന്നു (സങ്കീ. 9:5). അവരെല്ലാവരും അര്പ്പിച്ച യാഗങ്ങള് പൊതുവെ ഹോമയാഗങ്ങളായിരുന്നു എന്നാണ് കരുതുന്നത്.
നോഹയുടെ യാഗം – ഉല്പ. 8:20 അബ്രഹാമിന്റെ യാഗം – ഉല്പ. 22:2-7;13
എന്നാല് ദൈവം നല്കിയ മാതൃകാ പ്രകാരം മോശ സമാഗമന കൂടാരത്തിന്റെ പണികള് പൂര്ത്തീകരിച്ച ശേഷം (പുറ. 40:7) യഹോവ സമാഗമനക്കൂടാരത്തില്വെച്ചു മോശയെ വിളിച്ചു അവനോട് അരുളിചെയ്തപ്പോള് മുതല് യിസ്രായേല് ജനം അര്പ്പിക്കേണ്ട യാഗങ്ങള്ക്കു പ്രത്യേകം നിയമങ്ങളും വിധികളും വിഭജിച്ചു നല്കി (ലേവ്യ. 1-7 വരെ അദ്ധ്യായങ്ങള്).
അന്നുമുതലാണ് ഹോമയാഗം, ഭോജനയാഗം, സമാധാനയാഗം, പാപയാഗം, അകൃത്യയാഗം എന്നീ പേരുകളില് യാഗങ്ങള് അറിയപ്പെടാന് തുടങ്ങിയത്. ഇതില് ഓരോന്നിനും പ്രത്യേകമായും നിര്ബന്ധമായും വ്യവസ്ഥകളും കല്പിച്ചു നല്കിയിരുന്നു. ദൈവം നല്കിയ നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ചാല് അതിനെ ദൈവകല്പനയുടെ ലംഘനമായി കണക്കാക്കി ദൈവപ്രസാദം ലഭിക്കയില്ലാ എന്നതിലുപരിയായി ദൈവകോപം പകരപ്പെടും എന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട് (മലാ. 1:7-10; 12-14).

ദൈവകല്പന പ്രകാരമുള്ള ഹോമയാഗം (ലേവ്യ- 1; 6:8-13; 8:18-21;16-24)

ഉദ്ദേശം: ദൈവത്തില് നിന്നും പൊതുവായി പ്രാപിച്ചിട്ടുള്ള കുറ്റവിമുക്തിക്ക് പ്രായശ്ചിത്തമെന്നവണ്ണം നിര്ബന്ധത്താലല്ല, സ്വമനസ്സാലെ മനഃപൂര്വ്വമായ സ്തോത്രാര്പ്പണമായി ഭക്ത്യാദരവോടെ നന്ദിസൂചകമായി സ്വയാര്പ്പണം ചെയ്യുന്ന വിശുദ്ധവഴിപാടാണ് ഹോമയാഗം. ഇത് സൗരഭ്യവാസനയാഗത്തിന്റെ വകുപ്പില് ഉള്പ്പെട്ടതുമാണ്.

യാഗവസ്തുക്കൾ
ഊനമില്ലാത്ത കാളക്കിടാവ് ലേവ്യ. 1:5
ഊനമില്ലാത്ത ആണ്ചെമ്മരിയാട് ലേവ്യ. 1:10
ഊനമില്ലാത്ത ആണ്കോലാട് ലേവ്യ. 1:10
കുറുപ്രാവോ പ്രാവിന്കുഞ്ഞോ ലേവ്യ. 1:14

ഈ യാഗവസ്തുക്കൾ ഓരോന്നും സാക്ഷാല് യാഗവസ്തുവാകുന്ന യേശുക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവയാണ്. വന്യമൃഗങ്ങളെയോ മാംസഭുക്കുകളായ ഹിംസ്ര ജന്തുക്കളെയോ ദൈവം അനുവദിക്കാതെ മനുഷ്യനോട് ഇണങ്ങുന്ന ശാന്തസ്വഭാവമുള്ളതിനെ മാത്രമാണ് യാഗവസ്തുക്കളായി വേര്തിരിച്ചത്.

കാളക്കിടാവ്: സാമ്പത്തിക സൗകര്യമുള്ള ധനവാന്മാരുടെ യാഗവസ്തു.
സ്വഭാവം: യജമാനനെ അറിയുന്ന മൃഗം (യെശ. 1:13). യജമാനനുവേണ്ടി ഉഴുകയും മെതിയ്ക്കയും ഭാരംവഹിക്കയും ചെയ്യുന്ന അനുസരണവും സഹിഷ്ണുതയുമുള്ള ശാന്തസ്വഭാവമുള്ള മൃഗം. യേശുക്രിസ്തുപിതാവിനെ പൂര്ണ്ണമായും അനുസരിക്കുന്ന ശാന്തനായ ദാസന്. താന് ദാസരൂപമെടുത്തുവന്നവനാണ് (യെശ. 42:1; ഫിലി. 2:5,6)

ആട്: സൗമ്യതയും ശാന്തതയും ഇണക്കവുമുള്ള ശുദ്ധിയുള്ള മൃഗം. സാധാരണ ഇടത്തരക്കാരന്റെ യാഗവസ്തു. യേശു താഴ്മയും സൗമ്യതയു മുള്ളവന്. (മത്താ. 11:29; ലൂക്കോ. 23:9-11)
കൊല്ലുവാന് കൊണ്ടുപോകുന്ന കുഞ്ഞാട്(യെശ. 53:7)
രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെനില്ക്കുന്ന ആട് (യെശ. 53:7)
പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1:29,36)
അറുക്കപ്പെട്ട കുഞ്ഞാട് (വെളി. 5:6;13:8)
മെരുക്കമുള്ള കുഞ്ഞാട് (യിര. 11:19)

കുറുപ്രാവ് പ്രാവിന്കുഞ്ഞ് : ദരിദ്രന്മാരുടെ യാഗവസ്തു. ദരിദ്രനുവേണ്ടി ദൈവത്തിന്റെ വകയായ ദാനം – നിഷ്കളങ്ക ജീവിയാണ്. യേശു നിഷ്കളങ്കനും നിര്ദ്ദോഷിയും നിര്മ്മലനും നിരുപദ്രവിയുമായിരുന്നു. താന് ദരിദ്രനായി ഭൂമിയിലേക്കു വന്നു. (എബ്രാ. 7:26, ലൂക്കോ. 2:24)
യാഗം അര്പ്പിക്കേണ്ട സ്ഥലം (ലേവ്യ. 1:3,5): കൂടാരവാതില്ക്കല് യഹോവയുടെ സന്നിധിയില് കൊണ്ടുവരണം.

വ്യവസ്ഥപ്രകാരമുള്ള യാഗകര്മ്മങ്ങൾ

യാഗാര്പ്പകന് ചെയ്യേണ്ടത്:
1. യാഗമൃഗത്തെ കൂടാരവാതില്ക്കല് കൊണ്ടുവരണം.
2. മൃഗത്തിന്റെ തലയില് കൈവെയ്ക്കണം. ഇതിനാല് അര്പ്പകന് മൃഗത്തോട് ഏകീഭവിക്കുന്നു. തനിയ്ക്കുള്ളതിനേയും തന്റെ അവകാശത്തെയും സ്വാധീനത്തെയും സര്വ്വാത്മനാ വിട്ടൊഴിഞ്ഞ് ദൈവത്തിനായി പൂര്ണ്ണമായും സമര്പ്പിക്കുന്നു.
3. യാഗമൃഗത്തെ അറുക്കണം.
4. മൃഗത്തെ തോലുരിച്ച് ഖണ്ഡം ഖണ്ഡമായ്മുറിയ്ക്കണം.
5. മൃഗത്തിന്റെ കുടലും കാലും വെള്ളത്തില് കഴുകി പുരോഹിതനെ ഏല്പിക്കണം.

പുരേഹിതന് ചെയ്യേണ്ടത്
1. യാഗമൃഗത്തെ സൂക്ഷ്മമായി പരിശോധിച്ച് ഊനമില്ലാത്തതെന്നു സാക്ഷ്യപ്പെടുത്തണം.
2. മൃഗത്തിന്റെ രക്തമെടുത്ത് യാഗപീഠത്തിനു ചുറ്റും തളിയ്ക്കണം.
3. യാഗപീഠത്തിന്മേല് തീയിട്ടു വിറകടുക്കണം.
4. യാഗവസ്തുവിനെ ഖണ്ഡങ്ങളും തലയും മേദസ്സുമായി വിറകിന്മീതെ അടുക്കണം.
5. അര്പ്പകന്റെ കൈയില് നിന്നും കുടലും കാലും വാങ്ങി സകലവും യാഗപീഠത്തിന്മേല് ദഹിപ്പിച്ചു ഭസ്മീകരിക്കണം. ഇതു സൗരഭ്യ വാസനയായ ദഹനയാഗമാണ്.

പൊതുവായ നിര്ദ്ദേശങ്ങൾ
1. രാത്രിമുഴുവനും പ്രഭാതംവരെ ഹോമയാഗം യാഗപീഠത്തിന്മേല് വിറകിന്മീതെ ഇരിക്കണം. തീകത്തിക്കൊണ്ടിരിക്കണം (ലേവ്യ. 6:9).
2. പുരേഹിതന് പഞ്ഞിനൂല് വസ്ത്രം ധരിച്ച് യാഗം ദഹിച്ചുണ്ടാകുന്ന ചാരം വാരി യാഗപീഠത്തിന്റെ ഒരു വശത്തിടണം (ലേവ്യ.6:10).
3. പുരോഹിതന് വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ച് പാളയത്തിനു പുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്ത് വെണ്ണീര് കൊണ്ടുപോയിടണം (ലേവ്യ.6:11).
4. യാഗപീഠത്തില് തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കണം.

ആടിനെ അര്പ്പിക്കേണ്ട വിധം
യാഗകര്മ്മങ്ങളില് വ്യത്യാസമൊന്നുമില്ല. എന്നാല് ആടിനെ യാഗപീഠത്തിന്റെ വടക്കുവശത്തു വെച്ചറുക്കണം എന്നു നിര്ദ്ദേശിച്ചിട്ടുണ്ട്.

നടപടിക്രമം: അര്പ്പകന് അതിനെ പുരോഹിതന്റെ പക്കല് ഏല്പ്പിക്കണം. പുരോഹിതന് യാഗപീഠത്തിന്റെ അടുക്കല് കൊണ്ടുചെന്ന് അതിന്റെ തലപിരിച്ചുപറിയ്ക്കണം. രക്തം യാഗപീഠത്തിന്റെ പാര്ശ്വത്തില് പിഴിഞ്ഞു കളയണം. അതിന്റെ ആഹാര സഞ്ചി മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിനരികെ കിഴക്കുവശത്ത് വെണ്ണീറിടുന്ന സ്ഥലത്തിടണം. പക്ഷിയെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്ന്ന് തീയുടെ മേല് വിറകിന്മീതെ ദഹിപ്പിക്കണം. ദരിദ്രന്മാരുടെ ഈ യാഗത്തെ കാളയുടെ യാഗം പോലെ തന്നെ സൗരഭ്യ വാസനയായി ദൈവം അംഗീകരിക്കും. ദൈവത്തിനു മുഖപക്ഷമില്ലല്ലോ?
ഹോമയാഗമുള്പ്പെടെ എല്ലാ യാഗങ്ങളും കാല്വറിയില് പരമയാഗമായി അര്പ്പിക്കപ്പെട്ട യേശുവിന്റെ ക്രൂശുമരണം, അടക്കം എന്നിവയെയും താന് മുഖാന്തിരം മനുഷ്യവര്ഗ്ഗത്തിനു സൗജന്യമായി ലഭിച്ച പാപമോചനം, വിണ്ടെടുപ്പ്, ജീവനുള്ള പ്രത്യാശ എന്നീ വിലപ്പെട്ട സത്യങ്ങളെയും സാദൃശീകരിക്കുന്നതാണ്. ആകയാല് നാമും നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്പ്പിച്ചുകൊണ്ട് കര്ത്തൃസേവനത്തില് വര്ദ്ധിച്ചുവരുവാന് നിത്യാത്മാവിനാല് ദൈവത്തിനു തന്നത്താന് നിഷ്കളങ്കനായ് അര്പ്പിച്ച കുഞ്ഞാടാം കര്ത്താവു ധാരാളമായ കൃപ പകരുമാറാകട്ടെ.


MGM Ministries-Article Source:trumpetmagazine.com/read.aspx?lang=2&id=3&mid=123 – (In 2011-2014)

(149)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close