Home Articles Malayalam Articles Peace Offering – (സമാധാനയാഗം)

Peace Offering – (സമാധാനയാഗം)

425
0

ക്രിസ്തുവിനോടും സഹോദരങ്ങളോടുമുള്ള കൂട്ടായ്മ

by സുവി. സാജന് വര്ഗീസ്
ഫാക്കല്റ്റി, ഇന്ഡ്യാ ബൈബിള്കോളജ് & സെമിനാരി

യിസ്രായേല്യയാഗങ്ങളുടെയും വഴിപാടുകളുടെയും വ്യവസ്ഥിതി ദൈവത്താല് രൂപകല്പന ചെയ്യപ്പെട്ടതും, യിസ്രായേല് ജനത്തിന്റെ പൊതുജീവിതത്തില് കേന്ദ്രസ്ഥാനീയമായതുമാണ്. യാഗപീഠത്തില് അര്പ്പിയ്ക്കപ്പെട്ട യാഗങ്ങള്, യിസ്രായേല്മക്കളെ, അവരുടെ ആത്മീയജീവിതത്തിന്റെ പുനഃസ്ഥാപനത്തിന് സഹായിച്ചു. യാഗപീഠത്തിലെ അണയാത്ത അഗ്നിനാളം യെഹൂദനെ, അവര്ക്ക് ദൈവവുമായി സമാധാനവും കൂട്ടായ്മയും ആവശ്യമാണെന്ന് പഠിപ്പിച്ചു.

യാഗത്തെപ്പറ്റിയുള്ള നിര്ദ്ദേശങ്ങളും വ്യവസ്ഥകളും പഞ്ചഗ്രന്ഥത്തിലുടനീളം വിവരിച്ചിട്ടുണ്ടെങ്കിലും, ലേവ്യപുസ്തകം ഒന്നു മുതല് ഏഴുവരെയുള്ള അദ്ധ്യായങ്ങള്, യെഹൂദ്യ അനുഷ്ഠാനങ്ങളില് ഉപയോഗിക്കുന്ന പ്രധാന യാഗങ്ങളായ അഞ്ച് ദൈവിക വഴിപാടുകളെപ്പറ്റി വിശദീകരിക്കുവാന് സമര്പ്പിക്കപ്പെട്ടിരിക്കുന്നു. അവ അഞ്ചുതരത്തിലുള്ള യാഗങ്ങളെ-ഹോമയാഗം, ഭോജനയാഗം, സമാധാനയാഗം, പാപയാഗം, അകൃത്യയാഗം – ചിത്രീകരിക്കുന്നു.

പഴയനിയമത്തിലെ എല്ലാ യാഗങ്ങളെയുംപോലെ സമാധാനയാഗവും യേശുക്രിസ്തുവില് പൂര്ണ്ണമായും നിറവേറ്റപ്പെട്ടു. എല്ലാ വഴിപാടുകളിലും സമാധാനയാഗമാണ് ക്രിസ്തീയജീവിതം സംബന്ധിച്ച് അത്യുദാത്തമായി മനസ്സിലാക്കപ്പെട്ടിരിക്കുന്നതും. ദൈവത്തോടും സഹോദരങ്ങളോടും ഉള്ള കൂട്ടായ്മ പ്രായോഗികരിക്കപ്പെട്ടിരിക്കുന്നതും.

സമാധാനയാഗം – അര്ത്ഥവും ഉദ്ദേശവും

ലേവ്യ പുസ്തകം 3 അദ്ധ്യായത്തില് അവതരിപ്പിച്ചിരിക്കുന്ന സമാധാനയാഗത്തിന്റെ തുടര്ന്നുള്ള നിര്ദ്ദേശങ്ങള് 3:1-17, 7:11-20, 7:28-34, 9:18-21, 22:17-30 വരെയും, സംഖ്യ 15:7-12 വരെയുള്ള വാക്യങ്ങളിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വേദവ്യാഖ്യാതാക്കള് ഈ വഴിപാടിന് അനേകം പേരുകള് കൊടുത്തിട്ടുള്ളതിനാല്, ”സമാധാനം”, ”കൂട്ടായ്മ”, ”സ്തുതി”, ”സ്തോത്രം” എന്നിവയാണ് പ്രാമുഖ്യമേറിയവ. ഓരോ പേരും അതുള്ക്കൊള്ളുന്ന ആശയത്തിന്റെ അതുല്യഭാവം പ്രകടമാക്കുന്നു. ”സമാധാനയാഗം” എന്നത് വിവിധതരത്തിലുള്ള യാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന പദപ്രയോഗമാണ്. മൂന്നു തരത്തിലുള്ള സമാധാനയാഗമുണ്ട്. (1) സ്തോത്രയാഗം (2) നേര്ച്ചയാഗം (3) സ്വമേധായാഗം. സ്തോത്രയാഗം, ദൈവീകനന്മകളോടുള്ള പ്രതീകരണമാണെ ങ്കില്, നേര്ച്ചയാഗം ഉപകാരത്തിന്റെ പ്രത്യാശയോടു ബന്ധപ്പെട്ടുള്ളതാണ്. ആരാധകന്റെ അഥവാ അര്പ്പകന്റെ പ്രാര്ത്ഥനയ്ക്ക് മറുപടി ലഭിച്ചാല് അതിന് ദൈവത്തിന് നന്ദിയര്പ്പി ക്കുവാന് പ്രതിജ്ഞയെടുത്തതനുസരിച്ച് സന്തോഷപൂര്വ്വം സമര്പ്പിക്കുന്ന യാഗമാണ് നേര്ച്ചയാഗം. ഒന്നുകൂടി വിശദമാക്കിയാല് ദൈവമുമ്പാകെ ഒരു വ്യക്തി കഴിക്കുന്ന അപേക്ഷയുടെ നിവര്ത്തീകരണത്തില്, പ്രസ്തുതവ്യക്തി, ഹൃദയത്തില് പ്രതിബദ്ധതയും നന്ദിയും നിറഞ്ഞ് അര്പ്പിക്കുന്ന യാഗമാണിത്. ജനങ്ങള് സ്വയമായും സ്വാഭാവികമായും അര്പ്പിക്കുന്ന യാഗങ്ങളാണ് സ്വമേധായാഗങ്ങള്. ഇത് ഒരുവന്റെ പാപത്തിന് പ്രായശ്ചിത്തമായിട്ടോ, ദൈവപ്രീതിയ്ക്കായുള്ള പ്രവര്ത്തനമായിട്ടോ ഇരിക്കുന്നില്ല. സമാധാനയാഗം ദൈവവുമായി സമാധാനം ഉണ്ടാക്കുവാനല്ല, മറിച്ച് ദൈവവുമായുള്ള സമാധാനം അനുഭവിച്ചാസ്വദിക്കുവാനുള്ളതാണ്.

സമാഗമനകൂടാരം, സ്വമേധായാഗമായി അര്പ്പിയ്ക്കപ്പെട്ട വസ്തുക്കള് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ളതാണ്. ”മോശെ മുഖാന്തരം യഹോവ കല്പിച്ച സകല പ്രവര്ത്തിക്കുമായി കൊണ്ടുവരുവാന് യിസ്രായേല് മക്കളില് ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്ക് സ്വമേധാദാനം കൊണ്ടുവന്നു” (പുറ. 35:29). സമാഗമന കൂടാരനിര്മിതിക്ക് സാധനങ്ങള് ഇനിയും കൊണ്ടുവരേണ്ട എന്ന് മോശെ പറയത്തക്കവണ്ണം ജനങ്ങള്ക്ക് ദൈവവേലയ്ക്കുവേണ്ടി സ്വമേധയാ കൊടുക്കുവാനുള്ള ആത്മാര്ത്ഥമായ വാഞ്ച നിസ്സീമമായിരുന്നു (പുറ. 36:3-7). പാരമ്പര്യമനുസരിച്ച് സ്വമേധാദാനങ്ങള് പെന്തെക്കോസ്തിലാണ് നല്കിയിരുന്നത് (ആവ. 16:10). യിസ്രായേലിന്റെ ഹൃദയം ദൈവത്താലും, അവിടുത്തെ മഹാകരുണ പ്രവര്ത്തിയാലും ഉത്തേജിതവും പ്രോത്സാഹിതവും ആക്കപ്പെട്ടതിനാല് യിസ്രായേല്യര് യാഗപീഠത്തിങ്കല് അത്യുദാരവും അമിതവുമായ വഴിപാടുകള് അര്പ്പിക്കുന്നതില് തത്പരരായി. തന്റെ ജനത്തെ യാഗപീഠത്തിങ്കലേക്ക് അടുപ്പിക്കുവാനുള്ള ദൈവത്തിന്റെ ആഗ്രഹം യാഗങ്ങള് അവരുടെ പാപത്തിന്റെ പരിണിതഫലമാണെന്ന് ബോധ്യപ്പെടുത്തുക മാത്രമല്ല, പ്രത്യുത ദൈവത്തില്നിന്നും ലഭിച്ച എല്ലാ നന്മകള്ക്കും സ്വമേധായാഗത്തോടുകൂടി അവരുടെ വീണ്ടെടുപ്പുകാരനോടുള്ള വിധേയത്വം പ്രകടമാക്കുവാനും കൂടിയാണിത്. സര്വ്വശക്തനായ ദൈവവുമായുള്ള കൂട്ടായ്മയ്ക്കുവേണ്ടി ഒരു അടങ്ങാത്ത ദാഹം എപ്പോഴും അവരുടെ ഹൃദയങ്ങളെ ഉദ്ദീപിപ്പിക്കുകയും ദൈവത്തിന് ഉദാരമായി കൊടുക്കുവാന് അവര്ക്കു ആത്മപ്രേരണ നല്കുകയും ചെയ്തു.

സമാധാനയാഗത്തിന് വേദപുസ്തകത്തില് കാണുന്ന മറ്റൊരു ഉദാഹരണം ശമുവേലിന്റെ ഒന്നാം പുസ്തകം ഒന്നാം അദ്ധ്യായത്തിലാണ്. യഹോവ തനിക്ക് ഒരു മകനെ നല്കിയാല് അവനെ ജീവപര്യന്തം യഹോവയ്ക്ക് കൊടുക്കും എന്ന് ഹന്ന ഒരു നേര്ച്ച നേര്ന്നു. ദൈവം അവളുടെ പ്രാര്ത്ഥനയ്ക്ക് മറുപടി കൊടുത്തപ്പോള് ഹന്ന അവളുടെ വാക്കുപാലിച്ച് നേര്ന്നത് നിവര്ത്തിച്ചു. സമാധാനയാഗത്തിന് ലേവ്യപുസ്തകത്തില് കൊടുത്തിരിക്കുന്ന കല്പനകളെ അനുസരിച്ച് ഹന്ന ശീലോവിലേക്ക് പോയി അവളുടെ മകന് ശമുവേലിനെ യഹോവയ്ക്ക് സമാധാനയാഗമായി അര്പ്പിച്ചു (1 ശാമുവേല് 1:22-28). യിസ്രായേല് മറ്റ് അനവധി സന്ദര്ഭങ്ങളില് സമാധാനയാഗങ്ങള് അര്പ്പിച്ചിട്ടുണ്ട് മഹാകഷ്ടത്തിലും (ന്യായ. 20:26; 21:4) മഹാ സന്തോഷത്തിലും (ആവ. 27:7, യോശുവ. 8:31, 1 ശമുവേല് 11:15) ദൈവജനം സമാധാനയാഗം അര്പ്പിച്ചിട്ടുണ്ട്.

സമാധാനയാഗം എല്ലാക്കാലത്തും ഓരോ യിസ്രായേല്യന്റെയും ചെവികളില് അവനവന് ആവശ്യമായിരുന്ന യഥാസ്ഥാനത്തിന്റെയും പുനരധിവാസത്തിന്റെയും ആഹ്വാനം പ്രതിധ്വനിപ്പിച്ചുകൊണ്ടിരുന്നു. സമാധാനയാഗം, ദൈവവുമായി പങ്കുവയ്ക്കുന്ന ഒരനുഭവമാകയാല് അത് സംതൃപ്തിയുടെയും ഐക്യതയുടെയും പ്രതീതി ഉളവാക്കിയിരുന്നു. യാഗത്തിന്റെ ഓഹരികള് ദൈവത്തിനും, പുരോഹിതനും, അര്പ്പകനും ലഭിച്ചിരുന്നതിനാല് ഈ മൂവരും തമ്മില് ഒരു പരസ്പരസഖ്യം രൂപപ്പെട്ടിരുന്നു. ഈ വസ്തുത ജനസമൂഹത്തില് സാമൂഹ്യസംസക്തിയും ആത്മീയ ബന്ധവും വര്ദ്ധിപ്പിച്ചു. ദൈവത്തിന്റെ സ്വന്തജനത്തിന് സന്തോഷവും സമാധാനവും ലഭിക്കുക എന്നതാണ് സമാധാനയാഗംകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. ”സമാധാനയാഗങ്ങളും അര്പ്പിച്ച് അവിടെവെച്ച് തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില് സന്തോഷിക്കുകയും വേണം” (ആവ. 27:7). ദൈവവുമായുള്ള ദൈവജനത്തിന്റെ ബന്ധം കാത്തുസൂക്ഷിക്കേണ്ടതിന് അവര് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവര് സന്തോഷിക്കേണം എന്ന് ദൈവം ആഗ്രഹിച്ചു. അവര്ക്ക് ലഭിച്ചിരുന്ന എല്ലാ അനുഹ്രങ്ങളും ദൈവവുമായി പങ്കുവയ്ക്കുന്നതിനുള്ള താല്പര്യം എല്ലായ്പ്പോഴും ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് അവരെ നയിച്ചു.

സമാധാനയാഗത്തിന്റെ ക്രമവും മാതൃകയും

ദൈവവും പുരോഹിതന്മാരും സാധാരണ യിസ്രായേല്യരും തമ്മില് പങ്കുവച്ചിരുന്ന ആഹാരമായിരുന്നു സമാധാനയാഗം എന്നത്. ആഹാരം വിശുദ്ധമായതിനാല് നിശ്ചയമായും ജനം തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് ശുദ്ധിയുള്ളവരായിത്തീരേണ്ടിയിരുന്നു, കാരണം, അശുദ്ധി അവരെ ഇതില് പങ്കുകൊള്ളുന്നതില് നിന്നും വിലക്കിയിരുന്നു. വിശുദ്ധിയുടെ ഭാഗമായി ജനം കുളിച്ച് വസ്ത്രം മാറണം. യിസ്രായേല് ജനത്തിന്റെ ഏത് ആചാരാനുഷ്ഠാനങ്ങള്ക്കും വിശുദ്ധി ഒഴിച്ചുകൂടാന് പാടില്ലാത്ത കര്ശന വ്യവസ്ഥയാണ്. ഏതു മൃഗത്തെയാണ് യാഗം കഴിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്, സമാധാനയാഗാര്പ്പണത്തിന്റെ നടപടിക്രമങ്ങള് വിശദീകരിച്ചിട്ടുള്ളത്. തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് യിസ്രായേല്യര്ക്ക് യാഗമൃഗത്തെ തിരഞ്ഞെടുക്കുവാനും അവകാശമുണ്ടായിരുന്നു. ലേവ്യപുസ്തകം മൂന്നാം അദ്ധ്യായത്തില് താഴെ രേഖപ്പെടുത്തിയിരിക്കുന്ന ഘടനയുടെ വിശദീകരണം കാണാം.
1. കന്നുകാലികളില് ഊനമില്ലാത്ത ഒരെണ്ണം (3:1-5)
2. ആട്ടിന്പറ്റങ്ങളില് നിന്ന് ഊനമില്ലാത്ത ആണോ പെണ്ണോ ഒരെണ്ണം (3:6-11)
3. കോലാടില് നിന്ന് (3:12-17)
ഇവിടെ അനുവര്ത്തിയ്ക്കപ്പെടുന്ന യാഗത്തിന്റെ ക്രമവും മാതൃകയും നാം മനസ്സിലാക്കേണം. യാഗം അര്പ്പിക്കുന്നവന് തന്റെ യാഗവസ്തു യാഗപീഠത്തിങ്കല് കൊണ്ടുവന്നിട്ട് അതിന്മേല് കൈവച്ച് അതിനെ കൊല്ലുന്നു. പുരോഹിതന് യാഗപീഠത്തിന്മേലും അതിനു ചുറ്റിലും രക്തം തളിക്കുന്നു. അതിനുശേഷം മൃഗത്തെ ഖണ്ഡം ഖണ്ഡമായി മുറിച്ച്, യഹോവയുടെ പങ്ക് – മേദസ്സും മൂത്രപിണ്ഡം രണ്ടും – യാഗപീഠത്തില് തീയുടെ മേലുള്ള വിറകിന്മേല് ദഹനയാഗമായും ഭോജനയാഗമായും അര്പ്പിക്കേണം. പുരോഹിതനും പുത്രന്മാര്ക്കും, യാഗവസ്തുവിന്റെ നെഞ്ചും വലത്ത് തോളും എടുക്കാം. ബാക്കിയുള്ള ഭാഗം അര്പ്പകന് ഭക്ഷിക്കാനായി എടുക്കാം. എന്നിരുന്നാലും, സ്തോത്രയാഗമാണെങ്കില് ഒരു ദിവസത്തിനുള്ളിലും, നേര്ച്ചയാഗമോ, സ്വമേധായാഗമോ ആണെങ്കില് രണ്ടു ദിവസങ്ങള്ക്കുള്ളിലും അതു കഴിച്ചു തീര്ക്കണം. യാഗത്തിന്റെ മാംസം മൂന്നാം ദിവസം ബാക്കി വന്നാല് അത് ദഹിപ്പിച്ചു കളയേണം. പ്രധാന ഭാഗങ്ങളില് ഭൂരിപങ്കും ദൈവത്തിന് അര്പ്പിച്ചിരിക്കുന്നതും, തിരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങള് പുരോഹിതനും, ബാക്കിയുള്ളവ അര്പ്പകനും ഭക്ഷിക്കാവുന്നതുമായ ഒരു വിശുദ്ധവിരുന്നാണ് ഈ യാഗം. ദഹനയാഗത്തിന്റെ യാഗപീഠത്തിന്മേല് ദഹിപ്പിക്കുന്ന മേദസ്സ് ദൈവത്തിനുള്ളതാണ് (ലേവ്യ 3:3-5). ദൈവത്തിനര്പ്പിക്കുന്ന മേദസ്സിനോടൊപ്പം ധാന്യവും അര്പ്പിക്കേണം. സ്തോത്രയാഗമാണ് അര്പ്പിക്കുന്നതെങ്കില്, പുളിപ്പുള്ളതും പുളിപ്പില്ലാത്തതുമായ അപ്പം അര്പ്പിക്കുന്നതില് കുറച്ചുഭാഗം യാഗപീഠത്തിന്മേല് വച്ച് ദഹിപ്പിക്കുകയും ബാക്കിയുള്ളവ പുരോഹിതനായി മാറ്റുകയും ചെയ്യേണം (ലേവ്യ 7:12-13). സമാധാന യാഗത്തോടുകൂടി എണ്ണ ചേര്ത്തു ണ്ടാക്കിയ അപ്പവും വീഞ്ഞു നൈവേദ്യവും ഉണ്ടായിരിക്കേണം. “അതിനെ സ്തോത്ര യാഗമായി അര്പ്പിക്കുന്നു എങ്കില് അവന് സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്ത്തു കുതിര്ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്പ്പിക്കേണം. സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അര്പ്പിക്കേണം” (ലേവ്യ 7:12-13).

സമാധാനയാഗത്തിന്റെ സന്ദേശവും ചിത്രീകരണവും പുതിയനിയമത്തില് പഴയ നിയമത്തിലെ സമാധാന യാഗത്തിന്റെ പ്രാധാന്യം അതിന്റെ പൊരുളായ യേശുക്രിസ്തുവില് കാണാം. സമാധാനയാഗത്തിന്റെ അര്പ്പണത്തില്, യിസ്രായേല്യര്, ദൈവത്തിന്റെ സമാധാനം അറിയുന്നതി ലൂടെയും അനുഭവിക്കുന്നതിലൂടെയും ഗുണഭോക്താക്കളായിത്തീരുന്നു. ഈ യാഗത്തിന് മൂലഭാഷയില് ഉപയോഗിച്ചിരിക്കുന്ന പദമായ ”ഷേലേമി”ന് ”ശാലോം” അല്ലെങ്കില് സമാധാനം എന്നതിനോട് ബന്ധമുണ്ട്. യാഗാര്പ്പകന് ദൈവസന്നിധിയില് നില്ക്കുമ്പോള് അവന്റെമേല് ഒരു ദൈവശാപവു മില്ലെന്നു മാത്രമല്ല, അവന് ദൈവപ്രീതിയാല് നിറയപ്പെടുന്ന ഒരു വസ്തുവായിത്തീര്ന്നിരിക്കുന്നുവെന്നും ഉറപ്പോടുകൂടി വിശ്വസിക്കുന്നു. ക്രൂശിന്മേലുള്ള ക്രിസ്തുവിന്റെ മരണം ദൈവക്രോധത്തിന് പ്രായശ്ചിത്തമായിത്തീര്ന്നു. യേശുക്രിസ്തുവിന്റെ യാഗമരണംമൂലം, ദൈവത്തോട് വിശ്വാസത്താല് താദാത്മ്യം പ്രാപിച്ച ജനങ്ങളുടെമേല് ദൈവക്രോധം വസിക്കുന്നില്ല. ”മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങള് ഇപ്പോള് ക്രിസ്തുയേശുവില് ക്രിസ്തുവിന്റെ രക്തത്താല് സമീപസ്ഥരായിത്തീര്ന്നു. അവന് നമ്മുടെ സമാധാനം; അവന് ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താല് നീക്കി വേര്പാടിന്റെ നടുച്ചുവര് ഇടിച്ചുകളഞ്ഞത്….” (എഫേ. 2:13-18).

”സമാധാനയാഗം”, ”കൂട്ടായ്മയാഗം” മുതലായ പേരുകള് മിക്കവാറും ഒരേ ആശയത്തില്ത്തന്നെ വേദപുസ്തകത്തിന്റെ വിവിധ ഭാഷാന്തര ങ്ങളില് ഉപയോഗിക്കപ്പെടുന്നുണ്ട്. ഓരോ പ്രയോഗവും യേശുക്രിസ്തുവില് സവിശേഷതയോടുകൂടി നിവര്ത്തിക്കപ്പെട്ടു. ക്രിസ്തുവിന്റെ മരണത്തിലൂടെ നാം ദൈവത്തോടും, കൂട്ടുസഹോദരങ്ങളോടും സമാധാനവും കൂട്ടായ്മയും ഉള്ളവരായിത്തീര്ന്നു. കൂട്ടായ്മ എന്നത്, മനുഷ്യജീവിത ത്തിന്റെ പ്രധാനമായ ഒരു ഭാവമാണ്. ഏദെന് തോട്ടത്തില് തന്റെ പതനത്തിന് മുമ്പ്, മനുഷ്യന് ദൈവവുമായി സാനന്ദം അനുഭവിച്ചിരുന്ന ആത്മീയ സഹവര്ത്തിത്വം, ക്രിസ്തു കാല്വറിയില് നമ്മുടെ സമാധാനമായിത്തീര്ന്നപ്പോള്, പുനഃസ്ഥാപിതമായി. ദൈവത്തോട് ശത്രുതയുള്ള ഒരു ജീവിതം നയിക്കുകയെന്നത് ഈ ലോക ത്തില് ഒരുവന് അനുഭവിക്കുന്ന നരകജീവിതമാണ്. മനുഷ്യന്റെ ആത്മാവിന്റെ സ്രഷ്ടാവുമാ യുള്ള കൂട്ടായ്മയിലേക്ക് ലഭിക്കുന്ന ദിവ്യനിമന്ത്രണത്തേക്കാളുപരി മനുഷ്യന്റെ ആത്മാവിനെ സാന്ത്വനപ്പെടുത്തുന്നതൊന്നും തന്നെയില്ല. യാഗാര്പ്പകന് സഹയിസ്രായേല്യ രോടൊപ്പം ഭക്ഷിപ്പാന് അനുവദിക്കപ്പെട്ട യാഗഭോജനം, സമാധാനയാഗത്തിലൂടെ അദ്ദേഹം പ്രാപിച്ച സമാധാനത്തെ പ്രസ്താവിക്കുന്നു. ഇന്ന് ഓരോ വിശ്വാസിയും ആസ്വദി ക്കുന്ന സമാധാനവും സന്തോഷവും മാനവരാശിക്ക് സമാധാനം വരുത്തിയ ക്രിസ്തുവിന്റെ മരണം മൂലമാണ്. സമാധാന യാഗം മനുഷ്യന് അംഗീകാരവും, ആഹാരവും, സംതൃപ്തിയും നല്കുന്നു.

കൂട്ടായ്മയാഗം പൊതുവായി അനുഭവിക്കുന്ന ഒരു ഭോജനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാന് നമ്മെ സഹായിക്കുന്നു. പ്രത്യേകിച്ചും കര്ത്തൃമേശ ആദ്യമായി ഭക്ഷണത്തിന്റെ ഭാഗമായി അനുഷ്ഠിക്കുവാന് തുടങ്ങിയതിനാല് (1 കൊരി. 11). ആദിമസഭ അതിന്റെ ജീവനും കൂട്ടായ്മയും പ്രകടമാക്കിയത് ഭക്ഷണം പങ്കുവച്ചുകൊണ്ടായിരുന്നു (അപ്പോ.2:46). പൊതുവേ, കര്ത്തൃമേശ എന്നത് കൂട്ടായ്മയാഗ ഉത്സവഭോജനത്തിന്റെ പുതിയ നിയമരൂപമാണ്. ”നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ? അപ്പം ഒന്നാകെകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു. നാം എല്ലാവരും ആ ഒരേ അപ്പത്തിന്റെ അംശികള് ആകുന്നുവല്ലോ” (1 കൊരി. 10:16-17). വിശ്വാസിക്ക് യേശുക്രിസ്തുമൂലം തിരുവത്താഴത്തില് (യൂക്കാറിസ്റ്റ്) ദൈവവുമായുള്ള ആത്മീയ ഐക്യത്തിന്റെ സമാധാനവും പുനഃസ്ഥാപനവും സമാധാനയാഗം നിഴലീകരിച്ചു (”യുക്കാറിസ്റ്റിയ” എന്നതിന് ”നന്ദി” എന്നാണര്ത്ഥം. ആദിമസഭ ഈ സമൂഹഭോജനത്തെ സമാധാനഭോജനം എന്നു വിളിച്ചിരുന്നു) 1 കൊരി. 5:7-8, 10:16-18, 11:23-26, കൊലോ. 1:20. കര്ത്തൃമേശ യേശുക്രിസ്തു ക്രൂശില് പൂര്ത്തീകരിച്ച സമാധാനത്തെ സൂചിപ്പിക്കന്നുവെങ്കിലും, ജീവിതവിശുദ്ധിയില്ലാതെ മേശയില് പങ്കുകൊള്ളുന്നത്, പഴയനിയമത്തില് യാഗാര്പ്പണത്തിന് മുമ്പ്, അര്പ്പകന് കടന്നുപോകുന്ന വിശുദ്ധീകരണ പ്രക്രീയ എന്നപോലെ, അതീവ ഗുരുതരവും ഗൗരവമേറിയതുമായ കാര്യമായി വീക്ഷിയ്ക്കപ്പെടുന്നു.

ചുരുക്കത്തില് പഴയനിയമ സംവിധാനത്തില്, ആരാധകര് ആചാരങ്ങളുടെ ഭാഗമായി പ്രായശ്ചി ത്തത്തിനും പാപപരിഹാരത്തിനുവേണ്ടി ദൈവമുമ്പാകെ യാഗങ്ങള് അനുഷ്ഠിച്ചിരുന്നു വെങ്കിലും (ലേവ്യ 1:2-4) സമാധാനയാഗം അല്ലെങ്കില് കൂട്ടായ്മയാഗം യാഗപീഠത്തിങ്കല് കൊണ്ടുവന്നിരുന്നത് കൃതാര്ത്ഥതയുടെയും, കൃതജ്ഞതയുടെയും ഒരു അനുസ്യൂതപ്രകടനമെന്നവണ്ണമായിരുന്നു. യാഗപീഠത്തിങ്കല് അര്പ്പിച്ചിരുന്ന വസ്തുക്കളെ യാഗാഗ്നി ദാഹിപ്പിക്കുന്നതിന് ആരാധകരെ പ്രേരിപ്പിച്ചത് പഴയനിയമ കല്പനകളല്ല, പ്രത്യുത, അവരുടെ ഹൃദയാന്തര്ഭാഗത്തു നിന്നുയര്ന്ന സ്നേഹമായിരുന്നു.


വിവര്ത്തനം : ഐസക് ചങ്ങനാശ്ശേരി


MGM Ministries-Article Source:trumpetmagazine.com/read.aspx?lang=2&id=4&mid=123 – (In 2011- 2014)

(425)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close