Home Articles Malayalam Articles Meat Offering – (ഭോജനയാഗം)

Meat Offering – (ഭോജനയാഗം)

138
0

by റ്റി. എ. കുര്യന്

(‘ലേവ്യയാഗങ്ങൾ’ എന്ന ഗ്രന്ഥത്തിൽ നിന്നെടുത്ത ലേഖനം)

ലേവ്യാ പുസ്തകത്തിൽ കാണുന്ന യാഗങ്ങളെക്കുറിച്ച് ആലോചിക്കുന്ന നമുക്ക് കാണുവാന് കഴിയുന്ന ഒരു വസ്തുത അവയ്ക്ക് പേരുകള് നല്കി യത് യഹോവതന്നെ ആയിരുന്നു എന്നും അനുഭവാര്ത്ഥം നോക്കിയായിരുന്നു അങ്ങനെ നാമകരണം ചെയ്തത് എന്നും അത്രെ. യാതൊരു മൃഗത്തെ അറുത്തും സര്വ്വവും ദഹിപ്പിച്ചിരുന്നുവോ അതിനെ സര്വ്വാംഗഹോമം എന്നും യാതൊരു യാഗം ദൈവത്തിന്റെയും മനുഷ്യന്റെയും ഭോജനം (ഭക്ഷണം) ആയിരുന്നുവോ അതിനെ ഭോജനയാഗം എന്നും പേര് വിളിക്കയായിരുന്നു എന്നു കാണാം. ശേഷം യാഗങ്ങളുടെ അര്പ്പണത്തില് രക്തം പ്രധാന ഘടകമായിരുന്നതുപോലെ ഭോജനയാഗത്തില് രക്തം ചേര്ത്തിരുന്നില്ല എന്നുളളത് കുറിക്കൊള്ളേണ്ട സംഗതിയാകുന്നു. മൃഗത്തെ കൊന്നു അതിന്റെ രക്തം എടുത്തു സമാഗനമകൂടാരത്തിന്റെമേലും അതില് വെച്ചിരുന്ന ഉപകരണങ്ങളിന്മേലും തളിച്ചിരുന്നതിനാല് അത് ക്രിസ്തുവിന്റെ മരണത്തെയും അവന്റെ രക്തച്ചൊരിച്ചിലിനാല് ഉണ്ടാകുന്ന ശുദ്ധീകരണത്തെയും അനുഗ്രഹങ്ങളെയും ആകുന്നു കാണിക്കുന്നത്, എന്നു ഗ്രഹിക്കുവാന് കഴിയും. എന്നാല് ഭോജനയാഗം രക്തച്ചൊരിച്ചില് കൂടാതെ അര്പ്പിക്കുന്ന യാഗമാകയാല് അത് പ്രതിരൂപീകരിക്കുന്നത് ക്രിസ്തുവിന്റെ മരണത്തെയല്ല, മറിച്ച് തന്റെ ജീവിതത്തെയാകുന്നു എന്നു സ്പഷ്ടം. ഏത് മനുഷ്യന്റെയും ജീവിതം ദൈവദൃഷ്ടിയില് കുറവുളളതായിരുന്നപ്പോള് തന്റെ പുത്രന്റെ ജീവിതം തന്റെ സന്നിധിയില് പൂര്ണ്ണതയുളളതായിട്ടായിരുന്നു ഇരുന്നത്. അങ്ങനെ തന്റെ പുത്രന്റെ ജീവിതത്തില് പ്രസാദിച്ച ദൈവം “ഇവന് എന്റെ പ്രിയപുത്രന്; ഇവനില് ഞാന് പ്രസാദിച്ചിരിക്കുന്നു” (മത്താ. 3:17) എന്നു പ്രസ്താവിക്കയാണ് ചെയ്തത്. പരിശുദ്ധനായ ദൈവത്തെ പൂര്ണ്ണമായി പ്രസാദിപ്പിക്കുന്ന യാഗമായിരുന്നു യേശുക്രിസ്തുവിന്റെ ഭൗമികജീവിതം.

യാഗങ്ങള് അര്പ്പിക്കുന്നതിനുളള പ്രമാണം ദൈവം നല്കിയപ്പോള് ഒന്നാമത് രക്തച്ചൊരിച്ചിലുളള ഹോമയാഗത്തെക്കുറിച്ചും അത് അര്പ്പിക്കേണ്ട വ്യവസ്ഥകളെക്കുറിച്ചും രണ്ടാമതു രക്തരഹിതമായ ഭോജനയാഗത്തെപ്പറ്റിയും അത് അര്പ്പിക്കേണ്ട വ്യവസ്ഥകളെപ്പറ്റിയും ആണ് ആജ്ഞ നല്കിയത്. ഇവിടെ നാം കാണുന്നത് ഹോമയാഗമായി തീരുവാന് പോകുന്ന ക്രിസ്തുവിന്റെ മരണത്തിനുവേണ്ടിയുളള ഒരുക്കമായിരുന്നു ഭോജനയാഗത്തില് ചിത്രീകരിച്ചിരിക്കുന്നത് എന്നുളളതത്രെ. അതായത് ലോകത്തിന്റെ പാപങ്ങള്ക്ക് പ്രായശ്ചിത്തം വരുത്തുവാനുളള തന്റെ യോഗ്യത ജീവിതം കൊണ്ട് വെളിപ്പെടുത്തുകയും അവനില് യാതൊരു ഊനവും ഇല്ല എന്നു ദൈവവും മനുഷ്യരും സമ്മതിക്കയും ചെയ്യേണ്ടത് ആവശ്യമായിരുന്നു. കര്ത്താവിന്റെ ശിഷ്യന്മാരായിരുന്ന മത്തായിയും യോഹന്നാനും ക്രിസ്തുജീവിതം വരച്ചു കാണിച്ചപ്പോഴും ജഡദിവസങ്ങളില് തന്റെ ശിഷ്യന്മാരുടെ കൂട്ടത്തില് ഇല്ലാതിരുന്ന മര്ക്കോസും ലൂക്കോസും കര്ത്താവിന്റെ ജീവിതത്തെ ക്രോഡീകരിച്ചു എഴുതിയപ്പോഴും തന്റെ ജീവിതത്തില് ഉണ്ടായിരുന്ന ഊനമില്ലായ്മ സ്പഷ്ടമാക്കിയിരിക്കുന്നതു ശ്രദ്ധേയമത്രേ. അത്രയുമല്ല തങ്ങള് ആരെപ്പറ്റി എഴുതിയോ ആ കര്ത്താവിന്റെ മരണത്തെ പ്രതിരൂപീകരിക്കുന്ന ഹോമയാഗത്തെക്കുറിച്ച് വിവരിച്ചതുപോലെ തന്റെനിര്മ്മല ജീവിതത്തെ പ്രതിരൂപികരിക്കുന്ന ഭോജനയാഗത്തെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. യാഗങ്ങളെക്കുറിച്ചു എഴുതിയിരിക്കുന്ന ലേവ്യരുടെ പുസ്തകത്തില് ആദ്യം വിവരിക്കുന്നത് ലോകത്തിന്റെ പാപത്തിനു പ്രായശ്ചിത്തമായി ക്രിസ്തു മരിക്കുന്ന സംഗതിയും തന്റെ ജീവിത നിര്മ്മലതയെ ചൂണ്ടിക്കാണിക്കുന്ന വസ്തുത രണ്ടാമതായും രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ലേവ്യായാഗങ്ങള് ആരുടെ പ്രവൃത്തിയെയാണോ ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആ ക്രിസ്തുവിന്റെ ജീവിതത്തെയും അതിലെ വിവിധ സംഭവങ്ങളെയും എടുത്ത് കാണിച്ചുകൊണ്ട് അവന്റെ മരണം, ഉയിര്ത്തെഴുന്നേല്പ് എന്നീ സംഗതികള് പ്രസ്താവിച്ച് സുവിശേഷങ്ങള് ഉപസംഹരിക്കയായിരുന്നു സുവിശേഷകന്മാര്. ക്രിസ്തുവിന്റെ ജീവിത നിര്മ്മലതയുടെ ഔന്നത്യം വ്യക്തമാക്കാതെ മരണത്തിന്റെ നിസ്തുല്യതയെക്കുറിച്ച് പ്രസ്താവിക്കാവുന്നതല്ലായിരുന്നു. അങ്ങനെ സുവിഷേകന്മാര് കര്ത്താവിന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള് പ്രസ്താവിച്ചുകൊണ്ട് ആരംഭിച്ച ചരിത്രം തന്റെ മരണം, ഉയിര്ത്തെഴുന്നേല്പ് എന്നീ വിഷയങ്ങളെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചു അവസാനിപ്പിക്കയാണ് ചെയ്തത്.

ഹോമയാഗത്തെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരുന്നപ്പോൾ നാം കണ്ടത് “അത് യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗം” എന്നു ദൈവം ആവര്ത്തിച്ച് അരുളിചെയ്തിരിക്കുന്നതാകുന്നു (ലേവ്യ. 1:9,13,17). ക്രിസ്തുജീവിതത്തിന്റെ നിഴലായ് ഭോജനയാഗത്തെപ്പറ്റി ദൈവം പ്രസ്താവിച്ചത് “അത് അതിവിശുദ്ധമായ ദഹനയാഗം” (ലേവ്യ. 2:3) എന്നും “യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം” (ലേവ്യ. 2:2,9) എന്നും അത്രെ. ആകയാല് യേശുക്രിസ്തുവിന്റെ മരണം പോലെ അവന്റെ ജീവിതവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായിട്ടാകുന്നു ഇരിക്കുന്നത്. യേശുക്രിസ്തു ഒരു മാതൃകാമനുഷ്യന് ആകുന്നു എന്ന് പറകയും തന്റെ ജീവിതത്തിന് മാന്യത കല്പിക്കുകയും ചെയ്യുന്നവര് വളരെയുണ്ട്. എന്നാല് അവന്റെ ബലിമരണത്തിലും രക്തച്ചൊരിച്ചിലിലും അവര് ആശ്രയിക്കുന്നില്ലെന്നു മാത്രമല്ല, അവന്റെ മരണംകൊണ്ട് ദൈവം എന്തു ഉദ്ദേശിക്കുന്നുവോ അതും, അവന്റെ രക്തച്ചൊരിച്ചിലിന്റെ സാദ്ധ്യതയും അവഗണിക്കുന്നവരാണവര്. അനേകര്ക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുക്കുവാന് പ്രത്യക്ഷനായ കര്ത്താവ് തന്റെ ജീവിതംകൊണ്ട് അതിനായി യോഗ്യതപ്പെടുകയായിരുന്നു. ആകയാല് കര്ത്താവിന്റെ ജീവിതത്തെ പ്രതിരൂപീകരിക്കുന്ന ഭോജനയാഗത്തെക്കുറിച്ചും അര്പ്പകന് കരുതിക്കൊള്ളേണ്ട വിവിധ വിഷയങ്ങളെക്കുറിച്ചും പുതിയിനിയമ വെളിച്ചത്തില് ആലോചിക്കുന്നതിന് പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

ഒരുവന് “യഹോവയ്ക്കു ഭോജനമായ വഴിപാട് കഴിക്കുമ്പോള് അവന്റെ വഴിപാട് നേരിയ മാവ് ആയിരിക്കേണ” മെന്നരുളിചെയ്തത് ശ്രദ്ധേയമാകുന്നു. ഭോജനയാഗം അര്പ്പിക്കുന്ന യിസ്രയേല്ക്കാരന് കൊണ്ടുവരേണ്ടിയിരുന്ന വസ്തുക്കളില് ഒന്നാമത്തേതായിരുന്നു നേരിയ മാവ്. ഗോതമ്പുപൊടിച്ചിട്ടല്ലാതെ നേരിയ മാവ് ഉണ്ടാക്കുവാന് കഴിയുമായിരുന്നില്ല. അതും തരിയില്ലാത്തതായിരിക്കണമെങ്കില് അതിന്റെ മീതെക്കൂടെ തിരികല്ല് ആവര്ത്തിച്ച് പരിവര്ത്തിക്കേണ്ടിയുമിരുന്നു. ഫലകരമായ അനുഭവത്തില് എത്തിച്ചേരുന്ന ഗോതമ്പുമണിയെക്കുറിച്ച് കര്ത്താവ് അരുളിചെയ്തത് “ഗോതമ്പുമണി നിലത്തുവീണ് ചാകുന്നില്ല എങ്കില് തനിയെ ഇരിക്കുന്നു, ചത്തു എങ്കിലോ വളരെ വിളവ് ഉണ്ടാകും” (യോഹ. 12:24) എന്നാകുന്നു. ഒരിക്കല് സ്വര്ഗ്ഗത്തില് ഇരുന്ന ഗോതമ്പുമണിയാകുന്നു ക്രിസ്തു. കാലസമ്പൂര്ണ്ണതയില് അവന് നിലത്തു വീഴുകയും പരീക്ഷകളുടെയും പ്രതികൂലങ്ങളുടേയും തിരികല്ല് അവന്റെമേല് ആവര്ത്തിച്ചു തിരിഞ്ഞുകൊണ്ടിരിക്കയും ഒരു തരിപോലും ശേഷിപ്പിക്കാതെ അവന്റെ ജീവിതത്തെ സര്വ്വത്ര നേരിയ മാവാക്കിത്തീര്ക്കയും അഥവാ അവന്റെ ജീവതം തരി ലേശമില്ലാത്തതാണെന്ന് പ്രഖ്യാപിക്കയുമാണ് ചെയ്തിരുന്നത്. തന്റെ ഐഹീക ജീവിതകാലത്ത് തനിക്കുണ്ടായ പരീക്ഷകള് പര്യവസാനിച്ചത് വിശുദ്ധവും നിര്മ്മലവുമായ ജീവിതമാകുന്നു അവന്റേത് എന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു.

നമ്മുടെ രക്ഷിതാവിന് നേരിട്ട പരിശോധനകളും പരീക്ഷകളും തെളിവാക്കിയത് എന്താകുന്നു? അസ്വീകാര്യമായ യാതൊരു തരിയും ഇല്ലാതെ സൗരഭ്യവാസനയായ ദഹനയാഗമായി അര്പ്പിക്കപ്പെടുവാന് യോഗ്യനാകുന്നു അവന് എന്ന് വ്യക്തമാക്കുകയായിരുന്നു. ദൈവത്തിനു സ്വീകരിക്കുവാന് കഴിയാത്ത യാതൊരു ദുര്ഗുണവും ക്രിസ്തുവില് ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല അവനില് എല്ലാ സല്ഗുണങ്ങളും തുല്യ അളവില് വിളങ്ങുന്നുമുണ്ടായിരുന്നു. എല്ലാ സല്ഗുണങ്ങളും ഉണ്ടായിരുന്ന ഒരാളെയും നമുക്ക് കാണുവാന് കഴിയുന്നതല്ല. കൂടാതെയുളള സല്ഗുണങ്ങള് തന്നെയും ഒന്നിനേക്കാള് മറ്റൊന്ന് കൂടുതലായോ കുറവായോ ആയിരിക്കും കാണുവാന് കഴിയുന്നത്. എന്നാല് സകല സല്ഗുണങ്ങളുടെയും വിളനിലമായിരുന്നു ക്രിസ്തു. അവനില് കുടികൊണ്ടിരുന്ന യാതൊരു വൈശിഷ്ട്യവും ഒന്നിനേക്കാള് മറ്റൊന്നു കൂടുതലായോ കുറവായോ ശോഭിക്കുന്നില്ലായിരുന്നു. ക്രിസ്തുവില് എല്ലാ സല്ഗുണങ്ങളും തുല്യമായി ശോഭിക്കുന്നുണ്ടായിരുന്നു ദൃഷ്ടാന്തമായി. അവന്റെ സ്നേഹത്തെ കവിയുന്നതല്ലായിരുന്നു ദയ. കൃപയും നീതിബോധവും ക്രിസ്തുവില് വിളങ്ങിയത് ഒരുപോലെയായിരുന്നു.
ഭോജനയാഗമായി അര്പ്പിപ്പാന് കൊണ്ടുവരുന്ന നേരിയ മാവാകട്ടെ എണ്ണചേര്ത്തു ചുട്ടെടുത്ത വടകളോ ദോശകളോ ആകട്ടെ അവയെല്ലാം അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കല് കൊണ്ടുവന്ന് പുരോഹിതന്മാരെ ഏല്പ്പിക്കണമായിരുന്നു. അവര് അത് യാഗപീഠത്തിന്റെ മുമ്പില് അര്പ്പിക്കണമെന്നായിരുന്നു കല്പന (ലേവ്യ. 2:2; 6,14). അന്ന് പുരോഹിതന്മാര് യാഗപീഠത്തിനു മുമ്പില് അര്പ്പിച്ചത് നേരിയമാവും എണ്ണ ചേര്ത്ത വടകളും ദോശകളും ആയിരുന്നു. നേരിയ മാവില് പുരോഹിതന് എണ്ണ ഒഴിക്കയും കുന്തുരുക്കം ഇടുകയും വേണമായിരുന്നു. ക്രിസ്തു എന്ന നേരിയ മാവില് പരിശുദ്ധാത്മാവായ എണ്ണ ഒഴിച്ച സംഭവം നമുക്ക് ഓര്മ്മയുളളതാണല്ലോ. മുപ്പതു വര്ഷത്തെ ജീവിതശേഷം ക്രിസ്തുവിന്റെ ജീവിതത്തിലേക്ക് പരിശുദ്ധാത്മാവ് ഇറങ്ങിവന്നതും തുടര്ന്നുളള കുന്തുരക്കമായ ജീവിതം അഥവാ പ്രയോജനമുളള ജീവിതം താന് നയിച്ചതും നമുക്ക് വിസ്മരിക്കാന് കഴിയാത്തവയാകുന്നു. ഒടുവിലായി നമ്മുടെ രക്ഷിതാവിന്റെ ജീവിതം എന്ന നേരിയ മാവ് പരിശോധനയ്ക്കുശേഷം പുരോഹിതത്മാര് ഏറ്റുവാങ്ങുകയും യാഗപീഠത്തിന്റെ മുമ്പില് അര്പ്പിക്കയുമാണ് ചെയ്തത്. ദൈവത്തിന്റെ ഭോജനയാഗമായ ക്രിസ്തുവിനെ പിടിച്ച ചേവകര് അവനെ ആദ്യം കൊണ്ടുപോയതു മഹാപുരോഹിതന്മാര് കൂടിയിരുന്ന അരമനയിലേക്കായിരുന്നു (മത്താ. 26:57; മര്ക്കോ. 14:53). ഭോജനയാഗം അര്പ്പിക്കുവാന് പ്രേരിതനാകുന്ന യിസ്രയേല്ക്കാരന് കൊണ്ടുവരുന്ന നേരിയ മാവില് കുറെ എടുത്ത് അതില് എണ്ണ ഒഴിക്കയും കുന്തുരുക്കം ഇടുകയും ചെയ്യണമെന്നായിരുന്നു.

എണ്ണ. (ലേവ്യ. 2:2) പരിശുദ്ധാത്മാവിനെ കാണിക്കുന്നു എന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ.

കുന്തുരുക്കം. (ലേവ്യ. 2:2)

പൊടിച്ചു യാഗത്തോടു ചേര്ക്കണ്ട സുഗന്ധദ്രവ്യമാകുന്നു കുന്തുരുക്കം. അതിന്റെ സുഗന്ധം ആസ്വദിക്കാന് കഴിഞ്ഞിരുന്നത് തീയില് ഇടുമ്പോള് മാത്രമായിരുന്നു. തെക്കേ അറേബ്യയില് വളര്ന്നിരുന്ന ഒരു വൃക്ഷത്തിന്റെ കറയാകുന്നു കുന്തുരുക്കം. കറ ലഭിക്കേണ്ടതിന് ആ വൃക്ഷംവരഞ്ഞുവെക്കയും ഒഴുകിവരുന്ന കറ ഉണക്കി സൂക്ഷിച്ച് ഉപയോഗിക്കയുമായിരുന്നു പതിവ്. വസന്തകാലത്തെ അപേക്ഷിച്ച് ശരത്കാലത്തു ലഭിക്കുന്ന കുന്തുരുക്കം വിശിഷ്ടമായിരുന്നു. അറേബ്യന് മരുഭൂമിയില് വളര്ന്നിരുന്ന കുന്തുരുക്കവൃക്ഷം പോലെ പരിശോധനകളും പരീക്ഷകളും സഹിച്ചു വളര്ന്നുവന്ന പുരുഷനാകുന്നു ക്രിസ്തു (യെശ. 53:2). ആരംഭം മുതല് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ ജീവിതം അവസാനിക്കുന്നതുവരെയും വിവിധ നിലകളില് പരീക്ഷിക്കപ്പെടുകയും കഠിന ശോധനകളില്ക്കൂടി കടന്നുപോകയും ചെയ്തിരുന്നു. എന്നാല് ഓരോ പരിശോധനയും സൃഷ്ടിച്ചത് സൗരഭ്യമേറിയ പുതിയ അനുഭവങ്ങളെയായിരുന്നു. ഉഗ്രമായ പരിശോധനയിലും, അവന്റെ സ്വഭാവവും പിതാവിനെ പ്രസാദിപ്പിക്കുവാനുളള നിഷ്ടയും ദൈവം ആസ്വദിക്കയാണു ചെയ്തത്. പരസ്യശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പേ പിശാചിനാല് പരീക്ഷിക്കപ്പെടുവാന് ആത്മാവ് അവനെ മരുഭൂമിയിലേക്കു നടത്തി. ആ ദിവസങ്ങളില് അവന് ഒന്നും ഭക്ഷിച്ചില്ല. പരീക്ഷക്കായി വേര്തിരിച്ച നാല്പതു ദിവസങ്ങള് കഴിഞ്ഞപ്പോള് അവനു വിശന്നു. അപ്പോള് പിശാച് അവനെ പുതിയ നിലയില് പരീക്ഷിക്കയും അതില് കര്ത്താവ് വിജയിയാകയും ചെയ്തു. അവിടെയെല്ലാം ആസ്വാദ്യകരമായ അവന്റ ജീവിതത്തിന്റെ സുഗന്ധം പിതാവ് ആസ്വദിച്ച് തൃപതനാകയാണു ചെയ്തത് (ലൂക്കോ. 4:1-12). കര്ത്താവിന്റെ ഐഹിക ശുശ്രൂഷ ഗത്സമേനയിലെ പ്രാര്ത്ഥനയോടുകൂടെ അവസാനിക്കയായിരുന്നല്ലോ. അവിടെ നേരിടേണ്ടിവന്ന അതികഠിനമായ ശോധനയില് തന്റെ ജീവിതത്തെ പിതൃ ഇഷ്ടത്തിന്റെ നിവര്ത്തിക്കായി വേര്തിരിക്കയായിരുന്നു കര്ത്താവ്. ഇവിടെയെല്ലാം ഉണ്ടായ അഗ്നിപരിശോധനകളില് വിജയംവരിച്ച് കര്ത്താവിന്റെ ജീവിതം പിതാവിന് ഭോജനയാഗമായിരുന്നു.

ഉപ്പ്. (ലേവ്യ. 2:13).

“നിന്റെ ഭോജനയാഗത്തിനു ഒക്കെയും ഉപ്പ് ചേര്ക്കണം. നിന്റെ ദൈവത്തിന്റെ നിയമത്തിന്റെ ഉപ്പ് ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്” എന്നും ദൈവം കല്പിച്ചിരുന്നു. ഭോജനയാഗം ക്രിസ്തുവിന്റെ ജീവിതത്തെയാണല്ലോ നിദര്ശനം ചെയ്യുന്നത്. മനുഷ്യജീവിതത്തില് ഉപ്പിനുളള സ്ഥാനം വലിയതാണെന്നുളളത് സര്വ്വസമ്മതമായിട്ടുളളതാകുന്നു. മനുഷ്യന്റെ അനുദിന ജീവിതത്തില് ഉപ്പിനുണ്ടായിരിക്കുന്ന സ്ഥാനത്തെ മുന്നിര്ത്തി കര്ത്താവ് പ്രസ്താവിച്ചത് “നിങ്ങള് ഭൂമിയുടെ ഉപ്പാകുന്നു” (മത്താ. 5:13) എന്നത്രെ. ഭക്ഷണത്തെ രുചിയുളളതാക്കിത്തീര്ക്കുന്ന ഉപ്പ് ദൈവത്തിന്റെ ഭക്ഷണമായ ഭോജനയാഗത്തില് ചേര്ക്കുവാന് ശ്രദ്ധിക്കണമെന്നായിരുന്നു ദൈവകല്പന. നമ്മുടെ രക്ഷിതാവിന്റെ ഐഹിക ജീവിതകാലത്ത് ഉപ്പിനാല് രുചിപ്പെടുത്തിയ തന്റെ സംഭാഷണം ആരെയും ആകര്ഷിക്കുന്നതായിരുന്നു (ലൂക്കോ. 4:22).

ഭോജനയാഗത്തില് ചേര്ക്കേണ്ടിയിരുന്ന ഉപ്പിനെ “നിയമത്തിൽ ഉപ്പ്” എന്നു വിശേഷിപ്പിച്ചിരിക്കുന്നതു കാണാം. എബ്രായരുടെ ഇടയിലുളള ഒരാള് മറ്റൊരാളുടെ കയ്യില്നിന്ന് ഉപ്പ് വാങ്ങുന്ന നടപടിയുണ്ടായിരുന്നു. അവര് ഇരുവരും സ്നേഹിതന്മാര് എന്നുളള മുറയ്ക്ക് ആജിവനാന്തം നിലനില്ക്കുന്ന കരാറില് ഏര്പ്പെട്ടിരിക്കുന്നു എന്നുളളതിന്റെ പരസ്യ അടയാളമായി ഉപ്പ് കൈമാറിപ്പോന്നിരുന്നു. ദൈവവും മനുഷ്യനുമായുളള കരാറിന്റെ ലവണനിയമം വളരെ വിശിഷ്ടമായിട്ടുളളതാകയാല് അതിന്റെ അടയാളത്തിനും പ്രത്യേകത ഉണ്ടായിരിക്കേണ്ടത് ആവശ്യമാകുന്നു. അതോ, കന്യകഗര്ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ദൈവം നമ്മോടുകൂടെ എന്നര്ത്ഥം വരുന്ന ഇമ്മാനുവേല് എന്ന് പേര് വിളിക്കും” (യെശ. 7:14) എന്നുതന്നെ. പാപം കടന്നിരിക്കുന്ന ലോകത്തെ വീണ്ടെടുത്തുകൊളളാം എന്നുളള നിയമത്തിന്റെ അടയാളമാകുന്നു കന്യകയില് ജാതനായ ക്രിസ്തു. അവനാകുന്നു ലവണനിയമം (സംഖ്യ. 18:19; 2 ദിന. 13:5). ഉപ്പു ചേര്ക്കാതെ അര്പ്പിക്കപ്പെടുന്ന യാതൊരു ഭോജനയാഗവും സൗരഭ്യവാസനയായ ദഹനയാഗമായി അംഗീകരിക്കുവാന് ദൈവത്തിനു കഴിയുന്നതല്ലായിരുന്നു. നമ്മുടെ ആരാധന സൗരഭ്യമുളളതായിരിക്കേണ്ടതിന് ക്രിസ്തുജീവിതത്തിന്റെ നിര്മ്മലതയെക്കുറിച്ചുളള പ്രസ്താവന അനിവാര്യമാകുന്നു. അത്രയുമല്ല നമ്മുടെ ആരാധന സുഗ്രാഹ്യമായ യാഗമായിരിക്കേണ്ടതിന് കന്യാപുത്രന്റെ വിശിഷ്ടനാമം എന്ന ഉപ്പ് അതില് ചേര്ക്കേണ്ടതും ആവശ്യമാകുന്നു. അതായത് ആരാധകര്ക്ക് യേശുക്രിസ്തുവിന്റെ ദൈവത്വത്തെക്കുറിച്ചുളള ബോദ്ധ്യവും ഏറ്റുപറച്ചിലും എത്രയധികം ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുന്നതത്രെ ഭോജനയാഗത്തില് ചേര്ത്തിരുന്നു ഉപ്പ്.

നാശയോഗ്യമായ സാധനത്തെ അതിന്റെ ദ്രവത്വത്തില്നിന്ന് വിമുക്തമാക്കുന്നതാണ് ഉപ്പ്. നാശയോഗ്യനും ന്യായവിധിക്കു അര്ഹനുമാകുന്നു മനുഷ്യന്. “എന്നാല് തന്റെ ഏകജാതനായ പുത്രനില് വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്കുവാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചവന്” (യോഹ. 3:16) ആകുന്നു. ഒരുവന് നശിച്ചുപോകാതെ ഇരിക്കേണ്ടതിനും നിത്യജീവന്റെ അവകാശിയായി തീരേണ്ടതിനും ചെയ്യേണ്ടത് തന്റെ ഏകജാതനായ പുത്രനില് വിശ്വസിക്കുക എന്നുളളതാകുന്നു. അങ്ങനെയുളളവര്ക്കു ദ്രവത്വത്തിന്റെ ദാസ്യത്തില്നിന്നു വിടുതല് ലഭിക്കുമെന്നുളളതിനു സംശയമില്ല. ക്രിസ്തുവില് വിശ്വസിക്കുന്നവര്ക്ക് നിത്യജീവന് ഉണ്ട്. അവരെ സംബന്ധിച്ച് അവകാശപ്പെടാവുന്നത് ഈ ദ്രവത്വമുളളത് അദ്രവത്വത്തെ പ്രാപിക്കുമെന്നാകുന്നു അവര്ക്ക് ദ്രവത്വത്തില്നിന്നു വിടുതല് ഉണ്ട്.

എന്നാല് യേശുക്രിസ്തുവില് വിശ്വസിച്ചു നിത്യജീവന് പ്രാപിക്കാതെ ഇരിക്കുന്നവര്ക്കും ഉപ്പ് ഇടീല് ഉണ്ട്. അഗ്നിനരകത്തില് വീഴുവാന് ഇടയാകുന്നവരെക്കുറിച്ച് കര്ത്താവ് അരുളിചെയ്തത് “അവിടെ അവരുടെ പുഴു ചാകുന്നില്ല; തീ കെടുന്നതുമില്ല എല്ലാവരും തീകൊണ്ട് ഉപ്പിടും” (മര്ക്കോ. 9:48,49) എന്നാകുന്നു. അങ്ങനെ യേശുക്രിസ്തുവില് വിശ്വസിക്കുന്നവനെ നിത്യജീവന് കൊണ്ടും വിശ്വസിക്കാത്തവനെ തീ കൊണ്ടും ഉപ്പ് ഇടപ്പെടും എന്ന് എഴുതിയിരിക്കുന്നത് എല്ലാവരും അംഗീകരിക്കേണ്ടതാകുന്നു, നിത്യജീവന് പ്രാപിച്ച ദൈവമക്കള് ലോകത്തില് ഉപ്പുപോലെ പ്രയോജനമുളളവരായിരിക്കും. അങ്ങനെയുളളവരെക്കുറിച്ച് കര്ത്താവ് അരുളിചെയ്തത് “നിങ്ങളില് തന്നെ ഉപ്പുളളവരും അന്യോന്യം സമാധാനമുളളവരും ആയിരിപ്പിന്” (മര്ക്കോ. 9:50) എന്നാകുന്നു.

ഭോജനയാഗത്തിനായി ഒരുവന് കൊണ്ടുവരുന്ന രേരിയ മാവല് എണ്ണ, കുന്തുരുക്കം, ഉപ്പ് എന്നിവ ചേര്ക്കണമെന്നു മോശയോടു കല്പിച്ച ദൈവം “പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവയ്ക്ക് ദഹനയാഗമായി ദഹിപ്പിക്കരുത്” (ലേവ്യ. 2:11) എന്നു ആജ്ഞാപിച്ചിരിക്കുന്നതും കാണാം. ദുഷ്ടതയുടെ പ്രതിരൂപമായ പുളിപ്പ് ഭോജനയാഗത്തില് ചേര്ക്കുന്നതിനെ ദൈവം ശക്തിയായി എതിര്ത്തിരിക്കുന്നതാകുന്നു നാം ഇവിടെ കാണുന്നത്. ദൈവത്തിനു വഴിപാടും യാഗവുമായി വേര്തിരിച്ചിരുന്ന ക്രിസ്തുജീവിതത്തില് ലേശംപോലും പുളിമാവു ഉണ്ടായിരുന്നില്ല. ദൈവത്തിന് ഭോജനയാഗം അര്പ്പിക്കുമ്പോള് ജീവിതപരമായോ ഉപദേശപരമായോ ഉളള പുളിമാവ് അശേഷം ഒഴിവാക്കേണ്ടത് ആവശ്യമാണെന്നാകുന്നു ദൈവകല്പ്പന (1 കൊരി. 5:8; മത്താ. 16:5-12; ലൂക്കോ. 12:1).

പുളിമാവ് ചേര്ക്കാതെ ചുട്ടെടുക്കുന്ന അപ്പം തീറ്റിക്കു സുഖപ്രദമായി തോന്നാവുന്നതല്ല. അതിനു മാര്ദ്ദവം കുറവായിരിക്കയും ചെയ്യും. പുളിപ്പില്ലാത്ത അപ്പത്തെ കഷ്ടതയുടെ ആഹാരമെന്നാകുന്നു മോശെ വിശേഷിപ്പിച്ചിരിക്കുന്നത് (ആവ. 16:3). കര്ത്താവിനെ സേവിക്കയും ദൈവാരാധനയ്ക്കായി തങ്ങളെ വേര്തിരിക്കയും ചെയ്യുന്നവര്ക്ക് കഷ്ടതവരാതിരിക്കുവാന് കഴിയുന്നതല്ല (ഫിലി 1:29). ലോകത്തെ ജയിച്ച കര്ത്താവ് തന്റെ ശിഷ്യന്മാരോട് അരുളിചെയ്തത് “ലോകത്തില് നിങ്ങള്ക്കു കഷ്ടമുണ്ട് എങ്കിലും ധൈര്യപ്പെടുവിന്” (യോഹ. 16:33) എന്നാകുന്നു. ദൈവവചനം നിമിത്തം കഷ്ടം അനുഭവിക്കുന്ന ദൈവജനത്തിനു ഈ ലോകത്തില്, വളര്ന്ന പ്രത്യാശയും (റോമ. 5:3) തികഞ്ഞ പ്രതിഫലവും ആകുന്നു ലഭിക്കുന്നത് (റോമ. 8:18; യാക്കോ. 1:12).

ഭോജനയാഗത്തില് ഉപയോഗിക്കുവാന് പാടില്ല എന്നു വിലക്കിയിരിക്കുന്ന രണ്ടു വസ്തുക്കളില് രണ്ടാമത്തേത് ആയിരുന്നു തേന് (ലേവ്യ. 2:11). പ്രാകൃതശരീരത്തെ തൃപ്തിപ്പെടുത്തുന്ന തേന് ഒരു പ്രകൃതിസമ്പത്താകുന്നു. പ്രാകൃതമനുഷ്യനെ സന്തോഷിപ്പിക്കുവാന് തേനിനു കഴിവുണ്ട്. എന്നാല് പ്രകൃതിയില് നിന്നു ലഭിക്കുന്ന തേന് പോലുളള ഒന്നിലും ആത്മീയനു സന്തോഷിക്കുവാന് കഴിയുന്നതല്ല. പ്രത്യുത ദൈവപ്രമാണത്തില് ആകുന്നു അവന് സന്തോഷിക്കുവാന് കഴിയുന്നത് (സങ്കീ. 1:2). ദൈവപുത്രനായ ക്രിസ്തുവില് സന്തോഷിക്കുന്ന ഭക്തന് ദൈവത്തിന്റെ മഹത്വത്തെ വെളിപ്പെടുത്തുന്ന തിരുവചനത്തില് സന്തോഷിക്കുന്നവനാകുന്നു. ലോക ജാതികള് പത്രവാര്ത്തയിലും ആഴ്ചപ്പതിപ്പുകളില് വിവരിക്കുന്ന നീണ്ടകഥകളിലും, സിനിമകളിലും മറ്റും രസിക്കുമ്പോള് ദൈവപൈതല് ദൈവപുത്രന്റെ നിര്മ്മല ജീവിതവും ക്രൂശുമരണവും ഉയിര്ത്തെഴുന്നേല്പും ധ്യാനിച്ച് പ്രത്യാശയുടെ നാടിനെ പ്രതീക്ഷിച്ചു അവന്റെ സ്നേഹത്തില് മുങ്ങി നിര്വൃതിയടയുകയാണ് ചെയ്യുന്നത്. ജഡമനുഷ്യര് തങ്ങളുടെ പ്രാകൃത മനസ്സിനെ തൃപ്തിപ്പെടുത്തുവാന് ശ്രമിക്കുമ്പോള് ആത്മീയന് തന്നെ വീണ്ടെടുത്ത പ്രിയ കര്ത്താവിനെ സ്നേഹിച്ചു അവന്റെ പ്രത്യക്ഷതയില് പ്രത്യാശവെച്ച് അതിനായി കാത്തിരിക്കുന്നവന് ആയിരിക്കും. ദൈവത്തിന്റെ ഭോജനയാഗമായ ക്രിസ്തുവിന്റെ ജീവിതത്തില് പ്രാകൃത മനുഷ്യനെ തൃപ്തനാക്കുന്ന തേന് ഇല്ലാതിരിക്കുന്നപോലെ ക്രിസ്തു മുഖാന്തിരം ദൈവത്തെ ആരാധിക്കുന്ന വിശ്വാസിയുടെ ജീവിതത്തിലും പ്രാകൃത സന്തോഷമാകുന്ന തേന് ഒഴിവാക്കേണ്ടതു ആവശ്യമാകുന്നു (2 കൊരി. 7:1).

ഭോജനയാഗം അര്പ്പിക്കേണ്ട വിധം

ഒരുവന് അര്പ്പിക്കുന്ന ഭോജനയാഗം നേരിയ മാവ് ആണെങ്കില് ഒരംശം വേവിക്കാത്തതായും (ലേവ്യ. 2:1) മറ്റൊരംശം അടുപ്പത്തുവെച്ചു ചുട്ടതായും (ലേവ്യ. 2:4;5,7) അര്പ്പിക്കാവുന്നതായിരുന്നു. ഭോജനയാഗമായി താന് കൊണ്ടുവരുന്ന മാവ് വേവിക്കാത്തതു ആയാലും ചട്ടിയില് ചുട്ടതായാലും അതില് എണ്ണ ചേര്ത്തിരിക്കണമെന്നായിരുന്നു കല്പന (ലേവ്യ. 2:4-6). ഒരുവന് അര്പ്പിക്കുന്നത് വേവിക്കാത്ത മാവാണെങ്കില് അര്പ്പിക്കുവാനുളള അംശത്തിന്റെ മേല് എണ്ണ ഒഴിച്ചു കുന്തുരുക്കം ഇട്ടു പുരോഹിതന്റെ കയ്യില് കൊടുക്കണമായിരുന്നു. പുരോഹിതന് എണ്ണ ചേര്ത്ത മാവ് ഒരു കൈ നിറച്ചു എടുക്കയും അര്പ്പകന് കൊണ്ടുചെന്ന കുന്തുരുക്കം മുഴുവനും നിവേദ്യമായി (ാലാീൃശമഹ) യാഗപീഠത്തിന്മേല് ദഹിപ്പിക്കയും ചെയ്യണമായിരുന്നു. സംശയിപ്പിക്കുന്നതോ വിവാദം സൃഷ്ടിക്കുന്നതോ ആയ യാതൊന്നും ഇല്ലാതെ നേരിയ മാവുപോലെ നിര്മ്മലമായിരുന്നു ക്രിസ്തുവിന്റെ ജീവിതം. അവന്റെ ജീവിതത്തില് ദുര്ഗ്രഹമായി യാതൊന്നും ഉണ്ടായിരുന്നില്ല. യാഗപീഠത്തിലെ അഗ്നിയില് ദഹിപ്പിക്കപ്പെട്ട ആ ജീവിതത്തില് ഉണ്ടായിരുന്ന കുന്തുരുക്കത്തിന്റെ സൗരഭ്യം നിസ്തുല്യമായിരുന്നു. ആരാധനയ്ക്കായി അകത്തേക്കുവരുന്ന ദൈവമക്കളുടെ ആരാധന സുഗ്രാഹ്യമായ യാഗമായി ദൈവം അംഗീകരിക്കേണ്ടതിന് രക്ഷയുടെ പാനപാത്രമായ ക്രിസ്തുവിനെ മുകളില് പറഞ്ഞിരിക്കുന്ന വിധത്തില് അറിഞ്ഞും അനുഭവിച്ചും പ്രസ്താവിച്ചും ഇരിക്കേണ്ടതാണെന്നുളള പ്രബോധനവും വാക്യം ഒന്നില് ഉളളടക്കം ചെയ്തിരിക്കുന്നതു കാണാം (ലേവ്യ. 2:1).

യാഗപീഠത്തിന്മേല് അര്പ്പിക്കത്തക്കവണ്ണം ചിലര് കൊണ്ടുവരുന്നത് വടകളോ ദോശകളോ ആകുന്നു എങ്കില് അവ നേരിയ മാവുകൊണ്ട് ഉണ്ടാക്കുവാന് ശ്രദ്ധിക്കുന്നതുപോലെ പുളിപ്പില്ലാത്തതായി ഉണ്ടാക്കുവാനും കരുതിക്കൊള്ളേണ്ടതായിരുന്നു. അങ്ങനെതന്നെ ഒരുവന്റെ വഴിപാട് ചട്ടിയില് ചുട്ട ഭോജനയാഗം ആയിരിക്കുമ്പോള് മറ്റൊരുവന്റെ വഴിപാട് വിലപിടിപ്പുളള ഉരുളിയില് ചുട്ടതും ആയിരിക്കാം. ഭോജനയാഗം ദോശകളായോ വടകളായോ ചുടുന്നതിന് ഉപയോഗിക്കുന്ന പാത്രം ഏതായാലും അത് ഉണ്ടാക്കേണ്ടതു നേരിയ മാവുകൊണ്ടായിരിക്കണമെന്നുളളത് നിര്ബന്ധമായിരുന്നു. കൂടാതെ പുളിപ്പ് ഒട്ടും ഇല്ലാതെ ഉണ്ടാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കയും ചെയ്യണമായിരുന്നു. ഭോജനയാഗം അര്പ്പിക്കുന്നവന് കൊണ്ടുവരുന്ന ദോശകളും വടകളും കഷണം കഷണമായി നുറുക്കി അതിന്മേല് എണ്ണ ഒഴിക്കണമെന്നുളളതും യഹോവയ്ക്കു നിര്ബന്ധമുളള വിഷയം ആയിരുന്നു. ഭോജനയാഗമായ നമ്മുടെ കര്ത്താവിന്റെ ചരിത്രം പരിശോധിക്കുമ്പോള് യഹൂദജാതി അവനെ കൂടെക്കൂടെ നുറുക്കുകയായിരുന്നു എന്നത്രെ ചരിത്രം പറയുന്നത്. നേരിയമാവ് പോലെയുളള സ്വഭാവക്കാരനായ കര്ത്താവ് ബഥേസ്ദ കുളത്തിന്റെ കരയില് അവശനായി മുപ്പത്തി എട്ട് വര്ഷക്കാലം കിടന്ന രോഗിയെ കണ്ടപ്പോള് മനസ്സലിവ് തോന്നി അവനെ സൗഖ്യമാക്കുകയാണ് ചെയ്തത്. തന്റെ ശക്തിയുളള വചനത്താല് കര്ത്താവ് അവനെ സൗഖ്യമാക്കിയതില് സന്തോഷിക്കേണ്ട യഹൂദന്മാര് സ്വര്ഗ്ഗത്തില് നിന്നു ഇറങ്ങിവന്ന ആ അപ്പത്തെ നുറുക്കുകയായിരുന്നു (യോഹ. 5:1-16) എന്നു കാണാം.

അങ്ങനെ തന്നെ പരീശന്മാരില് ഒരുത്തനായ ശീമോന്റെ വീട്ടില് ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട കര്ത്താവിനെ ശീമോന് മാനിക്കേണ്ടതിനു പകരം ഉളളം കൊണ്ടു അവനെ നിന്ദിക്കയാണ് ചെയ്തത്. ശീമോന് യേശുവിനെ ഭക്ഷണത്തിനു ക്ഷണിച്ചത് അവന് ഒരു പ്രവാചകന് ആണെന്ന് കരുതിയായിരുന്നു. എന്നാല് പാപിയായ ഒരു സ്ത്രീ തന്റെ പാപത്തെക്കുറിച്ച് ഒര്ത്തു കണ്ണൂനീര്വാര്ത്തുകൊണ്ടു കര്ത്താവിന്റെ കാല്ക്കല് നില്ക്കയും കണ്ണുനീര്കൊണ്ടു നനഞ്ഞ കാല് തലമുടികൊണ്ടു തുടക്കയും കാല് ചുംബിക്കയും തൈലം പൂശുകയും ചെയ്യുന്നതു കണ്ട ശീമോന് “ഇവന് പ്രവാചകന് ആയിരുന്നു എങ്കില് തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുളളവള് എന്നും അറിയുമായിരുന്നു. അവള് പാപിയല്ലോ എന്നു ഉളളില് പറഞ്ഞു” (ലൂക്കോ. 7:39). നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശയായ (അപ്പമായ) ക്രിസ്തുവിന്റെ ജീവിതത്തില് ഉണ്ടായ ഒരു പ്രത്യേക സംഭവമാകുന്നു ഇത്. ക്രിസ്തുവിന്റെ ബഹുമാനാര്ത്ഥം നടത്തിയ ആ വിരുന്നില് ആതിഥേയനായ ശീമോന് കര്ത്താവിന്റെ മനസ്സിനെ നുറുക്കുകയായിരുന്നു. എന്നാല് മനുഷ്യരുടെ രഹസ്യങ്ങളെ അറിയുന്ന അവന്റെ ആത്മാവിന്റെ വ്യാപാരത്തില് ശീമോന്റെ ഉളളില് അങ്കുരിച്ച ചിന്ത കര്ത്താവിനു കാണുവാന് കഴിയുമായിരുന്നു. അവന് അത് വെളിപ്പെടുത്തുകയും ചെയ്തു. അങ്ങനെ കര്ത്താവിന്റെ വാക്കുകളെയും പ്രവൃത്തികളെയും നുറുക്കിയ എല്ലാ സ്ഥാനങ്ങളിലും പരിശുദ്ധാത്മാവ് വ്യാപരിച്ചുകൊണ്ടിരുന്നത് സൂക്ഷ്മപരിശോധന നടത്തുന്നവര്ക്ക് ദര്ശിക്കുവാന് പ്രയാസമുണ്ടാകുന്നതല്ല. കര്ത്താവിന്റെ ജീവിതത്തില് വേകാത്ത ഭാഗം ഇല്ല എന്നു പ്രദര്ശിപ്പിച്ചുകൊണ്ടും ദൈവവും അവന്റെ ജീവിതത്തെ നുറുക്കി കാണിക്കയായിരുന്നു (യെശ. 53:10).

എതിര്പ്പുകളുടെയും പരിഹാസത്തിന്റെയും വേദനകളുടെയും ഉരുളിയിലും ചട്ടിയിലും ചുട്ടെടുത്തതായിരുന്നു കര്ത്താവിന്റെ ജീവിതം. പരിശുദ്ധാത്മ നിറവുണ്ടായിരുന്ന ആ ജീവിതം പുളിപ്പില്ലാത്തത് അഥവാ കളങ്കരഹിതം ആയിരുന്നു. ആ ജീവിതത്തെ കഷണം കഷണമായി നുറുക്കിയതിലും ഉണ്ടായിരുന്നു ദൈവോദ്ദേശം. അതില് വേകാത്തതും പച്ചയായിരിക്കുന്നതുമായി വല്ലഭാഗവും ഉണ്ടോ എന്നു വെളിപ്പെടുത്തേണ്ടതും പരിശോധിച്ച് നോക്കേണ്ടതു ആവശ്യമായിരുന്നു. അടുത്തു വരുന്നവര്ക്ക് ആസ്വദിക്കുവാന് കഴിയുന്നതല്ലാതെ ആ ജീവിതത്തില് ഒഴിവാക്കേണ്ടതിന് ഒന്നും ഉണ്ടായിരുന്നില്ല. ലോകത്തില് ജനിച്ചു ജീവിച്ച മനുഷ്യരില് ക്രിസ്തുവിന്റെ ജീവിതം മാത്രമേ ആസ്വാദ്യയോഗ്യമായി ഇരിക്കുന്നുളളു. ശേഷം ഏത് മനുഷ്യനിലും വേകാതെ ഇരിക്കുന്നതും ആസ്വാദ്യജനകമല്ലാത്തതും ആയ അംശങ്ങള് ഉണ്ടായിരിക്കുമെന്നുളളതിനു സംശയമില്ല.

ആദ്യഫലങ്ങളുടെ ഭോജനയാഗം (ലേവ്യ. 2:14-16)

യാഗപീഠത്തില് അര്പ്പിച്ചിരുന്നതായി നാം ആദ്യം ചിന്തിച്ചത് പച്ചയായ നേരിയ മാവ് എടുത്ത് അതിന്മേല് എണ്ണ ഒഴിച്ച് കുന്തുരുക്കം ഇട്ട് അര്പ്പിച്ചതും രണ്ടാമതായി ചിന്തിച്ചത് അടുപ്പത്തുവെച്ച് ചുട്ടതായ ഭോജനയാഗം അര്പ്പിച്ചതുമാകുന്നു. മൂന്നാമതായി നമുക്ക് ചിന്തിക്കുവാനുളളത് ആദ്യഫലങ്ങളുടെ ഭോജനയാഗത്തെക്കുറിച്ച് കല്പിച്ചിരിക്കുന്നതാകുന്നു. തന്റെ വയലില്നിന്നു കൊയ്തെടുത്ത കതിര് ഭോജനയാഗമായി അര്പ്പിക്കണമെന്ന് ഒരാള് ആഗ്രഹിച്ചാല് ഏതാനും കതിരുകള് എടുത്ത് ചുടുകയും മണികള് ഉതിര്ക്കയും ചെയ്യണമെന്നായിരുന്നു കല്പന. അങ്ങനെ ഉതിര്ത്തുണ്ടാകുന്ന മണികളുടെമേല് എണ്ണയൊഴിച്ച് അതിന്മീതെ ഇട്ട കുന്തുരുക്കത്തോടുകൂടെ അതു ദഹനയാഗമായി യാഗപീഠത്തില് ദഹിപ്പിക്കണമെന്ന് കല്പ്പിച്ചിരുന്നു. ഭോജനയാഗം അര്പ്പിക്കുന്നവന് പുരോഹിതന്റെ അടുക്കല് താന് കൊണ്ടുചെല്ലുന്ന ഉതിര്ത്ത മണിയിലും ‘എണ്ണയിലും അല്പം എടുത്ത് കുന്തുരുക്കം മുഴുവനും പുരോഹിതന് നിവേദ്യമായി (സ്മരണക്കായി) യാഗപീഠത്തില് ദഹിപ്പിക്കണമായിരുന്നു.

ഭോജനയാഗമായി അര്പ്പിക്കുവാന് കതിരോടുകൂടെ ചുട്ടെടുത്തതും ഉതിര്ത്തതുമായ മണി ആരെയാകുന്നു പ്രതിരൂപികരിക്കുന്നത്? സ്വര്ഗ്ഗത്തില് നിന്നു വന്ന ഗോതമ്പുമണിയായ ക്രിസ്തുവിനെ തന്നെ. അവന് എല്ലാറ്റിനും ആദ്യഫലം ആകുന്നു. ദൈവം മണ്ണുകൊണ്ടുണ്ടാക്കി മൂക്കില് ജീവശ്വാസം ഊതി ജീവനുളള ദേഹിയാക്കി തീര്ത്ത ആദ്യമനുഷ്യനായ ആദാമിനെപ്പറ്റി നാം തിരുവചനത്തില് വായിക്കുന്നുണ്ടല്ലോ. പാപിയായ ആദാമിന്റെ താഴ്വഴിയില് ജനിച്ച മനുഷ്യവര്ഗ്ഗം പാപികളും ദൈവതേജസ്സില്ലാത്തവരും ശിക്ഷാര്ഹരുമായി തീര്ന്നുപോയി. അവനെ നാമകരണം ചെയ്തിരിക്കുന്നത് ഒന്നാം ആദാം (മനുഷ്യന്) എന്നാകുന്നു (1 കൊരി. 15:45). ഒന്നാം മനുഷ്യനായ ആദാം ജീവനുളള ദേഹിയായിത്തീര്ന്നു എന്നു നാം കാണുന്നു. ഒടുക്കത്തെ ആദാമായ ക്രിസ്തു ആകുന്നു മനുഷ്യവര്ഗ്ഗത്തിന്റെ സാക്ഷാല് ആദ്യഫലം. അവന് ജീവിപ്പിക്കുന്ന ആത്മാവാകുന്നുതാനും. “ഏകന്റെ ലംഘനത്താല് മരണം ആ ഏകന് നിമിത്തം വാണു എങ്കില് കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധി ലഭിക്കുന്നവര് യേശുക്രിസ്തു എന്ന ഏകന് നിമിത്തം ഏറ്റവും അധികമായി ജീവനില് വാഴും” (റോമ. 5:17) എന്നാകുന്നു എഴുതിയിരിക്കുന്നത്. സ്വര്ഗത്തില്നിന്ന് ഇറങ്ങിവന്ന് മനുഷ്യനായിത്തീര്ന്നവന് എന്നുളള മുറയ്ക്കും പാപങ്ങള്ക്കു പരിഹാരം വരുത്തുകയും മരിച്ചവരുടെ ഇടയില്നിന്ന് ആദ്യഫലമായി ഉയിര്ത്തവന് എന്നുളള അവസ്ഥയ്ക്കും മനുഷ്യവര്ഗ്ഗത്തിന്റെ യഥാര്ത്ഥ ആദ്യഫലം ക്രിസ്തുവല്ലാതെ വേറെ ആരും ആയിരിക്കുന്നില്ല (1 കൊരി. 15:20:23).

സര്വ്വസൃഷ്ടിക്കും മുമ്പേ ഉണ്ടായിരുന്നവര് ജഡം എടുത്ത് ലോകത്തില് വരികയും താന് ജീവിക്കുന്ന കാലത്തുണ്ടായിരുന്ന മനുഷ്യരാല് നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായിത്തീരുകയും ചെയ്തവന് ആകുന്നു ഭോജനയാഗമായിത്തീര്ന്ന ക്രിസ്തു. ദൈവത്തിന്റെ പരിശുദ്ധാത്മാവായ എണ്ണയാല് അഭിഷേകം ചെയ്തതും നിറഞ്ഞതുമായ ആ ജീവിതമായിരുന്നു ദൈവത്തിന് പ്രസാദമായിരുന്നത്. സകല സുഭിക്ഷതയോടും കൂടെ ഏദനില് ജീവിച്ചിരുന്ന ആദാമിനു സാമാന്യമായ ഒരു പരീക്ഷയെ നേരിടുവാന് കഴിയാതെ പരാജിതനായിപ്പോയത് നാം അറിയുന്ന വസ്തുതയാണല്ലോ. എന്നാല് പാപികളെക്കൊണ്ടു നിറഞ്ഞ ലോകത്തില് സകല പ്രതികൂലങ്ങളാലും വലയം ചെയ്യപ്പെട്ടിരിക്കെ തനിക്ക് എതിരെ അടിച്ചുകയറിയ എല്ലാ പരീക്ഷകളുടെയും പ്രതികൂലങ്ങളുടെയും തിരമാലകളെ തരണം ചെയ്ത ഭോജനയാഗമാകുന്നു ക്രിസ്തുജീവിതം… അവനെപ്പറ്റി അപ്പോസ്തലന് എഴുതിയിരിക്കുന്നത്. “പുത്രന് എങ്കിലും താന് അനുഭവിച്ച കഷ്ടങ്ങളാല് അനുസരണം പഠിച്ച് തികഞ്ഞവനായി തന്നെ അനുസരിക്കുന്നവര്ക്കു നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്ന്നു” (എബ്രാ. 5:8) എന്നാകുന്നു. അങ്ങനെ യേശുക്രിസ്തു എന്ന ഗോതമ്പുമണിയെ പ്രതികൂലങ്ങളുടെ അഗ്നിയില് ഇട്ട് ചുട്ടെടുത്തതും തന്റെ വിജയത്തിന് ദൈവജനം സാക്ഷികളായിരിക്കുന്നതും രേഖപ്പെടുത്തപ്പെട്ട സംഗതികളത്രെ.

ആദ്യഫലത്തിന്റെ മണികള് ഭോജനയാഗമായി അര്പ്പിക്കപ്പെടുമ്പോള് കരുതിക്കൊള്ളേണ്ട സംഗതികളില് ഒന്ന് പുരോഹിതന് അവയില് കുറേശ്ശേ എടുത്ത് നിവേദ്യമായി ദഹിപ്പിക്കണമെന്നുളളതും (ലേവ്യ. 2:16). രണ്ടാമത്തേത് യാഗപീഠത്തില് ദഹിപ്പിച്ചതിന്റെ ശേഷിപ്പ് പുരോഹിതന്മാരുടെ അവകാശമായി ഇരിക്കണമെന്നുളളതും (ലേവ്യ. 2:3,10) ആയിരുന്നു. ഒരു യിസ്രയേല്ക്കാരന് ഭോജനയാഗമായി അര്പ്പിക്കുവാന് യാഗപീഠത്തിന്നരികെ കൊണ്ടുവരുന്നത് നേരിയ മാവാകട്ടെ ചട്ടിയിലോ ഉരുളിയിലോ ചുട്ടെടുത്ത ദോശകളോ വടകളോ ആകട്ടെ, ആദ്യഫലത്തിന്റെ കതിര് ചുട്ടെടുത്ത മണികളാകട്ടെ, അവയില് ആദ്യ അംശം യഹോവയായ ദൈവത്തിനുളള അവകാശമായി യാഗപീഠത്തില് ദഹിപ്പിക്കണമെന്നായിരുന്നു കല്പന. നമ്മുടെ രക്ഷിതാവിന്റെ അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന്റെ ആദ്യ അവകാശി പിതാവായ ദൈവം ആകുന്നു. കര്ത്താവിന്റെ പന്ത്രണ്ടാമത്ത വയസ്സില് പെരുന്നാളില് സംബന്ധിക്കുവാന് മാതാപിതാക്കളോടുകൂടെ ദേവാലയത്തില് ചെന്ന യേശുവിനെ അന്വേഷിച്ച് അവര് തന്റെ അടുക്കല് എത്തിയപ്പോള് അവരോട് അവന് ചോദിച്ചത് “എന്റെ പിതാവിനുളളതില് ഞാന് ഇരിക്കേണ്ടത് എന്ന് നിങ്ങള് അറിയുന്നില്ലയോ” (ലൂക്കോ. 2:49) എന്നായിരുന്നു. പിതാവിനുളളതില് ഇരിക്കുകയെന്നുളളത് കര്ത്താവിന്റെ ഒന്നാമത്തെ ആവശ്യമായിരുന്നു എന്നു വ്യക്തം.

“ദൈവമേ നിന്റെ ഇഷ്ടം ചെയ്യുവാന് ഞാന് വരുന്നു” എന്നരുളി ചെയ്തുകൊണ്ട് ലോകത്തിലേക്കു വന്ന കര്ത്താവ് യഹൂദന്മാരോട് “ഞാന് എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രെ ചെയ്വാന് ഇച്ഛിക്കുന്നത്” (യോഹ. 5:30) എന്നുപ്രസ്താവിച്ചിരിക്കുന്നതു കാണാം. വീണ്ടും താന് പറഞ്ഞത് “ഞാന് എന്റെ ഇഷ്ടവുമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രെ ചെയ്യുവാന് സ്വര്ഗ്ഗത്തില്നിന്നും ഇറങ്ങിവന്നിരിക്കുന്നത്” (യോഹ. 6:38) എന്നും “എന്നെ അയച്ചവന് എന്നോടുകൂടെയുണ്ട്; ഞാന് എല്ലായ്പ്പോഴും അവന് പ്രസാദമുളളത് ചെയ്യുന്നതുകൊണ്ട് അവന് എന്നെ ഏകനായി വിട്ടിട്ടില്ല” (യോഹ. 8:29) എന്നുമാകുന്നു. പിതാവിനെ പ്രസാദിപ്പിക്കുക എന്നുളള ഏക ചിന്തയോടുകൂടെ ജീവിച്ച യേശുക്രിസ്തുവിന്റെ ജീവിതം ആദിയോടന്തം ദൈവം ആസ്വദിക്കുന്ന ഭോജനയാഗം ആയിരുന്നു എന്നാണ് തെളിയുന്നത്. അത്രയുമല്ല ഭോജനയാഗത്തിനായികൊണ്ടുവരുന്ന വഴിപാടിന്റെ ആദ്യഭാഗം യഹോവയുടെ യാഗപീഠത്തില് അര്പ്പിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിരുന്നു താനും. അനാദ്യമായ ദൈവത്തിന് നാം നല്കുന്നതൊക്കെയും ഒന്നാമതായി നല്കണമെന്നാകുന്നു ദൈവകല്പന. തിരുവെഴുത്തു തുടങ്ങുന്നത് “ആദിയില് ദൈവം എന്നു പറഞ്ഞുകൊണ്ടാണല്ലോ. നാം ആലോചിച്ചുകൊണ്ടിരിക്കുന്നത് യേശുക്രിസ്തുവിന്റെ ജീവിതം എന്ന ഭോജനയാഗത്തെക്കുറിച്ചാകുന്നു. തന്നത്താന് ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അര്പ്പിക്കപ്പെടുകയായിരുന്നു ക്രിസ്തു എന്നുളളത് ക്രിസ്തുജീവിതത്തിലെ വിസ്മരിക്കുവാന് ആവാത്ത സംഗതിയാകുന്നു.

യാഗപീഠത്തില് അര്പ്പിക്കേണ്ടിയിരിക്കുന്ന ഭോജനയാഗത്തിന്റെ ശേഷിച്ച അംശത്തെക്കുറിച്ച് കല്പ്പിച്ചിരിക്കുന്നത് അത് അഹരോനും പുത്രന്മാര്ക്കും ഇരിക്കേണം (ലേവ്യ. 2:3,10) എന്നാകുന്നു. ദൈവാസ്വാദ്യയോഗ്യനായിരുന്ന നമ്മുടെ രക്ഷിതാവിന്റെ പരിശുദ്ധ ജീവിതം തന്റെ പുരോഹിതന്മാര് രാവും പകലും ധ്യാനിക്കേണ്ടതും അനുകരിക്കേണ്ടതും ആകുന്നു. ശൂലമി കൊട്ടാരത്തില് അടയ്ക്കപ്പെട്ടിരുന്നപ്പോഴും അവള് തന്റെ പ്രിയനെ ഓര്ത്തുകൊണ്ടിരിക്കയായിരുന്നല്ലോ. അവള് സുഷുപ്തിയില് ആയിരുന്നപ്പോഴും പ്രിയനെ ധ്യാനിച്ചു ഹൃദയം കൊണ്ടു അവനുമായി സല്ലപിക്കുകയാണ് ചെയ്തത് (ഉ.ഗീ. 3:1-4). താന് സ്നേഹിക്കുന്ന ഇടയനോട് തന്നെ ചുറ്റിയിരുന്ന യരുശലേം പുത്രിമാര്ക്ക് യാതൊരു സ്നേഹവും ഉണ്ടായിരുന്നില്ലെങ്കിലും അവരോടെല്ലാം അവള് സംസാരിച്ചുകൊണ്ടിരുന്നത് അവനെക്കുറിച്ചായിരുന്നു. അങ്ങനെ സംസാരിക്കുവാന് ഇടയായത് അവളുടെ അവകാശം അവന് ആയിരുന്നതുകൊണ്ടായിരുന്നു. ചുങ്കക്കാരെയും പാപികളെയും സ്നേഹിച്ചു അവരോടൊന്നിച്ചു ഭക്ഷിക്കുന്നവനായിരുന്നു നമ്മുടെ കര്ത്താവ്. അവനില് നിറഞ്ഞുനിന്നിരുന്ന സ്നേഹത്തെ അളക്കുവാന് യാതൊരു മനുഷ്യനും കഴിയുന്നതല്ല. പട്ടണത്തിലെ പാപിയായ സ്ത്രീയോടും, പാപത്തില് പിടിച്ച ദുര്ന്നടപ്പുകാരത്തിയോടും, നയിന് പട്ടണത്തിലെ വിധവയോടും അവന് കാണിച്ച ദയാവായ്പ് അവര്ണ്ണനീയമായിട്ടുളളതാകുന്നു. തന്റെ ശിഷ്യന്മാര്ക്കുവേണ്ടി എന്നവണ്ണം ശത്രുക്കള്വേണ്ടിയും പ്രാര്ത്ഥിക്കുന്നവരായിരുന്നു നമ്മുടെ രക്ഷിതാവ്. ദൈവശുശ്രൂഷയ്ക്കായി വിളിച്ചിരുന്ന പുരോഹിതനെ, നിന്റെ അവകാശത്തിലേക്കു ദൈവം തന്നിരിക്കുന്ന പുത്രന്റെ പരിശുദ്ധവും അനുകരണയോഗ്യവുമായി ജീവിതത്തെ പിന്പറ്റുവാന് നീ ആഗ്രഹിക്കുന്നുണ്ടോ? അവന്റെ കാല്ച്ചുവട് പിന്തുടരുവാന് ഒരു മാതൃക വെച്ചേച്ചു പോയവനെ (1 പത്രോ. 2:21) നിരന്തരം ധ്യാനിച്ച് അനുഗമിക്കുവാന് നിനക്കു കഴിയുന്നില്ലെങ്കില് അവനെപ്പറ്റി അവിശ്വാസികളോടു സംസാരിക്കുവാന് നിനക്ക് കഴിയുന്നതല്ല. തന്റെ ഇടയനെ നിരന്തരം ധ്യാനിച്ചുകൊണ്ടിരുന്നതിനാല് ശൂലുമിക്കു യരുശലേം പുത്രിമാരോടു അവന്റെ സൗന്ദര്യത്തെക്കുറിച്ച് മനോഹരമായ ഭാഷയില് സംസാരിക്കുവാന് കഴിഞ്ഞിരുന്നു. പഴയ പുതിയനിയമങ്ങളില് മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ക്രിസ്തു നിന്റെ അവകാശമാണെന്നു വിശ്വസിക്കയും അവനെ ധ്യാനിക്കയും ചെയ്തു യാത്രതുടര്ന്നാല് ഭാഗ്യം.

ഭോജനയാഗത്തോടു ബന്ധപ്പെട്ട ഏതാനും സംഗതികള് ലേവ്യാപ്പുസ്തകം രണ്ടാം അദ്ധ്യായത്തില് ചൂണ്ടിക്കാണിച്ചതുപോലെ പ്രസ്തുത പുസ്തകം ആറാം അദ്ധ്യായത്തില് തങ്ങളുടെ അവകാശം തിന്നേണ്ടതു എവിടെവച്ചാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഭോജനയാഗത്തെ സംബന്ധിച്ചിടത്തോളം യാഗപീഠത്തില് അര്പ്പിച്ചതിന്റെ ശേഷിപ്പ് “അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തു വെച്ച് പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനകൂടാരത്തിന്റെ പ്രാകാരത്തില് വെച്ചു അത് തിന്നേണം” (ലേവ്യ. 6:16) എന്നാണ് കല്പിച്ചിരുന്നത്. ഭോജനയാഗം എന്നുളള പദത്തിന്റെ അര്ത്ഥത്തില് അത് യഹോവയുടെ ഭക്ഷണമായിരുന്നു. യഹോവയുടെ ഭക്ഷണമായി ഹോമയാഗപീഠത്തില് അര്പ്പിച്ചിരുന്നതിന്റെ ശേഷിപ്പ് സമാഗമനകൂടാരത്തിന്റെ പ്രാകാരത്തില് യാഗപീഠത്തിനരികെ വെച്ചു യഹോവയുടെ പുരോഹിതന്മാര് എല്ലാവരും തിന്നു തൃപ്താരാകണമെന്നായിരുന്നു ദൈവകല്പന. അതു തിന്നേണ്ടിയിരുന്നതു ഒരു വിശുദ്ധസ്ഥലത്തുവെച്ചായിരിക്കേണം താനും. വിശുദ്ധമായ അനുഭവത്തോടുകൂടെ പുരോഹിതന്മാര് തിന്നേണ്ടിയിരുന്ന ഭോജനയാഗം അങ്ങനെയല്ലാതെ അനുഭവത്തോടുകൂടെ തിന്നുന്നതാകയാല് ഒരു പ്രയോജനവും ഉണ്ടാകുന്നതല്ല മറിച്ച് അത് ശിക്ഷാര്ഹമായിരിക്കയും ചെയ്യും (1 കൊരി. 11:27-33). നമ്മുടെ രക്ഷിതാവ് നയിച്ച മാതൃകായോഗ്യവും വിശുദ്ധവുമായ ജീവിതത്തെ ധ്യാനിക്കയും ആസ്വദിക്കയും ചെയ്യുന്നതിന് വിശുദ്ധജീവിതം ഒഴിച്ചുകൂടാത്തതാകുന്നു(1 പത്രോ. 2:1,2). യേശുക്രിസ്തുവില് വിശ്വസിച്ചിരുന്ന കൊലോസ്യവിശ്വാസികള്ക്ക് അപ്പോസ്തലന് എഴുതിയപ്പോള് ദൈവത്തിന്റെ ഭോജനമായ ക്രിസ്തു അവരില് ഇരിക്കുന്നു എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് “ആ മര്മ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില് ഇരിക്കുന്നു എന്നുളളതുതന്നെ” (കൊലോ. 1:27) എന്നു ലേഖനം ചെയ്തിരിക്കുന്നതു കാണാം. മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില് ഇരിക്കുന്നു എന്നു നാം മലയാളത്തില് വായിക്കുന്ന വാക്യത്തില് പുതിയ ഇംഗ്ലീഷ് പരിഭാഷയാല് which is Christ in you, the hope of glory. ആ മര്മ്മം മഹത്വത്തിന്റെ പ്രത്യാശയായി വരുവാനുളള ക്രിസ്തു നിങ്ങളില് ഇരിക്കുന്നു എന്നുളളതുതന്നെ എന്നാകുന്നു.

ഒരിക്കല് ഭോജനയാഗമായി ലോകത്തില് ജീവിക്കയും മരിച്ച് ഉയിര്ത്തെഴുന്നേല്ക്കയും മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്യുന്ന ക്രിസ്തുവിനെ ധ്യാനിക്കുന്ന വിശുദ്ധന്മാര് ഇപ്പോള് വസ്ക്കുന്നത് ഈ ദുഷ്ട ലോകത്തില് ആകുന്നു എന്നുളളത് മറക്കുവാന് കഴിയുന്നതല്ല. മാര്മ്മിക അവസ്ഥയില് ഇപ്പോള് വിശുദ്ധന്മാരില് ഇരിക്കുന്ന ക്രിസ്തുവിനെ ധ്യാനിക്കയും അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന് അനുഗ്രഹിക്കയും ചെയ്യുന്ന തന്റെ ജനത്തെ തന്റെ അടുക്കല് ചേര്ക്കുവാന് ആഗ്രഹിക്കുന്നവനാകുന്നു കര്ത്താവ്. അവന് കാഹള ധ്വനിയോടുകൂടെ ആകാശമണ്ഡലത്തില് എത്തുമ്പോള് നാം അവനോടുകൂടെ ചേര്ക്കപ്പെടുകയും പിരിയാതെ എന്നും അവനോടു ഇരിക്കയും ചെയ്യും. ഇന്നു ഹൃദയം കൊണ്ടു കാണുന്നവനെ അന്നു ഈ കണ്ണുകളാല് കണ്ടുകൊണ്ടേ ഇരിക്കും എന്നു വിശ്വസിക്കുന്നവരായിരുന്നു അപ്പോസ്തലന്മാര്.


MGM Ministries-Article Source:trumpetmagazine.com/read.aspx?lang=2&id=5&mid=123 – (In 2011-20014)

(138)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close