അനുകരണം യോഗ്യമോ?

ഷീലാ ദാസ്‌, കീഴൂർ

ഇന്ന് മനുഷ്യരുടെ ഇടയിൽ പ്രകടമായിരിക്കുന്ന ഒരു സ്വഭാവമാണു് അനുകരണം എന്നത്. പലരും അന്തമായി മറ്റൊരാളെ അനുകരിക്കുവാൻ വെമ്പൽ കൊള്ളുന്നത്‌ കാണുമ്പോൾ ചിരിയടക്കുവാൻ കഴിയുന്നില്ല. പണ്ടൊക്കെ സിനിമാ ലോകത്തിലുള്ള പലരെയും അനുകരിച്ചു വസ്ത്രധാരണം, മുറിമീശ, താടി, സംഭാഷണം ഒക്കെ വ്യത്യസപ്പെടുത്തിയവരെ വിരളമായ് കണ്ടുവന്നപ്പോൾ, ഇന്ന് ലജ്ജ കൂടാതെ, മറ്റൊരാളെപോലെ നടക്കുന്നത് അഭിമാനമായി തോന്നുന്നവരും ഇല്ലാതില്ല. ഇങ്ങനെ പുറമേ കാഴ്ചക്കാർക്ക് മനസ്സിലാകുന്ന തരത്തിലുള്ളതല്ലാതെ ജീവിതത്തിലെ നല്ല ഗുണങ്ങൾ മറ്റൊരാളിൽ നിന്ന് പകർത്തി എടുക്കുന്നവർ അനേകമില്ല. പലവിധ കുറവുകളുള്ള മനുഷ്യന്റെ, പുറമെയുള്ള ചില കാര്യങ്ങളെ അനുകരിച്ചു അവരെപ്പോലെ ആകുവാൻ ശ്രമിക്കുന്നത് നല്ലതല്ല .

ലോകമനുഷ്യരുടെ ഇടയിൽ കണ്ടുവന്ന അനുകരണ സ്വഭാവം ഇന്ന് ആത്മീകഗോളത്തിലെക്കും പടർന്നുപിടിച്ചു ഒരു പകർച്ചവ്യാധിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് വേദനയോടെ പറയട്ടെ. ഞാൻ ക്രിസ്തുവിന്റെ അനുകാരി ആയതുപോലെ നിങ്ങളും എന്റെ അനുകാരികളാകുവിൻ എന്നും ക്രിസ്തുവിൽ നിങ്ങളെ നടത്തിയവരെ അവരുടെ ജീവാവസാനം ഓർത്തു അനുകരിപ്പിൻ എന്നും വേദപുസ്തകം പറയുന്നു. ക്രിസ്തുവിലുള്ള ഭാവം ജീവിതത്തിൽ പകർത്തുവാൻ ശ്രമിച്ച പൌലോസിനെ അനുകരിക്കുന്നത് നല്ലത്. എന്നാൽ ഒരു മനുഷ്യൻ എന്ന നിലയിൽ പൌലോസിലും കുറവുകൾ ഉണ്ടായിരുന്നിരിക്കാം. എബ്രായ ലേഖനത്തിൽ പറയുന്നത് ജീവാവസാനം ഓർത്തു അനുകരിക്കണം എന്നാണ്. കാരണം ഇന്ന് പറയുന്നത് മാറ്റിപ്പറയുവാൻ സാധ്യത ഉള്ള മനുഷ്യൻ ജീവാവസാനം വരെ ക്രിസ്തീയ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ അവരെ അനുകരിക്കുവാൻ പാടില്ല. ആത്മീക സ്വഭാവങ്ങൾ അനുകരിക്കുമ്പോൾ ഭക്തന്മാരെ മാതൃകയക്കുന്നതിൽ തെറ്റില്ല. ദൈവം ഉപയോഗിച്ച അഭിഷിക്തന്മാരിലുള്ള നല്ല കാര്യങ്ങൾ മാതൃകയാക്കണം.

എന്നാൽ ഇന്ന് പലരും അന്ധമായി മറ്റു പലരെയും അനുകരിക്കുന്നു. ഞാൻ അടുത്തയിടെ ഒരു പുസ്തകത്തിൽ വായിച്ച ഒരനുഭവം കുറിക്കട്ടെ. പണ്ട് ബില്ലി സണ്ടേ എന്നൊരു സുവിശേഷ പ്രസംഗകൻ ഉണ്ടായിരുന്നു. അദ്ദേഹം പ്രസംഗിക്കുന്ന സമയത്ത് ചിലപ്പോൾ മൈക്ക് സ്റ്റാൻഡോടെ എടുത്തു തോളിൽ വച്ച് നടന്നു പ്രസംഗിക്കും. ചിലപ്പോൾ സ്റ്റെജിൽ കിടക്കുന്ന കസേര പ്രസംഗമദ്ധ്യേ എടുത്തു തറയിലടിച്ചു തകർക്കും. ചിലപ്പോൾ തന്റെ പോക്കറ്റ് വാച്ച് മേശപ്പുറത്തടിച്ചു തകർക്കും. ഇത് കണ്ടുനിന്നവർ ദൈവഭയത്താലും പാപഭാരത്താലും നിറഞ്ഞു നിലവിളിയോടെ മാനസാന്തരപ്പെടുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ രക്ഷക്കായുള്ള ആഹ്വാനത്തിൽ ആയിരങ്ങൾ വിടുവിക്കപ്പെട്ടു. എന്നാൽ അദ്ദേഹത്തെ ശ്രവിച്ച പുത്തൻ പ്രസംഗകർ പലരും അവർ പ്രസംഗിക്കുമ്പോൾ കസേരയെടുത്ത്‌ തറയിലടിച്ചു തകർത്തു. മൈക്കെടുത്ത് നടന്നു പ്രസംഗിച്ചു. പോക്കറ്റ് വാച്ച് എടുത്തു അടിച്ചു പൊട്ടിച്ചു. കണ്ടുനിന്നവർ പൊട്ടിച്ചിരിച്ചു. ആരും മാനസാന്തരപ്പെട്ടില്ല ഇത് വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. ഇന്ന് പലരെയും ഞാൻ കണ്ടിട്ടുണ്ട്, ലീഡറെ അനുകരിക്കുന്നവർ. യേശുക്രിസ്തുവിനെക്കാൾ ചിലരെ ഉയർത്തി അവരെ അറിയാതെ അനുകരിക്കുവാൻ ശ്രമിക്കുന്നവർ. ഇത് നല്ലതല്ല. ദൈവം ഉപയോഗിച്ച ഒരു നല്ല ദൈവദാസനെ ചില വർഷങ്ങൾ അനുകരിച്ചവരെ ഞാൻ കണ്ടിട്ടുണ്ട്. ആ ശബ്ദതിൽ, ഭാവത്തിൽ ഒക്കെ അനുകരിക്കുവാൻ അവർ ശ്രമിക്കുമ്പോൾ, കണ്ടുനിൽക്കുന്നവർ പരിഹസിക്കുകയാണെന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു. മറ്റൊരാളെ അനുകരിക്കാൻ ശ്രമിച്ചാൽ അത് അപഹാസ്യമാകും. നേതാവ് ധരിക്കുന്ന ഉടുപ്പിന്റെ നീളം കൂടിയാൽ, ബട്ടൻസിന്റെ സ്ഥാനം മാറിയാൽ പ്രസങ്ങമധ്യെ കാണിക്കുന്ന ഭാവങ്ങൾ നോക്കി നിന്ന് ഒക്കെ ജീവിതത്തിൽ പകർത്തുവാൻ ശ്രമിക്കുന്ന ആധുനിക സുവിശേഷകർ ഇത് വായിച്ചിരുന്നെങ്കിൽ ….

ജനം വിടുവിക്കപ്പെടുകയില്ല, കരഞ്ഞു അനുതപിക്കയുമില്ല. പകരം കോമഡി ഷോ കണ്ടു പിരിഞ്ഞുപോകുന്നത്‌ പോലെ ചിരിച്ചു പിരിയും. ദൈവവചനത്തിലൂടെ നടക്കേണ്ട വിടുതലുകൾ ആണ് നാം പ്രതീക്ഷിക്കേണ്ടത്. അതിനുപകരം സിനിമയിലെ സൂപ്പർ സ്റ്റാറകളെ അന്ധമായി അനുകരിക്കുന്ന ലോകമനുഷ്യരെപ്പോലെ ആത്മിക അഭിഷിക്തന്മാർ ആകാതിരിക്കട്ടെ. ദൈവം നിങ്ങളുടെ ജീവിതത്തിലും ആത്മിക ശുശ്രൂഷയിലും പ്രസാദിക്കണമെങ്കിൽ യേശുക്രിസ്തുവിന്റെ നിയോഗത്തിൽ ജീവിക്കുക, ശുശ്രൂഷിക്കുക. ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നത് പോലെ ഞാൻ നിന്നെ ആദരിക്കാം എന്ന് പറഞ്ഞ കർത്താവിനെ അനുകരിച്ചാൽ കോടാനുകോടി ദൂതന്മാരുടെയും വിശുദ്ധന്മാരുടെയും മദ്ധ്യേ അവൻ നമ്മെ ആദരിക്കും. അതിനായി വിശ്വസ്തതയോടെ കാത്തിരിക്കാം.

MGM Ministries-Article Source: kraisthavaezhuthupura.com/articles/sheeladaskeezhoor/.. – (Accessed in November 2013)