Home Articles Malayalam Articles Fundamental Doctrines of Church

Fundamental Doctrines of Church

420
0

സഭയുടെ അടിസ്ഥാന ഉപദേശങ്ങൾ

by ഡോ. റ്റി. പി. വറുഗീസ്

ആമുഖപഠനങ്ങൾ ആഴമില്ലാത്തതും ലളിതവുമായിരിക്കരുത്. വെയ്ൻ ഗ്രുഡം പറയുന്നു അപ്പോൾ തന്നെ അത് വായനക്കാർക്ക് മനസ്സിലാകുകയും വേണം. സഭയുടെ ഉപദേശങ്ങളുടെ അടിസ്ഥാനം തിരുവചനമായിരിക്കണം. അത് മാനുഷികജ്ഞാനമല്ല പ്രത്യുത ദൈവികവചനങ്ങളാണ്. വേദപഠിതാക്കളുടെ പ്രഥമ കർത്തവ്യമെന്നുള്ളത് തിരുവചനം ശരിയായ രീതിയിൽ വിഭാഗിക്കുകയും പഠിപ്പിക്കുകയുമാണ്. വേദശാസ്ത്രജ്ഞരും വേദവിദ്യാര്ത്ഥികളും ഒരുപോലെ ഉപദേശവിഷയങ്ങളിൽ അറിവുള്ളവർ ആയിരിക്കണം. വേദപഠനം ഒരിയ്ക്കലും ശുഷ്കിച്ചതും വിരസമുളവാക്കുന്നതും ആകരുത്. “ദൈവശാസ്ത്രമെന്നത് ജീവിക്കപ്പെടേണ്ടതും, പ്രാർത്ഥിക്കപ്പെടേണ്ടതും ആലപിക്കപ്പെടേണ്ടതുമായ ഒന്നത്രേ”.

തിരുവചനപഠനത്തിന്റെ ആകെത്തുകയാണ് ക്രിസ്തീയ ദൈവശാസ്ത്രമെന്നുള്ളത്. അടിസ്ഥാനം ഒന്നേയുള്ളുവെങ്കിലും ധാരാളം ഉപദേശങ്ങൾ അതിൽ അന്തര്ലീനമായിട്ടുണ്ട്. തിരുവചന ഉപദേശങ്ങളെ നമുക്ക് പലതായി വിഭജിക്കുവാൻ കഴിയും. അതിൽ പ്രധാനമായവ ഇവയാണ്. ദൈവം, യേശുക്രിസ്തു, പരിശുദ്ധാത്മാവ്, മനുഷ്യൻ, പാപം, രക്ഷ, ദൂതന്മാർ, സഭ, യുഗാന്ത്യശാസ്ത്രം. എന്നാൽ ഇന്ന് ഈ ശാഖകൾ അറിയപ്പെടുന്നത് താഴെപ്പറയുന്ന പേരുകളിലാണ്. ബിബ്ലിയോളജി, പ്രോപ്പർ തിയോളജി, ക്രിസ്തുശാസ്ത്രം, പരിശുദ്ധാത്മശാസ്ത്രം, മാനവശാസ്ത്രം. പാപശാസ്ത്രം, രക്ഷാശാസ്ത്രം, ദൂതശാസ്ത്രം, സഭാശാസ്ത്രം, യുഗാന്ത്യശാസ്ത്രം. മേല്പ്പറയപ്പെട്ടവയാണ് ക്രമീകൃത ദൈവശാസ്ത്രത്തിന്റെ 10 ശാഖകൾ.

സഭയുടെ അടിസ്ഥാന ഉപദേശങ്ങൾ എന്നു പറയുമ്പോൾ ‘ഉപദേശം’ എന്ന പദം നിര്വ്വചിക്കേണ്ടതായിട്ടുണ്ട്. എന്താണ് ഉപദേശം? ഒരു പ്രത്യേക വിഷയത്തെക്കുറിച്ചുള്ള ബൈബിളിന്റെ മുഴുവനായ പഠിപ്പിക്കലിനെയാണ് ഉപദേശമെന്ന് പറയുന്നത്. വിശാലമായതും സങ്കുചിതമായതുമായ ഉപദേശങ്ങളുണ്ട്. ചില ഉപദേശങ്ങൾക്ക് ചില കാലഘട്ടങ്ങളിൽ കൂടുതൽ പ്രസക്തി ലഭിക്കുകയും മറ്റു ചിലപ്പോൾ പ്രസക്തി കുറയുകയും ചെയ്യുന്നതായി കാണുവാൻ കഴിയും. വേറൊരര്ത്ഥത്തിൻ ഉപദേശങ്ങൾ സാന്ദര്ഭികമാണ്. ഉദാഹരണമായി ക്രിസ്തുശാസ്ത്രത്തിനും ത്രിത്വോപദേശത്തിനും രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ ഏറെ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാൽ ഈ കാലഘട്ടത്തിലെ പ്രധാന ഊന്നൽ പരിശുദ്ധാത്മാവിനും കൃപാവരങ്ങള്ക്കുമാണ്. നവോത്ഥാന കാലഘട്ടങ്ങളിൽ, ദൈവശാസ്ത്ര രൂപീകരണത്തിൽ തത്വശാസ്ത്രത്തിനും ചരിത്രത്തിനും വലിയ പങ്ക് ഉണ്ടായിരുന്നു. എന്നാൽ ഇരുണ്ട കാലഘട്ടങ്ങളിൽ പാരമ്പര്യത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. നവീകരണ കാലഘട്ടങ്ങളിൽ ദൈവവചനത്തിന് അധികം ഊന്നൽ നല്കപ്പെട്ടിരുന്നു. ഇന്ന് ഉത്തരാധുനികതയിൽ ഒന്നിനും വലിയ പ്രാധാന്യമില്ല.

ഈ ലേഖനത്തിൽ ‘സഭ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഒരു പ്രത്യേക സഭാവിഭാഗത്തെ ഉദ്ദേശിച്ചല്ല. മറിച്ച് ആഗോളസഭയെ സൂചിപ്പിക്കുവാൻവേണ്ടിയാണ്. ഈ ലക്കം റിവൈവിന്റെ മുഖ്യവിഷയമെന്നുള്ളത് അപ്പോ. 2:37-42 ന് അടിസ്ഥാനമാക്കിയുള്ള സഭയുടെ അടിസ്ഥാന ഉപദേശങ്ങൾ എന്നതാണ്. ഈ തിരുവചനഭാഗത്തു കാണുന്ന ക്രമം താഴെപ്പറയും വിധമാണ്.
(1) മാനസാന്തരം/രക്ഷ
(2) വിശ്വാസസ്നാനം
(3) ആത്മസ്നാനം
(4) വിശുദ്ധജീവിതം/വേർപാട്
(5) അപ്പോസ്തോലിക ഉപദേശം
(6) കൂട്ടായ്മ
(7) അപ്പം നുറുക്ക്
(8) പ്രാർത്ഥന.
പ്രസ്തുത വിഷയങ്ങളെക്കുറിച്ചുള്ള വിശദീകരണം വിവിധ എഴുത്തുകാർ നടത്തുന്നതായിരിക്കും. ഇവയെക്കുറിച്ചുള്ള ഒരു വിഗഹവീക്ഷണമാണ് ഈ ലേഖനത്തിൽ നടത്തുന്നത്.

1. രക്ഷ
പൗലോസ് പറയുന്നു ”ഒരു വ്യത്യാസവുമില്ല, എല്ലാവരും പാപം ചെയ്തു ദൈവതേജസ് ഇല്ലാത്തവരായിത്തീർന്നു” (റോമർ 3:23). പാപം നിമിത്തം ലോകം മുഴുവൻ അപകടത്തിലായിരിക്കുകയാണ്. റോമർ 5:12 പറയുന്നു. ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ചിരിക്കുന്നു. ഇരുളിൽ നിന്ന് ലോകത്തിന് ഒരു മോചനം ആവശ്യമാണ്. പാപരഹിതനായ ഒരു വ്യക്തിക്കു മാത്രമേ ബലഹീനരായ മനുഷ്യരെ രക്ഷിക്കുവാൻ കഴിയുകയുള്ളൂ. യേശുക്രിസ്തു മൂലമല്ലാതെ മാനവരാശിക്ക് പിതാവാം ദൈവത്തോട് സമ്പർക്കം പുലര്ത്തുവാൻ കഴിയുകയില്ല (അപ്പോ. 4:12; യോഹ 3:16). ഇത് സാദ്ധ്യമാകണമെങ്കിൽ മനുഷ്യൻ മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേയ്ക്ക് മടങ്ങി വരണം. ഇതാണ് രക്ഷാശാസത്രം നമ്മെ പഠിപ്പിക്കുന്നത്.

2. ജലസ്നാനം
രണ്ടു കർമ്മങ്ങളാണ് യേശുക്രിസ്തു സഭയ്ക്ക് നല്കിയിരിക്കുന്നത്. അത് ജലസ്നാനവും കർത്തൃമേശയും ആകുന്നു. കത്തോലിക്കർ ഇതിന് സാക്രമെന്റുകള്ൾ എന്നു വിളിക്കും. എന്നാൽ പെന്തെക്കോസ്തുകാരും ബാപ്റ്റിസ്റ്റുകാരും ഇതിനെ കല്പ്പനകൾ എന്നു വിളിക്കാറുണ്ട്. ഈ രണ്ടു കര്മ്മങ്ങളും ദൈവത്താൽ സ്ഥാപിതമാണ്. യേശുവിനെ രക്ഷകനായി അംഗീകരിച്ചവർ മാത്രമാണ് പ്രസ്തുത കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടത്. സ്നാനരീതിയും അതിന്റെ അർത്ഥവും പ്രാധാന്യമർഹിക്കുന്നതാണ്. ജലസ്നാനം വിശ്വാസിയാകുവാൻ വേണ്ടിയല്ല. മറിച്ച് വിശ്വാസികളാണ് സ്നാനപ്പെടേണ്ടത്. മാത്രവുമല്ല സ്നാനാർത്ഥികൾ ജലത്തിൽ നിമജ്ഞനം ചെയ്യപ്പെടേണ്ടതുണ്ട്. സ്നാനത്തിന്റെ ഗ്രീക്കുപദമായ ബാപ്റ്റിഡ്സോയുടെ അർത്ഥം നിമജ്ഞനം ചെയ്യുക, മുങ്ങുക എന്നിവയാണ്. യോഹന്നാൻ സ്നാപകൻ ആളുകളെ യോർദ്ദാൻ നദിയിലാണ് സ്നാനപ്പെടുത്തിയത്. ഇന് എന്നർത്ഥമുള്ള എന് എന്ന വിഭക്തി സൂചിപ്പിക്കുന്നതും അതുതന്നെയാണ് (യോർദ്ദാൻ നദിക്കു സമീപമെന്നല്ല, നദിയിൽ).

3. പരിശുദ്ധാത്മ സ്നാനം
ഇരുപതാം നൂറ്റാണ്ടുമുതൽ പരിശുദ്ധാത്മ ശാസ്ത്രത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചുവരുന്നു. ഇതിനു മുമ്പുള്ള നൂറ്റാണ്ടുകളിൽ പരിശുദ്ധാത്മാവിൽ കുറഞ്ഞ സ്ഥാനം മാത്രമേയുള്ളൂ എന്നർത്ഥമില്ല. എന്നാൽ പരിശുദ്ധാത്മശാസ്ത്രത്തിന് അർഹിക്കുന്ന പ്രാധാന്യം 20-ാം നൂറ്റാണ്ടു മുതലാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദൈവം ത്രിയേകനാണ്. പിതാവ്, പുത്രന്, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തിത്വങ്ങൾ സ്വഭാവത്തിൽ തുല്യത പുലര്ത്തുന്നു. ആരാണ് പരിശുദ്ധാത്മാവ്? ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തി എന്ന നിലയിലാണ് പരിശുദ്ധാത്മാവിനെക്കുറിച്ചു നാം പഠിപ്പിക്കുന്നത്. എന്നാൽ ഇതു ശരിയല്ല. ഗോഡ്ഹെഡില് ഒന്നാമന്, രണ്ടാമന്, മൂന്നാമന് എന്നീ വർഗ്ഗീകരണമില്ല. പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ് (യെശയ്യാ 61:1; 48:16). പിതാവിനോടും പുത്രനോടും സമനാണ് പരിശുദ്ധാത്മാവ് (മത്താ. 28:19; അപ്പോ. 5:3-4; 1 കൊരി 2:10-11). പരിശുദ്ധാത്മ സ്നാനത്തോടനുബന്ധിച്ച് നാലുപദങ്ങൾ ഉപയോഗിച്ചിരിക്കുന്നു: സ്വീകരിക്കുക, സ്നാനപ്പെടുത്തുക, അഭിഷേകം ചെയ്യുക, നിറയ്ക്കുക. ഈ നാലുപദങ്ങളും അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നെങ്കിലും അർത്ഥവ്യത്യാസമുണ്ട്. ആത്മസ്നാനമെന്നുള്ളത് രക്ഷയോ വീണ്ടുജനനമോ അല്ല. വീണ്ടും ജനനാനുഭവത്തിനുശേഷം ലഭിക്കുന്ന ഒരനുഭവമത്രേ ആത്മസ്നാനം. ചിലർ ഇതിന് രണ്ടാമനുഭവം എന്നു വിളിയ്ക്കാറുണ്ട്. (യോഹ. 20:22; അപ്പോ. 1:4, 5,8; 8:14-17; 9:6). അപ്പോസ്തോലന്മാർ വാഗ്ദത്തം പരിശുദ്ധാത്മാവിനുവേണ്ടി കാത്തിരിക്കുകയും പെന്തെക്കോസ്ത് അനുഭവം അവർക്ക് ലഭിക്കുകയും ചെയ്തു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു. എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്കു ഉച്ചരിപ്പാന് നല്കിയതുപോലെ അന്യഭാഷകളില് സംസാരിപ്പാന് തുടങ്ങി (അപ്പോ. 2:4,5). ഈ അനുഭവത്തിനത്രേ പരിശുദ്ധാത്മസ്നാനം എന്നു പറയുന്നത്. പഴയനിയമത്തിൽ, ഓരോ ശുശ്രൂഷയ്ക്കും അഭിഷേകം ആവശ്യമായിരിക്കുന്നതുപോലെ, പുതിയനിയമകാലത്തിലും വിവിധ ശുശ്രൂഷകള്ക്കായി ആത്മാവു വിശ്വാസികളെ അഭിഷേകം ചെയ്യുന്നു. കൃപാവരങ്ങൾ ലഭിക്കുന്നതും ആത്മസ്നാനത്തിന് ശേഷമാണ്. മുകളിൽ പ്രസ്താവിക്കപ്പെട്ട വിവിധ പടികളുടെ പ്രഥമ പടിയെന്നത് ആത്മസ്നാനമാണ്.

4. വേർപാട് / വിശുദ്ധജീവിതം
പരിശുദ്ധാത്മാവിന്റെ സഹായത്തോടുകൂടെ, നീതികരണം, രക്ഷ മുതലായ പ്രക്രിയയിൽകൂടി വിശുദ്ധീകരണ ത്തിലേയ്ക്ക് നടത്തപ്പെടുന്നു. രക്ഷിക്കപ്പെട്ടവന്റെ മരണംവരെ നടക്കേണ്ട ഒരു വസ്തുതയത്രേ വിശുദ്ധീകരണം (തിത്തോ.3:5). ഖാദോശ്, ഹഗിയാഡ്സോ എന്നീ പദങ്ങൾ യഥാക്രമം വിശുദ്ധീകരണത്തിന്റെ എബ്രായ, ഗ്രീക്കു സമാനപദങ്ങളാണ്. വിശുദ്ധീകരിക്കുക, വേർതിരിക്കുക എന്നതാണ് ഇതിന്റെ അർത്ഥം. വീണ്ടും ജനനത്തോടുകൂടിയാണ് വിശുദ്ധീകരണം ആരംഭിക്കുന്നത്. ഇത് സാദ്ധ്യമാകണമെങ്കിൽ വിശ്വാസികളുടെ അനുസരണം ആവശ്യമാണ്. ഇതിന് ഒരു കുറുക്ക് വഴിയുമില്ല. പ്രാർത്ഥനയാലും വചനധ്യാനത്താലും ആരാധനയാലും അച്ചടക്ക ജീവിതത്താലും പരിശുദ്ധാത്മ സഹായത്താലും ഇതു സാദ്ധ്യമാകും (സങ്കീ. 1:1,2; എഫേ. 6:18, 5:18-20; എബ്രാ. 10:24-25, തിത്തോ. 1:8).

5. അപ്പോസ്തോലിക ഉപദേശം
അപ്പോസ്തോലൻ എന്ന പദം രണ്ടുതരത്തിൽ മനസ്സിലാക്കുവാൻ കഴിയും. അപ്പോസ്റ്റോലോസ് എന്ന ഗ്രീക്കുപദമാണ് ഇതിനു ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അർത്ഥം ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടി അയയ്ക്കപ്പെട്ടവൻ. യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരെ സൂചിപ്പിക്കുവാനും അപ്പോൾ തന്നെ, വിശാലാർത്ഥത്തിൽ ദൗത്യം നിര്വ്വഹിക്കുന്ന ഏവരേയും ദ്യോതിപ്പിക്കുവാനും ഈ പദം ഉപയോഗിക്കുന്നുണ്ട്. അപ്പോ. 2:42 ല് യേശുവിന്റെ ശിഷ്യന്മാരായ അപ്പോസ്തോലന്മാരുടെ പഠിപ്പിക്കലുകൾ എന്ന അർത്ഥത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരുടെ പഠിപ്പിക്കലുകൾ സമയാസമയങ്ങളിൽ തിരുവചനത്തോടുകൂടുവാൻ ആർക്കും അവകാശമില്ല.

6. കൂട്ടായ്മ
കൊയ്നോനിയ എന്ന പദമാണ് കൂട്ടായ്മയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. സ്നേഹസദ്യ, അപ്പം നുറുക്ക്, ആരാധന മുതലായ ക്രിസ്തീയ ശുശ്രൂകളിൽ ഒരേ മനസ്സോടുകൂടെ പങ്കെടുക്കുക എന്നര്ത്ഥമാണ് അപ്പോസ്തോലപ്രവൃർത്തിയിൽ കാണുന്നത്. എന്നാൽ ഇന്ന് നാം പലപ്പോഴും ആരാധനയിൽ മാത്രം ഈ പദത്തെ ഒതുക്കാറുണ്ട്. ശരിയായ ആരാധനയിൽ ആരാധനയുടെ എല്ലാ ഘടകങ്ങളും സമന്വയിച്ചിരിക്കുന്നു. വിശ്വാസികളുടെ ഇടയിൽ ഭൗതിക വസ്തുക്കളുടെ പങ്കുവെയ്ക്കൽ വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്ദ്ധിച്ചിരിക്കുകയാണ്. എന്നാൽ ദൈവം വിവക്ഷിക്കുന്ന കൂട്ടായ്മ നമ്മളിൽനിന്ന് എത്രയോ അകലെയാണ്.

7. അപ്പം നുറുക്ക്
കർത്താവ് കല്പ്പിച്ചിരിക്കുന്ന രണ്ടാമത്തെ അനുഷ്ഠാനമത്രേ കർത്തൃമേശ. കർത്താവിന്റെ മരണത്തെ ഓർപ്പിക്കുന്ന ഒരു ശുശ്രൂഷയത്രേ ഇത്. ഇതിൽ പങ്കെടുക്കുന്നവർ ആത്മീയമായി അനുഗ്രഹം പ്രാപിക്കുകയും സഹവിശ്വാസികളുമായുള്ള കൂട്ടായ്മ ആസ്വദിക്കുകയും ചെയ്യുന്നു. കർത്തൃമേശയെക്കുറിച്ച് വിവിധ കാഴ്ചപ്പാടുകൾ ഉണ്ട്. വസ്തുമാറ്റ സിദ്ധാന്തം, കോണ്സബ്സ്റ്റാന്ഷിയേഷൻ, പ്രതീകാത്മകം, ഓർമ്മ എന്നിവ യഥാക്രമം റോമൻ കത്തോലിക്കർ, ലൂഥറൻ മറ്റു പ്രോട്ടസ്റ്റന്റ് വിഭാഗക്കാരുടെ കാഴ്ചപ്പാടാണ്. നമ്മൾ ഓർമ്മ എന്നു പറയുമ്പോൾതന്നെ കർത്തൃമേശ ആചരണത്തിങ്കൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം അനുഭവവേദ്യമാകാറുണ്ട്.

8. പ്രാർത്ഥന
പ്രാർത്ഥന ദൈവത്തോടുള്ള നമ്മുടെ ആശയവിനിമയമാണ്. സ്തുതിയിലും ആരാധനയിലും ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്തുതികളിന്മേൽ അധിവസിക്കുന്നവനാണ് നമ്മുടെ ദൈവം. നന്ദികരേറ്റുക, സ്തുതി, അപേക്ഷ, ഏറ്റുപറച്ചില്, മദ്ധ്യസ്ഥത എന്നീ ഘടകങ്ങൾ പ്രാർത്ഥനയിൽ അന്തര്ലീനമായിട്ടുണ്ട്. നാം വിശ്വാസത്തോട് പ്രാർത്ഥിക്കണം. പ്രാർത്ഥന നമുക്ക് ജീവവായു പോലെയാണ്. ഇപ്രകാരം ഒരു ചൊല്ലുണ്ട്. പ്രാർത്ഥിക്കുന്ന ക്രിസ്ത്യാനി പാപം ചെയ്യുന്നില്ല, പാപം ചെയ്യുന്ന ക്രിസ്ത്യാനി പ്രാര്ത്ഥിക്കുന്നില്ല. യേശുവിന്റെ നാമത്തിലാണ് നാം പ്രാർത്ഥിക്കേണ്ടത്. (യോഹ 14:13,14) അപ്പോൾതന്നെ പ്രസ്തുത പ്രാർത്ഥന ത്രിയേക ദൈവത്തോടുള്ളതാണ്. അതുകൊണ്ട് പരിശുദ്ധാത്മാവിനോടു പ്രത്യേകമായി നാം പ്രാർത്ഥിക്കേണ്ടതില്ല. ശക്തമായി പ്രാർത്ഥിക്കുവാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. ദൈവഹിത പ്രകാരം നാം പ്രാർത്ഥിക്കേണം (1 യോഹ 5:14-15). യേശുവിന്റെ നാമത്തിൽ പിതാവിനോട് ആത്മാവിന്റെ ശക്തിയിൽ പ്രാർത്ഥിക്കാം.

സഭയുടെ അടിസ്ഥാന ഉപദേശങ്ങളുമായി ബന്ധപ്പെട്ടു നാം ധാരാളം പ്രതിസന്ധികൾ അഭിമുഖീകരിക്കാറുണ്ട്. കാറ്റും കോളും ജീവിത പടകിനെതിരെ ആഞ്ഞടിക്കുമ്പോൾ ദൈവവചനത്തിൽ അടിയുറയ്ക്കാം. അങ്ങനെ ചെയ്യുമ്പോൾ പ്രത്യാശയുടെ തുറമുഖത്തു നാം എത്തിച്ചേരും.

വിവർത്തനം: മാത്യൂ വി. എസ്.


MGM Ministries-Article Source: trumpetmagazine.com/read.aspx?lang=2&id=2&mid=119 – (In 2011-2014)

(420)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close