Home Articles Malayalam Articles True Prophets and False Prophets

True Prophets and False Prophets

184
0

സത്യപ്രവാചകന്മാരും കള്ളപ്രവാചകന്മാരും
by ഡോ. സി.റ്റി. ലൂയിസ്‌കുട്ടി

ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ ആത്മികവര്‍ധനക്കായി ദൈവം പ്രവാചകന്മാരെ കൂടാതെ അപ്പൊസ്തലന്മാരെയും സുവിശേഷകരെയും ഇടയന്മാരെയും ഉപദേഷ്ടാക്കന്മാരെയും സഭയ്ക്ക് നല്‍കിയിട്ടുണ്ട് (എഫേ. 4:11-14). ഇരുപതാം നൂറ്റാണ്ടിലുണ്ടായ പെന്തെക്കോസ്ത് ഉണര്‍വ്വ് മുഖാന്തരം പ്രവചന ശാസ്ത്രഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം സഭയില്‍ ഉണ്ടായി. പഴയനിയമത്തില്‍ പ്രവാചകന്മാര്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും പുതിയനിയമത്തില്‍ പ്രവാചകന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വളരെ കുറവാണ്. ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഈ ശുശ്രൂഷ നിന്നുപോയി എന്ന് വാദിക്കുന്നവരും പുതിയനിയമസഭയില്‍ പ്രവാചകന്മാരുടെ ശുശ്രൂഷ എന്താണെന്ന് വ്യക്തമായി അറിയാതെ അതിന് അമിത പ്രാധാന്യം നല്‍കുന്നവരും നമ്മുടെ ഇടയില്‍ ഉണ്ട്. സഭയുടെ ആത്മിക വളര്‍ച്ചയ്ക്കുവേണ്ടി പരിശുദ്ധാത്മാവിനാല്‍ നല്‍കപ്പെടുന്ന ആത്മിക വരദാനമാണ് പ്രവചന ശുശ്രൂഷ എന്നത്രെ പെന്തെക്കോസ്ത് നിലപാട്. പ്രവചനം സത്യവും വളരെ വിലമതിക്കപ്പെടുന്നതും ആയതിനാല്‍ വ്യാജപ്രവചനം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വര്‍ത്തമാന ക്രിസ്തീയ കാലഘട്ടത്തില്‍ കള്ള പ്രവാചകന്മാരുടെ എണ്ണം വളരെ വര്‍ദ്ധിച്ചിരിക്കുന്നതായി തോന്നുന്നു.

ദൈവത്തിനുവേണ്ടി മനുഷ്യരോട് സംസാരിക്കുകയും കേഴ്‌വിക്കാരെ തിരുത്തുകയും, ശാസിക്കുകയും, പ്രബോധിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ പ്രവാചകന്‍. സാധാരണഗതിയില്‍ പ്രവാചകന്മാരുടെ പ്രബോധനങ്ങളും ശാസനകളും സന്തോഷത്തോടെ സ്വീകരിക്കപ്പെടാറില്ലായിരുന്നു എന്നുമാത്രമല്ല മിക്കപ്പോഴും രാഷ്ട്രീയ-മതനേതാക്കളുടെയോ മാനസാന്തരപ്പെടാത്തവരുടെയോ കോപത്തിന് ഇരയാക്കപ്പെടുകയും ചെയ്യുമായിരുന്നു. പ്രവാചകന്മാരായ യിരെമ്യാവ്, യെഹസ്‌കിയേല്‍, ഹോശയ എന്നിവര്‍ ദൈവിക ശുശ്രൂഷയുടെ ഭാഗമായി ജീവിതത്തില്‍ അസുഖകരമായ അനുഭവങ്ങളും പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നു. പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിക്കപ്പെട്ടവരും ദൈവത്താല്‍ നിയോഗിക്ക പ്പെട്ടവരും സത്യസന്ധതയുള്ളവരുമായ ദൈവദാസീദാസന്മാരായിരുന്നു പ്രവാചകന്മാര്‍. തങ്ങളിലുള്ള ദൈവിക വിളിയും അഭിഷേകവും നിമിത്തം വളരെയധികം വില നല്‍കേണ്ടിയവരായിരുന്നു പ്രവാചകന്മാര്‍. മനുഷ്യരുടെ ആകാംക്ഷയ്ക്ക് സംതൃപ്തി നല്‍കുന്നതിന് പകരം ദൈവിക ഉദ്ദേശം നിവര്‍ത്തിക്കുന്നത് തങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുത്തവരായിരുന്നു അവര്‍. ഭാവിയില്‍ സംഭവിക്കുന്നത് എന്താണെന്ന് അറിയുവാന്‍ ആകാംക്ഷയുള്ളവരാകുന്നു മനുഷ്യര്‍. ഇത്തരത്തിലുള്ള മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനു വേണ്ടി ഭാവി പ്രവചിക്കുവാന്‍ കഴിവുണ്ടെന്ന് അവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തുന്നു. അങ്ങനെയുള്ളവര്‍ മനുഷ്യരുടെ ഇംഗിതത്തിനനുസരിച്ച് വ്യാജപ്രവചനങ്ങള്‍ നടത്തുകയും ഭൗതികവിഷയങ്ങളും പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള കൃത്യങ്ങളിലും പ്രവചനം പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പിശാചിനാല്‍ ഉപയോഗിക്കപ്പെടുന്ന ഇങ്ങനെയുള്ള കള്ള പ്രവാചകന്മാര്‍ ദൈവഹിത്തിനെതിരായി പ്രവര്‍ത്തിക്കുകയും വ്യക്തികളെ ദൈവീക പാതയില്‍ നിന്ന് അകറ്റി നാശത്തില്‍ എത്തിക്കും.

ചാള്‍സ് സ്വിന്‍ഡോള്‍ എന്ന ദൈവദാസന്റെ അഭിപ്രായത്തില്‍ ശരിയായ പ്രവാചകന്മാരുടെ സവിശേഷതകള്‍ താഴെപ്പറയുന്നവയാണ്.
1. അനുരഞ്ജനത്തിന് തയ്യാറാകാത്തവരായിരുന്നു പ്രവാചകന്മാര്‍.
2. ധാര്‍മിക അധഃപതനത്തിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന സമൂഹത്തില്‍ തനിയെ ദൈവത്തിനുവേണ്ടി നിന്നവരായിരുന്നു പ്രവാചകന്മാര്‍.
3. അവര്‍ ദൈവത്തിനുവേണ്ടി സംസാരിക്കുന്നവരായിരുന്നു.
4. നിശ്ചയദാര്‍ഢ്യമുള്ളവരായിരുന്നു പ്രവാചകന്മാര്‍.
5. ദൈവീക സംസര്‍ഗ്ഗമുള്ള പ്രാര്‍ത്ഥനാ മനുഷ്യരായിരുന്നു അവര്‍.
6. തികഞ്ഞ അനുസരണവും സമ്പൂര്‍ണ്ണ സമര്‍പ്പണവും ഉള്ളവരായിരുന്നു അവര്‍.
7. ദുഷിച്ച പ്രവണതകളെയും പ്രവര്‍ത്തികളെയും വിമര്‍ശിച്ചവരായിരുന്നു പ്രവാചകന്മാര്‍.
8. ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയവരായിരുന്നു പ്രവാചകന്മാര്‍.

മേല്‍ ഉദ്ധരിച്ച വിശിഷ്ട ഗുണങ്ങള്‍ ഉള്ളവര്‍ ആയിരുന്നു പഴയ നിയമ പ്രവാചകന്മാര്‍. തെക്കെ രാജ്യമായിരുന്ന യഹൂദയില്‍ രാജ്യഭരണം നടത്തിയിരുന്ന യോശിയാവ്, യെഹോയാക്കീം, സീദെക്കിയാവ് എന്നിവരുടെ കാലത്ത് പ്രവാചക ശുശ്രൂഷ നിവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു യിരെമ്യാവ് (യിരെ. 1:3). ജനത്തിനിടയില്‍ നിന്ന് എഴുന്നേറ്റ കള്ളപ്രവാചകന്മാര്‍ ജനത്തെ പാപത്തില്‍ ജീവിക്കുന്നതിന് പ്രേരിപ്പിക്കുകയും ബാബിലോണ്‍ രാജാവിന്റെ ആക്രമണം ഉണ്ടാകുകയില്ലെന്ന് പ്രവചിക്കുകയും ചെയ്തുകൊണ്ടിരുന്നതുമായ സമയത്താണ് യിരെമ്യാവ് ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്തത്. ദൈവീക ന്യായവിധിയുടെ ഭാഗമായി യഹൂദാ പ്രവാസത്തിലേക്ക് പോകേണ്ടിവരും എന്ന് ശക്തമമായി പ്രവചിക്കുകയും യാതൊരുവിധ അനുരഞ്ജനത്തിന് തയ്യാറാകാതിരിക്കുകയും ചെയ്തു (യിരെ. 10:17-25). രാജാവും മതനേതാക്കന്മാരും അസാന്മാര്‍ഗികതയില്‍ മുങ്ങിക്കൊണ്ടിരുന്ന ഒരു കാലത്താണ് യിരെമ്യാവ് ജീവിച്ചിരുന്നത്. നീതിമാനായിരുന്ന യോശിയാ രാജാവിന്റെ കാലത്താണ് യിരെമ്യാവ് ശുശ്രൂഷ ആരംഭിച്ചതെങ്കിലും പിന്നീട് ഭരണം നടത്തിയിരുന്ന രാജാക്കന്മാര്‍ ദുഷ്ടന്മാരായിരുന്നു. ”കളിക്കാരുടെ കൂട്ടത്തില്‍ ഞാന്‍ ഇരുന്ന് ഉല്ലസിച്ചിട്ടില്ല; നീ എന്നെ നീരസം കൊണ്ട് നിറച്ചിരിക്കയാല്‍ നിന്റെ കൈനിമിത്തം ഞാന്‍ തനിച്ചിരുന്നു” (യിരെ. 15:17). ഈ ഭാഗത്ത് യിരെമ്യാവിന്റെ ധാര്‍മിക ബോധവും ദൈവത്തിനുവേണ്ടി തനിയെ നില്‍ക്കുവാന്‍ തനിക്കുണ്ടായിരുന്ന ധൈര്യവും പ്രകടമാണ്.

മറ്റൊരാള്‍ക്കുവേണ്ടി സംസാരിക്കുന്ന വ്യക്തിയാണ് പ്രവാചകന്‍. യിസ്രായേല്‍ മക്കളോടും ഫറവോനോടും വ്യക്തമായി സംസാരിക്കുവാന്‍ വാക്‌സാമര്‍ത്ഥ്യം ഇല്ലാത്തവനാണ് താന്‍ എന്ന് മോശ ദൈവത്തോട് പറഞ്ഞപ്പോള്‍ ദൈവം അഹരോനെ മോശയ്ക്ക് പ്രവാചകനായി നിയമിക്കുന്നതായി പുറപ്പാട് 7:1-ല്‍ കാണുന്നു. ഒരുവന്‍ ദൈവത്തിനുവേണ്ടി ദൈവം പറയുന്ന കാര്യങ്ങള്‍ സംസാരിക്കുമ്പോഴാണ് യഥാര്‍ത്ഥ പ്രവാചകനായിത്തീരുന്നത്. യിരെമ്യാവ് തന്റെ പരിചയക്കുറവും പ്രായക്കുറവും ദൈവസന്നിധിയില്‍ പറഞ്ഞപ്പോള്‍ ദൈവം തന്റെ വചനത്തെ യിരമ്യാവിന്റെ അധരത്തില്‍ നല്‍കിയതായി യിരെ. 1:7-9 വരെയുള്ള വാക്യങ്ങളില്‍ കാണുന്നു. ”യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന് ഉറപ്പോടെ പറയുവാന്‍ യിരെമ്യാവിനെ സഹായിച്ചത് ഈ ദൈവീക നിയോഗമാണ് (യിരെ. 2:5). പലവിധത്തില്‍ യിരെമ്യാപ്രവാചകന്‍ തന്റെ ജനത്താല്‍ പീഢിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രതിസന്ധികളുടെ നടുവിലും അദ്ദേഹം വിശ്വസ്തതയും നിശ്ചയദാര്‍ഢ്യവും മുറുകെപ്പിടിച്ചു. പ്രകൃത്യാലുള്ള തന്റെ കഴിവുകൊണ്ടല്ല മറിച്ച് ദൈവത്തിന്റെ അസാധാരണമായ കഴിവുകൊണ്ടാണ് ദൈവീക നിയോഗം പൂര്‍ത്തീകരിക്കുവാന്‍ യിരെമ്യാവിന് സാധ്യമായത് (യിരെ. 1:6-9). നിര്‍ബാധം തുടര്‍ന്നുകൊണ്ടിരുന്ന പീഢനപരമ്പരകള്‍ക്കു നടുവിലും ദൈവീക സംസര്‍ഗ്ഗം കൈവിടാത്തവനായിരുന്നു യിരെമ്യാവ്. ”യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാല്‍”, ”യഹോവയുടെ അരുളപ്പാട് കേള്‍ക്കുക” എന്നീ പ്രയോഗങ്ങള്‍ താന്‍ ഉപയോഗിച്ചത് ഈ കാരണത്താലാണ്. ദൈവത്താല്‍ പോലും കൈവിടപ്പെട്ടു എന്നു തോന്നത്തക്കവിധം ഇയ്യോബിനെപ്പോലെ യിരെമ്യാവും കഷ്ടത വളരെ അനുഭവിച്ചു. എങ്കിലും ദൈവം തന്നെ തുടര്‍മാനമായി ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. യിസ്രായേലിന്റെ ഭാവി വീണ്ടെടുപ്പുമായി ബന്ധപ്പെട്ട വചനങ്ങള്‍ നല്‍കി ദൈവം യിരെമ്യാവിനെ ആശ്വസിപ്പിച്ചു (യിരെ. 12:1-4; 16:14-21). പൊതുവെയുള്ള ജനവികാരം മനസ്സിലാക്കി ഭൂരിപക്ഷം വരുന്ന ജനത്തിന്റെ ഇംഗിതത്തിനനുസരിച്ച് ശുശ്രൂഷിക്കുവാന്‍ യിരെമ്യാവ് പലപ്പോഴും പ്രലോഭിപ്പിക്കപ്പെട്ടു കാണാം. എന്നാല്‍ ദൈവീക ആലോചനകള്‍ മാത്രം പ്രസ്താവിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നതിനാല്‍ ദൈവത്തോട് താന്‍ അനുസരണമുള്ളവനായി നിലകൊണ്ടു. പ്രതികൂലമായ സാഹചര്യങ്ങളിലും ദൈവത്തിനുവേണ്ടി നില്‍ക്കുകയും ദൈവീക ഉദ്ദേശം നിവര്‍ത്തിക്കുന്നതിനായി വിവാഹം പോലും വേണ്ട എന്നു വെക്കുകയും ചെയ്തു. തന്റെ സമൂഹത്തില്‍ നിലനിന്നിരുന്ന ദുഷിച്ച പ്രവൃത്തികളെ ശക്തമായി വിമര്‍ശിച്ചവനായിരുന്നു യിരെമ്യാവ്. ”ആകാശമേ, ഇതിങ്കല്‍ വിസ്മയിച്ച് ഭ്രമിച്ച് ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാട്. എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു. അവര്‍ ജീവജലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ച് വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ കുഴിച്ചിരിക്കുന്നു” (യിരെ. 2:12,13). ദൈവീക ന്യായവിധിയായിരിക്കുന്ന ബാബിലോണ്യ പ്രവാസം യിരെമ്യാവിന്റെ പുസ്തകത്തില്‍ ഉടനീളം പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

അനേകം കള്ളപ്രവാചകന്മാരെക്കുറിച്ചും ദൈവവചനം വ്യക്തമാക്കുന്നുണ്ട്. ചിലപ്പോള്‍ ഭൂരിപക്ഷത്തില്‍ കാണുന്ന അത്തരക്കാര്‍ ദൈവം അരുളിച്ചെയ്യാതെതന്നെ ദൈവത്തിന്റെ വാക്കുകള്‍ എന്ന വ്യാജേന അനേകം പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. 2 ദിന. 2:18-ല്‍ ഒരു ഉദാഹരണം കാണാവു ന്നതാണ്. യഹൂദാ രാജാവും നീതിമാന്മാരായിരുന്ന യഹോശാഫാത്തും യിസ്രായേല്‍ രാജാവും ദുഷ്ടനുമായിരുന്ന ആഹാബും ചേര്‍ന്ന് സഖ്യത ഉണ്ടാക്കി. രാമോത്ത് ഗിലെയാദിന് എതിരായി യുദ്ധം ചെയ്യുന്നതിന് ആലോചിച്ചപ്പോള്‍ യിസ്രായേലിലെ പ്രവാചകന്മാര്‍ എല്ലാം അനുകൂലമായ പ്രവചനങ്ങള്‍ പറഞ്ഞു. എന്നാല്‍ യഹോവയുടെ പ്രവാചകനായ യിരെമ്യാവ് മാത്രം ആഹാബിന് വിപരീതമായ ദൈവീക അരുളപ്പാട് പറയുവാന്‍ ധൈര്യപ്പെട്ടു. വേദപുസ്തകത്തില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ള പ്രവാചകന്മാരില്‍ ഏറ്റവും കുപ്രസിദ്ധനായിത്തീര്‍ന്നത് ഒരു പക്ഷെ ബിലെയാം ആയിരിക്കാം. അനുഗ്രഹങ്ങളും ശാപങ്ങളും നല്‍കുവാന്‍ അമാനുഷീക കഴിവുകള്‍ ഉണ്ടായിരുന്ന ഒരു ജാതീയനായിരുന്നു ബിലെയാം പ്രവാചകന്‍.

ഒരു കള്ളപ്രവാചകന്റെ സ്വഭാവ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് അദ്ദേഹത്തിന്റെ മനോഭാവത്തിലൂടെ മനസ്സിലാക്കാവുന്നതാണ്.
1. അവന്‍ അത്യാഗ്രഹി ആയിരുന്നു: യിസ്രായേല്‍ മക്കള്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം ആണെന്ന് തിരിച്ചറിഞ്ഞിട്ടും കൂലി കൊതിച്ച് ഇറങ്ങിപ്പുറപ്പെട്ടു (2 പത്രൊ. 2:15; യൂദാ. 1:11).
2. അവന്‍ ഭീരുവായിരുന്നു: ദൈവം യിസ്രായേലിനെ അനുഗ്രഹിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയിട്ടും ബലാക്കിനെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിച്ചു.
3. അനുസരണം ഇല്ലാത്തവനായിരുന്നു ബിലെയാം : ”നീ അവരോട് കൂടെ പോകരുത്” (സംഖ്യ. 22:12) എന്ന് ദൈവം പറഞ്ഞിട്ടും അവന്‍ അനുസരിച്ചില്ല.
4. അവന്‍ ഇരുമനസ്സുള്ളവനായിരുന്നു: ദൈവത്തേയും മാമ്മോനെയും ഒരുപോലെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിച്ചു (മത്താ. 6:24). ദൈവത്തെയും ബലാക്കിനെയും ഒരുപോലെ പ്രീതിപ്പെടുത്തുവാന്‍ ശ്രമിച്ചു.
5. ആത്മാര്‍ത്ഥതയില്ലാത്ത ഏറ്റുപറച്ചില്‍ നടത്തിയവനായിരുന്നു ബിലെയാം: ”ഇതു നിനക്ക് അനിഷ്ടമെന്നു വരി കില്‍ ഞാന്‍ മടങ്ങിപ്പൊയ്‌ക്കൊള്ളാം” (സംഖ്യ. 22:34). ചെയ്ത കാര്യം ദൈവത്തിന് ഇഷ്ടമില്ലായിരുന്നുവെന്ന് താന്‍ നേരത്തെ അറിഞ്ഞിരുന്നതാണ്.
6. ദൈവജനത്തെ ശപിക്കുവാന്‍ തയ്യാറായവന്‍ ആയിരുന്നു ബിലെയാം
7. യിസ്രായേലിനെ ശപിക്കുവാന്‍ തനിക്ക് കഴിയാതിരുന്നപ്പോള്‍ യിസ്രായേലിനെ അസാന്മാര്‍ഗികതയിലേക്ക് നയിക്കുവാന്‍ ബാലാക്കിനെ ഉപദേശിച്ചവനായിരുന്നു ബിലെയാം (വെളി. 2:14).
8. നീതിമാന്മാര്‍ മരിക്കുന്നതുപോലെ മരിക്കാന്‍ ആഗ്രഹിച്ചിട്ടും അതിനു സാധിക്കാതെ പോയ വ്യക്തിയായിരുന്നു ബിലെയാം. കാരണം അദ്ദേഹം നീതിമാന്‍ ആല്ലായിരുന്നു (സംഖ്യ. 23:10; 31:8).

നല്ല പ്രവാചകന്മാരെ കള്ളപ്രവാചകന്മാരുടെ ഇടയില്‍നിന്നും വേര്‍തിരിച്ചുകാണുന്നതിനുള്ള വിവേചനവരം ക്രൈസ്തവ സഭയും വിശേഷാല്‍ ഇടയന്മാരും ആത്മിക നേതാക്കന്മാരും പ്രാപിക്കണം. “കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ് കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും” എന്നാണ് അന്ത്യകാലത്തിന്റെ ലക്ഷണമായി യേശു പറഞ്ഞിട്ടുള്ളത് (മത്തായി 24:24). അത്ഭുതങ്ങളോ അടയാളങ്ങളോ അല്ലെങ്കില്‍ കഴിഞ്ഞ കാലത്തില്‍ സംഭവിച്ച കാര്യങ്ങളുടെ വെളിപ്പെടുത്തലുകളോ ചിലപ്പോള്‍ ശരിയായ പ്രവചനത്തിന്റെ ലക്ഷണങ്ങളുമായി പരിഗണിക്കുവാന്‍ സാധിക്കുകയില്ല. സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതോ സംഭവിക്കാനുള്ള കാര്യങ്ങള്‍ പ്രവചിക്കുന്നതോ അല്ല ശരിയായ പ്രവചനത്തിന്റെ ലക്ഷണം. മറിച്ച്, ദൈവനാമം മഹത്വപ്പെടുത്തുന്നതും സഭയെ ആത്മീക പക്വതയിലേക്ക് നടത്തുന്നതുമാണ്. ആവര്‍ത്തനം 13:1-6 വാക്യങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള വിഷയം ഈ ഭാഗത്ത് വളരെ പ്രസക്തമാണ്. കള്ളപ്രവാചകന്മാരെയും ലക്ഷണവിദ്യക്കാരെയും പിശാചിന് തന്റെ പ്രവര്‍ത്തി ചെയ്യുന്നതിന് ഉപയോഗിക്കുവാന്‍ കഴിയും. ചെന്നായ്ക്കളുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളണമെന്ന് യേശു നമുക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. “കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കുകയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തില്‍ വളരെ വീര്യപ്രവര്‍ത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും. അന്നു ഞാന്‍ അവരോട് അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തു പറയും.” കള്ളപ്രവചനം നടത്തുന്നവര്‍ക്ക് ഉണ്ടാകുവാന്‍ പോകുന്ന അനുഭവത്തെക്കുറിച്ചാണ് യേശു ഇപ്രകാരം മത്തായി 7:22,23 വാക്യങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നത്. കള്ള പ്രവാചകന്മാരുടെയും കള്ള ഉപദേഷ്ടാക്കന്മാരുടെയും സാന്നിദ്ധ്യവും ശക്തിയും തിരിച്ചറിഞ്ഞ് ജാകരൂകരായിരുന്നാല്‍ മാത്രമേ വൃതന്മാരെ തെറ്റിക്കുന്ന സാത്താന്റെ പദ്ധതിയില്‍ നിന്ന് രക്ഷപെടുവാന്‍ കഴിയൂ. പരിശുദ്ധാത്മാവിനാല്‍ നിവേശിതരായ സത്യപ്രവാചകന്മാര്‍ സഭയെ തിരുത്തുകയും ആശ്വസിപ്പിക്കുകയും ധാര്യപ്പെടുത്തുകയും ചെയ്യും.


വിവര്‍ത്തനം: സാജന്‍ വര്‍ഗ്ഗീസ്, വെണ്ണിക്കുളം

MGM Ministries-Article Source: trumpetmagazine.com/read.aspx?lang=2&id=1&mid=129 – (In 2011-2014)

(184)

LEAVE YOUR COMMENT

Your email address will not be published. Required fields are marked *

Close