Home Articles Malayalam Articles ഇവിടെ നമ്മുക്കു നിൽക്കുന്ന നഗരമില്ലല്ലോ
0

ഇവിടെ നമ്മുക്കു നിൽക്കുന്ന നഗരമില്ലല്ലോ

227
0


സുവി. പി.ഐ. ഏബ്രഹാം

പ്രഗത്ഭനും ദൈവകൃപയുടെ നിറകുടവുമായിരുന്ന പൗലൊസ്ശ്ലീഹാ എബ്രായലേഖനത്തിൽ കുറിച്ച ഒരു വാക്യമാണു തലവാചകം. ലോകത്തിൽ വിവിധ വിഷയങ്ങളിൽ അറിവു പകര്ന്ന പല ഗുരുക്കന്മാർ ഉണ്ടായിട്ടുണ്ട്, ഇന്നുമുണ്ട്. ഗ്രീസിൽ രാഷ്ട്രീയം, ജന്തുശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പാണ്ഡിത്യം തെളിയിച്ച പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയ വിജ്ഞന്മാരെ ഓര്ക്കുന്നു. സോക്രട്ടീസ് ആ നിരയിൽ നിസ്തുലനാണ്. അദ്ദേഹം മുഖ്യമായി പഠിപ്പിച്ചതു ദൈവത്തെക്കുറിച്ചാണ്. ദൈവത്തെ മാറ്റിവെച്ചിട്ട് സൃഷ്ടികളെക്കുറിച്ചു പഠിക്കയും പഠിപ്പിക്കുകയും ചെയ്യുന്നത് അര്ധസത്യവും അപകടകരവുമാണ്. വായു, വെള്ളം, വെളിച്ചം എന്നീ വിഷയങ്ങളെ മാറ്റിവെച്ചിട്ട് ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലെ അബദ്ധം മറ്റൊന്നുമില്ല. ഇപ്പോൾ ചന്ദ്രനിലെ പരീക്ഷണങ്ങൾ ഏകദേശം തീര്ത്തു എന്ന ഭാവത്തിൽ ചൊവ്വായിലേക്കു കടന്നിരിക്കുകയാണ്. ആടു തീറ്റിതിന്നുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ? ഒന്നും പൂര്ണമായി ഭക്ഷിക്കാതെ കാണുന്നതിന്റെയെല്ലാം നാമ്പുകടിച്ചുപോകുന്ന രീതിയാണ് അതിന്റേത്. ദൈവത്തെ വിട്ട മനുഷ്യൻ ആഴത്തിൽ യാഥാര്ഥ്യങ്ങളെ അഭിമുഖീകരിക്കാതെ തൊട്ട സകലവിഷയങ്ങളിലും കൈവയ്ക്കുകയും ഒന്നും പൂര്ത്തീകരിക്കാൻ കഴിവില്ലാതെ അന്ധാളിക്കുകയും ചെയ്യുകയാണ്. ഇതു കഷ്ടതരമായ ഒരു അവസ്ഥയാണ്.

ഈ സമയം ഏതുനിലയിലും ലോകം ഒരു അപകടമേഖലയിൽ നില്ക്കുന്നു എന്നു പറയാം. ഒരിടത്തും സ്വസ്ഥതയില്ല, മതചടങ്ങുകൾ വര്ധിക്കുന്നു, രാഷ്ട്രീയപ്പാര്ട്ടികൾ അമിട്ടുപൊട്ടുന്നതുപോലെ പൊട്ടി കഷണങ്ങളായി മാറുന്നു, അതിഭയങ്കരമായ ആയുധങ്ങൾ കൂട്ടിച്ചേര്ത്ത് അപരന്റെ തലയറുക്കാൻ അവസരം കാത്തുനടക്കുന്നു. എവിടെയുണ്ട് സ്വസ്ഥത? എങ്ങുമില്ല.

തെറ്റുചെയ്ത ആദ്യമനുഷ്യനെ ദൈവം വിളിച്ചു ചോദിച്ചു, അവൻ തെറ്റു സമ്മതിക്കുന്നതിനു പകരം അതിന്റെ അപരാധം തന്റെ ഭാര്യയുടെമേൽ ചുമത്തി. അവളാകട്ടെ അതു സാത്താന്റെമേൽ കെട്ടിവെച്ചു. ചുരുക്കത്തിൽ തെറ്റുസമ്മതിക്കാത്ത ഒരു തലമുറ. പറുദീസ നഷ്ടമാക്കി ശാപഭൂമിയിലേക്കു നീങ്ങി. ഇന്നും ആ ശാപത്തിന്റെ ഭാണ്ഡക്കെട്ടുംപേറി ഞാനും നിങ്ങളും അലഞ്ഞുനടക്കുകയാണ്. പ്രപഞ്ചം ആകെത്തകര്ച്ചയിലാണെന്നു ചിന്തയുള്ളവരെല്ലാം സമ്മതിക്കുന്നു. എന്നാൽ, അതിനുള്ള പോംവഴി കെത്താനും അതു പ്രായോഗികമാക്കാനും മനസ്സുള്ളവരെ കണികാണാനില്ല. ന്യായപ്രമാണത്തെ മുഴുവൻ കുറ്റംവിധിച്ചുകൊണ്ട് ദൈവത്തിന്റെ ശബ്ദമായി സ്നാപകയോഹന്നാൻ മരുഭൂമിയെ നടുക്കി. ഏതു തുറയിലുള്ളവരോടും തനിക്ക് ഒന്നേ പറയാനുള്ളൂ നിങ്ങൾ പശ്ചാത്തപിച്ച് ദൈവത്തിങ്കലേക്കു മടങ്ങിവരണം. പക്ഷെ, ആ നല്ല മനുഷ്യനെ പാപികൾ കഴുത്തറുത്തുകൊന്നു. ആരോ പറഞ്ഞതുപോലെ, ലോകരക്ഷകനെ ക്രൂശിച്ചു, സോക്രട്ടീസിനെ വിഷംകുടിപ്പിച്ചു, ഏബ്രഹാം ലിങ്കനെ വെടിവെച്ചുകൊന്നു. എന്തിനു ഞാൻ നീട്ടുന്നു? നന്മപറഞ്ഞവരെയെല്ലാം നശിപ്പിക്കുന്ന പാരമ്പര്യമാണു നമ്മുടേത്. സൊദോമിനെ ആകുമെങ്കിൽ രക്ഷിക്കാൻ ചെന്ന ദൂതന്മാരെ വീടുവളഞ്ഞു പിടിക്കാനാണ് അവിടുത്തെ മഹാപാപികൾ ശ്രമിച്ചത്. അതുകൊണ്ട് എന്തുണ്ടായി ? മണിക്കൂറിനുള്ളിൽ ആ പട്ടണം ഒരു ചാവുകടലായി മാറി. കൂട്ടത്തിൽ പറയട്ടെ, സമാധാനത്തിന്റെ സുവിശേഷം കഴിവുപോലെ പാവപ്പെട്ട ഞാനും എന്റെ സഹോദരന്മാരുമൊക്കെ അവിടവിടെയായി വാമൊഴിയായും വരമൊഴിയായും ഒക്കെ അറിയിക്കുന്നുണ്ട്. പരമശത്രുക്കളെ കാണുന്നതുപോലെയാണു ഞങ്ങളെ പലരും വീക്ഷിക്കുന്നത്. അതേസമയം, മദ്യരാജാക്കന്മാരെയും കൊലപാതകികളെയുമൊക്കെ ഹാരാര്പ്പണം ചെയ്യാൻ അവസരം നോക്കി ഇന്നത്തെ ജനം നടക്കുകയാണ്. ഇല്ല, ഈ കളി അധികനാൾ നീളുകയില്ല.

ഇന്ത്യയിൽ സമാധാനം പറയുമ്പോള്ത്തന്നെ ഗ്രഹാം സ്റ്റെയിന്സിനെ കുടുംബമായി ചുട്ടുകളഞ്ഞ മതഭ്രാന്തന്മാർ അവസരം നോക്കി ഇപ്പോഴും തലപൊക്കുന്നുണ്ട്.. മധ്യപൂര്വദേശങ്ങളിൽ ക്രൈസ്തവരുടെ നാമംപോലും ഇല്ലാതാക്കിക്കൊണ്ടു പൈശാചികശക്തികൾ അഴിഞ്ഞാടുകയാണ്. ഇവർ വിഭാവന ചെയ്യുന്ന മതം ആര്ക്ക് എന്തിനുവേ-ണ്ടി ..? ഇവർ ഉദ്ദേശിക്കുന്ന രാഷ്ട്രം എങ്ങനെയുള്ളത്, അതിന്റെ നീതിയെന്ത് എന്നൊക്കെ ഞാൻ ചിന്തിച്ചുപോകയാണ്.

എല്ലാ നിലയിലും തകര്ന്ന് കുട്ടിച്ചോറായി ലോകംകിടക്കുമ്പോൾ ടൂര്ണമെന്റുകളും വേള്ഡ്കപ്പിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളും, കിട്ടാതെവരുമ്പോഴുള്ള കൂട്ടക്കരച്ചിലും ആശ്വസിപ്പിക്കലുകളും ഒക്കെക്കാണുമ്പോൾ ഒരു ഭ്രാന്താലയത്തിലാണോ ഞാൻ വന്നിരിക്കുന്നത് എന്നു ചിന്തിച്ചുപോകാറു-ണ്ട്. പേരുപറയുന്നതിൽ ദുഃഖമുണ്ടെങ്കിലും കുമാരനാശാന്റെ വീണപൂവുപോലെ ‘ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേനീ’ എന്നപോലെ നാടുവാഴാൻ കിട്ടിയ സമയംകൊണ്ട് നാടുമുഴുവൻ പോക്കറ്റിലാക്കി ആയിരക്കണക്കിനു സാരികളും നൂറുകണക്കിനു ചെരുപ്പുകളും പിന്നെ നമുക്കറിഞ്ഞുകൂടാത്ത രഹസ്യനിക്ഷേപങ്ങളും ഒക്കെ തന്പാട്ടിലാക്കിയ വ്യക്തി ഇപ്പോൾ കണ്ണീരൊഴുക്കിക്കൊണ്ടു കറിക്കുവെട്ടുകയാണ്. ഞാൻ സന്തോഷിക്കുന്നില്ല. ഇതൊരു ഒറ്റപ്പെട്ട കാര്യമായി ചിന്തിക്കുന്നില്ല. മനുഷ്യൻ എത്ര വിലസിയാലും ദൈവത്തിന്റെ നീതിപീഠത്തിൽ ഒരിക്കൽ അവൻ പിടിപെടുമെന്നും ഒടുവിൽ പരിഹാരമില്ലാതെ പ്രലപിക്കേണ്ടിവരുമെന്നും മനസിലാക്കാൻ ഒരു ദൃഷ്ടാന്തം കൂടെ ചൂണ്ടിക്കാട്ടി എന്നേയുള്ളൂ. നമ്മിൽ പലരെയുംപോലെ ഒരു ദൈവഹൃദയം എനിക്കു ലഭിച്ചതുകൊണ്ട് ആരും നശിച്ചുപോകരുതെന്നാണ് എന്റെ ആഗ്രഹവും പ്രാര്ഥനയും. തലമുറയെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ പക്ഷത്ത് തനിച്ചുനിന്ന് മോശെയെപ്പോലെ ജനത്തെ നേരിടുന്നവനായിരിക്കണം. ഈ യാത്രയിൽ നിരവധി അഹരോന്മാരും മിര്യാംമാരും ഒക്കെ ഉണ്ടായെന്നുവരും. അവരൊക്കെ അവസരംപോലെ പ്രെയ്സ് ആന്ഡ് വര്ഷിപ്പും പ്രോസ്പരിറ്റി പ്രഭാഷണവും ഒക്കെ നടത്തിയെന്നും വരാം. എന്നാൽ, ശത്രു പിന്പിൽ വന്നു പിടിക്കാൻ നോക്കുമ്പോൾ മോശെയ്ക്കു മാത്രമേ ഒരു വഴിയൊരുക്കി ജനത്തെ സഹായിപ്പാൻ കഴിയുകയുള്ളൂ. മിര്യാമിനു പാട്ടുപാടാൻ കഴിഞ്ഞേക്കാം. രെഫീദിമിൽ വെള്ളംകിട്ടാതെവരുമ്പോൾ ജനം ബഹളംകൂട്ടും. അഹരോനും മിര്യാമും ഒക്കെ മൗനംപാലിച്ചെന്നു വരും. എന്നാൽ, പൊട്ടാത്ത പാറയെ ദൈവത്തിന്റെ വടിയുമായി അഭിമുഖീകരിക്കാൻ അഭിഷിക്തനായ മോശെ വേണം. എവിടെയും നോക്കൂ, മോശെ നിറഞ്ഞുനില്ക്കുകയാണ്. സീനായിയുടെ അടിവാരത്ത് ഒരിക്കൽ രക്ഷിക്കപ്പെട്ട ജനം കാളക്കുട്ടിയെ ചുമലിലേന്തി ഹാലേലുയ്യാ പാടുകയാണ്. അഹരോൻ കൂട്ടുനിന്നു, എന്നാൽ, മോശെ ഗര്ജിച്ചു. ”ദൈവമേ, അഹരോൻമാർ ഒന്നു വിശ്രമിക്കാനും മോശെമാർ ഒന്ന് എഴുന്നേല്ക്കാനും സഹായിക്കണമേ” എന്നു ഞാൻ ഉള്ളിൽ പ്രാര്ഥിക്കാറുണ്ട്.

എങ്ങനെ നോക്കിയാലും നാം ഒരു പോര്ക്കളത്തില്ത്തന്നെയാണ്. നിലനില്പിനുവേണ്ടി തന്നെ പോർചെയ്യേണ്ടിവരുന്നു. വിശ്വാസത്തിനുവേണ്ടി പോര്ചെയ്തേ തീരൂ. യുദ്ധംകൂടാതെ ഒരിഞ്ചു നീങ്ങാൻ നമുക്കു സാധ്യമല്ല. പാട്ടുകാരൻ പാടിയതുപോലെ ‘നില്ക്കും നഗരം ഇല്ലിവിടെ പോര്ക്കളത്തിലത്രേ നാം’ എന്ന സത്യം ഉറക്കെ ചിന്തിക്കേണ്ടിവരുന്നു. ഞാൻ നിരാശനല്ല; വേദപുസ്തകം എന്നെ പഠിപ്പിച്ച സത്യം ഞാൻ പറയുന്നെന്നേയുള്ളൂ. ഈ ജീര്ണിച്ച ലോകത്തെ നന്നാക്കിയെടുക്കാൻ മതവും രാഷ്ട്രവും ശാസ്ത്രവും എല്ലാംകൂടെ കൂട്ടി സാത്താന്റെ പിന്ബലത്തോടുകൂടെ പഠിച്ചപണി പതിനെട്ടും പയറ്റിയാലും നന്നാകാന്പോകുന്നില്ല എന്നതാണ് എന്റെ പ്രവചനം. കാരണം, ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരം ഇല്ലെന്ന സത്യം ബൈബിളാണ് എനിക്ക് അറിവു തന്നത്. മുങ്ങുന്ന കപ്പലിനു പെയിന്റടിക്കാൻ ശ്രമിക്കരുതെന്നു ഞാൻ പല ലേഖനങ്ങളിലും എഴുതിയിട്ടുണ്ട്. ഗോളാന്തരയാത്രകൾ ചെയ്യുന്നതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകയില്ല. അതേസമയം, വേദപുസ്തകസത്യങ്ങളിലേക്കു തിരിഞ്ഞാൽ ഈ ലോകത്തെ പരദേശമെന്നെണ്ണി, ഇവിടുത്തെ വാസം താല്ക്കാലികമെന്നു ഗ്രഹിച്ച് ലഭിച്ച ആയുസ്സ് കിട്ടിയ സുവര്ണാവസരം എന്നു മനസിലാക്കി നിലനിൽ-ക്കുന്ന സത്യങ്ങള്ക്കുവേണ്ടി നാം നീങ്ങിയാൽ നിരാശപ്പെടേ-ണ്ടിവരികയില്ല.

പ്രിയ വായനക്കാരോടു ചോദിക്കട്ടെ, നിങ്ങൾ ബൈബിളിന്റെ ഭാവികാലശാസ്ത്രം മനസിലാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഞാൻ നാലുവാക്കുകളിൽ അതു ചുരുക്കിപ്പറയാം. താമസംവിനാ ദൈവപുത്രൻ തന്റെ വിശുദ്ധന്മാരെ ഇവിടെനിന്നു മാറ്റും. അതുകഴിഞ്ഞ് മനുഷ്യൻ വീണ്ടും സാത്താന്റെ പിന്ബലത്തോടുകൂടെ ഇവിടെ പിടിച്ചുനില്ക്കാൻ ശ്രമംനടത്തും. കുറെ സംഭവങ്ങൾ കൂടെ ആ ബന്ധത്തിൽ ഇവിടെ ഉണ്ടാകും. ഒടുവിൽ നന്മയും തിന്മയുമായി അവസാനയുദ്ധം ഇവിടെ സംഭവിക്കും. ആ അന്തിമയുദ്ധത്തിൽ സാത്താന്യശക്തികൾ എന്നേക്കുമായി പരാജയപ്പെടും. ദൈവം തന്റെ നീതിയുടെ പ്രവൃത്തികൾ ആരംഭിക്കും. അക്കൂട്ടത്തിൽ ഇപ്പോഴത്തെ ആകാശവും ഭൂമിയും വാനഗോളങ്ങളും എല്ലാം അപ്രത്യക്ഷമാകും. സമുദ്രംപോലും ഓടിമാറും. എന്തിനധികം, യോഹന്നാൻ ആത്മവിവശനായി കണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: ”ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു”. അതേ, അതു സംഭവിക്കും. ആ പുതുവാനഭൂമിയിൽ മുള്ളും പറക്കാരയും പാപവും ശാപവും ശത്രുവും അവന്റെ ആയുധങ്ങളും ഒന്നും കാണുകയില്ല. 46 മാത് സങ്കീര്ത്തനത്തിലെപ്പോലെ, വില്ലൊടിച്ച് കുന്തം മുറിച്ച് ദൈവം രഥങ്ങളെ തീയിലിട്ട് ചുട്ടുകളയുന്ന ആ മഹാസംഭവം യഹോവയുടെ പ്രവൃത്തി അതു കാണാൻ പരിശുദ്ധാത്മാവ് നമ്മെ വിളിക്കുന്നു.

യുദ്ധങ്ങളെ നിര്ത്താനോ മദ്യപാനം നിര്ത്താനോ അക്രമം ഇല്ലാതാക്കാനോ ഒരു മനുഷ്യനെക്കൊണ്ടും സാധ്യമല്ല. പാപികളെ കൂട്ടക്കൊല ചെയ്താലും അതിന്റെ ഇരട്ടി പാപികൾ ശലഭംപോലെ എഴുന്നേറ്റുവരും. കാരണം, അധര്മമൂര്ത്തിയുടെ വ്യാപാരം നിമിത്തം അധര്മം പെരുകുക എന്നത് സംഭവിച്ചേ തീരൂ. നമുക്ക് ഇതിനെ നന്നാക്കാൻ സാധ്യമല്ല. ഇന്നത്തെ വിദ്യാഭ്യാസപദ്ധതി വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഒന്നും നന്നാക്കാൻ പര്യാപ്തമല്ല. എന്റെ വിചിത്രമായ ഭാഷയിൽ ഞാൻ ഇങ്ങനെ പറയാറുണ്ട്: ശാസ്ത്രം വികസിച്ചിട്ട് മരണം മാറുകയില്ല, മറിച്ച് ശവപ്പെട്ടി മനോഹരമാക്കിത്തീര്ക്കും. മരണത്തിനു പുതിയപുതിയ പേരുകൾ ഉപയോഗിച്ചെന്നുവരാം, രോഗത്തിനു നല്ല പര്യായപദങ്ങൾ പറഞ്ഞെന്നുവരാം. ബലാല്സംഗത്തിന് ഓമനപ്പേരുകൾ കൊടുത്തെന്നുവരാം. വസ്തുതകൾ മാറുകയില്ല. നാമരൂപങ്ങൾ മാറിയെന്നുവരാം. ദൈവം ഈ പ്രപഞ്ചത്തെ നന്നാക്കിയെടുക്കുന്നതുവരെ ഇതിനെ നന്നാക്കാൻ ശ്രമിക്കുന്നവൻ വെറും ഭോഷനല്ല, ഭോഷന്മാരുടെ രാജാവാണ്. നമുക്കു വിനയപ്പെടാം. ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ല. നാം പോര്ക്കളത്തിലാണ്. ദൈവകൃപയിലും നീതിയിലും വിശുദ്ധിലും നിലനിന്ന് ആകുമെങ്കിൽ സഹജരിൽ ചിലരെക്കൂടെ നേടിക്കൊണ്ട് നമുക്ക് നിത്യതനോക്കി മോക്ഷയാത്ര തുടരാം. അതിനുള്ള ആവേശം എന്റെ എളിയ വാക്കുകൾ നിങ്ങള്ക്കു നല്കുമെങ്കിൽ ഞാൻ എത്രയോ ഭാഗ്യവാൻ. ദൈവത്തിനു മഹത്ത്വമുണ്ടാകട്ടെ; നമുക്കു സമാധാനവും.


MGM Ministries-Article Source: voiceofdesert.com/p/305/ഇവിടെ-നമ്മുക്കു-നിൽക്കുന്ന-നഗരമില്ലല്ലോ-സുവി-പിഐ-ഏബ്രഹാം – (In 2015)

(227)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close