ഞങ്ങള്‍ വിശ്വസിക്കുന്നു (We Believe)

ഞങ്ങള്‍ വിശ്വസിക്കുന്നു
പാസ്റ്റര്‍ സണ്ണി കുര്യന്‍

01. അദ്ധ്യായം 1-വിശ്വാസത്താലുള്ള രക്ഷ
02. അദ്ധ്യായം 2-വീണ്ടും ജനനം
03. അദ്ധ്യായം 3-മാമോദിസ
04. അദ്ധ്യായം 4-ശിശുസ്‌നാനത്തിന്റെ വാദമുഖങ്ങളും നിശ്ശേഷഖണ്ഡനവും
05. അദ്ധ്യായം 5-തിരുവത്താഴം കുര്‍ബാനയോ?
06. അദ്ധ്യായം 6-പരിശുദ്ധാത്മ സ്‌നാനം
07. അദ്ധ്യായം 7-വേര്‍പാടും വിശുദ്ധിയും
08. അദ്ധ്യായം 8-കര്‍ത്താവിന്റെ പുനരാഗമനം
09. അദ്ധ്യായം 9-പത്രോസ് ആകുന്ന പാറ
10. അദ്ധ്യായം 10-പുണ്യവാളന്മാര്‍ എന്ന മദ്ധ്യസ്ഥന്മാര്‍
11. അദ്ധ്യായം 11-മരിച്ചവരോടും മരിച്ചവര്‍ക്കുവേണ്ടിയും ഉള്ള പ്രാര്‍ത്ഥന മരിച്ചുപോയവരോടുള്ള പ്രാര്‍ത്ഥന
12. അദ്ധ്യായം 12–പൗരോഹിത്യം
13. അദ്ധ്യായം 13-കുമ്പസാരം, അന്ത്യകൂദാശ, ശുദ്ധീകരണ സ്ഥലം
14. അദ്ധ്യായം 14-യേശുവിന്റെ സഹോദരന്മാര്‍
15. അദ്ധ്യായം 15-സഭയോ ബൈബിളോ
16. അദ്ധ്യായം 16-ബാബിലോന്യതയെ തിരിച്ചറിയുക
17. അദ്ധ്യായം 17-കണ്ണിനെതിരെയുള്ള യുദ്ധം
18. അദ്ധ്യായം 18-ദര്‍ശനങ്ങളിലൂടെ രണ്ടാമന്‍
19. അദ്ധ്യായം 19-ഹൃദയങ്ങളെ കീറുക
20. അദ്ധ്യായം 20-ക്രിസ്തുവില്‍ നാം സ്വതന്ത്രര്‍
21. അദ്ധ്യായം 21-വേറൊരു സുവിശേഷം

അദ്ധ്യായം 1-വിശ്വാസത്താലുള്ള രക്ഷ
പാപത്തിന്റെ ഫലമായ ശിക്ഷയില്‍ നിന്നുള്ള വിടുതലാണ് രക്ഷ എന്നുപറയുന്നത്. ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല. Rom.8:1 എന്നാല്‍ ഒരുവന്‍ ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ പ്രാപിക്കുന്ന രക്ഷയില്‍ ദേഹം, ദേഹി, ആത്മാവ് ഈ മൂന്ന് ഘടകങ്ങളുടെയും സംരക്ഷണം (രക്ഷ) ഉള്‍പ്പെട്ടിരിക്കുന്നു. ഏതൊരു മനുഷ്യനും കരസ്ഥമാക്കേണ്ട (അനുഭവിക്കേണ്ട) ഒന്നാമത്തേതും പ്രധാനപ്പെട്ടതുമാണ്.

യേശുക്രിസ്തുവിലൂടെയുള്ള രക്ഷ
എന്തുകൊണ്ട് രക്ഷിക്കപ്പെടണം മനുഷ്യന്‍ പാപിയാണ്. പാപത്തിന്റെ ശമ്പളം മരണമത്രേ Rom.6:22 എന്ന് വേദം പറയുന്നു. പാപം ചെയ്യുന്ന ദേഹി മരിക്കും നിശ്ചയം. എല്ലാവരും പാപം ചെയ്തു. Rom.3:23 പാപം ചെയ്യാത്ത മനുഷ്യനില്ല. 1Kings 8:46, Psa.14:2, 3, Rom.5:12. പാപത്തിന്റെ ദാസന്മാര്‍ മരണത്തിന്റെ ദാസന്മാരത്രേ Rom.6:16; 1:29-32 പാപിയുടെ അവയവങ്ങള്‍ അധര്‍മ്മത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു Rom.6:19 അധര്‍മ്മം ചെയ്യുന്നവരെല്ലാം ദൈവരാജ്യത്തിന് പുറത്തത്രേ. Rev.22:15; 21:8 ആകയാല്‍ രക്ഷിക്കപ്പെടണം. രക്ഷ വിശ്വാസത്തിലോ? കര്‍മ്മത്തിലോ? രക്ഷ വിശ്വാസത്താല്‍ മാത്രം. ഇന്നത്തെ ജനസംഖ്യയില്‍ കൂടിയ പങ്കും കര്‍മ്മങ്ങളില്‍ കൂടെ പാപമോചനവും രക്ഷയും പ്രാപിക്കാം എന്ന് ധരിച്ചിരിക്കുന്നവരാണ്. പാപിയായ മനുഷ്യന്റെ നീതിപ്രവര്‍ത്തികള്‍ ഒക്കെയും ദൈവത്തിന്റെ മുമ്പാകെ കറ പുരണ്ട തുണിപോലെ ആണ്. Isa.64:6, Acts 10:1-8 ല്‍ കാണുന്ന കൊര്‍ന്നെല്യോസ്, ഭക്തനും, തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനും വളരെ ധര്‍മ്മം കൊടുക്കുന്നവനും, എപ്പോഴും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നവനും ആയിരുന്നിട്ടും താന്‍ രക്ഷിക്കപ്പെടുവാന്‍ പത്രോസില്‍ നിന്നും സുവിശേഷം കേള്‍ക്കണമായിരുന്നു. ന്യായപ്രമാണം വായിക്കയും, ദേവാലയത്തിലെ പെരുനാളുകളില്‍ പങ്കുകൊള്ളുകയും ചെയ്യുന്ന ഷണ്ഡന്‍ രക്ഷിക്കപ്പെടുവാന്‍ ഫിലിപ്പോസ് സുവിശേഷം അറിയിക്കണമായിരുന്നു. Acts 8:26-40, Luke 7:37-50 ല്‍ കാണുന്ന പാപിനിയായ സ്ത്രീ രക്ഷിക്കപ്പെട്ടത് കരഞ്ഞതുകൊണ്ടല്ല, യേശുവിന്റെ പാദം കഴുകിയതുകൊണ്ടും അല്ല. തൈലം പൂശിയതുകൊണ്ടും അല്ല. യേശു അവളോട് പറയുന്നത് സ്ത്രീയേ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. (Mic.6:6-8) പ്രവര്‍ത്തികളില്‍ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ല. Gal.3:11, 2:16, Eph.2:9; Titus 3:5, 6; Rom.4:2, 3 യേശുക്രിസ്തുവിലൂടെയുള്ള വിശ്വാസത്താല്‍ രക്ഷ ലഭ്യമാണ്. John 6:4; Eph.2:8; Acts.16:31; Rom.10:9. ക്രിസ്തു രക്ഷയെപ്പറ്റി പഠിപ്പിപ്പാന്‍ വന്നവനല്ല. മാര്‍ഗ്ഗം കാണിപ്പാന്‍ വന്നവനും അല്ല. ക്രിസ്തുവത്രേ രക്ഷ. അവനത്രേ മാര്‍ഗ്ഗം. Luke 2:31; Acts 4:12. ഇവിടെ ഒരു ധാരണാപ്പിശക് തിരുത്തുവാന്‍ ആഗ്രഹിക്കുന്നു. വിശ്വസിച്ചാല്‍ മതി പ്രവൃത്തി വേണ്ട എന്ന് വേര്‍പെട്ട സഭകള്‍ പഠിപ്പിക്കുന്നതായി പട്ടത്വസഭകള്‍ കുറ്റമാരോപിക്കാറുണ്ട്. പ്രവൃത്തി വേണ്ടായെന്ന് വേര്‍പാടു സഭകള്‍ പഠിപ്പിക്കുന്നില്ല. രക്ഷയ്ക്ക് പ്രവൃത്തികള്‍ കാരണമല്ല. വിശ്വാസത്താലത്രേ എന്നും, രക്ഷിക്കപ്പെട്ടവര്‍ വിശ്വാസം പ്രവൃത്തിയില്‍ കാണിക്കണമെന്നുമാണ് ഞങ്ങള്‍ പഠിപ്പിക്കുന്നത്. വൃക്ഷം സ്വഭാവത്തിനനുസരിച്ചുള്ള ഫലം പുറപ്പെടുവിക്കുന്നതുപോലെ വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ടവര്‍ സല്‍പ്രവൃത്തികൊണ്ട് തങ്ങളെതന്നെ അലങ്കരിക്കേണം. (Mat.5:48; 5:16; Col.1:10; 1Tim.6:18; Titus 2:7, 14; 3:8; Heb.10:25; James 2:17, 18; IIPeter 2:12). വിശ്വാസത്താലുള്ള രക്ഷയെ അനുഭവമാക്കിയ ദൈവജനം നാള്‍ക്കുനാള്‍ ശുദ്ധീകരണം പ്രാപിച്ചുകൊള്ളേണം. ഇതിനത്രേ വര്‍ത്തമാനകാലരക്ഷ എന്നു പറയുന്നത്. അവര്‍ കര്‍ത്താവിന്റെ വരവില്‍ മഹത്വീകരണം അഥവാ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വം പ്രാപിക്കും. (ഭാവികാല രക്ഷയെ പ്രാപിക്കും). ആദാമ്യകുടുംബത്തിന്റെ രക്ഷയ്ക്കായി ദൈവം തന്റെ പ്രിയപുത്രനെ കാല്‍വറിയില്‍ തകര്‍ത്ത് സമ്പാദിച്ച വീണ്ടെടുപ്പിനായി, ദാനം ചെയ്ത രക്ഷയ്ക്കായി സ്‌തോത്രം. രക്ഷയുടെ ത്രികാലാനുഭവം യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗം നിമിത്തം ഒരുക്കപ്പെട്ടിരിക്കുന്ന രക്ഷ പൂര്‍ണ്ണമാണ്. ആ രക്ഷ വിശ്വസിച്ച് അംഗീകരിക്കുന്ന വ്യക്തിയില്‍ അനുഭവപ്പെടുന്നത് ത്രികാലങ്ങളിലൂടെയാണ്. ഭൂതകാലം, വര്‍ത്തമാനകാലം, ഭാവികാലം. രക്ഷിക്കപ്പെട്ടു, രക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും – ഇപ്രകാരം ഈ വിഷയത്തെ മൂന്നായി തിരിച്ച് മൂന്നുകാലങ്ങളായി പഠിക്കാവുന്നതാണ്.

1. രക്ഷിക്കപ്പെട്ടു:
ഭൂതകാലം കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്, അതിനും നിങ്ങള്‍ കാരണമല്ല ദൈവത്തിന്റെ ദാനമത്രേ ആകുന്നു. Eph.2:8, Rom.10:9-ാം വാക്യത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ യേശുവിനെ കര്‍ത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. വിശ്വസിച്ചംഗീകരിക്കുന്ന വ്യക്തിയില്‍ ആ നിമിഷത്തില്‍ തന്നേ സംഭവിക്കുന്ന കാര്യമാണിത്. എന്നാല്‍ ഈ രക്ഷ നമുക്കനുഭവപ്പെടുന്നത് നമ്മുടെ ആത്മാവിലത്രേ. ഇതത്രേ രക്ഷ എന്ന ബ്രഹത്തായ വിഷയത്തിന്റെ ഭൂതകാലം.

2. രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുക:
വര്‍ത്തമാനകാലം ആത്മാവില്‍ രക്ഷ അനുഭവമാക്കിയിരിക്കുന്ന വിശ്വാസി വസിക്കുന്നത് താഴ്ചയുള്ള ശരീരത്തിലാണ്. Phil.3:21-ല്‍ നമ്മുടെ താഴ്ചയുള്ള ശരീരം എന്നു രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമത്രേ, പാപസ്വഭാവമുള്ള ശരീരത്തിന്റെ നിര്‍ജ്ജീവ പ്രവര്‍ത്തികളെ ദിനംതോറും മരിപ്പിക്കണം. തെറ്റുകള്‍ അനുദിനം ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുകയും യേശുക്രിസ്തുവിന്റെ രക്തത്താലും, വചനത്താലും, പരിശുദ്ധാത്മാവിനാലും ഉള്ള ശുദ്ധീകരണം പ്രാപിച്ചുകൊണ്ടിരിക്കുകയും വേണം. ഇപ്രകാരം നാം പ്രാപിച്ചിരിക്കുന്ന രക്ഷയെ പ്രാവര്‍ത്തികമാക്കേണം. Phil.2:12-ല്‍ രക്ഷയ്ക്കായി പ്രവര്‍ത്തിപ്പിന്‍ എന്ന് നാം വായിക്കുന്നു. എന്നാല്‍ മറ്റു പ്രധാന പരിഭാഷകളിലെല്ലാം നിങ്ങളുടെ രക്ഷയെ പ്രാവര്‍ത്തികമാക്കുക എന്നാണുള്ളതെന്ന് വേദപണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഇവിടെ ഫിലിപ്പ്യരോട് തങ്ങള്‍ക്ക് ലഭിച്ച രക്ഷയെ അതിന്റെ ആത്യന്തിക ലക്ഷ്യത്തിലെത്തിക്കുവാന്‍ പൗലൊസ് ആഹ്വാനം ചെയ്യുന്നു. അവരുടെ ക്രിസ്തീയ ജീവിതത്തിന്റെ വളര്‍ച്ചയാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. ഓരോ ദിവസവും വിശ്വാസത്തിലും, വിശുദ്ധിയിലും വളര്‍ന്നുകൊണ്ടേയിരിക്കുക. ഇതത്രേ വര്‍ത്തമാനകാല രക്ഷ.

3. രക്ഷിക്കപ്പെടും:
ഭാവികാല രക്ഷകര്‍ത്താവായ യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ട് വിശുദ്ധീകരണത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിശ്വാസി ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വം പ്രാപിക്കും, താഴ്ചയുള്ള ശരീരം മഹത്വമുള്ളതായി തീരും. പാപസ്വഭാവമില്ലാത്ത, രോഗമില്ലാത്ത, മരണമില്ലാത്ത, ദ്രവത്വമില്ലാത്ത തേജസ്സേറിയ ശരീരം നാം പ്രാപിക്കും. ഇതത്രേ ഭാവികാല രക്ഷ. ഈ അനുഭവത്തിലേക്ക് നാം പ്രവേശിക്കുന്നത് നമ്മുടെ കര്‍ത്താവിന്റെ മടങ്ങിവരവിലത്രേ. “നമ്മുടെ പൗരത്വമോ സ്വര്‍ഗ്ഗത്തിലാകുന്നു. അവിടെ നിന്ന് കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന് നാം കാത്തിരിക്കുന്നു. അവന്‍ സകലവും തനിക്ക് കീഴ്‌പ്പെടുത്തുവാന്‍ കഴിയുന്ന തന്റെ വ്യാപാര ശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.” Phil.3:20, 21 “ക്രിസ്തുവും അങ്ങനെതന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു. തനിക്കായി കാത്തുനില്‍ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപം കൂടാതെ രണ്ടാമതും പ്രത്യക്ഷനാകും.” Heb.9:28 പ്രിയമുള്ളവരെ, നാം ഇപ്പോള്‍ ദൈവമക്കള്‍ ആകുന്നു. നാം ഇന്നതാകുമെന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവനെ താന്‍ ഇരിക്കുമ്പോലെ തന്നേ കാണുന്നതാകകൊണ്ട് അവനോട് സദൃശ്യന്മാര്‍ ആകും എന്ന് നാം അറിയുന്നു. 1John 3:2 ഇപ്രകാരം നമ്മുടെ ശരീരത്തില്‍ പ്രാപിക്കുവാന്‍ പോകുന്ന വലിയ മഹത്വത്തെ അത്രേ ഭാവികാലരക്ഷയെന്ന് പറയുന്നത്. ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വം അന്ന് നാം പ്രാപിക്കും. ഇതെത്ര ഭാഗ്യകരമായ അവസ്ഥയാകുന്നു. ഇതാണ് ദൈവജനം പ്രാപിക്കുവാനുള്ള മഹത്വീകരണം. രക്ഷയുടെ ത്രികാല അനുഭവത്തെ വെളിപ്പെടുത്തുന്ന പല ഉദാഹരണങ്ങള്‍ തിരുവെഴുത്തിലുണ്ട്. നമ്മുടെ ധൈര്യത്തിനും, ആത്മീക വര്‍ദ്ധനവിനുമായി പഴയനിയമത്തില്‍നിന്നും, പുതിയനിയമത്തില്‍ നിന്നും ഒരോ സംഭവം വീതം ചുവടെ ചേര്‍ക്കുന്നു.

പഴയനിയമം: മിസ്രയീമില്‍ അടിമകളായിരുന്ന യിസ്രായേല്‍ ജനം പെസഹായും, ചോരത്തളിയും ആചരിച്ചു. അവര്‍ മിസ്രയീം വിട്ടുപോന്നു. ഇത് ഭൂതകാലരക്ഷയ്ക്കും, ദൈവീകസംരക്ഷണത്തിലും, നേതൃത്വത്തിലും, നാല്പത് വര്‍ഷം മരുപ്രയാണം ചെയ്തത് വര്‍ത്തമാനകാലരക്ഷയ്ക്കും. യോര്‍ദ്ദാന്‍ കടന്ന് വാഗ്ദത്ത നാടിനെ അവകാശമാക്കിയത് ഭാവികാലരക്ഷയ്ക്കും ഉദാഹരണമാണ്.

പുതിയനിയമം: Luke 15-ാം അദ്ധ്യായത്തില്‍ നഷ്ടപ്പെട്ട ആദ്യകുടുംബത്തിന്റെ വീണ്ടെടുപ്പിനെ സൂചിപ്പിക്കുന്ന മൂന്ന് ഉപമകള്‍ കര്‍ത്താവ് പറഞ്ഞത് രേഖപ്പെടുത്തിയിരിക്കുന്നു.
(i). നൂറ് ആടില്‍ ഒന്ന് നഷ്ടപ്പെട്ടു.
(ii). 10 ദ്രഹ്മയില്‍ ഒന്ന് നഷ്ടപ്പെട്ടു.
(iii). രണ്ട് മക്കളില്‍ ഒരുവന്‍ നഷ്ടപ്പെട്ടു.
ഒന്നാമത്തെ ഉപമയിലെ ഒരാട് മരുഭൂമിയിലെ കുറുകാട്ടില്‍ നഷ്ടപ്പെട്ടു. രണ്ടാമത്തെ ഉപമയിലെ ഒരു ദ്രഹ്മ വീട്ടില്‍ നഷ്ടപ്പെട്ടു. മൂന്നാമത്തെ ഉപമയിലെ ഇളയ മകന്‍ നാട്ടില്‍ നിന്ന് നഷ്ടമായി. ഈ മൂന്ന് ഉപമകളും നഷ്ടപ്പെട്ട മനുഷ്യവര്‍ഗ്ഗത്തെയും, ക്രിസ്തുയേശുവിലൂടെയുള്ള വീണ്ടെടുപ്പിനെയും സൂചിപ്പിക്കുന്നു. നമ്മുടെ വിഷയത്തോട് ബന്ധപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നത് ഒന്നാമത്തെ ഉപമയാണ്. നൂറ് ആടില്‍ ഒന്ന് നഷ്ടപ്പെട്ടു. തൊണ്ണൂറ്റിഒന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട് നഷ്ടപ്പെട്ടതിനെ തേടി ഉടമസ്ഥന്‍ പോകുന്നു. അലഞ്ഞു തിരിഞ്ഞ് നടന്ന ആടിനെ ഉടമസ്ഥന്‍ കണ്ടെത്തുന്നു. ഇത് ഭൂതകാലരക്ഷയ്ക്കും, കണ്ടുകിട്ടിയ തന്റെ ആടിനെ ഉടമസ്ഥന്‍ സന്തോഷത്തോടെ ചുമലില്‍ എടുത്തുകൊണ്ട് വീട്ടിലേക്ക് യാത്ര ചെയ്യുന്നു. ഇത് വര്‍ത്തമാനകാലരക്ഷയ്ക്കും, ഉടമസ്ഥന്‍ ചുമലില്‍ വഹിച്ചിരിക്കുന്ന ആടുമായി വീട്ടിലെത്തി സന്തോഷിക്കുന്നു. ഇത് ഭാവികാല രക്ഷയ്ക്കും നിദര്‍ശനമായി ചിന്തിക്കാം. വീണ്ടെടുത്ത വിശ്വാസിയെ രക്ഷിതാവ് ചുമലില്‍ വഹിച്ചിരിക്കുന്നു. വീട്ടിലെത്തുന്നതുവരെ അവന്‍ നമ്മെ തന്റെ ചുമലില്‍ വഹിച്ചുകൊള്ളും. ഹാ! എത്ര ശ്രേഷ്ഠകരമായ അനുഭവം. ക്രിസ്തീയ ജീവിതം എത്ര സൗഭാഗ്യകരമായത്. കര്‍ത്താവ് വഴിയില്‍ നമ്മെ ഉപേക്ഷിക്കയില്ല. ദുഷ്ടമൃഗങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കയില്ല. അവന്‍ നമ്മെ വീട്ടിലെത്തിക്കും. അങ്ങിനെ എത്രയും വേഗം നാം ഭാവികാലരക്ഷയെ കരഗതമാക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മൂന്ന് പ്രത്യക്ഷതകളോട് ബന്ധപ്പെടുത്തി രക്ഷയെകുറിച്ച് പഠിക്കുവാന്‍ സാധിക്കും.

1. യേശുക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള പ്രത്യക്ഷത
2. പിതാവിന്റെ വലത്തുഭാഗത്തേക്കുള്ള പ്രതൃക്ഷത
3. വിശുദ്ധന്മാരെ ചേര്‍ക്കുവാനുള്ള പ്രത്യക്ഷത

1. “അങ്ങനെയായാല്‍ ലോകസ്ഥാപനം മുതല്‍ക്ക് അവന്‍ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്തയാഗംകൊണ്ട് പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.” Heb.9:26

2. ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കുവേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാകാന്‍ സ്വര്‍ഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്. Heb.9:24 അവന്‍ മഹാപുരോഹിതനായി തന്റെ ജനത്തിനുവേണ്ടി മദ്ധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ നാം രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

3. തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപംകൂടാതെ രണ്ടാമത് പ്രത്യക്ഷനാകും.” Heb.9:28 ഗൗരവമേറിയ മുന്നറിയിപ്പ് രക്ഷയോടുള്ള ബന്ധത്തില്‍ ശക്തമായ മുന്നറിയിപ്പ് പരിശുദ്ധാത്മാവ് നല്‍കിയിരിക്കുന്നു. ന്യായപ്രമാണ വചനങ്ങള്‍ ലംഘിച്ചവര്‍ക്ക് ന്യായമായ പ്രതിഫലം നല്‍കുകയുണ്ടായി ഇത് യിസ്രായേല്യ ചരിത്രത്തിലുടനീളം നാം കാണുന്നു. അങ്ങനെയെങ്കില്‍ കര്‍ത്താവ് താന്‍ പറഞ്ഞു തുടങ്ങിയതും ദൈവം അടയാളങ്ങളാലും, അത്ഭുതങ്ങളാലും, വിവിധ വീര്യപ്രവര്‍ത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്‍കികൊണ്ടും സാക്ഷിനിന്നതും കേട്ടവര്‍ നമുക്ക് ഉറപ്പിച്ചുതന്നതുമായ ഇത്രവലിയ രക്ഷയെ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും. വിലയേറിയവനായ കര്‍ത്താവിന്റെ വിലയേറിയ രക്തം ചിന്തി സമ്പാദിച്ച ഇത്ര വലിയ രക്ഷയെ അഗണ്യമായി വിചാരിക്കരുത്. അത്ര ഗൗരവമേറിയ വിഷയമാകയാലത്രേ രക്ഷയ്ക്കുള്ള സമയം ഇപ്പോള്‍ ആകുന്നുവെന്ന് തിരുവെഴുത്ത് പ്രസ്താവിക്കുന്നത് (2Cor.6:2)

അദ്ധ്യായം 2-വീണ്ടും ജനനം
കഴിഞ്ഞ അദ്ധ്യായത്തില്‍ രക്ഷയെക്കുറിച്ച് സവിസ്തരമായി പ്രസ്താവിച്ചിരിക്കുന്നതിനാല്‍ ഈ വിഷയം വിശദീകരിക്കേണ്ട ആവശ്യമില്ല. എങ്കിലും സംക്ഷിപ്തമായി പ്രസക്ത ഭാഗങ്ങള്‍ രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. വീണ്ടും ജനത്തെക്കുറിച്ച് വ്യക്തമായി പഠിപ്പിച്ചത് യേശുക്രിസ്തുവാണ്. John 3:16 വീണ്ടും ജനനം എന്തല്ല, എന്താണ് എന്ന് നാം മനസ്സിലാക്കേണം. അത് ഭാഗീകമായി നടക്കുന്ന ഒന്നല്ല. സ്വഭാവ സംസ്‌കരണവുമല്ല, മാമോദീസായുമല്ല. ജനിക്കുക എന്നാല്‍ ജീവന്റെ ആവിര്‍ഭാവം എന്നര്‍ത്ഥം. വീണ്ടും ജനിക്കുകയെന്നത് ഒരുവനില്‍ ദൈവജീവന്‍ ആവിര്‍ഭവിക്കുക എന്നത്രേ. ഇത് എപ്രകാരം സംഭവിക്കും. മോശ ഉയര്‍ത്തിയ താമ്രസര്‍പ്പത്തെ വിശ്വാസത്താല്‍ നോക്കിയവന് മരണത്തില്‍ നിന്ന് ഉദ്ധാരണം ലഭിച്ചതുപോലെ, ഉയര്‍ത്തപ്പെട്ട മശിഹായെ വിശ്വാസത്താല്‍ അംഗീകരിക്കുമ്പോള്‍ അവനില്‍ ദൈവ ജീവന്‍ ആവിര്‍ഭവിക്കും. ഇവിടെ യുക്തിക്കോ, ബുദ്ധിയുടെ പ്രമാണത്തിനോ, ജ്ഞാനത്തിനോ സ്ഥാനമില്ല. ദൈവത്തിന്റെ പ്രമാണം വിശ്വാസത്തിന്റെതത്രേ. എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും. Rom.1:17 മാമോദിസായാല്‍ വീണ്ടും ജനിക്കുമോ? വീണ്ടും ജനനം മാമോദീസായാലല്ല. ദൈവവചനത്താലത്രേ. ദൈവവചനം പരിശുദ്ധാത്മാവ് മുഖാന്തരം ഹൃദയത്തിനകത്ത് ചെയ്യുന്ന സൃഷ്ടിപരമായ കര്‍മ്മത്രേ വീണ്ടും ജനനം. നിങ്ങള്‍ക്ക് ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല. ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചത്. 1Cor.4:15 കെടുന്ന ബീജത്താലല്ല, കെടാത്തതിനാല്‍, ജീവനുള്ളതും, നിലനില്ക്കുന്നതുമായ ദൈവവചനത്താല്‍ തന്നെ നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു. 1Pet.1:23 നാം അവന്റെ സൃഷ്ടികളില്‍ ഒരു വിധം ആദ്യഫലം ആകേണ്ടതിന് അവന്‍ തന്റെ ഇഷ്ടം ഹേതുവായി സത്യത്തിന്റെ വചനത്താല്‍ നമ്മെ ജനിപ്പിച്ചിരിക്കുന്നു. James 1:18 ഇപ്രകാരം വീണ്ടും ജനനാനുഭവം പ്രാപിച്ചവര്‍ സ്വര്‍ഗ്ഗസ്ഥ പിതാവിന്റെ മക്കളത്രേ. അവനെ കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കളാകുവാന്‍ അവന്‍ അധികാരം കൊടുത്തു. അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല ദൈവത്തില്‍ നിന്നത്രേ ജനിച്ചത്. John 1:12, 13 കാണ്‍മിന്‍ നാം ദൈവമക്കള്‍ എന്ന് വിളിക്കപ്പെടുവാന്‍ പിതാവ് നമുക്ക് എത്ര വലിയ സ്‌നേഹം നല്‍കിയിരിക്കുന്നു. അങ്ങനെ തന്നെ നാം ആകുന്നു. 1John 3:1 ഈ അനുഭവം പ്രാപിക്കാത്ത ആരും ദൈവമക്കള്‍ അല്ല. യഥാര്‍ത്ഥ ക്രിസ്ത്യാനിയും അല്ല. വീണ്ടും ജനിക്കുന്ന ദൈവപൈതലിന്റെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതുന്നു. നമ്മുടെ രാജ്യത്തിന്റെ നിയമമനുസരിച്ച് കുഞ്ഞ് ജനിച്ചാല്‍ പഞ്ചായത്തില്‍ അറിയിക്കയും ജനനതീയതി രേഖപ്പെടുത്തുകയും വേണം. ജനിക്കാത്ത യാതൊരു കുഞ്ഞിന്റെയും പേര്‍ ആരും രജിസ്റ്റര്‍ ചെയ്യാറില്ല. മനുഷ്യന്റെ പ്രമാണം ഇങ്ങനെയെങ്കില്‍ ദൈവത്തിന്റെ പ്രമാണം എത്രയോ ശ്രേഷ്ഠകരം. ഭൂമിയിലുള്ളത് നിങ്ങളോടു പറഞ്ഞിട്ട് നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലുള്ളത് നിങ്ങളോട് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും. John 3:12 വീണ്ടും ജനനത്തില്‍ക്കൂടെ നിത്യജീവന്‍ പ്രാപിച്ച് ജീവന്റെ പുസ്തകത്തില്‍ പേരെഴുതപ്പെടാത്ത ഏവനും തീപ്പൊയ്കയില്‍ തള്ളപ്പെടും. Rev.20:12-15 അതുകൊണ്ടത്രേ കര്‍ത്താവ് തന്റെ ശിഷ്യന്മാരോട് നിങ്ങളുടെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിന്‍ എന്നുപറഞ്ഞത്. Luke 10:20

വീണ്ടുംജനനത്തിന്റെ ഫലം
1. നിത്യജീവന്‍ – John 3:15, 16
2. പുത്രത്വം – Gal.4:7
3. ദൈവത്തിന്റെ മക്കള്‍ – Gal.3:26
4. ക്രിസ്തുവില്‍ കൂട്ടവകാശി – Rom.8:7
5. പാപത്തോട് വെറുപ്പ് – 1John 2:29; 3:10
6. പാപം ചെയ്യാന്‍ ശക്തരല്ല – 1John 5:18
7. സഹോദര സ്‌നേഹം – 1John 3:14

അദ്ധ്യായം 3-മാമോദിസ
യേശുക്രിസ്തുവിനാല്‍ സ്ഥാപിതമായിരിക്കുന്ന പുതിയനിയമ സഭയ്ക്ക് അനുഷ്ഠിപ്പാന്‍ കൊടുത്തിരിക്കുന്ന രണ്ട് കര്‍മ്മങ്ങള്‍ ഉള്ളതില്‍ ഒന്നാമത്തേത്രേ സ്‌നാനം അഥവാ മാമോദീസാ. ക്രിസ്തീയ സഭാചരിത്രത്തില്‍ വളരെ കോളിളക്കവും, വാഗ്വാദങ്ങളും സൃഷ്ടിച്ചിട്ടുള്ള ഉപദേശമത്രേ ഇത്. സ്വര്‍ണ്ണപ്പണിക്കാരന്‍ നിറംകൊണ്ട് സ്വര്‍ണ്ണം ആണെന്ന് വിധിക്കയില്ല. അവന്റെ കയ്യിലെ ഉരകല്ലില്‍ ഉരച്ചുനോക്കും. മാമോദീസ എന്ന പേര് കൊണ്ടോ, വെള്ളം ഉപയോഗിക്കുന്നതുകൊണ്ടോ, മദ്ധ്യസ്ഥന്‍ വാക്കിനാല്‍ സാത്താനെ ഉപേക്ഷിച്ച് മശിഹായെ സ്വീകരിക്കുന്നതുകൊണ്ടോ യഥാര്‍ത്ഥ സ്‌നാനമാകില്ല. യഥാര്‍ത്ഥ മാമോദീസ ഏതെന്നറിയാന്‍ തിരുവചനമാകുന്ന ഉരകല്ലില്‍ ഉരച്ചുനോക്കണം. ന്യായങ്ങളും, സങ്കല്പങ്ങളും, പാരമ്പര്യവും ഒന്നും തന്നെ തിരുവചനസത്യങ്ങളുടെ മുന്‍പാകെ വിലപ്പോകില്ല. സ്‌നാനം എപ്പോള്‍ എന്നതിനെക്കുറിച്ചും, സ്‌നാനം എങ്ങനെ (സ്‌നാനരീതി) എന്നതിനെക്കുറിച്ചും ആണ് പ്രധാനമായി വിവാദം ഉയര്‍ത്തിയിട്ടുള്ളത്. ഈ വിഷയം സവിസ്തരം തിരുവചനാടിസ്ഥാനത്തില്‍ പരിശോധിക്കാം.

സ്‌നാനത്തിന്റെ പ്രാധാന്യം
1. സ്‌നാനം ദൈവത്തിന്റെ ആലോചനയാണ് – Luke 7:30
2. കര്‍ത്താവിന്റെ കല്പനയാണ് – Matt.28:16-20; Mark 16:15, 16
3. സ്‌നാനം യേശുക്രിസ്തു കാണിച്ച മാതൃക – Matt.3:13-17
4. അപ്പൊസ്‌തൊലിക ഉപദേശം – Acts 2:38
5. ദൈവസഭയുടെ നടപടിയത്രേ – Acts 2:41
6. സ്‌നാനം ദൈവികനീതിയുടെ നിവൃത്തി – Matt.3:15

മാമോദിസ (സ്‌നാനം) ഏല്‌ക്കേണ്ടത് എപ്പോള്‍? യേശുക്രിസ്തുവിനെ രക്ഷിതാവായി കൈക്കൊണ്ട് ക്രിസ്തുശിഷ്യത്വം സ്വീകരിച്ചവര്‍ വേണം സ്‌നാനം ഏല്ക്കുവാന്‍. “പിന്നെ അവന്‍ അവരോട് നിങ്ങള്‍ ഭൂലോകമൊക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍. വിശ്വസിക്കയും സ്‌നാനം ഏല്ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും” Mark 16:15, 16 പ്രസംഗിക്കപ്പെടുന്ന സുവിശേഷത്താല്‍ വിശ്വസിച്ച് സ്‌നാനമേല്‍ക്കണം എന്നത്രേ. Matt.28:18-20 മുതലുള്ള വാക്യങ്ങളില്‍ ഇതേ കാര്യം കര്‍ത്താവു പറയുന്നത് ശ്രദ്ധിക്കുക. “യേശു അടുത്തുചെന്ന് സ്വര്‍ഗ്ഗത്തിലും, ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും ഞാന്‍ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍.” ഈ വാക്യം അനേകര്‍ തെറ്റിദ്ധരിച്ച് പഠിപ്പിക്കുകയും, പ്രസംഗിക്കയും ചെയ്യാറുണ്ട്. അവര്‍ പറയുന്നത് സ്‌നാനപ്പെടുത്തി ശിഷ്യരാക്കിക്കൊള്‍വിന്‍ എന്നാണ്. ശിശു ആയിരിക്കുമ്പോള്‍ തന്നെ സ്‌നാനം കൊടുക്കാം. പിന്നെ പഠിപ്പിച്ചാല്‍ മതി എന്നര്‍ത്ഥം. ഇതിന്റെ ശരിയായ പരിഭാഷ ശിഷ്യരാക്കി സ്‌നാനപ്പെടുത്തുവിന്‍ എന്നത്രേ. ചില പരിഭാഷകള്‍ ചുവടെ ചേര്‍ക്കുന്നത് ശ്രദ്ധിക്കുക. വലിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കാലത്ത് സുറിയാനി പട്ടക്കാര്‍ സുറിയാനിയില്‍ നിന്ന് തര്‍ജ്ജിമ ചെയ്ത് ബുക്കാനാര്‍ സായിപ്പിനെ ഏല്പിച്ചതും അദ്ദേഹം ബോംബെയില്‍ കല്ലച്ചില്‍ പതിപ്പിച്ച് മലങ്കര നസ്രാണികള്‍ക്ക് സമ്മാനിച്ചതുമായ പഴയ മലയാള ബൈബിളില്‍ പ്രസ്തുത വാക്യങ്ങള്‍ താഴെ വരും പ്രകാരമാണ്: “എന്റെ ബാവാ എന്നെ താന്‍ യാത്രയാക്കി എന്ന കണക്കെ അതിന്‍വണ്ണം നിങ്ങളെ ഞാനും യാത്രയാക്കുന്നു. അപ്പോഴോ നിങ്ങള്‍ പോയി കുലങ്ങള്‍ അവരെയൊക്കെ നിങ്ങള്‍ ശിഷ്യരാക്കി ബാവായുടെയും പുത്രന്റെയും റൂഹാക്കുദിശായുടെയും നാമത്താലെ അവരെ നിങ്ങള്‍ മാമോദീസ മുക്കുവിന്‍. നിങ്ങളോടു ഞാന്‍ പ്രമാണിച്ചുപോന്ന സകലവും അവരും കാപ്പാന്‍ അവരെ നിങ്ങള്‍ പഠിപ്പിപ്പിന്‍.” യാക്കോബായ സുറിയാനി സഭയുടെ മലങ്കര മല്പാനായിരുന്ന സുപ്രസിദ്ധ സുറിയാനി പണ്ഡിതന്‍ കോനാട്ട് മാത്തന്‍ കത്തനാര്‍ സുറിയാനിയില്‍ നിന്ന് ഭാഷാന്തരം ചെയ്തിട്ടുള്ള പുതിയ നിയമത്തില്‍ ഈ വാക്യം ഇപ്രകാരമാണ്: എന്റെ പിതാവ് എന്നെ അയച്ചത് എപ്രകാരമോ, അപ്രകാരം ഞാനും നിങ്ങളെ അയയ്ക്കുന്നു. നിങ്ങള്‍ പോയി സര്‍വ്വ ജാതികളെയും ശിഷ്യപ്പെടുത്തി പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് മാമോദീസ നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്പിച്ചിട്ടുള്ള സകലവും ആചരിപ്പാന്‍ തക്കവണ്ണം അവരെ പഠിപ്പിക്കയും ചെയ്‌വീന്‍. കത്തോലിക്കസഭ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയനിയമത്തില്‍ ഈ വാക്യം ഇപ്രകാരമാണ്: “ആകയാല്‍ നിങ്ങള്‍ പോയി സകല ജാതികളെയും ശിഷ്യപ്പെടുത്തി പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് മാമോദീസ നല്‍കി ഞാന്‍ നിങ്ങളോട് കല്പിച്ചിട്ടുള്ളതെല്ലാം ആചരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍.” ഇംഗ്ലീഷ് പരിഭാഷ കൂടി ശ്രദ്ധിക്കുക. “Go ye therefore, and ‘teach all nations baptizing them in the name of the father, and of the son, and of the Holy Ghost. Teaching them to observe all things whatsoever I have commanded you.” അപ്പൊസ്തലന്മാര്‍ വിശ്വസിച്ച് സ്‌നാനമേല്‍ക്കണമെന്ന് പഠിപ്പിക്കയും അങ്ങനെ ചെയ്യുകയുമാണ് ചെയ്തിട്ടുള്ളത്. പത്രോസ് അവരോട് നിങ്ങള്‍ മാനസാന്തരപ്പെട്ട് നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തര്‍ യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം എല്പിൻ. Acts 2:38 അവന്റെ വാക്ക് കൈക്കൊണ്ടവര്‍ സ്‌നാനമേറ്റു. Acts 2:41 ദൈവരാജ്യത്തേയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം…. അവര്‍ വിശ്വസിച്ചപ്പോള്‍ പുരുഷന്മാരും സ്ത്രീകളും സ്‌നാനമേറ്റു. Acts 8:12 നീ പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കില്‍ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് പറഞ്ഞു… അവന്‍ അവനെ സ്‌നാനം കഴിപ്പിച്ചു. Acts 8:35-38 അവന്‍ എഴുന്നേറ്റ് സ്‌നാനം ഏല്ക്കയും, ആഹാരം കൈക്കൊണ്ട് ബലം പ്രാപിക്കയും ചെയ്തു. (ശൗല്‍ മാനസാന്തരപ്പെട്ടശേഷം) Acts 9:18 കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ട് വിശ്വസിച്ച് സ്‌നാനം ഏറ്റു. Acts 19:4 പാപം സംബന്ധിച്ച് മരിച്ചവരാണ് സ്‌നാനം ഏല്‌ക്കേണ്ടത്. Rom.6:2, 3 പാപം സംബന്ധമായി മരിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് പാപത്തോടു വേര്‍പെടുക എന്നതാണ്. ആദിമസഭയില്‍ മാനസാന്തരപ്പെട്ടവരെ മാത്രമെ നാനപ്പെടുത്തിയിരുന്നുള്ളൂ. ശിശുവിന് മാമോദീസ കൊടുത്തതായിട്ടോ, കൊടുക്കുവാനോ ഒരു വാക്യവുമില്ല, വാചകമില്ല, വാക്കില്ല, യാതൊരു സൂചനയും ഇല്ല. ശിശുവിന്റെ തലമേല്‍ വെള്ളം കോരിയൊഴിച്ച് മാമോദിസയാക്കി സങ്കല്പിക്കുന്നത്, വേദവിരുദ്ധവും, ശാപകരവും ആണ്. “എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോട് സുവിശേഷം അറിയിച്ചാല്‍ അവൻ ശപിക്കപ്പെട്ടവര്‍. ഞങ്ങള്‍ മുന്‍പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു. നിങ്ങള്‍ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോട് സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.” Gal.1:8, 9. സ്‌നാനരീതി മുഴുകല്‍ തന്നെയായിരിക്കണം. ഗ്രീക്കുഭാഷയില്‍ ബാപ്റ്റിസ്സോ എന്നും, എബ്രായയില്‍ റ്റാബല്‍ എന്നും, സുറിയാനിയില്‍ മാമോദീസ എന്നും, ഇംഗ്ലീഷില്‍ ബാപ്റ്റിസം എന്നുമത്രേ സ്‌നാനത്തിന് കൊടുത്തിരിക്കുന്ന പദങ്ങള്‍. ഈ പദങ്ങളുടെ എല്ലാം അര്‍ത്ഥം വ്യക്തമാക്കുന്നത് സ്‌നാനം മുഴുകല്‍ (മുങ്ങിയുള്ള) സ്‌നാനം മാത്രമെ ആ കര്‍മ്മത്തിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം വെളിപ്പെടുത്തുന്നുള്ളൂ. സ്‌നാപകയോഹന്നാന്‍ നടത്തിക്കൊണ്ടിരുന്ന സ്‌നാനം മുഴുകലായിരുന്നു. യേശുക്രിസ്തു സ്‌നാനമേറ്റത് മുങ്ങിയായിരുന്നു. Matt.3:11; Mark 1:8; Acts 1:4 (സുറിയാനി ഭാഷാന്തരം നോക്കുക) Matt.3:16 ആദിമസഭയിലെ സ്‌നാനം മുഴുകലായിരുന്നു. ഷണ്ഡന്റെ സ്‌നാനത്തെക്കുറിച്ച് പറയുന്നിടത്ത് ഇത് വ്യക്തമാകുന്നുണ്ട്. ഫിലിപ്പോസും ഷണ്ഡനും ഇരുവരും വെള്ളത്തില്‍ ഇറങ്ങി അവന്‍ അവനെ സ്‌നാനം കഴിപ്പിച്ചു. അവര്‍ വെള്ളത്തില്‍ നിന്ന് കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് ഫിലിപ്പോസിനെ എടുത്തുകൊണ്ടുപോയി Acts 8:38, 39. സ്‌നാപകന്‍ കരെക്കുനിന്ന്, വസ്ത്രം നനയാതെ, സ്‌നാനാര്‍ത്ഥിയെ തളിച്ചോ, ഒഴിച്ചോ വിടുന്നത് ക്രിസ്തീയമല്ല, വചനാനുസരണമല്ല. സ്‌നാനരീതി മാറ്റിക്കുറിക്കുവാന്‍ പാടില്ലാത്തതും, അവകാശമില്ലാത്തതും അത്രേ. ആകാശം മാറിപ്പോകും, ഭൂമി നീങ്ങിപ്പോകും ദൈവവചനം മാറിപ്പോകയില്ല. സ്‌നാനം ഏതു നാമത്തില്‍ ഉപദേശ പഠനത്തില്‍ അത് സംബന്ധിച്ചുള്ള കര്‍ത്താവിന്റെ കല്പനക്കാണ് ഏറ്റം പ്രാധാന്യം.

വേദവിദ്യാര്‍ത്ഥികള്‍ പുതിയനിയമ പഠനത്തിനായി പുതിയനിയമത്തെ നാലായി തിരിക്കാറുണ്ട്.
(i) നാലു സുവിശേഷങ്ങള്‍
(ii) ചരിത്ര പുസ്തകം (Acts)
(iii) ഇരുപത്തിയൊന്ന് ലേഖനങ്ങള്‍
(IV) പ്രവചനം (വെളിപ്പാട്)
സകല ഉപദേശങ്ങളുടേയും കല്പനാരൂപം സുവിശേഷങ്ങളിലാണ്. കര്‍ത്താവ് കല്പിച്ചുകൊടുത്ത ഉപദേശങ്ങള്‍ സഭയില്‍ പ്രാവര്‍ത്തികമാക്കുന്നത് ചരിത്രപുസ്തകമായ പ്രവര്‍ത്തിയില്‍ കാണാം. ലേഖനങ്ങളില്‍ ഉപദേശങ്ങളുടെ വിശദീകരണവും കാണാം. സ്‌നാനം ഏതു നാമത്തില്‍ ആയിരിക്കണം എന്നുള്ളതിന്റെ സുവ്യക്തമായ കല്പനയാണ്. Matt.28:19-ല്‍ നാം വായിക്കുന്നത്. ചരിത്ര പുസ്തകമായ പ്രവര്‍ത്തികളുടെ പുസ്തകത്തില്‍ ഒരു സംഭവം നടന്നു എന്ന് രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്, വിശദീകരിക്കയല്ല. സംഭവത്തിന്റെ അടിസ്ഥാനത്തിലോ, വിശദീകരണത്തിന്റെ അടിസ്ഥാനത്തിലോ അല്ലാ കല്പനയുടെ അടിസ്ഥാനത്തിലാണ് ഉപദേശം സ്ഥാപിക്കേണ്ടതും അംഗീകരിക്കേണ്ടതും. ആകയാല്‍ സ്‌നാനം പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആയിരിക്കണം. യേശുവിന്റെ നാമത്തിലാണ് സ്‌നാനം എന്നു പറയുന്നവര്‍ കര്‍ത്താവിന്റെ കല്പന നോക്കുന്നില്ല. പ്രവര്‍ത്തികളുടെ പുസ്തകത്തിലെ സംഭവമേ നോക്കുന്നുള്ളു. പ്രവര്‍ത്തികളുടെ പുസ്തകത്തില്‍ കര്‍ത്തൃമേശയെക്കുറിച്ച് പറയുന്നയിടങ്ങളില്‍ അപ്പം മുറിക്കുവാന്‍ കൂടിവന്നുയെന്ന് (Acts 20:7). അവര്‍ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ത്ഥന കഴിച്ചും പോന്നു. Acts 2:42 എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ വീഞ്ഞ് ഇല്ലായിരുന്നുയെന്ന് ഒരുവന്‍ ശഠിച്ചാല്‍ അത് ഭോഷത്വമല്ലേ? അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ വീഞ്ഞ് ഉണ്ട്. അത് കര്‍ത്താവിന്റെ കല്പനയാണ്. യേശുതമ്പുരാന്‍ കാണിച്ചുകൊടുത്തതാണ്. അപ്പൊസ്തലന്മാര്‍ നടത്തിയ സ്‌നാനം ഒന്നും യേശുവിന്റെ നാമത്തിലല്ലായിരുന്നു. ത്രിത്വനാമത്തിലത്രേയെന്ന് വ്യക്തം. വിശുദ്ധ പൗലോസിന്റെ മൂന്നാം മിഷനറി യാത്രയില്‍ താന്‍ എഫസോസില്‍ എത്തി. ചില ശിഷ്യന്മാരെ കണ്ടു. നിങ്ങള്‍ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് അവരോട് ചോദിച്ചതിന് പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്നു പറയുന്നു. ഉടനെ പൗലോസ് എന്നാല്‍ ഏതായിരുന്നു നിങ്ങളുടെ സ്‌നാനം എന്ന് ചോദിക്കുവാന്‍ കാരണം എന്താണ്? സ്‌നാനം പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആകയാല്‍ കുറഞ്ഞപക്ഷം സ്‌നാനസമയത്തെങ്കിലും പരിശുദ്ധാത്മാവിനെ കുറിച്ച് കേട്ടിരിക്കും. കര്‍ത്താവ് കല്പിച്ചതും ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ആയ മാറ്റമില്ലാത്ത കല്പനകളെ തിരുത്തുവാനോ, മാറ്റി പഠിപ്പിക്കുവാനോ ആര്‍ക്കും അവകാശമില്ലാത്തതാകുന്നു. സ്‌നാനം എന്തിന്? ആഴമേറിയ ആത്മീയാര്‍ത്ഥം ഉള്‍ക്കൊള്ളുന്ന കര്‍മ്മമത്രേ വിശുദ്ധ മാമോദീസ.
1. യേശുക്രിസ്തുവിനോട് ചേരുവാന്‍… Rom.6:3; Gal.3:27 വിശ്വാസം ഏറ്റുപറഞ്ഞ് പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ നിമജ്ഞന സ്‌നാനം (മുഴുകല്‍) സ്വീകരിക്കാത്ത ഒരൊറ്റ വ്യക്തിയും കര്‍ത്താവിനോട് ചേര്‍ന്നിട്ടില്ല. ലോക സംഘടനകളിലെ അംഗങ്ങളായിരിക്കാം.
2. ക്രിസ്തുവിന്റെ മരണത്തെയും, അടക്കത്തെയും, ഉയിര്‍ത്തെഴുനേല്പിനെയും കാണിക്കുവാന്‍ (പങ്കാളിയാകുവാന്‍) Col.2:12; Rom.6:4, 5
3. നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷ – 1Pet.3:21
4. ദൈവനീതിയുടെ നിവൃത്തീകരണം – Luke 7:29; Matt.3:15
5. ക്രിസ്തുവിനെ ധരിക്കേണ്ടതിനാണ് സ്‌നാനം – Gal.3:27
6. ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിന് – Rom.6:5
7. കര്‍ത്താവിനോടുള്ള സ്‌നേഹത്തിന്റെ പ്രത്യക്ഷീകരണത്തിനായി – John 14:15, 21, 23, 24
ഇത്ര ആഴമേറിയ അര്‍ത്ഥം ഉള്‍ക്കൊണ്ടിരിക്കുന്ന ഈ അതിവിശുദ്ധ കര്‍മ്മം നിങ്ങള്‍ക്ക് പ്രായോഗികമാക്കുവാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഇന്നുതന്നെ അതിനായി സമര്‍പ്പിക്കു, അനുസരിക്കൂ. പരിശുദ്ധാത്മാവ് അതിനായി നിങ്ങളെ സഹായിക്കട്ടെ.

അദ്ധ്യായം 4-ശിശുസ്‌നാനത്തിന്റെ വാദമുഖങ്ങളും നിശ്ശേഷഖണ്ഡനവും
ശിശു സ്‌നാനക്കാര്‍ അവരുടെ വാദഗതികള്‍ ഉറപ്പിക്കേണ്ടതിനായി ഏഴ് കാര്യങ്ങള്‍ ആണ് പറയാറുള്ളത്. അത് ഓരോന്നായി ചുവടെ ചേര്‍ക്കുന്നു.
(1) ജന്മപാപം
(2) പരിച്ഛേദന
(3) പകരവിശ്വാസം
(4) ദൈവരാജ്യ പ്രവേശനം
(5) സഭയുടെ അധികാരം
(6) കൂദാശയുടെ ശക്തി
(7) കുടുംബ സ്‌നാനം
തിരുവെളിച്ചത്തില്‍ സത്യം ഏതാണെന്ന് വായനക്കാര്‍ പരിശോധിക്കുകയെന്നുള്ളതാണ് ഈ അദ്ധ്യായത്തിലുദ്ദേശിക്കുന്നത്.

1. ജന്മപാപം, ശിശുസ്‌നാനം എന്ന ദുരുപദേശം പടത്തുയര്‍ത്തിയിരിക്കുന്നത് ജന്മപാപം എന്ന ഉപദേശത്തിന്മേലാണ്. റോമാ, യാക്കോബായ തുടങ്ങിയ പൗരോഹിത്യ സഭകള്‍ ഇന്നും പഠിപ്പിക്കുന്നത് ആദാമ്യപാപം അഥവാ ജന്മപാപം ഇന്നും തുടരുന്നു എന്നാണ്. ഇതാണ് സത്യമെങ്കില്‍ യേശു കാല്‍വറിയില്‍ മരിച്ചതുകൊണ്ട് എന്തു നേടി. ആദാമിന്റെ കടച്ചീട്ട് കീറിക്കളഞ്ഞു എന്ന യാക്കോബായ പ്രിമിയോന്റെ അര്‍ത്ഥം എന്ത്? ഹാ! കഷ്ടം എന്നല്ലാതെ എന്തു പറയാനാണ്. പൗരോഹിത്യ സഭയിലെ പല പണ്ഡിതന്മാരും സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. ജന്മപാപം എന്ന ഉപദേശത്തെയും, ശിശുസ്‌നാനത്തെയും തെര്‍ത്തുല്യന്‍ എന്ന സഭാപിതാവ് എതിര്‍ത്തിരുന്നു എന്ന് ചരിത്രം പഠിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ കാല്‍വറിയിലെ മരണത്താല്‍ എന്നേക്കുമുള്ള പാപപരിഹാരം വന്നു കഴിഞ്ഞു. ഇത് ജന്മപാപം ഒഴിച്ചുള്ളതല്ല. സകല പാപങ്ങളുടെയും പരിഹാരം വന്നു കഴിഞ്ഞു. ഇനി പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ശേഷിച്ചിരിപ്പില്ല. ദൈവപുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു 1John 1:7. ജന്മപാപം മാമോദീസയാലും, കര്‍മ്മപാപം യേശുവിന്റെ ക്രൂശ് മരണത്താലും മോചിപ്പിക്കപ്പെടുന്നുയെന്നുള്ള ചിന്ത എത്രയോ ഭോഷത്വമാണ്. മാത്രമല്ല അത് ക്രിസ്തുവിന്റെ ക്രൂശ് മരണത്തെയും, രക്തത്താലുള്ള വീണ്ടെടുപ്പിനെയും ചെറുതാക്കി കാണിക്കുന്നതാണ്. ആ രക്തത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. Heb.10:10 മാമോദീസ പാപപരിഹാരത്തിനു വേണ്ടിയുള്ളതല്ല. യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ പാപമോചനം പ്രാപിച്ചവന്‍ അനുസരിപ്പാനുള്ളതത്രേ. പാപമോചനം മാമോദീസയാലെങ്കില്‍ രക്ഷ കര്‍മ്മ മാര്‍ഗ്ഗത്താലെന്നു വരും. അത് വേദവിരുദ്ധമാണ്. രക്ഷ വിശ്വാസത്താല്‍ തന്നെ. രക്ഷ എന്ന അദ്ധ്യായത്തില്‍ വിശദീകരിച്ചിട്ടുള്ളതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഉദാ.: ഭാരതം സ്വാതന്ത്ര്യം നേടിയതിനുശേഷം ജനിക്കുന്ന ഒരു ഭാരതീയനും ബ്രിട്ടന് അടിമയല്ല. സ്വതന്ത്രനാണ്. ഇവ്വണ്ണം കര്‍ത്താവിന്റെ ക്രൂശീകരണത്തിനുശേഷം ആദാമ്യപാപം എന്ന അടിമത്വം (നുകം) മനുഷ്യന്റെമേല്‍ ഇല്ല. കര്‍ത്താവ് ലോകത്തെ ന്യായം വിധിപ്പാന്‍ പോകുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക.” അവനില്‍ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല. വിശ്വസിക്കാത്തവന് ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു. ന്യായവിധി എന്നതോ വെളിച്ചം ലോകത്തില്‍ വന്നിട്ടും മനുഷ്യരുടെ പ്രവര്‍ത്തി ദോഷമുള്ളതാകയാല്‍ അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്‌നേഹിച്ചതു തന്നെ. John 3:18, 19.

2. പരിച്ഛേദന പഴയനിയമ പരിച്ഛേദന സ്‌നാനത്തിന്റെ നിഴലാണെന്ന് ശിശുസ്‌നാനക്കാര്‍ വാദിക്കുന്നു. ആകയാല്‍ എട്ടാം നാളില്‍ ശിശുവിന് പരിച്ഛേദന കൊടുത്തിരുന്നതുപോലെ ശിശുക്കള്‍ക്ക് സ്‌നാനം കൊടുത്തു കൂടെയോ? പരിച്ഛേദന സ്‌നാനത്തിന് നിഴലല്ല. യഹൂദന്മാരുടെ ഇടയില്‍ നടപ്പിലിരിക്കുന്നതും, പഴയനിയമത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നതുമായ ചേലാകര്‍മ്മം (പരിച്ഛേദന) മാനസാന്തരം അഥവാ ഹൃദയത്തിന്റെ ആത്മീയ ചേലാകര്‍മ്മത്തിന്റെ നിഴലത്രേ. പുറമെ യഹൂദനായവന്‍ യഹൂദനല്ല പുറമേ ജഡത്തിലുള്ളത് പരിച്ഛേദനയുമല്ല. അകമെ യഹൂദനായവന്‍ അത്രേ യഹൂദന്‍. അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയ പരിച്ഛേദനയത്രേ പരിച്ഛേദന; അവന് മനുഷ്യരാലല്ല ദൈവത്താല്‍ തന്നെ പുകഴ്ച ലഭിക്കും. Rom.2:28, 29 അതുപോലെ തന്നെ ചേലാകര്‍മ്മം യിസ്രയേലിലെ പുരുഷ സന്താനങ്ങള്‍ക്കാണ് വിധിക്കപ്പെട്ടിരുന്നത്. സ്ത്രീകള്‍ക്കല്ല. എന്നാല്‍ സ്‌നാനമോ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ആവശ്യമാണ്. അവ്വണ്ണം തന്നെ ഹൃദയത്തില്‍ നടക്കുന്ന ആത്മീക പരിച്ഛേദനയാകുന്ന മാനസാന്തരം പുരുഷനും, സ്ത്രീയ്ക്കും ആവശ്യമാണ്. ആകയാല്‍ പരിച്ഛേദന മറയാക്കി ശിശുവിന് മാമോദീസ കൊടുക്കരുത്. അത് വേദവിരുദ്ധമാണ്.

3. പകരവിശ്വാസം ശിശു മാമോദീസക്കാര്‍ അടുത്തതായി ഉന്നയിക്കുന്ന വാദം പകരവിശ്വാസം എന്നുള്ളതാണ്. ഒരുവനുവേണ്ടി മറ്റൊരുവന്‍ വിശ്വസിക്കുക. എന്ന് അര്‍ത്ഥം. പകരവിശ്വാസം ശാരീരികാവശ്യങ്ങള്‍ക്കു മാത്രമേ വേദത്തില്‍ പറയുന്നുള്ളൂ. അത് പാപമോചനത്തിനോ, ആത്മരക്ഷയ്‌ക്കോ കാരണമായിരിക്കുന്നില്ല. പകരവിശ്വാസത്താല്‍ ഇത് സാദ്ധ്യമാകുമായിരുന്നെങ്കില്‍, കര്‍ത്താവോ, പൗലോസോ, പത്രോസോ, അപ്പൊസ്തലന്മാര്‍ ആരെങ്കിലുമോ എല്ലാവര്‍ക്കും വേണ്ടി വിശ്വസിച്ചാല്‍ മതിയായിരുന്നുവല്ലോ. അല്ല, ഓരോ തലമുറയിലും ഉള്ള സഭാശ്രേഷ്ഠന്മാര്‍ അതാതുതലമുറകള്‍ക്കുവേണ്ടി വിശ്വസിച്ചാല്‍ പോരെ. പാപമോചനത്തിനോ, ആത്മരക്ഷക്കോ, തിരുവചന സത്യങ്ങള്‍ അനുസരിക്കുന്നതിനോ പകരവിശ്വാസം ആധാരമാക്കുന്നത് വേദവിരുദ്ധമാണ്. യേശുവിനെ കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവനും …… അധികാരം കൊടുത്തു. John 1:12 യേശുവിനെ കര്‍ത്താവ് എന്ന് ….. വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. Rom.10:9. ആമേന്‍, ആമേന്‍ ഞാന്‍ നിങ്ങളോട് പറയുന്നു എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട് John 5:24. ഇപ്രകാരം വ്യക്തിപരമായി വിശ്വസിക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്ന അനേക വാക്യങ്ങള്‍ വേദത്തില്‍ ഉണ്ടല്ലൊ. മാത്രമല്ല ന്യായവിധിയും വ്യക്തിപരമായി തന്നെയാണ്. അവനവന്‍ ശരീരത്തിലിരിക്കുമ്പോള്‍ ചെയ്തത് നല്ലതാകിലും തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുന്‍പാകെ വെളിപ്പെടേണ്ടതാകുന്നു. 2Cor.5:10

4. ദൈവരാജ്യ പ്രവേശനം മാമോദീസാ സ്വീകരിക്കുന്നതിനു മുമ്പ് ഒരു ശിശു മരിച്ചാല്‍ നരകത്തില്‍ പോകും എന്നുള്ള അബദ്ധോപദേശം ആണ് ശിശുസ്‌നാനത്തിന് പ്രേരണ നല്കുന്ന മറ്റൊരു ഘടകം. ആകയാല്‍ ശിശുവിന് മാമോദീസാ കൊടുത്ത് ദൈവരാജ്യം ഉറപ്പ് വരുത്തുകയാണ് പട്ടത്വസഭകള്‍ ചെയ്യുന്നത്. ശിശുക്കള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിന് വിശ്വാസ സ്‌നാനക്കാര്‍ തടസ്സമല്ല. അതിനുള്ള വഴി സ്‌നാനമല്ല എന്നു മാത്രം. ശിശുക്കള്‍ക്ക് ദൈവരാജ്യം ഉണ്ടെന്നത്രേ തിരുവചനത്തില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ദാവീദ് രാജാവിന്റെ മകന്‍ മരിച്ചപ്പോള്‍, അവന്‍ ഇനി എന്റെ അടുക്കല്‍ മടങ്ങി വരികയില്ല, ഞാന്‍ അങ്ങോട്ടുചെന്ന് അവനെ കാണും എന്ന് പ്രസ്താവിച്ചിരിക്കുന്നു. ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായ ദാവീദ് ചെല്ലുന്ന സ്ഥാനത്ത് (സ്വര്‍ഗ്ഗത്തില്‍) തന്റെ കുഞ്ഞ് ഉണ്ടായിരിക്കുമെന്ന് താന്‍ വിശ്വസിച്ചിരുന്നു. മാത്രമല്ല കര്‍ത്താവായ യേശുക്രിസ്തു ശിശുക്കളെ അടുക്കല്‍ വിളിച്ച് അവരെ അനുഗ്രഹിച്ചു. സ്വര്‍ഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതാണെന്ന് പ്രസ്താവിച്ചു. നിങ്ങള്‍ തിരിഞ്ഞ് ശിശുക്കളെപ്പോലെ ആകുന്നില്ലായെങ്കില്‍ ദൈവരാജ്യം അവകാശമാക്കുകയില്ലായെന്ന് കര്‍ത്താവ് പറഞ്ഞു. മേല്‍ ഉദ്ധരിച്ചിരിക്കുന്ന ഭാഗങ്ങള്‍ ശിശുക്കള്‍ക്ക് ദൈവരാജ്യം ഉണ്ടെന്ന് വ്യക്തമാക്കുന്നു. ക്രിസ്ത്യാനിയുടെ എന്നോ, മുസല്‍മാന്റെ എന്നോ, ഹിന്ദുവിന്റെ എന്നോ വ്യത്യാസം കൂടാതെ വിശ്വസിപ്പാന്‍ പ്രാപ്തിയാകുന്നതിനു മുന്‍പ് മരിച്ചുപോകുന്ന ശിശുവിന് ദൈവരാജ്യ പ്രവേശനം ലഭിക്കും. എന്തുകൊണ്ടെന്നാല്‍ സകല ജാതികളുടെയും പാപങ്ങളുടെ പരിഹാരം യേശുക്രിസ്തു കാല്‍വറിയില്‍ നിവൃത്തിച്ചു.

5. സഭയുടെ അധികാരം സഭയോ, വചനമോ ആദ്യം. വചനത്തിനോ, സഭയ്‌ക്കോ അധികാരം എന്നുള്ളതാണ് ഇവിടുത്തെ പ്രധാന വിഷയം. ഈ പുസ്തകത്തിന്റെ തന്നെ വിശേഷഘടകങ്ങള്‍ എന്ന ഭാഗത്ത് പ്രസ്തുത വിഷയം വിശദീകരിച്ചിരിക്കുന്നതിനാല്‍ ആ ഭാഗം ചേര്‍ത്തു പഠിക്കുക. തിരുവചനത്തിനാണ് പൂര്‍ണ്ണ അധികാരം. സഭക്കു വചനം നല്കുന്ന, നല്കിയിരിക്കുന്ന അധികാരം മാത്രമെ ഉള്ളൂ. ആകയാല്‍ സഭക്ക് അധികാരം ഉണ്ടെന്ന് പറഞ്ഞ് വേദപുസ്തകസത്യമായ വിശ്വാസസ്‌നാനം ശിശു മാമോദീസയാക്കിത്തീര്‍ക്കുവാന്‍ പാടില്ലാത്തതാകുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോട് സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍. ഞങ്ങള്‍ മുന്‍പു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു. നിങ്ങള്‍ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോട് സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍. Gal.1:8, 9. ഈ വേദഭാഗം ഗീതമായി രചിച്ചത് പട്ടത്വസഭകള്‍ പാടാറുണ്ടല്ലൊ. നിങ്ങളുടെ വായിലെ വാക്കുകളാല്‍ തന്നെ ദൈവം ന്യായം വിധിക്കും എന്ന സത്യം മറന്നുപോകരുതേ. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

6. കൂദാശയുടെ ശക്തി സ്‌നാനമെന്ന കൂദാശകൊണ്ട് രക്ഷകിട്ടും എങ്കില്‍ എല്ലാവരെയും സ്‌നാനവെള്ളം തളിച്ചോ, ഒഴിച്ചോ സഭയോട് ചേര്‍ത്താല്‍ മതിയായിരുന്നു. ക്രിസ്തുയേശു ക്രൂശുമരണം വരിക്കയോ, ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. മാത്രമല്ല ഏഴ് കൂദാശകളില്‍ മാമോദീസാ എന്ന കൂദാശയ്ക്ക് മാത്രമേ ശക്തിയുള്ളോ? കൂദാശകള്‍ക്ക് ശക്തി ഉണ്ടെങ്കില്‍ എന്തുകൊണ്ട് ശിശുവിന് പട്ടത്വം, വിവാഹം ആദിയായവ കൊടുത്തുകൂടാ? പട്ടത്വം കൊടുക്കുന്നതിനും, വിവാഹം കഴിക്കുന്നതിനും പ്രായവും പക്വതയും ആവശ്യമാണെങ്കില്‍, എന്തുകൊണ്ട് സ്‌നാനം എന്ന കൂദാശയ്ക്ക് വിശ്വാസം ആവശ്യമായിക്കൂടാ. കബളിപ്പിക്കരുത്, വഞ്ചിക്കപ്പെടരുത്. കൂദാശയുടെ ശക്തി ആധാരമാക്കി ശിശുവിന് മാമോദീസ കൊടുക്കുന്നത് വേദവിരുദ്ധമാണ്.

7. കുടൂംബസ്‌നാനം പ്രവൃത്തികളുടെ പുസ്തകത്തില്‍ കുടുംബമായി സ്‌നാനമേറ്റു എന്നു പറഞ്ഞിരിക്കുന്നു. കുടുംബത്തില്‍ കുഞ്ഞുങ്ങളില്ലേ? അങ്ങനെയെങ്കില്‍ കുടുംബസ്‌നാനത്തില്‍ കുഞ്ഞുങ്ങളും സ്‌നാനപ്പെട്ടിട്ടില്ലേ? ഈ ചോദ്യത്തിന്റെ വ്യക്തമായ മറുപടി തിരുവചന വെളിച്ചത്തില്‍ ചുവടെ ചേര്‍ക്കുന്നു. പുതിയനിയമത്തില്‍ അഞ്ച് കുടുംബങ്ങള്‍ സ്‌നാനമേറ്റതായി കാണുന്നു.
1. ലുദിയായുടെ ഭവനം – Acts 16:15
2. കാരാഗ്രഹപ്രമാണിയുടെ ഭവനം – Acts 16:31-34
3. കൊര്‍ന്നല്ല്യോസിന്റെ കുടുംബം – Acts 10:44-48
4. പള്ളിപ്രമാണിയായ ക്രിസ്‌പോസിന്റെ കുടുംബം – Acts 18:8
5. സ്‌തേഫാനോസിന്റെ കുടുംബം 1Cor.1:16 ലുദിയായുടെ കുടുംബത്തില്‍ സ്‌നാനമേറ്റതാരാണ്.
സഹോദരന്മാര്‍ എന്ന് വിളിക്കപ്പെടുവാന്‍ പ്രായമുള്ളവരായിരുന്നു. Acts 16:40 ശിശുക്കള്‍ സ്‌നാനമേറ്റില്ലായെന്ന് വ്യക്തം. കാരാഗ്രഹപ്രമാണിയുടെ കുടുംബത്തില്‍ സ്‌നാനപ്പെട്ടവര്‍ ദൈവത്തില്‍ വിശ്വസിച്ചവരും, തല്‍ഫലമായി ആനന്ദിക്കുന്നതിന് പ്രാപ്തിയുള്ളവരും ആയിരുന്നു. കൊര്‍ന്നല്യോസിന്റെ കുടുംബത്തില്‍ സ്‌നാനപ്പെട്ടവര്‍ ആരാണ്? വചനം കേള്‍ക്കുന്നതിനും, ദൈവത്തെ മഹത്വീകരിക്കുന്നതിനും പ്രാപ്തിയുള്ളവര്‍ മാത്രമായിരുന്നു. ശിശു സ്‌നാനപ്പെട്ടതായി ഒരു സൂചനപോലും ഈ ഭാഗത്തുനിന്നും ലഭിക്കുന്നതല്ല. പള്ളിപ്രമാണിയായ ക്രിസ്‌പ്പോസ് തന്റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു. കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ട് വിശ്വസിച്ച് സ്‌നാനം ഏറ്റു. Acts 18:8 ഇവിടെയും വചനം കേട്ട് വിശ്വസിച്ചവരാണ് സ്‌നാനം ഏറ്റത്. സ്‌തേഫാനോസിന്റെ കുടുംബത്തില്‍ സ്‌നാനപ്പെട്ടതാരാണ്. വിശുദ്ധന്മാരെ ശുശ്രൂഷിപ്പാന്‍ പ്രാപ്തിയുള്ളവരായിരുന്നു. 1Cor.16:15-ല്‍ അതു വ്യക്തമാക്കുന്നു. ഇപ്രകാരം തിരുവചനം നാം സൂക്ഷമായി പരിശോധിക്കുമ്പോള്‍ കുടുംബമായി സ്‌നാനമേറ്റു എന്ന് പറഞ്ഞിരിക്കുന്ന ഒരിടത്തും ശിശുക്കള്‍ക്ക് മാമോദീസാ കൊടുത്തതായി ഒരു സൂചനപോലും ഇല്ല. വിശ്വസിക്കുന്നവരെ സ്‌നാനപ്പെടുത്തുവിന്‍ എന്ന തെളിഞ്ഞ കല്പനയും, സഭയുടെ സാക്ഷ്യവും ഉള്ളതിനാല്‍ ശ്‌ളീഹന്‍മാരോ, ആദ്യകാല പ്രവര്‍ത്തകരോ അതിനെതിരായി പ്രവര്‍ത്തിക്കയില്ല എന്നുള്ളത് സുവ്യക്തമായ വസ്തുതയാണ്. കുഞ്ഞുങ്ങളെ കൂടാതെ കുടുംബം എന്നു പറയാം. Gen.5:8-ല്‍ യോസേഫിന്റെ കുടുംബമൊക്കെയും അവന്റെ സഹോദരന്മാരും, പിതൃഭവനവും അവനോടുകൂടെ പോയി. തങ്ങളുടെ കുഞ്ഞുകുട്ടികളെയും, ആടുമാടുകളെയും മാത്രം അവര്‍ ഗോശാന്‍ ദേശത്ത് വിട്ടേച്ചുപോയി. കുഞ്ഞുങ്ങളെക്കൂടാതെ കുടുംബമൊക്കെയും എന്നുള്ള പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുക. ശൗലിന്റെ ഗൃഹവും, ദാവീദിന്റെ ഗൃഹവും തമ്മില്‍ ദീര്‍ഘകാലം യുദ്ധം നടന്നു. എന്നാല്‍ ദാവീദിന് ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചും വന്നു. 2Sam.3:1 ഇവിടെ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘകാലം നടന്ന യുദ്ധത്തെക്കുറിച്ച് നാം വായിക്കുന്നു. ഇരു കുടുംബങ്ങളിലെയും കുഞ്ഞുങ്ങള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് അര്‍ത്ഥമില്ല. യുദ്ധപ്രാപ്തിയുള്ളവര്‍ ഏര്‍പ്പെട്ടു എന്നല്ലേ ബുദ്ധിയുള്ളവര്‍ മനസ്സിലാക്കൂ. 5-ാം വാര്‍ഡില്‍ 100% വോട്ടിംഗ് നടന്നു എന്നു പറഞ്ഞാല്‍ കുഞ്ഞുങ്ങളും വോട്ട് ചെയ്തു എന്ന് വിവേകമുള്ളവര്‍ ചിന്തിക്കുമോ? ഒരുനാളും ഇല്ല. ഓരോന്നിനും അര്‍ഹതയുള്ളവര്‍ എന്നല്ലേ മനസ്സിലാക്കേണ്ടത്. അങ്ങനെയെങ്കില്‍ കുടുംബമായി സ്‌നാനമേറ്റു എന്ന് പറഞ്ഞിരിക്കുന്നതിനാല്‍ ആ കുടുംബത്തില്‍ വിശ്വസിപ്പാന്‍ പ്രാപ്തിയുള്ളവരെല്ലാം വിശ്വസിച്ച് സ്‌നാനമേറ്റു എന്നര്‍ത്ഥം. ഇതല്ലേ യാഥാര്‍ത്ഥ്യം. ശിശുസ്‌നാനക്കാര്‍ നിരത്തുന്ന വാദമുഖങ്ങള്‍ എല്ലാം തന്നെ ന്യായരഹിതവും, വേദവിരുദ്ധവുമാണ്. ഈ കൂട്ടര്‍ വരുവാന്‍ പോകുന്ന ന്യായവിധിയെ എങ്ങനെ നേരിടും? ക്രൈസ്തവ ജനമേ വചനസത്യത്തിലേക്ക് മടങ്ങിവരിക. സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ. ക്രിസ്തു നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രരാകും. പിന്നെയും അടിമ നുകത്തില്‍ കുടുങ്ങിപ്പോകരുത്.

അദ്ധ്യായം 5-തിരുവത്താഴം കുര്‍ബാനയോ?
പുതിയനിയമസഭ അനുഷ്ഠിപ്പാന്‍ കര്‍ത്താവ് നിയമിച്ചുകൊടുത്ത കര്‍മ്മങ്ങളില്‍ ഒന്നാമത്തേത് മാമോദീസാ (സ്‌നാനം) ആകുന്നുവെന്ന് മുകളില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. രണ്ടാമത്തേത് കര്‍ത്തൃമേശയത്രേ. ഈ കര്‍മ്മത്തിന് പുതിയനിയമത്തില്‍ മൂന്ന് പേരുകളാണ് കൊടുത്തിരിക്കുന്നത്.
(1) കര്‍ത്തൃമേശ
(2) തിരുവത്താഴം
(3) അപ്പം മുറിക്കല്‍.
കുര്‍ബാന (ബലി, വഴിപാട്) എന്ന ഒരു പദം ഈ കര്‍മ്മത്തിന് തിരുവെഴുത്തില്‍ ഒരിക്കല്‍പോലും, ഒരിടത്തും പറഞ്ഞിട്ടില്ല. കര്‍ത്താവു കല്പിച്ചുകൊടുത്തതും, മാതൃക കാണിച്ചുകൊടുത്തതും അത്രേ ഈ ശുശ്രൂഷ. “അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാര്‍ക്ക് കൊടുത്തു; വാങ്ങി ഭക്ഷിപ്പീന്‍ ഇത് എന്റെ ശരീരം എന്നുപറഞ്ഞു. പിന്നെ പാനപാത്രം എടുത്ത് തോത്രം ചൊല്ലി അവര്‍ക്ക് കൊടുത്തു. എല്ലാവരും ഇതില്‍ നിന്ന് കുടിപ്പീന്‍. ഇത് അനേകര്‍ക്കുവേണ്ടി പാപമോചനത്തിനായി എരിയുന്ന പുതിയനിയമത്തിനുള്ള എന്റെ രക്തം. എന്റെ പിതാവിന്റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതിയതായി കുടിക്കും നാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍ നിന്ന് ഇനി കുടിക്കയില്ല എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. Matt.26:26-29. സുവിശേഷത്തിന്റെ എഴുത്തുകാരനായ മര്‍ക്കോസും, ലൂക്കോസും മുകളില്‍ പറഞ്ഞിരിക്കുന്ന സംഭവം തങ്ങളുടെ സുവിശേഷത്തില്‍ വിവരിച്ചിട്ടുണ്ട്. Mark 14:22-25; Luke 22:19, 20. അപ്പൊസ്തലനായ പൗലോസ് കര്‍ത്തൃമേശയുടെ വിശദീകരണം കര്‍ത്താവില്‍ നിന്ന് പ്രാപിച്ച് കൊരിന്ത്യലേഖനത്തില്‍ എഴുതിയിരിക്കുന്നു. 1Cor.11:23-32; 1Cori.10:15, 25. പട്ടത്വസഭകള്‍ മറ്റ് ഉപദേശങ്ങളെപ്പോലെ തന്നെ ഈ ഉപദേശവും വളച്ചൊടിച്ച് ജനത്തെ തെറ്റായി പഠിപ്പിച്ചുകൊണ്ടിരിക്കയാണെന്നത് ഖേദത്തോടെ പ്രസ്താവിക്കട്ടെ. തിരുവെഴുത്തിലെ അത്ഭുതങ്ങളെ കാണുവാന്‍ ദൈവം അവരുടെ കണ്ണുകളെ പ്രകാശിപ്പിക്കട്ടെ. ആദാമ്യ കുടുംബത്തിനുവേണ്ടി കര്‍ത്താവായ യേശുക്രിസ്തു അനുഭവിച്ച കഷ്ടപ്പാടുകളെയും, തന്റെ പാവനരക്തം ചിന്തിയതിനെയും, ഓര്‍മ്മിക്കുന്നതാണ് ഈ വിശുദ്ധമേശ. കര്‍ത്താവിന്റെ വരവുവരെ രക്ഷിക്കപ്പെട്ട ദൈവജനം തങ്ങളുടെ പ്രാണനാഥന്റെ പീഡാനുഭവം ഈ വിധത്തില്‍ സ്‌തോത്രത്തോടുകൂടെ അനുസ്മരിക്കേണ്ടതാകുന്നു. ക്രിസ്തുവിന്റെ മരണത്തില്‍ പങ്കാളിയാകുവാന്‍ സ്‌നാനവും ക്രിസ്തുവിന്റെ മരണത്തെ സ്മരിക്കുവാന്‍ തിരുമേശയും വെയ്ക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു ഒരിക്കല്‍ മാത്രം മരിക്കയും അടക്കപ്പെടുകയും, ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ മരണത്തിലും അടക്കത്തിലും, പുനരുത്ഥാനത്തിലും പങ്കാളിയാകുന്ന തിരുവചനപ്രകാരമുള്ള ജലസ്‌നാനം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിച്ചാല്‍ മതി. എന്നാല്‍ കര്‍ത്താവിന്റെ മരണത്തെ പ്രസ്താവിക്കുന്ന തിരുമേശയോ കര്‍ത്താവിന്റെ മദ്ധ്യാകാശ വരവുവരെ അനുഷ്ഠിക്കേണ്ടതാകുന്നു. മേശ അനുഷ്ഠിക്കേണ്ടത് എങ്ങനെ? കര്‍ത്താവ് കാണിച്ചുതന്ന മാതൃകപ്രകാരം തിരുമേശ അനുഷ്ഠിക്കണം. അവന്‍ അപ്പം എടുത്ത് സ്‌തോത്രം ചൊല്ലി നുറുക്കി ശിഷ്യന്മാര്‍ക്ക് കൊടുത്തു. ശിഷ്യന്മാര്‍ അതില്‍ പങ്കാളികളായി. അനന്തരം പാനപാത്രം എടുത്ത് സ്‌തോത്രം ചൊല്ലി ശിഷ്യന്മാര്‍ക്ക് കൊടുത്തു. അവര്‍ വാങ്ങി പാനം ചെയ്യുകയും ചെയ്തു. അപ്രകാരം തുടര്‍ന്ന് ചെയ്യുന്നതിന് കല്പന കൊടുക്കുകയും ചെയ്തു. ചിലര്‍ ചെയ്യുന്നതുപോലെ അപ്പം കൊടുക്കുകയും വീഞ്ഞ് കാര്‍മ്മികന്‍ മാത്രം അനുഭവിക്കുകയും ചെയ്യുന്നത് വേദപുസ്തക മാതൃകയല്ല. അവ്വണ്ണം അപ്പം വീഞ്ഞില്‍ മുക്കികൊടുക്കുന്നതും വേദാനുസരണമല്ല. രണ്ടും വേദവിരുദ്ധമാണ്. തിരുമേശ അനുഷ്ഠിക്കേണ്ടത് എപ്പോള്‍? ഒന്നാം നൂറ്റാണ്ടിലെ സഭ ആരംഭ സമയങ്ങളില്‍ ദിവസവും അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തിപ്പോന്നു. ഒരുമനപ്പെട്ട് ദിനംപ്രതി ദൈവാലയത്തില്‍ കൂടിവരികയും വീട്ടില്‍ അപ്പം നുറുക്കികൊണ്ട് ഉല്ലാസവും, പരമാര്‍ത്ഥതയും പൂണ്ട് ഭക്ഷണം കഴിക്കയും, ദൈവത്തെ സ്തുതിക്കയും, സകല ജനത്തിന്റെയും കൃപ അനുഭവിക്കുകയും ചെയ്തു. Acts 2:46, 47. പിന്നീട് ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ തോറും ആയിരുന്നുവെന്ന് നമുക്ക് ചിന്തിക്കാം. ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടി വന്നപ്പോള്‍. Acts 20:7. സഭ കൂടിവരുമ്പോഴൊക്കെയും, പകലുമാകാം, രാത്രിയിലുമാകാം കര്‍ത്താവിന്റെ ഓര്‍മ്മക്കായി തിരുവത്താഴ ശുശ്രൂഷ നിര്‍വ്വഹിക്കാവുന്നതാണ്. കുറഞ്ഞപക്ഷം ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ സഭ കൂടിവരുമ്പോള്‍ കര്‍ത്തൃമേശ ഉണ്ടായിരിക്കുന്നതാണ് യോഗ്യത. മാതൃക: ഈ കര്‍മ്മം അനുഷ്ഠിക്കേണ്ടതിന്റെ ദിവസമോ, സമയമോ നിഷ്‌കര്‍ഷിച്ച് പറഞ്ഞിട്ടില്ല. വസ്തുമാറ്റം നടക്കുന്നുവോ? പുരോഹിതന്‍ അപ്പവും വീഞ്ഞും ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ വസ്തുമാറ്റം സംഭവിക്കുന്നു, അഥവാ അപ്പം യേശുവിന്റെ ശരീരമായും വീഞ്ഞ് യേശുവിന്റെ രക്തമായും മാറുന്നുവെന്ന് പട്ടത്വസഭകള്‍ പഠിപ്പിക്കുന്നു. അതുകൊണ്ട് അവര്‍ അര്‍പ്പിക്കുന്ന ഓരോ കുര്‍ബാനയും ഓരോ പാപപരിഹാര ബലിയാണെന്നും അവര്‍ പഠിപ്പിക്കുന്നു. മരിച്ചുപോയവര്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന ബലിയാല്‍ (കുര്‍ബാന) അവരുടെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുന്നു. തിരുവത്താഴ ശുശ്രൂഷയില്‍ വസ്തുമാറ്റം സംഭവിക്കുന്നില്ല. താഴെ കൊടുക്കുന്ന വിശദീകരണത്തില്‍ ആ കാര്യം വ്യക്തമാകുന്നതാണ്. കര്‍ത്താവ് ഒരു വസ്തുവിന് രൂപാന്തരം വരുത്തുമ്പോള്‍, അതിന് ആന്തരീകമായും, ബാഹ്യമായും വ്യത്യാസം വന്നിരിക്കും. മാത്രമല്ല അത് വ്യക്തമായിരിക്കുകയും ചെയ്യും. ഉദാ.: കാനാവിലെ വിരുന്നു വീട്ടില്‍വെച്ച് യേശു വെള്ളം വീഞ്ഞാക്കി. വസ്തുമാറി, നിറംമാറി, ഗുണംമാറി, രുചിമാറി, ഭാവം മാറി. തിരുവത്താഴ ശുശ്രൂഷയില്‍ ഇതൊന്നും സംഭവിക്കുന്നില്ല എന്നത്രേ യാഥാര്‍ത്ഥ്യം. കുര്‍ബാന അര്‍പ്പിക്കുന്ന പുരോഹിതന്‍ പ്രാര്‍ത്ഥിച്ചു കഴിയുമ്പോഴും അപ്പം അപ്പമായും, വീഞ്ഞ് വീഞ്ഞായും സ്ഥിതി ചെയ്യുന്നു. യാതൊരു രൂപഭേദവും സംഭവിക്കുന്നില്ല. വിശുദ്ധ പൗലോസ് ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. കര്‍ത്തൃമേശയെക്കുറിച്ചുള്ള വിശദീകരണം പുരോഹിതന്‍ പറയുമ്പോള്‍ അപ്പമെടുത്ത് സ്‌തോത്രം ചൊല്ലി നുറുക്കി ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരം അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും എടുത്തു. ഈ പാനപാത്രം എന്റെ രക്തത്തില്‍ പുതിയ നിയമമാകുന്നു. 1Cor.11:24, 25 എന്റെ ശരീരം എന്നും, എന്റെ രക്തത്തില്‍ പുതിയനിയമമെന്നും പറഞ്ഞശേഷം തിന്നുന്നത് അപ്പമാണെന്നും, കുടിക്കുന്നത് പാനപാത്രമാണെന്നും വ്യക്തമായി പറയുന്നു. അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും, പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും, കര്‍ത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു, അതുകൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ, പാനപാത്രം കുടിക്കുകയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ച് കുറ്റക്കാരനാകും. മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍ നിന്ന് കുടിക്കയും ചെയ്‌വാന്‍. 1Cor.11:26-29. വസ്തുമാറ്റം സംഭവിക്കുന്നുണ്ടായിരുന്നെങ്കില്‍ 1Cor.11:24, 25 വാക്യങ്ങള്‍ പറഞ്ഞശേഷം (മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്) അപ്പം തിന്നുകയും, പാനപാത്രം കുടിക്കുകയും എന്ന് പറയാതെ മാംസം (ശരീരം) തിന്നുകയും രക്തം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു എന്നല്ലായിരുന്നോ പറയേണ്ടത്. പൗലോസിനു തെറ്റ് പറ്റിയതല്ല, താന്‍ കര്‍ത്താവില്‍ നിന്നും പ്രാപിച്ചുചെഴുതിയതാണ്. വസ്തുമാറ്റ ഉപദേശം തിരുവചന സത്യങ്ങള്‍ക്ക് എതിരാണ്. ശിഷ്യന്മാര്‍ അങ്ങനെ പഠിപ്പിച്ചിരുന്നില്ല. ആദിമ സഭയില്‍ അപ്രകാരം ഒരു ധാരണപോലും ഇല്ലായിരുന്നു. ആദിമ സഭയില്‍ ഇല്ലായിരുന്നതും വചന വിരുദ്ധവും ആയ പൗരോഹിത്യം സ്ഥാപിക്കപ്പെട്ട ശേഷമാണ് കര്‍ത്തൃമേശയെ കുര്‍ബാനയാക്കി മാറ്റിയത്. അതോടുകൂടെ വസ്തുമാറ്റ ഉപദേശവും നിലവില്‍ വന്നു. നമ്മുടെ കര്‍ത്താവ് അപ്പം എടുത്തു കൊണ്ട് ഇതെന്റെ ശരീരം എന്നും. വീഞ്ഞ് എടുത്തുകൊണ്ട് ഇത് എന്റെ രക്തം എന്നും പറഞ്ഞതെന്തുകൊണ്ടാണെന്ന ന്യായമായ ഒരു സംശയം ഇവിടെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. കര്‍ത്താവ് ശരീര രക്തത്തില്‍ നിന്നു കൊണ്ടാണ് ഈ പ്രസ്താവന ചെയ്യുന്നതെന്ന് നാം പ്രത്യേകം സ്മരിക്കണം. ക്രിസ്തുവിന് വേറെ ശരീരവും, രക്തവും ഇല്ല. പിന്നെ കര്‍ത്താവ് പറഞ്ഞതിന്റെ അര്‍ത്ഥം എന്താണ്? അപ്പം കര്‍ത്താവിന്റെ ശരീരത്തിന്റെയും, വീഞ്ഞ് രക്തത്തിന്റെയും പ്രതീകം (Symbol) ആണെന്നത്രേ. ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന മറ്റ് പ്രതീകങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഇത് മനസ്സിലാക്കുവാന്‍ പ്രയാസമില്ല. യേശു പറഞ്ഞു ഞാന്‍ ജീവന്റെ അപ്പം ആകുന്നു. John 6:35 ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു. John 8:12 ഞാന്‍ വാതിലാകുന്നു. John 10:9 ഞാന്‍ നല്ല ഇടയനാകുന്നു. John 10:11 ഞാന്‍ മുന്തിരിവള്ളിയാകുന്നു John 15:5 ആ പാറ ക്രിസ്തു ആയിരുന്നു 1Cor.10:4. എന്താണീ പ്രസ്താവനകളുടെ അര്‍ത്ഥം? അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്തു ഈ പറഞ്ഞിരിക്കുന്നതെല്ലാമാണെന്നാണോ? ഒരിക്കലുമല്ല. ക്രിസ്തുവിനെ മുകളില്‍ പറഞ്ഞിരിക്കുന്നവയോട് സദൃശീകരിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് എന്റെ ശരീരമാകുന്നു എന്നും ഇത് എന്റെ രക്തമാകുന്നുവെന്നും അപ്പവീഞ്ഞുകള്‍ ഉയര്‍ത്തി യേശുക്രിസ്തു പറഞ്ഞതും ഈ നിലയില്‍ തന്നെ ഗ്രഹിക്കേണ്ടതാണ്. മേശയിലെ അവകാശികള്‍ ആരെല്ലാം? യേശുക്രിസ്തു ഒരിക്കലായി കഴിച്ച പരമയാഗത്തിലുള്ള വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ട്, സ്‌നാനപ്പെട്ട്, വിശുദ്ധിയിലും, വേര്‍പാടിലും ജീവിക്കുന്ന ദൈവജനം അത്രേ ഇതിന്റെ അവകാശികള്‍. കര്‍ത്താവ് മാതൃകയായി നടത്തിയ തിരുവത്താഴ ശുശ്രൂഷയില്‍ ഈ കാര്യം വ്യക്തമാക്കുന്നു. ഈ കര്‍മ്മം പാപമോചനത്തിനായി നിയമിക്കപ്പെട്ടതല്ല. (പട്ടത്വ സഭകള്‍ ഓരോ കുര്‍ബാനയും പാപമോചനത്തിനുള്ള ഓരോ ബലിയായി എണ്ണുന്നത് വചനവിരുദ്ധമാണ്) മറിച്ച് പാപമോചനം പ്രാപിച്ചവരും കൃപയില്‍ നിലനില്ക്കുന്നവരും ആയ ദൈവജനം അവരുടെ പാപങ്ങള്‍ മോചിക്കേണ്ടതിനായി തങ്ങളുടെ രക്ഷകന്‍ അനുഭവിച്ച പീഢാനുഭവങ്ങളെയും മരണത്തെയും സ്മരിക്കുന്നതിനായി നിയമിക്കപ്പെട്ടതത്രേ. രക്ഷാനിര്‍ണ്ണയം പ്രാപിച്ച് സ്‌നാനം സ്വീകരിക്കാത്തവര്‍ക്ക് ഇതില്‍ പങ്കും ഓഹരിയുമില്ല. യൂദാ ഇസ്‌ക്കര്യയോത്തിന് കര്‍ത്താവ് തിരുമേശ കൊടുത്തില്ലേ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. കര്‍ത്തൃമേശയെക്കുറിച്ച് സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്ന ഭാഗം ഒരുമിച്ച് ചേര്‍ത്ത് പഠിച്ചാല്‍ യൂദായ്ക്ക് തിരുമേശ കൊടുത്തില്ല എന്നും, പെസഹയുടെ അപ്പഖണ്ഡം വാങ്ങി അവന്‍ സ്ഥലം വിടുകയാണുണ്ടായതെന്ന് വ്യക്തമാകും. പെസഹാ അത്താഴത്തോട് ചേര്‍ന്നാണല്ലൊ കര്‍ത്താവ് തിരുമേശ നടത്തിയത്. (നമ്മുടെ കര്‍ത്താവ് തന്റെ പരസ്യശുശ്രൂഷയുടെ നാളുകളില്‍ മൂന്ന് പെസഹാ അനുഷ്ഠിച്ചു. ഇനി ഒരു പെസഹ തന്റെ ശിഷ്യന്മാരോടുകൂടെ അനുഷ്ഠിക്കയില്ല എന്ന് അവന്‍ അറികയാല്‍ മൂന്നാമത്തെ പെസഹ ഭക്ഷണം കഴിഞ്ഞശേഷം തന്റെ മരണത്തിന്റെ സ്മാരകമായി അപ്പവീഞ്ഞുകള്‍ എടുത്ത് സ്‌തോത്രം ചൊല്ലി അവര്‍ക്ക് കൊടുക്കുകയും ഈ ശുശ്രൂഷ കര്‍ത്താവിന്റെ വരവു വരെ അനുഷ്ഠിക്കേണ്ടതിനായി അവരെ ചുമതലപ്പെടുത്തുകയും ചെയ്തു.) Matt.26:17-29 വരെയും, Mark 14:17-26 വരെയും, Luke 22:14-20 വരെയും ഉള്ള വേദഭാഗങ്ങളില്‍ ഈ കാര്യം നമുക്ക് കാണാം. ഇവിടെ യൂദയെയും കാണുന്നു. എന്നാല്‍ യോഹന്നാന്റെ സുവിശേഷം കൂടെ ചേര്‍ത്ത് പഠിക്കുമ്പോള്‍ John 13:12-30 പെസഹായുടെ അപ്പഖണ്ഡവും ആയി താന്‍ പന്തിയില്‍ നിന്ന് എഴുന്നേറ്റ് പോയി എന്ന് ഗ്രഹിക്കാവുന്നതാണ്. എന്തുകൊണ്ടെന്നാല്‍ യോഹന്നാന്‍ പെസഹായെക്കുറിച്ചേ വിവരിക്കുന്നുള്ളു. തിരുമേശയെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. മാത്രമല്ല യോഹന്നാന്റെ സുവിശേഷത്തിലെ അനുഷ്ഠാന രീതി കര്‍ത്തൃമേശയുടെ അനുഷ്ഠാന രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. നാലു സുവിശേഷങ്ങളും ഒരുമിച്ച് ചേര്‍ത്ത് പഠിക്കുമ്പോള്‍ അന്ന് രാത്രിയിലെ സംഭവക്രമം നമുക്ക് മനസ്സിലാക്കാം. ആദ്യമായി പാദശുശ്രൂഷ, അതേ തുടര്‍ന്ന് പെസഹ, പെസഹായുടെ അപ്പവുമായി യൂദാ സ്ഥലം വിടുന്നു. പിന്നീട് തിരുവത്താഴം എന്നീ പ്രകാരമായിരുന്നു. ആകയാല്‍ രക്ഷിക്കപ്പെടാത്തവനോ, വിഗ്രഹാരാധിയോ, ദുര്‍ന്നടപ്പുകാരനോ, മദ്യപനോ, ദ്രവ്യാഗ്രഹിയോ, പിടിച്ചുപറിക്കാരനോ അടങ്ങിയവരാരും കര്‍ത്താവിന്റെ മേശയോട് അടുത്തു വരുവാന്‍ പാടില്ലാത്തതാകുന്നു. ഇതനുഷ്ഠിക്കുന്ന ദൈവമക്കള്‍ തന്നെയും തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ മേശയില്‍ പങ്കാളികളാകുവാന്‍ എന്ന പ്രബോധനം ഈ കര്‍മ്മത്തിന്റെ ഗൗരവം വെളിപ്പെടുത്തുന്നു. മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും, പാനപാത്രത്തില്‍ നിന്ന് കുടിക്കുകയും ചെയ്‌വാന്‍. 1Cor.11:28. അയോഗ്യമായി മേശയില്‍ പങ്കെടുത്താല്‍ ഗൗരവമായ ശിക്ഷയുണ്ടെന്ന് താഴെ വരുന്ന വേദഭാഗങ്ങള്‍ വ്യക്തമാക്കുന്നു. “തിന്നുകയും കുടിക്കുകയും ചെയ്യുന്നവന്‍ ശരീരത്തെ വിവേചിക്കാഞ്ഞാല്‍ തനിക്ക് ശിക്ഷാവിധി തിന്നുകയും കുടിക്കുകയും ചെയ്യുന്നു. ഇതു ഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു. അനേകരും നിദ്രകൊള്ളുന്നു.” 1Cor.11:29, 30 രക്ഷിക്കപ്പെട്ട ദൈവമക്കള്‍ തന്നെയും തങ്ങളെത്തന്നെ ശോധന ചെയ്ത് കുറവുകളെ കണ്ടുപിടിച്ച്, ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് യേശുവിന്റെ രക്തത്താല്‍ കഴുകല്‍ പ്രാപിച്ചേ മേശയോട് ചേര്‍ന്ന് വരാവൂ. വസ്തുമാറ്റം സംഭവിക്കുന്നില്ല എന്നുള്ളതു കൊണ്ട് ഈ കര്‍മ്മത്തിന്റെ ഗൗരവം കുറഞ്ഞു പോകുന്നില്ല. എന്തുകൊണ്ടെന്നാല്‍ നമ്മുടെ കര്‍ത്താവിന്റെ ശരീര രക്തത്തെകുറിക്കുന്നതും, അവന്റെ മരണത്തെ ശബ്ദരഹിതമായി പ്രഖ്യാപിക്കുന്നതുമായ തിരുമേശയാകയാല്‍ തന്നെ.

തിരുവത്താഴത്തിലൂടെ ലഭ്യമാകുന്ന സന്ദേശങ്ങള്‍
1. കര്‍ത്താവിന്റെ ഓര്‍മ്മ – “അപ്പം എടുത്ത് സ്‌തോത്രം ചൊല്ലി നുറുക്കി ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരം എന്റെ ഓര്‍മ്മക്കായി ഇത് ചെയ്‌വീന്‍ എന്ന് പറഞ്ഞു. അവ്വണ്ണം തന്നെ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും എടുത്തു. ഈ പാനപാത്രം എന്റെ രക്തത്തില്‍ പുതിയനിയമം ആകുന്നു. ഇത് കുടിക്കുമ്പോഴൊക്കെയും എന്റെ ഓര്‍മ്മക്കായി ചെയ്‌വീന്‍ എന്നു പറഞ്ഞു.” 1Cor.11:24, 25
2. ക്രിസ്തുവിന്റെ മരണത്തിന്റെ പ്രസ്താവന – “അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും, പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവ് വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.” 1Cor.11:26
3. ക്രിസ്തുവുമായി വിശ്വാസികള്‍ക്കുള്ള കൂട്ടായ്മയെ ഈ കര്‍മ്മം വെളിപ്പെടുത്തുന്നു – “നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ, നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ.” 1Cor.10:16
4. വിശ്വാസികള്‍ തമ്മിലുള്ള കൂട്ടായ്മയെ കാണിക്കുന്നു – ഐക്യതയെ കാണിക്കുന്നു. “അപ്പം ഒന്നാകകൊണ്ട് പലരായ നാം ഒരു ശരീരം ആകുന്നു. നാം എല്ലാവരും ആ ഒരേ അപ്പത്തിന്‍ അംശികളാകുന്നുവല്ലൊ.” 1Cor.10:17
5. കര്‍ത്താവിന്റെ പുനരാഗമനത്തെ പ്രഖ്യാപിക്കുന്നു – “അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും, പാനപാത്രം കുടിക്കയും ചെയ്യുമ്

അദ്ധ്യായം 6-പരിശുദ്ധാത്മ സ്‌നാനം

വളരെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഒരു വിഷയമാണ് പരിശുദ്ധാത്മ സ്‌നാനം. പെന്തെക്കൊസ്തു അനുഭവത്തില്‍ വിശ്വസിക്കാത്തവരൊക്കെയും പരിശുദ്ധാത്മസ്‌നാനത്തെയും, അന്യഭാഷയേയും കൃപാവരങ്ങളെയും എതിര്‍ക്കുന്നവരും, യഹോവയുടെ സാക്ഷികള്‍ പരിശുദ്ധാത്മാവിന്റെ ദൈവത്വം, ആളത്വം, പരിശുദ്ധാത്മസ്‌നാനം എന്നിവയെ എതിര്‍ക്കുന്നവരുമാണ്. ആകയാല്‍ ഈ അദ്ധ്യായത്തില്‍ പരിശുദ്ധാത്മാവിനെകുറിച്ച് അല്പം വിശദീകരിച്ചെഴുതുവാനാണ് ഉദ്ദേശിക്കുന്നത്. നാം പരിശുദ്ധാത്മ യുഗത്തിലാണ് ജീവിക്കുന്നത്. പഴയനിയമകാലത്തെ പിതാവിന്റെ യുഗമെന്നും, പെന്തെക്കൊസ്തു മുതല്‍ ക്രിസ്തുവിന്റെ രണ്ടാംവരവു വരെയുള്ള കാലയളവിനെ ആത്മാവിന്റെ യുഗമെന്നും പറയാവുന്നതാണ്. അതുകൊണ്ട് പരിശുദ്ധാത്മ യുഗത്തില്‍ ജീവിക്കുന്ന എല്ലാവരും പരിശുദ്ധാത്മാവിനെക്കുറിച്ചും, ആത്മീകവരങ്ങളെക്കുറിച്ചും അറിവുള്ളവരായിരിക്കണം.

1. പരിശുദ്ധാത്മാവിന്റെ ആളത്വം
ബുദ്ധി, മനസ്സ്, ഇംഗിതം, യുക്തി, വ്യക്തിത്വം, സ്വയബോധം, സ്വയനിര്‍ണ്ണയം എന്നിവ ഉള്ളിടത്ത് ആളത്വം ഉണ്ട്. മൃഗങ്ങള്‍ക്ക് ഉള്ളതുപോലെ വെറും ബോധം ഉണ്ടായിരിക്കുക എന്നതല്ല, സ്വയബോധം ആണ് ആവശ്യം. ബാഹ്യ പ്രചോദനങ്ങളുടെ പരിണിതഫലമായി ഉണ്ടാകുന്ന തീരുമാനമല്ല (മൃഗങ്ങള്‍ക്കും അതുണ്ട്) സ്വതന്ത്രമായ സ്വഹിതത്തില്‍ നിന്നും, ആന്തരികമായി, പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനമെടുക്കുന്ന ശക്തിയാണ് വ്യക്തിത്വം. ശരീരമോ പദാര്‍ത്ഥമോ ആളത്വത്തില്‍ അടങ്ങിയിരിക്കണമെന്നില്ല. ഇവയില്‍ ഒന്നോ അല്ല രണ്ടും ഇല്ലാതെ തന്നെ ആളത്വം ഉണ്ടായിരിക്കാവുന്നതാണ്. പരിശുദ്ധാത്മാവിന്റെ ആളത്വത്തെക്കുറിച്ച് ചില സമൂഹങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കാറുണ്ട്. കാറ്റ്, ശക്തി, ശ്വാസം എന്നി പദപ്രയോഗങ്ങള്‍ പ്രതിരൂപങ്ങളായി പറഞ്ഞിരിക്കുന്നതിനാല്‍ പരിശുദ്ധാത്മാവിന് ആളത്വം ഇല്ല എന്നവര്‍ ചിന്തിക്കുന്നു.

2. പരിശുദ്ധാത്മാവിന് ആളത്വസര്‍വ്വനാമങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.
“ലോകം ‘അവനെ’ കാണുകയോ, അറിയുകയോ ചെയ്യായ്കയാല്‍ അതിന് ‘അവനെ’ ലഭിപ്പാന്‍ കഴിയില്ല; നിങ്ങളോ ‘അവന്‍’ നിങ്ങളോട് കൂടെ വസിക്കയും, നിങ്ങളില്‍ ഇരിക്കയും ചെയ്യുന്നതുകൊണ്ട് അവനെ അറിയുന്നു. John 14:17. ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്ന് നിങ്ങള്‍ക്ക് അയപ്പാനുള്ള ‘കാര്യസ്ഥനായി’ പിതാവിന്റെ അടുക്കല്‍ നിന്ന് പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ ‘അവന്‍’ എന്നെക്കുറിച്ച് സാക്ഷ്യം പറയും’ John 15:26. ‘എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്ക് പ്രയോജനം. ഞാന്‍ പോകാഞ്ഞാല്‍ ‘കാര്യസ്ഥന്‍’ നിങ്ങളുടെ അടുക്കല്‍ വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.” John 16:7. “അവന്‍ വന്ന്……” John 16:8. John.16:13, 14 വാക്യങ്ങളിലും അവന്‍ എന്ന പുല്ലിംഗ സര്‍വ്വനാമം ഉപയോഗിച്ചിരിക്കുന്നത്. 1John 2:6, 3:3, 5, 7, 16 ഈ വാക്യങ്ങളില്‍ അവന്‍ എന്ന പ്രയോഗം കാണാവുന്നതാണ്. 1John 2:1-ല്‍ യേശുക്രിസ്തുവിനെ കാര്യസ്ഥന്‍ എന്ന് പറഞ്ഞിരിക്കുന്നു. “എന്റെ കുഞ്ഞുങ്ങളേ നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇത് നിങ്ങള്‍ക്ക് എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ നീതിമാനായ യേശുക്രിസ്തു എന്ന ‘കാര്യസ്ഥന്‍….’ ഇതേ നാമം തന്നെ പരിശുദ്ധാത്മാവിനും നല്കിയിരിക്കുന്നു. യേശുക്രിസ്തു പരിശുദ്ധാത്മാവിനെ സംബന്ധിച്ച് മറ്റൊരു കാര്യസ്ഥന്‍ എന്ന് പറയുന്നതില്‍ നിന്നും, പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനോട് സമത്വമുള്ളതും, യേശുക്രിസ്തുവിനെപ്പോലെ വ്യക്തിത്വം (ആളത്വം) ഉള്ളതും ആയ ഒരാള്‍ ആണെന്ന് വ്യക്തമാക്കുന്നു. John 14:16, 26; 15:26; 16:7.

പരിശുദ്ധാത്മാവിന്റെ ആളത്വപ്രവര്‍ത്തനങ്ങള്‍
പരിശുദ്ധാത്മാവിന്റെ ആളത്വപരമായ പ്രവര്‍ത്തിയില്‍ക്കൂടെ തന്റെ വ്യക്തിത്വം തെളിയുന്നതാണ്. മുകളില്‍ പ്രസ്താവിച്ചിട്ടുള്ള ആളത്വ ലക്ഷണങ്ങള്‍ എല്ലാം തന്നെ. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയില്‍ വെളിപ്പെടുന്നു.
1. അറിവ്
ആത്മാവ് സകലത്തേയും, ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളത് അവനിലെ മനുഷ്യാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നെ ദൈവത്താലുള്ളത് ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. 1Cor.2:10, 11.
2. ഇച്ഛ
പരിശുദ്ധാത്മാവ് താന്‍ ഇച്ഛിക്കുംപോലെ വരങ്ങള്‍ പകുത്ത് കൊടുക്കുന്നു. “എന്നാല്‍ ഇതെല്ലാം പ്രവര്‍ത്തിക്കുന്നത് താന്‍ ഇച്ഛിക്കുംപോലെ അവനവന് അതത് വരം പകുത്തു കൊടുക്കുന്ന ഒരേ ആത്മാവ് തന്നെ” 1Cor.12:11. ഇച്ഛ എന്നതില്‍ ആലോചന, വിചാരം, തീരുമാനശക്തി ഇവ മൂന്നും അടങ്ങിയിരിക്കുന്നു. ആളത്വത്തിനു മാത്രമേ ഇവ കഴിയുകയുള്ളൂ എന്നത് വ്യക്തം.
3. പരിശുദ്ധാത്മാവ് കല്പിക്കുന്നു
“ആത്മാവ് സഭകളോട് പറയുന്നത് എന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ”. Rev.2:7
“അവന്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കുകയാല്‍” Acts 16:6, മുസ്യയില്‍ എത്തി ബിഥുന്യക്കു പോകുവാന്‍ ശ്രമിച്ചു. യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല. Acts 16:7
4. ആത്മാവ് അബ്ബാ പിതാവെ എന്നു വിളിക്കുന്നു.
“നിങ്ങള്‍ മക്കള്‍ ആകകൊണ്ട് അബ്ബാ, പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലയച്ചു.” Gal.4:6.
5. ആത്മാവ് മദ്ധ്യസ്ഥം അണയ്ക്കുന്നു.
“ആത്മാവ് തന്നെ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു” Rom.8:26
6. ആത്മാവു തുണ നില്ക്കുന്നു.
“അവ്വണ്ണം തന്നെ ആത്മാവു നമ്മുടെ ബലഹീനതയ്ക്ക് തുണ നില്ക്കുന്നു” Rom.8:26
7. പരിശുദ്ധാത്മാവ് സാക്ഷിക്കുന്നു.
“ഞാന്‍ പിതാവിന്റെ അടുക്കല്‍ നിന്ന് നിങ്ങള്‍ക്ക് അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്ന് പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും” John 15:26
8. ആത്മാവ് പഠിപ്പിക്കുന്നു.
“എങ്കിലും പിതാവ് എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്ക് സകലവും ഉപദേശിച്ച് തരികയും…” John 14:26
9. ആത്മാവ് ഓര്‍മ്മപ്പെടുത്തുന്നു.
“ഞാന്‍ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും” John 14:26
10. വഴി നടത്തുന്നു.
“ദൈവാത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്റെ മക്കള്‍ ആകുന്നു” Rom.8:14
11. വിളിച്ച് വേര്‍തിരിക്കുന്നു.
“അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോള്‍, ഞാന്‍ ബര്‍ന്നബാസിനെയും, ശൗലിനെയും വിളിച്ചിരിക്കുന്ന വേലക്കായിട്ട് അവരെ എനിക്ക് വേര്‍തിരിപ്പാന്‍ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു” Acts 13:2
12. ആത്മാവ് പുറപ്പെടുന്നു.
“ഞാന്‍ പിതാവിന്റെ അടുക്കല്‍ നിന്ന് നിങ്ങള്‍ക്കയപ്പാനുള്ള കാര്യസ്ഥനായി, പിതാവിന്റെ അടുക്കല്‍നിന്ന് പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍…” John 15:26
13. പ്രവര്‍ത്തിക്കുന്നു.
“കര്‍ത്താവിന്റെ ആത്മാവ് ഫിലിപ്പോസിനെ എടുത്തുകൊണ്ടുപോയി” Acts 8:39
14. ദുഃഖിക്കുന്നു.
“ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്. അവനാലല്ലോ നിങ്ങള്‍ക്ക് വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്.” Eph.4:30; Isa.63:10.
15. സംസാരിക്കുന്നു.
“ആത്മാവ് സഭകളോട് പറയുന്നതെന്തെന്ന് ചെവിയുള്ളവന്‍ കേള്‍ക്കട്ടെ” Rev.2:17
16. വിളിച്ചപേക്ഷിക്കുന്നു.
“നിങ്ങള്‍ മക്കള്‍ ആകകൊണ്ട് അബ്ബാ, പിതാവേ എന്ന് വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലയച്ചു”. Gal.4:6.
17. സാക്ഷ്യം നില്‍ക്കുന്നു.
“സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം പറയും” John 15:26.
18. ബോദ്ധ്യം വരുത്തുന്നു.
“അവന്‍ വന്ന് പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും” John 16:8.
മനുഷ്യര്‍ക്ക് പരിശുദ്ധാത്മാവിനോട് ഒരു വ്യക്തിയോടെന്നവണ്ണം പെരുമാറുവാന്‍ കഴിയുമെന്ന് തിരുവചനദ്വാരാ ഗ്രഹിക്കാം. ഉദാ.: പരിശുദ്ധാത്മാവ് നിന്ദിക്കപ്പെടുന്നു. Heb.10:29. പരിശുദ്ധാത്മാവിനോട് വ്യാജം കാണിക്കുന്നു. Acts 5:3, 9. പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നു Isa.63:10;
Eph.4:30. പരിശുദ്ധാത്മാവിന് വിരോധമായി വ്യാജം പറയുന്നു Matt.12:31, 32.
മുകളില്‍ പ്രസ്താവിച്ചിരിക്കുന്നവയെല്ലാം ഒരു വ്യക്തിക്കു മാത്രമെ ചെയ്യുവാന്‍ കഴിയുകയുള്ളു. ഈ കാര്യങ്ങള്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ പരിപൂര്‍ണ്ണമായും പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ്. കേവലം ഒരു ശക്തിയല്ല. ആളത്വമുള്ളവനത്രേ.

ആളത്വവിശേഷം
“എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും. അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങള്‍ക്ക് തരും.” John 14:16. മലയാളത്തില്‍ കാര്യസ്ഥന്‍ എന്നും ഇംഗ്ലീഷില്‍ ആശ്വാസപ്രദന്‍ എന്നും, ഗ്രീക്കില്‍ കൂടെയുളളവന്‍ എന്നും പരിശുദ്ധാത്മാവിന് ഈ വാക്യത്തില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നു. വിശ്വാസിയോടുള്ള ബന്ധത്തില്‍ കൂരിരുളിന്റെ ഭയാനകതയില്‍ അവന്‍ നമ്മോടു കൂടെയുണ്ട്. നമ്മുടെ നിസ്സഹായവസ്ഥയില്‍ അവന്‍ സഹായി ആകുന്നു. നമ്മുടെ ഹൃദയഭാരത്തില്‍ അവന്‍ നമ്മെ ആശ്വസിപ്പിക്കുന്നു. നമ്മുടെ ക്ഷീണാവസ്ഥയില്‍ അവന്‍ നമുക്ക് ഉന്മേഷവും, ശക്തിയും നല്കുന്നു. നമ്മുടെ വഴിത്തിരിവില്‍ വഴി ഇതാണെന്ന് പറഞ്ഞുതരുന്നു. പ്രവര്‍ത്തനങ്ങളില്‍ അവന്‍ നമുക്കധികാരം നല്കുന്നു. ഈ വിഷയങ്ങളെല്ലാം പരിശുദ്ധാത്മാവിന്റെ ആളത്വത്തിന്റെ ശ്രേഷ്ഠതയെ വെളിപ്പെടുത്തുന്നതാണ്.

ആളത്വസ്ഥാനം
പിതാവും പുത്രനും ആളത്വത്തില്‍ സ്ഥിതിചെയ്യുന്നവര്‍ എന്ന് നമുക്കറിയാം. പരിശുദ്ധാത്മാവിന്റെ ആളത്വനിഷേധികളും ഈ വസ്തുത സമ്മതിക്കുന്നതാണ്. പരിശുദ്ധാത്മാവിന് ത്രിത്വത്തില്‍ പിതാവിനെയും, പുത്രനെയും പോലെ പ്രത്യേക ആളത്വമുണ്ട് എന്ന് താഴെ പറയുന്ന വേദഭാഗങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ അവര്‍ മൂന്നല്ല ഐക്യതയില്‍ ഒന്നായിരിക്കുകയും ചെയ്യുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമത്രേ.
1. യേശുവിന്റെ സ്‌നാന സന്ദര്‍ഭം. Luke 3:21, 22.
യേശു സ്‌നാനം ഏല്ക്കുന്നു. പരിശുദ്ധാത്മാവ് പ്രാവ് എന്നപോലെ യേശുവിന്റെമേല്‍ ഇറങ്ങിവരുന്നു. പിതാവ്: നീ എന്റെ പുത്രന്‍ നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നരുളിച്ചെയ്യുന്നു. ദൈവത്രിത്വത്തിലെ മൂന്ന് ആളത്വങ്ങളും വളരെ വ്യക്തമായി ഒരുമിച്ച് വെളിപ്പെട്ട സംഭവമത്രേ ഇത്.
2. സ്‌നാന വാചകത്തില്‍.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിച്ചും Matt.28:19. ഭാഷയിലെ വ്യാകരണമനുസരിച്ച് നാമങ്ങള്‍ എന്ന് വരേണ്ടിയിരുന്നു. പരിശുദ്ധാത്മാവിന് തെറ്റ് പറ്റിയതല്ല. പിന്നെ ദൈവത്രിത്വത്തിലെ ഏകത്വം വെളിപ്പെടുകയത്രേ ചെയ്തിരിക്കുന്നത്.
3. അപ്പൊസ്‌തൊലിക ആശിര്‍വാദത്തില്‍.
“കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും, ദൈവത്തിന്റെ സ്‌നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.” 2Cori.13:14.
John 16:7-ല്‍ ലോകത്തെ വിട്ടുപോകുന്ന യേശുവും തല്‍സ്ഥാനത്തേക്ക് വരുന്ന പരിശുദ്ധാത്മാവും പ്രത്യേക ആളത്വമുള്ളവരാണെന്ന് വ്യക്തമാക്കിയിരിക്കുന്നു.
Acts 2:33-ല്‍ പിതാവിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെട്ട യേശുവും, പിതാവും, പകരപ്പെട്ട പരിശുദ്ധാത്മാവും പ്രത്യേക ആളത്വമുള്ളവരായി വെളിപ്പെടുത്തുന്നു.
1. പരിശുദ്ധാത്മാവിന്റെ ദൈവത്വവും പേരുകളും
രൂപത്തിലോ, ആകൃതിയിലോ അല്ല ദൈവത്വം അടങ്ങിയിരിക്കുന്നത്. ദൈവം ആത്മാവാകുന്നു. ആത്മാവായ ദൈവം വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ മനുഷ്യന് ദൃശ്യമായ നിലകളില്‍ വെളിപ്പെട്ടിട്ടുണ്ട്. ദൈവികലക്ഷണങ്ങള്‍, ദൈവീക പ്രവൃത്തി, ദൈവീക നാമം ഈ മൂന്ന് തത്വങ്ങള്‍ ദൈവത്വത്തില്‍ അടങ്ങിയിരിക്കുന്നതാണ്. ഈ മൂന്ന് കാര്യങ്ങളും പരിശുദ്ധാത്മാവില്‍ നാം കാണുന്നതിനാല്‍ പരിശുദ്ധാത്മാവ് ദൈവം ആണ്.
2. പരിശുദ്ധാത്മാവിന്റെ ദൈവിക ലക്ഷണങ്ങള്‍
1) പരിശുദ്ധാത്മാവ് നിത്യനാണ്. നിത്യാത്മാവിനാല്‍ ദൈവത്തിന് തന്നെത്താന്‍ നിഷ്‌കളങ്കനായ അര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം…. Heb.9:14.
2) ആത്മാവ് സര്‍വ്വവ്യാപിയാണ്. നിന്റെ ആത്മാവിനെ ഒളിച്ച് ഞാന്‍ എവിടേക്ക് പോകും. Psa.139:7
3) ആത്മാവ് സര്‍വ്വശക്തനാണ് Luke 1:35; Gen.1:2; Job 26:13
4) അവന്‍ സര്‍വ്വജ്ഞാനിയാണ്. ആത്മാവ് സകലത്തെയും, ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു 1Cor.2:10, 11; John 14:26, 16, 12, 13).
5) പരിശുദ്ധനാണ്. അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. Luke 11:13 ആത്മാവിന്റെ പേരുതന്നെ അവന്റെ പരിശുദ്ധിയെ വെളിപ്പെടുത്തുന്നതാണ്.
6) അവന്‍ സത്യവാനാണ്. ആത്മാവും സാക്ഷ്യം പറയുന്നു. ആത്മാവ് സത്യമല്ലോ 1John 5:7.
7) അവന്‍ നല്ലവനാണ്. അവരെ ഉപദേശിക്കേണ്ടതിന് നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു. Neh.9:20.
8) എല്ലായിടത്തും ഉള്ള എല്ലാവരോടും ഒരേ സമയത്ത് കൂട്ടായ്മയും കാണിക്കുന്നവനാണ്. കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും, ദൈവത്തിന്റെ സ്‌നേഹവും, പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. 2Cor.13:14.
3. ദൈവിക പ്രവൃത്തി
1) അവന്‍ സൃഷ്ടിതാവാണ്. “ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു. സര്‍വ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.” Job 33:4.
2) രക്ഷയെ പ്രദാനം ചെയ്യുന്നു. “നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു. എങ്കിലും നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും, നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും, നീതീകരണവും പ്രാപിച്ചിരിക്കുന്നു.” 1Cor.6:11.
3) നിത്യജീവനെ നല്‍കുന്നു. “ജീവിപ്പിക്കുന്നത് ആത്മാവാകുന്നു. മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാന്‍ നിങ്ങളോട് സംസാരിച്ച വചനങ്ങള്‍ ആത്മാവും, ജീവനും ആകുന്നു.” John 6:63, Job 33:4; Rom.5:4; Gen.2:7).
4) വീണ്ടും ജനനം നല്കുന്നു. “അതിന് യേശു ആമേന്‍, ആമേന്‍ ഞാന്‍ നിന്നോടു പറയുന്നു. വെള്ളത്താലും, ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിയില്ല. ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു. ആത്മാവിനാല്‍ ജനിച്ചത് ആത്മാവാകുന്നു.” John 3:5, 6
5) പരിശുദ്ധാത്മാവ് തിരുവെഴുത്തുകളുടെ കര്‍ത്താവ് ആകുന്നു. പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താല്‍ വന്നതല്ല. ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മ നിയോഗം പ്രാപിച്ചിട്ട് സംസാരിച്ചതത്രേ. 2Pet.20:21.
6) ദൈവീക മര്‍മ്മങ്ങള്‍ മനുഷ്യര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നു. നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു. ആത്മാവ് സകലത്തെയും, ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. 1Cor.2:9, 10.
7) ലോകത്തിന് പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നു. John 16:8, 11. പഴയനിയമ പ്രവചനങ്ങളില്‍ യഹോവ എന്ന് ഉപയോഗിച്ചിരിക്കുന്ന പദത്തിന് പകരം ആ വാക്യങ്ങളുടെ പുതിയനിയമത്തിലെ ഉദ്ധരണികളില്‍ പരിശുദ്ധാത്മാവ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമത്രേ. Isa.6:8-10 വരെ വാക്യങ്ങളില്‍ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് പറയുന്ന അതേ പദപ്രയോഗങ്ങള്‍ Acts 28:25-27 വരെ വാക്യങ്ങളില്‍ പൗലൊസ് ഉദ്ധരിച്ച് പറയുമ്പോള്‍ പരിശുദ്ധാത്മാവ് അരുളിചെയ്തു എന്നു പറയുന്നു. ആകയാല്‍ കര്‍ത്താവ് എന്നും, പരിശുദ്ധാത്മാവ് എന്നും പറഞ്ഞിരിക്കുന്നുയെന്ന് മനസ്സിലാക്കാം.
അതുപോലെ തന്നെ Acts 5:3-5 വരെ വാക്യങ്ങളില്‍ പത്രോസ് അനന്യാസിനോട് പറയുന്നത് ശ്രദ്ധിക്കുക. പരിശുദ്ധാത്മാവിന്റെ നേരെ വ്യാജം പറയുന്നുവോ എന്ന് പറഞ്ഞിട്ട് മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത് എന്നു പറഞ്ഞിരിക്കുന്നു. അവിടെയും പരിശുദ്ധാത്മാവിനെ ദൈവം എന്ന് വിളിച്ചിരിക്കുന്നു. കൂടാതെ പുറകിലത്തെ പേജുകളില്‍ പറഞ്ഞിരിക്കുന്നതുപോലെ സ്‌നാനവാചകത്തിലും, അപ്പൊസ്‌തൊലിക ആശീര്‍വാദത്തിലും, പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമം ചേര്‍ത്ത് പറഞ്ഞിരിക്കുന്നതിനാല്‍ പരിശുദ്ധാത്മാവ് ദൈവം ആണെന്ന് വ്യക്തമാകുന്നു.

ദൈവിക നാമം
പരിശുദ്ധാത്മാവിന്റെ ദൈവത്വത്തെ തെളിയിക്കുന്നതാണ് ആത്മാവിന് തിരുവെഴുത്തില്‍ കൊടുത്തിരിക്കുന്ന പേരുകള്‍. ആ വിധ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.
1. പരിശുദ്ധാത്മാവ് – സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ എത്രയധികം കൊടുക്കും Luke 11:13.
2. കൃപയുടെ ആത്മാവ്. …. കൃപയുടെ ആത്മാവിനെ നിന്ദിക്കുകയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷയ്ക്ക് പാത്രമാകും എന്ന് വിചാരിപ്പിന്‍.
Heb.10:29.
3. ദഹിപ്പിക്കുന്ന ആത്മാവ് – Matt.3:11,12
4. സത്യത്തിന്റെ ആത്മാവ് – John 15:26; 16:13; 1John 4:6; 5:6
5. ജീവന്റെ ആത്മാവ് – Rom.8:2
6. ദൈവത്തിന്റെ ആത്മാവ് – 1Cori.3:16; Rom.8:9
7. യഹോവയുടെ ആത്മാവ് – Isa.11:2
8. യഹോവയായ കര്‍ത്താവിന്റെ ആത്മാവ് – Isa.61:1
9. ജീവനുള്ള ദൈവത്തിന്റെ ആത്മാവ് – 2Cor.3:3
10. ക്രിസ്തുവിന്റെ ആത്മാവ് – Rom.8:9
11. പുത്രന്റെ ആത്മാവ് – Gal.4:6
12. യേശുക്രിസ്തുവിന്റെ ആത്മാവ് – Acts 2:32, 33
13. യേശുവിന്റെ ആത്മാവ് – Acts 16:7
14. നിത്യാത്മാവ് – Heb.9:14
15. വിശുദ്ധിയുടെ ആത്മാവ് – Rom.1:5
16. മഹത്വത്തിന്റെ ആത്മാവ് – 1Pet.4:14
17. കാര്യസ്ഥന്‍ John 14:26; 15:26
18. വാഗ്ദത്തത്തിന്‍ ആത്മാവ് Eph.1:14
19. മഹത്വത്തിന്റെ ആത്മാവ് 1Pet.4:14
20. ദൈവത്തിന്റെയും, ക്രിസ്തുവിന്റെയും ആത്മാവ് 1Cori.3:10; Rom.8:9

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍
ഈ അഖിലാണ്ഡത്തോടുള്ള ബന്ധത്തില്‍ സമസ്ത മനുഷ്യവര്‍ഗ്ഗത്തോടുള്ള ബന്ധത്തില്‍, വിശ്വാസികളോടുള്ള ബന്ധത്തില്‍, തിരുവെഴുത്തുകളോടുള്ള ബന്ധത്തില്‍, യേശുക്രിസ്തുവിനോടുള്ള ബന്ധത്തില്‍ എന്നിങ്ങനെ അഞ്ചായി തിരിച്ച് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാവുന്നതാണ്.
(i). അഖിലാണ്ഡത്തോടുള്ള ബന്ധത്തില്‍ രണ്ടു കാര്യം ശ്രദ്ധേയമാണ്.
1) സൃഷ്ടികര്‍ത്താവ് – Psa.33:68; 104:30; Job 33:4; 26:13, 14
2) പരിപാലകന്‍ – Psa.104:30; Isa.40:7
3) സമസ്ത മനുഷ്യവര്‍ഗ്ഗത്തോടുള്ള ബന്ധത്തില്‍
പരിശുദ്ധാത്മാവ് പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും ബോധം വരുത്തും. John 16:8-11
(ii). വിശ്വാസിയോടുള്ള ബന്ധത്തില്‍
1) ആത്മാവ് വീണ്ടും ജനനം നല്കുന്നു – John 3:35
2) സാക്ഷ്യം പറയുന്നു – Rom.8:16,17
3) മുദ്രയിടുന്നു – 2Cor.1:22; Eph.1:13, 14
4) ജീവിതവിജയം നല്കുന്നു – Acts 1:48; Eph.5:18
5) വിശുദ്ധീകരിക്കുന്നു – 2Thess.2:13; 1Pet.1:2
6) എന്നേക്കും നമ്മോടുകൂടെയിരിക്കുന്നുm – John 14:16
7) പഠിപ്പിക്കുന്നു – John 14:26; 1Cori.2:13
8) കര്‍ത്താവ് പറഞ്ഞതിനെ ഓര്‍മ്മപ്പെടുത്തുന്നു – John 14:26
9) വഴി നടത്തുന്നു – John 16:13.
10) കര്‍ത്താവിനെ നമ്മില്‍കൂടെ മഹത്വപ്പെടുത്തുന്നു – John 16:14
11) ബലഹീനതയില്‍ ശക്തിപ്പെടുത്തുന്നു – Ezek.36:27; Acts 1:8
12) ന്യായപ്രമാണത്തില്‍ നിന്ന് സ്വാതന്ത്ര്യം വരുത്തുന്നു – Rom.8:2
13) മര്‍ത്യമായതിനെ അമര്‍ത്യതയിലേക്ക് നയിക്കുന്നു – Rom.8:3
14) ദൈവഹിതം നിവൃത്തിക്കുന്നതിന് നമ്മെ സഹായിക്കുന്നു – Rom.8:26, 27
15) ജഡത്തിന്റെ ഇച്ഛയ്ക്ക് വിരോധമായി ആത്മീകശക്തി നല്കുന്നു – Gal.5:16, 17
16) ആത്മാവിന്റെ ഫലങ്ങള്‍ നമ്മില്‍നിന്ന് പുറപ്പെടുവിക്കുന്നു – Gal.5:22, 23
17) വിശുദ്ധിയിലേക്ക് നമ്മെ നയിക്കും – Gal.5:25
18) യേശുവിനെ നമ്മുടെ യജമാനനായി ഏറ്റുപറയുവാന്‍ സഹായിക്കുന്നു – 1Cor.12:3
19) അന്യോന്യം സ്‌നേഹിക്കുവാന്‍ നമ്മെ സഹായിക്കുകയും, പ്രേരിപ്പിക്കുകയും ചെയ്യുന്നു – Rom.5:5, Col.1:4, 8
20) ക്രിസ്തീയ ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും സമാധാനവും നല്കുന്നു – Acts 13:52
21) അകത്തെ മനുഷ്യനെ ശക്തിയോടെ ബലപ്പെടുത്തുവാന്‍ സഹായിക്കുന്നു – Eph.3:16
22) നീതിയും, സമാധാനവും, സന്തോഷവും നല്കുന്നു – Rom.14:17; 15:13
23) ദൈവത്തിന്റെ ആഴങ്ങളെ ഗ്രഹിപ്പിക്കുന്നു – 1Cor.2:9, 14
24) ദൈവാരാധനയ്ക്കു സഹായിക്കുന്നു – Phil.3:3
25) ശുശ്രൂഷയ്ക്കായി വിളിക്കയും, വേര്‍തിരിക്കയും ചെയ്യുന്നു – Acts 8:27, 29; 13:2-4
26) ദൈവം നമുക്ക് നല്‍കിയത് ഗ്രഹിപ്പിക്കുന്നു – 1Cor.2:12

(iii). യേശുക്രിസ്തുവിനോടുള്ള ബന്ധത്തില്‍
ആത്മാവിന്റെ പ്രവര്‍ത്തനം.
യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തോടുള്ള ബന്ധത്തിലും Luke 1:35, അവന്റെ വളര്‍ച്ച, ശുശ്രൂഷ, മരണം, ഉയിര്‍പ്പ് എന്നീ വിഷയങ്ങളിലും പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാണുവാന്‍ കഴിയുന്നു.
1. അവന്‍ ആത്മാവിനാല്‍ നടത്തപ്പെട്ടു – Matt.4:1
2. ശുശ്രൂഷയ്ക്കായി അവന്‍ ആത്മാവില്‍ അഭിഷേകം ചെയ്യപ്പെട്ടു – Acts 10:38
3. ആത്മാവിനാല്‍ താന്‍ ബലം പ്രാപിച്ചു – Luke 2:40
4. ആത്മാവിന്റെ ശക്തിയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടു – Heb.9:14
5. ആത്മാവിന്‍ ശക്തിയാല്‍ ഉയിര്‍ത്തു – Rom.8:11

(iv). വചനത്തോടുള്ള ബന്ധത്തില്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം
പരിശുദ്ധാത്മാവ് തിരുവെഴുത്തുകളുടെ എഴുത്തുകാരനാണ്. (എഴുത്തുകാരില്‍ പ്രവര്‍ത്തിച്ച ആളത്വം)
2Pet.1:20, 21; 2Tim.3:16. ആത്മാവ് സഭയ്ക്കും, തന്റെ ദാസന്മാര്‍ക്കും തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചു കൊടുക്കുന്നു. (പ്രകാശിപ്പിക്കുന്നു. 1Cor.2:9-14; Eph.1:14; John 16:14, 15

പരിശുദ്ധാത്മാവിനു വിരോധമായ കുറ്റങ്ങള്‍
പരിശുദ്ധാത്മാവിനു വിരോധമായ പാപങ്ങളെ, വിശ്വാസി ചെയ്യുന്ന പാപങ്ങള്‍ എന്നും, അവിശ്വാസി ചെയ്യുന്ന പാപങ്ങള്‍ എന്നും രണ്ടായി തിരിക്കാം.

പരിശുദ്ധാത്മാവിനു വിരോധമായി വിശ്വാസി ചെയ്യുന്ന പാപം.
1. ആത്മാവിനെ ദുഃഖിപ്പിക്കുക – Eph.4:30; Isa.63:10
ഈ പദം ഗത്‌സമനയിലെ ക്രിസ്തുവിന്റെ അനുഭവത്തെ വിശദീകരിക്കുന്ന പദമായി കാണാം. ആകയാല്‍ ഗത്‌സമനയില്‍ കര്‍ത്താവ് എപ്രകാരം ദുഃഖിച്ചുവോ അപ്രകാരം ഉള്ള ദുഃഖം ഒരു വിശ്വാസിയുടെ, ആകാത്ത സംസാരത്താലും, ദുര്‍ഭാഷണത്താലും, മത്സരത്താലും പരിശുദ്ധാത്മാവ് അനുഭവിക്കുന്നുയെന്നര്‍ത്ഥം.
വിശ്വാസി ആത്മാവിനെ അനുസരിച്ച് നടക്കാതെ ജഡത്തിന് കീഴ്‌പ്പെടുമ്പോഴും ജഡത്തിന്റെ പ്രവര്‍ത്തികളായ ദുര്‍ന്നടപ്പ്, അശുദ്ധി, ദുഷ്‌കാമം, വിഗ്രഹാരാധന, ആഭിചാരം, ദ്വന്ദപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് (Gal.5:19-21) എന്നിവ അവനില്‍ ഉണ്ടാകുമ്പോഴും പരിശുദ്ധാത്മാവ് ദുഃഖിക്കുന്നു. ആകയാല്‍ എല്ലാ കൈപ്പും, ക്രോധവും, കൂറ്റാരവും, ദൂഷണവും സകല ദുര്‍ഗുണങ്ങളുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. Eph.4:31 ജഡാഭിലാഷം ആത്മാവിനും, ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കയാല്‍ നാള്‍തോറും ജഡത്തെ മരിപ്പിക്കുകയും വേണം. ജഡത്തെ അനുസരിച്ച് ജീവിച്ചാല്‍ മരിക്കും. ആത്മാവിനെ അനുസരിച്ച് ജീവിച്ചാലോ ജീവിക്കും.
2. പരിശുദ്ധാത്മാവിനു വിരോധമായി കള്ളം പറയുക – Acts 5:3,4
ഒരു വിശ്വാസിയുടെ പ്രതിഷ്ഠ പൂര്‍ണ്ണതയുള്ളതായിരിക്കണം. പൂര്‍ണ്ണനായ ദൈവം ദൈവജനത്തിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണമാണ് ആഗ്രഹിക്കുന്നത്. നമ്മുടെ സമര്‍പ്പണം ഭാഗീകമായിരിക്കുമ്പോള്‍, പൂര്‍ണ്ണതയുള്ളത് എന്ന നാട്യം (ഭാവം) നമ്മിലുണ്ടായാല്‍ പരിശുദ്ധാത്മാവ് ദുഃഖിക്കുന്നു. അത് ആത്മാവിനുനേരെയുള്ള വ്യാജം ആണ്.
3. ആത്മാവിനെ കെടുക്കുക.
ആത്മാവിനെ കെടുക്കരുത്. 1Thess.5:19 കെടുക്കുക എന്ന പദം ജീവിതത്തെക്കാള്‍ അധികം ശുശ്രൂഷയെ ആണ് കാണിക്കുന്നത്. ശുശ്രൂഷക്കായി ദൈവം തന്നിരിക്കുന്ന വരങ്ങളെ മൂടിവെയ്ക്കുകയോ, പ്രകാശിപ്പിക്കാതിരിക്കുകയോ ചെയ്യുവാന്‍ പാടില്ല. വരങ്ങള്‍ പ്രകാശിപ്പിപ്പാന്‍ ദൈവാത്മാവ് നമ്മെ പ്രേരിപ്പിക്കുമ്പോള്‍ അങ്ങനെ ചെയ്യാതിരിക്കുന്നതും ആത്മാവിനെ കെടുത്തിക്കളയുന്ന അനുഭവമാണ്.

അവിശ്വാസി ആത്മാവിന് വിരോധമായി ചെയ്യുന്ന പാപങ്ങള്‍
1. ആത്മാവിനോട് എതിര്‍ക്കുക.
ശാഠ്യക്കാരും, ഹൃദയത്തിനും ചെവിക്കും പരിഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നെ നിങ്ങളും എല്ലായ്‌പ്പോഴും പരിശുദ്ധാത്മാവിനോട് മറുത്തു നില്‍ക്കുന്നു. Acts 7:51
മനുഷ്യനെ നേടുവാനുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും (സ്വീകരിക്കാതിരിക്കുക) സുവിശേഷ സത്യങ്ങളെ അവിശ്വസിക്കുകയും ചെയ്യുന്നവന്‍ ആത്മാവിനോട് എതിര്‍ക്കുകയാണ്.
2. പരിശുദ്ധാത്മാവിനെ നിന്ദിക്കുക.
ദൈവപുത്രനെ ചവുട്ടിക്കളയുകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്ന് നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പീന്‍. Heb.10:29.
പാപിയുടെ പാപക്ഷമയ്ക്ക് അടിസ്ഥാനമായ ക്രിസ്തുവിന്റെ പാപപരിഹാര വേലയെ പരിശുദ്ധാത്മാവ് അവന് കാണിച്ചുകൊടുക്കുമ്പോള്‍ പാപി അത് അംഗീകരിക്കുകയോ, സ്വീകരിക്കുകയോ ചെയ്യാതിരിക്കുന്നത് പരിശുദ്ധാത്മാവിനോടുള്ള നിന്ദയാണ്.
3. പരിശുദ്ധാത്മാവിനെ ദുഷിക്കുന്നു.
അതുകൊണ്ട് ഞാന്‍ നിങ്ങളോടു പറയുന്നത് സകല പാപവും ദൂഷണവും, മനുഷ്യരോടു ക്ഷമിക്കും. ആത്മാവിനു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യപുത്രനു നേരെ ഒരു വാക്കു പറഞ്ഞാല്‍, അതു അവനോടു ക്ഷമിക്കും. പരിശുദ്ധാത്മാവിന് നേരെ പറഞ്ഞാലോ ഈ ലോകത്തിലും, വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. Matt.12:31,32

ആത്മാവിന്റെ സദൃശ്യങ്ങള്‍:
പരിശുദ്ധാത്മാവിന് സദൃശ്യങ്ങളായി ഏഴ് കാര്യങ്ങള്‍ തിരുവെഴുത്തില്‍ കാണാവുന്നതാണ്.
1. വെള്ളം
2. അഗ്നി
3. കാറ്റ്
4. എണ്ണ
5. മഴയും മഞ്ഞും
6. പ്രാവ്
7. നദി
1. വെള്ളം – John 7:38, 39; 4:14 (Isa.12:3; 44:3; 41:17, 18; Psa.1:3; 46:4)
ഒരു വിശ്വാസിയുടെ വളര്‍ച്ചയ്ക്കും, പൂര്‍ണ്ണ വളര്‍ച്ചയിലെത്തി ഫലം കായ്ക്കുന്നതിനും പ്രയാസങ്ങളുടെ നടുവില്‍ വാടിപ്പോകാതെ (ക്ഷീണിച്ചുപോകാതെ) ഇരിപ്പാനും പരിശുദ്ധാത്മാവ് സഹായിക്കുന്നു. വെള്ളം ചൈതന്യം നല്കുകയും, വിശുദ്ധീകരിക്കയും ചെയ്യുന്നതുപോലെ പരിശുദ്ധാത്മാവ് വിശ്വാസിക്ക് ചൈതന്യം നല്കുന്നു. വിശുദ്ധീകരിക്കുന്നു. കൂടാതെ ധാരാളമായും, സൗജന്യമായും വെള്ളം ലഭിക്കുന്നതുപോലെ ദൈവം പരിശുദ്ധാത്മാവിനെ അളവുകൂടാതെ നല്കുന്നു.
2. അഗ്നി – Acts 2:3; Matt.3:11; Luke 3:16.
അഗ്നി ശോധന കഴിക്കയും, കീടങ്ങളെ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയുമില്ല. ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ കല്ല്, മരം, പുല്ല്, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടു വരും. ആ ദിവസം അതിന്റെ തെളിവാക്കും. അത് തീയോടെ വെളിപ്പെട്ടുവരും. ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്ന് തന്നേ ശോധന ചെയ്യും. 1Cor.3:11-15. അഗ്നി ചൂടും, വെളിച്ചവും, ശക്തിയും ദൈവജനത്തിന് പ്രദാനം ചെയ്യുന്നു. (John 5:35, Isa.4:4).
3. കാറ്റ്
കാറ്റ് ശക്തിയേറിയതാണ്. പാറയെ തകര്‍ക്കുകയും, പര്‍വ്വതങ്ങളെ കീറുകയും ചെയ്യുന്നു എന്നതുപോലെ പരിശുദ്ധാത്മാവ് ഒരുവനില്‍ അധിവസിക്കുമ്പോള്‍ അവന്‍ അമാനുഷികശക്തിയുള്ളവനായിത്തീരുന്നു. ശിംശോന്‍, ദാവീദ് ആദിയായവര്‍ അതിനുദാഹരണമാണ്. കൂടാതെ കാറ്റ് ഉണര്‍വ്വും, ജീവനും നല്കുന്നു. Ezek.37:9, 10, 14 താഴ്‌വരയിലുള്ള ഉണങ്ങിയ അസ്ഥികൂടത്തിന്മേല്‍ കാറ്റ് ഊതിയപ്പോള്‍ അവ ജീവന്‍ പ്രാപിച്ചു. ഒരു വലിയ സൈന്യം ആയിത്തീര്‍ന്നു. ഉണങ്ങി വരണ്ട ആത്മീയ അനുഭവം മാറി ജീവനും, ചൈതന്യവും പ്രാപിപ്പാന്‍ പരിശുദ്ധാത്മാവാകുന്ന കാറ്റ് ഊതേണ്ടിയിരിക്കുന്നു. കാറ്റ് സ്വതന്ത്രമാണ് John 3:8. പരിശുദ്ധാത്മാവ് മാനുഷിക നിയന്ത്രണത്തിനതീതനാണ്. നാം പരിശുദ്ധാത്മാവിനെ നിയന്ത്രിക്കയല്ല പ്രത്യുത പരിശുദ്ധാത്മാവ് നമ്മെ നിയന്ത്രിക്കയാണ് വേണ്ടത്. കാറ്റ് ദൃശ്യമല്ല. എന്നാല്‍ ശക്തിയുള്ളതാണ്. പരിശുദ്ധാത്മാവ് ദൃശ്യമല്ല എന്നാല്‍ അവന്‍ സര്‍വ്വശക്തനാണ്.
4. എണ്ണ
പുരോഹിതന്മാരെയും, രാജാക്കന്മാരെയും, പ്രവാചകന്മാരെയും എണ്ണ തലയില്‍ ഒഴിച്ച് അഭിഷേകം ചെയ്യുന്ന പതിവ് പഴയ നിയമകാലത്ത് ഉണ്ടായിരുന്നു. Exod.29:7; Lev.8:12; 1Sam.10:1; 1Kings 19:16, 17. തന്റെ പരിശുദ്ധാത്മാവിനെ നമ്മുടെ മേല്‍ പകര്‍ന്ന് അവന്‍ നമ്മെ രാജകീയ പുരോഹിതവര്‍ഗ്ഗമായി അഭിഷേകം ചെയ്തിരിക്കുന്നു. നിങ്ങളോ അന്ധകാരത്തില്‍ നിന്ന് അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വര്‍ഗ്ഗവും വിശുദ്ധവംശവും, സ്വന്തജനവും ആകുന്നു. 1Pet.2:9.
എണ്ണ തണുപ്പും, ആശ്വാസവും നല്കുന്നു. പരിശുദ്ധാത്മാവ് കുളിര്‍മ്മയും, ആശ്വാസവും നല്കുന്നു. Isa.61:3; Heb. 1:9. എണ്ണ കത്തി ജ്വലിക്കുവാന്‍ സഹായിക്കുന്നു. പരിശുദ്ധാത്മാവിന്റെ സഹായത്താലെ ഒരു വിശ്വാസിക്ക് പ്രകാശിക്കുവാന്‍ കഴിയുകയുള്ളൂ. വിളക്കിന് എണ്ണ സംഭരിക്കുന്നതുപോലെ നാം പരിശുദ്ധാത്മാവിനെ ധാരാളമായി പ്രാപിക്കേണ്ടതാണ്. (Matt.25:1-10). എണ്ണ മുറിവുകളെ പൊറുപ്പിക്കുന്നു. യെരുശലേമില്‍നിന്ന് യെരിഹോവിലേക്ക് പോകുകയും കള്ളന്മാരാല്‍ ആക്രമിക്കപ്പെടുകയും ചെയ്ത മനുഷ്യന്റെ മുറിവുകളില്‍ നല്ല ശമര്യക്കാരന്‍ എണ്ണ പകരുന്നതായി നാം വായിക്കുന്നുവല്ലോ Luke 10:34. വിശ്വാസിയുടെ ആത്മീകജീവിതത്തില്‍ ഉണ്ടാകുന്ന മുറിവുകളെ പരിശുദ്ധാത്മാവ് പൊറുപ്പിക്കുന്നു.
5. മഞ്ഞും മഴയും
“അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും, ഭൂമിയെ നനയ്ക്കുന്ന വന്‍മഴപോലെയും അവന്‍ ഇറങ്ങിവരട്ടെ” Psa.7:26.
മഴ വൃക്ഷങ്ങളെയും, ചെടികളെയും വളരുമാറാക്കുന്നു. സഭയാം തോട്ടത്തിലെ നടുതലയാകുന്ന തന്റെ ജനത്തെ പരിശുദ്ധാത്മാവ് വളരുമാറാക്കുന്നു. മഴ ഭൂമിക്ക് കുളിര്‍മ നല്കുന്നു. Psa.68:9

അദ്ധ്യായം 7-വേര്‍പാടും വിശുദ്ധിയും
എല്ലാ കാലഘട്ടത്തിലും ദൈവത്തിനായി വേര്‍തിരിക്കപ്പെട്ട ഒരു കൂട്ടം ഉണ്ട്. അവര്‍ തിരുവചനാടിസ്ഥാനത്തില്‍ വേര്‍പ്പെട്ടവരായിരിക്കണമെന്നും, വേര്‍പാടും, വിശുദ്ധിയും, പാലിക്കുന്നവരായിരിക്കണമെന്നും ദൈവം ആഗ്രഹിക്കുന്നു. രക്ഷിക്കപ്പെട്ടാല്‍ മതി നില്‍ക്കുന്നിടത്തു തന്നെ നിന്ന് ദൈവത്തെ സേവിക്കാം എന്നാണ് ചിലരുടെ ചിന്ത. നില്‍ക്കേണ്ടിടത്തു നില്‍ക്കുക എന്നത്രേ ദൈവ പ്രമാണം. അപ്പൊസ്തലന്മാരും, ആദിമസഭയും വേര്‍പാടിനും വിശുദ്ധിക്കും വളരെ വില കൊടുക്കയും, ഗൗരവപൂര്‍വ്വം പാലിക്കുകയും ചെയ്തുപോന്നു. അവര്‍ക്ക് പ്രശംസയായിരുന്ന പലതും വിട്ടു. ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും ഉപേക്ഷിച്ചു. പാപത്തോടു പോരാടുന്നതില്‍ പ്രാണത്യാഗം വരെ എതിര്‍ത്തു നിന്നു. കാലപ്പഴക്കത്തില്‍ ഈ ഉപദേശത്തിന്റെ ഗൗരവം കുറഞ്ഞുപോകുന്നില്ല, എന്ന് നാം മനസിലാക്കണം.
ദൈവം വിശുദ്ധനും അവന്റെ നാമം വിശുദ്ധവുമാകയാല്‍ സകല ദൈവമക്കളും വിശുദ്ധരായിരിക്കണമെന്ന് ദൈവം കല്പിക്കുന്നു. “ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു. ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധന്മാരായിരിക്കേണം.” Lev.11:14; 19:2; 20:26; 21:8; Psa.111:10. നിങ്ങളെ വിളിച്ച വിശുദ്ധനൊത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിന്‍. “ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍” എന്ന് എഴുതിയിരിക്കുന്നുവല്ലോ. 1Pet.1:15, 16.
വിശ്വാസികള്‍ ലോകസന്തോഷത്തില്‍ നിന്നും അവിശ്വാസികളില്‍ നിന്നും, ദുരുപദേശങ്ങളില്‍ നിന്നും വിശുദ്ധീകരണം (വേര്‍പാട്) പാലിക്കേണം.
ലോക സന്തോഷത്തില്‍ നിന്ന് ലൗകികസന്തോഷം നമ്മെ വീഴ്ത്തി കളയാതിരിപ്പാന്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സകല കുതന്ത്രങ്ങളുടെയും ഉടമയായ സാത്താന്‍ തന്ത്രപൂര്‍വ്വം, ന്യായന്യായങ്ങള്‍ പറഞ്ഞ് നമ്മോട് പോരാടും. ശാസ്ത്രീയ, സാങ്കേതിക നേട്ടങ്ങള്‍ ഏറ്റവും വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാം അറിയാതെ തന്നെ ലൗകികസന്തോഷത്തില്‍ വീണു പോകാന്‍ സാധ്യതയുണ്ട്. ശാസ്ത്രീയ നേട്ടങ്ങള്‍ പാപമല്ല. എന്നാല്‍ അത് തെറ്റായി ഉപയോഗിച്ചാല്‍ മരണകാരണമായി ഭവിക്കും. “ജഡത്തെ അനുസരിച്ചു ജീവിച്ചാല്‍ മരിക്കും.”
“വിശ്വാസത്താല്‍ മോശ താന്‍ വളര്‍ന്നപ്പോള്‍ പാപത്തിന്റെ തല്‍ക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടം അനുഭവിക്കുന്നതു തിരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ട് ഫറവോന്റെ പുത്രിയുടെ മകന്‍ എന്നു വിളിക്കപ്പെടുന്നത് നിരസിക്കയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു.” Heb.11:24-26. (Jere.15:17; 1John 2:15, 17; Gal.6:14; James 4:4).

അവിശ്വാസികളില്‍ നിന്ന് വേര്‍പെടണം
“നിങ്ങള്‍ അവിശ്വാസികളോട് ഇണയില്ലാപിണ കൂടരുത്. നീതിക്കും, അധര്‍മ്മത്തിനും തമ്മില്‍ എന്തൊരു ചേര്‍ച്ച. വെളിച്ചത്തിന് ഇരുളിനോട് എന്തൊരു കൂട്ടായ്മ. ക്രിസ്തുവിനും, ബെലിയാലിനും തമ്മില്‍ എന്തു പൊരുത്തം. അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി. ദൈവാലയത്തിന് വിഗ്രഹങ്ങളോട് എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ? ഞാന്‍ അവരില്‍ വസിക്കയും, അവരുടെ ഇടയില്‍ നടക്കയും ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവവും അവര്‍ എനിക്കു ജനവും ആകും എന്ന് ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ? അതുകൊണ്ട് അവരുടെ നടുവില്‍ നിന്ന് പുറപ്പെട്ട് വേര്‍പെട്ടിരിപ്പിന്‍ എന്ന് കര്‍ത്താവ് അരുളിചെയ്യുന്നു. അശുദ്ധമായത് ഒന്നും തൊടരുത്. എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ട് നിങ്ങള്‍ക്ക് പിതാവും, നിങ്ങള്‍ എനിക്ക് പുത്രന്മാരും ആയിരിക്കും എന്ന് സര്‍വ്വശക്തനായ കര്‍ത്താവ് അരുളിചെയ്യുന്നു.” 2Cor.6:14-17. പഴയനിയമ കാലഘട്ടത്തില്‍ ദൈവജനം അവിശ്വാസികളുമായി സഖ്യത കൂടിയപ്പോഴെല്ലാം ദൈവം അവരെ ന്യായം വിധിച്ചിട്ടുണ്ട്. 2Chron.18:33; 19:1-2. ഈ ലോക ജീവിതത്തില്‍ ദൈവജനം വളരെ സൂഷ്മതയുള്ളവരായി തങ്ങളെ തന്നെ വിശുദ്ധിയില്‍ സൂക്ഷിച്ചുകൊള്ളണം. വിവാഹം, വ്യാപാരം, പണമിടപാടുകള്‍ ഈ കാര്യങ്ങളിലെല്ലാം നാം നമ്മുടെ നില കാത്തുകൊള്ളേണം.

പാപങ്ങളില്‍നിന്ന് വേര്‍പാടു പാലിക്കണം
“പാപത്തോടു പോരാടുന്നതില്‍ നിങ്ങള്‍ ഇതുവരെ പ്രാണത്യാഗത്തോളം എതിര്‍ത്തുനിന്നിട്ടില്ല. Heb.12:4. യഹോവയായ ദൈവം കയീനോട് പറയുന്നത് “പാപം വാതില്‍ക്കല്‍ കിടക്കുന്നു. അതിന്റെ ആഗ്രഹം നിന്നോടാകുന്നു. നീയോ അതിനെ കീഴടക്കേണം.” പുറമെനിന്നുള്ള പാപത്തിന്റെ ശക്തിയെ നാം പോരാടി ജയിക്കണം. നമ്മുടെ ഉള്ളില്‍ നിന്നുള്ള പാപത്തിന്റെ പ്രവണതകളെയും നാം കീഴടക്കേണം. നല്ല വൃക്ഷത്തിന് ആകാത്തഫലവും ആകാത്തവൃക്ഷത്തിന് നല്ല ഫലവും കായ്പാന്‍ കഴിയില്ല.” Mat.7:18.

“ആകയാല്‍ സകല ദുഷ്ടതയും, എല്ലാ ചതിയും, വ്യാജഭാവവും, അസൂയയും, എല്ലാ നുണയും നീക്കിക്കളഞ്ഞ് ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ രക്ഷക്കായി വളരുവാന്‍ വചനം എന്ന മായില്ലാത്ത പാല്‍ കുടിപ്പാന്‍ വാഞ്ചിപ്പിന്‍” 1Peter 2:1-3. ഇപ്പോള്‍ ജനിച്ച ശിശുക്കള്‍ തിന്മ അറിയാതിരിക്കുന്നതു പോലെ ദൈവ ജനം തിന്മക്ക് ശത്രുക്കളായിരിക്കണം. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില്‍ ദൈവജനം അനിന്ദ്യരും പരമാര്‍ത്ഥികളും, ദൈവത്തിന്റെ നിഷ്‌കളങ്ക മക്കളുമായി ലോകത്തില്‍ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ജ്യോതിസുകളെപ്പോലെ പ്രകാശിക്കുന്നവരായിരിക്കേണം. Phil.2:14-15. ലോകത്തിന്റെ കാലഗതിയുമായി വിശ്വാസികള്‍ ഇഴുകി ചേരുവാന്‍ പാടില്ല. മനസ്സ് പുതുക്കി നാള്‍ക്കുനാള്‍ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കണം. Rom.12:1-2. ജഡത്തിന്റെ പ്രവര്‍ത്തികളെ കുറിച്ച് Gal.5:19-21 വരെയുള്ള വാക്യങ്ങളില്‍ വിശുദ്ധ പൗലോസ് വിവരിക്കുന്നു. “ജഡത്തിന്റെ പ്രവര്‍ത്തികളോ ദുര്‍ന്നടപ്പ്, അശുദ്ധി, ദുഷ്‌ക്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്ന് വെളിവാകുന്നു. ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു;” എത്ര ഗൗരവമായിട്ടാണ് പരിശുദ്ധാത്മാവ് ഉപദേശം നല്‍കുന്നത്. നാം നിസ്സാരമെന്ന് കരുതുന്നവ ദൈവസന്നിധിയില്‍ ഗൗരവമുള്ളതാകാം. ആകയാല്‍ ചെറിയ വിഷയങ്ങളില്‍ പോലും ദൈവജനം വിശുദ്ധരായിരിക്കേണം. അല്ല ജഡത്തിന്റെ പ്രവര്‍ത്തികള്‍ തുടര്‍ന്നുകൊണ്ടിരുന്നാല്‍ ദൈവരാജ്യം നഷ്ടമാകും. അതുകൊണ്ട് ജഡമോഹം, കണ്‍മോഹം, ജീവനത്തിന്റെ പ്രതാപം എന്നിവ ഉപേക്ഷിച്ച് യാതൊരുവിധ അശുദ്ധിയും ജീവിതവസ്ത്രത്തില്‍ പുരളാതെ വളരെ സൂഷ്മതയോടും ഭയത്തോടും കൂടെ പ്രവാസകാലം കഴിക്കേണം.

ദുരുപദേശങ്ങളില്‍ നിന്ന് വേര്‍പാട് പാലിക്കണം
ഒന്നാം നൂറ്റാണ്ടില്‍ അപ്പൊസ്തലന്മാര്‍ മുഖാന്തിരം പരിശുദ്ധാത്മാവ് പ്രസ്താവിച്ചിട്ടുള്ളതും സഭയെ പഠിപ്പിച്ചതുമായ പഥ്യോപദേശത്തിന് വിപരീതമായി പ്രസ്താവിക്കുന്ന പുരുഷന്മാര്‍ എഴുന്നേല്‍ക്കും എന്ന് പ്രസ്താവിച്ചിരുന്നു. ആദ്യ നൂറ്റാണ്ടില്‍ തന്നെ അങ്ങനെയുള്ളവര്‍ എഴുന്നേല്‍ക്കുകയും ചെയ്തു. Rom.16:17, 18; Acts 20:29-30; 2Peter 2:1-3. വെളിച്ചംപോലെ പ്രകാശിക്കുന്ന സത്യോപദേശമത്രേ പുതിയ നിയമസഭക്ക് കര്‍ത്താവ് കൊടുത്തിരിക്കുന്നത്. എങ്കില്‍ തന്നെയും ശരിയായ ഉപദേശം പഠിപ്പിക്കാതെ സത്യോപദേശത്തെ മറച്ചു കളയുന്ന (മായം ചേര്‍ക്കുന്ന) ധാരാളം സമൂഹങ്ങള്‍ ഉണ്ട്. ഉദാ.: വിശ്വാസത്താല്‍ രക്ഷ എന്ന് വേദം പഠിപ്പിക്കുമ്പോള്‍ പ്രവര്‍ത്തിയാല്‍ രക്ഷിക്കപ്പെടുക എന്ന് മതം പറയുന്നു. രക്ഷിക്കപ്പെട്ടവര്‍ സ്‌നാനപ്പെടണമെന്ന് തിരുവെഴുത്തു പറയുമ്പോള്‍ സ്‌നാനപ്പെടുത്തി മാനസാന്തരത്തിലേക്ക് നയിച്ച് പഠിപ്പിച്ചാല്‍ മതിയെന്ന് സമുദായങ്ങള്‍ പറയുന്നു. സ്‌നാനപ്പെട്ടവര്‍ പരിശുദ്ധാത്മാവിനെ കാത്തിരുന്ന് പ്രാപിക്കണമെന്ന് വചനം പഠിപ്പിക്കുമ്പോള്‍, പരിശുദ്ധാത്മാവിനെ മൂറോന്‍ തൈലത്തില്‍ കൂടെ പ്രാപിക്കാം എന്ന് എപ്പിസ്‌ക്കോപ്പല്‍ സഭകള്‍ പറയുന്നു. ഇങ്ങനെ സത്യോപദേശത്തിന് എതിരായി പഠിപ്പിക്കുന്ന ധാരാളം സംഘടനകള്‍ ഇന്നുണ്ട്. ആകയാല്‍ സഭ വിശുദ്ധ ഉപദേശങ്ങളെ കാത്തു സൂക്ഷിക്കുകയും അതിനായി നിലകൊള്ളുകയും വേണം. “എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങള്‍ ആകട്ടെ, സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോട് സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍” Gal.1:18.

സാത്താന്യ സംഘടനകളില്‍ നിന്ന് വേര്‍പാട് പാലിക്കണം
ക്രിസ്തുവിന്റെ മാര്‍മ്മിക ശരീരമായ സഭ ഒഴിച്ച് ബാക്കിയുള്ള എല്ലാ സംഘടനകളും തിരുവചനാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നില്ല എന്നതിനാല്‍ സാത്താന്യ സംഘടനകളത്രേ. സാത്താന്യ നിയന്ത്രണത്തിലും സാത്താന്യ ഭരണത്തിന്‍ കീഴിലുമത്രേ അവ. ഇപ്രകാരമുള്ള സംഘടനകളുമായി ദൈവസഭ കൈകൊടുക്കുവാന്‍ പാടില്ല. എന്നാല്‍ അന്ത്യകാലത്ത് സംഘടനകള്‍ ഒന്നായി തീര്‍ന്നേക്കാം.’ സഭ വേര്‍പെട്ട ജനമായി, വിശുദ്ധ വംശമായിത്തന്നെ നില്‌ക്കേണ്ടിയിരിക്കുന്നു. (Num.33:51-56; Isa.52:11; 2Thess.3:6.).
“അനീതികൊണ്ട് സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും, അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്ന് വെളിപ്പെടുന്നു.” Rom.1:18

വിശുദ്ധീകരണത്തിന്റെ ഫലം
1. നാം സമ്പൂര്‍ണ്ണമായി തീരുന്നു.
“ഏകയാഗത്താല്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്ക് സദാ കാലത്തേക്കും, സല്‍ഗുണ പൂര്‍ത്തിവരുത്തിയിരിക്കുന്നു.” Heb.10:14
2. ക്രിസ്തുവിന്റെ സഹോദരന്മാര്‍ എന്ന പദവിക്ക് നാം അവകാശികളാകുന്നു.
“വിശുദ്ധീകരിക്കുന്നവനും, വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്കും എല്ലാം ഒരുവനല്ലോ പിതാവ്. അത് ഹേതുവായി അവന്‍ അവരെ സഹോദരന്മാര്‍ എന്ന് വിളിപ്പാന്‍ ലജ്ജിക്കാതെ; ഞാന്‍ നിന്റെ നാമത്തെ എന്റെ സഹോദരന്‍മാരോട് കീര്‍ത്തിക്കും.” Heb.2:11-12
3. നാം കര്‍ത്താവിനെ അഭിമുഖമായി കാണും.
എല്ലാവരോടും സമാധാനം ആചരിച്ച് ശുദ്ധീകരണം പ്രാപിപ്പാന്‍ ഉത്സാഹിപ്പിന്‍, ശുദ്ധീകരണം കൂടാതെ ആരും കര്‍ത്താവിനെ കാണുകയില്ല.
Heb.12:14
4. അവകാശം ലഭ്യമാകുന്നു.
“നാം മക്കളെങ്കിലോ അവകാശികളും ആകുന്നു. ദൈവത്തിന്റെ അവകാശികളും, ക്രിസ്തുവിന് കൂട്ടവകാശികളും തന്നെ.” Rom.8:17 (Acts26:18).
5. നിത്യജീവന്‍ ലഭ്യമാകുന്നു.
എന്നാല്‍ ഇപ്പോള്‍ പാപത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച്, ദൈവത്തിന് ദാസന്മാരായിരിക്കയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും, അതിന്റെ അന്ത്യം നിത്യജീവനും ആകുന്നു. Rom.6:22

അദ്ധ്യായം 8-കര്‍ത്താവിന്റെ പുനരാഗമനം
കര്‍ത്താവിന്റെ പുനരാഗമനം
ലോകത്തില്‍ അനേകായിരം മതങ്ങള്‍ ഉണ്ട്. അതിലൊന്നിന്റെയും സ്ഥാപകന്‍ വീണ്ടും വരും എന്ന് പറഞ്ഞിട്ടില്ല. മതസ്ഥാപകരൊക്കെയും മരിച്ച് മണ്‍മറഞ്ഞു പോയി. എന്നാല്‍ ക്രിസ്തീയ മാര്‍ഗ്ഗത്തിന്റെ സ്ഥാപകനായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മരണത്തെയും പാതാളത്തെയും ജയിച്ചവനായി ഉയിര്‍ത്തെഴുന്നേറ്റു എന്നേക്കും ജീവിക്കുന്നു. “ഞാന്‍ മരിച്ചവനായിരുന്നു, എന്നാല്‍ ഇതാ എന്നെന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്റെയും, പാതാളത്തിന്റെയും താക്കോല്‍ എന്റെ കൈവശം ഉണ്ട്.” Rev.1:18.
കര്‍ത്താവ് വ്യക്തമായി പറയുകയുണ്ടായി താന്‍ രണ്ടാമതും മടങ്ങിവരും. കര്‍ത്താവ് ഇരിക്കുന്നിടത്ത് തന്റെ സഭയും ഇരിക്കണമെന്നാണ് ദൈവഹിതം. “ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിയാല്‍ ഞാന്‍ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും.” John 14:3 “പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോട് കൂടെയിരിക്കും.” 1Thess.4:17. ക്രൈസ്തവസഭയുടെ ഏറ്റവും വലിയ പ്രത്യാശ ഇതത്രേ. ഈ പ്രത്യാശയെ മുറുകെ പിടിച്ചിരിക്കുന്നതുകൊണ്ടാണ് അനേക വിശുദ്ധന്മാര്‍ കഷ്ടതയുടെ നടുവില്‍ പാട്ടുപാടിയതും തങ്ങളുടെ ജീവനെ സുവിശേഷീകരണത്തിനായി അര്‍പ്പിച്ച് രക്തസാക്ഷികളായി തീര്‍ന്നതും, പ്രത്യാശ എന്നു പറഞ്ഞാല്‍ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ്. ഇതിന് ഭാഗ്യകരമായ പ്രത്യാശയെന്നും, ജീവനുള്ള പ്രത്യാശയെന്നും, തിരശ്ശീലക്കകത്തേക്ക് കടക്കുന്ന പ്രത്യാശയെന്നും ആത്മാവിന്റെ നങ്കൂരം, ഏറെ നല്ല പ്രത്യാശ, സ്വര്‍ഗ്ഗത്തില്‍ സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ, മഹത്വത്തിന്റെ പ്രത്യാശ, നിര്‍മ്മലീകരിക്കുന്ന പ്രത്യാശ എന്നുമെല്ലാം തിരുവെഴുത്തില്‍ നാം വായിക്കുന്നു.
“നാം ഭാഗ്യകരമായ പ്രത്യാശക്കായിട്ടും, മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ടും” Titus 2:12.
“നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന് സ്‌തോത്രം. അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താല്‍ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശക്കായി” 1Peter 1:3. “ആ പ്രത്യാശ നമുക്ക് ആത്മാവിന്റെ ഒരു നങ്കൂരം തന്നെ. അത് നിശ്ചയവും, സ്ഥിരവും തിരശ്ശീലക്കകത്തേക്ക് കടക്കുന്നതുമാകുന്നു.” Heb.6:19. “നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശക്ക് സ്ഥാപനവും വന്നിരിക്കുന്നു” Heb.7:19. “സുവിശേഷത്തിന്റെ സത്യവചനത്തില്‍ നിങ്ങള്‍ മുമ്പ് കേട്ടതായി, സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്ക് സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം” Col.1:3. “അവരോട് ജാതികളുടെ ഇടയില്‍ ഈ മര്‍മ്മത്തിന്റെ മഹിമാധനം എന്തെന്നറിയിപ്പാന്‍ ദൈവത്തിന് ഇഷ്ടമായി. ആ മര്‍മ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നുള്ളതുതന്നെ.” Col.1:27. “അവനില്‍ ഈ പ്രത്യാശയുള്ളവനെല്ലാം അവന്‍ നിര്‍മലനായിരിക്കുന്നതുപോലെ തന്നെതന്നെ നിര്‍മലീകരിക്കുന്നു.” John 3:3. സഭയെക്കുറിച്ചും, സഭയുടെ പ്രത്യാശയായ കര്‍ത്താവിന്റെ വരവിനെക്കുറിച്ചുള്ള ഉപദേശം ആദ്യത്തെ ചില നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ വളരെ മങ്ങിപ്പോയിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടെയാണ് ഈ ഉപദേശം പൂര്‍വ്വാധികം ശക്തിപ്പെടുകയും, പുനസ്ഥാപിക്കപ്പെടുകയും ചെയ്തത്. ഇന്ന് എഴുത്തുകളാലും, പ്രസംഗങ്ങളാലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കര്‍ത്താവിന്റെ വരവിനെ പ്രഘോഷിച്ചുകൊണ്ടിരിക്കുന്നു. കര്‍ത്താവിന്റെ പാപ പരിഹാര ബലിയുടെ കാര്യം പറഞ്ഞിരിക്കുന്നതിന്റെ ഇരട്ടി പ്രാവശ്യം കര്‍ത്താവിന്റെ രണ്ടാം വരവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഒന്നാം വരവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതിന്റെ എട്ട് മടങ്ങാണ് രണ്ടാം വരവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പുതിയനിയമത്തിലെ ഇരുപത്തിയേഴ് പുസ്തകങ്ങളില്‍ നാല് പുസ്തകം ഒഴികെ ബാക്കിയുള്ളതിലെല്ലാം ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതായി കാണാം. വേരൊരു വിധത്തില്‍ പറഞ്ഞാല്‍ പുതിയ നിയമത്തിലെ ഇരുപത്തിയഞ്ച് വാക്യങ്ങള്‍ക്ക് ഒന്നുവീതം രണ്ടാം വരവിനെക്കുറിച്ച് പറയുന്നവയാണ്. തെസെലോനിക്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തിലെ എല്ലാ അദ്ധ്യായങ്ങളും ഈ വരവിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. പുതിയനിയമത്തിലെ ഇരുനൂറ്റിപതിനാറ് അദ്ധ്യായങ്ങളിലായി ഈ ഉപദേശത്തെക്കുറിച്ച് മുന്നൂറ്റിപതിനെട്ട് പ്രാവശ്യം പറഞ്ഞിരിക്കുന്നു.

നമ്മുടെ കര്‍ത്താവ് വീണ്ടും വരും എന്നുള്ളതിന് ആറ് വിധ സാക്ഷികളുണ്ട്.
1. പ്രവാചകന്മാര്‍
കഷ്ടമനുഭവിക്കുന്ന മശിഹായെക്കുറിച്ച് പറഞ്ഞിരിക്കുന്നതിലധികമായി വീണ്ടും വരുന്ന ക്രിസ്തുവിനെപ്പറ്റി പ്രവാചകന്മാര്‍ പ്രസ്താവിച്ചിരിക്കുന്നു.
2. യേശുക്രിസ്തു
കര്‍ത്താവ് തന്നെ തന്റെ മടങ്ങിവരവിനെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നു. യോഹന്നാന്റെ സുവിശേഷം 14-ാം അദ്ധ്യായത്തില്‍ കര്‍ത്താവിന്റെ മൂന്ന് അതിപ്രധാന വാഗ്ദത്തങ്ങള്‍ കാണാം.
(i). ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കാം – John 14:3
(ii). സ്ഥലം ഒരുക്കിയാല്‍ ഞാന്‍ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും – John 14:3
(iii). എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും അവന്‍ സത്യത്തിന്റെ ആത്മാവെന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങള്‍ക്ക് തരും. John 14:16. ഈ വാഗ്ദത്തങ്ങളില്‍ രണ്ടെണ്ണം കര്‍ത്താവിന്റെ വരവിനെക്കുറിച്ചത്രേ. ഒരെണ്ണം ഞാന്‍ പോയി വരുന്നതുവരെയുള്ള കാലഘട്ടത്തില്‍ സഭയോടു കൂടിയിരുന്ന് സഭയെ നടത്തുന്ന പരിശുദ്ധാത്മാവിനെക്കുറിച്ചത്രേ. കൂടാതെ കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റതിന് ശേഷവും കടല്‍ക്കരയില്‍ വെച്ച് തന്റെ പുനരാഗമനത്തെപ്പറ്റി ശിഷ്യന്മാര്‍ക്ക് ഉറപ്പ് നല്‍കി. “യേശു അവനോട് ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണ്ടതിന് എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ അതു നിനക്കെന്ത്? നീ എന്നെ അനുഗമിക്ക എന്നുപറഞ്ഞു” John 21:22.

3. ദൂതന്മാരുടെ സാക്ഷ്യം
നമ്മുടെ കര്‍ത്താവ് മറുരൂപ മലയില്‍ നിന്നും സ്വര്‍ഗ്ഗാരോഹണം ചെയ്തു. അപ്പോള്‍ തന്റെ ശിഷ്യന്മാര്‍ കൂടെയുണ്ടായിരുന്നു. അവരെ അനുഗ്രഹിക്കയാല്‍ അവന്‍ ആരോഹണം ചെയ്കയാണുണ്ടായത്. ഞങ്ങളുടെ ഗുരുവും കര്‍ത്താവും ആയവന്‍ അവരെ വിട്ട് സ്വര്‍ഗ്ഗത്തിലേക്ക് കരേറിപ്പോകുന്നത് ദുഃഖത്തോടും, ആശ്ചര്യത്തോടും കൂടി നോക്കിനില്‍ക്കുമ്പോള്‍ വെള്ളവസ്ത്രം ധരിച്ച മാലാഖമാര്‍ അവരുടെ അടുക്കല്‍ നിന്നു. അവന്‍ വീണ്ടും വരും എന്ന് സാക്ഷിച്ചു. “അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ വെള്ളവസ്ത്രം ധരിച്ച രണ്ട് പുരുഷന്മാര്‍ അവരുടെ അടുക്കല്‍ നിന്നു. ഗലീലാ പുരുഷന്മാരെ, നിങ്ങള്‍ ആകാശത്തിലേക്ക് നോക്കി നില്‍ക്കുന്നതെന്ത്? നിങ്ങളെ വിട്ട് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെതന്നെ അവന്‍ വീണ്ടും വരും എന്നുപറഞ്ഞു” Acts 1:10-11.

4. അപ്പൊസ്തലന്മാര്‍
കര്‍ത്താവിന്റെ അപ്പൊസ്തലന്മാര്‍ തങ്ങളുടെ പ്രസംഗത്തില്‍ കൂടെയും എഴുത്തുകളില്‍കൂടെയും കര്‍ത്താവിന്റെ പുനരാഗമനത്തെക്കുറിച്ച് പ്രഘോഷിച്ചുകൊണ്ടിരുന്നു. അതില്‍ പ്രധാനിയാണ് വിശുദ്ധ പൗലോസ്. “കര്‍ത്താവ് താന്‍ ഗംഭീരനാദത്തോടും, പ്രധാനദൂതന്റെ ശബ്ദത്തോടും, ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവരികയും, ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടൊരുമിച്ച് കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോട് കൂടെയിരിക്കും” 1Thess.4:16, 17. “എന്നാല്‍ അന്ത്യകാഹളത്തിങ്കല്‍ പെട്ടെന്ന് കണ്ണിമയ്ക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിയ്ക്കും, മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും, നാം രൂപാന്തരപ്പെടുകയും ചെയ്യും” 1Cor.15:52.

5. ദൈവസഭ
സഭയുടെ ആരംഭം മുതല്‍ ഇന്നെയോളം ആത്മ മണവാളനായ ക്രിസ്തുവിന്റെ പ്രത്യക്ഷതയ്ക്കായി ദൈവജനം നോക്കിപ്പാര്‍ക്കുകയും മണവാളന്റെ വരവിനെ വിളിച്ചറിയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. “വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു. കേള്‍ക്കുന്നവനും വരിക എന്നു പറയട്ടെ” Rev.22:17.

6. സകല സൃഷ്ടികളും
“സൃഷ്ടി ദൈവ പുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തില്‍ നിന്ന് വിടുതലും, ദൈവ മക്കളുടെ തേജസാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്‌പ്പെട്ടിരിക്കുന്നു” Rom.8:20. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിന് രണ്ട് മുഖങ്ങള്‍ അഥവാ രണ്ട് ഘട്ടങ്ങള്‍ ഉണ്ട്. ഈ രണ്ട് ഘട്ടങ്ങളും പ്രത്യേക ഉദ്ദേശത്തോടുകൂടിയതും, പ്രത്യേക സംഭവങ്ങളോടുകൂടിയതും ആയിരിക്കും. ഒന്നാം ഘട്ടം വിശുദ്ധന്മാര്‍ക്കുവേണ്ടി വരുന്നതും രണ്ടാം ഘട്ടം വിശുദ്ധന്മാരോടുകൂടി ഭൂമിയിലേക്ക് വരുന്നതും ആയിരിക്കും. ഇതിനത്രേ മഹത്വപ്രത്യക്ഷത എന്ന് പറയുന്നത്. പുതിയ നിയമസഭയെക്കുറിച്ചോ, സഭയുടെ ഉപദേശ വെളിപ്പാടുകളോ പഴയനിയമത്തിലില്ലാത്തതിനാല്‍, സഭയെ ചേര്‍ക്കാന്‍ വരുന്ന കാര്യവും (വിശുദ്ധന്മാര്‍ക്കു വേണ്ടിയുള്ള വരവ്) പഴയനിയമത്തിലില്ല.
കര്‍ത്താവിന്റെ വരവ് സംബന്ധിച്ച് തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ ഭാഗങ്ങളും ചേര്‍ത്തിണക്കി പഠിക്കുമ്പോള്‍ വരവിന്റെ ക്രമം നമുക്ക് മനസിലാകും. വിശുദ്ധന്മാര്‍ക്കു വേണ്ടിയുള്ള വരവിനെ സഭയുടെ ഉല്‍പ്രാപണം (സഭയുടെ എടുത്തു കൊള്ളപ്പെടല്‍) എന്നും, വിശുദ്ധന്മാരോടു കൂടി വരുന്നതിന് മഹത്വ പ്രത്യക്ഷത എന്നുമാണ് വേദപഠിതാക്കള്‍ വിളിക്കുന്നത്. Jude 15-ാം വാക്യത്തില്‍ വിശുദ്ധന്മാരോടുകൂടി വരുന്നതും 1Thess.4:16-18 വരെയുള്ള ഭാഗങ്ങളില്‍ വിശുദ്ധന്മാര്‍ക്കുവേണ്ടി വരുന്ന കാര്യവും അത്രേ പ്രസ്താവിച്ചിരിക്കുന്നത്. കര്‍ത്താവ് സഭയെ ചേര്‍ക്കാന്‍ വരുന്ന കാര്യം ആദ്യമായി സുവിശേഷങ്ങളില്‍ പറയുന്നത് John 14:3 ലാണ്. ആദ്യത്തെ മൂന്ന് സുവിശേഷങ്ങളില്‍ സഭാകാലയളവിനെക്കുറിച്ച് പ്രത്യേകമായി എടുത്തുപറയുന്നില്ല. യേശുക്രിസ്തുവിനെ യൂദന്മാരുടെ മശിഹയായി ചിത്രീകരിക്കുകയും, ആ നിലയില്‍ ലോകഭരണം ഏറ്റെടുക്കുവാന്‍ വരുന്ന മഹത്വ പ്രത്യക്ഷതയുടെ കാര്യവുമാണ് അവിടെ പറയുന്നത്. മനുഷ്യപുത്രന്റെ വരവ് എന്ന് ഇതിനെ വിളിച്ചിരിക്കുന്നു.

സഭയ്ക്കുവേണ്ടിയുള്ള വരവ്
സഭയുടെ ഉല്‍പ്രാപണം അഥവാ എടുത്തുകൊള്ളപ്പെടല്‍ ഏതു നിമിഷത്തിലും സംഭവിക്കാവുന്നതാണ്. ആകയാല്‍ ദൈവജനം കര്‍ത്താവിന്റെ വരവിനായി എപ്പോഴും പ്രതീക്ഷയോടും, ഒരുക്കത്തോടും കൂടെ കാത്തിരിക്കേണം. ആദിമസഭ ഈ പ്രതീക്ഷയോടുകൂടെയത്രേ ഇരുന്നത്.
“ഇങ്ങനെ നിങ്ങള്‍ ഒരു കൃപാ വരത്തിലും കുറവില്ലാത്തവരായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷത കാത്തിരിക്കുന്നു” 1Cori.1:7 (Phil.3:20-21). സഭയെ ചേര്‍ക്കാന്‍ വരുന്നതിന്റെ പ്രാരംഭ പ്രസ്താവന John 14:3-ല്‍ ആണെങ്കിലും അതിന്റെ വിശദീകരണം 1Thess.4:13-18 വരെയും, 1Cori. 15:51-55 വരെയും ഉള്ള ഭാഗങ്ങളിലാണ്. ഈ വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്ന ഏഴ് കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. കര്‍ത്താവ് താന്‍ തന്നെയായിരിക്കും വരുന്നത്.
“ഞാന്‍ പോയി നിങ്ങള്‍ക്ക് സ്ഥലം ഒരുക്കിയാല്‍ ഞാന്‍ ഇരിക്കുന്ന ഇടത്ത് നിങ്ങളും ഇരിക്കേണ്ടതിന് പിന്നെയും വന്ന് നിങ്ങളെ എന്റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും” John 14:3.
2. മരിച്ചുപോയ വിശുദ്ധന്മാര്‍ പുനരുത്ഥാനം പ്രാപിക്കും.
“കല്ലറകളില്‍ ഉള്ളവര്‍ എല്ലാവരും അവന്റെ ശബ്ദം കേട്ട്, നന്മചെയ്തവര്‍ ജീവനായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” John 5:28, 29 (Phil.3:11)
3. ജീവിച്ചിരിക്കുന്ന വിശുദ്ധന്മാര്‍ രൂപാന്തരപ്പെടും
“എന്നാല്‍ അന്ത്യ കാഹളത്തിങ്കല്‍ – പെട്ടെന്ന് കണ്ണിമെക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും” 1Cori.15:52 (2Cori.5:1-4)
4. രണ്ട് കൂട്ടരും ഒരുമിച്ച് കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും.
പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടൊരുമിച്ച് ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും” 1Thess. 4:17.
5. ഗംഭീരനാദം, പ്രധാനദൂതന്റെ ശബ്ദം, ദൈവത്തിന്റെ കാഹളം ഇവ ഉണ്ടായിരിക്കും.
“കര്‍ത്താവുതാന്‍ ഗംഭീരനാദത്തോടും, പ്രധാനദൂതന്റെ ശബ്ദത്തോടും, ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും” 1Thess.4:16
6. കണ്ണിമെക്കുന്നിടയില്‍ ഇതെല്ലാം നടക്കും.
“………..പെട്ടെന്ന് കണ്ണിെമക്കുന്നിടയില്‍…….” 1Cori.15:52
7. നാം എന്നേക്കും കര്‍ത്താവിനോടുകൂടെ ഇരിക്കും.
“………..ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ഇരിക്കും” 1Thess.4:17.
മരിച്ചവര്‍ ഉയിര്‍ക്കുന്ന കാര്യം പഴയനിയമത്തിലുണ്ട്. എന്നാല്‍ മരിച്ചു പോയ വിശുദ്ധന്മാര്‍ ഉയിര്‍ക്കുന്ന അതേ സമയം ജീവിച്ചിരിക്കുന്നവര്‍ തേജസ്‌ക്കരണം പ്രാപിക്കുകയും രണ്ടു കൂട്ടരും ഒരുമിച്ച് സ്വര്‍ഗ്ഗത്തിലേക്ക് ചേര്‍ക്കപ്പെടുന്ന കാര്യം പഴയനിയമത്തിലില്ല. സഭാ കാലയളവിലെ ഒരു തലമുറക്കാര്‍ (കര്‍ത്താവിന്റെ വരവിങ്കല്‍ ജീവിച്ചിരിക്കുന്ന വിശുദ്ധന്മാര്‍) ഒരിക്കലും മരിക്കയില്ല. അപ്പൊസ്തലനായ പൗലോസ്, ഞാന്‍ ഒരു മര്‍മ്മം നിങ്ങളോട് പറയാം എന്ന് പറഞ്ഞിരിക്കുന്നത് ഇതത്രേ. ഇവര്‍ കര്‍ത്താവിന്റെ വരവിങ്കല്‍ രൂപാന്തരപ്പെടുന്നവരത്രേ.
ഈ വരവിന്റെ പ്രത്യേകതകള്‍
1. സമയം പറഞ്ഞിട്ടില്ലാത്തതിനാല്‍ എപ്പോഴും ഒരുങ്ങിയിരിക്കണം
2. മഹോപദ്രവത്തിനു മുമ്പ് ഇത് സംഭവിക്കും
സഭ മഹോപദ്രവത്തില്‍ കൂടെ കടന്നു പോകും എന്നു പറയുന്ന പണ്ഡിതന്മാരും ഇല്ലാതില്ല. തിരുവെഴുത്തുകള്‍ സൂഷ്മമായി പഠിക്കുമ്പോള്‍ മഹോപദ്രവത്തില്‍കൂടെ സഭ കടക്കേണ്ടി വരികയില്ല എന്ന് ഗ്രഹിക്കാവുന്നതാണ്
3. വിശുദ്ധന്മാരെ മാത്രം ഉദ്ദേശിച്ചുള്ള വരവാണിത്
4. മരിച്ചവരുടെ ഇടയില്‍നിന്നുള്ള പുനരുത്ഥാനത്തോടുകൂടിയത്

സഭയുടെ ഉല്‍പ്രാപണംകൊണ്ട് സാധിക്കുന്ന കാര്യങ്ങള്‍
1. ശരീരത്തിന്റെ വീണ്ടെടുപ്പ് (രക്ഷയുടെ പൂര്‍ത്തീകരണം)
നാം പ്രാപിച്ചിരിക്കുന്ന രക്ഷയ്ക്ക് ത്രികാല അനുഭവങ്ങളാണുള്ളത്. രക്ഷിക്കപ്പെട്ടു. (ഭൂതകാലം) രക്ഷിക്കപ്പെട്ടുകൊണ്ടിരുന്നു (വര്‍ത്തമാനകാലം). രക്ഷിക്കപ്പെടും (ഭാവികാലം) നീതീകരണം, വിശുദ്ധീകരണം, മഹത്വീകരണം എന്നും വേറൊരു വിധത്തില്‍ പറയാവുന്നതാണ്. ഇതില്‍ ഭാവികാലരക്ഷയായ മഹത്വീകരണം നമ്മുടെ അനുഭവത്തിലാകുന്നത് കര്‍ത്താവിന്റെ വരവും സഭയുടെ ഉല്‍പ്രാപണവും നടക്കുമ്പോഴത്രേ.
“ക്രിസ്തുവും അങ്ങനെ തന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു. തനിക്കായി കാത്തുനില്‍ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപം കൂടാതെ രണ്ടാമത് പ്രത്യക്ഷനാകും” Heb.9:28. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളില്‍ ഞരങ്ങുന്നു Rom.8:23; (Phil.3:21)
2. ദൈവജനത്തെ കര്‍ത്താവിന്റെ അടുക്കല്‍ ചേര്‍ക്കുക എന്നത് ഈ വരവില്‍ സാധിക്കുന്നു.
3. വാഗ്ദത്ത നിവൃത്തീകരണം ഉണ്ടാകുന്നു.
4. വിശ്വാസികള്‍ കര്‍ത്താവിന്റെ മഹത്വം കാണുന്നതിന് ഇടയാകുന്നു.
“പിതാവേ നീ ലോകസ്ഥാപനത്തിന് മുന്‍പ് എന്നെ സ്‌നേഹിച്ചിരിക്കകൊണ്ട് എനിക്ക് നല്‍കിയ മഹത്വം നീ എനിക്ക് തന്നിട്ടുള്ളവര്‍ കാണേണ്ടതിന് ഞാന്‍ ഇരിക്കുന്നിടത്ത് അവരും എന്നോടുകൂടെ ഇരിക്കേണമെന്ന് ഞാന്‍ ഇച്ഛിക്കുന്നു” John 17:24 (1John 3:2)
5. മരിച്ചുപോയ വിശുദ്ധന്മാരെ വീണ്ടും കാണുന്നതിനും, അവരോടൊരുമിച്ച് ആയിരിക്കുന്നതിനും സാധിക്കുന്നു. 1Thess.4:13-18
6. വിശുദ്ധന്മാര്‍ക്ക് പ്രതിഫലം ലഭിക്കുന്നതിന് ഇടയാകുന്നു.
“അവനവന്‍ ശരീരത്തിലിരിക്കുമ്പോള്‍ ചെയ്തത് നല്ലതാകിലും, തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു” 2Cor.5:10
7. വിശുദ്ധന്മാര്‍ക്ക് ആശ്വാസവും, വിശ്രമവും ലഭ്യമാകുന്നു.

എടുത്തുകൊള്ളപ്പെടുന്നതാര്?
കുഞ്ഞാടിന്റെ ചോരയാല്‍ വീണ്ടെടുക്കപ്പെട്ട സകല വിശ്വാസികളും കര്‍ത്താവിന്റെ വരവിങ്കല്‍ എടുത്തുകൊള്ളപ്പെടുന്നതായിരിക്കും. 1Cori.3:1; 1:7; 15:52; 1Thess.4:16-17
ക്രിസ്തുവിനുള്ളവര്‍ എല്ലാവരും എടുക്കപ്പെടും. 1Cor.15:23-ല്‍ ക്രിസ്തുവിനുള്ളവര്‍ അവന്റെ വരവിങ്കല്‍ എന്നത്രേ രേഖപ്പെടുത്തിയിരിക്കുന്നത്. 1John 3:2 നീതികരിക്കപ്പെട്ട എല്ലാവരും തേജസ്‌ക്കരിക്കപ്പെടും. “മുന്നിയമിച്ചവരെ വിളിച്ചും, വിളിച്ചവരെ നീതികരിച്ചും, നീതികരിച്ചവരെ തേജസ്‌ക്കരിച്ചുമിരിക്കുന്നു” Rom.8:30. ക്രിസ്തുവിന്റെ മാര്‍മ്മികശരീരമായ സഭയുടെ സകലഅംഗങ്ങളും ക്രിസ്തുവിന്റെ വരവിങ്കല്‍ ഉല്‍പ്രാപണം പ്രാപിക്കും. സഭ ക്രിസ്തുവിന്റെ ശരീരമാണ്. 1Cori.12:13. രക്ഷിക്കപ്പെട്ട എല്ലാവരും സഭയോടു അഥവാ മാര്‍മ്മിക ശരീരത്തോടു ചേര്‍ക്കപ്പെട്ടിരിക്കുന്നു. Acts 2:47.
കര്‍ത്താവിന്റെ വരവിങ്കല്‍ എടുത്തുകൊള്ളപ്പെടുന്നവര്‍ വെളിപ്പാടുപുസ്തകം പതിനാലാം അദ്ധ്യായത്തില്‍ കാണുന്ന ഒരുലക്ഷത്തി നാല്പത്തിനാലായിരം പേര്‍ ആണെന്നു പറയുന്നവര്‍ ഉണ്ട്. അവരത്രേ പൂര്‍ണ്ണര്‍ എന്നാണവരുടെ വാദം. അവരായിരിക്കും പുതിയ യെരുശലേമിന്റെ അവകാശികള്‍ എന്നും മറ്റും ഇക്കൂട്ടര്‍ പഠിപ്പിക്കുന്നു.
എന്നാല്‍ വെളിപ്പാട് പുസ്തകം 14-ാം അദ്ധ്യായത്തില്‍ പറയപ്പെട്ടിരിക്കുന്ന 1,44,000 പേര്‍ പുതിയ നിയമസഭയല്ല എന്ന് പ്രഥമ ദൃഷ്ടിയില്‍ തന്നെ മനസ്സിലാകുന്നതാണ്. ഇവര്‍ യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളില്‍ നിന്ന് ഗോത്രം ഒന്നിന് പന്തീരായിരം വീതം തെരഞ്ഞെടുക്കപ്പെട്ടവര്‍ അത്രേ. സഭാംഗങ്ങള്‍ പന്ത്രണ്ട് ഗോത്രങ്ങളില്‍ മാത്രം ഉള്ളവരല്ലല്ലോ. ജാതികളില്‍ നിന്നും യിസ്രായേലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധന്മാരത്രേ സഭാംഗങ്ങള്‍. പിന്നെ ഇക്കൂട്ടര്‍ ആരാണ്. യിസ്രായേലില്‍ നിന്നും മുദ്രയേറ്റവരത്രേ. Rev.7:4-8. വെളിപ്പാട് പുസ്തകം 14-ാം അദ്ധ്യായത്തില്‍ കാണുന്നവര്‍ മറ്റൊരു കൊയ്ത്തിന്റെ ആദ്യഫലം ആണ്. Rev.14:4. ഈ യുഗത്തിലെ വിശുദ്ധന്മാരില്‍ ആദ്യഫലം ക്രിസ്തുവാണ് 1Cor.15:23.
വെളിപ്പാട് ഏഴാം അദ്ധ്യായത്തിലും, 14-ാം അദ്ധ്യായത്തിലും പറഞ്ഞിരിക്കുന്ന 1,44,000 രണ്ട് കൂട്ടരല്ല. ഒരു കൂട്ടമത്രേ. പുതിയ നിയമസഭയെ ദൈവം പരിശുദ്ധാത്മാവിനാലാണ് മുദ്രയിടുന്നത്. ഇവിടെ ഒരു ദൂതനാണ് മുദ്ര ഇടുന്നത്. ഏതുവിധത്തില്‍ നോക്കിയാലും ഇവര്‍ പുതിയ നിയമസഭയല്ല. യിസ്രായേല്‍ ഗോത്രങ്ങളിലെ മുദ്രിതരാണെന്ന് മനസ്സിലാക്കാം.

ഉല്‍പ്രാപണാനന്തര കാര്യങ്ങള്‍
സഭയുടെ ഉല്‍പ്രാപണത്തോടുകൂടെ ഭൂമിയില്‍ എതിര്‍ ക്രിസ്തു വെളിപ്പെടുകയും അവന്റെ ഭരണം ആരംഭിക്കുകയും ചെയ്യും. ഇതുവരെ ഉണ്ടായിട്ടില്ലാത്ത മഹാകഷ്ടകാലം ഭൂമിക്ക് വന്ന് ഭവിക്കുകയും ദൈവക്രോധം ഭൂമിയുടെ മേല്‍ ചൊരിയപ്പെടുകയും ചെയ്യും. ആ കാലയളവ് യിസ്രായേലിന്റെ കഷ്ടകാലം ആയിരിക്കും. ഇന്നുവരെ യഹൂദനുണ്ടായിട്ടില്ലാത്ത മഹാ പീഡനം അന്ന് ഉണ്ടാകും. ഇപ്രകാരം ഭൂമിയുടെ മേലും, സമുദ്രത്തിന്മേലും സകല ചരാചരങ്ങളുടെ മേലും ദൈവക്രോധം ചൊരിയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ വിശുദ്ധന്മാര്‍ (ദൈവസഭ) സ്വര്‍ഗ്ഗത്തില്‍ ക്രിസ്തുവിന്റെ ന്യായാസനത്തിങ്കല്‍ നിന്ന് പ്രതിഫലങ്ങളെ ഏറ്റുവാങ്ങി അനന്തര സൗഭാഗ്യത്തിലേക്ക് കടക്കുന്നത് ആയിരിക്കും.

ക്രിസ്തുവിന്റെ ന്യായാസനം
1Cor.3:10-15; 2Cor.5:10; Rom.14:10 വിശുദ്ധന്മാരുടെ പ്രവൃത്തികളെ ശോധന ചെയ്യുന്ന സ്ഥാനമാണ് ക്രിസ്തുവിന്റെ ന്യായാസനം. ഇവിടെ ശിക്ഷാവിധിയില്ല പ്രതിഫല വിഭജനമാണ് നടക്കുന്നത് വിശുദ്ധന്മാരുടെ സേവനത്തിനും ശുശ്രൂഷയ്ക്കും അദ്ധ്വാനത്തിനും പ്രതിഫലം ലഭിക്കുന്നതാണ്. അഹശ്വരേശ് എന്ന ജാതീയ രാജാവ് ദിനവൃത്താന്ത പുസ്തകം വായിച്ചുകേട്ട് ഓര്‍മ്മപുതുക്കി, ദൈവ പുരുഷനായ മോര്‍ദ്ദേഖായിക്ക് പ്രതിഫലം കൊടുത്ത് അവനെ ആദരിച്ചുവെങ്കില്‍, രാജാധിരാജാവായ കര്‍ത്താവ് തന്റെ വിശുദ്ധന്മാരെ ആദരിക്കുകയും, അവരുടെ പ്രയത്‌നങ്ങള്‍ക്ക് പ്രതിഫലങ്ങളെ കൊടുക്കുകയും ചെയ്യും. രക്ഷ വിശ്വാസത്തിലും, പ്രതിഫലം വിശ്വസ്തതയാലും ആണ് ലഭ്യമാകുന്നത്. രക്ഷ ദൈവത്തിന്റെ ദാനമാണ്. ഈ സന്ദര്‍ഭത്തിന് ക്രിസ്തുവിന്റെ നാള്‍ എന്ന് ആറ് പ്രാവശ്യം പുതിയനിയമത്തില്‍ കൊടുത്തിട്ടുണ്ട്. 1Cor.1:8, 5:5; 2Cor.1:14; Phil.1:4, 10; 2Tim.4:8. വിശുദ്ധന്മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലങ്ങളെ കിരീടങ്ങളായും, തേജസായും പറഞ്ഞിരിക്കുന്നു. പ്രധാനമായി ആറ് കിരീടങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നു.

കിരീടങ്ങള്‍
1. തേജസ്സിന്റെ കിരീടം
“എന്നാല്‍ ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും” 1Peter 5:4. ദൈവം ഏല്പിച്ച ആട്ടിന്‍കൂട്ടത്തെ വിശ്വസ്തതയോടെ പരിപാലിക്കുന്നവര്‍ക്കാണ് ഈ കിരീടം വാഗ്ദത്തം ചെയ്തിരിക്കുന്നത്. ഗൃഹവിചാരകരില്‍ അവന്‍ ആഗ്രഹിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം. ഒരു ഇടയന്‍ എങ്ങനെയുള്ളവനായിരിക്കണമെന്നും, അവന്റെ സ്വഭാവം എന്തായിരിക്കണമെന്നും, തിമൊഥിയോസിന്റെയും, തീത്തോസിന്റെയും ലേഖനത്തില്‍ നാം വായിക്കുന്നു. യെഹസ്‌ക്കേല്‍ പ്രവചനത്തില്‍ ഇടയന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് നാം വായിക്കുന്നു. തിരുവെഴുത്തുകളിന്‍ പ്രകാരം വിശ്വസ്തതയോടെ കര്‍ത്താവിനെ സേവിക്കുന്ന അദ്ധ്യക്ഷന്മാര്‍ തേജസിന്റെ വാടാത്ത കിരീടം പ്രാപിക്കും.

2. ജീവന്റെ കിരീടം
“പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. അവന്‍ കൊള്ളാവുന്നവനായി തെളിഞ്ഞശേഷം കര്‍ത്താവു തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും” James 1:12. “നീ സഹിപ്പാനുള്ളത് പേടിക്കേണ്ട, നിങ്ങളെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു. പത്തു ദിവസം നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരിക്ക. എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്ക് തരും.” Rev.2:10. പരീക്ഷ സഹിക്കുന്നവര്‍ക്കും, രക്തസാക്ഷികളായി മരിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്തിരിക്കുന്ന കിരീടമാണ് ജീവന്റെ കിരീടം. മരണപര്യന്തം എന്നുപറഞ്ഞാല്‍ മരിക്കുന്നതുവരെ, എന്നതിനെക്കാള്‍ ഉപരി മരിക്കേണ്ടിവന്നാലും വിശ്വസ്തരായിരിക്കുക എന്നര്‍ത്ഥം.

3. നീതിയുടെ കിരീടം
“ഞാന്‍ നല്ല പോര്‍ പൊരുതു, ഓട്ടം തികെച്ചു. വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു. അത് നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവ് ആ ദിവസത്തില്‍ എനിക്കു നല്‍കും. എനിക്കു മാത്രമല്ല അവന്റെ പ്രത്യക്ഷതയില്‍ പ്രിയം വെച്ച ഏവര്‍ക്കും കൂടെ” 2Tim.4:7-8. ഓരോരുത്തരെയും കര്‍ത്താവ് ഏല്‍പ്പിച്ചിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ച് ഓട്ടം ഓടി തികച്ച് കര്‍ത്താവിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിശുദ്ധന്മാര്‍ നീതിയുടെ കിരീടം പ്രാപിക്കും.

4. വാടാത്ത കിരീടം
“അങ്കം പൊരുതുന്നവന്‍ ഒക്കെയും സകലത്തിലും വര്‍ജ്ജനം ആചരിക്കുന്നു. അതോ അവര്‍ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനു തന്നെ” 1Cor.9:25. ക്രിസ്തീയ ജീവിതം അനേക പോരാട്ടങ്ങള്‍ നിറഞ്ഞതാണ്. വിശ്വാസി പോര്‍ക്കളത്തില്‍ നില്‍ക്കുന്ന പടയാളിയാണ്. ലോകം, ജഡം, പിശാച് എന്നീ ശക്തികള്‍ വിവിധ ആയുധങ്ങള്‍ വിശ്വാസിക്കെതിരെ പ്രയോഗിക്കും. സാത്താന്യശക്തികളെ ജയിച്ച് വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്കാണ് വാടാത്ത കിരീടം വാഗ്ദത്തം ചെയ്തിരിക്കുന്നത്. “ഞങ്ങള്‍ ജഡത്തില്‍ സഞ്ചരിക്കുന്നവര്‍ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങളല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവതന്നെ. അവയാല്‍ ഞങ്ങള്‍ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചയും ഇടിച്ചു കളഞ്ഞ് ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കി.” 2Cor.10:3-5. യേശുക്രിസ്തുവിന്റെ നാമത്താലും, പരിശുദ്ധാത്മാവിന്റെ ശക്തിയാലും, കുഞ്ഞാടിന്റെ രക്തം ഹേതുവായും തങ്ങളുടെ സാക്ഷിയിന്‍ വചനത്താലും ദൈവജനം സാത്താനെയും, അവന്റെ തന്ത്രങ്ങളെയും ജയിക്കണം. അവര്‍ വാടാത്ത കിരീടം പ്രാപിക്കും. ( Acts 1:8; 2Cor.4:7-12; Rev.12:11)

5. പ്രശംസാ കിരീടം
“നമ്മുടെ കര്‍ത്താവായ യേശുവിന്റെ മുന്‍പാകെ അവന്റെ പ്രത്യക്ഷതയില്‍ ഞങ്ങളുടെ ആശയോ, സന്തോഷമോ, പ്രശംസാ കിരീടമോ ആര്‍ ആകുന്നു? നിങ്ങളും അല്ലയോ? ഞങ്ങളുടെ മഹത്വവും, സന്തോഷവും നിങ്ങള്‍ തന്നേ.” 1Thess.2:19-20. ഈ കിരീടം ആത്മാക്കളെ നേടുന്നവര്‍ക്കുള്ളതാണ്. ഓരോരുത്തരും തങ്ങളുടെ ജീവിതകാലത്ത് നേടുന്ന ആത്മാക്കള്‍ നിത്യത മുഴുവന്‍ അവരുടെ പ്രശംസയും, സന്തോഷവും മഹത്വവും ആയിരിക്കും. “എന്നാല്‍ ബുദ്ധിമാന്മാര്‍ ആകാശ മണ്ഡലത്തിന്റെ പ്രഭപോലെയും, പലരേയും നീതിയിലേക്ക് തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപോലെയും, എന്നും എന്നേക്കും പ്രകാശിക്കും” Dan.12:3.

6. പൊന്‍കിരീടം
“സിംഹാസനത്തിന്റെ ചുറ്റിലും 24 സിംഹാസനം. വെള്ളയുടുപ്പ് ധരിച്ചുംകൊണ്ട് സിംഹാസനങ്ങളില്‍ ഇരിക്കുന്ന 24 മൂപ്പന്മാര്‍; അവരുടെ തലയില്‍ പൊന്‍കിരീടം” Rev.4:4. സിംഹാസനത്തിലിരിക്കുന്ന മൂപ്പന്മാര്‍ വിശുദ്ധന്മാരെ കുറിക്കുന്നു. അവരുടെ തലയിലെ പൊന്‍കിരീടം അവര്‍ രാജാക്കന്മാരാണെന്നതിനെ കുറിക്കുന്നു. Rev.5:10-ല്‍ ഞങ്ങളുടെ ദൈവത്തിന് ഞങ്ങളെ രാജാക്കന്മാരും, പുരോഹിതന്മാരും ആക്കിവെച്ചു എന്ന് കാണുന്നു. (ശരിയായ പരിഭാഷ ഇപ്രകാരമാണ്) വിശുദ്ധന്മാര്‍ ഭൂമിയില്‍ വാഴുവാനുള്ളവരാണ്. അവര്‍ രാജാക്കന്മാരാകയാല്‍ കര്‍ത്താവ് അവര്‍ക്ക് പൊന്‍കിരീടം നല്‍കും. സകല വിശുദ്ധന്മാര്‍ക്കും ഈ കിരീടം ലഭിക്കും. ഇപ്രകാരം ഓരോ വിശ്വാസിക്കും അവനവന്റെ പ്രവൃത്തികള്‍ക്കടുത്ത പ്രതിഫലം ലഭിക്കുന്നതാണ്. ഇവിടെ നാം പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം പ്രാപിക്കുവാന്‍ പോകുന്നത്. ആകയാല്‍ സമയത്തിന്റെ ഗൗരവം മനസ്സിലാക്കി ദൈവജനം കര്‍ത്താവിന്റെ വേലയില്‍ വര്‍ദ്ധിച്ചുവരേണം. “ഇതാ ഞാന്‍ വേഗം വരുന്നു. ഓരോരുത്തന് അവനവന്റെ പ്രവര്‍ത്തിക്ക് തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്റെ പക്കല്‍ ഉണ്ട്.” Rev.22:12. “ആകയാല്‍ എന്റെ പ്രിയ സഹോദരന്മാരെ, നിങ്ങള്‍ ഉറപ്പുള്ളവരും, കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്‌നം കര്‍ത്താവില്‍ വ്യര്‍ത്ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്റെ വേലയില്‍ എപ്പോഴും വര്‍ദ്ധിച്ചുവരുന്നവരും ആകുവിന്‍” 1Cori.15:58.

രാജകീയ വിവാഹം – Rev.19:7
ഇപ്രകാരം വിശുദ്ധന്മാര്‍ക്ക് പ്രതിഫലങ്ങളെ വിഭജിച്ചു കൊടുത്തശേഷം നടക്കുന്നത് വിവാഹ മഹോത്സവം ആണ്. ആത്മ മണവാളനായ കര്‍ത്താവ് തന്റെ മണവാട്ടിയായ സഭയെ വിവാഹം കഴിക്കും. “ഞാന്‍ ക്രിസ്തു എന്ന ഏക പുരുഷന് നിങ്ങളെ നിര്‍മ്മല കന്യകയായി ഏല്‍പിപ്പാന്‍ വിവാഹ നിശ്ചയം ചെയ്തിരിക്കുന്നു.” 2Cor.11:2. Eph.5:22-32 വരെയുള്ള വാക്യങ്ങളില്‍ ഭാര്യാഭര്‍ത്തൃ ബന്ധത്തെക്കുറിച്ചും അവരുടെ കടപ്പാടുകളെ കുറിച്ചും ആണ് പറയുന്നതെങ്കിലും ഒടുവില്‍ പൗലോസ് രേഖപ്പെടുത്തുന്നത് “ഈ മര്‍മ്മം വലിയത്. ഞാന്‍ ക്രിസ്തുവിനെയും, സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്.” കുഞ്ഞാടിന്റെ കല്യാണം എന്നാണ് വെളിച്ചപ്പാട് പുസ്തകത്തില്‍ നാം വായിക്കുന്നത്. കുഞ്ഞാട് എന്നുള്ളത് യേശുക്രിസ്തുവിന്റെ വീണ്ടെടുപ്പിന്‍ ബന്ധത്തിലുള്ള നാമമാണ്. വെളിപ്പാട് പുസ്തകത്തില്‍ ഈ നാമം ഇരുപത്തിയെട്ട് പ്രാവശ്യം പറഞ്ഞിരിക്കുന്നു. സ്‌നാപകയോഹന്നാന്‍ തന്റെ ശിഷ്യന്മാര്‍ക്ക് ക്രിസ്തുവിനെ പരിചയപ്പെടുത്തി കൊടുത്തത് ഈ നാമത്തിലത്രേ. John 1:29, 35, 36. ക്രിസ്തു മണവാളനാണെന്നും അവന് മണവാട്ടിയുണ്ടെന്നും യോഹന്നാന്‍ ചൂണ്ടിക്കാണിച്ചു. John 3:29. ഈ വിവാഹം നടക്കുന്നത് സ്വര്‍ഗ്ഗത്തിലാണ്. അവന്റെ കാന്തയായ സഭ തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു. രക്ഷാവസ്ത്രം (വിശേഷവസ്ത്രം) അവള്‍ ധരിച്ചിരിക്കുന്നു. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവര്‍ അനേകരുണ്ട്. അവര്‍ മണവാളന്റെ സ്‌നേഹിതരും, വീട്ടുകാരും ആണ്. അര്‍ത്ഥാല്‍ പഴയനിയമ വിശുദ്ധന്മാര്‍. സ്‌നാപക യോഹന്നാന്‍ മണവാളന്റെ സ്‌നേഹിതനാണെന്ന് തന്നെത്തന്നെ പരിചയപ്പെടുത്തിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമത്രേ.

പട്ടാഭിഷേകം
ഇനി നടക്കേണ്ടത് ഭൂലോകത്തിന്റെ ചക്രവര്‍ത്തിയായി അവന്‍ നിയമിക്കപ്പെടുകയെന്നതാണ് – പിതാവായ ദൈവം ക്രിസ്തുവിനെ രാജാവായി അഭിഷേകം ചെയ്യും. “കുലീനനായൊരു മനുഷ്യന്‍ രാജത്വം പ്രാപിച്ച് മടങ്ങി വരേണം എന്നുവെച്ച് ദൂരദേശത്തേക്ക് യാത്ര പോയി.” Luke 19:12.
“രാത്രി ദര്‍ശനങ്ങളില്‍ മനുഷ്യപുത്രനോട് സദൃശ്യനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നത് കണ്ടു. അവന്‍ വയോധികന്റെ അടുക്കെല്‍ ചെന്നു. അവര്‍ അവനെ അവന്റെ മുമ്പില്‍ അടുത്തുവരുമാറാക്കി. സകല വംശങ്ങളും, ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് അവന് ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു. അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.” Dan.7:13-14.

മഹത്വപ്രത്യക്ഷത
ഭൂമിയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ട കര്‍ത്താവ്, മുള്‍മുടിധരിച്ചവന്‍, പൊന്‍കിരീടം ചൂടുവാനായി തന്റെ സകല വിശുദ്ധന്മാരോടുംകൂടെ ദൂതസേനകളുടെ അകമ്പടിയോടുകൂടി ആകാശമേഘങ്ങളെ വാഹനമാക്കി ഭൂമിയിലേക്ക് ഇറങ്ങിവരും. ഇതത്രേ രണ്ടാം വരവിന്റെ രണ്ടാം ഘട്ടം. ഈ പ്രത്യക്ഷതയ്ക്കത്രേ ക്രിസ്തുവിന്റെ മഹത്വ പ്രത്യക്ഷത എന്ന് വിളിക്കുന്നത്. “അപ്പോള്‍ മനുഷ്യപുത്രന്റെ അടയാളം ആകാശത്ത് വിളങ്ങും. അന്നു ഭൂമിയിലെ സകല ഗോത്രങ്ങള്‍.

അദ്ധ്യായം 9-പത്രോസ് ആകുന്ന പാറ
കര്‍ത്താവിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരില്‍ മുതിര്‍ന്ന ആള്‍ ആയിരുന്നു വിശുദ്ധ പത്രോസ്. അതുകൊണ്ട് പത്രോസിന് പ്രത്യേക അധികാരമോ മേല്‍ക്കോയ്മയോ ഇല്ലായിരുന്നു. അപ്പൊസ്തലന്മാര്‍ പരസ്പരം സഹോദര്യ ബന്ധം അത്രേ പുലര്‍ത്തിയിരുന്നത്. എന്നാല്‍ ക്രിസ്തീയ വിഭാഗങ്ങളില്‍ നല്ലൊരു വിഭാഗം പത്രോസിന് പ്രത്യേക അധികാരങ്ങള്‍ ഉണ്ടായിരുന്നതായും അതിന്റെ പിന്‍തുടര്‍ച്ചാവകാശം ഇന്നത്തെ പുരോഹിതന്മാര്‍ക്കുള്ളതായും പഠിപ്പിച്ചു വരുന്നു. മാത്രമല്ല സഭ പത്രോസിന്റെ മേല്‍ പണിയപ്പെട്ടിരിക്കുന്നതായി അഥവാ സഭയുടെ മൂലക്കല്ല് പത്രോസ് ആണെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തു വരുന്നു. ഇതിന് ആധാരമായി അവര്‍ ഉപയോഗിക്കുന്ന വേദവാക്യം Matt.16:18 ആണ്. തിരുവെഴുത്തില്‍ ആ വാക്യം ഇപ്രകാരമാണ്. “നീ പത്രോസ് ആകുന്നു. ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും. പാതാള ഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല.”

പൗരോഹിത്യ സഭകള്‍ ഈ വാക്യം ജനങ്ങളെ പഠിപ്പിക്കുന്നത് പത്രോസേ നീ പാറയാകുന്നു. ഈ പാറമേല്‍ എന്റെ പള്ളിയെ ഞാന്‍ പണിയും എന്നത്രേ. പക്ഷേ യേശുക്രിസ്തു പറഞ്ഞത് നീ പത്രോസാകുന്നു എന്നത്രേ. കര്‍ത്താവിന്റെ ഈ പരസ്യ പ്രസ്താവനയെ ഇന്നത്തെ പൗരോഹിത്യ സഭകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നതുപോലെ പത്രോസിന് ധാരണ പിശക് ഉണ്ടായില്ല. യേശുക്രിസ്തു ഏത് അര്‍ത്ഥത്തില്‍ ഈ പ്രസ്താവന ചെയ്തുവോ അതേ ആശയത്തില്‍ തന്നെ താന്‍ മനസ്സിലാക്കുകയാണ് ചെയ്തത്.

പത്രോസിന്റെ ലേഖനം അത് വ്യക്തമാക്കുന്നു. മനുഷ്യര്‍ തള്ളിയതെങ്കിലും ദൈവസന്നിധിയില്‍ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്റെ അടുക്കല്‍ വന്നിട്ട് നിങ്ങളും ജീവനുള്ള കല്ലുകള്‍ എന്നപോലെ ആത്മീക ഗൃഹമായി യേശുക്രിസ്തു മുഖാന്തിരം ദൈവത്തിന് പ്രസാദമുള്ള ആത്മീയ യാഗം കഴിപ്പാന്‍ തക്ക വിശുദ്ധ പുരോഹിതവര്‍ഗ്ഗമാകേണ്ടതിന് പണിയപ്പെടുന്നു. ഞാന്‍ ശ്രേഷ്ഠവും, മാന്യവും ആയൊരു മൂലക്കല്ല് സീയോനില്‍ ഇടുന്നു. അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചു പോകയില്ല എന്ന് തിരുവെഴുത്തില്‍ കാണുന്നുവല്ലോ. 1Peter 2:4-6. മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന തിരുവചന ഭാഗം ശ്രദ്ധിച്ചാല്‍ പാറ പത്രോസ് അല്ല ക്രിസ്തുവാണ് എന്നു വ്യക്തമായി മനസ്സിലാക്കാം. കൂടാതെ പത്രോസ് ഉറപ്പായി പറയുന്നു ജീവനുള്ള കല്ല് ക്രിസ്തു ആണ്, ജീവിപ്പിക്കുന്നതും അവനാണ്. വിശ്വസിക്കേണ്ടത് അവനില്‍ ആണ്. ശ്ലീഹന്മാരിലോ, പുണ്യവാളന്മാരിലോ, മദ്ധ്യസ്ഥന്‍മാരിലോ വിശ്വസിച്ച് ആശ്രയിക്കുന്നവര്‍ ഒക്കെയും ലജ്ജിച്ചു പോകും. ക്രിസ്തുവില്‍ വിശ്വസിക്കുന്നവനോ ലജ്ജിക്കുകയില്ല. പത്രോസിന്റെ വിശ്വാസവും ആശ്രയവും യേശുക്രിസ്തുവില്‍ ആയിരുന്നു. പാപത്തില്‍ മരിച്ചിരുന്ന പത്രോസ് ജീവന്‍ പ്രാപിച്ചതും ക്രിസ്തുവില്‍ നിന്നത്രേ. പത്രോസിന്റെ അടുക്കല്‍ ശരണത്തിനായി ചെല്ലുന്നവരോട് തനിക്കു പറയാനുള്ളത് കുഞ്ഞുങ്ങളെ എനിക്ക് ജീവിപ്പിക്കുവാന്‍ കഴിയുകയില്ല. എന്നാല്‍ ഞാന്‍ ജീവന്‍ പ്രാപിച്ച ഒരു പാറയെ പരിചയപ്പെടുത്താം. ആ പാറ ക്രിസ്തുവത്രേ. അപ്പൊസ്തലനായ പൗലോസ് ഇതു സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് എന്താണെന്നു നോക്കാം. എനിക്ക് ലഭിച്ച ദൈവ കൃപയ്ക്ക് ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളൊരു പ്രധാന ശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു. മറ്റൊരുത്തന്‍ മീതെ പണിയുന്നു. താന്‍ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ. യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമില്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴികയില്ല. ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ കല്ല്, മരം, പുല്ല്, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്റെ പ്രവര്‍ത്തി വെളിപ്പെട്ടു വരും. 1Cor.3:10, 12.

ക്രിസ്തുയേശു തന്നെ മൂലക്കല്ല് ആയിരിക്കേ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു. അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്ന് കര്‍ത്താവില്‍ വിശുദ്ധ മന്ദിരമായി വളരുന്നു. അവനില്‍ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന് ആത്മാവിനാല്‍ ഒന്നിച്ചു പണിതു വരുന്നു. Eph.2:20-22. “എല്ലാവരും ഒരേ ആത്മീയ പാനീയം കുടിച്ചു. അവരെ അനുഗമിച്ച ആത്മീക പാറയില്‍ നിന്നല്ലോ അവര്‍ കുടിച്ചത്. ആ പാറ ക്രിസ്തു ആയിരുന്നു” 1Cor.10:4. വിശുദ്ധ പൗലൊസ് പാറ ക്രിസ്തു ആണെന്ന് ഈ വാക്യങ്ങളിലൂടെ വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ദൈവസഭയ്ക്കു വേണ്ടി ഇടപ്പെട്ട മൂലക്കല്ല് യേശുക്രിസ്തുവാണ്. മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴിയുകയില്ല. പൗരോഹിത്യ സഭകള്‍ക്കോ മറ്റേതെങ്കിലും സംഘടനകള്‍ക്കോ അത് സാദ്ധ്യമല്ല. സഭയുടെ മൂലക്കല്ല് ക്രിസ്തു തന്നെ. ജീവനുള്ളതും, ജീവിപ്പിക്കുന്നതും ആയ കല്ല് അവന്‍ തന്നെ. ഇത്രയും സുവ്യക്തമായ വേദഭാഗങ്ങള്‍ ഉണ്ടായിരിക്കേ പത്രോസ് ആണ് മൂലക്കല്ല് എന്നും പത്രോസിന്റെ മേലാണ് പള്ളി പണിതിരിക്കുന്നത് എന്നുമുള്ള വ്യാജമായ പഠിപ്പിക്കല്‍ വേദവിരുദ്ധവും സാത്താന്യവും അത്രേ. പത്രോസ് എന്ന വാക്കിന് മൂലഭാഷയില്‍ പാറക്കഷണം എന്ന് അര്‍ത്ഥമുണ്ട്. എന്നാല്‍ പാറ ക്രിസ്തുവാണ്. കെട്ടിടം പണിയുമ്പോള്‍ പാറയുടെ മേല്‍ പാറക്കഷണം വെച്ചാണ് പണിയുന്നത്. പാറക്കഷണത്തിന്മേല്‍ പാറവെച്ച് പണിയാറില്ല. ദൈവസഭയെ ഇവിടെ കെട്ടിടത്തോട് സദൃശീകരിച്ചിരിക്കുന്നു. സഭയാം കെട്ടിടത്തിന്റെ അടിസ്ഥാനം ഇടപ്പെട്ടിരിക്കുന്ന പാറ ക്രിസ്തുവത്രേ. പത്രോസ് അല്ല ക്രിസ്തു തന്നെയാണ് പാറയെന്ന് Matt.16:23-ാം വാക്യത്തില്‍ നിന്നും ഗ്രഹിക്കാവുന്നതാണ്. Matt.16:18-ാം വാക്യത്തിലെ ക്രിസ്തുവിന്റെ പ്രസ്താവനയില്‍ പാതാള ഗോപുരങ്ങള്‍ അതിനെ ജയിക്കുകയില്ല എന്ന് പത്രോസിനോട് പറയുന്നു. Matt.16:23-ാം വാക്യത്തില്‍ പത്രോസിനെ സാത്താന്‍ ജയിക്കുന്നു. “അവനോ തിരിഞ്ഞ് പത്രോസിനോട് സാത്താനെ എന്നെ വിട്ട് പോ. നീ ഇടര്‍ച്ചയാകുന്നു നീ ദൈവത്തിന്റെതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നുപറഞ്ഞു.” കൂടാതെ വേറെയും ചില രംഗങ്ങളില്‍ സാത്താന്‍ പത്രോസിനെ കീഴടക്കുന്നുണ്ട്. പത്രോസിന്റെ മേലാണ് പള്ളി പണിതിരിക്കുന്നതെങ്കില്‍ സാത്താന്‍ പത്രോസിനെ ജയിക്കുകയില്ലായിരുന്നു. ഈ സാത്താന്‍ നമ്മുടെ കര്‍ത്താവിനെ അനേക സന്ദര്‍ഭങ്ങളില്‍ പരീക്ഷിച്ചു. സാത്താന്‍ തോറ്റുപോയി യേശു ജയിച്ചു. ആകയാല്‍ പാതാള ഗോപുരങ്ങളെ കീഴടക്കിയവനും അവയുടെ മേല്‍ അധികാരം ഉള്ളവനും ആയ ക്രിസ്തു തന്നെ സഭയുടെ മൂലക്കല്ല്. സ്വര്‍ഗ്ഗ രാജ്യത്തിന്റെ താക്കോല്‍ എന്ന് Matt.16:9-ല്‍ നാം വായിക്കുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് ഗ്രഹിക്കേണം. സുവിശേഷം ആകുന്ന താക്കോല്‍ ആണ് കര്‍ത്താവ് പത്രോസിനും മറ്റ് അപ്പൊസ്തലന്മാര്‍ക്കും ദൈവസഭയ്ക്കും നല്‍കിയിരിക്കുന്നത്. സുവിശേഷം ആകുന്ന താക്കോല്‍ മുഖാന്തിരം എല്ലാ കാലഘട്ടങ്ങളിലും സ്വര്‍ഗ്ഗരാജ്യം അനേകായിരങ്ങള്‍ക്ക് തുറക്കപ്പെട്ടു കൊണ്ടിരിക്കുന്നു. നീ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടിരിക്കുന്നു. നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തില്‍ അഴിഞ്ഞിരിക്കും. Matt.16:19. എന്താണീ വാക്യത്തിന്റെ അര്‍ത്ഥം. കര്‍ത്താവ് പത്രോസിന് മാത്രമല്ല ഈ അധികാരം കൊടുത്തത്. ശ്ലീഹന്മാര്‍ക്ക് എല്ലാവര്‍ക്കും ഇത് നല്‍കിയിട്ടുണ്ട്. കുറച്ചുകൂടി സൂഷ്മമായി പഠിച്ചാല്‍ ഈ അധികാരം ഉപയോഗിക്കുന്നത് സഭയാണ് എന്നുള്ളത് വ്യക്തമാകുന്നു. കെട്ടുക, അഴിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണ് എന്നും ഈ അധികാരം ഉപയോഗിക്കേണ്ടത് എപ്രകാരമാണെന്നും Matt.18:15-18 വരെയുള്ള വാക്യങ്ങളില്‍ കര്‍ത്താവ് വ്യക്തമാക്കുന്നു. നിന്റെ “സഹോദരന്‍” നിന്നോട് പിഴച്ചാല്‍ നീ ചെന്ന് നീയും അവനും മാത്രമുള്ളപ്പോള്‍ കുറ്റം അവന് ബോധം വരുത്തുക. അവന്‍ നിന്റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി. കേള്‍ക്കാഞ്ഞാലോ രണ്ടു മൂന്ന് സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാക്കേണ്ടതിന് ഒന്നുരണ്ടു പേരെകൂടി കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാല്‍ സഭയോട് അറിയിക്കുക. സഭയേയും കൂട്ടാക്കാഞ്ഞാല്‍ അവന്‍ നിനക്ക് പുറം ജാതിക്കാരനും ചുങ്കക്കാരനും എന്നപോലെയിരിക്കട്ടെ. നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്ന് ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു. തെറ്റുകാരനെ സഭയില്‍ നിന്ന് പുറത്താക്കുന്നതിനെ കെട്ടുകയെന്നും. കുറ്റം ഏറ്റുപറഞ്ഞ് അനുതപിച്ച് മടങ്ങി വരുന്നവനെ സഭയിലേക്ക് സ്വീകരിക്കുന്നതിനെ അഴിക്കുകയെന്നും ഇവിടെ പറഞ്ഞിരിക്കുന്നു. ഈ അധികാരം സഭ നടപ്പാക്കുന്നതായിട്ട് 1Cor.5:1-5 വരെയുള്ള വാക്യങ്ങളിലും (തെറ്റുകാരനെ കെട്ടുന്നു അഥവാ പുറത്താക്കുന്നു) 2Cor.2:5-10 വരെയുള്ള വാക്യങ്ങളിലും (അനുതപിച്ചവനെ സഭയിലേക്ക് സ്വീകരിക്കുന്നു അഥവാ കെട്ടഴിക്കുന്നു). വേദ സത്യങ്ങളെ വേദപുസ്തകം കൊണ്ടുതന്നെ ആണ് വ്യാഖ്യാനിക്കേണ്ടത്. ഇവിടെ യുക്തിക്കും സ്ഥാനമില്ല. ഊഹാപോഹങ്ങളും പാരമ്പര്യങ്ങളും തെറ്റായ ധാരണകളും വിട്ട് വചനത്തിന്റെ സത്യത്തിലേക്ക് മടങ്ങിവരികയാണ് വേണ്ടത്.

അദ്ധ്യായം 10-പുണ്യവാളന്മാര്‍ എന്ന മദ്ധ്യസ്ഥന്മാര്‍
യേശുക്രിസ്തുവിന്റെ കാല്‍വറിയിലെ ബലി മരണത്തില്‍ വിശ്വസിക്കുകയും, അവന്റെ രക്തത്താല്‍ ശുദ്ധീകരണം പ്രാപിക്കുകയും ചെയ്ത സകല വിശ്വാസികളും വിശുദ്ധന്മാരത്രേ. എന്നാല്‍ പൗരോഹിത്യ സഭകള്‍ ചിലരെ അവരുടെ മരണാനന്തരം പ്രത്യേക വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിശുദ്ധരായി പ്രഖ്യാപിക്കുന്നു. അങ്ങനെ പുണ്യവാളന്മാരെയും, മദ്ധ്യസ്ഥന്മാരെയും പെരുക്കുകയത്രേ പട്ടത്വ സഭകള്‍ ചെയ്യുന്നത്. ഏതൊരുവനും ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധരാകാം എന്ന യാഥാര്‍ത്ഥ്യം ഇവര്‍ മറെച്ചുവെച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് വിശുദ്ധ ബൈബിള്‍ എന്താണ് പറയുന്നതെന്ന് നോക്കാം. ഒന്നാം നൂറ്റാണ്ടില്‍ അതാത് സ്ഥലങ്ങളിലുള്ള മുഴുവന്‍ വിശ്വാസികളെയും അപ്പൊസ്തലന്മാര്‍ വിശുദ്ധന്മാരെന്നത്രേ സംബോധന ചെയ്തിരുന്നത്.
“റോമയില്‍ ദൈവത്തിന് പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവര്‍ക്കും എഴുതുന്നത്” Rom.1:3.
ദൈവേഷ്ടത്താല്‍ യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലോസും സഹോദരനായ സോസ്‌തെനേസും കൊരിന്തിലുള്ള ദൈവസഭയ്ക്ക്, ക്രിസ്തു യേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരും, അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടും കൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരും ആയവര്‍ക്കുതന്നെ എഴുതുന്നത്. 1Cor.1:1-3. ദൈവേഷ്ടത്താല്‍ ക്രിസ്തു യേശുവിന്റെ അപ്പൊസ്തലനായ പൗലോസും സഹോദരനായ തിമോഥെയോസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയില്‍ എല്ലായിടത്തുമുള്ള സകല വിശുദ്ധന്മാര്‍ക്കും കൂടെ എഴുതുന്നത് 2Cor.1:1. ദൈവേഷ്ടത്താല്‍ ക്രിസ്തു യേശുവിന്റെ അപ്പൊസ്തലനായ പൗലോസ് എഫസോസിലുള്ള വിശുദ്ധന്മാരും ക്രിസ്തുയേശുവില്‍ വിശുദ്ധന്മാരുമായവര്‍ക്കു എഴുതുന്നത് Eph.1:1. ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലോസും, തീമൊഥെയോസും ഫിലിപ്പിയയില്‍ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാര്‍ക്കും അദ്ധ്യക്ഷന്മാര്‍ക്കും ശുശ്രൂഷകന്മാര്‍ക്കും കൂടെ എഴുതുന്നത് Phil.1:1. ദൈവേഷ്ടത്താല്‍ ക്രിസ്തു യേശുവിന്റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥിയോസും കൊലോസ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവില്‍ വിശ്വസ്ത സഹോദരന്മാരും ആയവര്‍ക്ക് എഴുതുന്നത് Col.1:1. സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതു നിമിത്തം നിന്റെ സ്‌നേഹത്തില്‍ എനിക്ക് വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി Philem.7.
മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന വാക്യങ്ങളിലെ വിശുദ്ധന്മാര്‍ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുക. പ്രാദേശിക സഭകളിലെ സകല വിശ്വാസികളെയും അപ്പൊസ്തലന്മാര്‍ വിശുദ്ധന്മാര്‍ എന്നത്രേ സംബോധന ചെയ്തിരിക്കുന്നത് മാത്രമല്ല ലേഖനം എഴുതുമ്പോള്‍ അവര്‍ ജീവിച്ചിരിക്കുന്ന വിശുദ്ധന്മാരത്രേ. ജന്മനാ വിശുദ്ധരായിരുന്നവരോ കര്‍മ്മങ്ങളാല്‍ വിശുദ്ധരായവരോ അല്ല ഇവര്‍. കര്‍ത്താവായ യേശു ക്രിസ്തുവിന്റെ രക്തത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവരത്രേ. ആ ഇഷ്ടത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. Heb.10:10.
ഏതൊരു പാപിക്കും ക്രിസ്തുയേശുവിങ്കലെ വിശ്വാസത്താല്‍ വീണ്ടെടുപ്പും വിശുദ്ധീകരണവും ഉണ്ട്. ഇത് ദൈവത്തിന്റെ ദാനമാണ്. ഈ ദാനം വിശ്വാസത്താല്‍ അംഗീകരിക്കുക മാത്രം ചെയ്താല്‍ മതി.

അത്ഭുതങ്ങളുടെയും പ്രത്യേക വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ ആളുകളെ മരണാനന്തരം വാഴ്ത്തപ്പെട്ടവരും വിശുദ്ധരും പുണ്യവാളന്മാരുമായി പ്രഖ്യാപിക്കുന്നത് വേദവിരുദ്ധം ആണ്. കാതോലികമോ ശ്ലൈഹികമോ ആയ ഉപദേശമല്ല. പരിശുദ്ധനായ ദൈവത്തിനും പാപിയായ മനുഷ്യനും ഇടയില്‍ നില്‍ക്കുന്ന ഏകമദ്ധ്യസ്ഥനെയുള്ളൂ അതു കര്‍ത്താവായ യേശുക്രിസ്തു അത്രേ. “ദൈവം ഒരുവനല്ലോ ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഒരുവന്‍ എല്ലാവര്‍ക്കുംവേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ” 1Tim.2:5-6. പട്ടത്വസഭകള്‍ മദ്ധ്യസ്ഥന്മാരെ പെരുക്കുന്ന സമ്പ്രദായമാണ് സ്വീകരിച്ചിരിക്കുന്നത്. ആകാശം മാറിപ്പോയാലും ഭൂമി നീങ്ങിപ്പോയാലും മാറ്റമില്ലാത്ത ദൈവവചനം പഠിപ്പിക്കുന്നത് ഏക മദ്ധ്യസ്ഥന്‍ ക്രിസ്തു അത്രേ എന്നാണ്. ക്രിസ്തുവിനെ കൂടാതെ ഇതര മദ്ധ്യസ്ഥന്മാരെ ആശ്രയിക്കുന്നവര്‍ ക്രിസ്തുവിനെ അവിശ്വസിക്കുകയും വഞ്ചകനാക്കുകയുമാണ് ചെയ്യുന്നത്. രക്ഷിപ്പാനുള്ള ക്രിസ്തുവിന്റെ ശക്തിയെ ഇക്കൂട്ടര്‍ ചോദ്യം ചെയ്യുകയാണെന്നുള്ളത് മനസോടെ മറന്നുകളയുന്നു. “താന്‍ മുഖാന്തിരമായി ദൈവത്തോട് അടുക്കുന്നവര്‍ക്കുവേണ്ടി പക്ഷവാദം ചെയ്‌വാന്‍ സദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാകുന്നു” Heb.7:25. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്. പവിത്രന്‍, നിര്‍ദോഷന്‍, നിര്‍മ്മലന്‍, പാപികളോട് വേര്‍പെട്ടവന്‍, സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍. ആ മഹാ പുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്ത പാപങ്ങള്‍ക്കായും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായി ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നെ. അത് അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ട് ഒരിക്കലായിട്ട് ചെയ്തുവല്ലോ. Heb.9:26, 27. അപ്പൊസ്തലനായ പത്രോസിന്റെ പ്രസംഗത്തില്‍ വളരെ വ്യക്തമായി പ്രസ്താവിക്കുന്ന വിഷയമത്രേ ക്രിസ്തു എന്ന ഏക രക്ഷാമാര്‍ഗ്ഗം. “മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” Acts 4:12.

ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമാകുന്നു. ഞാന്‍ മുഖാന്തിരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല എന്ന് യേശുക്രിസ്തു പഠിപ്പിച്ചു. “അന്ന് നിങ്ങള്‍ എന്നോടും ഒന്നും ചോദിക്കയില്ല. ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങള്‍ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവന്‍ എന്റെ നാമത്തില്‍ നിങ്ങള്‍ക്ക് തരും. ഇന്നുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നും അപേക്ഷിച്ചിട്ടില്ല. അപേക്ഷിപ്പിന്‍ എന്നാല്‍ നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുംവണ്ണം നിങ്ങള്‍ക്ക് ലഭിക്കും” John 16:23, 24.

ദൈവത്തോട് സമീപിക്കേണ്ടത് യേശു മുഖാന്തിരം. പ്രാര്‍ത്ഥന യേശുവിന്റെ നാമത്തില്‍, ആരാധന യേശുവിന്റെ നാമത്തില്‍, നമസ്‌ക്കാരം യേശുവിന്റെ നാമത്തില്‍ ആയിരിക്കേണം. ക്രിസ്തുവിനെകൂടാതെയുള്ള പ്രാര്‍ത്ഥനയോ ആരാധനയോ അര്‍പ്പണങ്ങളോ ദൈവം അംഗീകരിക്കുന്നില്ല. ദൈവം ആരാധന സ്വീകരിക്കുന്നതും ആരാധകരെ അംഗീകരിക്കുന്നതും അവരെ അനുഗ്രഹിക്കുന്നതും തന്റെ പ്രിയ പുത്രനായ യേശുക്രിസ്തുവില്‍ കൂടെയത്രേ. “സ്വര്‍ഗ്ഗത്തിലെ സകല ആത്മീക അനുഗ്രഹത്താലും നമ്മെ ക്രിസ്തുവിന്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍.” Eph.1:3.

എത്ര ശക്തന്മാരായ വിശുദ്ധന്മാര്‍ ഇടുവില്‍ നിന്നാലും ദൈവത്തിന്റെ പ്ലാന്‍ മാറ്റാനോ മറ്റൊരു ആത്മാവിനെ രക്ഷിപ്പാനോ സാധ്യമല്ല.
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാല്‍: മനുഷ്യപുത്രാ ഒരുദേശം എന്നോട് ദ്രോഹിച്ച് പാപം ചെയ്യുമ്പോള്‍ ഞാന്‍ അതിന്റെ നേരെ കൈ നീട്ടി അപ്പം എന്ന കോല്‍ ഒടിച്ച് ക്ഷാമം വരുത്തി മനുഷ്യനേയും, മൃഗത്തേയും അതില്‍ നിന്ന് ഛേദിച്ചുകളയും. നോഹ, ദാനിയേല്‍, ഇയ്യോബ് എന്നീ മൂന്ന് പുരുഷന്മാര്‍ അതില്‍ ഉണ്ടായിരുന്നാലും അവര്‍ തങ്ങളുടെ നീതിയാല്‍ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂയെന്ന് യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട് Ezek.14:12-14. ഇതെകാര്യം ഒരദ്ധ്യായത്തില്‍ തന്നെ ഒന്നിലധികം പ്രാവശ്യം പ്രസ്താവിച്ചിരിക്കുന്നതിനാല്‍ വിഷയത്തിന്റെ ഗൗരവം എത്രമാത്രമുണ്ട് എന്ന് നമുക്ക് ഗ്രഹിക്കാവുന്നതാണ്.

ഒരു മദ്ധ്യസ്ഥന് കുറഞ്ഞപക്ഷം രണ്ട് യോഗ്യതകളെങ്കിലും ഉണ്ടായിരിക്കണം. ഒന്ന് ആരോട് മദ്ധ്യസ്ഥത പറയുന്നുവോ ആ ആളോട് സമനായിരിക്കണം. ഇവിടെ പാപിയായ മനുഷ്യനു വേണ്ടി ദൈവത്തോടത്രേ മദ്ധ്യസ്ഥത ചെയ്യുന്നത്. ദൈവത്തോട് സമനായി ആദാമ്യ കുടുംബത്തില്‍ ഒരുവനും പിറന്നിട്ടില്ല. പിറക്കുകയുമില്ല. ദൈവത്തോട് സമത്വമുള്ള ഒരേയൊരുവനെയുള്ളൂ അത് ക്രിസ്തു തന്നെ. “അവന്‍ ദൈവരൂപത്തിലിരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപമെടുത്ത് മനുഷ്യ സാദൃശ്യത്തിലായി” Rev.2:6, 7. രണ്ടാമതായി ആര്‍ക്കുവേണ്ടി മദ്ധ്യസ്ഥത പറയുന്നുവോ അവരിലുള്ള യാതൊരു ന്യൂനതയും മദ്ധ്യസ്ഥനില്‍ ഉണ്ടാകുവാന്‍ പാടില്ല. ഇവിടെ പാപിക്കു വേണ്ടിയാണ് മദ്ധ്യസ്ഥത പറയുന്നത്. ആദാമ്യ കുടുംബത്തില്‍ പിറന്ന ഒരുവനും പാപരഹിതനല്ല. സ്ത്രീയില്‍ നിന്ന് ജനിച്ച മനുഷ്യന്‍ നീതിമാനായിരിക്കുന്നതെങ്ങനെ? പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ.

ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍നിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായി തീര്‍ന്നു. നന്മ ചെയ്യുന്നവനില്ല ഒരുത്തന്‍പോലുമില്ല. Psa.14:2, 3. ഏകന്റെ അനുസരണക്കേടിനാല്‍ എല്ലാവരും പാപികളായി തീര്‍ന്നു. സകല മനുഷ്യരും പാപികളും പാപത്തിന്റെ ദാസന്മാരും ആയിരിക്കയാല്‍ പാപിക്കുവേണ്ടി ദൈവത്തോട് മദ്ധ്യസ്ഥത പറവാന്‍ കഴിയുന്നതല്ല. എന്നാല്‍ പാപരഹിതനായ ഒരുവനുണ്ട്. അതു നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശു തന്നെ. ക്രിസ്തുവിനെ പിടിച്ചവര്‍ക്കോ അവനെതിരെ സാക്ഷ്യം പറഞ്ഞവര്‍ക്കോ ഒരു കുറ്റവും ചൂണ്ടിക്കാണിപ്പാന്‍ സാധിച്ചില്ല. യേശുക്രിസ്തു ദൈവത്തോട് സമനും ദൈവത്തിന്റെ പരിശുദ്ധനും പാവനനുമാകയാല്‍ മനുഷ്യനുവേണ്ടി പിതാവായ ദൈവത്തോട് മദ്ധ്യസ്ഥത പറവാനും തികെച്ചും പ്രാപ്തനത്രെ. ക്രിസ്തു എന്ന ഏക മദ്ധ്യസ്ഥനല്ലാതെ വേറെ മദ്ധ്യസ്ഥന്‍ ഇല്ലേയില്ല. ജീവിച്ചിരിക്കുന്ന വിശ്വാസികള്‍ അവരുടെ ആവശ്യങ്ങള്‍ ദൈവസന്നിധിയില്‍ വെച്ച് പരസ്പരം ഓര്‍ത്ത് യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവവചനം അനുശാസിക്കുന്നു. ഈ രീതിയും ഇന്ന് പട്ടത്വ സഭകള്‍ തുടരുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനാരീതിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ആകയാല്‍ ദൈവവചന സത്യങ്ങളിലേക്ക് ഒറ്റക്കായും കൂട്ടമായും മടങ്ങി വരികയത്രേ ചെയ്യേണ്ടത്. വചന വിരുദ്ധമായ പാരമ്പര്യങ്ങളും കെട്ടുകഥകളും മാമൂലുകളും ഉപേക്ഷിച്ചു ജീവനുള്ള തിരുവെഴുത്തുകളെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. അവരുടെ നടുവില്‍ നിന്ന് പുറപ്പെട്ട് വേര്‍പെട്ടിരിപ്പിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. 2Cor.6:16.

അദ്ധ്യായം 11-മരിച്ചവരോടും മരിച്ചവര്‍ക്കുവേണ്ടിയും ഉള്ള പ്രാര്‍ത്ഥന മരിച്ചുപോയവരോടുള്ള പ്രാര്‍ത്ഥന
മരിച്ചുപോയവരോട് പ്രാര്‍ത്ഥിക്കുന്ന സമ്പ്രദായം പല ക്രിസ്തീയ വിഭാഗങ്ങളിലും ഉണ്ട്. മരിച്ചു പോയവരുടെ പേരുകള്‍ വിളിച്ച് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നാവശ്യപ്പെടുക അവരുടെ പേരുകള്‍ എഴുതിവെച്ച് അപേക്ഷിക്കുക എന്നീ രീതികള്‍ പലയിടത്തും കാണുന്നു. എന്നാല്‍ ഇത് തിരുവചനാനുസൃതമല്ല. വേദവിരുദ്ധവും, ബാബിലോന്യവും ആണ്. മരണാനന്തര അവസ്ഥയെക്കുറിച്ച് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. ഒരു വിശുദ്ധന്റെ ആത്മാവ് മരണാനന്തരം പറുദീസയിലേക്കും, രക്ഷിക്കപ്പെടാത്തവന്റെ ആത്മാവ് പാതാളത്തില്‍ യാതനാ സ്ഥലത്തേക്കും പോകുന്നു. പറുദീസയില്‍ എത്തുന്ന ആത്മാക്കള്‍ വിശ്രമിക്കുന്നു. “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. അത് പറഞ്ഞത് എഴുതുക. ഇന്നു മുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍. അതേ അവര്‍ തങ്ങളുടെ പ്രയത്‌നങ്ങളില്‍ നിന്ന് വിശ്രമിക്കേണ്ടതാകുന്നു. അവരുടെ പ്രവൃത്തി അവരെ പിന്‍തുടരുന്നു എന്ന് ആത്മാവ് പറയുന്നു” Rev.14:13. മരിച്ചുപോയ വിശുദ്ധന്മാരുടെ ആത്മാക്കള്‍ ആരുടെയും പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. അംഗീകരിക്കുന്നില്ല. അവര്‍ ആര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയോ, അപേക്ഷിക്കുകയോ ചെയ്യുന്നില്ല. വിശുദ്ധന്മാരുടെ ആത്മാക്കള്‍ വിശ്രമിക്കുകയത്രേ ചെയ്യുന്നത്.

ഒന്നാമത്തെ പോപ്പ് എന്നും രണ്ടാമത്തെ പാത്രിയാര്‍ക്കീസ് എന്നും പട്ടത്വ സഭകള്‍ വിശേഷിപ്പിക്കുന്ന വിശുദ്ധ പത്രോസ് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതയത്രേ ഇത്. “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്ക് അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞു പോകുവാന്‍ അടുത്തിരിക്കുന്നുയെന്ന് അറിഞ്ഞിരിക്കയാല്‍ ഞാന്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നിടത്തോളം നിങ്ങളെ ഓര്‍പ്പിച്ചുണര്‍ത്തുക യുക്തമെന്ന് വിചാരിക്കുന്നു” 2Peter 1:13, 14. ഈ കൂടാരം പൊളിഞ്ഞു പോയാല്‍ പിന്നെ അഥവാ മരണാനന്തരം നിങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്നര്‍ത്ഥം. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ കര്‍ത്താവിനായി ചെയ്യുവാന്‍ സാധിക്കുന്നതൊക്കെയും ചെയ്യേണ്ടതിന് പത്രോസ് ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിപ്പാനോ, മറ്റുള്ളവരെ പ്രബോധിപ്പിക്കുവാനോ ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ സാധിക്കുകയുള്ളുവെന്ന് പത്രോസിന്റെ ഈ പ്രസ്താവന തെളിയിക്കുന്നു.

വിശുദ്ധ പൗലോസ് ഇത് സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് നോക്കാം. “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. എന്നാല്‍ ജഡത്തില്‍ ജീവിക്കുന്നതിനാല്‍ എന്റെ വേലക്കു ഫലം വരുമെങ്കില്‍ ഏതു തിരെഞ്ഞെടുക്കേണ്ടു എന്നു ഞാന്‍ അറിയുന്നില്ല. ഇവ രണ്ടിനാലും ഞാന്‍ ഞെരുങ്ങുന്നു. വിട്ടുപിരിഞ്ഞ് ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്‍ എനിക്കു കാംഷയുണ്ട്. അത് അത്യുത്തമമല്ലോ. “എന്നാല്‍ ജഡത്തില്‍ ഇരിക്കുന്നത് നിങ്ങള്‍ നിമിത്തം ഏറെ ആവശ്യം” Phil.1:21-24. ഈ വാക്യത്തില്‍ കൂടെ പൗലോസ് വ്യക്തമാക്കുന്നതെന്താണ്. ജഡത്തില്‍ നിന്ന് പിരിഞ്ഞ് കര്‍ത്താവിനോടുകൂടെയിരിക്കുന്നതാണ് തനിക്കു ഏറെ ഇഷ്ടം. അത് ലാഭവുമാണ്. പിന്നെ ജഡത്തിലിരിപ്പാന്‍ ഇച്ഛിക്കുന്നതിന്റെ കാരണം ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ പ്രയോജനത്തെ കരുതിയാണ് എന്നുവെച്ചാല്‍ പൗലോസാണെങ്കിലും, പത്രോസാണെങ്കിലും മരണാനന്തരം പ്രവര്‍ത്തിക്കുന്നില്ല. അവര്‍ വിശ്രമിക്കുകയത്രേ ചെയ്യുന്നത്. പ്രവര്‍ത്തിപ്പാനുള്ള സമയം ജീവിച്ചിരിക്കുന്ന കാലഘട്ടം ആണ്. ആകയാല്‍ മരിച്ചവരോടുള്ള പ്രാര്‍ത്ഥന നിഷ്ഫലവും പ്രയോജനരഹിതവുമാണ്. ഇവിടെ ന്യായമായ ഒരു സംശയമുണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. ചിലപ്പോഴൊക്കെ ആളുകള്‍, ഈ സംശയം ചോദിക്കാറുണ്ട്. മരിച്ചുപോയ പുണ്യവാളന്മാരോടും, വിശുദ്ധന്മാരോടും ഞങ്ങള്‍ പ്രാര്‍ത്ഥിച്ചിട്ട് ഉദ്ദിഷ്ട കാര്യങ്ങള്‍ ലഭിക്കുകയുണ്ടായല്ലോ, അവര്‍ ഈ പറയുന്ന കാര്യം ശരിയായിരിക്കാം. എന്നാല്‍ ലഭിച്ചു എന്നു പറയുന്നത് ദൈവീകമാണോ, സാത്താന്യമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുവചനാനുസൃതമല്ലാത്ത നടപടിക്രമങ്ങളില്‍ കൂടെ ലഭ്യമായി എന്നുപറയുന്ന സകലതും സാത്താന്യമാണെന്ന് തിരുവചനം വ്യക്തമാക്കുന്നു. “അധര്‍മ്മ മൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചു പോകുന്നവര്‍ക്ക് സാത്താന്റെ വ്യാപാര ശക്തിക്കൊത്തവണ്ണം വ്യാജമായ സകല ശക്തിയോടും, അടയാളങ്ങളോടും, അത്ഭുതങ്ങളോടും, അനീതിയുടെ സകല വഞ്ചനയോടും കൂടെയായിരിക്കും. അവര്‍ രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം സത്യത്തെ സ്‌നേഹിച്ചു കൈക്കൊള്ളായ്കയാല്‍ തന്നെ അങ്ങനെ ഭവിക്കും. സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന് ദൈവം അവര്‍ക്ക് ഭോഷ്‌ക്ക് വിശ്വസിക്കുമാറ് വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.” 2Thess.2:9-12. അത്ഭുതങ്ങളും, അടയാളങ്ങളും എല്ലാം ദൈവത്തില്‍ നിന്നുള്ളതല്ല. ജനത്തെ അന്ധരാക്കി സത്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തുവാന്‍ സാത്താന്‍ അനേക അത്ഭുതങ്ങളും, അടയാളങ്ങളും ചെയ്യുന്നു. മോശെ ചെയ്ത ചില അത്ഭുതങ്ങള്‍ മിസ്രയീമിലെ മന്ത്രവാദികളും ചെയ്തുവല്ലോ. ദൈവം തന്റെ പ്രമാണങ്ങളെ വിട്ട് പ്രവര്‍ത്തിക്കുന്നവനല്ല. അടയാളങ്ങള്‍ക്കല്ല പ്രാധാന്യം. തിരുവചനസത്യങ്ങള്‍ക്കാണ്. അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അടിസ്ഥാനത്തിലല്ല വിശ്വാസം ഉറപ്പിക്കേണ്ടത്. പിന്നെയോ തിരുവചനത്തിന്റെ അടിസ്ഥാനത്തിലത്രേ. ആകയാല്‍ മരിച്ചവരോടുള്ള പ്രാര്‍ത്ഥനയും അതിന്റെ അടിസ്ഥാനത്തിലുള്ള അത്ഭുതങ്ങളും വേദവിരുദ്ധവും സാത്താന്യവുമത്രെ.

വെളിച്ചപ്പാടന്മാരോട് ചിലക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പീന്‍ എന്ന് അവര്‍ നിങ്ങളോട് പറയുന്നു എങ്കില്‍ ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവര്‍ക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്? ഉപദേശത്തിനും, സാക്ഷ്യത്തിനും വരുവിന്‍! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലെങ്കില്‍ അവര്‍ക്ക് അരുണോദയം ഉണ്ടാകുകയില്ല. Isa.8:19, 20. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന മരിച്ചവരോടുള്ള പ്രാര്‍ത്ഥന പോലെതന്നെ അബദ്ധമാണ് മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയും. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തുടങ്ങി അതിന്റെ ആത്മാവിന് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴികാട്ടിയായി പട്ടക്കാരന്‍ തീരുന്നു. മരണം കൊണ്ട് തീരുന്നില്ല., മരണാനന്തരവും ആ ആത്മാവിന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള നിയന്ത്രണം മതപുരോഹിതന്മാരുടെ കൈയിലാണ്. ആത്മാവിനെ സ്വര്‍ഗ്ഗത്തിലെത്തിക്കാനായി പ്രാര്‍ത്ഥന. കുര്‍ബാന മരണാനന്തര ബലികള്‍ എന്നിവ തുടരുകയായി. ഈ കൂട്ടര്‍ അവരുടെ കര്‍മ്മങ്ങള്‍ക്ക് ആധാരമായി സാധാരണ ഉപയോഗിക്കുന്ന ചില വാക്യങ്ങള്‍ ഉണ്ട്. അവര്‍ കോട്ടിക്കളയുന്ന തിരുവചന ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
“ജീവനുള്ളവരോടും മരിച്ചവരോടും ദയ വിടാതിരിക്കുന്ന യഹോവയാല്‍ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു” Ruth 2:20. ഈ വാക്യം ദുര്‍വ്യാഖ്യാനം ചെയ്ത് മരിച്ചവര്‍ക്കു വേണ്ടി കര്‍മ്മം ചെയ്താല്‍ ഫലപ്രദമാകുന്നു വെന്ന് ചിലര്‍ സിദ്ധാന്തിക്കുന്നു. ഈ കൂട്ടര്‍ “ഞാന്‍ മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമത്രേ” എന്ന വാക്യം എപ്രകാരം വ്യാഖ്യാനിക്കും. മരിച്ചുപോയ എലിമേലേക്കിന്റെ കുടുംബത്തോട് കര്‍ത്താവ് കരുണ കാണിച്ചാല്‍ അത് എലിമേലേക്കിനോട് കാണിച്ചതായി കണക്കിടാം എന്നതല്ലെ ഇതിന്റെ ശരിയായ വ്യഖ്യാനം. അല്ലാതെ ഈ വാക്യത്തിന്റെ മറവില്‍ എലിമേലേക്കിനുവേണ്ടി മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വ്യവസ്ഥ ഇല്ലേ ഇല്ല. ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന മറ്റൊരു വേദഭാഗം “വല്ല വിധവയ്ക്കും പുത്രപൗത്രന്മാരുണ്ടെങ്കില്‍ അവര്‍ മുമ്പെ സ്വന്ത കുടുംബത്തില്‍ ഭക്തി കാണിച്ച് അമ്മയപ്പന്മാര്‍ക്ക് പ്രത്യുപകാരം ചെയ്യാന്‍ പഠിക്കട്ടെ. ഇത് ദൈവ സന്നിധിയില്‍ പ്രസാദകരമാകുന്നു.” 1Tim.5:4. മരണാനന്തര കര്‍മ്മങ്ങളില്‍ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ വിധവയുടെ പുത്രന്മാര്‍ മരിച്ചുപോയ വ്യക്തിക്കുവേണ്ടി മരണാനന്തര കര്‍മ്മങ്ങള്‍ നടത്തി പ്രത്യുപകാരം ചെയ്യണമെന്ന് വ്യാഖ്യാനിക്കുന്നു. ഈ വാക്യത്തില്‍ പ്രാര്‍ത്ഥിക്കണമെന്നല്ല. ചാത്ത കുര്‍ബാന നടത്തണമെന്നുമല്ല. പ്രത്യുപകാരം ചെയ്യണമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഒരുവന്റെ പിതാവ് മരിച്ചുപോയാല്‍ തന്റെ വിധവയായ മാതാവിന് താന്‍ പ്രത്യുപകാരം ചെയ്യുമ്പോള്‍ അത് പിതാവിന് നല്‍കിയതായി അംഗീകരിക്കപ്പെടും. ഇതല്ലെ ഈ വാക്യത്തിന്റെ ശരിയായ വ്യാഖ്യാനം. ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന മറ്റൊരു വാക്യം 2Tim.1:16-18 വരെയുള്ളതാണ്. “പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫെരൊസിന്റെ കുടുംബത്തിന് കര്‍ത്താവ് കരുണ നല്‍കുമാറാകട്ടെ. അവന്‍ എന്റെ ചങ്ങലയെക്കുറിച്ച് ലജ്ജിക്കാതെ താന്‍ റോമയില്‍ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു. ആ ദിവസത്തില്‍ കര്‍ത്താവിന്റെ പക്കല്‍ കരുണ കണ്ടെത്തുവാന്‍ കര്‍ത്താവ് അവന് സംഗതി വരുത്തട്ടെ.” പൗലോസ് ലേഖനമെഴുതുന്ന സമയത്ത് ഒനേസിഫെരൊസ് മരിച്ചു പോയിരിക്കാം എന്നിവരനുമാനിക്കുന്നു. കൂടാതെ മരിച്ചവനു വേണ്ടിയുള്ള പ്രാര്‍ത്ഥനയായി പൗലോസിന്റെ ആശംസാവാക്യത്തെ വളച്ചൊടിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ ദിവസത്തില്‍ എന്നു പറഞ്ഞിരിക്കുന്നതിനാല്‍ ഒനേസിഫെരൊസ് മരിച്ചുപോയി എന്നു ചിന്തിക്കുവാന്‍ യാതൊരു ന്യായവുമില്ല. 2Tim.4:8-ല്‍ പ്രിയം വെച്ച എന്ന ഭൂതകാലപ്രയോഗം കൊണ്ട് ഏവരും മരിച്ചവരാണെന്നും ആ ദിവസത്തില്‍ എനിക്കും എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് ഈ ലേഖനം എഴുതുമ്പോള്‍ പൗലോസും മരിച്ചുപോയിരുന്നു എന്നൊരാള്‍ വ്യാഖ്യാനിച്ചാല്‍ അതും അംഗീകരിക്കേണ്ട ഗതികേടുണ്ടാകുമല്ലോ.

മരണാനന്തരം നടത്തുന്ന യാതൊരു കര്‍മ്മങ്ങളും വേര്‍പെട്ടുപോയ ആത്മാവിന് യാതൊരു ഫലവും ചെയ്യുന്നില്ല. ഓരോരുത്തരും ജീവിച്ചിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ചതിന് തക്കവണ്ണം അത്രേ പ്രാപിപ്പാന്‍ പോകുന്നത്. അവനവന്‍ ശരീരത്തിലിരിക്കുമ്പോള്‍ ചെയ്തത് നല്ലതാകിലും, തീയതാകിലും അതിന് തക്കവണ്ണം പ്രാപിക്കേണ്ടതിന് നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു 2കൊരി.5:10. മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്റെ മുന്‍പില്‍ നില്‍ക്കുന്നതും കണ്ടു. പുസ്തകങ്ങള്‍ തുറന്നു. ജീവന്റെ പുസ്തകമെന്ന മറ്റൊരു പുസ്തകവും തുറന്നു. പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവര്‍ക്ക് അവരുടെ പ്രവര്‍ത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി. Rev.20:12, 13. എത്ര സ്പഷ്ടമായി തിരുവചനം നമ്മോട് സംസാരിക്കുന്നു. നിഷ്പക്ഷ ബുദ്ധിയോടെ വചനം പഠിക്കുന്ന ഏതൊരു വ്യക്തിക്കും മരണാനന്തരകര്‍മ്മങ്ങള്‍ കാപട്യമാണെന്ന് മനസ്സിലാകും.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വളരെ വ്യക്തമായി ഈ കാര്യം പഠിപ്പിച്ചിട്ടുണ്ട്. സുവിശേഷത്തിന്റെ എഴുത്തുകാരനായ ലൂക്കോസ് അത് നന്നായി വിവരിച്ചിട്ടുമുണ്ട്.
ധനവാന്റെയും ലാസറിന്റെയും മരണത്തെ കുറിച്ചാണിവിടെ പറയുന്നത്. ധനവാന്‍ മരിച്ചു അവന്‍ പാതാളത്തില്‍ യാതനാസ്ഥലത്തേക്ക് പോയി. ലാസര്‍ മരിച്ചു. അവന്‍ അബ്രഹാമിന്റെ മടിയിലേക്ക് അഥവാ പറുദീസയിലേക്ക് പോയി. ധനവാന്‍ യാതനാസ്ഥലത്തു കിടന്നുകൊണ്ട് അബ്രഹാമിനോട് പറയുകയാണ് “അബ്രഹാം പിതാവേ എന്നോടു കനിവുണ്ടാകേണമെ. ലാസര്‍ വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയക്കേണമെ. ഞാന്‍ ഈ ജ്വാലയില്‍ കിടന്ന് വേദന അനുഭവിക്കുന്നു എന്ന് വിളിച്ചുപറഞ്ഞു.” Luke 16:24. അബ്രഹാമിന്റെ മറുപടി എന്തായിരുന്നു. “ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നടുവെ വലിയൊരു പിളര്‍പ്പ് ഉണ്ടായിരിക്കുന്നു. ഇവിടെ നിന്ന് നിങ്ങളുടെ അടുക്കല്‍ കടന്നവരുവാന്‍ ഇച്ഛിക്കുന്നവര്‍ക്ക് കഴിവില്ല. അവിടെ നിന്ന് ഞങ്ങളുടെ അടുക്കല്‍ കടന്നു വരുവാനും പാടില്ല എന്നുപറഞ്ഞു.” Luke 16:26.
മരണാനന്തരം ആത്മാക്കള്‍ തത്സമയത്തുതന്നെ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് എത്തിച്ചേരുന്നു. ആരെല്ലാം ആഗ്രഹിച്ചാലും എത്രയെല്ലാം കര്‍മ്മം നടത്തിയാലും സ്ഥലമാറ്റം വരുത്തുവാന്‍ സാധിക്കയില്ല എന്ന് യേശുക്രിസ്തു പഠിപ്പിച്ചു. ആകാശം മാറിപ്പോകും. ഭൂമി നീങ്ങിപ്പോകും. ദൈവവചനത്തിനോ മാറ്റമില്ല.

മരണാനന്തര കര്‍മ്മങ്ങളില്‍ വിശ്വസിക്കുകയും പഠിപ്പിക്കുകയും അത് അനുഷ്ഠിക്കുകയും ചെയ്യുന്നവരോട് ചോദിക്കട്ടെ. ഏതൊരു ആത്മാവിന്റെ നിത്യശാന്തിക്കു വേണ്ടി കര്‍മ്മങ്ങള്‍ നടത്തുന്നുവോ, ആ ആത്മാവ് സ്വര്‍ഗ്ഗത്തിലെത്തിയതു കൊണ്ട് കര്‍മ്മങ്ങള്‍ നടത്തുകയാണോ? അതോ നിന്നുപോകുകയാണോ? എന്ന് ഈ ആത്മാവ് സ്വര്‍ഗ്ഗത്തിലെത്തുമെന്ന് പറയാമോ? ആത്മാവ് സ്വര്‍ഗ്ഗത്തില്‍ എത്തിയതുകൊണ്ട് കര്‍മ്മങ്ങള്‍ നിറുത്തിയതല്ല. നിന്നുപോകുന്നതാണ്. തലമുറകള്‍ മാറി മാറി വരുമ്പോള്‍ യോസേഫിനെ അറിയാത്ത ഫറവോന്‍ എന്നു വായിക്കുന്നതുപോലെ മുന്‍തലമുറയെ അറിയാത്ത തലമുറ വരുമ്പോള്‍ മുന്‍ തലമുറയിലെ ആളുകള്‍ക്കുവേണ്ടി അനുഷ്ഠിച്ചു പോന്നവ നിന്നു പോകുന്നു. ഇതല്ലേ സത്യം. പ്രിയ വായനക്കാരാ ചിന്തിക്കുക. സത്യത്തെ സ്‌നേഹിച്ച് സത്യം അനുസരിക്കുക. ദൈവവചനം സത്യമാകുന്നു.

അദ്ധ്യായം 12–പൗരോഹിത്യം
പുതിയ നിയമസഭയില്‍ പുരോഹിതന്മാരെ നിയമിച്ചിട്ടുള്ളതായി തിരുവെഴുത്തില്‍ യാതൊരു രേഖയുമില്ല. എന്നാല്‍ പട്ടത്വ സഭകള്‍ പൗരോഹിത്യത്തിന് അത്യുന്നതമായ സ്ഥാനമാണ് നല്‍കുന്നത്. എപ്പിസ്‌കോപ്പല്‍ സഭകളുടെ നിലനില്‍പുതന്നെ പൗരോഹിത്യ ക്രമീകരണത്തിലാണെന്ന് പറയാം. ദൈവത്തിനു മനുഷ്യര്‍ക്കും നടുവില്‍ നിന്നുകൊണ്ട് മദ്ധ്യസ്ഥവേല ചെയ്യുവാന്‍ ഉള്ള അധികാരം പട്ടമേല്‍ക്കുമ്പോള്‍ അവര്‍ക്ക് ലഭിക്കുന്നു. ഈ അധികാരങ്ങളും, പദവികളും അപ്പൊസ്തലന്മാരില്‍ നിന്നും തുടര്‍ച്ചയായ കൈവെപ്പിനാല്‍ കിട്ടിയിട്ടുള്ളതാണെന്ന് അവര്‍ അവകാശപ്പെടുന്നു.
ഇന്ന് പട്ടത്വ സഭകളില്‍ കാണുന്ന പൗരോഹിത്യം വേദാനുസൃതമല്ല. ബാബിലോന്യമാണ്. പുതിയ നിയമസഭയിലെ ശുശ്രൂഷക്കായി നിയമിക്കപ്പെട്ടവരെ ഇന്നത്തെ രീതിയിലുള്ള പുരോഹിതന്‍മാരായി ഗണിച്ചിരുന്നില്ല. അവരാരും പൗരോഹിത്യ വസ്ത്രം ധരിച്ചിരുന്നതായി സൂചനയില്ല. അവര്‍ക്കാര്‍ക്കും പ്രത്യേക സ്ഥാനമോ, പദവികളോ ഉള്ളതായി കരുതിയിരുന്നില്ല. പുതിയ നിയമ ശുശ്രൂഷകന്മാര്‍ മേല്‍ക്കോയ്മ ഉള്ളതായി ചിന്തിച്ചിരുന്നില്ല. സഭയില്‍ സാഹോദര്യബന്ധം ആണ് അവര്‍ പുലര്‍ത്തി പോന്നിരുന്നത്.

സഭയിലെ ശുശ്രൂഷക്കായി ദൈവം തന്നെയാണ് ശുശ്രൂഷ വൃന്ദത്തെ നിയമിച്ചിരിക്കുന്നത്. “ദൈവം സഭയില്‍ ഒന്നാമത് അപ്പൊസ്തലന്മാര്‍, രണ്ടാമത് പ്രവാചകന്മാര്‍, മൂന്നാമത് ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും” 1Cor.12:28. “അവന്‍ ചിലരെ അപ്പൊസ്തലന്മാരായും, ചിലരെ പ്രവാചകന്മാരായും, ചിലരെ സുവിശേഷകന്മാരായും, ചിലരെ ഇടയന്‍മാരായും, ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു” Eph.4:11.
ഈ വാക്യങ്ങളില്‍ പ്രസ്താവിക്കപ്പെട്ടവരാണ് ദൈവസഭയിലെ ശുശ്രൂഷകവൃന്ദം. ഈ നിയമിതര്‍ക്ക് അഹരോന്യ പട്ടത്വവുമായി യാതൊരു ബന്ധവുമില്ല എന്നുള്ളത് നാം പ്രത്യേകം ഓര്‍ക്കണം. പട്ടത്വ സഭകളില്‍ ഇന്ന് നാം കാണുന്ന പൗരോഹിത്യം അഹരോന്യ പൗരോഹിത്യത്തിന്റെ പിന്‍തുടര്‍ച്ചയാണ്. അഹരോന്യ പൗരോഹിത്യം എന്നേക്കുമായി നീക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം അവര്‍ മനസ്സോടെ മറന്നുകളയുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ആ കാര്യം വ്യക്തമാക്കുന്നതാണ്.

യഹൂദന്മാരുടെ ഇടയില്‍ ഉണ്ടായിരുന്ന പൗരോഹിത്യമേധാവിത്വത്തെയും, ഇവരുടെ സ്ഥാനവസ്ത്രങ്ങളെയും, അവര്‍ പുകഴ്ചയായി കരുതിയിരുന്ന പദവികളെയും യേശുക്രിസ്തു കഠിനമായി വിമര്‍ശിക്കുകയുണ്ടായി. “അവര്‍ തങ്ങളുടെ പ്രവര്‍ത്തികളെല്ലാം മനുഷ്യര്‍ കാണേണ്ടതിനത്രേ ചെയ്യുന്നത്. തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി, തൊങ്ങല്‍ വലുതാക്കുന്നു. അത്താഴത്തില്‍ പ്രധാന സ്ഥലവും. പള്ളിയില്‍ മുഖ്യാസനവും, അങ്ങാടിയില്‍ വന്ദനവും. മനുഷ്യര്‍ റബ്ബീ എന്ന് വിളിക്കുന്നതും അവര്‍ക്ക് പ്രിയമാകുന്നു. നിങ്ങളോ റബ്ബീ എന്ന് പേര്‍ എടുക്കരുത്. ഒരുത്തന്‍ അത്രേ നിങ്ങളുടെ ഗുരു. നിങ്ങളോ എല്ലാവരും സഹോദരന്മാര്‍. ഭൂമിയില്‍ ആരെയും പിതാവ് എന്ന് വിളിക്കരുത്. ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവ്. സ്വര്‍ഗ്ഗസ്ഥന്‍ തന്നേ. നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുത്. ഒരുത്തനത്രേ നിങ്ങളുടെ നായകന്‍. ക്രിസ്തു തന്നേ.” Matt.23:5-10; Mark 12:38-40; Luke 11:43, 44.

അപ്പൊസ്തലന്മാര്‍ സഹ വിശ്വാസികളെയും മറ്റ് അപ്പൊസ്തലന്മാരെയും സഹോദരന്മാരായി കരുതുകയും അപ്രകാരം സംബോധന ചെയ്യുകയുമായിരുന്നു പതിവ്. “ആകയാല്‍ സഹോദരന്മാരെ.. നിങ്ങളില്‍ തന്നേ തിരിഞ്ഞുകൊള്‍വിന്‍” Acts 6:3. “സഹോദരന്മാര്‍ അതറിഞ്ഞ് അവനെ കൈസര്യയിലേക്ക് കൂട്ടിക്കൊണ്ടുപോയി” Acts 9:30; 10:23; 11:12; 12:17; 15:3, 22; James 1:19; 2:1; 2:14; 3:1; 4:11; 5:7; 5:12; 5:19; 2Peter 3:16; 1John 3:13; 3John 3, 5, 10. അപ്പൊസ്തലന്മാര്‍ തങ്ങളെ സംബന്ധിച്ചും വിശ്വാസികളുടെ സഹോദരന്മാര്‍ എന്നായിരുന്നു പറഞ്ഞു വന്നത്. “അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യോക്യയിലും സുറിയയിലും, കിലിക്യയിലും, ജാതികളില്‍ നിന്ന് ചേര്‍ന്ന സഹോദരന്മാര്‍ക്ക് വന്ദനം” Acts 15:23. “നിങ്ങളുടെ സഹോദരനും, യേശുവിന്റെ ……പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു.” Rev.1:19. റോമ ചക്രവര്‍ത്തിയായ കുസ്ത്തന്തിനോസ് എ.ഡി. 312-ല്‍ ക്രിസ്തുമതാനുയായി ആയി തീര്‍ന്നു. സഭ ഭൗതീകമായി ഉയര്‍ന്നപ്പോള്‍ രാഷ്ട്രീയമായ ഭരണരീതിയും ജാതീയ പൗരോഹിത്യ സമ്പ്രദായവും സഭയിലേക്ക് കടന്നുവരികയാണ് ഉണ്ടായത്. പത്രോസോ മറ്റ് അപ്പൊസ്തലന്മാരോ തങ്ങളുടെ പിന്‍ഗാമികളെ നിര്‍ദ്ദേശിക്കുകയോ, വാഴിക്കുകയോ ചെയ്തതായി യാതൊരു തെളിവുമില്ല, മാത്രമല്ല എല്ലാ വിശ്വാസികളും യേശുക്രിസ്തുവില്‍ കൂടി രാജകീയ പുരോഹിത വര്‍ഗ്ഗമാക്കപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ പഠിപ്പിക്കുകയും ചെയ്തു. “നിങ്ങളോ അന്ധകാരത്തില്‍ നിന്നും തന്റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിതവര്‍ഗ്ഗവും, വിശുദ്ധവംശവും സ്വന്ത ജനവുമാകുന്നു.” 1Peter 2:9. നമ്മെ സ്‌നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ രക്തത്താല്‍ വിടുവിച്ച് തന്റെ പിതാവായ ദൈവത്തിന് നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനു എന്നെന്നേക്കും മഹത്വവും ബലവും ആമേന്‍. Rev.1:6. “ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു” Rev.5:10.

ഈ വേദവാക്യങ്ങളെല്ലാം സകല വിശുദ്ധന്മാരും രാജകീയ പുരോഹിതന്മാരാണെന്ന് തെളിയിക്കുന്നു. കൂടാതെ പാപപരിഹാരം വരുത്തുന്നതിനും മനുഷ്യര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ പക്ഷവാദം ചെയ്യുന്നതിന് കഴിവുള്ള ഏക മഹാപുരോഹിതന്‍ യേശുക്രിസ്തു മാത്രമാണെന്നും തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നു. “ആകയാല്‍ ദൈവപുത്രനായ യേശു ആകാശത്തില്‍കൂടി കടന്നുപോയൊരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കുള്ളതുകൊണ്ട് നാം നമ്മുടെ സ്വീകാര്യം മുറുകെ പിടിച്ചുകൊള്‍ക. നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല. പാപം ഒഴികെ സര്‍വ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രെ നമുക്കുള്ളത്.” Heb.4:14,15. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയത്. പവിത്രന്‍, നിര്‍ദോഷന്‍, നിര്‍മ്മലന്‍, പാപികളോടു വേര്‍പെട്ടവന്‍, സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായി തീര്‍ന്നവന്‍. ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും, പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നെ. അത് അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ. Heb.7:26,27. യേശുക്രിസ്തു മുഖാന്തിരം ദൈവത്തോടടുക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ ക്രിസ്തു പ്രാപ്തനത്രെ. എന്നാല്‍ യേശുക്രിസ്തു അഹരോന്യ പൗരോഹിത്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരനുമല്ല. മല്‍ക്കീസദേക്കിന്റെ ക്രമത്തില്‍ അവന്‍ എന്നേക്കും മഹാപുരോഹിതനത്രേ. അഹരോന്യ (ലേവ്യ) പൗരോഹിത്യത്തിന് ആദാമ്യ കുടുംബത്തിന്റെ വീണ്ടെടുപ്പിന് വേണ്ടി ഒന്നും ചെയ്‌വാന്‍ സാധിക്കുകയില്ലെന്നും തിരുവെഴുത്തു വ്യക്തമാക്കുന്നു. ആകയാല്‍ ക്രിസ്തുയേശു മല്‍ക്കീസദേക്കിന്റെ ക്രമത്തില്‍ പുരോഹിതനായി വെളിപ്പെട്ടു. അഹരോന്യ പൗരോഹിത്യം മാറിപ്പോയി എന്നും മല്‍ക്കീസദേക്കിന്റെ പൗരോഹിത്യം അതിശ്രേഷ്ഠമാണെന്നും തെളിയിക്കേണ്ടതിന് വിശുദ്ധ പൗലോസ് എബ്രായ ലേഖനം 7, 8 അദ്ധ്യായങ്ങളില്‍ പ്രധാനമായി പതിമൂന്ന് പോയിന്റുകള്‍ നിരത്തിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധേയമത്രേ.

1. അഹരോന്യ പുരോഹിതന്മാര്‍ അബ്രഹാമില്‍ നിന്നും ജനിച്ച യിസ്രായേല്യരില്‍ നിന്നും മാത്രം ന്യായപ്രമാണത്തിന്റെ നിയമമനുസരിച്ച് ദശാംശം വാങ്ങികൊണ്ടിരുന്നു. എന്നാല്‍ അവരുടെ പിതാവായ അബ്രഹാം മല്‍ക്കീസദേക്കിന് ദശാംശം കൊടുത്തതിനാല്‍ മല്‍ക്കീസദേക്ക് ന്യായപ്രമാണ പുരോഹിതന്മാരെക്കാള്‍ ശ്രേഷ്ഠന്‍ എന്നു വരുന്നു. ദശാംശം വാങ്ങിക്കുന്ന ലേവിപുരോഹിതന്മാര്‍ അബ്രഹാം മല്‍ക്കീസദേക്കിന് പത്തിലൊന്ന് കൊടുത്തപ്പോള്‍ അവന്റെ ശരീരത്തിലുണ്ടായിരുന്നു. അങ്ങനെ അവര്‍ അബ്രഹാം മൂലം പത്തിലൊന്നു കൊടുത്തു എന്ന് പൗലോസ് തെളിയിക്കുന്നു Heb.7:4, 5, 9, 10. ഉദാ.: മനുഷ്യവര്‍ഗ്ഗം മുഴുവനും ആദാമിലൂടെ പാപം ചെയ്തു. അതുകൊണ്ട് ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. Rom.5:1-12. സാത്താന്‍ യിശ്മായേലിലൂടെ യിസഹാക്കില്‍ അടങ്ങിയിരുന്ന ക്രിസ്തുവിനെ ഉപദ്രവിച്ചു. Gal.3:16; 4:28-30.

2. മല്‍ക്കീസദേക്ക് അബ്രഹാമിനെ അനുഗ്രഹിക്കുകയും അപ്പവും വീഞ്ഞും കൊടുക്കുകയും ചെയ്തു. Heb.7:6, 7. ഉയര്‍ന്നവന്‍ താണവനെ അനുഗ്രഹിക്കുന്നു എന്ന വ്യവസ്ഥ പ്രകാരം ഇവിടെ മല്‍ക്കിസദേക്ക് വലിയവനാണെന്നും അഹരോന്യ പുരോഹിതന്മാര്‍ പിതാവിലൂടെ അനുഗ്രഹം പ്രാപിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. ഉയര്‍ന്നവനായ മല്‍ക്കീസദേക്കിന്റെ ക്രമത്തിലത്രേ കര്‍ത്താവിന്റെ പൗരോഹിത്യം.

3. ന്യായപ്രമാണ പുരോഹിതന്മാര്‍ മരിക്കുന്നവരായിരുന്നു. എന്നാല്‍ മല്‍ക്കീസദേക്കിന്റെ മരണം വെളിപ്പെടുത്താതെ നിത്യനായ ക്രിസ്തുവിന്റെ സദൃശനായി പ്രസ്താവിച്ചിരിക്കുകയാല്‍ ക്രിസ്തുവിന്റെ പൗരോഹിത്യം ശ്രേഷ്ഠമെന്നു തെളിയുന്നു Heb.7:8.

4. ലേവ്യ പൗരോഹിത്യത്തിന് യാതൊരുവിധ സമ്പൂര്‍ണ്ണതയും ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ അഹരോന്യ ക്രമപ്രകാരമുള്ള പൗരോഹിത്യം തുടര്‍ന്നാല്‍ മതിയായിരുന്നില്ലേ. മല്‍ക്കീസദേക്കിന്റെ ക്രമത്തില്‍ മറ്റൊരു പൗരോഹിത്യം വരേണ്ടതിന്റെ ആവശ്യം എന്ത്? സമ്പൂര്‍ണ്ണതയില്ലാത്ത ന്യായപ്രമാണ പൗരോഹിത്യം മാറിപ്പോയി എന്നും ന്യായപ്രമാണത്തിനും നീക്കം വന്നുവെന്നും പൗലോസ് പറയുന്നു. Heb.7:11, 12. കര്‍ത്താവിനെ വിസ്തരിക്കുമ്പോള്‍ മഹാപുരോഹിതനായ കയ്യഫാവ് കോപം നിറഞ്ഞവനായി കീറുവാന്‍ പാടില്ലാത്ത തന്റെ മഹത്വവസ്ത്രം കീറിക്കളഞ്ഞു. “അഭിഷേക തൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്റെ സഹോദരന്മാരില്‍ മഹാപുരോഹിതനായവന്‍ തന്റെ തലമുടി പിച്ചിപ്പറിക്കുകയും വസ്ത്രം കീറുകയും അരുത്” Lev.21:10. “ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി ഇവന്‍ ദൈവദൂഷണം പറഞ്ഞു. ഇനി സാക്ഷികളെക്കൊണ്ട് നമുക്ക് എന്താവശ്യം. നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ” Matt.26:65. ഈ വസ്ത്രം കീറപ്പെടാത്ത ദൈവമഹത്വത്തിന്റെ സാദൃശ്യമായിരുന്നു. അത് കീറിയത് ന്യായപ്രമാണ പൗരോഹിത്യം ചീന്തപ്പെട്ടുവെന്നതിനെ കാണിക്കുകയാണ്. ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് ദേവാലയത്തിലെ തിരശ്ശീല കീറിയപ്പോള്‍ ന്യായപ്രമാണവും കീറി. യേശുക്രിസ്തുവിന്റെ ദേഹമെന്ന തിരശ്ശീല കാല്‍വറിയില്‍ ചീന്തി ക്രിസ്തു പ്രാണനെ വിട്ടപ്പോള്‍ ദൈവമന്ദിരത്തിലെ തിരശ്ശീലയും മുകള്‍തൊട്ട് അടിയോളം രണ്ടായി ചീന്തപ്പെട്ടു. അങ്ങനെ ആരാധകര്‍ക്ക് കൃപാസനം വരെ അടുത്തുചെല്ലേണ്ടതിന് ജീവന്റെ മാര്‍ഗ്ഗം തുറക്കപ്പെട്ടു. ആകയാല്‍ ക്രിസ്തുവിന്റെ പൗരോഹിത്യം നമ്മെ സമ്പൂര്‍ണ്ണതയിലേക്ക് നടത്തുന്നതാണ്. സമ്പൂര്‍ണ്ണതയില്ലാത്ത ലേവ്യാ പൗരോഹിത്യവും, ന്യായപ്രമാണവും മാറിപ്പോയിരിക്കുന്നു.

5. ന്യായപ്രമാണകാലത്തെ പൗരോഹിത്യ ശുശ്രൂഷയ്ക്കായി ലേവി ഗോത്രവും, രാജത്വ ഗോത്രമായി യഹൂദ ഗോത്രവും വേര്‍തിരിച്ചിരുന്നു- ലേവ്യര്‍ക്ക് ഭരിക്കുവാനോ, യഹൂദ്യര്‍ക്ക് പുരോഹിത ശുശ്രൂഷ ചെയ്‌വാനോ അനുവാദമില്ലായിരുന്നു. നമ്മുടെ കര്‍ത്താവ് യഹൂദഗോത്രക്കാരനാണെന്നുള്ളത് സ്പഷ്ടമല്ലോ. ആകയാല്‍ ക്രിസ്തു ഒരിക്കലും ലേവ്യപൗരോഹിത്യത്തിന്റെ പങ്കാളിയാകുകയില്ലെന്നും വിശുദ്ധ പൗലോസ് തെളിയിച്ചിരിക്കുന്നു.
Heb.7:13, 14. ആകയാല്‍ സകല വിശ്വാസികളും രാജകീയ പൗരോഹിത്യത്തിന്റെ അവകാശികളത്രേ. 1Peter 2:9.

6. നിഴലായതും അഴിഞ്ഞുപോകുന്നതും പ്രയോജന ശൂന്യവും ബലഹീനവുമായ പഴയ പ്രമാണത്തിന്റെ പുരോഹിതന്മാരാണ് ലേവ്യ പുരോഹിതന്മാര്‍. ഒരുനാളും നീക്കം വരാത്തതും പുതിയതുമായ പ്രമാണത്തിന്റെ മഹാപുരോഹിതനാണ് കര്‍ത്താവെന്നും ഈ അദ്ധ്യായത്തില്‍ കൂടെ പൗലോസ് വ്യക്തമാക്കുന്നു. Heb.7:15-19.

7. ന്യായപ്രമാണ പുരോഹിതന്മാരെല്ലാവരും പുരോഹിതന്മാരായി തീരുമെന്ന് ദൈവം ആണയിട്ട് സത്യം ചെയ്തിട്ടില്ലായിരുന്നു. എന്നാല്‍ പുതിയ നിയമത്തിലെ ശ്രേഷ്ഠ മഹാപുരോഹിതനായ കര്‍ത്താവ് എന്നേക്കും ഒരു പുരോഹിതനായിത്തീരുമെന്ന് ആണയിട്ട് സത്യം ചെയ്ത് ഉറപ്പിച്ചിരുന്നു.
Heb.7:20-22. “നീ മല്‍ക്കീസദേക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്ന് യഹോവ സത്യം ചെയ്തു. അനുതപിക്കുകയുമില്ല” Psa. 110:4. ആകയാല്‍ ക്രിസ്തുവിന്റെ പൗരോഹിത്യം ന്യായപ്രമാണ പൗരോഹിത്യത്തെക്കാള്‍ ശ്രേഷ്ഠമാണ്.

8. ന്യായപ്രമാണ പുരോഹിതന്മാര്‍ മനുഷ്യരായതുകൊണ്ട് അവര്‍ പകരം മറ്റാളുകളെ നിയോഗിച്ച് വന്നിരുന്നു. അങ്ങനെ പുരോഹിതന്മാരായി തീര്‍ന്നവര്‍ അനേകരാണ്. എന്നാല്‍ യേശുക്രിസ്തു നിത്യമായി ജീവിക്കുന്ന ശ്രേഷ്ഠമഹാപുരോഹിതനും മരണമില്ലാത്തവനുമത്രേ. Heb.7:23, 24. ആകയാല്‍ ഇനി മനുഷ്യരുടെ ഇടയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പുരോഹിതന്മാരോ, മഹാപുരോഹിതന്മാരോ ആവശ്യമില്ല.

9. തങ്ങള്‍ പാപികളായതുകൊണ്ട്, തങ്ങളുടെ യാഗവസ്തു ബലഹീനമായതുകൊണ്ടും ന്യായപ്രമാണ പുരോഹിതന്മാര്‍ക്ക് പൂര്‍ണ്ണ രക്ഷ കൊടുക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കര്‍ത്താവ് പാപി അല്ലാത്തതുകൊണ്ടും വിശ്വസിക്കുന്നവര്‍ക്ക് പൂര്‍ണ്ണ രക്ഷ കൊടുക്കുവാന്‍ പ്രാപ്തനത്രെ Heb.7:25. ആകയാല്‍ ക്രിസ്തുവിന്റെ പൗരോഹിത്യം ലേവ്യാ പൗരോഹിത്യത്തെക്കാള്‍ ശ്രേഷ്ഠമത്രെ.

10. ന്യായപ്രമാണ പുരോഹിതന്മാര്‍ക്കില്ലാത്ത മാന്യതയും, പദവികളും ക്രിസ്തുവിന്റെ ജീവിതത്തില്‍ കാണുന്നു. പവിത്രന്‍, നിര്‍ദോഷന്‍, നിര്‍മലന്‍, പാപികളോട് വേര്‍പെട്ടവന്‍, സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതന്‍, സ്വന്തം പാപത്തിന് യാഗം കഴിക്കാന്‍ ആവശ്യമില്ലാത്തവന്‍ (പാപരഹിതന്‍) Heb.7:26, 27. ആകയാല്‍ പൗരോഹിത്യത്തെക്കാള്‍ അതിശ്രേഷ്ഠമത്രേ.

11. ന്യായപ്രമാണത്തില്‍ മഹാപുരോഹിതന്മാര്‍ ബലഹീനമത്രേ. എന്നാല്‍ ക്രിസ്തുവോ തികഞ്ഞവനത്രേ. Heb.7:28.

12. കര്‍ത്താവ് താന്‍ തന്നെ സ്ഥാപിച്ചതും, ജീവനുള്ള വിശ്വാസികളാകുന്ന കല്ലുകളെ കൂട്ടിച്ചേര്‍ത്ത് പണിയുന്നതും ദൈവത്തിന്റെ ആലയവുമായ സഭയില്‍ ശുശ്രൂഷിക്കുന്ന ശ്രേഷ്ഠ മഹാപുരോഹിതനുമാകുന്നു. എന്നാല്‍ ന്യായപ്രമാണ പുരോഹിതന്മാര്‍ ഈ സഭയുടെ നിഴലായതില്‍ താല്ക്കാലിക കൂടാരത്തില്‍ ശുശ്രൂഷിച്ചവരത്രേ. ആകയാല്‍ ക്രിസ്തുവിന്റെ പൗരോഹിത്യം ശ്രേഷ്ഠമത്രേ. Heb.8:2, 5.

13. ന്യായപ്രമാണ പുരോഹിതന്മാര്‍ കേവലം മൃഗങ്ങളെയും പക്ഷികളെയും യാഗം അര്‍പ്പിച്ചുപോന്നു. അതിനായി അവരെ നിയോഗിച്ചുമിരുന്നു. എന്നാല്‍ കര്‍ത്താവും നിയോഗിതന്‍ എന്ന നിലയ്ക്ക് ഊനമില്ലാത്ത ശരീരയാഗമര്‍പ്പിച്ച് എന്നേക്കുമുള്ള പാപ പരിഹാരം വരുത്തി. Heb. 8:3. “ആ ഇഷ്ടത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീര യാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.” Heb.10:10. മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന പതിമൂന്ന് കാര്യങ്ങളില്‍ കൂടെ പൗലോസ് എന്താണ് ഉറപ്പിക്കുന്നത്. നിഴലായതും. ബലഹീനവും ആയ ലേവ്യ പൗരോഹിത്യം മാറിപ്പോയി. അത് എന്നേയ്ക്കുമായി നീക്കപ്പെട്ടു. ക്രിസ്തുവിന്റെ പൗരോഹിത്യം സ്ഥാപിക്കപ്പെട്ടു. ആ പൗരോഹിത്യം പാപിയെ പൂര്‍ണ്ണമായി രക്ഷിപ്പാന്‍ പര്യാപ്തമത്രേ.
ദൈവം കീറിക്കളഞ്ഞതിനെ കൂട്ടിച്ചേര്‍ത്തും, നീക്കിക്കളഞ്ഞതിനെ പുനസ്ഥാപിച്ചും, അതിന്റെ തണലില്‍ നിന്ന് എന്നേക്കുമായി നശിച്ചുപോകാതെ, ദൈവം സ്ഥാപിച്ചതും നിലനില്ക്കുന്നതും ആയ ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്‍ കീഴില്‍ നിത്യജീവനെ പ്രാപിച്ച് നമുക്ക് രാജകീയ പുരോഹിതവര്‍ഗ്ഗമായി തീരാം. ഈ പുസ്തകം വായിക്കുന്ന നിങ്ങളെ അതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് സഹായിക്കുമാറാകട്ടെ.

അദ്ധ്യായം 13-കുമ്പസാരം, അന്ത്യകൂദാശ, ശുദ്ധീകരണ സ്ഥലം
കുമ്പസാരം
യഹൂദന്മാരുടെ ഇടയില്‍ ലേവ്യ പൗരോഹിത്യം അതിന്റേതായ മഹത്വത്തിലും ശക്തിയിലും നിലനിന്നിരുന്നു. എന്നാല്‍ ആ കാലഘട്ടത്തില്‍ പോലും കുമ്പസാരം എന്നതിനെക്കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു. ന്യായപ്രമാണ കാലഘട്ടത്തില്‍ ജനം കാളകളെയും ആടുകളെയും ആലയത്തില്‍ പുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുവന്നിരുന്നു. അര്‍പ്പകന്‍ യാഗമൃഗത്തിന്റെ തലയില്‍ കൈവെച്ച് അവന്റെ പാപം മൃഗത്തിന്മേല്‍ ചുമത്തുന്നു. (അര്‍ത്ഥാല്‍ സകല യാഗങ്ങളുടെയും പൊരുളായ ക്രിസ്തു അര്‍പ്പകന്റെ പാപത്തെ വഹിക്കുന്നു. അര്‍പ്പകന്‍ ക്രിസ്തുവുമായി ഉടമ്പടി ചെയ്യുന്നു.) അവിടെയും പുരോഹിതനോട് പാപം പറഞ്ഞ് മോചനം പ്രാപിക്കുന്ന പരിപാടി ഇല്ലായിരുന്നു. ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ഇടക്കാലത്ത് വന്ന് ചേര്‍ന്ന ഉപദേശമത്രേ കുമ്പസാരം. ഇതിന്റെ അര്‍ത്ഥശൂന്യത സാധാരണക്കാരായ ജനങ്ങളും മനസ്സിലാക്കി കഴിഞ്ഞു.

മോചനത്തിനായ് പാപികളെ വരുവിന്‍ എന്ന് വിളിക്കുന്നത് ക്രിസ്തുവിന്റെ അടുക്കലേക്കാണ്. പുരോഹിതന്റെ അടുക്കലേക്കല്ല. ഇന്നത്തെ പൗരോഹിത്യവും വേദാനുസൃതമല്ല എന്ന് പുറകിലത്തെ അദ്ധ്യായത്തില്‍ വിവരിച്ചിട്ടുണ്ടല്ലോ. പാപമോചനത്തിനായ് മുട്ടേണ്ടതും കര്‍ത്താവിനോടാണ്. സകല പാപങ്ങളും ദൈവകല്പനയുടെ ലംഘനമാകയാല്‍ പാപം മോചിപ്പാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ. ലേവ്യ പുരോഹിതന്മാരുടെ അടുക്കല്‍ ചെന്ന് ഞാന്‍ പാപം ചെയ്തു എന്നുപറഞ്ഞ ആളാണ് യൂദ. പുരോഹിതന്മാര്‍ക്ക് പാപം മോചിപ്പാന്‍ എന്തെങ്കിലും അധികാരം ഉണ്ടായിരുന്നെങ്കില്‍ ആ അധികാരം യൂദായ്ക്കുവേണ്ടി ഉപയോഗിച്ചേനേ. കാരണം യൂദാ അവരെ സഹായിച്ചതാണ്. പക്ഷേ പുരോഹിതന്മാര്‍ കൈ മലര്‍ത്തുകയാണ് ചെയ്തത്. പ്രസ്തുത തിരുവചന ഭാഗം ചുവടെ ചേര്‍ക്കുന്നു. “അവനെ ശിക്ഷക്കു വിധിച്ചുവെന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു. അനുതപിച്ചു ആ 30 വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കിക്കൊണ്ടുവന്നു. ഞാന്‍ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അത് ഞങ്ങള്‍ക്ക് എന്ത്? നീ തന്നെ നോക്കിക്കൊള്‍ക എന്ന് അവര്‍ പറഞ്ഞു. അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞു. ചെന്ന് കെട്ടിഞാന്നു ചത്തു കളഞ്ഞു.” Matt.27:3-5. പാപങ്ങളെ മോചിപ്പാന്‍ കഴിവില്ലാത്ത പുരോഹിതന്മാരുടെ അടുക്കലേക്കോടിയത് അവന്റെ നാശമായിരുന്നു. നേരെ ക്രൂശിന്റെ സമീപത്തേക്ക് അവന്‍ ഓടിയിരുന്നു എങ്കില്‍ യേശു അവനോട് ക്ഷമിച്ച് അവന്റെ പാപങ്ങളെ മോചിച്ച് അവനെ രക്ഷിക്കുമായിരുന്നു. തിരുവെഴുത്തുകള്‍ക്ക് നിവൃത്തി വരേണ്ടതിന് അങ്ങനെ സംഭവിച്ചു. മറ്റൊരു സംഭവം കൂടെ ഇവിടെ ഉദ്ധരിക്കട്ടെ. ശമര്യയില്‍ ദൈവവചനം കൈക്കൊണ്ടവരുടേമേല്‍ അപ്പൊസ്തലന്മാര്‍ കൈ വെച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവ് വന്നു. ഇതുകണ്ട ശീമോന്‍ അപ്പൊസ്തലന്മാര്‍ക്ക് ദ്രവ്യം കൊണ്ടുവന്നു. അവന്‍ ഒരുത്തന്റെമേല്‍ കൈവെച്ചാല്‍ അവന് പരിശുദ്ധാത്മാവ് ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണമെന്ന് പറഞ്ഞു. പത്രോസ് അവനോട് നീ പാപം ചെയ്തിരിക്കുന്നു. നിന്റെ പാപം ഞാന്‍ ക്ഷമിച്ചു തന്നിരിക്കുന്നു എന്നല്ല പറഞ്ഞത്. ദൈവത്തിന്റെ ദാനം പണത്തിന് വാങ്ങിക്കൊള്ളാമെന്ന് നീ നിരൂപിക്കകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിച്ചു പോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തില്‍ നിനക്ക് പങ്കും ഓഹരിയും ഇല്ല. നീ ഈ വഷളത്വം വിട്ട് മാനസാന്തരപ്പെട്ട് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്ക. പക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും (Acts 8:14-12). പുരോഹിതന്മാരോടല്ല പാപം ഏറ്റുപറഞ്ഞ് ഉപേക്ഷിക്കേണ്ടത്. കുമ്പസാരം മനുഷ്യനിര്‍മ്മിതമായ ഉപദേശമത്രേ. തിരുവചനമനുസൃതം ഓരോരുത്തരും അവനവന്റെ പാപജീവിതത്തെക്കുറിച്ച് അനുതപിച്ച് കര്‍ത്തൃസന്നിധിയില്‍ സത്യ കുമ്പസാരം നടത്തുകയത്രേ വേണ്ടത്. തന്റെ ലംഘനങ്ങളെ മറച്ചുവെക്കുന്നവന് ശുഭം വരികയില്ല ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നുവെങ്കിലോ കരുണ ലഭിക്കും.

അന്ത്യകൂദാശ
കുമ്പസാരം പോലെതന്നെ അന്ത്യകൂദാശ എന്ന ഉപദേശവും മനുഷ്യ നിര്‍മ്മിതവും വേദവിരുദ്ധവുമത്രേ. James 5:14 വാക്യമാണ് അന്ത്യകൂദാശക്ക് ആധാരമായി പട്ടത്വസഭകള്‍ പഠിപ്പിക്കുന്നത്. “നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവന്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. എന്നാല്‍ വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന ദീനക്കാരെ രക്ഷിക്കും. കര്‍ത്താവവനെ എഴുന്നേല്‍പ്പിക്കും.” James 5:14, 15. ഈ വാക്യത്തില്‍ സഭയിലെ മൂപ്പന്‍ രോഗിയെ എണ്ണ പൂശി പ്രാര്‍ത്ഥിക്കുന്നത് രോഗസൗഖ്യം ലഭിക്കേണ്ടതിനു വേണ്ടിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ഇന്ന് ഒടുവിലത്തെ ഒഫ്രിശുമ കൊടുക്കുന്നത് രോഗി മരിക്കുമെന്ന് ബോദ്ധ്യം വരുമ്പോഴാണ്. ഇതെന്തൊരു വൈരുദ്ധ്യം. വായനക്കാര്‍ ചിന്തിച്ച് സത്യം ഉള്‍ക്കൊള്ളുക.

ബസ്പുര്‍ക്കാന
മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന രണ്ട് ഉപദേശങ്ങളും പോലെ ബസ്പുര്‍ക്കാനയുടെ (ശൂദ്ധീകരണസ്ഥലം) ഉപദേശവും വേദവിരുദ്ധവും മനുഷ്യ നിര്‍മ്മിതവുമാണ്. നിഷ്പക്ഷ ബുദ്ധികളായ വചനജ്ഞാനമുള്ള ഏതൊരാളും സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണ് ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള ഉപദേശം മൗഢ്യമാണെന്നുള്ളത്. Luke 16:19-31 വരെയുള്ള വാക്യങ്ങളിലെ ധനവാന്റെയും ലാസറിന്റെയും മരണാനന്തര വിവരണം വായിച്ചാല്‍ ഈ കാര്യം വ്യക്തമാകുന്നതാണ്. പുറകിലത്തെ അദ്ധ്യായങ്ങളില്‍ അത് വിശദീകരിച്ചിരിക്കുന്നു. മനുഷ്യന്‍ മരിച്ചാല്‍ ആത്മാവ് അപ്പോള്‍ തന്നെ ദൈവം നിശ്ചയിച്ച സ്ഥാനത്തേക്ക് മാറ്റപ്പെടുന്നു. രക്ഷിക്കപ്പെട്ടവന്റെ ആത്മാവ് പറുദീസയിലേക്കും, രക്ഷിക്കപ്പെടാത്തവരുടെ ആത്മാക്കള്‍ പാതാളത്തില്‍ യാതനാ സ്ഥലത്തേക്കും പോകുന്നു. ഇതുകൂടാതെ ഇടയ്ക്ക് ശുദ്ധീകരണ സ്ഥലമെന്ന ഒന്ന് ഉള്ളതായി വേദപുസ്തകം പഠിപ്പിക്കുന്നില്ല. മരണാനന്തരം ഒരു ആത്മാവിനെ ശുദ്ധീകരിച്ച് സ്വര്‍ഗ്ഗത്തിന്റെ അവകാശിയാക്കുവാന്‍ സാധിക്കുന്നതല്ല. ഓരോരുത്തരും ജീവിച്ചിരുന്നപ്പോള്‍ പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ന്യായവിധി. ഈ വിഷയവും പുറകിലത്തെ അദ്ധ്യായങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതിനാല്‍ ഇവിടെ വിവരിക്കുന്നില്ല. ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള പഠിപ്പിക്കല്‍ വേദപുസ്തകത്തിലെ സത്യോപദേശങ്ങളെ ഹനിക്കുന്നതാണ്. മൗഢ്യവും കാപട്യവുമായ ഉപദേശാചാരാനുഷ്ഠാനങ്ങളെ വിട്ട് വായനക്കാര്‍ പകല്‍പോലെ വെളിച്ചമായിരിക്കുന്ന സത്യോപദേശ ആചാരാനുഷ്ഠാനങ്ങളിലേക്ക് മടങ്ങിവരുവാന്‍ കര്‍ത്താവ് സഹായിക്കട്ടെ.

അദ്ധ്യായം 14-യേശുവിന്റെ സഹോദരന്മാര്‍
വളരെയധികം വിവാദം ജനിപ്പിക്കാറുള്ള ഒരു വിഷയമത്രേ ഇത്. യേശുവിന് സഹോദരന്മാര്‍ ഉണ്ടായിരുന്നോ എന്നുള്ളതിനെക്കാള്‍ അധികം കന്യകമറിയം യേശുവിനെകൂടാതെ മക്കളെ പ്രസവിച്ചുവോ എന്നതാണ് വിവാദം ഉണര്‍ത്തുന്ന വിഷയം. വിശുദ്ധ മറിയാമിന് വചനത്തിലില്ലാത്ത പ്രാധാന്യം കല്‍പ്പിക്കുന്നവര്‍ വിശുദ്ധ മറിയം യേശുവിനെയല്ലാതെ മക്കളെ പ്രസവിച്ചില്ല എന്ന് വാദിക്കുന്നു.

യാഥാര്‍ത്ഥ്യത്തെ തെളിയിക്കുന്ന ചില വാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
“യോസേഫ് ഉറക്കം ഉണര്‍ന്നു. കര്‍ത്താവിന്റെ ദൂതന്‍ കല്പിച്ചതുപോലെ ചെയ്തു. ഭാര്യയെ ചേര്‍ത്തുകൊണ്ടു. മകനെ പ്രസവിക്കും വരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല.” Matt.1:24, 25.
“അവന്‍ പുരുഷാരത്തോട് സംസാരിച്ചുകൊണ്ടിരിക്കയില്‍ അവന്റെ അമ്മയും സഹോദരന്മാരും അവനോട് സംസാരിപ്പാന്‍ ആഗ്രഹിച്ച് പുറത്തു നില്‍ക്കുന്നു എന്നു പറഞ്ഞു” Matt.12:46, 47.
“ഇവന് ഈ ജ്ഞാനവും വീര്യപ്രവര്‍ത്തികളും എവിടെനിന്ന്? ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ? ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശീമോന്‍, യൂദാ എന്നിവരല്ലയോ? ഇവന്റെ സഹോദരികളുമെല്ലാം നമ്മോടു കൂടെയില്ലയോ? ഇവന് ഇത് ഒക്കെയും എവിടെനിന്ന് എന്നു പറഞ്ഞ് അവങ്കല്‍ ഇടറിപ്പോയി” Matt.13:4-57.
“അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. അവിടെ ഏറെ നാള്‍ പാര്‍ത്തില്ല”
John 2:12.
“അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി.” Luke 2:7.
“അവന്റെ സഹോദരന്മാര്‍ അവനോട് നീ ചെയ്യുന്ന പ്രവര്‍ത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ട് യഹൂദ്യയിലേക്ക് പോക.” John 7:3.
“അവന്റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല.” John 7:5 “ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ” 1Cor.9:5. “എന്നാല്‍ കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരില്‍ വേറൊരുത്തനെയും കണ്ടില്ല.” Gal.1:19.
മേല്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങള്‍ എല്ലാം തന്നെ വിശുദ്ധ മറിയാമിനും, യോസേഫിനും അവരുടെ ദാമ്പത്യജീവിതത്തില്‍ മക്കള്‍ ജനിച്ചിരുന്നു എന്ന് വ്യക്തമാകുന്നതാണ്. ഈ വാക്യങ്ങളില്‍ പറയുന്ന യേശുവിന്റെ സഹോദരന്മാര്‍, യോസേഫിന്റെ ആദ്യഭാര്യയിലെ മക്കളാണെന്നോ, മറിയയുടെ സഹോദരിയുടെ മക്കളാണെന്നോ, ചിന്തിപ്പാന്‍ യാതൊരു ന്യായവുമില്ല. ഇപ്രകാരം യാഥാര്‍ത്ഥ്യം തുറന്നു പറയുമ്പോള്‍ ചിലരുടെ വാദം ഇക്കൂട്ടര്‍ അമ്മയില്ലാത്തവരാണെന്നാണ്. ഇവര്‍ അമ്മയെ ബഹുമാനിക്കാത്തവരാണെന്ന് മറ്റുചിലര്‍ പറയുന്നു. അമ്മയെ ബഹുമാനിക്കുന്നു എന്നുപറയുന്ന ആരെക്കാളും വിശുദ്ധ മറിയത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് വേര്‍പെട്ട സമൂഹങ്ങളാണ്. പക്ഷേ അവര്‍ മറിയത്തെ ആരാധിക്കുന്നില്ല. ബഹുമാനിക്കുന്നുവെന്ന് പറയുന്നവര്‍ അമ്മ പറഞ്ഞിരിക്കുന്നത് അനുസരിപ്പാനുള്ള ബാദ്ധ്യസ്ഥത മറന്നുപോകുന്നു. അനുസരണമില്ലാത്ത സ്‌നേഹവും, ബഹുമാനവും വ്യാജമാണ്. എന്താണ് യേശുവിന്റെ അമ്മ പറഞ്ഞിരിക്കുന്നത്. ഒരൊറ്റ കാര്യമേ പറഞ്ഞിട്ടുള്ളൂ. “അവന്‍ നിങ്ങളോട് എന്തെങ്കിലും കല്‍പ്പിച്ചാല്‍ അത് ചെയ്‌വിന്‍” യേശു കല്പിച്ചിരിക്കുന്നത് ചെയ്യുന്നവരാണ് അമ്മയെ ബഹുമാനിക്കുന്നവര്‍. യേശു കല്പിച്ചു മാനസാന്തരപ്പെടണം, സ്‌നാനപ്പെടണം, പരിശുദ്ധാത്മാവിനെ പ്രാപിക്കണം, വേര്‍പാട് പാലിക്കണം, കര്‍ത്തൃമേശ ആചരിക്കണം, അവന്റെ വരവിനായി നോക്കി പാര്‍ക്കണം തുടങ്ങിയുള്ള ഈ ഉപദേശങ്ങള്‍ അനുസരിക്കുന്നവരത്രേ വിശുദ്ധ മറിയത്തെ ബഹുമാനിക്കുന്നവര്‍. സത്യം വായിക്കുന്നവരെ സ്വതന്ത്രരാക്കട്ടെ.

അദ്ധ്യായം 15-സഭയോ ബൈബിളോ
എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാണ്. ദൈവത്തിന്റെ വായ് കല്പിച്ചു. അവന്റെ ആത്മാവ് കൂട്ടിചേര്‍ത്തു. ദൈവീക വചനങ്ങള്‍ രേഖയാക്കുവാന്‍ തന്റെ ദാസന്മാരെ കാലാകാലങ്ങളില്‍ ദൈവം നിയോഗിച്ചു. നാല്പതോളം എഴുത്തുകാര്‍ 1600 ല്‍ പരം വര്‍ഷങ്ങള്‍ക്കൊണ്ട് എഴുതിയിട്ടുള്ളതാണ് വിശുദ്ധ ബൈബിള്‍. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്തമായ പശ്ചാത്തലങ്ങളിലും സംസ്‌ക്കാരങ്ങളിലും ജീവിച്ചിരുന്നവരാണ് ബൈബിളിന്റെ ഗ്രന്ഥകാരന്മാരെങ്കിലും ഇതില്‍ വൈരുദ്ധ്യങ്ങളില്ലായെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമത്രേ. എല്ലാ തലമുറകളിലുമുള്ള വിശുദ്ധ എഴുത്തുകാരില്‍ (ബൈബിളിന്റെ) വ്യാപരിച്ചിരുന്ന ആത്മാവ് ഒന്നുതന്നെ, യാഥാര്‍ത്ഥത്തില്‍ ബൈബിളിന്റെ ഗ്രന്ഥകര്‍ത്താവ് പരിശുദ്ധാത്മാവത്രേ.
“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്റെ മനുഷ്യന്‍ സകല സല്‍പ്രവര്‍ത്തിക്കും വക പ്രാപിച്ച് തികെഞ്ഞവന്‍ ആകേണ്ടതിന് ഉപദേശത്തിനും, ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളതാകുന്നു.” 2Tim.3:16, 17.

ബൈബിളാണോ സഭയാണോ ആദ്യം ഉണ്ടായത് എന്നൊരു വാദം ഉന്നയിക്കുന്നവരുണ്ട്. ബൈബിളിനാണോ സഭയ്ക്കാണോ അധികാരം? സഭയുടെ കാലാനുസൃതമായ മാറ്റത്തിനനുസരിച്ച് ബൈബിളിലെ ഉപദേശങ്ങള്‍ മാറ്റാമോ? സഭയ്ക്ക് ബൈബിളിനെക്കാള്‍ പ്രാധാന്യം കൊടുക്കുന്ന കൂട്ടരുടെ അഭിപ്രായം അധികാരം സഭയ്ക്കാണെന്നാണ്. മാത്രമല്ല സഭയുടെ കാലാനുസൃതമായ മാറ്റത്തിനനുസരിച്ച് ഉപദേശങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും മാറ്റം വരുത്തണമെന്ന് ഈ കൂട്ടര്‍ വാദിക്കുന്നു. മാത്രമല്ല ഉപദേശസത്യങ്ങളില്‍ അവര്‍ വ്യതിയാനം വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ പുസ്തകത്തിലെ പുറകിലത്തെ പേജുകളില്‍ ആ കാര്യങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നതിനാല്‍ ഇവിടെ അത് വിശദീകരിക്കുന്നില്ല. യേശുക്രിസ്തുവിനാല്‍ സ്ഥാപിതമായ സഭയുടെ ഉപദേശം, ആചാരനുഷ്ഠാനങ്ങള്‍ എന്നിവയ്ക്ക് കാലാനുസൃതമായ മാറ്റം ഉണ്ടാകുവാന്‍ പാടില്ല. മാറ്റം വരുത്തേണ്ട ആവശ്യവുമില്ല. ഗതി ഭേദത്താലുള്ള ആച്ഛാദനം ദൈവത്തിനില്ലാത്തതുപോലെ അവന്റെ വചനങ്ങള്‍ക്കും മാറ്റമില്ല. ആകാശം മാറിപ്പോയാലും ഭൂമി നീങ്ങിപ്പോയാലും ദൈവവചനം മാറിപ്പോകുന്നില്ല. സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നതത്രേ തിരുവചനം. തിരുവചനത്തോട് കൂട്ട് കല്പിക്കുകയോ അതില്‍ നിന്നും കുറക്കുകയോ ചെയ്യുന്നവന്‍ കഠിനമേറിയ ശിക്ഷാര്‍ഹരാണ്. ഒന്നാം നൂറ്റാണ്ടില്‍ തന്നെ തിരുവചന സത്യങ്ങളെ കോട്ടി മാട്ടി പഠിപ്പിക്കുന്നവര്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണല്ലോ അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യ സഭക്കെഴുതുമ്പോള്‍ “ഞങ്ങള്‍ ദൈവവചനത്തില്‍ കൂട്ടുചേര്‍ക്കുന്ന അനേകരെപ്പോലെയല്ല, നിര്‍മ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയില്‍ ക്രിസ്തുവില്‍ സംസാരിക്കുന്നു.” 2Cor.2:17.

സഭയല്ല, തിരുവചനമാണ് ആദ്യം ഉണ്ടായത്. സഭക്കല്ല ദൈവവചനത്തിനാണ് അധികാരം, സഭ ദൈവവചനപ്രകാരം സ്ഥാപിതമായതും വചനപ്രകാരം പണിയപ്പെട്ടു കൊണ്ടിരിക്കുന്നതുമാണ്. പുതിയ നിയമസഭ സ്ഥാപിക്കുന്നതിന് മുമ്പ് എഴുതപ്പെട്ട 39 പുസ്തകങ്ങള്‍ (പഴയനിയമം) ഉണ്ടായിരുന്നു. പുതിയനിയമ സഭയ്ക്കാവശ്യമായ സകല ഉപദേശങ്ങളും വാമൊഴിയായി ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ഭാഗങ്ങള്‍ വായിക്കുമ്പോള്‍ ആ കാര്യം വ്യക്തമാകുന്നതാണ്.

യേശുക്രിസ്തു അരുളിച്ചെയ്യുന്നതിപ്രകാരമാണ്. “ആകയാല്‍ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേല്‍ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാണ്.” Matt.6:24. “ഞാന്‍ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുകൊണ്ട് സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍” Matt.28:20. മാനുഷിക നിയമങ്ങളോ തീരുമാനങ്ങളോ പാരമ്പര്യങ്ങളോ വചനമായി എഴുതാനോ പ്രമാണിക്കേണ്ടതിന് ഉപദേശിപ്പാനോ അല്ല കല്പിച്ചത്. മറിച്ച് യേശുക്രിസ്തു കല്പിച്ചത് അഥവാ ദൈവവചനം സകലജാതികളും പ്രമാണിക്കേണ്ടതിന് ഉപദേശിക്കാനായി ഭരമേല്‍പ്പിച്ചിരിക്കുന്നു.

മേലുദ്ധരിച്ച വാക്കുകളില്‍ നിന്ന് സഭ സ്ഥാപിതമാകുന്നതു മുന്‍പ് കര്‍ത്താവ് കല്പിച്ച വചനം അഥവാ സഭയുടെ ഉപദേശങ്ങളുണ്ടായിരുന്നുവെന്ന് സുവ്യക്തമാണ്. പെന്തെക്കോസ്തു നാളിലാണല്ലോ സഭ സ്ഥാപിക്കപ്പെട്ടത്. ഇത് കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പത്താം ദിവസമാണ് സംഭവിച്ചത്. സഭ സ്ഥാപിതമായതോടുകൂടെ അനുഷ്ഠിക്കേണ്ടിയിരുന്ന സകല ഉപദേശങ്ങളും വാമൊഴിയായി ഉണ്ടായിരുന്നു. “നിങ്ങളെന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകളെ കാത്തുകൊള്ളും” John 14:15. “എന്റെ കല്പനകള്‍ ലഭിച്ച് പ്രമാണിക്കുന്നവന്‍ എന്നെ സ്‌നേഹിക്കുന്നവനാകുന്നു. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവ് സ്‌നേഹിക്കും ഞാനും അവനെ സ്‌നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും.” John 14:21. “യേശു അവരോട് എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പ്രമാണിക്കും. എന്റെ പിതാവ് അവനെ സ്‌നേഹിക്കും. ഞങ്ങള്‍ അവന്റെ അടുക്കല്‍ വന്ന്. അവനോടുകൂടെ വാസം ചെയ്യും” John 14:23. “എന്നെ സ്‌നേഹിക്കാത്തവന്‍ എന്റെ വചനം പ്രമാണിക്കുന്നില്ല, നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റേതത്രേ എന്നുത്തരം പറഞ്ഞു” John 14:24. “ഞാന്‍ നിങ്ങളോടുകൂടെ വസിക്കുമ്പോള്‍ ഇത് നിങ്ങളോട് സംസാരിച്ചിരിക്കുന്നു. എങ്കിലും പിതാവ് എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്ക് സകലവും ഉപദേശിച്ചു തരികയും, ഞാന്‍ നിങ്ങളോട് പറഞ്ഞതൊക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും” John 14:25, 26. “സത്യത്താല്‍ അവരെ വിശുദ്ധീകരിക്കണമെ. നിന്റെ വചനം സത്യമാകുന്നു” John 17:17.

മേല്‍ ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങളെല്ലാം തന്നെ കല്പിത വചനങ്ങള്‍ സഭാസ്ഥാപനത്തിന് മുന്നമേ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു. എബ്രായ ലേഖനം 2-ാം അദ്ധ്യായത്തില്‍ കര്‍ത്താവ് താന്‍ പറഞ്ഞു തുടങ്ങിയ വചനങ്ങളെന്ന് നാം വായിക്കുന്നുവല്ലോ. കര്‍ത്താവ് താന്‍ പഠിപ്പിച്ച വചനങ്ങള്‍ പരിശുദ്ധ റൂഹാ തന്റെ ദാസന്മാര്‍ക്ക് ഓര്‍മ്മപ്പെടുത്തി സഭയ്ക്ക് നല്‍കുകയാണ് ചെയ്തിരിക്കുന്നത്. മാനസാന്തരം, സ്‌നാനം, കര്‍ത്തൃമേശ, പരിശുദ്ധാത്മാഭിഷേകം, വേര്‍പാട് തുടങ്ങിയ എല്ലാ ഉപദേശങ്ങളും സുവിശേഷങ്ങളില്‍ വ്യക്തമായിക്കാണാം. സുവിശേഷങ്ങള്‍ നാലും നാം പഠിച്ചാല്‍ സഭയ്ക്കുണ്ടായിരിക്കേണ്ട ഉപദേശങ്ങളുടെ കല്പിതരൂപം കാണാവുന്നതാണ്. പ്രവൃത്തികളുടെ പുസ്തകത്തില്‍ അവ പ്രയോഗിക്കപ്പെടുന്നത് കാണാന്‍ സാധിക്കുന്നു. ലേഖനങ്ങളില്‍ കല്പിത ഉപദേശങ്ങളുടെ വിശദീകരണം അഥവാ ആഴമേറിയ വ്യാഖ്യാനവും രേഖപ്പെടുത്തിയിരിക്കുന്നു. സുവിശേഷങ്ങളില്‍ എഴുതിയിരിക്കുന്നത് കര്‍ത്താവ് വ്യക്തമായി വാമൊഴിയായി പഠിപ്പിച്ച ഉപദേശങ്ങളത്രേ. കര്‍ത്താവ് പ്രവര്‍ത്തിച്ചതും, സംസാരിച്ചതുമെല്ലാം നമുക്ക് ലഭിച്ചിരിക്കുന്ന വിശുദ്ധ ബൈബിളിലുണ്ടെന്ന് വരുന്നില്ല. അങ്ങനെയായാല്‍ പുസ്തകം ഇവിടെയെങ്ങും കൊള്ളാതെ വരും. എന്നാല്‍ നമ്മുടെ ജീവനും ഭക്തിക്കുമാവശ്യമായ സകലതും ഈ തിരുവെഴുത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. നമ്മുടെ അദ്ധ്യാത്മീക ജീവിതത്തിന്റെ പരിപോഷണത്തിനും വളര്‍ച്ചയ്ക്കും വേണ്ടി തിരുവചനത്തിലെ അറുപത്തിയാറ് പുസ്തകങ്ങളാകുന്ന പുല്‍മേടുകള്‍ക്ക് വെളിയില്‍ പോകേണ്ടതില്ല. അങ്ങനെ പോയാല്‍ പേച്ചില തിന്നുകയും മരണം സംഭവിക്കുകയും ചെയ്യും. തിരുവചന സത്യങ്ങള്‍ അനുസരിക്കാതെ, ലഭിക്കപ്പെടാത്ത വേറെ തിരുവെഴുത്തുകളുണ്ടെന്ന് പറയുകയും അവയാണ് ഞങ്ങളനുസരിക്കുന്നതെന്ന് സ്ഥാപിക്കുകയും ചെയ്യുന്നവര്‍ ഇരുട്ടിലും മരണത്തിലുമത്രേ. ഇന്ന് നമുക്കെഴുതപ്പെട്ടതായി ലഭിച്ചിരിക്കുന്ന തിരുവചന സത്യങ്ങള്‍ക്ക് വിപരീതമായി വാമൊഴിയുണ്ടായിരിക്കുകയില്ലായെന്നുള്ളത് നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതത്രേ.

ചുരുക്കത്തില്‍ സഭ സ്ഥാപിക്കപ്പെട്ടതിനുമുമ്പ് തന്നെ സഭയുടെ ഉപദേശങ്ങള്‍ (വചനം) ഉണ്ടായിരുന്നു. ആകയാല്‍ സഭയുടെ സകല ആചാര അനുഷ്ഠാനങ്ങളും തിരുവചനാനുസൃതവും വചനത്താല്‍ ഉള്ളതുമായിരിക്കണം. തിരുവചനസത്യങ്ങള്‍ സഭയുടെ സാക്ഷ്യമാണെന്നും വചനത്തിനല്ല സഭയ്ക്കാണ് സര്‍വ്വാധികാരമെന്നും വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ അവരുടെ കര്‍മ്മങ്ങളിലും ശുശ്രൂഷകളിലും തിരുവചനത്തിന് കൊടുത്ത ഗൗരവവും സ്ഥാനവും ശ്രദ്ധിച്ചാല്‍ എന്തൊരു വൈരുദ്ധ്യമാണെന്ന് തോന്നിപ്പോകും. കുര്‍ബ്ബാനമദ്ധ്യേ വായിക്കുന്നത് ദൈവവചനം, വിവാഹത്തിനും, കല്ലിടീലിനും, ശിശുപ്രതിഷ്ഠയ്ക്കും, ശവസംസ്‌ക്കാരത്തിനും എല്ലാം വായിക്കുന്നത് ദൈവവചനത്തില്‍ നിന്നുതന്നെ. ഇങ്ങനെയുള്ള സമയങ്ങളില്‍ പാരമ്പര്യ പുസ്തകത്തില്‍ നിന്നോ, സുന്നഹദോസുകളുടെ ആചാരാനുഷ്ഠാനങ്ങള്‍ എന്ന് പറയുന്നവയില്‍ നിന്നോ ഒന്നും തന്നെ വായിക്കാറില്ല.

മെത്രാന്മാരുടെ സ്ഥാനാഭിഷേക സമയത്തും ത്രോണോസിന് മുന്‍പില്‍ വണങ്ങി നില്‍ക്കുന്ന മെത്രാപ്പോലീത്തയുടെ തലയില്‍ വെച്ച് പ്രധാന കാര്‍മ്മികന്‍ ഏവന്‍ഗേലിയോന്‍ വായിക്കുകയും തുടര്‍ന്ന് ഭദ്രാസനാധിപനായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപനായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് സ്ഥാനമേറ്റതിന്റെ പത്ര റിപ്പോര്‍ട്ട് (മലയാള മനോരമ 1993 സെപ്റ്റംബര്‍ 27, തിങ്കള്‍, പേജ് 3) വായിച്ചാല്‍ ഈ കാര്യം വ്യക്തമാകുന്നതാണ്. ചുരുക്കത്തില്‍ ദൈവവചനത്തിനാണ് എല്ലാറ്റിലും പ്രധാന്യമെന്ന് പ്രസ്താവിച്ചുകൊള്ളട്ടെ. നാം നമ്മുടെ ജീവിതത്തിലും ശുശ്രൂഷയിലും മാതൃകയായി സ്വീകരിക്കേണ്ടത് തിരുവെഴുത്തുകളാണ്. ദൈവസഭ പണിയപ്പെട്ടുകൊണ്ടിരിക്കുന്നതും പണിയപ്പെടേണ്ടതും തിരുവചനാനുസൃണം മാത്രമാണ്.

അദ്ധ്യായം 16-ബാബിലോന്യതയെ തിരിച്ചറിയുക
പുതിയ നിയമസഭ ഭക്തര്‍ക്ക് ഒരു മര്‍മ്മം ആയിരുന്നു. സഭയെക്കുറിച്ചുള്ള ആദ്യ പ്രസ്താവന നടത്തിയതും, സഭയുടെ പണി ആരംഭിച്ചതും, ഇന്ന് തുടര്‍ന്നുകൊണ്ടിരിക്കുന്നതും യേശുക്രിസ്തുവാണ്. സഭയ്ക്കുവേണ്ടി ജീവന്‍ കൊടുത്തതും, വീണ്ടെടുപ്പ് സാധിപ്പിച്ചതും, പരിപാലിച്ച് വളര്‍ത്തുന്നതും, കര്‍ത്താവു തന്നെ. അതില്‍ മാനുഷ്യബുദ്ധിയോ, ശക്തിയോ, യുക്തിയോ, കൂട്ടിക്കലര്‍ത്തരുത്. നടുന്നവനും, നനയ്ക്കുന്നവനും ഏതുമില്ല. ദൈവമത്രേ വളരുമാറാക്കുന്നത് (1Cor.3:6-9).

സഭയ്ക്ക് കൊടുത്തിരിക്കുന്ന അനേക സാദൃശ്യങ്ങള്‍ തിരുവെഴുത്തിലുണ്ട്. അതിലൊന്നത്രേ 1Tim.3:15-ല്‍ പറഞ്ഞിരിക്കുന്നത്. “സത്യത്തിന്റെ തൂണും അടിസ്ഥാനവും” മൂലഭാഷയായ ഗ്രീക്കില്‍ ഹെട്രിയോമാ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. സത്യത്തിന്റെ മതില്‍ എന്നര്‍ത്ഥം. എന്തോ ചിലതിനെ, ചില ശക്തികളെ, എതിര്‍ ക്രിസ്തു എന്ന വ്യക്തിത്വത്തെ സഭ ദൃശ്യമായി തടയുകയാണ്. പരിശുദ്ധാത്മാവ് അദൃശ്യനായി വഴിയില്‍ അവനെ (എതിര്‍ ക്രിസ്തു) തടയുന്നു. (2Thess.2:7). സഭ ഭൂമിയില്‍ സ്ഥാപിതമായതു തുടങ്ങി സഭയിലേക്ക് പ്രവേശിപ്പാന്‍ ശ്രമിച്ച അന്യമായവയെ സഭ തടഞ്ഞു നിറുത്തി അതിജീവിച്ചു. എന്നാല്‍ എന്നു മുതല്‍ അന്യമായതിനുവേണ്ടി സഭ പ്രത്യക്ഷമായോ, പരോക്ഷമായോ വാതില്‍ തുറന്നു കൊടുത്തുവോ അന്നുമുതല്‍ സഭ മലിനപ്പെട്ടു തുടങ്ങി. ക്രൈസ്തവ സഭാചരിത്രം ഈ യാഥാര്‍ത്ഥ്യം തുറന്നു കാണിക്കുന്നു. അതില്‍നിന്നുള്ള പുനരുത്ഥാനവും, ശുദ്ധീകരണവും ആണ് വിവിധ കാലഘട്ടങ്ങളില്‍ നടന്നിട്ടുള്ളത്. ദൈവം അതിനായി വിശ്വാസവീരന്മാരെ ഉപയോഗിച്ചിട്ടുണ്ട്. വചനവിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളും ഉപദേശങ്ങളും പെട്ടെന്നല്ല, പതുക്കെ പടിപടിയായി തന്ത്രപൂര്‍വ്വമായിരിക്കും സഭയിലേക്ക് പ്രവേശിക്കുന്നത്. കൈയ്പുള്ള ഗുളിക പഞ്ചസാരയില്‍ പൊതിഞ്ഞ് നല്കുന്നതുപോലെ, പുറമെ മധുരം അകത്ത് കൈയ്പ്. ഏലിശയുടെ ശിഷ്യന്മാര്‍ ചീരപായസം ഉണ്ടാക്കി. പക്ഷേ കലത്തില്‍ മരണം. എന്താണ് സംഭവിച്ചത്? ചീര പറിപ്പാന്‍ വയലില്‍ ചെന്ന ഒരുവന്‍ പേച്ചുര പറിച്ചുകൊണ്ടുവന്നു അരിഞ്ഞ് പായസക്കലത്തിലിട്ടു (2Kings 4:38-41). കണ്ടാല്‍ ചീര പോലെയിരുന്നതാണ്. അവന് തെറ്റുപറ്റാന്‍ കാരണം. നിറംകൊണ്ടും, ആകൃതികൊണ്ടും, ഭാവംകൊണ്ടും ചീര, പക്ഷേ അത് പേച്ചുര ആയിരുന്നു. സഭ ഭേദാഭേദങ്ങളെ തിരിച്ചറിയണം. വിവേചനാത്മാവിനെ സഭയും, നടത്തിപ്പുകാരും പ്രാപിക്കണം. ബാബിലോന്യമായതിനെ, ജാതീയമായതിനെ നാം തിരിച്ചറിയണം. നിറവും, ആകൃതിയും ഭാവവും നമ്മെ വശീകരിച്ചേക്കും. ദൈവജനം അതില്‍ കുടുങ്ങിപ്പോകരുത്. അതിന്റെ സത്തയും അനന്തരഫലവും തിരിച്ചറിഞ്ഞ് ബാബിലോന്യതയെ ചെറുത്തു നില്ക്കണം. യിസ്രായേലില്‍ നിന്ന് പിടിക്കപ്പെട്ടവരായി ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോയ യഹൂദബാലന്മാരെ ബാബിലോന്യരാക്കുവാന്‍ നടത്തിയ ശ്രമം ദാനിയേല്‍ പ്രവചനത്തില്‍ നാം വായിക്കുന്നു. അകത്ത് പ്രമാണം ഉണ്ടായിരുന്നതായ യഹൂദ യൗവനക്കാര്‍ എപ്രകാരം ആ സാത്താന്യ തന്ത്രത്തെ ജയിച്ചുവെന്നും പ്രസ്തുത പ്രവചനഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ബാബിലോന്യ തന്ത്രം
1. കല്‍ദയരുടെ വിദ്യയും, ഭാഷയും പഠിപ്പിക്കുക – Dan.1:4
2. കല്‍ദയരുടെ ഭക്ഷണരീതി നടപ്പില്‍ വരുത്തുക – Dan.1:5
3. പേര് മാറ്റിയിടുക
(a) ദാനിയേല്‍: ദൈവം എന്റെ ന്യായാധിപതി
      ബേല്‍ശസ്സര്‍: ബാലിന്റെ പ്രഭു
(b) ഹനന്യാവ്: യഹോവയുടെ ദാനം
      ശദ്രക്ക്: ചന്ദ്രദേവന്റെ ദാസന്‍
(c) മിഖായേല്‍: ദൈവത്തെപ്പോലെയാരുള്ളൂ
      മേശക്ക്: വീനസ്സിന് തുല്യമാരുള്ളൂ
(d) അസര്യാവ്: യഹോവ സഹായം
      അബേദനഗോ: നെഗോദേവന്റെ ദാസന്‍
യഹൂദ യൗവനക്കാര്‍ക്കുണ്ടായിരുന്ന യഹൂദനാമവും അതിന്റെ അര്‍ത്ഥവും, അവര്‍ക്കു നല്‍കിയ ബാബിലോന്യ നാമവും അതിന്റെ അര്‍ത്ഥവും അത്രേ മുകളില്‍ പറഞ്ഞിരിക്കുന്നത്.

ആരാധനയില്‍ മാറ്റം Dan.3:14-18
പടിപടിയായി വ്യത്യാസങ്ങള്‍ വരുത്തി ഒടുവില്‍ ആരാധനയും ആവശ്യപ്പെട്ടു. വിദ്യ അഭ്യസിക്കുന്നതും, ഭാഷ പഠിക്കുന്നതും, നല്ല ആഹാരം കഴിയ്ക്കുന്നതും, ഇഷ്ടമുള്ള പേരു വിളിക്കുന്നതും തെറ്റാണോ? പക്ഷേ…. ഒടുവില്‍….. നിന്റെ ആരാധനയിലും മാറ്റം വരുത്തി നിന്നെ ബാബിലോന്യനാക്കി മാറ്റും. ഉള്ളില്‍ ദൈവത്തിന്റെ പ്രമാണം എഴുതപ്പെട്ടിരിക്കുന്ന ജനം ഉറച്ചുനിന്ന് വീര്യം പ്രവര്‍ത്തിക്കും. (Dan.1:8; 3:16; 28). “ദൈവം അവരുടെ ദൈവം എന്ന് വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല” Heb.11:16. സഭയ്ക്കുള്ളിലേക്ക് കടന്നുവരുന്ന ചെറിയ കാര്യങ്ങളെപ്പോലും നാം ഗൗരവമായി കാണണം. വൈറസുകളെ നിസ്സാരമായി കാണുകയോ, ലാഘവബുദ്ധിയോടും, അലസ്സതയോടും കൂടെ കൈകാര്യം ചെയ്യുവാനോ പാടില്ല. അങ്ങനെ ചെയ്താല്‍ വലിയ അനര്‍ത്ഥത്തിന് കാരണമാകും. വരുവാനുള്ള തലമുറയോട് ദോഷം ചെയ്യുവാന്‍ പാടില്ല. പിതാക്കന്മാര്‍ ഇട്ട അതിരുകള്‍ മാറ്റരുത്. അഭിഷക്തന്മാരും, പ്രാര്‍ത്ഥനാവീരന്മാരും ആയിരുന്ന നമ്മുടെ പിതാക്കന്മാര്‍ ഏറ്റം നല്ലതിനെയാണ് മുറുകെ പിടിച്ചിരുന്നത്. നാം പിന്‍തുടരേണ്ടതും, മുറുകെ പിടിക്കേണ്ടതും അതിശ്രേഷ്ഠമായവയത്രേ.

ആഭരണം ധരിക്കരുത് എന്ന് പുസ്തകത്തിലുണ്ടോ? ഇല്ല. അതുകൊണ്ട് ആഭരണം ധരിക്കുന്നത് വിലക്കരുത് എന്നും അവരെക്കൂടെ സഭയില്‍ ചേര്‍ത്ത് പണിതാല്‍ സഭ പെട്ടെന്ന് വലുതാകും എന്നും മറ്റും ഉള്ള ആശയങ്ങള്‍ വ്യാപിച്ചു വരുകയാണ്. സഭ ഇത്രത്തോളം വളര്‍ന്നത് നമ്മുടെ മോഡേണ്‍ ചിന്താഗതികള്‍ കൊണ്ടല്ല. മറിച്ച് വേര്‍പാടിന്റെയും, ദൈവപ്രമാണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു എന്നത് പ്രത്യേക ശ്രദ്ധേയമത്രേ. മന്തുരോഗത്താലുള്ള വീക്കം അല്ല ആരോഗ്യപരമായ വളര്‍ച്ചായാണാവശ്യം. തിരുവെഴുത്തില്‍ കല്പനാരൂപത്തിലില്ലാത്ത എത്രയോ കാര്യങ്ങള്‍ വിശുദ്ധിയ്ക്കും വേര്‍പാടിനുംവേണ്ടി സഭ സ്വീകരിച്ചിരിക്കുന്നു. സഭയ്ക്ക് തെറ്റു പറ്റിയോ? ഒരുനാളും ഇല്ല.

ശിശുവിനെ സ്‌നാനപ്പെടുത്തരുത്, പുകവലിക്കരുത്, സിനിമ കാണരുത്, എഴുതിപഠിച്ച പ്രാര്‍ത്ഥന ചൊല്ലരുത്, ശുശ്രൂഷകന്മാര്‍ക്ക് യൂണിഫോം പാടില്ല എന്നിങ്ങനെ കല്പനകളില്ല. വിവാഹം എങ്ങനെ നടത്തണം, ശവസംസ്‌ക്കാരശുശ്രൂഷ എങ്ങനെയായിരിക്കണം എന്നൊന്നും കല്പനയല്ല. എന്നാല്‍ പരിശുദ്ധാത്മാവ് തിരുവെഴുത്തുകളുടെ വ്യാഖ്യാനങ്ങളിലൂടെയും, വിശുദ്ധിയുടെ, വേര്‍പാടിന്റെ ഉന്നത മാനദണ്ഡങ്ങളിലൂടെയും സഭയെ വഴി നടത്തുന്നു. അഭിഷക്തന്മാര്‍ക്ക് ഉപദേശിച്ചു കൊടുക്കുന്നു. വചനാനുസൃതമായ ഏറ്റം നല്ല രീതി, അതിശ്രേഷ്ഠമായ ഉപദേശം, ആത്മാവിന്റെ ഐക്യത എന്നിങ്ങനെ ഏറ്റവും നല്ലതിനെ മുറുകെ പിടിപ്പാന്‍ വിളിക്കപ്പെട്ട ദൈവജനം മടങ്ങി പോകുകയോ? ഒരുനാളും പാടില്ല. “നാം നാശത്തിലേക്ക് പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.” വിശ്വാസ അനുഷ്ഠാനകാര്യങ്ങളില്‍ അയവു വരുത്തിയാല്‍ അതിര്‍വരമ്പുകളില്ലാത്തതും, വേര്‍പാടില്ലാത്തതും, ഈ ലോകത്തിനനുരൂപമായതുമായ ഒരു സംഘടനയായി പെന്തെക്കോസ്തു പ്രസ്ഥാനം അധഃപതിച്ചുപോകും എന്നതിന് സംശയമില്ല.

ആഭരണം
തിരുവെഴുത്തില്‍ ഒരിടത്തും ആഭരണം നല്ലതാണ് എന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ആഭരണം ധരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും, വിലക്കുകയും ചെയ്തിരിക്കുന്നു. ബഥേലിലേക്ക് പുറപ്പെടുവാന്‍ യാക്കോബിന് കല്പന ലഭിച്ചപ്പോള്‍ ശുദ്ധീകരണം ആവശ്യമായിരുന്നു. ആ കുടുംബത്തില്‍ ശുദ്ധീകരണപ്രക്രീയ നടന്നപ്പോള്‍ അന്യദേവന്മാരെ നീക്കിക്കളഞ്ഞ കൂട്ടത്തില്‍ അവര്‍ ധരിച്ചിരുന്ന കാതുകളിലെ കുണുക്കുകളെയും നീക്കിക്കളഞ്ഞു. അവ കുഴിച്ചിട്ടശേഷമാണ് യാത്രപുറപ്പെട്ടത്. Gen.35:1-5. പിതാക്കന്മാര്‍ കുഴിച്ചിട്ടതിനെ നാം പുറത്തെടുക്കുകയോ? ഒരുനാളും അരുത്. ആഭരണം ധരിക്കുന്നത് ദുശാഠ്യതയുടെ ബാഹ്യപ്രകടനമാണ്. ദുശാഠ്യത്തെ ദൈവം ശിക്ഷിക്കും. ദൈവശിക്ഷയില്‍ നിന്ന് ഒഴിവാക്കാന്‍ നിന്റെ ആഭരണം നീക്കിക്കളയാന്‍ യഹോവ യിസ്രയേല്‍ മക്കളോടു കല്പിക്കുന്നു. “വഴിയില്‍ വെച്ച് ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാന്‍ നിന്റെ നടുവില്‍ നടക്കയില്ല. നീ ദുശാഠ്യമുള്ള ജനമാകുന്നു.” ദോഷകരമായ ഈ വചനം കേട്ടപ്പോള്‍ ജനം ദുഃഖിച്ചു. ആരും തന്റെ ആഭരണം ധരിച്ചതുമില്ല. “നിങ്ങള്‍ ദുശാഠ്യമുള്ള ജനമാകുന്നു…. നീ നിന്റെ ആഭരണം നീക്കിക്കളക… യഹോവ മോശയോട് കല്പിച്ചിരുന്നു” Exo.33:3-5.
ആഭരണം ബിംബാരാധനയ്ക്കും, ഡംഭത്തിനും കാരണമായിത്തീരും. അതിനാലുളവാകുന്ന സൗന്ദര്യം വ്യര്‍ത്ഥവുമത്രേ. അവയുടെമേല്‍ ദൈവത്തിന്റെ ന്യായവിധി ഉണ്ടാകും. (Jer.4:30; Ezek.7:19-22). പുതിയ നിയമത്തില്‍ വിശുദ്ധ പൗലോസ് പറയുന്ന വചനങ്ങള്‍ ശ്രദ്ധേയമത്രേ. “പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല സല്‍പ്രവര്‍ത്തികളെകൊണ്ടത്രേ അലങ്കരിക്കേണ്ടത്. അല്ല എന്നു പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം വിലക്കിയിരിക്കുന്നു എന്നല്ലേ? അതോ ആവശ്യമുള്ളവര്‍ ധരിക്കട്ടെ എന്നാണോ? അപ്പൊസ്തലനായ പത്രോസും ഇങ്ങനെതന്നെ പറയുന്നു. “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും, പൊന്നണിയുന്നതും വിശേഷവസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല …..” 1Peter 3:3-5. പൗലൊസും പത്രോസും ഉദ്ദേശിച്ചിരിക്കുന്നത് ദൈവഭക്തരായ സഹോദരിമാരുടെ കാര്യം ആണെന്നുള്ളത് പ്രത്യേകം ശ്രദ്ധേയമാണ്. വിശ്വാസവും, ഭക്തിയും, വിശുദ്ധിയും കുറയുമ്പോള്‍ മറ്റു പലതിലേക്ക് ശ്രദ്ധ തിരിയാന്‍ സാദ്ധ്യതയുണ്ട്. ആഭരണം ഉപേക്ഷിച്ച യിസ്രായേല്‍ പിന്നീട് ധരിച്ചത് അവരുടെ പിന്മാറ്റകാലത്തായിരുന്നു. വീണ്ടെടുക്കപ്പെട്ട ദൈവജനം ആഭരണത്തിലേക്ക് തിരിയുന്നെങ്കില്‍ ഒരിക്കല്‍ ഉപേക്ഷിച്ചതിലേക്ക് മടങ്ങുന്നെങ്കില്‍ അത് മുന്നേറ്റമല്ല, പിന്മാറ്റമത്രേ. ആഭരണം ധരിക്കുന്നത് അലങ്കാരത്തിനല്ലാതെന്തിനാകുന്നു? ശാരീരികാലങ്കാരം പാപം തന്നെ. വീടിന്, വസ്ത്രത്തിന്, ഭക്ഷണത്തിന് എല്ലാം ഉദ്ദേശമുണ്ട്. എന്നാല്‍ ആഭരണത്തിന്റെ ഉദ്ദേശമെന്ത്? ആഭരണം ശാഠ്യത്തിനും, ഡംഭത്തിനും, അഹങ്കാരത്തിനും, ബിംബാരാധനക്കും കാരണമായി ഭവിക്കും. താലി, കാതിലെ കുണുക്ക്, കാതിലെ വളയം, അരഞ്ഞാണത്തിന്റെ കൂമ്പ്, ഇവയെല്ലാം ജാതീയ വിഗ്രഹങ്ങളത്രേ. പേഗണ്‍ മതത്തില്‍നിന്നും സ്വീകരിച്ചവയത്രേ. “നിങ്ങള്‍ ജാതികളോട് ഇണയില്ലാപ്പിണ കൂടരുത്. ഈ ലോകത്തിനനുരൂപരാകരുത്. ജാതികളുടെ വഴി പഠിക്കരുത്.” തനിച്ചു പാര്‍ക്കുന്ന ജനമായി, വിശുദ്ധ വംശമായി വചനത്തിന്റെ വ്യവസ്ഥയില്‍ നിലനില്ക്കാം. അന്യമായതിനെ ഉപേക്ഷിക്കാം. ബാബിലോന്യതയെ തിരിച്ചറിഞ്ഞ് അന്യമായവയെ പുറത്തുകളയുക.

അദ്ധ്യായം 17-കണ്ണിനെതിരെയുള്ള യുദ്ധം
ദൈവം ശൗലിനെ യിസ്രായേലിലെ ആദ്യ രാജാവായി തെരഞ്ഞെടുത്തു. ദൈവം തന്റെ ദാസനായ ശമുവേലിലൂടെ മിസ്പയില്‍ വെച്ച് ചീട്ടിട്ട് ഈ വിവരം പരസ്യപ്പെടുത്തി. ദൈവത്താലാണ് ഈ തെരഞ്ഞെടുപ്പ് എന്ന് ജനത്തിന് ബോദ്ധ്യം വരുവാന്‍ വേണ്ടിയായിരുന്നു ചീട്ടിടീല്‍ കര്‍മ്മം നടത്തിയത്. ഇതോടുകൂടി ജനം എല്ലാം ശൗലിനെ രാജാവായി അംഗീകരിച്ചു. രാജാവേ ജയ ജയ എന്ന് ആര്‍ത്തു. എന്നാല്‍ ചില നീചന്മാര്‍ ശൗലിന്റെ രാജത്വത്തെ എതിര്‍ത്തു. അധികാരം വൈകിയില്ല ശൗലിന്റെമേലുള്ള ദൈവിക തെരഞ്ഞെടുപ്പ് തെളിയിക്കുവാന്‍ ദൈവം അവന്റെ മുന്‍പില്‍ അവസരമൊരുക്കി. 1Sam.10:17-11:13 വരെയുള്ള വേദഭാഗത്ത് ഈ വൃത്താന്തങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. “അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടു വന്നു. ഗിലെയാദിലെ യാബേശിനു നേരെ പാളയമിറങ്ങി. യാബേശ് നിവാസികളൊക്കെയും നാഹാശിനോട് ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നുപറഞ്ഞു. അമ്മോന്യനായ നാഹാശ് അവരോട് നിങ്ങളുടെ വലങ്കണ്ണൊക്കെയും ചൂഴ്‌ന്നെടുക്കുകയും എല്ലാ യിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേല്‍ ഞാന്‍ നിങ്ങളോട് ഉടമ്പടി ചെയ്യാം എന്നുപറഞ്ഞു.”

ആരാണ് അമ്മോന്യര്‍? അവന്റെ ഉത്ഭവം തന്നെ ശരിയല്ല. Gen.19:30-38 വരെയുള്ള വാക്യങ്ങളില്‍ ഈ ജാതിയുടെ ഉത്ഭവത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ലോത്തിന്റെ ഇളയ മകള്‍ പ്രസവിച്ച ബെന്‍-അമ്മിയുടെ സന്തതി പരമ്പരയത്രേ അമ്മോന്യര്‍. പിന്നീട് ദൈവാലയ പ്രവേശനം ഇവര്‍ക്ക് നിരോധിക്കപ്പെട്ടതായും ചരിത്രം പറയുന്നു. ഇവര്‍ എല്ലാക്കാലത്തും യിസ്രായേലിനോട് ശത്രുത പുലര്‍ത്തിയിരുന്നു. ഈ ജാതിയില്‍പ്പെട്ടവനായിരുന്നു നാഹാശ്. നാഹാശ് ഗിലെയാദിലെ യാബേശ് നിവാസികളോട് യുദ്ധത്തിന് വന്നിരിക്കുയാണ്. ജനം ഭയപ്പെട്ടുപോയി. അവര്‍ നിലവിളിക്കുവാന്‍ തുടങ്ങി. ഗിലെയാദിലെ യാബേശ് നിവാസികള്‍ ശത്രുവിനോട് സന്ധിചെയ്യേണ്ടതിന് സമയം ചോദിച്ചു വാങ്ങി. അമ്മോന്യനായ നാഹാശ് ആവശ്യപ്പെടുന്നത് ഭൂപ്രദേശമല്ല, പൊന്നല്ല, വെള്ളിയല്ല, അധികാരമല്ല. സാധാരണ രാജാക്കന്മാര്‍ യുദ്ധം ചെയ്യുന്നത് ഈ കാര്യങ്ങള്‍ക്കുവേണ്ടിയാണ്. നാഹാശിന്റെ ആഗ്രഹം ദൈവജനത്തിന്മേല്‍ നിന്ദവരുത്തണം. അതിനായി അവന്‍ ആവശ്യപ്പെടുന്നത് അവരുടെ വലങ്കണ്ണാണ്.

ദൈവജനത്തിന് ഒരു പൊതു ശത്രുവുണ്ട്. അത് ദുഷ്ടനായ പിശാചു തന്നെ. അവന്‍ ദൈവമക്കളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുവാന്‍ ആഗ്രഹിക്കുന്നു. എന്തിനുവേണ്ടി? നിന്ദാപാത്രമാകേണ്ടതിന്. കണ്ണ് ചൂഴ്‌ന്നെടുത്താല്‍ കാഴ്ച നഷ്ടപ്പെടും, തപ്പിനടക്കും, വിരൂപനാകും, നിന്ദിതനാകും സാത്താന്റെ ലക്ഷ്യം ഇതുതന്നെ. ദൈവജനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതുതന്നേ. നിന്റെ കണ്ണിനെതിരെയുള്ള യുദ്ധം നീ ജയിക്കണം. സാര്‍വ്വത്രിക സഭയും പ്രാദേശിക സഭകളും ഈ വെല്ലുവിളി തിരിച്ചറിയേണ്ട കാലഘട്ടമത്രേ ഇത്. കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്തിനൊക്കെയോ തപ്പിനടക്കുന്നു. കണ്ണിനെതിരെയുള്ള യുദ്ധം എന്നാല്‍ എന്താണ്? അത് ദര്‍ശനത്തിനെതിരെയുള്ള പോരാട്ടം തന്നെ. ദര്‍ശനം ഇല്ലാത്തിടത്തു നാശം സംഭവിക്കും. അനര്‍ത്ഥം വന്നുമിരിക്കും. പിശാചിന്റെ ആഗ്രഹം ദൈവജനത്തിന്റെ ഭൗതീക വസ്തുതകള്‍ അപഹരിക്കുക എന്നതല്ല. ദര്‍ശനം അപഹരിക്കുക എന്നത്രേ. അതോടുകൂടി സകലവും അപഹരിക്കപ്പെടും. ഒടുവില്‍ നീ നിന്ദാപാത്രമാകും. ദൈവം തന്ന ദര്‍ശനത്തില്‍ നിലനില്‍ക്കുക. കാഴ്ചപ്പാട് മുറുകെ പിടിയ്ക്കുക. ദൈവം കാണിച്ചു തന്ന പ്രകാരം സകലവും ചെയ്യുക. എപ്പോള്‍ ദര്‍ശനം നഷ്ടപ്പെടുമോ അപ്പോള്‍ തുടങ്ങി നിന്ദിതനാകും. “ശക്തി നഷ്ടപ്പെട്ടാല്‍ ശത്രുവിനാല്‍ പിടിക്കപ്പെടും കണ്ണ് (ദര്‍ശനം) നഷ്ടപ്പെട്ടാല്‍ നിന്ദിക്കപ്പെടും” ശിംശോന്റെമേല്‍ അത്യന്തശക്തി വ്യാപരിച്ചിരുന്നു. എന്തെല്ലാം വീര്യപ്രവര്‍ത്തികളാണ് തന്നില്‍ വ്യാപരിച്ച സ്വര്‍ഗ്ഗീയശക്തിയാല്‍ അവന്‍ ചെയ്തത്. തിമ്‌നക്കരികെയുള്ള മുന്തിരി തോട്ടത്തില്‍വച്ച് തന്റെ നേരെ വന്ന ബാലസിംഹത്തെ ഒരു ആട്ടിന്‍കുട്ടിയെപ്പോലെ കീറികളഞ്ഞു. (Judges 14) അസ്തലോന്യരെ വധിച്ച് കടം വീട്ടി. മുന്നൂറു കുറുക്കന്മാരെ പിടിച്ചു ഫെലിസ്ത്യരുടെ വയല്‍ കത്തിച്ചു. അവന്‍ ലേഹിയില്‍വച്ച് കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ സംഹരിച്ചു. ഗസ്സാപട്ടണവാതിലിന്റെ കതകും കട്ടളക്കാല്‍ രണ്ടും ഓടാമ്പലോടുകൂടി പറിച്ചെടുത്ത് ചുമലില്‍വെച്ച് പുറപ്പെട്ടു ഹെബ്രോനെതിരെയുള്ള മലമുകളില്‍ കൊണ്ടിട്ടു (Judges 14, 15, 16). ശിംശോനില്‍ വ്യാപരിച്ച ശക്തി അത്ര വലുതായിരുന്നു. എന്നാല്‍ അവന്റെ എതിരാളി തന്ത്രപൂര്‍വ്വം ശക്തിയുടെ രഹസ്യം ചോര്‍ത്തി. അവന്റെ വ്രതത്തെ അവനില്‍ നിന്നും എടുത്തുകളഞ്ഞു. അവന്‍ ശേഷം മനുഷ്യനെപ്പോലെയായി. പിശാച് ഇന്നും ദൈവജനത്തോട് ചെയ്യുന്നത് ഇതുതന്നെ. നിന്നിലുള്ള ശക്തിയുടെ രഹസ്യം ചോര്‍ത്തി വേര്‍പാടും വിശുദ്ധിയും എടുത്തുമാറ്റി വിശേഷ ശക്തിയില്ലാത്ത ശേഷം മനുഷ്യരെപ്പോലെയാക്കി തീര്‍ക്കുക.

ശിംശോനെന്തു സംഭവിച്ചു? അവന്റെ ശത്രുവിനാല്‍ പിടിക്കപ്പെട്ടു. ദൈവാത്മാവിനാല്‍ ബന്ധിതനായിരുന്നവന്‍ ശത്രുവിന്റെ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടു. ശത്രു അവന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു. അവന്റെ എല്ലാവിധ ദര്‍ശനവും നഷ്ടപ്പെട്ടു. ഇപ്പോള്‍ അവനെതിരെ വരുന്ന ശത്രുവിനെയും തിരിച്ചറിയാന്‍ കഴിവില്ലാത്തവനായിത്തീര്‍ന്നു. അവന്‍ നിന്ദ്യനായി, ശത്രുക്കളുടെ കളിപ്പാട്ടമായി. ഫെലിസ്ത്യരുടെ ക്ഷേത്രത്തില്‍ അവരുടെ മുന്‍പാകെ ശിംശോനെ കളിപ്പാന്‍ കൊണ്ടുവന്നു. (Judges 16) ശക്തി നഷ്ടപ്പെട്ടു താന്‍ പിടിക്കപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടു താന്‍ കളിപ്പാട്ടമായി.
ദൈവജനം എത്ര ഗൗരവമായി ഈ ദൂത് ഉള്‍ക്കൊള്ളേണ്ടിരിക്കുന്നു. ഒരു കാലത്ത് ഏറിയ ദര്‍ശനത്തോടും, സമര്‍പ്പണത്തോടുംകൂടി വിശ്വാസജീവിതം ആരംഭിച്ച ദൈവജനം ഇന്ന് ഭൗതീകത്തിലേക്കും, ജഡാഭിലാഷങ്ങളിലേക്കും സുഖഭോഗങ്ങളിലേക്കും, അധികാര മോഹങ്ങളിലേക്കും സ്വാര്‍ത്ഥതയിലേക്കും നിലംപതിച്ചു കൊണ്ടിരിക്കുന്നു. ദര്‍ശനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണമത്രേ ഇത്. സഭ യഥാര്‍ത്ഥ ദര്‍ശനത്തിലേക്ക് മടങ്ങിവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കര്‍ത്താവിന്റെ വചനങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കുക. ഇനി നാലുമാസം കഴിഞ്ഞിട്ട് കൊയ്ത്തു വരുന്നു. എന്ന് നിങ്ങള്‍ പറയുന്നില്ലയോ? നിങ്ങള്‍ തലപൊക്കിനോക്കിയാല്‍ നിലങ്ങള്‍ ഇപ്പോള്‍ തന്നെ കൊയ്ത്തിനു വിളഞ്ഞിരിക്കുന്നതു കാണും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു (John 4:35).
“തലപൊക്കി നോക്കുക” കര്‍ത്താവിന്റെ ഈ പ്രസ്താവന ശിഷ്യന്മാര്‍ക്കു ആവശ്യമായിരിക്കുന്ന ദര്‍ശനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. നാലുമാസം കഴിഞ്ഞാല്‍ തന്റെ മുമ്പിലുള്ള ഗോതമ്പു പാടശേഖരം വിളവെടുപ്പിനു തയ്യാറാകും. എന്നാല്‍ തന്റെ അടുക്കലേക്കു വരുന്ന ശമര്യര്‍ ഇപ്പോള്‍ തന്നേ കൊയ്ത്തിനു പാകമായിരിക്കുന്നു എന്ന് ശിഷ്യന്മാരെ ബോദ്ധ്യപ്പെടുത്തുന്നു. ജാതികളുടെ ഇടയിലെ കൊയ്ത്തു സംബന്ധിച്ച് നാം ദര്‍ശനമുള്ളവരാകണം.

വിശുദ്ധ പൗലൊസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, “നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട് അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും……” (Eph.1:8).
അപ്പൊസ്തലനായ പത്രോസ് എന്താണ് പറയുന്നതെന്നു നോക്കാം. “അതു നിമിത്തം തന്നേ നിങ്ങള്‍ സകല ഉല്‍സാഹവും കഴിച്ച് നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും, പരിജ്ഞാനത്തോടു ഇന്ദ്രിയജയവും, ഇന്ദ്രിയജയത്തോടു സ്ഥിരതയും, സ്ഥിരതയോട് ഭക്തിയും, ഭക്തിയോടു സഹോദരപ്രീതിയും, സഹോദരപ്രീതിയോട് സ്‌നേഹവും കൂട്ടിക്കൊള്‍വിന്‍. ഇവ നിങ്ങള്‍ക്കുണ്ടായി വര്‍ദ്ധിക്കുന്നു എങ്കില്‍ നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ച് ഉത്സാഹമില്ലാത്തവരും, നിഷ്ഫലന്മാരും ആയിരിക്കയില്ല. അവയില്ലാത്തവനോ കുരുടന്‍ അത്രേ. അവന്‍ ഹൃസ്വദൃഷ്ടിയുള്ളവനും തന്റെ മുന്‍പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.” (2Peter 1:5-9).

ഈ കാലഘട്ടത്തിലെ സഭയെ കുറിക്കുന്ന ലവോദിക്യ സഭയ്ക്ക് വിശുദ്ധ യോഹന്നാന്‍ മുഖാന്തരം വെളിപ്പെടുന്നുന്ന കര്‍ത്താവിന്റെ ദൂത് ശ്രദ്ധിക്കുക. “ഞാന്‍ ധനവാന്‍, സമ്പന്നനായിരിക്കുന്നു. എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ട് നീ നിര്‍ഭാഗ്യവാനും, അരിഷ്ടനും, ദരിദ്രനും, കുരുടനും, നഗ്നനും എന്ന് അറിയാതിരിക്കയാല്‍ നീ സമ്പന്നന്‍ ആകേണ്ടതിന് തീയില്‍ ഊതി കഴിച്ച പൊന്നും, നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതെവണ്ണം ധരിക്കേണ്ടതിന് വെള്ളയുടുപ്പും നിനക്ക് കാഴ്ച ലഭിക്കേണ്ടതിന് കണ്ണിലെഴുതുവാന്‍ ലേപവും എന്നോട് വിലയ്ക്കു വാങ്ങുവാന്‍ ഞാന്‍ നിന്നോട് ബുദ്ധി പറയുന്നു.” (Rev.3:17-18).

“തലപൊക്കി നോക്കുക
ഹൃദയ ദൃഷ്ടി പ്രകാശിക്കുക
ഹൃസ്വദൃഷ്ടി ഇല്ലാത്തവരായിരിക്കുക
കാഴ്ച ലഭിക്കേണ്ടതിന് കണ്ണിന് ലേപം എഴുതുക.”
ഈ കാലഘട്ടത്തിലെ സഭയ്ക്കുള്ള ശക്തമായ ദൂതുകളാണിവ. ആദിമ വിശ്വാസത്തിലേക്കും, ദര്‍ശനത്തിലേക്കും, സ്‌നേഹത്തിലേക്കും, പ്രവര്‍ത്തിയിലേക്കും ദൈവജനം മടങ്ങി വരട്ടെ. നമ്മുടെ കര്‍ത്താവ് വരാറായി. അവന്‍ വരുന്നു. നാം നമ്മുടെ പ്രവര്‍ത്തി തികയ്ക്കുക. കണ്ണിനെതിരെ (ദര്‍ശനം) വെല്ലുവിളി നടത്തി ചൂഴ്‌ന്നെടുക്കുവാനോ, കാഴ്ച നശിപ്പിച്ച് കുരുടനോ, ഹൃസ്വദൃഷ്ടിയുളളവനോ ആക്കി വിശ്വാസികളെ ജാതികളുടെ നടുവില്‍ നിന്ദാവിഷയമാക്കാന്‍ രാപ്പകല്‍ പോരാടുന്ന അന്ധകാരശക്തിയോട് യുദ്ധം പ്രഖ്യാപിക്കുക. വിശ്വാസികള്‍ കര്‍ത്താവിനോട് ചേര്‍ന്നു നില്ക്കട്ടെ. യുദ്ധം യഹോവയ്ക്കുള്ളതുതന്നെ. സൈന്യത്താലുമല്ല ശക്തിയാലുമല്ല യഹോവയുടെ ആത്മാവിനാല്‍ തന്നെ നാം ജയം പ്രാപിക്കും.
യാബേശ്യരുടെ വര്‍ത്തമാനം ശൗല്‍ കേട്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവ് അവന്റെമേല്‍ ശക്തിയോടെ വന്നു. (1Sam.11:6). ശത്രുപാളയത്തെ സംഹരിച്ചു, വെല്ലുവിളിക്കുന്ന ശത്രുവിനെ കണ്ട് നാം ഭയപ്പെടരുത്, പിന്‍തിരിയരുത്. ആത്മാവില്‍ നിറയുക. ശക്തിപ്പെടുക. അഭിഷേകം പുതുക്കുക. ശത്രുവിനെതിരെ പോരാടുക വിജയം സുനിശ്ചയം. നിന്റെ പ്രകാശവും രക്ഷയും സകല ജനവും അറിയുവാന്‍ ഇടയാകും. “യഹോവ നിസ്സി” യഹോവ തന്നെ നമ്മുടെ കൊടി. ജയത്തിന്റെ കൊടി തന്നെ. ആ കൊടിക്കീഴില്‍ അണിനിരക്കുക. ദൈവം എഴുന്നേല്ക്കുന്നു അവന്റെ ശത്രുക്കള്‍ ചിതറിപ്പോകുന്നു. അവനെ പകയ്ക്കുന്നവരും അവന്റെ മുമ്പില്‍ നിന്ന് ഓടി പോകുന്നു. പുക പതറി പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു. തീയിങ്കല്‍ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാര്‍ ദൈവസന്നിധിയില്‍ നശിക്കുന്നു. (Psa.68:1, 2). കര്‍ത്താവായ യഹോവേ ഞങ്ങളുടെ ഹൃദയദൃഷ്ടികള്‍ പ്രകാശിപ്പിക്കേണമേ. ഞങ്ങളുടെ ദര്‍ശനം മങ്ങിപ്പോകാതെ നിലനിര്‍ത്തേണമേ. ആമേന്‍.

അദ്ധ്യായം 18-ദര്‍ശനങ്ങളിലൂടെ രണ്ടാമന്‍
യഹോവ എന്നോട് ഉത്തരം അരുളിയത്: നീ ദര്‍ശനം എഴുതുക. ഓടിച്ചു വായിപ്പാന്‍ തക്കവണ്ണം അത് പലകയില്‍ തെളിവായി വരയ്ക്കുക. ദര്‍ശനത്തിന് അവധി വെച്ചിരിക്കുന്നു അത് സമാപ്തിയിലേക്ക് ബദ്ധപ്പെടുന്നു. സമയം തെറ്റുകയുമില്ല. അത് വൈകിയാലും അതിനായി കാത്തിരിക്ക. അത് വരും നിശ്ചയം. താമസിക്കയുമില്ല. Hab.2:2, 3. ദൈവജനത്തിന്റെ ദര്‍ശനത്തിനെതിരെ പോരാടുന്ന ശത്രുവിനെക്കുറിച്ചും, അവനെ എപ്രകാരം നാം പരാജയപ്പെടുത്തണമെന്നും, കര്‍ത്താവ് നമുക്ക് നല്‍കിയിരിക്കുന്ന ദര്‍ശനം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കഴിഞ്ഞ അദ്ധ്യായത്തില്‍ നാം ചിന്തിച്ചു.

ഈ അദ്ധ്യായത്തില്‍ ദൈവം നല്‍കിയ ദര്‍ശനങ്ങളില്‍ വിശ്വസിച്ച്, അതിനായി കാത്തിരുന്ന് ഒരു വലിയ രാജ്യത്തില്‍ രണ്ടാമനായി തീര്‍ന്ന യോസേഫിനെക്കുറിച്ചത്രേ നാം ചിന്തിക്കുന്നത്. യാക്കോബ് തന്റെ ജീവിത സായാഹ്നത്തില്‍ മക്കളെ അരികെ വിളിച്ച് അനുഗ്രഹിച്ചു. യോസേഫിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന അനുഗ്രഹവാചകങ്ങള്‍ ഇവിടെ രേഖപ്പെടുത്തിക്കൊണ്ട് വിഷയത്തിലേക്ക് പ്രവേശിക്കാം.
യോസേഫ് ഫലപ്രദമായൊരു വൃക്ഷം
നീരുറവിനരികെ ഫലപ്രദമായൊരു വൃക്ഷം തന്നേ
അതിന്റെ കൊമ്പുകള്‍ മതിലിന്മേല്‍ പടരുന്നു
വില്ലാളികള്‍ അവനെ വിഷമിപ്പിച്ചു
അവര്‍ എയ്തു; അവനോട് പൊരുതു;
അവന്റെ വില്ല് ഉറപ്പോടെ നിന്നു.
അവന്റെ ഭുജം യാക്കോബിന്‍ വല്ലഭന്റെ കയ്യാല്‍ ബലപ്പെട്ടു. യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താല്‍ തന്നേ. നിന്‍ പിതാവിന്റെ ദൈവത്താല്‍, അവന്‍ നിന്നെ സഹായിക്കും; സര്‍വ്വശക്തന്‍ തന്നേ. അവന്‍ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും; താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രഹങ്ങളാലും, മുലയുടെയും, ഗര്‍ഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും നിന്‍ പിതാവിന്റെ അനുഗ്രഹങ്ങള്‍ മീതെ ശാശ്വത ഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു അവ യോസേഫിന്റെ തലയിലും, തന്റെ സഹോദരന്മാരില്‍ പ്രഭുവായവന്റെ നെറുകയിലും വരും. Gen.49:22-26.

പിതാവില്‍ നിന്നുള്ള ശ്രേഷ്ഠമായ അനുഗ്രഹങ്ങളും, ദൈവം യോസേഫിനു നല്കിയ ദര്‍ശനങ്ങളും തന്നില്‍ പൂര്‍ത്തീകരിക്കപ്പെട്ടു. വില്ലാളികള്‍ പൊരുതിയപ്പോള്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ കരത്താല്‍ പ്രബലനായി തീര്‍ന്ന യോസേഫിനെക്കുറിച്ച് തുടര്‍ന്ന് ചില കാര്യങ്ങള്‍ പഠിക്കാം.

1. പിതാവിനാല്‍ ഏറ്റവും സ്‌നേഹിക്കപ്പെട്ടവന്‍
യോസേഫ് വാര്‍ദ്ധക്യത്തിലെ മകനാകകൊണ്ട് യിസ്രായേല്‍ എല്ലാ മക്കളിലും വെച്ച് അവനെ അധികം സ്‌നേഹിച്ചു. ഒരു നിലയങ്കി അവന് ഉണ്ടാക്കി കൊടുത്തു. Gen.37:3. ഇവിടം തുടങ്ങി സഹോദരന്മാര്‍ യോസേഫിനെ പകച്ചു. അനുദിനം പക വര്‍ദ്ധിച്ചുകൊണ്ടിരുന്നു. സഹോദരന്മാര്‍ക്ക് സമാധാനമായി സംസാരിപ്പാന്‍ പോലും കഴിഞ്ഞില്ല. കയീന്‍ ഹാബേലിനെയും, യിശ്മായേല്‍ യിസ്ഹാക്കിനേയും, ഏശാവ് യാക്കോബിനേയും പകച്ച ചരിത്രം ഉല്പത്തി പുസ്തകത്തില്‍ നാം വായിക്കുന്നു. എല്ലാ കാലത്തും പകയനായ പിശാച് സഹോദരന്മാരെ ഭിന്നിപ്പിക്കുന്നതില്‍ ഉത്സാഹിയാണ്. ചില സന്ദര്‍ഭങ്ങളില്‍ അവന്റെ തന്ത്രം ദൈവജനത്തിനിടയില്‍ കുറച്ച് ഫലിക്കാറും ഉണ്ട്. പിശാചിന്റെ തന്ത്രങ്ങളെ ദൈവമക്കള്‍ തിരിച്ചറിഞ്ഞ് ജയം കൈവരിക്കേണ്ടതാണ്. സാത്താന്റെ ആയുധങ്ങളായി ഒരുനാളും നാം തീരുവാന്‍ പാടില്ല. അപ്പന്‍ ഉണ്ടാക്കിക്കൊടുത്ത നിലയങ്കി ധരിച്ച യോസേഫിനോട് സഹോദരന്മാര്‍ പോരാടുവാന്‍ തുടങ്ങി. യോസേഫിനെ ഒടുക്കിക്കളയത്തക്ക നിലയില്‍ അവരുടെ പക വലുതായിരുന്നു. ഈ നിലയങ്കി പിതൃസ്‌നേഹത്തിന്റെ പ്രകടനമായിരുന്നെങ്കില്‍ ദൈവസ്‌നേഹത്തിന്റെ പ്രകടനമത്രേ

കാല്‍വറിയില്‍ നെയ്‌തെടുത്ത നീതിയുടെ അങ്കി. നീതിയിന്‍ വസ്ത്രത്തിന് നിഴലായി തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്ന പല വസ്ത്രങ്ങളെക്കുറിച്ച് ഇവിടെ പ്രസ്താവിക്കട്ടെ.
a. തോല്‍ ഉടുപ്പ്. Gen.3:20,21.
തിന്നരുത് എന്ന് ദൈവം കല്പിച്ച വൃക്ഷഫലം തിന്ന മാത്രയില്‍ ആദാമിന്റെയും, ഹവ്വായുടെയും കണ്ണ് തുറക്കുകയും തങ്ങള്‍ നഗ്നരെന്ന് അറിയുകയും ചെയ്തു. അതുവരെയും ദൈവതേജസ്സിനാല്‍ ആദാം, ഹവ്വ ദമ്പതികള്‍ ആവരണം ചെയ്യപ്പെട്ടിരുന്നു. പാപം തേജസ്സിനെ നഷ്ടപ്പെടുത്തി. അവര്‍ ഭയം ഉള്ളവരായി, ഇലകള്‍ ധരിച്ചു. ദൈവസന്നിധിയില്‍ നിന്നും ഓടി മറഞ്ഞു. ആദാമിനെയും, ഹവ്വായെയും അന്വേഷിച്ച് ദൈവം തോട്ടത്തിലേക്ക് വരുന്നു.. അവരെ അടുക്കല്‍ വിളിച്ചുവരുത്തി. അവരുടെ നഗ്നത മറയ്ക്കുവാന്‍ തോല്‍കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു. പാപം ചെയ്ത മനുഷ്യന്‍ ദൈവസന്നിധിയില്‍ നിന്ന് ഓടിയപ്പോള്‍ അവന് ദൈവസന്നിധിയിലേക്ക് വരുവാന്‍ പര്യാപ്തമായ നീതിയിന്‍ വസ്ത്രമായിരുന്നു അത്. നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ക്രൂശിലെ യാഗമരണത്താല്‍ നമ്മെ നീതികരിച്ചിരിക്കുന്നു. ദൈവനീതിയുടെ വസ്ത്രം ദൈവം നമ്മെ ധരിപ്പിച്ച് പാപത്തിന്റെ നഗ്നതയെ നമ്മില്‍ നിന്ന് എടുത്തുമാറ്റി. നാം നീതീകരിക്കപ്പെട്ട വിശുദ്ധരും ആയിത്തീര്‍ന്നു. ഇനി നമുക്ക് ധൈര്യത്തോടെ ഏതു നേരത്തും ദൈവ സന്നിധിയിലേക്ക് അടുത്തുചെല്ലാം. ദൈവസ്‌നേഹത്തിന്റെ പ്രകടനമത്രേ നീതീകരണത്തിന്റെ ഉടുപ്പ് നമ്മെ ധരിപ്പിച്ചത്. ഇവിടെ ദൈവജനം ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു വിഷയമുണ്ട്. നീതിയിന്‍ ഉടുപ്പ് നിന്നെ ധരിപ്പിച്ച ഒന്നാമത്തെ നിമിഷം തുടങ്ങി നിനക്കെതിരെ ഒരു പകയന്‍ (പിശാച്) യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. നിന്നെ ഒടുക്കിക്കളയത്തക്ക നിലയില്‍ അവന്റെ പക വലുതാണെന്നറിഞ്ഞ് ബോധപൂര്‍വ്വം ജീവിതം നയിക്കേണ്ടിയിരിക്കുന്നു.

b. ചിത്രത്തയ്യലുള്ള വസ്ത്രം – Psa.45:14
നാല്പത്തിയഞ്ചാം സങ്കീര്‍ത്തനത്തിലെ മണവാട്ടി ദൈവസഭയ്ക്ക് സാദൃശ്യമാണ്. അവള്‍ ദൈവപുത്രനായ യേശുക്രിസ്തുവിന് വിവാഹ നിശ്ചയം ചെയ്യപ്പെട്ടവളുമാണ്. 2Cor.11:12. അവള്‍ ധരിച്ചിരിക്കുന്ന ചിത്രത്തയ്യലുള്ള വസ്ത്രം നീതിയിന്‍ വസ്ത്രമാണ്. ദൈവത്തിങ്കല്‍ നിന്ന് ദാനമായി ലഭിച്ചിരിക്കുന്ന ഈ വസ്ത്രത്തെ ശത്രു അപഹരിപ്പാന്‍, മലിനപ്പെടുത്താന്‍ അനുവദിക്കരുത്.

c. ഉത്സവവസ്ത്രം – Zech.3:4.
ബാബേല്‍ പ്രവാസത്തില്‍ നിന്നും മടങ്ങിവന്ന യഹൂദ ശേഷിപ്പിന്റെ മഹാപുരോഹിതനായ യോശുവ യഹോവയുടെ ദൂതന്റെ മുമ്പാകെ നില്‍ക്കുമ്പോള്‍ സാത്താന്‍ അവനെ കുറ്റപ്പെടുത്തുവാന്‍ സമീപത്ത് നില്ക്കുന്നതാണ് പ്രവാചകന്‍ ഇവിടെ ദര്‍ശിക്കുന്നത്. യഹൂദാജനം വിഗ്രഹാരാധികളുടെ നാട്ടില്‍ ഏറെനാള്‍ പാര്‍ത്തതുമൂലം അവര്‍ അശുദ്ധരായി തീര്‍ന്നിരിക്കയാണെന്നും, അവരുടെ പ്രതിനിധിയായ യോശുവയുടെ വസ്ത്രം അതേകാരണത്താല്‍ മുഷിഞ്ഞിരിക്കയാണെന്നും സാത്താന്‍ കുറ്റപ്പെടുത്തി. ദൈവജനത്തിനെതിരെ എപ്പോഴും സാത്താന്‍ അപവാദം പറയുന്നു. അവന്റെ അനുഭാവികളും അവനോട് ചേര്‍ന്ന് ദൈവജനത്തെ ദുഷിപ്പാനും തുടങ്ങി. തമ്മില്‍ തമ്മിലുള്ള കുറ്റപ്പെടുത്തലും പൈശാചികമാണ്. ഇതൊക്കെയും നാം തിരിച്ചറിഞ്ഞെങ്കില്‍ എത്രയോ നന്നായിരുന്നു. നാം എത്ര വലിയ ജയാളികളായേനെ. ദൈവം എത്ര അത്ഭുതകരമായി നമ്മെ ഉപയോഗിക്കുമായിരുന്നു.
സാത്താന്റെ ഈ വാദത്തെ ദൈവം അനുകൂലിച്ചില്ല. മറിച്ച് സാത്താനെ ഭത്സിച്ചു. സഹോദരവര്‍ഗ്ഗത്തെ ദുഷിക്കുന്ന സാത്താന്റെ പക്ഷം നാം ചേരരുത്. കര്‍ത്താവിന്റെ നാമത്തില്‍ ആ അപവാദിയെ ഭത്സിക്കുക. നിന്റെ സഹോദരനുവേണ്ടി നീ പക്ഷവാദം ചെയ്യുന്നവനായിരിക്കണം. അബ്രഹാം ലോത്തിനുവേണ്ടി ഇടുവില്‍ നിന്നതുപോലെ നാം ഇടുവില്‍ നില്ക്കണം. തുടര്‍ന്ന് ദൈവത്തിന്റെ കല്പന പ്രകാരം യോശുവയെ ഉത്സവവസ്ത്രം ധരിപ്പിക്കുകയും, അവന്റെ തലയില്‍ ഒരു കിരീടം (മുടി) വയ്ക്കുകയും ചെയ്തു. മാത്രമല്ല യോശുവയ്ക്ക് പുതിയ നിയോഗവും ലഭിച്ചു. പുത്തന്‍ വാഗ്ദാനങ്ങളും ദൈവം അവന് നല്കി. അഗ്നി നരകത്തിന്റെ കൊള്ളികളായിരുന്ന നമ്മെ അവിടെനിന്നും വലിച്ചെടുത്ത് നീതികരണത്തിന്റെ ഉത്സവവസ്ത്രം ധരിപ്പിച്ച ദൈവസ്‌നേഹം എത്ര വലുത്. അതിനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു ക്രോധാഗ്നിയിലൂടെ കടന്നുപോയി. കാല്‍വറിയില്‍ കത്തിയെരിഞ്ഞു അവന്റെ തൃപ്പാദത്തിങ്കല്‍ നമ്മെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കാം.

d. കല്യാണവസ്ത്രം – Matt.22:12
പുരാതനകാലത്ത് രാജാക്കന്മാര്‍ അവരുടെ വിരുന്നുകളില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും ഒരു വിശേഷവസ്ത്രം അണിയുവാനായി കൊടുക്കുമായിരുന്നു. അത് തിരസ്‌ക്കരിക്കുകയോ, ധരിക്കാതിരിക്കുകയോ ചെയ്താല്‍ അത് രാജാവിനെ അപമാനിക്കുന്നതായി കണക്കാക്കി അവരെ ശിക്ഷിക്കുമായിരുന്നു. കല്യാണവസ്ത്രം യഥാര്‍ത്ഥ വിശ്വാസിയെ കര്‍ത്താവ് അണിയിക്കുന്ന നീതിയിന്‍ വസ്ത്രത്തെയാണ് കാണിക്കുന്നത്. കല്യാണവസ്ത്രം ഇല്ലാത്ത ഈ മനുഷ്യന്റെമേല്‍ വരുന്ന ന്യായവിധി രക്ഷിക്കപ്പെടാത്തവനുവേണ്ടി കാത്തിരിക്കുന്നു.

e. മേല്‍ത്തരമായ അങ്കി – Luke 15:22
അപ്പന്റെ ഭവനം വിട്ട് ദൂരദേശത്തുപോയി എല്ലാം നഷ്ടപ്പെട്ട ഇളയമകന്‍ മടങ്ങി അവന്റെ വീട്ടിലേക്ക് വരുന്നു. ഇപ്പോള്‍ അവന് സുബോധം ഉണ്ട്. (മാനസാന്തരം ഉണ്ടായി). സുബോധം വന്നാല്‍ പിന്നെ പഴയസ്ഥലത്ത്, പഴയ തൊഴില്‍, പഴയ ജീവിതശൈലിയില്‍ തുടരുകയില്ല. പിതാവിന്റെ സ്‌നേഹത്തിലേക്കും, വീട്ടിലേക്കും ഉള്ള യാത്ര ആരംഭിക്കും. മകന്‍ നടന്നു ചെല്ലുന്നു. പിതാവ് ഓടി വരുന്നു. ഹാ! ദൈവസ്‌നേഹം അതെത്ര വലുത്. നിന്റെ മകന്‍ എന്ന് വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്ന് അവന്‍ ഏറ്റുപറയുമ്പോഴും അപ്പന്‍ അവനെ കെട്ടിപ്പിടിച്ച്, ചുംബിച്ച് സ്വീകരിച്ചും – നീതികരണത്തിന്റെയും, അധികാരത്തിന്റെയും അടയാളമായ മേത്തരമായ അങ്കി ധരിപ്പിക്കുവാനും, തീര്‍ന്നുപോകാത്ത സ്‌നേഹത്താല്‍ വീട്ടിലേക്ക് അംഗീകരിക്കുന്നതിനെകുറിക്കുന്ന മോതിരം അണിയിക്കുവാനും, നഷ്ടപ്പെട്ട അവകാശങ്ങള്‍ എല്ലാം മടക്കി കൊടുക്കുന്നതിനെക്കുറിക്കുന്ന കാലിന് ചെരിപ്പിടുവിപ്പാനും തടിപ്പിച്ചു കാളക്കുട്ടിയെ അറുത്ത് സദ്യ കഴിച്ചു. നീതീകരിച്ചു, അംഗീകരിച്ചു. അവകാശം തന്നു. പിതൃസ്‌നേഹത്തില്‍ നിന്ന് അകന്നു പോകാതെ അപ്പനോട് കൂടെ വസിക്കുക.

f. ശുദ്ധവും, ശുഭ്രവുമായ വിശേഷവസ്ത്രം – Rev.19:7
ഇവിടെ കുഞ്ഞാടിന്റെ കാന്ത എന്നുപറയുന്നത്, അവന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവസഭയാണ്. കാന്ത ധരിക്കുന്ന വസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവര്‍ത്തികളാകുന്ന വിശേഷ വസ്ത്രമാണ്. ഇവിടെ വസ്ത്രം എന്നുപറയുന്നത് ജീവിതത്തെ കുറിക്കുന്നു. യോസേഫ് പിതാവ് സമ്മാനിച്ച നിലയങ്കി ധരിച്ച ഒന്നാം ദിവസം തുടങ്ങി മറ്റുള്ളവരുടെ നോട്ടപുള്ളിയായി മാറി. അവനോടുള്ള പക വര്‍ദ്ധിച്ചു വന്നു. അനേക കഷ്ടങ്ങളിലൂടെ താന്‍ കടന്നു പോകേണ്ടിവന്നു. എന്നാല്‍ കര്‍ത്താവ് അവനോട് കൂടെയിരുന്ന് ജയം നല്കി. ദൈവജനം ധരിച്ചിരിക്കുന്ന ശ്രേഷ്ഠകരമായ അങ്കി ലോകത്തില്‍ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്നു. ലോകം നമ്മെ പകെക്കുന്നു. നമ്മുടെ വിശിഷ്ടമായ അങ്കി പറിച്ചുരിഞ്ഞ് മുറിവേല്പിക്കുവാനും, വസ്ത്രം മലിനപ്പെടുത്തുവാനും, പോരാടുന്ന ദുഷ്ടനെ നാം ജയിക്കണം. സൂഷ്മതയോടെ ജീവിതത്തിന്റെ ഓരോ ചുവടും വെക്കാന്‍ നാം ശ്രദ്ധിച്ചുകൊള്ളണം. യോസേഫിനെപ്പോലെ പരീക്ഷാദിവസങ്ങളില്‍ നാം ജയം കൈ വരിക്കണം.

2. പാപത്തോടു പോരാടുവാന്‍
“അതുകൊണ്ട് ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ച് ദൈവത്തോട് പാപം ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു” Gen.39:9. യോസേഫിന്റെ വിജയരഹസ്യങ്ങളില്‍ അതിപ്രധാനമായ ഘടകമത്രേ, താന്‍ പ്രാണത്യാഗത്തോളം പാപത്തോട് പോരാടി എന്നുള്ളത് തന്റെ ഈ പോരാട്ടം കേവലം പ്രഹസനമല്ലായിരുന്നു. അത് ഹൃദയത്തില്‍ നിന്നുള്ള യുദ്ധം ആയിരുന്നു. പാപത്തോടുള്ള യുദ്ധം അകത്തുനിന്ന് തുടങ്ങിയെങ്കിലേ ജയം കൈവരിക്കാന്‍ പറ്റുകയുള്ളൂ, പാപത്തിന്റെ ആസ്വാദനം താല്കാലികമാണെന്നുള്ള ജ്ഞാനം ദൈവമക്കള്‍ പ്രാപിക്കണം (Heb.11:24). ഹൃദയം എല്ലാറ്റിനെക്കാളും കപടമുള്ളതും വിഷമുള്ളതുമാണെന്ന് തിരുവചനം പറയുന്നു. ദുശ്ചിന്ത, കുലപാതകം, പരസംഗം, വ്യഭിചാരം, മോഷണം, വിഗ്രഹാരാധന ആദിയായ പാപചിന്തകള്‍ തിങ്ങി നില്ക്കുന്നത് ഹൃദയത്തിലാണ്. അതുകൊണ്ട് തന്നെ ഈ വകക്കെതിരായുള്ള പോരാട്ടവും ഹൃദയത്തില്‍നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു. യോസേഫിന്റെ ഹൃദയം വിശുദ്ധവും, ദൈവസിംഹാസനം അവിടെ ഉണ്ടായിരുന്നതിനാലും രഹസ്യസ്ഥാനങ്ങളിലും, ഏകാന്തതകളിലും ജയം കൈവരിപ്പാന്‍ ഇടയായി. പാപത്തിനായി നമ്മെ പ്രേരിപ്പിക്കുന്ന ബാഹ്യശക്തികളെ എങ്ങനെ അതിജീവിക്കാന്‍ കഴിയും? ആത്മാവിനെ അനുസരിക്കുന്നതിലൂടെ ജയിക്കാം. ജഡവും, ആത്മാവും തമ്മില്‍ എപ്പോഴും പോരാട്ടത്തിലാണ്. ജഡത്തിന്റെ ചിന്തയും, ആത്മാവിന്റെ ചിന്തയും തമ്മില്‍ ശത്രുത്വം ആണ്. നമ്മുടെ മനസ്സിന്റെ താല്പര്യം എന്തിനോടാണോ അതിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയവും, പരാജയവും ഇരിക്കുന്നത് (Gal.5:16-18). യഹോവയായ ദൈവം കയിനോട് പറഞ്ഞ വചനം ഇവിടെ ശ്രദ്ധേയമാണ്. “അപ്പോള്‍ യഹോവ കയീനോട്, നീ കോപിക്കുന്നതെന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്? നീ നന്മ ചെയ്യുന്നുവെങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു. അതിന്റെ ആഗ്രഹം നിങ്കലേക്കാകുന്നു. നീയോ അതിനെ കീഴടക്കേണം എന്ന് കല്പിച്ചു.” Gen.4:6, 7.

പാപത്തെ നാം കീഴടക്കുന്നതെങ്ങനെ?
ആത്മാവിനെ അനുസരിക്കുന്നതിനാല്‍, വചനം കാക്കുന്നതിനാല്‍, നിരന്തരം ഉള്ള പ്രാര്‍ത്ഥനയാല്‍, ആത്മശക്തിയാല്‍, ജഡത്തെ രാഗമോഹങ്ങളോടുകൂടെ ക്രൂശിക്കുന്നതിനാല്‍.

വാതില്‍ക്കല്‍ നില്‍ക്കുന്ന നാല് കാര്യങ്ങള്‍ ഉണ്ട്.
a. പാപം വാതില്ക്കല്‍ – Gen.4:6, 7.
b. മരണം വാതില്ക്കല്‍ – Acts 5:9.
c. ന്യായാധിപതി വാതില്ക്കല്‍ – James 5:9
d. കര്‍ത്താവ് വാതില്ക്കല്‍ – Rev.3:20.
ഇതില്‍ ഏതിനായി നാം വാതില്‍ തുറന്ന് സമര്‍പ്പിക്കും. പാപത്തില്‍നിന്നും, അതിന്റെ ശമ്പളമായ മരണത്തില്‍ നിന്നും, ശിക്ഷാവിധിയില്‍ നിന്നും നമ്മെ വിടുവിക്കുന്ന കര്‍ത്താവിനായി വാതില്‍ തുറന്ന് സമര്‍പ്പിക്കുക.

3. കാര്യങ്ങള്‍ പിതാവിനോട് പറയുന്നവന്‍ – Gen.37:2
ആശ്രയിപ്പാനും, കാര്യങ്ങള്‍ പറയുവാനും ഒരു പിതാവ് ഉണ്ടായിരുന്നുയെന്നുള്ളതാണ് യോസേഫിന്റെ ജീവിതത്തെ ഉയര്‍ന്ന പടിയിലെത്തിച്ചത്. ഏകനായി, ഏകാന്തതയിലൂടെ സഞ്ചരിക്കുമ്പോഴും, ചെറുതും, വലിയതും ആയ പ്രശ്‌നങ്ങളെ നേരിടുമ്പോഴും അത്രേ ഇതിന്റെ മാധുര്യം നാം അനുഭവിച്ചറിയുവാന്‍ ഇടയാകുന്നത്. യഹോവയില്‍ ആശ്രയിക്കുന്നവന്‍ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോന്‍ പര്‍വ്വതം പോലെ ആകുന്നു.
“അന്നാളില്‍ അവര്‍ യഹൂദാദേശത്ത് ഈ പാട്ട് പാടും. നമുക്ക് ബലമുള്ളോരു പട്ടണം ഉണ്ട്. അവന്‍ രക്ഷയെ മതിലുകളും, കൊത്തളങ്ങളും ആക്കിവെക്കുന്നു. വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേളിക്കേണ്ടതിന്, വാതിലുകളെ തുറപ്പിന്‍. സ്ഥിരമാനസന്‍ നിന്നില്‍ ആശ്രയം വെച്ചിരിക്കകൊണ്ട് നീ അവനെ പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു. യഹോവയാം യാഹില്‍ ശാശ്വതമായൊരു പാറ ഉള്ളതിനാല്‍ യഹോവയില്‍ എന്നേക്കും ആശ്രയിപ്പിന്‍” Isa.26:1-4. പഴയനിയമത്തിലും, പുതിയനിയമത്തിലും യഹോവയില്‍ ആശ്രയിച്ച ജനം ഉറച്ചുനിന്ന് വീര്യം പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയൊരു ജനസമൂഹം, പിറുപിറുക്കുകയും, കലഹിക്കുകയും, എതിരായി സംശയത്തിന്റെയും, നിരാശയുടെയും വാക്കുകള്‍ പ്രസ്താവിക്കുകയും ചെയ്തപ്പോഴും മോശ കര്‍ത്താവില്‍ ആശ്രയിച്ചു ഉറച്ചുനിന്നു. ദൈവമഹത്വം അവിടെ വെളിപ്പെട്ടു. പിറുപിറുത്തവരും, കലഹിച്ചവരും, ശത്രുവിന്റെ ശബ്ദവും അവന്റെ സൈന്യത്തിന്റെ ആരവവും, കുതിരയുടെ കുളമ്പടിയും, രഥചക്രങ്ങളുടെ ശബ്ദവും കേട്ട് ഭയപ്പെട്ട് വിറക്കുമ്പോള്‍, കാര്യങ്ങള്‍ ദൈവസന്നിധിയില്‍ വെച്ച് ദൈവവുമായി സംസാരിച്ച മോശ ദൈവശബ്ദം കേട്ടു. ദൈവമഹത്വം കണ്ടു. പ്രതികൂല സാഹചര്യത്തില്‍ ശത്രുവിന്റെ ക്ഷീണിപ്പിക്കുന്ന വാക്കുകള്‍ക്ക് നാം ചെവികൊടുത്ത് നിരാശരാകുമോ? അതോ കര്‍ത്താവില്‍ ആശ്രയിക്കുകയും, കാര്യങ്ങള്‍ അവനോട് അറിയിച്ച് വിശ്വാസത്തിന്റെ പ്രവര്‍ത്തി ചെയ്യുമോ? തിരുവെഴുത്തില്‍ അനേക വിശ്വാസ വീരന്മാരെയും, ഉറച്ച് നിന്ന് വീര്യം പ്രവര്‍ത്തിച്ചിട്ടുള്ള വനിതകളെകുറിച്ചും നാം വായിക്കുന്നു. വിസ്താരഭയത്താല്‍ ഈ ചിന്തയ്ക്ക് ഇവിടെ വിരാമം ഇട്ടുകൊണ്ട് അടുത്ത വിഷയത്തിലേക്ക് പ്രവേശിക്കട്ടെ.

നമ്മുടെ കര്‍ത്താവിന്റെ അടുക്കല്‍ ആവശ്യവുമായി വന്നവരെ നാല് പ്രത്യേക കൂട്ടമായി തിരിച്ച് പഠിക്കാവുന്നതാണ്. ആ നാല് കൂട്ടം ഏതെന്നും ഓരോന്നിനും ഓരോ ഉദാഹരണവും ചുവടെ ചേര്‍ക്കുന്നു.
1. ശാരീരികമായി തകര്‍ന്നവര്‍
    ഉദാ. രക്തസ്രവക്കാരിയായ സ്ത്രീ – Mark 5:25-34.
2. മാനസികമായി തകര്‍ന്നവര്‍
    ഉദാ. ഗദര ദേശത്ത് ഭൂതഗ്രസ്തന്‍ – Mark 5:1-18.
3. ആത്മീകമായി തകര്‍ന്നവര്‍
    ഉദാ. ധനവാനായ യുവാവ് – Matt.19:16.
4. സാമൂഹികമായി തകര്‍ന്നവര്‍
    ഉദാ. പട്ടണത്തിലേക്കും പാപിനിയായ സ്ത്രീ – Luke 7:38-50.
കര്‍ത്താവിന്റെ അടുക്കല്‍ വന്നവരും അവനിലാശ്രയിച്ചവരും വിടുതല്‍ പ്രാപിച്ച് ദൈവമഹത്വം അനുഭവിച്ചു. പ്രിയ വായനക്കാരാ, മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു തകര്‍ച്ചയിലൂടെ നിങ്ങള്‍ കടന്നുപോകുന്നുവെങ്കില്‍ – യേശുവിന്റെ അടുക്കല്‍ വരിക. അവനു അസാദ്ധ്യമായതൊന്നുമില്ല. കര്‍ത്താവായ യേശുക്രിസ്തു താങ്കളെ രക്ഷിക്കും, സൗഖ്യമാക്കും. നിങ്ങള്‍ക്ക് പ്രയാസമുള്ളത് എന്റെ അടുക്കല്‍ കൊണ്ടുവരികയെന്ന് കര്‍ത്താവ് അരുളിചെയ്തിരിക്കുന്നു.

4. യോസേഫ് ദര്‍ശനങ്ങളിലൂടെ രണ്ടാമന്‍
സ്വപ്നങ്ങള്‍ എല്ലാം ദര്‍ശനമല്ല എന്ന് നാം അറിഞ്ഞിരിക്കേണ്ടതാണ്. കാണുന്ന സ്വപ്നങ്ങള്‍ എല്ലാം ദര്‍ശനമാണെന്ന് കരുതി കര്‍ത്താവ് എന്നെ ഇങ്ങനെ കാണിച്ചു, അത് കാണിച്ചു എന്ന് പറഞ്ഞുകൊണ്ട് പേക്കിനാവുകള്‍ സഭയില്‍ വിശദീകരിക്കുന്നവരും ഉണ്ട്. ഇത് വളരെയധികം ദോഷം ചെയ്യും. സ്വപ്നങ്ങള്‍ ദര്‍ശനമാണെന്ന് ചിന്തിച്ച് അതിനായി കാത്തിരിക്കുന്നവരും ലഭിക്കാതെ വരുമ്പോള്‍ നിരാശരായി വിശ്വാസവും, പ്രത്യാശയും വിട്ടുകളയുന്നവരുമുണ്ട്. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാകാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സ്വപ്നത്തിന്റെ ബഹുത്വതയില്‍ ധാരാളം വ്യര്‍ത്ഥതയുണ്ട്. ആകയാല്‍ ദര്‍ശനം ഏതെന്ന് നാം വ്യക്തമായി തിരിച്ചറിയണം. ദര്‍ശനത്തിനായി കാത്തിരിക്ക. വൈകിയാലും അത് വരികതന്നെ ചെയ്യും.

യോസേഫ് ദര്‍ശനങ്ങള്‍ കാണുന്നവന്‍ മാത്രമല്ലായിരുന്നു. സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുവാന്‍ കഴിവുള്ളവനുമായിരുന്നു. താന്‍ പ്രാപിച്ച ദര്‍ശനവും, വ്യാഖ്യാനത്തിനുള്ള ദൈവകൃപയും യോസേഫിനെ മിസ്രയീമിലെ രണ്ടാമനാക്കി ഉയര്‍ത്തി. തനിക്ക് ലഭിച്ച ദര്‍ശനം ദൈവീകമായിരുന്നെന്നുള്ള ഉത്തമബോധ്യം യോസേഫിനുണ്ടായിരുന്നു. ഇതും കൂടിയായപ്പോള്‍ സഹോദരന്മാരുടെ എതിര്‍പ്പും, പകയും ഏറ്റവും വര്‍ദ്ധിച്ചു. യോസേഫിനു ലഭിച്ച നിലയങ്കിയും, ദൈവിക ദര്‍ശനവും മറ്റും മറ്റുള്ളവരില്‍ നിന്നും തന്നെ വ്യത്യസ്തനാക്കി. ദൈവജനം ധരിച്ചിരിക്കുന്ന നീതിയിന്‍ വസ്ത്രവും, പ്രാപിച്ചിരിക്കുന്ന ദര്‍ശനവും, പ്രത്യാശയും ലോകത്തില്‍ നിന്നും നമ്മെ വ്യത്യസ്തരാക്കുന്നു. അതുകൊണ്ട് ലോകം നമ്മെ പകെക്കുന്നു, വെറുക്കുന്നു, ഉപദ്രവിക്കുന്നു, കൊല്ലുന്നു. ലോകത്തെ ഭയപ്പെടരുത്, സ്‌നേഹിക്കരുത്, ലോകവുമായി ഇടകലരുത്. കര്‍ത്താവ് തന്ന ദര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുക.
യോസേഫിന്റെ കഷ്ടതയുടെ സമയത്ത് നിന്റെ ദര്‍ശനം എന്തായി എന്ന് ചോദിച്ചവര്‍ കാണും. അവന്റെ ദര്‍ശനം എന്താകും എന്ന് അറിയാന്‍ കാത്തിരുന്നവര്‍ കാണും. സഹോദരന്മാര്‍ ഉപദ്രവിച്ചപ്പോഴും, പൊട്ടക്കിണറ്റിലിട്ടപ്പോഴും, മിദ്ദ്യാന്യ കച്ചവടക്കാര്‍ക്ക് വിറ്റപ്പോഴും പൊത്തീഫേറിന്റെ ഭവനത്തിലെ ഉദ്യോഗസ്ഥനായിരുന്നപ്പോഴും കാരാഗ്രഹത്തില്‍ ഒരു കുറ്റവാളിയെപ്പോലെ കിടക്കുമ്പോഴും യോസേഫിനറിയാമായിരുന്നു എന്റെ ദര്‍ശനം തെറ്റിയിട്ടില്ല. അത് വരും. വരികതന്നെ ചെയ്യും. നിശ്ചയമായും വരും. ഉല്പത്തി പുസ്തകം 37-ാം അദ്ധ്യായത്തില്‍ യോസേഫിന് ദര്‍ശനങ്ങള്‍ ഉണ്ടായി എങ്കില്‍ Gen.42, 43 അദ്ധ്യായങ്ങളില്‍ അതിന്റെ നിവൃത്തി നാം കാണുന്നു. 42:9-ല്‍ യോസേഫ് അവരെക്കുറിച്ച് കണ്ടിരുന്ന സ്വപ്നങ്ങള്‍ ഓര്‍ത്തു. യോസേഫും, തന്റെ സ്വപ്നങ്ങളും മരിച്ചു എന്ന് പറയുന്നവരുടെ മുന്‍പില്‍ താന്‍ മിസ്രയീമിലെ രണ്ടാമനായി ജീവിക്കയും, തന്റെ സ്വപ്നങ്ങള്‍ നിവൃത്തിയാകുന്നത് കണ്ട് സന്തോഷിക്കുകയും ചെയ്യുന്നു. (Gen.42:13; 42:6; 43:26, 28; 44:14). ദൈവപൈതലേ, ദൈവം തന്ന ദര്‍ശനം ഒരുനാളും മരിക്കയില്ല. അത് വരികതന്നെ ചെയ്യും, അതിനായി കാത്തിരിക്ക. ജീവിതത്തിലുണ്ടാകുന്ന കഷ്ടതകള്‍, പ്രതികൂലസാഹചര്യങ്ങള്‍ നിന്റെ കാഴ്ചപ്പാടിനെ പോറലേല്പിക്കാന്‍ അനുവദിക്കരുത്.

ദര്‍ശനത്തിന് അവധി വെച്ചിരിക്കുന്നു. അത് സമാപ്തിയിലേക്ക് ബദ്ധപ്പെടുന്നു. സമയം തെറ്റുകയുമില്ല. അത് വൈകിയാലും അതിനായി കാത്തിരിക്ക. അത് വരും നിശ്ചയം. താമസിക്കയുമില്ല. ആമേന്‍!!!

അദ്ധ്യായം 19-ഹൃദയങ്ങളെ കീറുക
“എന്നാല്‍ ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചിലോടും വിലാപത്തോടും എങ്കലേക്ക് തിരിവിന്‍ എന്ന് യഹോവയുടെ അരുളപ്പാട്. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിവിന്‍ അവന്‍ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയുമുള്ളവനല്ലോ. അവന്‍ അനര്‍ത്ഥത്തെക്കുറിച്ച് അനുതപിക്കും.”(Joel 2:12, 13). ബി.സി. 835 മുതല്‍ 796 വരെയുള്ള കാലഘട്ടത്തിലാണ് യോവാശ് രാജാവ് യഹൂദയില്‍ ഭരിച്ചിരുന്നത്. തന്റെ ഭരണകാലത്ത് യഹൂദയില്‍ ശക്തമായ വെട്ടുക്കിളി ആക്രമണം ഉണ്ടായി. ദേശത്തിലെ വിളവുകള്‍ മുഴുവന്‍ തിന്നുകളഞ്ഞു. ജനം വലിയ കഷ്ടത്തിലും ക്ഷാമത്തിലുമായി. വലിയ വരള്‍ച്ചയുണ്ടായി. ദേശത്തെങ്ങും പച്ചപ്പ് ഇല്ലാതായി. ഉദ്യാനമായിരുന്ന ദേശം മരുഭൂമിപോലെയായി. വിത്ത് കട്ടകളുടെ കീഴില്‍ കിടന്ന് കെട്ടുപോകുന്നു. ധാന്യം കരിഞ്ഞു പോയിരിക്കയാല്‍ പാണ്ഡികശാലകള്‍ ശൂന്യമായി കളപ്പുരകള്‍ ഇടിഞ്ഞുപോകുന്നു. മൃഗങ്ങള്‍ ഞരങ്ങുന്നു. കന്നുകാലികള്‍ മേച്ചില്‍ ഇല്ലായ്കകൊണ്ട് ബുദ്ധിമുട്ടുന്നു. ആടുകള്‍ ദണ്ഡം അനുഭവിക്കുന്നു. “യഹോവേ നിന്നോട് ഞാന്‍ നിലവിളിക്കുന്നു. മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ തീക്കും പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം ജ്വാലയ്ക്കും ഇരയായി തീര്‍ന്നുവല്ലോ. നീര്‍ത്തോടുകള്‍ വറ്റിപ്പോകയും, മരുഭൂമിയിലെ പുല്‍പ്പുറങ്ങള്‍ തീയ്ക്ക് ഇരയായി തീരുകയും ചെയ്തതുകൊണ്ട് വയലിലെ മൃഗങ്ങളും നിന്നെ നോക്കി കരയുന്നു.” (Joel 1:19, 20). ഇങ്ങനെയുള്ള പ്രത്യേക സാഹചര്യത്തില്‍ പ്രവാചകനായ യോവേലിലൂടെ ദൈവാത്മാവ് യഹൂദയ്ക്ക് നല്കുന്ന സന്ദേശമാണ് ഈ പുസ്തകത്തിലെ പ്രധാന പ്രതിപാദ്യവിഷയം. യോവേല്‍ എന്ന പേരിന്റെ അര്‍ത്ഥം യഹോവ തന്നേ ദൈവം എന്നാണ്. തന്റെ ശുശ്രൂഷയിലൂടെ ഈ സത്യം താന്‍ വെളിപ്പെടുത്തുകയും ജനത്തെ ഏകസത്യ ദൈവത്തിങ്കലേക്ക് മടക്കിക്കൊണ്ടുവരികയും ചെയ്തു.

യഹൂദയുടെ പാപത്തിന്റെയും, പിന്മാറ്റത്തിന്റെയും പരിണിതഫലമായുണ്ടായ ദൈവിക ന്യായവിധിയായിരുന്നു വെട്ടുക്കിളി, തുള്ളല്‍, വിട്ടില്‍, പച്ചപ്പുഴു, വരള്‍ച്ച ആദിയായവ. ദൈവത്തെ സേവിപ്പാന്‍ വിളിക്കപ്പെട്ട ജനം ദൈവിക വഴിവിട്ട് അന്യമായതിലേക്ക് തിരിഞ്ഞാല്‍ പിന്നാലെ ന്യായവിധിയുണ്ടാകും എന്ന സത്യം തിരുവചനം വ്യക്തമാക്കുന്നു. യിസ്രായേല്‍ ജനത്തിന്റെ ചരിത്രം ഇതിന് ഉത്തമ ഉദാഹരണമാണ്. എന്നാല്‍ അപ്പോഴും കരുണാമയനായ ദൈവത്തിന്റെ സ്‌നേഹവും, കരുണയും, കരുതലും തന്റെ ജനത്തെ പിന്‍തുടര്‍ന്നു കൊണ്ടിരിക്കും എന്നത് എത്രയോ അത്ഭുതകരമായ കാര്യമാണ്. പത്രോസ് കര്‍ത്താവിനെ തള്ളിപ്പറഞ്ഞു. ഒരിക്കല്‍ ഉപേക്ഷിച്ച തൊഴിലിലേക്ക് പിന്തിരിഞ്ഞുപോയി. മാത്രമല്ല മറ്റുള്ളവരെയും കൂട്ടിക്കൊണ്ടുപോയി. കര്‍ത്താവിന്റെ സ്‌നേഹം അവരെ പിന്‍തുടര്‍ന്നു. അവര്‍ ആയിരിക്കുന്ന അവസ്ഥയിലേക്ക്, സാഹചര്യത്തിലേക്ക് സ്‌നേഹവാനായ കര്‍ത്താവ് ഇറങ്ങിചെന്ന് നിരാശരും, ക്ഷീണിതരും ആയവര്‍ക്കുവേണ്ടി പ്രാതല്‍ ഒരുക്കി. അവരെ ബലപ്പെടുത്തി, നിരാശ മാറ്റി, മടക്കിക്കൊണ്ടുവന്ന് വലിയ ചുമതല ഭരമേല്പിച്ചു. ഈ സ്‌നേഹം ആര്‍ക്കു വര്‍ണ്ണിക്കാം. നാം അനുഭവിക്കുന്ന അത്ഭുതകരമായ ദൈവിക പരിപാലനത്തിനായി ദൈവത്തെ സ്തുതിക്കാം. യോവേല്‍ ജനത്തിന്റെ മടങ്ങിവരവിനായും എങ്ങനെ മടങ്ങിവരേണം എന്നും, ദൈവത്തിങ്കലേക്ക് തിരിഞ്ഞുവന്നാല്‍ ഉണ്ടാകാന്‍ പോകുന്ന അനുഗ്രഹത്തെകുറിച്ചും ഉള്ള സന്ദേശം അറിയിച്ചു. ജനത്തിന്റെ പാപത്തിന്മേലുള്ള ന്യായവിധിയായി ദൈവം അയച്ച സൈന്യത്തെക്കുറിച്ചും അവയുടെ ആക്രമണത്തെക്കുറിച്ചും യോവേല്‍ പ്രവചനം രണ്ടാം അദ്ധ്യായത്തിന്റെ പ്രാരംഭഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നു. ഈ സൈന്യത്തിന്റെ മുന്നേറ്റത്തില്‍ നിന്ന് നാം പഠിക്കേണ്ട ഒരു പ്രത്യേക വിഷയം ഇവിടെ രേഖപ്പെടുത്തട്ടെ. അവര്‍ പാതവിട്ടുമാറാതെ താന്താന്റെ വഴിയില്‍ നടക്കുന്നു. അവര്‍ തമ്മില്‍ തിക്കാതെ താന്താന്റെ പാതയില്‍ നേരെ നടക്കുന്നു. (Joel 2:7, 8).
യഹൂദാ ജനം പാതവിട്ടുമാറി എന്നാല്‍ ന്യായവിധിക്കായി വന്ന ദൈവത്തിന്റെ സൈന്യം പാതവിട്ടുമാറിയില്ല. യഹൂദാജനം തമ്മില്‍ തിക്കി. ദൈവത്തിന്റെ സൈന്യം തമ്മില്‍ തിക്കുന്നില്ല. യഹൂദാജനം വക്രതയിലേക്ക്, അന്യായമായതിലേക്ക് തിരിഞ്ഞു. ദൈവത്തിന്റെ സൈന്യം നേരെ നടക്കുന്നു.
ലോകം വേണ്ട, ലോകത്തിലുള്ളതും വേണ്ട, സ്ഥാനവും മാനവും വേണ്ട ക്രൂശുവഹിക്കും നിന്ദചുമക്കും, പാളയത്തിനു പുറത്ത് കര്‍ത്താവിനോടുകൂടി കഷ്ടം സഹിക്കും, യേശുവേ നോക്കി യാത്ര ചെയ്യും എന്ന് ഉറക്കെ പ്രസ്താവിച്ചുകൊണ്ട് ഒരിക്കല്‍ സമര്‍പ്പണത്തോട് ഇറങ്ങിയവര്‍ അധികാരത്തിനും, സ്ഥാനത്തിനും വേണ്ടി നടത്തുന്ന തിക്ക് കാണുമ്പോള്‍ ദുഃഖം തോന്നാറില്ലേ? മുന്‍പില്‍ നില്‍ക്കുന്ന അഭിഷക്തരും വയോധികരുമായവരെ ഇടിച്ച് മറിച്ചിട്ട് മുന്‍പില്‍ കയറുവാനുള്ള ശ്രമം ലജ്ജാകരമല്ലേ? എന്തുകൊണ്ട് തിക്കാതിരുന്നകൂടാ. നിന്നെ വിളിച്ച ദൈവം നിന്നെക്കുറിച്ചുള്ള ഉദ്ദേശം തക്കസമയത്ത് പൂര്‍ത്തികരിക്കുമെന്ന് വിശ്വസിച്ചുകൂടെ? ഇപ്പോള്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥാനത്ത് കഴിവുകൊണ്ടോ, സ്വാധീനം കൊണ്ടോ, വോട്ടുകൊണ്ടോ എത്തിയതാണോ? അതോ കൃപയാലോ? എങ്കില്‍ ആ കൃപയില്‍ പ്രശംസിക്കുക. കൃപ തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തി ദൈവഹിതം നിര്‍വഹിക്കും. മാനുഷിക തന്ത്രങ്ങളില്‍കൂടെയും ബുദ്ധിപരമായ വഴിയിലൂടെയും സ്വാധീനം ചെലുത്തി നെട്ടോട്ടം ഓടി വോട്ടു പിടിച്ച് കസേര കൈക്കലാക്കുന്ന രീതി ദൈവജനത്തിന് ഭൂഷണമല്ല. സാത്താന്യ തന്ത്രങ്ങളെ നാം ജയിക്കേണ്ടിയിരിക്കുന്നു. നീതിമാനായ രാജാവ് നീതിയോടുകൂടെ ഈ ലോകത്തെ ഭരിക്കുമ്പോള്‍ നാം അവനോടുകൂടെ വാഴ്ച നടത്തേണ്ടവരത്രേ. നാം മാനിക്കപ്പെടുകയും അധികാരമുള്ളവരായി വാഴുകയും ചെയ്യുന്നത് അന്നാളില്‍ അത്രേ. ഐഹിക ജീവിതകാലത്ത് ദാസനെപ്പോലെ സേവയെ ചെയ്ത, ദുഃഖിതരെ ആശ്വസിപ്പിച്ച, കരയുന്നവരോടുകൂടെ കരഞ്ഞ, വേദനിക്കുന്നവരെ കണ്ട് മനസ്സലിഞ്ഞ, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി തുവര്‍ത്തിയ, നിങ്ങളും ഇവ്വണ്ണം ചെയ്‌വീന്‍ എന്ന് കല്പിച്ച അഖിലാണ്ഡത്തിന്റെ ഉടമസ്ഥനും സാക്ഷാല്‍ ഗുരുവുമായവന്റെ തൃപ്പാദത്തിങ്കല്‍ നമസ്‌ക്കരിക്കാം. അവന്റെ പാതകളെ മാത്രം പിന്‍പറ്റാം.

ദൈവത്തിന്റെ സൈന്യം പാതവിട്ടുമാറുന്നില്ല. ഇതും നാം പ്രത്യേകാല്‍ ഗ്രഹിക്കേണ്ട വിഷയമത്രേ. ഓട്ടക്കാരന്‍ ട്രാക്കിലൂടെ ഓടുന്നതുപോലെയും, മല്ലുകെട്ടുന്നവന്‍ ചട്ടപ്രകാരം പോരാടുന്നതുപോലെയും, അങ്കം പൊരുതുന്നവന്‍ സകലത്തിലും വര്‍ജ്ജനം ആചരിക്കുന്നതുപോലെയും ദൈവജനം തങ്ങളുടെ പാതകളെ ശ്രദ്ധിക്കുകയും, ദൈവിക വഴിയില്‍ തന്നെ എന്നു ഉറപ്പുവരുത്തി യാത്ര തുടങ്ങുകയും ചെയ്യണം. പണസമ്പാദനത്തിനായും സ്വരൂപിച്ചതിന്റെ സുരക്ഷിതത്വത്തിനായും ദൈവികവഴികള്‍ വിട്ടുമാറുകയും, ഉപദേശങ്ങളില്‍ നിന്ന് വ്യതിചലിച്ച്, സത്യോപദേശങ്ങള്‍ക്ക് അയവുവരുത്തി പഠിപ്പിക്കയും വിശ്വാസം വില്‍ക്കുകയും ചെയ്ത് അപഥസഞ്ചാരം നടത്തുന്നവര്‍ സത്യപാതയിലേക്ക് മടങ്ങിവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ന്യായവിധി ദൈവഗൃഹത്തിലാരംഭിക്കുവാന്‍ സമയമായി. ഉടുപ്പിന്റെ നിറം മാറ്റിയും, നീളം കൂട്ടിയും, ശുശ്രൂഷാരീതികള്‍ക്ക് മാറ്റം വരുത്തിയും പൂര്‍വ്വികര്‍ ഉപേക്ഷിച്ചതിനെ തിരികെ എടുത്തും, സിംഹാസനമുറികള്‍ വാര്‍ത്തുണ്ടാക്കിയും, സാധാരണക്കാര്‍ക്ക് അപ്രാപ്യനായ വ്യക്തിയായി തന്നെത്തന്നെ ഉയര്‍ത്തി ആത്മീകതയുടെ പരിവേഷം അണിഞ്ഞ് ബാബിലോണിലേക്ക് മടങ്ങിപ്പോകുവാനുള്ള പ്രവണത അവസാനിപ്പിക്കുക. ഞാന്‍ തന്നെ വഴിയും സത്യവും, ജീവനും ആകുന്നുവെന്ന് പറഞ്ഞ കര്‍ത്താവിന്റെ പാതയെ പിന്‍തുടരുക. തിക്കാതിരിക്കുക. പാതയില്‍ സഞ്ചരിക്കുക, നേരെ നടക്കുക.

പ്രവാചകനായ യോവേലിന്റെ ദൂത് ജനം ഏറ്റെടുക്കുവാന്‍ തയ്യാറായി. ഉദ്ധാരണത്തിന് ഒരൊറ്റ മാര്‍ഗ്ഗമേയുള്ളൂ എന്ന് യോവേല്‍ വിളിച്ചു പറഞ്ഞു. അത് ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിവിന്‍. അവന്‍ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയുള്ളവനല്ലോ? അവന്‍ അനര്‍ത്ഥത്തെകുറിച്ച് അനുതപിക്കും. (Joel 2:13). “മഴ പെയ്യാതിരിക്കേണ്ടതിന് ഞാന്‍ ആകാശം അടക്കയോ, ദേശത്തെ തിന്നുമുടിക്കേണ്ടതിനു വെട്ടുക്കിളിയോട് കല്പിക്കുകയോ. എന്റെ ജനത്തിന്റെ ഇടയില്‍ മഹാമാരി വരുത്തുകയോ ചെയ്താല്‍ എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ത്ഥിച്ച് എന്റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കില്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിന് സൗഖ്യം വരുത്തിക്കൊടുക്കും” (2Chron.7:13,14).

എന്തുകൊണ്ടാണ് വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറണം എന്ന് പ്രവാചകന്‍ ആവശ്യപ്പെടുന്നത്?
ദൈവദൂഷണം കാണുകയോ, കേള്‍ക്കുകയോ ചെയ്യുമ്പോഴും (Acts 14:14; Matt.26:65, 68) അമിത ദുഃഖത്തിന്റെ ബാഹ്യപ്രകടനമായും (Est. 4:1) പുറം വസ്ത്രം വലിച്ചു കീറുന്ന പതിവ് യിസ്രായേല്യരുടെ നടുവില്‍ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള ബാഹ്യപ്രകടനമല്ല ഹൃദയത്തിനകത്തുനിന്നുള്ള അനുതാപവും ഏറ്റുപറച്ചിലും അത്രേ പ്രവാചകന്‍ ആവശ്യപ്പെടുന്നത്. പുറമേയുള്ള പ്രകടനങ്ങളിലൂടെ ലോകത്തിന്റെ മുന്‍പില്‍ ഭക്തനായി നടിക്കുവാന്‍ കഴിഞ്ഞേക്കും. ദൈവമോ ഹൃദയങ്ങളെ ശോധന ചെയ്യുന്നു. കാപട്യം ദൈവം വെറുക്കുന്നു. ഉള്ള അവസ്ഥ സമ്മതിച്ച് അടുത്തു ചെല്ലുന്നവനെ സ്വീകരിക്കുന്നു. നാസീര്‍വൃതം അനുഷ്ഠിക്കുന്ന ഒരുവനില്‍ എന്തെങ്കിലും ലംഘനം ഉണ്ടായാല്‍ അവന്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് താന്‍ വൃതം ഉള്ളവനെന്ന് മറ്റുള്ളവരുടെ മുന്‍പില്‍ വെളിപ്പെടുത്തുന്ന, ക്ഷൗരകത്തി തൊടാരിക്കുന്ന തന്റെ തല ക്ഷൗരം ചെയ്യണം പിന്നീട് നിയമപ്രകാരം ശുദ്ധീകരണം പ്രാപിക്കണം (Num.6:1-2).

തന്റെ ലംഘനങ്ങളെ മറച്ചുവയ്ക്കുന്നവനു ശുഭം വരികയില്ല. ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും. “തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവന്‍ ആര്‍? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കേണമേ. സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമെ. അവ എന്റെ മേല്‍ വാഴരുതേ. എന്നാല്‍ ഞാന്‍ നിഷ്‌കളങ്കനും, മഹാപാതകരഹിതനും ആയിരിക്കും. എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ എന്റെ വായിലെ വാക്കുകളും, എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.” (Psa.19:12-14). ദൈവജനമേ ബാഹ്യപ്രകടനങ്ങള്‍ അവസാനിപ്പിക്കാം. ആധുനിക തലമുറയുടെ ആത്മീകാധഃപതനം കണ്ടും രാഷ്ട്രങ്ങളുടെ തകര്‍ച്ച കണ്ടും യുദ്ധത്തിനായുള്ള പോര്‍വിളിയും, പട്ടിണിയുടെ നിലവിളിയും കേട്ട് ഉണര്‍ന്നെഴുന്നേല്ക്ക. മാരക രോഗങ്ങള്‍, അര്‍ബുദ്ധവ്യാധികള്‍, പ്രകൃതി ക്ഷോഭങ്ങള്‍, ഭൂകമ്പം, കടലാക്രമണം തുടങ്ങി ആര്‍ക്കും തടയുവാന്‍ കഴിയാത്ത നിലയില്‍ ലോകം വഷളായികൊണ്ടിരിക്കുന്നു. തീവ്രവാദവും, രക്തച്ചൊരിച്ചിലും, കൂട്ടക്കൊലകളും ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്നു. ലോകനേതാക്കള്‍ പകച്ചുനില്‍ക്കുന്നു. ദൈവജനം തങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കട്ടെ. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നെ കീറി ഇടുവില്‍ നിന്ന് നിലവിളിച്ച് പ്രാര്‍ത്ഥിക്കാം. സിയോനില്‍ കാഹളം ഊതി ഉപവാസം നിയമിച്ചു. സഭയെ കൂട്ടിവരുത്തി ശുദ്ധീകരിച്ചു. മൂപ്പന്മാരും പൈതങ്ങളും, മുലകുടിക്കുന്നവരും, മണവാളനും, മണവാട്ടിയും പുരോഹിതനും ഒരുമിച്ചുകൂടി കരഞ്ഞും കൊണ്ട് പ്രാര്‍ത്ഥിക്കട്ടെ. (Joel 2:15-17).

അവരുടെ പ്രാര്‍ത്ഥനയില്‍ മൂന്നു കാര്യങ്ങള്‍ ദൈവത്തോട് അപേക്ഷിച്ചു (Joel 2:17).
1. യഹോവേ നിന്റെ ജനത്തോട് ക്ഷമിക്കേണമേ.
2. നിന്റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതെ.
3. അവരുടെ ദൈവം എവിടെയെന്ന് ജാതികളുടെ ഇടയില്‍ പറയുന്നതെന്തിന്?
ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഉയര്‍ന്ന ഈ പ്രാര്‍ത്ഥന ദൈവം അംഗീകരിച്ചു. പ്രവാചകനിലൂടെ മറുപടി നല്‍കിയത് ശ്രദ്ധിക്കുക. (Joel 2:18-27).
a. അവരുടെ പാപങ്ങള്‍ ക്ഷമിച്ച് അവരെ ശുദ്ധീകരിച്ചു.
b. ഞാന്‍ ഇനി നിങ്ങളെ ജാതികളുടെ ഇടയില്‍ നിന്ദയാക്കുകയില്ല. (Joel 2:19)
c. എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയില്ല. (Joel 2:27)
d. ഞാന്‍ യിസ്രായേലിന്റെ നടുവില്‍ ഉണ്ട്. (Joel 2:27)

വരള്‍ച്ചമാറി, ക്ഷാമം നീങ്ങി, ഫലവൃക്ഷങ്ങളും, സസ്യാദികളും ഫലപൂര്‍ണ്ണമായി കഴിഞ്ഞു. ധാന്യം വിളഞ്ഞു. എണ്ണയും വീഞ്ഞും ചക്കുകളില്‍ കവിയുന്നു. മാത്രമല്ല, വെട്ടുക്കിളിയും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങള്‍ക്കുവേണ്ടി ഞാന്‍ നിങ്ങള്‍ക്ക് പകരം നല്കും. ഇത്ര അത്ഭുതകരമായി പ്രവര്‍ത്തിക്കുന്ന മഹാദൈവത്തെ സേവിപ്പാന്‍ ഇടയാകുന്നത് എത്രയോ ഭാഗ്യകരമായ അവസ്ഥയാണ്. കുറ്റമറ്റ മനസാക്ഷിയോടും, നിര്‍മ്മലഹൃദയത്തോടും വെടിപ്പുള്ള കരങ്ങളോടും, ശരീരം ശുദ്ധവെള്ളത്താല്‍ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്‍ണ്ണനിശ്ചയത്തോടെ ദൈവത്തെ സേവിക്ക. നഷ്ടപ്പെട്ട ആത്മീക, ഭൗതിക, ശരീരിക, മാനസ്സിക നന്മകള്‍ ദൈവം നിനക്ക് മടക്കി തരും. യഹോവയിങ്കലേക്കും അവന്റെ പ്രമാണങ്ങളിലേക്കും മടങ്ങി വരാം. വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നെ കീറിക്കൊണ്ട് ദൈവത്തിങ്കലേക്ക് വരിക. ആത്മീക നന്മകള്‍ക്കെതിരെ, ഭൗതിക അവകാശങ്ങള്‍ക്കെതിരെ, തലമുറകള്‍ക്കെതിരെ, നിന്റെ ആരോഗ്യത്തിനെതിരെ വെല്ലുവിളിക്കുന്ന, ഇപ്പോള്‍ അപഹരിക്കും, തിന്നുമുടിക്കും എന്നു വാദിക്കുന്ന ശത്രുവിന്മേല്‍ ജയം കൈവരിക്കുക. കര്‍ത്താവു തന്ന അധികാരം ഉപയോഗിച്ച് ശത്രുവായ പിശാചിനെ തുരത്തുക. ദൈവം നമ്മോടു കൂടെയുണ്ട്, ഭയപ്പെടേണ്ട. ഘോഷിച്ചുല്ലസിച്ച് സന്തോഷിക്ക. യഹോവ വന്‍കാര്യങ്ങളെ ചെയ്തിരിക്കുന്നു.

അദ്ധ്യായം 20-ക്രിസ്തുവില്‍ നാം സ്വതന്ത്രര്‍
“അഴിപ്പാന്‍ തന്നേ ദൈവപുത്രന്‍ പ്രത്യക്ഷനായി” 1John 3:8. കര്‍ത്താവ് ലോകത്തില്‍ വന്നത് പിശാചിന്റെ പ്രവര്‍ത്തികളെ അഴിപ്പാനാണ്. സാത്താന്റെ പ്രവര്‍ത്തികളെ കര്‍ത്താവ് തകര്‍ത്തതിനാല്‍ നാം സ്വതന്ത്രരായി. ദുഷ്ടനായ പിശാചിന്റെ അടിമത്വത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചവരാണ് ദൈവമക്കളായ നാം ഓരോരുത്തരും. സാത്താന്‍ പലവിധത്തിലുള്ള നുകങ്ങള്‍ നമ്മുടെമേല്‍ കെട്ടിവച്ചിരുന്നു. പാപത്തിന്റെ നുകം, പാപത്തിന്റെ ശമ്പളമായ മരണത്തിന്റെ നൂകം, ന്യായപ്രമാണ നൂകം, പൗരോഹിത്യനുകം, മനുഷ്യരുടെ ദാസ്യത്വം എന്ന നൂകം തുടങ്ങി അനേക നുകങ്ങള്‍ യേശു ലോകത്തില്‍ വന്നതു കൊണ്ട് അഴിച്ചുമാറ്റി. പിശാചിന്റെ സകല പ്രവര്‍ത്തികളും അഴിച്ചു മാറ്റപ്പെട്ടവരായ നാം ആത്മാവിലും ശരീരത്തിലും സ്വതന്ത്രരായിത്തീര്‍ന്നു.

അതിപ്രധാനമായി സാത്താന്‍ മനുഷ്യവര്‍ഗ്ഗത്തെ ബന്ധിച്ചു കൊണ്ടിരുന്ന മൂന്നു ബന്ധനങ്ങളാണ് പാപം, രോഗം, മരണം. ഈ മൂന്നു ബന്ധനങ്ങളും സാത്താന്‍ മനുഷ്യനെ അടിച്ച് ഏല്പിക്കുകയാണ്.
1. പാപം
പാപം എന്ന പ്രധാന ആയുധമാണ് ഏദന്‍ മുതല്‍ സാത്താന്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ആദിമമനുഷ്യനെ അവന്‍ പാപത്താല്‍ ബന്ധിച്ചു. എന്നാല്‍ യേശുക്രിസ്തുവിന്റെ രക്തത്താല്‍ നമുക്ക് പാപബന്ധനത്തില്‍ നിന്നും പരിപൂര്‍ണ്ണ വിടുതലുണ്ട്. നമ്മള്‍ പാപികളും ദോഷികളും ആയിരുന്നു. എന്നാല്‍ യേശുവിന്റെ രക്തത്താല്‍ കഴുകല്‍ പ്രാപിച്ച ദിനം മുതല്‍ നാം സ്വതന്ത്രരാണ്. കടല്‍ക്കരയില്‍ വെച്ച് ആദ്യമായി യേശുവിനെ കണ്ടുമുട്ടിയപ്പോള്‍ പത്രോസ് പറഞ്ഞു, എന്നെ നീ വിട്ടു പോകേണം. ഗലീല കടല്‍പ്പുറത്തുവച്ച് പത്രോസ് സമ്മതിച്ചു. നാഥാ ഞാനൊരു പാപിയാണ്. പിന്നീട് മൂന്നുവട്ടം യേശുവിനെ തള്ളിപ്പറഞ്ഞശേഷം താന്‍ പാപിയാണെന്നു പത്രോസ് പറഞ്ഞില്ല. പ്രത്യുത തന്റെ ജീവിതത്തിലെ തെറ്റുകളെക്കുറിച്ച് അനുതപിക്കുകയാണ് ചെയ്തത്. നമ്മള്‍ രക്ഷിക്കപ്പെട്ട ദൈവജനമാണ്, പാപികളല്ല. പാപത്തിന്റെ കയറിനെ കര്‍ത്താവ് അറുത്തുവിട്ടു. എന്നാല്‍ ജീവിതത്തില്‍ ബലഹീനതകള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ നാം അനുതപിക്കേണം, പശ്ചാത്തപിക്കേണം, ഏറ്റുപറയേണം, മടങ്ങിവരേണം, ശുദ്ധീകരണത്തിനായി അപേക്ഷിക്കണം. അങ്ങനെ നാം ഏറ്റുപറയുമ്പോള്‍ അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നതാണ്.

ദൈവമക്കളെ സാത്താന്‍ ഇന്ന് പരീക്ഷിക്കുന്നത് മറ്റൊരുവിധത്തിലാണ്. കഠിനമായ പാപത്തില്‍ വീഴിക്കുവാന്‍ സാത്താന് സാദ്ധ്യമല്ല, രക്ഷിക്കപ്പെട്ടതാണെന്നുള്ള ബോധ്യം എപ്പോഴും നമ്മുടെ ഹൃദയത്തിലുണ്ട്. എന്നാല്‍ ചെറിയ ചെറിയ കുറ്റങ്ങള്‍ നമ്മെക്കൊണ്ട് ചെയ്യിപ്പിക്കും. വാക്കില്‍, പ്രവര്‍ത്തിയില്‍, ചിന്തയില്‍, നോട്ടത്തില്‍, സംസാരത്തില്‍, ഇങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലൂടെ ചെറിയ വീഴ്ചകള്‍ നമ്മുടെ ജീവിതത്തില്‍ കൊണ്ടുവരും. അതെന്തിനുവേണ്ടിയാണെന്ന് വിശ്വാസികള്‍ മനസ്സിലാക്കേണം. മനസ്സിന്റെ സ്വസ്ഥതയെ നഷ്ടപ്പെടുത്തുവാന്‍, നമുക്ക് സന്തോഷത്തോടെ ദൈവത്തെ ആരാധിക്കുവാന്‍ സാദ്ധ്യമല്ലാത്ത അവസ്ഥയില്‍, പ്രാഗത്ഭ്യത്തോടെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയാത്ത നിലയില്‍, ദൈവസന്നിധിയില്‍ മുട്ടുമടക്കുമ്പോള്‍ ഹൃദയത്തില്‍ ചോദ്യചിഹ്നം വരത്തക്കനിലയില്‍ നമ്മുടെ ഏകാഗ്രതയെ നഷ്ടപ്പെടുത്തുവാന്‍ പിശാച് തന്ത്രങ്ങള്‍ മെനയും. ഇതില്‍ നിന്ന് നമുക്ക് എങ്ങനെ ജയം പ്രാപിക്കാം? യേശുവിന്റെ രക്തത്തില്‍ ആശ്രയിക്കുക, യേശുവിന്റെ രക്തത്തിന് കഴുകിക്കളയുവാന്‍ കഴിയാത്ത യാതൊരു പാപവുമില്ല. മനസ്സില്‍ പിശാച് വാദിക്കുമ്പോള്‍ നാം ധൈര്യത്തോടെ പറയേണം, അവന്റെ പുത്രനായ യേശുവിന്റെ രക്തം എല്ലാ സകല പാപവും പോക്കി എന്നെ വിടുവിക്കുന്നു. സാത്താന് അവിടെ നില്ക്കുവാന്‍ സാദ്ധ്യമല്ല. അവന്റെ തന്ത്രങ്ങളെ നാം ജയിക്കേണം. വചനം പറയുന്നു പിശാചിന്റെ തന്ത്രങ്ങളെ നിങ്ങള്‍ അറിയാത്തവരല്ലല്ലോ. ഈ സാത്താന്യ തന്ത്രങ്ങള്‍ തിരിച്ചറിയുവാന്‍ പ്രയാസമില്ല. ദൈവത്തിന്റെ ആത്മാവുള്ള എല്ലാവര്‍ക്കും അറിയാം. ആത്മീയന്‍ സകലത്തേയും വിവേചിക്കുന്നു, അവന്‍ ആരായാലും വിവേചിക്കപ്പെടുകയുമില്ല. അവന്‍ ഭേദാഭേദങ്ങളെ തിരിച്ചറിയുന്നവനാണ്. ആത്മീയരായ നാം സാത്താന്റെ തന്ത്രങ്ങളെ തിരിച്ചറിഞ്ഞ് എല്ലാ ദിവസവും ജയമെടുക്കേണം.
പാപത്തിന്റെ ബന്ധനം അഴിക്കുവാന്‍ കര്‍ത്താവ് ലോകത്തിലേക്ക് വന്നു. Luke 7:48-50 വരെയുള്ള വാക്യങ്ങളില്‍ പാപബന്ധനം അഴിച്ച ഒരു സംഭവം രേഖപ്പെടുത്തിരിക്കുന്നു. ഇവിടെ പരീശന്മാരുടെ കൂട്ടത്തില്‍ ശിമയോന്‍ എന്നുപേരുള്ളയാള്‍ കര്‍ത്താവിനെ വീട്ടിലേക്ക് ക്ഷണിച്ചു. കര്‍ത്താവ് ക്ഷണം സ്വീകരിച്ച് അവിടെചെന്നു. യേശു ആ വീട്ടിലുണ്ടെന്ന വാര്‍ത്ത വളരെ പെട്ടെന്ന് പരന്നു. യേശു ഒരു ഭവനത്തിലുണ്ടെങ്കില്‍, ഒരു ഗ്രാമത്തിലുണ്ടെങ്കില്‍ ആ വാര്‍ത്ത പെട്ടെന്ന് പരക്കും. വാര്‍ത്ത കേട്ട് ഒരു സ്ത്രീ ശിമയോന്റെ വീട്ടില്‍ വന്നു. ആ പട്ടണത്തില്‍ പലവിധത്തിലുള്ള ആള്‍ക്കാര്‍ ഉണ്ടായിരുന്നു. പുരോഹിതന്മാര്‍, പരീശന്മാര്‍, ന്യായശാസ്ത്രികള്‍, ചുങ്കക്കാര്‍, ധനവാന്മാര്‍, പ്രമാണികള്‍, ഭരണകര്‍ത്താക്കള്‍ ഇവരിലാരും കര്‍ത്താവിന്റെ അടുക്കല്‍ വന്നില്ല. അനേകര്‍ യേശു വരുന്നത് അറിഞ്ഞിട്ടും പ്രതികരിക്കാതെയിരുന്നപ്പോള്‍ ആ പാപിനിയായ സ്ത്രീ ആ വീട്ടിലേക്ക് യേശുവിനെ കാണാന്‍ ഓടിച്ചെന്നു. ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്. ആത്മീയ ദാരിദ്ര്യം അനുഭവിക്കുകയും, അത് ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നവരാണ് അനുഗ്രഹം പ്രാപിക്കുന്നത്.

പാപിനിയായ സ്ത്രീ ശിമയോന്റെ വീട്ടില്‍ പ്രവേശിച്ച് യേശുവിന്റെ കാല്‍ക്കല്‍ ഇരുന്നു കരയുവാന്‍ തുടങ്ങി. അവളുടെ പേര് അവിടെ പറഞ്ഞിട്ടില്ല. എങ്കിലും വിശേഷണം എഴുതിയിരിക്കുന്നു, പട്ടണത്തിലേക്കും പാപിനിയായ സ്ത്രീ. അവള്‍ക്ക് കുറ്റബോധമുള്ള മനസ്സാക്ഷി ഉള്ളതുകൊണ്ടാണ് കരയുവാന്‍ തുടങ്ങിയത്. കണ്ണുനീരോടെ തന്റെ സന്നിധിയിലേക്ക് വരുന്ന ആരേയും കര്‍ത്താവ് തിരസ്‌ക്കരിക്കയില്ല, അവന്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വരുത്തുന്നവനാണ്. കുറ്റബോധത്താല്‍ പാപിനിയായ സ്ത്രീ കരഞ്ഞു. ഇപ്രകാരം അനുതപിച്ച വേറെ ഒരു വ്യക്തിയെ ദൈവവചനത്തില്‍ കാണാം. മറ്റാരുമല്ല, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്‌കര്യോത്താ യൂദാ. രണ്ടുപേര്‍ക്കും കുറ്റബോധമുണ്ടായി, രണ്ടുപേരും കരഞ്ഞു, എന്നാല്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗത്തിലാണ് തെറ്റുസംഭവിച്ചത്. യഹൂദാ പാരമ്പര്യപ്രകാരം ഒരുവന് കുറ്റബോധമുണ്ടായാല്‍ കാളക്കിടാവിനെയോ, ആട്ടുകൊറ്റനേയോ കയ്യില്‍ പിടിച്ചുകൊണ്ട് പുരോഹിതന്റെ അടുക്കല്‍ ചെല്ലേണം. ഇപ്രകാരമുള്ള മതത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ടാണ് ഈ സ്ത്രീ യേശുവിന്റെ അടുക്കല്‍ വന്നത്. അവള്‍ വിടുതല്‍ പ്രാപിച്ചു മടങ്ങിപ്പോയി. എന്നാല്‍ അനുതപിച്ച യൂദാ നേരെ പോയത് മഹാപുരോഹിതന്റെയും മൂപ്പന്മാരുടെയും അടുക്കലാണ്. അവര്‍ക്ക് അവന്റെ കഠിനമായ പാപം മോചിച്ചുകിട്ടുവാന്‍ ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല. അവന്റെ ജീവിതം ഒരു കയറിന്റെ അറ്റത്ത് അവസാനിച്ചു. എന്നാല്‍ കര്‍ത്താവിന്റെ പാദപീഠത്തില്‍ കണ്ണുനീര്‍വാര്‍ത്ത ആ പാപിനിയായ സ്ത്രീ, അവളെക്കുറിച്ച് ചരിത്രത്തില്‍, തിരുവെഴുത്തില്‍ രേഖപ്പെടുത്തിയ പ്രകാരം അവള്‍ അനുഗ്രഹിക്കപ്പെട്ടവളായിത്തീര്‍ന്നു. യേശുവിന്റെ പാദപീഠത്തില്‍ മുട്ടുമടക്കുവാന്‍ അവസരം ലഭിച്ചതാണ് നമ്മുടെ ഭാഗ്യം എന്നു പറയുന്നത്. ഇവള്‍ കരഞ്ഞു കണ്ണീര്‍കൊണ്ട് യേശുവിന്റെ പാദം കഴുകി, മുടികൊണ്ട് തുടച്ചു, തൈലം പൂശി, പാദത്തില്‍ ചുംബിച്ചു. ഉടനെ ശിമയോന്‍ മനസ്സില്‍ പറയുകയാണ്, ഇവനൊരു പ്രവാചകന്‍ എന്നു വിചാരിച്ചാണ് വീട്ടിലേക്ക് ക്ഷണിച്ചത്. ഇവന്‍ പ്രവാചകനായിരുന്നെങ്കില്‍ ഇവനെ തൊടുന്നതാരെന്നും, അവള്‍ എങ്ങനെയുള്ളവള്‍ എന്നും അവന്‍ അറിയുമായിരുന്നു. ശിമയോന്‍ ഹൃദയത്തില്‍ നിരൂപിച്ചത് യേശു അറിഞ്ഞു. അവന്‍ നമ്മുടെ ഹൃദയത്തിന്റെ നിരൂപണങ്ങളെ ഗ്രഹിക്കുന്നവനാണ്. വെളിച്ചത്ത് വരാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ലയെന്ന് ദൈവവചനം ഓര്‍പ്പിക്കുന്നു. ആഴ്ചകള്‍ കഴിഞ്ഞാലും, മാസങ്ങള്‍ പോയാലും ആണ്ടുകള്‍ കഴിഞ്ഞാലും മറച്ചുവച്ചത് വെളിച്ചത്ത് വരികതന്നെ ചെയ്യും.

യേശു അവനെ വിളിച്ചു ശിമയോനേ, “റബ്ബൂനീ, ഗുരോ” എന്ന് വിളികേട്ടു. എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്, ഒരു മനുഷ്യന് രണ്ട് കടക്കാരുണ്ടായിരുന്നു. ഒരുത്തന്‍ അധികം കടംപെട്ടവന്‍, മറ്റവന്‍ കുറച്ച് കടംപെട്ടവന്‍. യജമാനന്‍ രണ്ടുപേരേയും വിളിച്ച് അവര്‍ക്ക് കടം ഇളച്ചുകൊടുത്തു… ഇവരില്‍ ആരാണ് യജമാനനെ അധികം സ്‌നേഹിക്കുന്നത്? ശിമയോന്‍ പറഞ്ഞു അധികം ഇളച്ചു കിട്ടിയവന്‍ എന്നാല്‍ ഞാന്‍ നിന്നോടു പറയുന്നു, ഞാന്‍ വീട്ടില്‍ വന്നു നീ എനിക്ക് കാലിനു വെള്ളം തന്നില്ല, നീ എന്റെ കാല്‍ തുടച്ചില്ല, കാലില്‍ തൈലം പൂശിയില്ല, നീ എനിക്ക് ചുംബനം തന്നില്ല. ഈ സ്ത്രീയെ നോക്കൂ… ഞാന്‍ വന്ന നിമിഷം മുതല്‍ കണ്ണുനീര്‍ കൊണ്ട് എന്റെ കാലുകളെ കഴുകി.. അവളുടെ കാര്‍കൂന്തല്‍ കൊണ്ട് എന്റെ കാലുകളെ തുടച്ചു, എന്റെ കാല്‍ ചുംബിച്ചു, കാലില്‍ സുഗന്ധ തൈലം പൂശി. ആകയാല്‍ ഇവളുടെ അനേക വിധമായ പാപങ്ങളെ മോചിച്ചു കൊടുത്തിരിക്കുന്നു. യേശു അവളുടെ പാപങ്ങള്‍ മോചിച്ചുകൊടുത്തു… കൂടെ പന്തിയില്‍ ഇരുന്നവര്‍ ചോദിച്ചു പാപമോചനം കൊടുക്കുന്ന ഇവനാര്‍? കര്‍ത്താവ് അവളോട് പറഞ്ഞു നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. വിശ്വാസമാണ് രക്ഷയുടെ ആധാരം, ആത്മരക്ഷമാത്രമല്ല, രോഗസൗഖ്യവും വിശ്വാസത്താലാണ്. അടയാളങ്ങള്‍ വിശ്വാസത്താലാണ്, അത് നാവിന്റെ തുമ്പിലുണ്ട്. ധൈര്യത്തോടെ നാം വിശ്വാസത്തിന്റെ വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ വിശ്വാസം നമ്മെ രക്ഷിക്കും. വിശ്വാസം നമ്മുടെ ബലഹീനതയെ മാറ്റും, വിശ്വാസം രോഗസൗഖ്യം തരും… നമ്മുടെ വിശ്വാസം വര്‍ദ്ധിക്കട്ടെ. വിശ്വസിക്കുക, വിശ്വാസത്തിന്റെ വാക്കുകള്‍ ഉച്ചരിക്കുക. വിശ്വാസത്തിന്റെ പ്രവര്‍ത്തി ചെയ്യുക.
പാപിനിയായ സ്ത്രീയുടെ അനേക വിധമായ പാപബന്ധങ്ങള്‍ കര്‍ത്താവ് അഴിച്ചുമാറ്റി. അവള്‍ സ്വതന്ത്രയായിത്തീര്‍ന്നു. മാനവജാതിയുടെ പാപബന്ധങ്ങളെ അഴിക്കുവാന്‍ മനുഷ്യപുത്രന്‍ ഈ ലോകത്തിലേക്കു വന്നു. അവന്റെ അടുക്കല്‍ വിശ്വാസത്തോടെ ചെല്ലുന്നവര്‍ക്ക് വിടുതലും സൗഖ്യവുമുണ്ട്. ഈ അന്ത്യനാളുകളില്‍ അനേകര്‍ വിശ്വാസത്താല്‍ പാപമോചനം പ്രാപിച്ച്, സ്വതന്ത്രരായി കര്‍ത്താവിനെ ആരാധിക്കുവാന്‍ തുടങ്ങി.

2. രോഗം
സാത്താന്‍ മനുഷ്യവര്‍ഗ്ഗത്തെ ബന്ധിക്കുവാന്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ ആയുധമത്രേ രോഗം. മാരകമായ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍, അര്‍ബുദവ്യാധികള്‍ എന്നിവ വര്‍ദ്ധിച്ചുവരികയാണ്. ഒരു ശക്തിക്കും തടഞ്ഞുനിര്‍ത്തുവാന്‍ കഴിയുന്നില്ല. വൈദ്യശാസ്ത്രം നിരാശയോടെ നോക്കി നില്‍ക്കുന്നു. വൈദ്യന്മാര്‍ നിസ്സഹായരാകുന്നു. ആശയറ്റ മനുഷ്യര്‍ മരണത്തെ നോക്കി കേഴുന്നു. മരണത്തിന്റെ ഭീകരത അവന്റെ മനസ്സിനെ തളര്‍ത്തിക്കളയുന്നു. രാവും, പകലും അവന് ഒരുപോലെ. പ്രഭാതമായാല്‍ സന്ധ്യയായിരുന്നെങ്കില്‍, സന്ധ്യയായാല്‍ പ്രഭാതമായിരുന്നെങ്കില്‍… ദിവസങ്ങള്‍ എണ്ണി എണ്ണി തള്ളുന്നു. ആര് സഹായിക്കും? ആര് വിടുവിക്കും? ഒരേ ഒരു ചോദ്യം; ആര്‍ക്ക് എന്നെ വിടുവിപ്പാന്‍ കഴിയും?
എനിക്കിനി ഒരു ജീവിതം ഉണ്ടോ? എനിക്ക് സൗഖ്യം ഉണ്ടാകുമോ? എന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമോ? നിങ്ങള്‍ ചിന്തിക്കുന്നുവോ? കര്‍ത്താവ് നിങ്ങളോട് സംസാരിക്കുന്നത് ശ്രദ്ധിക്കുക. പിശാചിന്റെ വാക്കുകള്‍ക്ക് നിങ്ങള്‍ ചെവി കൊടുക്കരുത്. അവന്റെ സംവാദം ശ്രദ്ധിക്കരുത്. അവന്‍ അറുക്കുവാനും, മുടിക്കുവാനും വരുന്നവനാണ്. അവിശ്വാസം, സംശയം, നിരാശ അവന്റെ ആയുധമാണ്. വിശ്വാസത്താല്‍ സാത്താന്റെ ആയുധങ്ങളെ ഉടച്ചുകളയുക. അവന്റെ തന്ത്രങ്ങളെ നിര്‍വീര്യമാക്കുക. സാത്താന്റെ തീയമ്പുകളെ കെടുത്തിക്കളയണം. വിശ്വാസത്തിന്റെ മാത്രം വാക്കുകള്‍ ഉച്ചരിക്കുക. അതുതന്നേ ആവര്‍ത്തിച്ചു പറയുക. വിശ്വാസത്തിന്റെ പ്രവര്‍ത്തി ചെയ്യുക. കര്‍ത്താവ് പറയുന്നു ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവയാകുന്നു. “അവന്‍ നിന്റെ അകൃത്യം ഒക്കെയും മോചിപ്പിക്കുന്നു. നിന്റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു.” “അവന്‍ നിന്റെ ജീവനെ നാശത്തില്‍നിന്ന് വീണ്ടെടുക്കും” Psa.103:3, 4. കര്‍ത്താവ് പ്രവര്‍ത്തിക്കും. ആര്‍ തടുക്കും യഹോവ സൗഖ്യമാക്കും, അവന്‍ എഴുന്നേല്പിക്കും, ആയുസ്സ് ദീര്‍ഘമാക്കും, അവനതു കഴിയും, അവനുമാത്രമേ അതു സാധിക്കു. വിശ്വസിച്ചാല്‍ നീ ദൈവത്തിന്റെ മഹത്വം കാണും. “അവന്റെ അടിപ്പിണരാല്‍ നമുക്ക് സൗഖ്യം വന്നിരിക്കുന്നു.” Isa.53:5.

ദുഃഖിക്കുന്നവരോടുകൂടെ ദുഃഖിക്കുകയും, വേദനിക്കുന്നവരെകണ്ട് മനസ്സലിയുകയും, കരയുന്നവനോടുകൂടെ കണ്ണുനീര്‍ വാര്‍ക്കുകയും ചെയ്യുന്നവന്‍, യേശു ഒരുവന്‍ മാത്രം. അവനു മാത്രമേ നിന്റെ വേദനയുടെ പ്രശ്‌നം, ദുഃഖത്തിന്റെ ആഴം അറിയാവൂ. ഇന്നലെ അവന്‍ വിടുവിച്ചു. ഇന്ന് വിടുവിക്കുന്നു. നാളെ വിടുവിക്കും. സംശയം വേണ്ട. കര്‍ത്താവിതാ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ തന്നെ. യേശുക്രിസ്തു ഒരു മനുഷ്യനെ അറിയുന്നതുപോലെ മറ്റാരും അറിയുന്നില്ല. അറിയുവാന്‍ കഴിയുന്നതുമില്ല. രോഗിയുടെ വേദന കര്‍ത്താവ് അറിയുന്നു. എന്തുകൊണ്ടെന്നാല്‍ അവന്‍ രോഗം ശീലിച്ചവനായും ഇരുന്നു. Isa.53:3. വിശക്കുന്നവന്റെ വിശപ്പ് യേശുവിനറിയാം. “അവന്‍ വിശന്നു” Matt.4:2 ചുങ്കം കൊടുക്കുവാന്‍ പണമില്ലാതിരുന്നവന്് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവന്റെ വേദന നന്നായി അറിയാം. വഴിയമ്പലത്തില്‍ ചെന്ന് കാലിത്തൊഴുത്തില്‍ കിടക്കേണ്ടിവന്ന യേശുവിന് വീടില്ലാത്ത ബുദ്ധിമുട്ടെന്തന്നറിയാം. തലചായ്പ്പാനിടമില്ലാതെയും, കടമെടുത്ത വാഹന മൃഗത്തിന്റെ പുറത്ത് സഞ്ചരിച്ചവനും, ആയ കര്‍ത്താവിനെപ്പോലെ നമ്മെ മനസ്സിലാക്കുവാന്‍ ലോകത്തിലൊരുവനും സാദ്ധ്യമല്ല. “സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു. നമ്മുടെ വേദനകളെ അവന്‍ ചുമന്നു.” Isa.53:4. സാത്താന്‍ പരാജിതനാണ്. അവന്റെ പ്രവര്‍ത്തികളെ കര്‍ത്താവ് ഉടച്ചു. അവന്‍ കെട്ടിയ കെട്ടുകളെ നമ്മുടെ കര്‍ത്താവ് തകര്‍ത്തു. നാം സ്വസ്ഥരാണ്, സ്വതന്ത്രരാണ്.

യേശുക്രിസ്തുവിന്റെ പരസ്യപ്രവര്‍ത്തന കാലയളവില്‍ എത്രയെത്ര രോഗികളെയാണവന്‍ സൗഖ്യമാക്കിയത്. അവന്റെ അടുക്കല്‍ വന്നിട്ട് ആര്‍ക്കാണ് വിടുതല്‍ ലഭിക്കാതിരുന്നത്. വിടുതല്‍ ലഭിക്കാതിരുന്ന ഒരാള്‍പോലും ഇല്ല. കര്‍ത്താവിങ്കല്‍നിന്ന് അത്ഭുതവിടുതല്‍ പ്രാപിച്ച ഒരു സംഭവം ചുവടെ ചേര്‍ക്കുന്നു.
പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും സമ്പാദ്യം എല്ലാം വൈദ്യന്മാര്‍ക്ക് കൊടുത്തിട്ടും ആരാലും സൗഖ്യം കൊടുക്കുവാന്‍ കഴിയാത്തവളുമായ ഒരു സ്ത്രീയെക്കുറിച്ചും, കര്‍ത്താവിങ്കല്‍ നിന്ന് അവള്‍ക്ക് ലഭിച്ച അത്ഭുതവിടുതലിനെക്കുറിച്ചും Luke 8:43-48 വരെയുള്ള ഭാഗത്ത് വിശദീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. പന്ത്രണ്ടു സംവത്സരമായി മാരകരോഗം ഇവളെ ബാധിച്ചിട്ട്. അവള്‍ ഒരു ജീവശ്ചവമായി മാറിക്കഴിഞ്ഞു. രൂപവും, ആകൃതിയും നഷ്ടപ്പെട്ടു. ആശയും, ആരോഗ്യവും ഇല്ലാതായി. നിരാശയുടെ നീര്‍ച്ചുഴിയില്‍ ദിനവും താണുകൊണ്ടിരിക്കുന്നു. മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് അവള്‍ അലമുറയിടുന്നു. ഒരു പക്ഷേ അവള്‍ തന്നിലേക്ക് നോക്കി ശാപവാക്കുകള്‍ ഉരുവിടുന്നുണ്ടായിരിക്കണം. എല്ലാവരാലും കൈവിടപ്പെട്ടവള്‍, വീട്ടുകാര്‍, നാട്ടുകാര്‍, വൈദ്യന്‍, വൈദ്യശാസ്ത്രം, അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, പ്രകൃതിചികിത്സ എല്ലാം കൈവിട്ടു. ആരീ ബന്ധനം അഴിക്കും? ഇതാ യേശു ആ ഗ്രാമത്തിലൂടെ നടന്നുവരുന്നു. അവള്‍ അറിഞ്ഞു. എനിക്ക് യേശുവിന്റെ അടുക്കല്‍ പോകണം. യേശു എന്നെ സൗഖ്യമാക്കും. ഞാന്‍ എഴുന്നേല്ക്കും, മുന്നോട്ട് പോകും, യേശുവിനെ തൊടും, സൗഖ്യം പ്രാപിക്കും അവള്‍ നിശ്ചയിച്ചു. എന്നാല്‍ എല്ലാ കാലത്തും അനേകര്‍ക്കും ഉണ്ടാകുന്ന തടസ്സങ്ങള്‍ അവള്‍ക്കും ഉണ്ടായി. (1) മതം, (2) പാരമ്പര്യം (3) ജഡത്തിന്റെ ബലഹീനത (മാനുഷിക ബന്ധങ്ങള്‍) ഈവിധ ശക്തികള്‍ അവളെ തടഞ്ഞു. തടസ്സങ്ങളെ പിറകില്‍ തള്ളി, എത്ര എതിര്‍പ്പുകളെ അതിജീവിച്ചു. യേശുക്രിസ്തുവുമായുള്ള ബന്ധത്തെക്കാള്‍ വലിയ ബന്ധമില്ലെന്നവള്‍ എണ്ണി. ജീവനായാലും, മരണമായാലും അവന്റെ അടുക്കല്‍ പോകുകതന്നെ ചെയ്യും. അവള്‍ നിശ്ചയിച്ചു കഴിഞ്ഞു.
ഇതാ അവള്‍ ഉള്ള ശക്തി സംഭരിച്ച് ഓടുകയാണ്. വഴി അവള്‍ക്ക് തുറന്നുകിട്ടി. യേശുവിന്റെ പിറകില്‍ ചെന്നു. അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ തൊട്ടു. ഉടനെ, അപ്പോള്‍തന്നെ അവളുടെ രക്തസ്രവം നിന്നുപോയി. യേശുവിങ്കല്‍ നിന്ന് തൊട്ടമാത്രയില്‍ അവളിലേക്ക് ശക്തി പുറപ്പെട്ടു. അവള്‍ സൗഖ്യമായി. തടസ്സങ്ങള്‍ കണ്ട് അറച്ചും, മടിച്ചും, ന്യായവാദങ്ങള്‍ നടത്തിയും അവള്‍ കഴിഞ്ഞിരുന്നെങ്കില്‍ രോഗത്തില്‍, രോഗം നിമിത്തം മരിക്കുമായിരുന്നു.

യേശു തൊട്ടവരും, യേശുവിനെ തൊട്ടവരും എല്ലാം സൗഖ്യമായി. സമയം തക്കത്തില്‍ ഉപയോഗിച്ചവര്‍ ധന്യരായി. പിറവി കുരുടനായിരുന്ന ബര്‍ത്തിമായിയെ പോലെ വിടുതലിന്റെ സമയം തിരിച്ചറിയുക. യേശു വന്നിട്ടുണ്ട്. ഇതാണെന്റെ വിടുതലിന്റെ സമയം. കര്‍ത്താവായ എനിക്കുവേണ്ടി, എന്നെ സന്ദര്‍ശിപ്പാനത്രേ അവന്‍ വന്നിരിക്കുന്നത്. വിശ്വാസത്തിന്റെ കൈനീട്ടൂ യേശുവിനെ തൊടൂ.

3. മരണം
മക്കള്‍ ജഡരക്തങ്ങളോടുകൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോട് കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു. Heb.2:14, 15.
ക്രിസ്തുയേശുവിലൂടെ മരണത്തിന്മേല്‍ നമുക്ക് എപ്രകാരം ജയം കൈവരിക്കാം എന്നതിനെക്കുറിച്ചാണ് ഇനി നമുക്ക് ചിന്തിക്കുവാനുള്ളത്. ഈ വിഷയം സംബന്ധിച്ചുള്ള കൂടുതല്‍ പഠനത്തിന് ഇതേ പുസ്തകത്തിലെ ക്രിസ്തുവിന്റെ പുനരാഗമനം എന്ന അദ്ധ്യായം ശ്രദ്ധിക്കുക. മരണം ദൈവനിശ്ചയമാണ്. പാപം നിമിത്തമാണ് മരണം മനുഷ്യനില്‍ പ്രവേശിച്ചത്. ഒന്നാമത്തെ ആദാമിലൂടെ പാപവും, മരണവും പ്രവേശിച്ചെങ്കില്‍ ഒടുക്കത്തെ ആദാമായ ക്രിസ്തുയേശുവിലൂടെ നീതീകരണവും, ജീവനും നമുക്ക് ലഭ്യമായി. മരണത്തിങ്കലുള്ള നിത്യ വിജയം നമ്മുടെ കര്‍ത്താവിന്റെ പുനരാഗമനത്തില്‍ ലഭ്യമാകുന്നതാണ്. ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിപ്പിക്കപ്പെടും. ക്രിസ്തുവിനുള്ളവര്‍ അവന്റെ വരവിങ്കല്‍ പുനരുത്ഥാനം പ്രാപിക്കും. പുനരുത്ഥാനം സംഭവിക്കും എന്നതിന്റെ ഏറ്റവും ശക്തമായ തെളിവ് നമ്മുടെ കര്‍ത്താവ് മരണപാതാളത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റു എന്നുള്ളതാണ്. മരണത്തിനോ, പാതാളത്തിനോ, അവനെ പിടിച്ചുവെക്കാന്‍ കഴിഞ്ഞില്ല. ആകയാല്‍ അവന്റെ മക്കളെയും ഒതുക്കി വെക്കുവാന്‍ കഴിയുന്നതല്ല.

നമ്മുടെ കര്‍ത്താവിന്റെ ഈ ലോകത്തിലെ പരസ്യപ്രവര്‍ത്തനം പുനരുത്ഥാനം ഉണ്ടാകും എന്നതിന്റെ തെളിവാണ്. മൂന്ന് ആളുകളെയാണ് കര്‍ത്താവ് അപ്രകാരം ഉയിര്‍പ്പിച്ചിട്ടുള്ളത്.
1. നയിനിലെ വിധവയുടെ മകന്‍ Luke 7:11-17.
2. പള്ളിപ്രമാണിയായ യായിറോസിന്റെ മകള്‍ Luke 8:49-5
3. ബഥാന്യയിലെ ലാസര്‍ John 11:41-44.
പള്ളിപ്രമാണിയായ യായിറോസിന്റെ മകളെ വീട്ടില്‍ വെച്ചും, നയിനിലെ വിധവയുടെ മകനെ അടക്കം ചെയ്‌വാന്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ചും, ലാസറിനെ അടക്കം ചെയ്തിരുന്നിടത്തു നിന്നുമാണ് ഉയിര്‍പ്പിച്ചത്. ഇവ്വണ്ണം തന്നേ നമ്മുടെ കര്‍ത്താവിന്റെ വരവിങ്കല്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് വിശുദ്ധന്മാര്‍ പുനരുത്ഥാനം പ്രാപപിക്കും. ജീവനോടിരിക്കുന്ന വിശുദ്ധന്മാര്‍ രൂപാന്തരം പ്രാപിക്കുകയും ചെയ്യും. “കര്‍ത്താവ് താന്‍ ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോട് കൂടെ ഇരിക്കും.” 1Thess.4:16,17. ഈ വിഷയത്തിന്റെ വിശദീകരണം 1Cor. 15- അദ്ധ്യായത്തില്‍ കാണുവാന്‍ കഴിയുന്നു. 1Cor.15:52-ല്‍ “കാഹളം ധ്വനിക്കും. മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കും, നാം രൂപാന്തരപ്പെടുകയും ചെയ്യും.” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം കണ്ണിമെയ്ക്കുന്നതിനിടയില്‍ അഥവാ നൊടിനേരത്തിനുള്ളില്‍ സംഭവിക്കുന്നു. ദ്രവത്വമാര്‍ന്നത് അദ്രവത്വത്തെയും മര്‍ത്വമായത് അമര്‍ത്യത്വത്തെയും ധരിക്കുമ്പോള്‍ മരണം നീങ്ങി ജയം വന്നിരിക്കുന്നു എന്ന് എഴുതിയ വചനം നിവൃത്തിയാകും. അന്ന് അവന്റെ വിശുദ്ധന്മാര്‍ ഒരുമിച്ച് ജയഭേരി മുഴക്കും. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ നിന്റെ വിഷമുള്ളെവിടെ?

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം നമുക്ക് ജയം നല്കുന്ന ദൈവത്തിന് സ്‌തോത്രം. വലുപ്പത്തില്‍ വ്യത്യാസമുള്ളതും, അടഞ്ഞു കിടക്കുന്നതുമായ കല്ലറകള്‍ ഏതുസമയത്തും, ഏതു പ്രായത്തിലും മരണം സംഭവിക്കാം എന്നതിനെയും, മരണം സാര്‍വ്വത്രികമായ ഒന്നത്രേ എന്നതിനെയും വിളിച്ചറിയിക്കുന്നു. എന്നാല്‍ യേശുവിന്റെ ശരീരം വെച്ചതും, തുറന്നുകിടന്നതുമായ കല്ലറ നമുക്ക് പ്രത്യാശ നല്കുന്നു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു. അവനുള്ളവര്‍ അവന്റെ വരവിങ്കല്‍ പുനരുത്ഥാനം പ്രാപിക്കും. മരണത്തിന്മേലും കര്‍ത്താവ് നമുക്ക് നിത്യജയം നല്കിയിരിക്കുന്നു.
പിശാചിന്റെ പ്രവര്‍ത്തികളെ അഴിപ്പാന്‍ തന്നേ മനുഷ്യപുത്രന്‍ പ്രത്യക്ഷനായി. നമ്മുടെ മേല്‍ ഉണ്ടായിരുന്ന പാപം, രോഗം, മരണം എന്നീ സാത്താന്യ അമിക്കയറുകളെ കര്‍ത്താവ് അറുത്തുമാറ്റി. യേശുക്രിസ്തുവിന്റെ നാമത്തില്‍ നാം അവന്റെ തന്ത്രങ്ങളെ ജയിക്കുക. നിന്നോടുള്ള അവന്റെ തന്ത്രങ്ങള്‍, ആയുധങ്ങള്‍ ഫലിക്കയില്ല. പിശാചിന് ഒരു ദോഷവും ദൈവജനത്തോട് ചെയ്‌വാന്‍ സാദ്ധ്യമല്ല. ക്രിസ്തുവില്‍ നാം ജയാളികള്‍.

അദ്ധ്യായം 21-വേറൊരു സുവിശേഷം
ക്രിസ്ത്യാനിത്വം പിന്നിട്ട രണ്ടായിരത്തില്‍ പരം വര്‍ഷങ്ങളിലെ ചരിത്രത്തിലേക്ക് നാം തിരിഞ്ഞുനോക്കുമ്പോള്‍, ഈ മാര്‍ഗ്ഗം വളരെയധികം പ്രതിസന്ധികളില്‍കൂടി കടന്നുപോയിട്ടുള്ളതായി കാണാം. അപ്പൊസ്‌തോലിക ഉപദേശങ്ങളില്‍ അധിഷ്ഠിതമായ ഈ മാര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടു നിന്ന ജനവിഭാഗങ്ങളില്‍ നല്ലൊരു ഭാഗവും അതിന്റെ അടിസ്ഥാനതത്വങ്ങളില്‍ നിന്ന് വ്യതിചലിച്ച് ക്രിസ്ത്യാനിത്വത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്തി മറ്റു സിദ്ധാന്തങ്ങളിലേക്കും ഉപദേശങ്ങളിലേക്കും മാറിപ്പോയതായി മനസ്സിലാക്കാം.

4-ാം നൂറ്റാണ്ടില്‍ കുസ്തന്തിനോസ് ചക്രവര്‍ത്തി ക്രിസ്തീയ മാര്‍ഗ്ഗത്തെ, രാജകീയ മതമാക്കി മാറ്റിയ ചരിത്രം നമുക്കറിയാമല്ലോ. അതുവരെ ദരിദ്രരുടെയും പീഡിതരുടെയും മാര്‍ഗ്ഗമായിരുന്ന ക്രിസ്തീയമാര്‍ഗ്ഗം ഒരു മതമായി മാറ്റപ്പെടുകയുണ്ടായി. ബഹുഭൂരിപക്ഷവും ആ മാറ്റത്തിന് കീഴടങ്ങി ക്രിസ്തീയ മതത്തിന്റെ പല പുതിയ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, അപ്പൊസ്‌തോലിക ഉപദേശത്തിന് വിരുദ്ധമായവ, ജനത്തിന് പരിചിതമായിത്തീര്‍ന്നു. മോചനത്തിന്റെയും, പ്രത്യാശയുടെയും മാര്‍ഗ്ഗമായ ക്രിസ്ത്യാനിത്വം പൗരോഹിത്യത്തിന്റെ വിലങ്ങുകളാല്‍ ബന്ധിക്കപ്പെടുവാന്‍ ഈ മാറ്റം കാരണമായി. മാനുഷികമായ ആശയങ്ങളും, സിദ്ധാന്തങ്ങളും ക്രിസ്തീയ മതത്തിന്റെ പ്രമാണമായി തീര്‍ന്നു. ഇവയില്‍ പലതും സുന്നഹദോസുകളുടെയും ഭരണകൂടങ്ങളുടെയും പിന്‍ബലത്തോട് നടപ്പാക്കപ്പെട്ടു. പിന്നീട് ഇരുണ്ട യുഗങ്ങളിലേക്ക് യഥാര്‍ത്ഥ ക്രിസ്തീയസഭ കടന്നു പോകേണ്ടിവന്നു. വചന വിരുദ്ധമായ ആശയങ്ങള്‍, ഉപദേശങ്ങള്‍ ക്രിസ്തീയ മാര്‍ഗ്ഗത്തിലേക്ക് കടന്നുവന്നത് പെട്ടെന്ന് ആയിരുന്നില്ല. വളരെ സാവധാനം അവ ഓരോന്നായി കടന്നുവരികയാണ് ഉണ്ടായത്. അന്നത്തെ രാഷ്ട്രീയ സംവിധാനങ്ങളും, അപ്പൊസ്‌തോലിക ഉപദേശത്തിന്റെ ദര്‍ശനം നഷ്ടപ്പെട്ട ആത്മീയ നേതൃത്വവും അതിനു കാരണമാവുകയാണുണ്ടായത്. ഈ ക്രമേണയുള്ള മാറ്റങ്ങള്‍ മനസ്സിലാക്കുവാന്‍ അന്നത്തെ ബഹുഭൂരിപക്ഷത്തിന് കഴിഞ്ഞില്ല. അഥവാ ആരെങ്കിലും അത് മനസ്സിലാക്കി ആ മാറ്റങ്ങളെ പ്രതിരോധിച്ചിരുന്നു എങ്കില്‍ അവര്‍ നിശബ്ദരാക്കപ്പെട്ടു. കേവലം മതമായി മാറിയ ക്രിസ്തീയമാര്‍ഗ്ഗം, പില്‍ക്കാലത്ത് പലവിഭാഗങ്ങളായി, പല ആചാരാനുഷ്ഠാനങ്ങളിലേക്ക് മാറിപ്പോയി.

ഇന്നത്തെ ഈ കാലയളവിലും നാം ക്രിസ്ത്യാനിത്വത്തെ വിശകലനം ചെയ്യുമ്പോള്‍, സഭയുടെ അടിസ്ഥാന ഉപദേശങ്ങളില്‍ ഉറച്ചുനില്‍ക്കാതെ, ദൈവവചനത്തിന് അന്യമായ പല ഉപദേശങ്ങളെയും, ആശയങ്ങളെയും ആധുനിക മാദ്ധ്യമങ്ങളുടെ സഹായത്തോട് പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കാണുവാന്‍ സാധിക്കും. എന്നാല്‍ നേരത്തെപ്പോലെ സാധാരണ ജനം ഇവയെ വേണ്ടവിധം മനസ്സിലാക്കാതെ അവയെ അറിയാതെ ഉള്‍ക്കൊള്ളുന്ന പ്രവണത ദൃശ്യമായി വരുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് വിവേചിച്ചറിയുവാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഒടുവില്‍ അതും ശരിയാണ് ഇതും ശരിയാണ് എന്ന അപകടകരമായ ഒരു അനുമാനത്തില്‍ എത്തുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, നാലാം നൂറ്റാണ്ടില്‍ നഷ്ടപ്പെട്ട ആത്മ പകര്‍ച്ചയുടെ അനുഭവത്തിലേക്ക് ദൈവം തന്റെ സഭയെ നടത്തി. ആ ആത്മ പകര്‍ച്ച ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിക്കുവാന്‍ ഇടയായി. യഥാര്‍ത്ഥ ക്രിസ്തീയസഭയുടെ ലക്ഷണങ്ങളും പ്രവൃത്തികളും വീണ്ടും ക്രിസ്തീയ മാര്‍ഗ്ഗത്തില്‍ കാണുവാന്‍ തുടങ്ങി. ആത്മാവിന്റെ നിറവിലുള്ള ആരാധന, അത്ഭുത രോഗശാന്തി, പാപബോധം, രക്ഷയുടെ ദൂത്, വേര്‍പാട്, വിശുദ്ധജീവിതം എന്നിവയിലേക്ക് മാര്‍ഗ്ഗം മടങ്ങിവന്നു. ഈ ഉണര്‍വ്വ് പാശ്ചാത്യനാടുകള്‍, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.

എന്നാല്‍ ഈ മുന്നേറ്റത്തിനിടയിലും സാത്താന്‍ തന്റെ പ്രവൃത്തി അവസാനിപ്പിച്ചില്ല. കളയും നല്ലവിത്തിന്റെകൂടെ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വിതക്കപ്പെടുന്നുണ്ട്. ക്രിസ്തു തന്റെ സഭയുടെ പണി നടത്തുമ്പോള്‍, സാത്താന്‍ തന്റെ പ്രവൃത്തി അവസാനിപ്പിക്കുന്നില്ല, പാതാള ഗോപുരങ്ങള്‍ അവനും തന്റെ പണി നടത്തിക്കൊണ്ടിരിക്കുകയാണ്. കളയും നല്ല ഗോതമ്പു ചെടിയും തമ്മില്‍ തിരിച്ചറിയണമെങ്കില്‍ അതിന് വേണ്ട വൈദഗ്ദ്യം വേണമല്ലോ. അല്ലാതെ കളയേത് നല്ല ചെടിയേത് എന്ന് തിരിച്ചറിയുവാന്‍ ഇടയാകുകയില്ല. ഇവയെ എങ്ങനെ തിരിച്ചറിയാം? ആദ്യമായി വേണ്ടത് ഗോതമ്പ് ചെടിയുടെ ലക്ഷണങ്ങള്‍ ഏതെന്ന് മനസ്സിലാക്കുക എന്നതാണ്. വയലില്‍ ഉള്ള ചെടികള്‍ക്ക് ഗോതമ്പിന്റെ ലക്ഷണമില്ലെങ്കില്‍ അവ കളകള്‍ തന്നെ. കളയും ഗോതമ്പും ഒരേപോലെ ചേര്‍ന്നു നില്‍ക്കും. ഗോതമ്പിന് കിട്ടുന്ന വളവും വെള്ളവും കളയ്ക്കും ലഭ്യമാണ്. ഗോതമ്പ് ചെടിയോടൊപ്പം അവയും കാറ്റില്‍ ഉലഞ്ഞാടും, അവയ്ക്കും സൂര്യപ്രകാശവും ലഭിക്കും. ഇവയൊന്നും അവയെ വ്യത്യസ്ഥമാക്കുകയില്ല. എന്നാല്‍ ഗോതമ്പ് കാലാകാലങ്ങളില്‍ അവയുടെ ലക്ഷണങ്ങള്‍ വെളിപ്പെടുത്തുക തന്നെ ചെയ്യും. ഇവ മനസ്സിലാക്കുന്നതിലാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ വിജയിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കുക. കളകള്‍ എപ്പോഴും ഗോതമ്പിന്റെ വയലില്‍ തന്നെയായിരിക്കും. അവയ്ക്കു മാത്രമായി ഒരു പ്രത്യേക വയല്‍ ഇല്ല. അതുകൊണ്ടുതന്നെ വിവേചന പൂര്‍ണ്ണമായി വിലയിരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യം വളരെ ഏറെയാണ്.

ഇന്നത്തെ പല പ്രവണതകളും കാണുമ്പോള്‍ ക്രിസ്തീയമെന്നും, വചനപ്രകാരമുള്ളവയെന്നും തെറ്റിദ്ധരിക്കപ്പെട്ടുപോകും. ആത്മാവിന്റെ പേരിലും ആത്മശുശ്രൂഷയുടെ പേരിലും നൂതനമായ ദൈവീക വെളിപ്പാടെന്ന നിലയിലും പുതിയ ഉപദേശങ്ങള്‍, പുത്തന്‍ രീതികള്‍ സഭയിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നു. വലിയൊരു ജനവിഭാഗം ഇതുമൂലം ചിന്താക്കുഴപ്പത്തില്‍ ആകുന്നുമുണ്ട് എന്നത് ദുഃഖകരമായ വസ്തുതയാണ്. ക്രിസ്തീയ മാര്‍ഗ്ഗത്തിന്റെ പ്രധാന ലക്ഷ്യമായി യേശു തന്നെ പറഞ്ഞത് ദരിദ്രരോടും എളിയവരോടും സദ്‌വാര്‍ത്തയും വിടുതലും അറിയിക്കുക എന്നതാണ്. ദരിദ്രര്‍ക്കും, പീഡിതര്‍ക്കും ഒരിക്കലും ക്രിസ്തുവും, സുവിശേഷവും അപ്രാപ്യമല്ലായിരുന്നു. അപ്പൊസ്തലനായ പൗലോസ് തന്റെ ശുശ്രൂഷയുടെ എല്ലാ മണ്ഡലത്തിലും ക്രിസ്തുവിനെ വരച്ചുകാട്ടുവാന്‍ എത്രമാത്രം വ്യഗ്രതയുള്ളനായിരുന്നു. എന്നാല്‍ ഇന്നത്തെ പല സുവിശേഷ പ്രസംഗകരും തങ്ങളുടെ വ്യക്തിത്വങ്ങളെ വെള്ളിവെളിച്ചത്തില്‍ നിറച്ചു നിര്‍ത്താന്‍ വേണ്ടി പുതിയ ആശയങ്ങളും, പുതിയ ഉപദേശങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. ക്രിസ്തുവിനെ തങ്ങളുടെ “ശുശ്രൂഷകള്‍” കൊണ്ട് തമസ്‌ക്കരിക്കുകയാണ് ഈ കൂട്ടര്‍ ചെയ്യുന്നത്.

ക്രിസ്തു വെളിപ്പെടുത്തിയത് പിതാവാം ദൈവത്തെയാണ്. കര്‍ത്താവ് പറയുന്നത് എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു. പൗലോസ് പറയുന്നത് ആരും തന്റെ വ്യക്തിത്വത്തെ കാണുവാന്‍ ശ്രമിക്കാതെ, താന്‍ വരച്ചു കാണിക്കുന്ന ക്രിസ്തുവിനെ കാണുന്നു എന്നതാണ്. ശുശ്രൂഷയില്‍ താന്‍ കുറഞ്ഞുകുറഞ്ഞു ഇല്ലാതായി പൂര്‍ണ്ണമായി ക്രിസ്തു വെളിപ്പെടണം എന്നതായിരുന്നു ആ ശ്രേഷ്ഠ അപ്പൊസ്തലന്റെ ആഗ്രഹം. ഇന്നത്തെ പല ആധുനിക ശുശ്രൂഷകന്മാരും, തങ്ങളുടെ ശുശ്രൂഷകള്‍ കഴിഞ്ഞ് ജനം മടങ്ങുമ്പോള്‍, അവരുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്നത് കര്‍ത്താവിന്റെ രൂപം തന്നെയാണോ എന്ന് സംശയമുണ്ട്. പലപ്പോഴും ആ “ശുശ്രൂഷകന്റെ” മാസ്മരികമായ ചലനങ്ങളും പ്രവൃത്തികളും ആയിരിക്കുകയല്ലേ, ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇത് സാദ്ധ്യമാക്കേണ്ടതിന് ഈ കൂട്ടര്‍ വചന വിരുദ്ധമായ ആശയങ്ങള്‍ വളരെ മാസ്മരികമായ അനുഭവത്തോടെ നാടകീയമായി രംഗത്തവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിനായി യഥാര്‍ത്ഥ സത്യവചനത്തെ വളച്ചൊടിച്ച് യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ പ്രത്യേകം വൈദഗ്ധ്യം കാണിക്കാറുണ്ട്. ഏറ്റവും അടിയന്തിരമായ മാനുഷിക ആവശ്യങ്ങളായ, രോഗസൗഖ്യം, പണം എന്നീ ഘടകങ്ങളെ മുന്‍നിര്‍ത്തിയാണ് ഇവര്‍ ജയത്തെ കൈകാര്യം ചെയ്യുന്നത്. ആത്മരക്ഷ, നിത്യജീവന്‍, വരുവാനുള്ള ന്യായവിധി എന്നിവയേക്കാള്‍ ഈകൂട്ടരുടെ സന്ദേശങ്ങളില്‍ മുഴച്ചു നില്‍ക്കുന്നത്, വിശ്വാസം മൂലം എങ്ങനെ ധനികരാകുവാന്‍ എങ്ങനെ രോഗശാന്തി നേടുവാന്‍ കഴിയും എന്നതാണ്. ഈ കെണിയില്‍ വീഴുന്ന നല്ലൊരുഭാഗം ക്രിസ്തീയ ഭക്തന്മാരുമുണ്ട്. ക്രമേണ ഈ ഭക്തന്മാര്‍, ഈ സുവിശേഷകരുടെ പ്രചാരകരായി തീരുന്നു. ഇവരുടെ ശുശ്രൂഷയുടെ വിജയത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നത് അത്ഭുത രോഗശാന്തിയുടെ സാക്ഷ്യങ്ങളും ആത്മാവില്‍ ഉള്ള വീഴ്ത്തലുകളും ഒക്കെയാണ്.

അത്ഭുതരോഗശാന്തി വചന വിരുദ്ധമല്ല എന്നതിന് ഒരു തര്‍ക്കവുമില്ല. എന്നാല്‍ റ്റി.വി.യിലൂടേയും, മറ്റു മാദ്ധ്യമങ്ങളിലൂടെയും തുടരെ തുടരെ കാണിച്ചുകൊണ്ടിരിക്കുന്ന അത്ഭുത രോഗശാന്തിയുടെ സാക്ഷ്യങ്ങളെ സംശയത്തോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. അത്ഭുത രോഗശാന്തി ഇന്നും യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്ന ഒന്നാണ്. തികച്ചും തര്‍ക്കമില്ലാത്ത കാര്യം. പക്ഷേ അവയ്ക്കും ഈ വീഴ്ത്തലും, വിശ്വാസത്തിന്റെ ഫോര്‍മുലയും, തുടങ്ങിയ പദ്ധതികളില്‍ കൂടിയല്ലാതെ തന്റെ ജനത്തിന് സഭയുടെ നാഥനായ കര്‍ത്താവ് അത്ഭുത വിടുതല്‍ നല്‍കിക്കൊണ്ടിരിക്കുന്ന യഥാര്‍ത്ഥ സാക്ഷ്യങ്ങള്‍ ഇന്നും കേള്‍ക്കുന്നുണ്ട്. പക്ഷേ വചന വിരുദ്ധമായ ആശയങ്ങളും ദൂതുകളും ജനത്തിന് പകര്‍ന്നു കൊടുക്കുവാന്‍ ഇന്നും പല പ്രമുഖരും പ്രവര്‍ത്തിക്കുന്ന “അത്ഭുതങ്ങള്‍” ദൈവദത്തമാണോ എന്ന് സംശയിക്കേണ്ടതായിട്ടുണ്ട്. ഈ കൂട്ടര്‍, വചനം പറയുന്ന പോലയുള്ള “മറ്റൊരു സുവിശേഷ”ത്തിന്റെ വാക്താക്കളും പ്രചാരകരും ആണ്. ഈ സുവിശേഷം ക്രിസ്തീയമല്ല വ്യാജമായതാണ്. ക്രിസ്തീയാനുഭവമുള്ള വ്യക്തികള്‍ ഇവയെ തിരിച്ചറിയേണ്ടതായിട്ടുണ്ട്. ജനം ഇവരുടെ യോഗങ്ങളില്‍ കൂട്ടമായി ഒഴുകി എത്താറുണ്ട്. സത്യം തന്നെ. എന്നാല്‍ ജനത്തിന്റെ പെരുപ്പം ഒരു അളവുകോലായി പരിഗണിക്കൂവാന്‍ കഴിയുമോ? ഇന്‍ഡ്യയിലെ മനുഷ്യ ദൈവങ്ങളെ കാണുവാന്‍ ഇടിച്ചു കയറുന്ന ജനത്തിന്റെ സംഖ്യ, ആ മനുഷ്യ ദൈവങ്ങളുടെ അംഗീകാരമായി കണക്കാക്കുവാന്‍ കഴിയുമോ? ഇന്‍ഡ്യയിലെങ്ങും ഉള്ള മനുഷ്യദൈവങ്ങളുടെ പ്രശസ്തി ലോകം മുഴുവനും പരന്നു കൊണ്ടിരിക്കുന്നു. അവരുടെ സ്വാധീനം അതിവേഗം വ്യക്തികളിലും, കൂട്ടങ്ങളിലും, സമൂഹങ്ങളിലും, ഭരണകൂടങ്ങളിലും വ്യാപരിച്ചു കൊണ്ടിരിക്കുന്നു.

ഈ കൂട്ടര്‍ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഉയര്‍ത്തേണ്ടതിന് പകരം തങ്ങളുടെ കഴിവുകളും, പ്രശസ്തിയും ജനങ്ങളുടെ മുന്‍പില്‍ വിവരിക്കുന്നു. സാധാരണ ജനങ്ങളുടെ ഹൃദയങ്ങളില്‍ ഇവര്‍ ഒരു ബിംബമായി മാറുന്നു. ജനങ്ങള്‍ ഇവരുടെ സ്തുതി പാഠകരായി തീരുന്നു. അത്ഭുതങ്ങള്‍, വീര്യപ്രവര്‍ത്തികള്‍, രോഗശാന്തി, അടയാളങ്ങള്‍ ഇവയൊക്കെ ആത്മിക ശുശ്രൂഷകളുടെ ഭാഗമത്രേ. മനുഷ്യരല്ല കര്‍ത്താവത്രേ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവയൊക്കെയും തിരുവചന സത്യങ്ങളെ ഉറപ്പാക്കേണ്ടതിനത്രേ (Mark 16:15-20; Heb.2:1-4). ക്രിസ്തുവിനെ പ്രസംഗിക്കാതെയും, അടിസ്ഥാന ഉപദേശങ്ങള്‍ പഠിപ്പിക്കാതെയും, കര്‍ത്താവിന്റെ മടങ്ങിവരവും, വരുവാനുള്ള ന്യായവിധിയും മറച്ചുവെച്ച്, ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് തിരുവചനം കടന്നുചെന്ന് ക്രിയ ചെയ്യുന്നതിന് അവസരം കൊടുക്കാതെ, മനുഷ്യന്റെ വൈകാരിക മണ്ഡലത്തില്‍ ചലനം സൃഷ്ടിച്ച് ഏതോ സ്വപ്ന ലോകത്തിലേക്ക് നയിക്കുന്ന രീതി ക്രിസ്തീയമല്ല. അത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയുമല്ല. അത് വേറൊരു സുവിശേഷമത്രേ. “ക്രിസ്തുവിന്റെ കൃപയാല്‍ നിങ്ങളെ വിളിച്ചവനെ വിട്ട് നിങ്ങള്‍ ഇത്ര വേഗത്തില്‍ വേറൊരു സുവിശേഷത്തിലേക്ക് തിരിയുന്നതുകൊണ്ട് ഞാന്‍ ആശ്ചര്യപ്പെടുന്നു. അത് വേറൊരു സുവിശേഷമെന്നല്ല ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചു കളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ. എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് അറിയിച്ചതിന് വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോട് സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍. ഞങ്ങള്‍ മുന്‍പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു. നിങ്ങള്‍ കൈക്കൊണ്ട സുവിശേഷത്തിന് വിപരീതമായി ആരെങ്കിലും നിങ്ങളോട് സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍. ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ, ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നു ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല” (Gal.1:6-10).

കര്‍ത്താവിന്റെ പ്രമാണങ്ങളെ മറികടന്നുകൊണ്ടുള്ള പ്രസംഗങ്ങളും, കര്‍ത്താവിന്റെയും, അപ്പൊസ്തലന്മാരുടെയും പ്രവര്‍ത്തനശൈലികളെ പുറംതള്ളികൊണ്ടുള്ള ആധുനിക ശുശ്രൂഷാരീതികളും ദൈവികമല്ല. ഇവയെ നാം തിരിച്ചറിയുകയും, സത്യമായതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യേണം.

ഊതിവീഴ്ത്തല്‍, വിശുദ്ധമാരി, ചര്‍ദ്ദി, കൊരവയിടില്‍, ശാപം മുറിക്കല്‍, വീടുകള്‍ക്ക് കല്ലിട്ട് പണി ആരംഭിക്കുമ്പോള്‍ മൂലക്കല്ലായി ബൈബിള്‍ വെക്കുക, തെര്‍മോക്കോള്‍ക്കൊണ്ട് സാത്താനെ ഉണ്ടാക്കി ചവുട്ടിപൊട്ടിയ്ക്കുക അങ്ങനെ സാത്താനെ ചവുട്ടിയുടച്ചതായി പ്രഖ്യാപിക്കുക. എന്നിങ്ങനെ ആത്മീക പരിവേഷമണിയിച്ച പരിപാടികള്‍ ദൈവികമല്ല, ശ്ലൈഹികമല്ല, ആത്മീകവും അല്ല. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയുമല്ല. ഇത് ട്രാക്ക് തെറ്റിയുള്ള ഓട്ടമാണ്. ഈ വിധ പ്രവര്‍ത്തനങ്ങളിലൂടെ ദൈവനാമം ദുഷിക്കപ്പെടുന്നു. ഇക്കൂട്ടരുടെ പ്രസംഗങ്ങള്‍ വികാരമണ്ഡലത്തില്‍ തട്ടി ഫലം കൊടുപ്പാന്‍ കഴിയാതെ നിര്‍ജ്ജീവമാകുന്നു. ആത്മമണ്ഡലത്തിലേക്ക് കടന്നു ചെല്ലുവാന്‍ ഇവരുടെ വാക്കുകള്‍ക്ക് കഴിയുകയില്ല. കര്‍ത്താവിന്റെ കൂടെ നടന്ന് അപ്പം തിന്നു തൃപ്തരായ പതിനായിരങ്ങളെപ്പോലെ ഇവിടെയും അപ്പ ബന്ധങ്ങള്‍ക്കായി ജനം കൂട്ടംകൂടുന്നു. എന്നാല്‍ ക്രൂശിനരികിലോ, മാളികമുറിയിലോ, ഇവരെ കാണുകയില്ല.

ഈ മേല്‍പ്പറയപ്പെട്ട ശുശ്രൂഷകളില്‍ എവിടെയെങ്കിലും ബോധം ഉളവാക്കുന്ന സന്ദേശം നല്കപ്പെടുന്നുണ്ടോ? രക്ഷയുടെ ദൂത്, ഈ ശുശ്രൂഷകന്മാരുടെ വ്യക്തിത്വ പ്രദര്‍ശനത്തില്‍ മുങ്ങിപ്പോവുന്നില്ലേ. എവിടെ വേര്‍പാടിന്റെ ഉപദേശം? വിശുദ്ധിയുടെ സന്ദേശം ഈ സ്റ്റേജുകളില്‍ കേള്‍ക്കാറുണ്ടോ? കര്‍ത്താവിന്റെ മടങ്ങിവരവിന്റെ പ്രത്യാശയെക്കുറിച്ച് പറയാന്‍ ആരും തയ്യാറാവുന്നുമില്ല. കേവലം അത്ഭുതങ്ങളിലും, മനസ്സിനെ വികാരപരമായി ഇളകുന്ന പ്രകടനങ്ങളിലും വലിയൊരു കൂട്ടം ആകര്‍ഷിക്കപ്പെടുമ്പോള്‍, ചരിത്രം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു, ക്രിസ്ത്യാനിത്വം മറ്റൊരു പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. യഥാര്‍ത്ഥ സുവിശേഷത്തിന് “മറ്റൊരു സുവിശേഷം” ക്രിസ്തീയ മണ്ഡലത്തില്‍ വ്യാപരിക്കുന്ന ദുഃഖകരമായ അവസ്ഥയ്ക്ക് നാം സാക്ഷികള്‍ ആകുന്നു. പാതാള ഗോപുരത്തിന്റെ പണിയുടെ ഭാഗഭാക്കുകളാണെന്ന് അറിയാതെ ഒരു വലിയ സമൂഹം.

കര്‍ത്താവ് സ്ഥാപിച്ചതും, ശ്ലീഹന്മാരാല്‍ ഉപദേശിക്കപ്പെട്ടതുമായ സത്യോപദേശത്തിലേക്ക് നാം മടങ്ങി വരേണ്ടിയിരിക്കുന്നു. പരിശുദ്ധത്മാവിന്റെ പ്രവര്‍ത്തികള്‍ക്കായി നാം നമ്മെ സമര്‍പ്പിക്കുക. വേഷഭക്തിയും, പുറംജാഡകളും വലിച്ചെറിയുക. കപടവേലക്കാരെ തിരിച്ചറിഞ്ഞ് പുറത്താക്കുക. ഹൃദയത്തിന് ചൂടുപിടിച്ച് വ്യാജം പ്രവചിച്ചിരുന്ന കള്ള പ്രവാചകന്മാരെ കൈക്കൊള്ളാതിരിക്കുക. വൃതന്മാരെയും തെറ്റിച്ചുകളയേണ്ടതിന് ശത്രു പോരാടുന്ന ഈ നാളുകളില്‍ വേറൊരു സുവിശേഷത്തിലേക്ക് വഴുതിപോകാതെ സത്യ സുവിശേഷത്തെ യഥാര്‍ത്ഥമായി പ്രസംഗിച്ചുകൊണ്ട് ദൈവത്തിന് കൊള്ളാവുന്നവരായി നില്ക്കുക. കര്‍ത്താവിന്റെ നാമം മാത്രം മഹത്വപ്പെടുമാറാകട്ടെ. ആമേന്‍.

MGM Ministries-Article Source: ipckerala.org/ipc-kerala-books.php – Accessed in May 2014)