Home Articles Malayalam Articles Prophecy in Church Era

Prophecy in Church Era

248
0

പ്രവചനം സഭായുഗത്തില്‍
by സുവി. പി. റ്റി. തോമസ്‌

സഭായുഗത്തെ കൃപായുഗമെന്നും അന്ത്യകാലമെന്നും തിരുവെഴുത്തുകള്‍ വിശേഷിപ്പിച്ചിരിക്കുന്നു. പെന്തക്കോസ്തു നാള്‍ മുതല്‍ യേശു ക്രിസ്തുവിന്റെ മേഘപ്രത്യക്ഷത വരെയുള്ള ഈ കൃപായുഗം വിഭജിക്കപ്പെടാത്ത ഒരു കാലഘട്ടമായാണ് വചനത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സഭായുഗത്തിലെ ഏതു നൂറ്റാണ്ടിലും നിലനില്‍ക്കുന്ന സഭയ്ക്ക് വിശ്വാസം ഒന്ന്, പ്രത്യാശ ഒന്ന്, കര്‍ത്താവ് ഒരുവന്‍, ആത്മാവ് ഒന്ന്, സ്‌നാനം ഒന്ന്. സഭ ഒരു ശരീരമാണ്, ഒരു കുടുംബമാണ്, ഒരു ആട്ടിന്‍ കൂട്ടമാണ്, ഒരു മണവാട്ടിയാണ്, ഒരു തോട്ടമാണ്, ഒരു മന്ദിരമാണ്. കൃപായുഗത്തില്‍ പരിശുദ്ധാത്മാവ് സഭയിലും സഭയിലൂടെയും ചെയ്യുന്ന ശുശ്രൂഷയില്‍ വ്യത്യാസമില്ല, ശുശ്രൂഷാ രീതിയില്‍ മാറ്റമില്ല, കൃപാവരങ്ങളില്‍ വ്യത്യാസമില്ല, പരിശുദ്ധാത്മ ശുശ്രൂഷയ്ക്ക് വിധേയപ്പെടുവാന്‍ സമര്‍പ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാലാകാലങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നു മാത്രം.

ഒന്നാം നൂറ്റാണ്ടിലെ ദൈവസഭയ്ക്ക് നല്‍കപ്പെട്ട സകല ആത്മീക അനുഗ്രഹങ്ങളും കൃപാവരങ്ങളും ശുശ്രൂഷക വൃന്ദവും ഇന്നും സഭയിലുണ്ട്. പരിശുദ്ധാത്മാവിന്റെ ശുശ്രൂഷകളില്‍ ഒന്നും തന്നെ പിന്‍വലിക്കപ്പെട്ടിട്ടില്ല. അങ്ങനെ പ്രവചന ശുശ്രൂഷയും ഇന്നും ദൈവസഭയിലുണ്ട്. മറ്റേതൊരു ആത്മീക ശുശ്രൂഷയും പോലെ പ്രവചന ശുശ്രൂഷയും സഭയുടെ ആത്മീക വര്‍ദ്ധനവിനുള്ളതാണ് (എഫേ. 4:11-13). കേവലം ഭൗതീക നേട്ടത്തെ ലക്ഷ്യമാക്കിയുള്ള യാതൊരു ആത്മീക ശുശ്രൂഷയും പുതിയ നിയമസഭയിലില്ല. രോഗശാന്തി ശുശ്രൂഷ തന്നെയും ശാരീരിക സൗഖ്യം നേടുക എന്നതിലുപരി സഭയുടെ ശുദ്ധീകരണത്തിനും ഐക്യതയ്ക്കും രോഗബാധിതന്റെ ജീവിത ക്രമീകരണത്തിനുമാണ് ഇടയാക്കുന്നത് (യാക്കോബ് 5:14-16).

എന്നാല്‍ ഇന്ന് ആത്മിക ശുശ്രൂഷകളെ ഭൗതീക കാര്യസാധ്യത്തിനും നേട്ടങ്ങള്‍ക്കുമുള്ള ഉപാധികളായി തരം താഴ്ത്തിയിരിക്കുന്നു. മുമ്പെ ദൈവരാജ്യവും ദൈവനീതിയും അന്വേഷിക്കുമ്പോള്‍ ജീവനും ഭക്തിക്കും വേണ്ടതെല്ലാം ദൈവം നമുക്കായി ഒരുക്കിത്തരുന്നു (മത്തായി. 6:31-33, 2 പത്രോസ് 1:3). ഇതര മതങ്ങളിലെപ്പോലെ ഭൗതീക നേട്ടം ലക്ഷ്യമാക്കിയുള്ള യാതൊരു ശുശ്രൂഷയും ദൈവസഭയ്ക്കില്ല. ശനിദോഷ നിവാരണ യജ്ഞം, സര്‍വ്വൈശ്വര്യ പൂജ തുടങ്ങിയ പല കര്‍മ്മങ്ങളും ഇതര മതങ്ങളിലുണ്ട്. ദേവ പ്രശ്‌നം, ലക്ഷണം നോക്കുക, പൊരുത്തം നോക്കുക, വെളിച്ചപ്പാടിന്റെ അരുളപ്പാട് കേള്‍ക്കുക എന്നിത്യാദി നടപടികളുടെ പരിചയത്തിലും അവയുടെ ചുവടു പിടിച്ചും തത്തുല്യമായ അനുഷ്ഠാനങ്ങള്‍ സഭയില്‍ നുഴഞ്ഞു കയറിയിരിക്കുന്നു. പ്രകൃതിയാല്‍ ജാതികളായിരുന്നപ്പോള്‍ ഊമ വിഗ്രഹങ്ങളുടെ അടുക്കല്‍ പോകുകയും, ജ്യോത്സ്യന്മാര്‍, ലക്ഷണം നോക്കുന്നവര്‍, വെളിച്ചപ്പാടുകള്‍ തുടങ്ങിയവരുടെ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ആരായുകയും മറ്റും ചെയ്തിരുന്നവര്‍ സഭാംഗങ്ങളായ ശേഷവും പഴകിയ പരിചയത്തില്‍ ഇത്തരം സേവനങ്ങളില്‍ താല്‍പര്യം കാണിക്കാറുണ്ട്. എന്നാല്‍ ദൈവസഭയില്‍ ഇത്തരക്കാരെയോ ഇത്തരം ശുശ്രൂഷകളെയോ ദൈവം നിയമിച്ചിട്ടില്ല. എന്നാല്‍ പരിശുദ്ധാത്മാവ് നല്‍കുന്ന പ്രവചന ശുശ്രൂഷയെ ഇത്തരം നടപടികളായി തെറ്റിദ്ധരിച്ചിരിക്കുന്നവര്‍ അനേകരുണ്ട്. സഭയിലെ വചന ശുശ്രൂഷ ഇത്തരം ജാതീയ നടപടികളുടെ ക്രിസ്തീയ രൂപമല്ല.

പൗലോസ് ആത്മീക വരങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നതിന്റെ ആരംഭത്തില്‍ തന്നെ ഊമ വിഗ്രഹങ്ങളുടെ അടുക്കല്‍ പോയിരുന്ന ജാതീയ പരിചയം ഓര്‍പ്പിച്ച് ആത്മവരങ്ങള്‍ അതില്‍ നിന്നും വ്യത്യസ്തമാണെന്ന് ഓര്‍പ്പിക്കുന്നത് ശ്രദ്ധേയമാണ് (1 കൊരി. 12:2).
പരിശുദ്ധാത്മാവ് നല്‍കുന്ന പ്രവചന ശുശ്രൂഷ എന്താണ്? അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്? വ്യാജമായതില്‍ നിന്ന് സത്യമായ പ്രവചന ശുശ്രൂഷയെ എങ്ങനെ തിരിച്ചറിയാം? എന്നിത്യാദി ചോദ്യങ്ങള്‍ പലരും ചോദിക്കാറുണ്ട്. ഇവയ്ക്ക് തിരുവചനം നല്‍കുന്ന ഉത്തരം എന്തെന്ന് നോക്കാം.

വ്യാജമായത് സ്ഥായിയായതല്ല. അത് എന്നും മാറിക്കൊണ്ടിരിക്കും. അതിനാല്‍ വ്യാജമായത് ഏതെല്ലാമെന്ന് അന്വേഷിക്കുന്നത് വൃഥാ പ്രയത്‌നമാണ്. സത്യമായത് സ്ഥിരതയുള്ളതാണ്. സത്യമായതിന്റെ പ്രത്യേകതകള്‍ ഗ്രഹിച്ചിരുന്നാല്‍ വ്യാജമായതിനെ തിരിച്ചറിഞ്ഞ് ഒഴിഞ്ഞു മാറാം. ദൈവവചനം സത്യമായ പ്രവചനത്തെപ്പറ്റി പറഞ്ഞിരിക്കുന്ന പ്രത്യേകതകള്‍ നോക്കാം.

1. പ്രവചനം വിശ്വാസ പ്രമാണത്തിനു യോജിക്കുന്നതായിരിക്കണം (റോമര്‍ 12:6)
വിശ്വാസം എന്നാല്‍ വിശ്വാസ പ്രമാണം എന്നാണ് ഇവിടെ അര്‍ത്ഥം (യൂദ. 3, 20, എബ്രായര്‍ 3:14). വചനത്തിനു പുറത്ത് ഒരു ആത്മീയ ശുശ്രൂഷയുമില്ല. വചനത്തിന്റെ വെളിപ്പെടുത്തപ്പെട്ട സത്യത്തിനു യോജിച്ചതാണോ എന്ന് നോക്കി വേണം ഏത് പ്രവചനവും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യേണ്ടത്. ‘നാളെക്കായി വിചാരപ്പെടരുത്’ എന്നും ‘കള്ളനെപ്പോലെ വരുന്ന കര്‍ത്താവിനെ എതിരേല്‍ക്കുവാന്‍ എപ്പോഴും ഉണര്‍വ്വോടെ ഒരുങ്ങിയിരിക്കണം’ എന്ന് കര്‍ത്താവ് ഉപദേശിച്ചിരിക്കെ ദീര്‍ഘമായ ഭാവി കാര്യപരിപാടികളെക്കുറിച്ചുള്ള പ്രവചനം വിശ്വാസ പ്രമാണത്തിനു നിരക്കുമോ? (മത്തായി 6:34, 24:42,44).

2. പ്രവചനം പ്രബോധിപ്പിക്കുന്നതായിരിക്കണം (പ്രവൃത്തി 15:32, 1 കൊരി. 14:31)
ദൈവജനത്തിന്റെ പ്രത്യേക ജീവിത സാഹചര്യങ്ങളില്‍ ആത്മിക ജീവിതത്തിനാവശ്യമായ പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തിരുവചന വെളിച്ചത്തില്‍ ദൈവാത്മ പ്രചോദനത്താല്‍ നല്‍കുന്നതാണ് പ്രബോധനം. ‘പ്രവചനം’ എന്ന വാക്കിന്റെ അന്തരാര്‍ത്ഥം തന്നെ പ്രബോധനം എന്നാണ് (പ്രകര്‍ഷേണയുള്ള വചനം – പ്രവചനം).

3. വിശ്വാസത്തില്‍ ഉറപ്പിക്കുന്നതായിരിക്കണം (പ്രവൃത്തി 15:32)
അപകട സൂചനയും അനിശ്ചിതത്വം നിറഞ്ഞ വാക്കുകളും പറഞ്ഞ് ദൈവമക്കളുടെ മനോധൈര്യം കെടുത്തി ചഞ്ചലചിത്തരാക്കുന്ന വാക്കുകള്‍ പരിശുദ്ധാത്മാവില്‍ നിന്നുണ്ടാകുകയില്ല. പൗലൂസിനുണ്ടാകാനിരുന്ന ബന്ധനവും കഷ്ടങ്ങളും അഗബോസ് മുന്നറിയിച്ചത് പൗലൂസിന്റെ ധൈര്യം കെടുത്തിയില്ല. പൗലൂസിനെ നന്നായറിയുന്ന പരിശുദ്ധാത്മാവ്, കഷ്ടങ്ങളുടെ മുമ്പാകെ അവന്‍ കാണിച്ച ധൈര്യം മറ്റുള്ളവര്‍ക്ക് മാതൃകയും ഉറപ്പിനും പ്രബോധനത്തിനും ഉപാധിയാക്കുകയായിരുന്നു.

4. ആശ്വസിപ്പിക്കുന്നതായിരിക്കണം (1 കൊരി. 14:3)
ദൈവാശ്രയ ബോധത്തിലാണ് ആശ്വാസം പ്രാപിക്കാന്‍ കഴിയുന്നത്. സ്ഥിരമാനസ്സന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നതിനാല്‍ ദൈവം അവനെ പൂര്‍ണ്ണ സമാധാനത്തില്‍ നല്‍കുന്നു (യെശ. 26:3). മനസ്സ് ദൈവത്തിങ്കല്‍ ഏകാഗ്രമായി അവനില്‍ വിശ്വസിച്ച് ആശ്രയിക്കുവാന്‍ ഇടയാക്കുന്ന ശുശ്രൂഷയാണ് പ്രവചനം.

5. ആത്മിക വര്‍ദ്ധന വരുത്തുന്ന തായിരിക്കണം (1 കൊരി. 14:3, എഫേസ്യര്‍ 4:11-13)
ലോകസ്‌നേഹം ദൈവത്തോട് ശത്രുത്വം ആകുന്നു. ഭൗതീക വിഷയാസക്തി വര്‍ദ്ധിപ്പിക്കുന്നതും ലൗകീക വിഷയങ്ങളിലേക്ക് മനസ്സ് തിരിക്കുന്നതുമായ യാതൊന്നും ദൈവാത്മാവില്‍ നിന്നുണ്ടാകയില്ല. ലോകത്തിലുള്ളത് അറിയുവാനായി ലോകത്തിന്റെ ആത്മാവിനെയല്ല; ദൈവം നമുക്ക് നല്‍കിയത് അറിയാനായി ദൈവാത്മാവിനെ അത്രേ നാം പ്രാപിച്ചിരിക്കുന്നത് (1 കൊരി. 2:12). കര്‍ത്താവിനോടുള്ള സ്‌നേഹവും നിത്യജീവന്റെ പ്രത്യാശയും വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളാണ് ദൈവാത്മാവില്‍ നിന്നുള്ളത്.

6. പാപബോധം വരുത്തുന്നതായിരിക്കണം (1 കൊരി. 14:24)
ജീവിതത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിച്ച് തിരുത്തുവാന്‍ പ്രബോധിപ്പിക്കുന്നതാണ് പ്രവചനം.

7. വ്യക്തിയെ വിവേചിക്കുന്നതായിരിക്കണം (1 കൊരി. 14:24)
ദ്രവ്യാഗ്രഹത്തില്‍ അഭ്യാസം തികഞ്ഞ വഞ്ചകന്മാര്‍ കൗശല വാക്കും മുഖസ്തുതിയും പറഞ്ഞ് സാധുക്കളുടെ ഹൃദയം കവര്‍ന്നു കളയുന്നത് സഭാമണ്ഡലത്തില്‍ ഇന്ന് അസാധാരണമല്ല. തങ്ങളുടെ പൂര്‍വ്വസ്ഥിതിയെപ്പറ്റി ഊതിപ്പെരുപ്പിച്ച വിവരങ്ങള്‍ നല്‍കി ഉന്നത ബന്ധങ്ങളും അവകാശപ്പെട്ട് ആള്‍മാറാട്ടം ചെയ്ത് വന്‍ തട്ടിപ്പ് നടത്തുന്നവര്‍ ധാരാളമായി നമ്മുടെ ഇടയില്‍ കടക്കുന്നു. അവര്‍ അവകാശപ്പെടുന്നതിന്റെ നിജസ്ഥിതിയെപ്പറ്റി അന്വേഷിക്കാന്‍ നമ്മളാരും കൂട്ടാക്കാറില്ല. അല്ല, ആരെങ്കിലും അതിന് തുനിഞ്ഞാല്‍ തന്നെ അങ്ങനെ അന്വേഷിക്കുന്നത് പാപമാണെന്ന് ആളുകള്‍ ആക്ഷേപിക്കും. ഈ സാഹചര്യങ്ങളില്‍ വ്യക്തികളെ വിവേചിക്കാന്‍ ഇടയാകുന്നതാണ് പ്രവചനം.

8. ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന തായിരിക്കണം (1 കൊരി. 14:25)
ഹൃദയരഹസ്യങ്ങളെ അറിയുന്നവന്‍ ദൈവം മാത്രമാണ് (1 രാജാ. 8:40). മനസ്സിലെ നിഗൂഢലക്ഷ്യങ്ങള്‍ വെളിപ്പെടുത്തി ആളുകളെ വിവേചിക്കുന്നതുപോലെ ഹൃദയ രഹസ്യങ്ങളെ വെളിപ്പെടുത്തി മാനസാന്തരത്തിലേക്ക് നയിക്കാന്‍ പ്രവചനം വഴിയൊരുക്കുന്നു.

9. ദൈവസാന്നിദ്ധ്യ ബോധവും ദൈവഭയവും വരുത്തുന്നതായിരിക്കണം (1 കൊരി. 14:25)
പ്രവാചക ശുശ്രൂഷയാല്‍ പ്രവാചകന്റെ പ്രാവീണ്യമോ സിദ്ധിയോ വെളിപ്പെടുത്തുകയല്ല,ദൈവസാന്നിദ്ധ്യബോധമാണ് ഉളവാകേണ്ടത്.

10. പഠിപ്പിക്കുന്നത് ആയിരിക്കണം (1 കൊരി. 14:31)
എങ്ങനെയും വ്യാഖ്യാനിക്കാവുന്ന അവ്യക്ത സൂക്തങ്ങള്‍ ഉച്ചരിച്ച് ജനങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടാക്കുന്നതല്ല പ്രവചനം. ആയിരങ്ങള്‍ സമ്മേളിക്കുന്ന ഇടങ്ങളില്‍ പേരിന്റെ ആദ്യാക്ഷരം പറഞ്ഞും സാധാരണയുള്ള രോഗവിവരങ്ങള്‍ പറഞ്ഞും ആര്‍ക്കും ഏത് സാഹചര്യത്തിനും യോജിക്കുന്ന വേദഭാഗങ്ങള്‍ ഉരുവിട്ടും ജനങ്ങള്‍ എങ്ങനെയും വ്യാഖ്യാനിക്കത്തക്കപോലെ നാനാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയും ജനവഞ്ചന നടത്തുന്നതല്ല പ്രവചനം. വ്യക്തമായി പഠിപ്പിച്ച് ഗ്രഹിപ്പിക്കുന്നതാണ് പ്രവചനം.

11. മര്‍മ്മവും ജ്ഞാനവും വെളിപ്പെടുത്തുന്നതായിരിക്കണം (1 കൊരി. 13:2)
ദൈവവചനത്തിലെ ആത്മീക മര്‍മ്മങ്ങള്‍ വ്യാഖ്യാനിച്ചു വെളിപ്പെടുത്തി ജനത്തെ പഠിപ്പിച്ച്, പ്രബോധിപ്പിച്ച്, പാപബോധത്തിലേക്കും ദൈവഹിതത്തിന്റെ പ്രകാശനത്തിലേക്കും നയിച്ച് ആത്മീക വര്‍ദ്ധന വരുത്തുന്ന ശുശ്രൂഷയാണ് പ്രവചനം. പ്രവചനം അവ്യക്തതയുടെയും ഊഹാപോഹത്തിന്റെയും അനിശ്ചിതത്വത്തിന്റെയും വാക്കുകളല്ല, വ്യക്തമായ ദൈവവെളിപ്പാടാണ്.

മറ്റേതൊരു ആത്മീയ ശുശ്രൂഷയേക്കാളും വ്യാജം നടക്കുന്നത് പ്രവചനശുശ്രൂഷ എന്ന പേരിലാണ്. കള്ളപ്രവാചകന്മാര്‍ ലോകത്തിലുള്ളതു സംസാരിക്കുന്നു. ലോകം അവരുടെ വാക്കു കേള്‍ക്കുന്നു (1 യോഹ. 4:5,6). ഭാവി അറിയാനുള്ള താല്‍പര്യം മനുഷ്യന് പൊതുവേ ഉള്ളതാണല്ലോ. അതിനാല്‍ ജ്യോതിഷം, ഭാവി ഫലം പറച്ചില്‍ തുടങ്ങിയവയുടെ പിന്നാലെ ജനം പായുന്നു. ഒരു ദൈവപൈതലിന് ഭാവിയെപ്പറ്റി ആശങ്കയില്ല. അവന് ദൈവാശ്രയ ബോധമുണ്ട്. ദൈവത്തില്‍ ഉറപ്പുണ്ട്, വിശ്വാസമുണ്ട്. നാളെയെക്കുറിച്ചുള്ള ചിന്താകുലങ്ങള്‍ ഉളവാക്കുന്നതും ലൗകീക വിഷയങ്ങളില്‍ താല്‍പര്യം ഉളവാകുന്നതും ആത്മീക വര്‍ദ്ധനയ്ക്ക് ഉതകാത്തതുമായ യാതൊന്നും ദൈവാത്മാവില്‍ നിന്നല്ല. രക്ഷിക്കപ്പെടാത്ത ലോകമനുഷ്യരായ വ്യാപാരികളോടും വ്യവസായികളോടും ബിസിനസ്സ് സംബന്ധിച്ച ഭാവികാര്യങ്ങള്‍ പറഞ്ഞ് സ്ഥിരം ഉപദേശകന്മാരായിരിക്കുന്ന ക്രിസ്തീയ പ്രവാചകന്മാര്‍ ഉണ്ട് പോലും. അത് ക്രിസ്തീയമല്ല, വ്യാജാത്മാക്കളാണ്. അങ്ങനെയുള്ളവര്‍ പറയുന്നത് ഒത്തുവന്നാല്‍ പോലും അവരുടെ വാക്ക് കേള്‍ക്കരുത്. അത് പൈശാചികമാണ് (ആവര്‍ത്തനം 13:2,3). ഇന്ന് വേറൊരു ക്രിസ്തുവിനെ പ്രസംഗിക്കയും വേറൊരാത്മാവിനെ പരീക്ഷിക്കയും ചെയ്യുന്നു (2 കൊരി. 11:4). അവര്‍ അന്യദൈവങ്ങളെ സേവിക്കുന്നതിലേക്ക് ജനഹൃദയങ്ങളെ വശീകരിക്കുന്നു. ഇവിടെ സുഖജീവിതവും സമൃദ്ധിയും ഉന്നതിയും നല്‍കുന്നതല്ല സുവിശേഷം. ജീവനെക്കാളേറെ കര്‍ത്താവിനെ സ്‌നേഹിക്കാനുള്ള ആഹ്വാനമാണ് സുവിശേഷം. ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങളില്‍ പങ്കാളിയായി പാപലോകത്തില്‍ വിശുദ്ധനും സ്വര്‍ഗ്ഗീയനുമായി ജീവിക്കാനുള്ള ആഹ്വാനമാണ് സുവിശേഷം. അങ്ങനെയൊരു ജീവിതത്തിനു പ്രാപ്തി നല്‍കി നിത്യതയ്ക്കായി ഒരുക്കുന്നതാണ് പരിശുദ്ധാത്മാവ് ഇന്ന് നിര്‍വ്വഹിക്കുന്ന ശുശ്രൂഷ. അതാണ് പരിശുദ്ധാത്മാവിന്റെ കാര്യസ്ഥ ശുശ്രൂഷ. അതിലെ ഒരു കൃപാവരമാണ് പ്രവചനം. ക്രിസ്തുവിനോടുള്ള ഏകാഗ്രതയിലും നിര്‍മ്മലതയിലും ക്രിസ്തുവിനായി ഒരുക്കുവാനുള്ളതാണ് ഈ കൃപാവരം. സാത്താന്‍ താനും വെളിച്ച ദൂതനായ പരിശുദ്ധാത്മാവിന്റെ വേഷം കെട്ടുമ്പോള്‍ നീതിയുടെ ശുശ്രൂഷകന്മാരുടെ വേഷം കെട്ടുന്നതും വ്യാജാത്മാക്കളാല്‍ ഭരിക്കപ്പെടുന്നതുമായ വ്യാജന്മാരെ തിരിച്ചറിഞ്ഞ് ഒഴിഞ്ഞു കൊള്ളുക (2 കൊരി. 11:14). പ്രവചനം തുച്ഛീകരിക്കരുത്, സകലവും ശോധന ചെയ്ത് നല്ലത് മുറുകെ പിടിക്കുക (1 തെസ്സ. 5:20,21). ശോധന ചെയ്യുവാനുള്ള അളവുകോല്‍ തിരുവചനമാണ്. സൂക്ഷ്മത്തോടെ അജ്ഞാനികളായിട്ടല്ല, ജ്ഞാനികളായി നടക്കുക.


MGM Ministries-Article Source: trumpetmagazine.com/read.aspx?lang=2&id=9&mid=129 – (In 2011-2014)

(248)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close