
ദൈവപ്രവർത്തി ആരംഭിക്കട്ടെ
ഷീലാ ദാസ്
ദൈവത്തിന്റെ മക്കൾ ദൈവത്തെ കാത്തിരിക്കുന്നവരാണു്. നമ്മുടെ ഓരോ വിഷയത്തിലും ദൈവം എന്തു ചെയ്യുന്നു എന്ന് നാം നോക്കിക്കൊണ്ടിരിക്കുന്നു. ദൈവം തന്റെ പ്രവർത്തി ചെയ്യുമ്പോൾ, അതിനെ തടുക്കുവാനോ, ഇല്ലാതാക്കുവാനോ, ലോകത്തിൽ ആർക്കും കഴിയുകയും ഇല്ല. നമ്മുടെ ഇഷ്ടത്തിനും സമയത്തും ആയിരിക്കില്ല ദൈവം തന്റെ കരം നീട്ടുന്നത്. ദൈവത്തെ കാത്തിരിക്കുക, അവൻ ലജ്ജിപ്പീക്കില്ല എന്ന് വിശ്വസിക്കുക, നിശ്ചയമായും അവൻ പ്രവർത്തിക്കും. മൂന്നു യാമങ്ങളും വൻ തിരയിൽ മുങ്ങുമാറായി വലയുകിലും, എത്തും കടലിന്മീതേ നാലാം യാമത്തിൽ……. എന്ന മനോഹരമായ പാട്ടിന്റെ അർത്ഥം ഗ്രഹിച്ചാൽ, നാം കാത്തിരുന്നു മടുക്കുന്ന അനുഭവത്തിൽ, ക്ഷീണിച്ചിരിക്കുന്ന അനുഭവത്തിൽ ദൈവകരം പ്രവർത്തിക്കും നിശ്ചയം എന്നാണു്. നാലാം യാമം ദൈവം കാത്തിരിക്കുന്നു, അതാണു ദൈവത്തിന്റെ തക്ക സമയം.
വേദപുസ്തകചരിത്രത്തിൽ, അപ്രകാരമുള്ള അനുഭവങ്ങൾ നാം കാണുന്നുണ്ട്. അതിൽ ഒന്നാണു്, ദാനിയേൽ എന്ന ദൈവത്തിന്റെ ഏറ്റവും പ്രീയ പുരുഷന്റെ അനുഭവം. ദൈവത്തെ ആരാധിക്കുന്ന ഭകതനെതിരെ രാജ്യത്തെ പ്രമുഖന്മാർ തിരിഞ്ഞപ്പോൾ, ദൈവം അടങ്ങിയിരുന്നോ?. ദൈവം പ്രവർത്തിച്ചില്ല എന്നു തോന്നത്തക്ക സന്ദർഭങ്ങൾ ഉണ്ടായിരുന്നു, എങ്കിലും ദൈവത്തിൽ ആശ്രയിച്ച ദാനിയേലിനു ഒരു കുലുക്കവും ഉണ്ടായില്ല. നാം ചിന്തിക്കും സിംഹക്കുഴിയിൽ ഇടുന്നതിനു മുൻപേ എത്രയോ വലിയ ഒരു അത്ഭുതത്താൽ ദൈവത്തിനു വിടുവിക്കാം ആയിരുന്നു എന്ന്. എന്നാൽ നാം ചിന്തിക്കുന്ന നിലയിലുള്ള ഒരു അത്ഭുതം നടന്നാൽ, ദൈവത്തിന്റെ ശത്രുവിനു വേണ്ടിയുള്ള ദൈവിക പദ്ധതി നടക്കില്ല.
മനുഷ്യസൃഷ്ടിയുടെ മേൽ അധികാരമുള്ളവനു മാത്രമേ കാര്യങ്ങൾ നടക്കേണ്ട നിലയിൽ നടത്താൻ കഴിയൂ. അതുകൊണ്ട് ദാനിയേൽ പതറിപ്പോകില്ല എന്ന് ഉറപ്പുള്ള ദൈവം ദാനിയേലിനെ കാത്തിരിക്കുവാൻ ശക്തനാക്കി. ദൈവത്തിനു ഉറപ്പുള്ളവരെ മാത്രമേ, ദൈവം കാത്തിരിക്കുവാൻ അനുവദിക്കൂ. ദൈവം നിങ്ങളെ ഒരു പ്രത്യേക അനുഭവത്തിലൂടെ ചില നാളുകളായി കടത്തിവിടുന്നെങ്കിൽ, ഓർക്കുക, ദൈവത്തിനൊരു പ്രതീക്ഷ നിങ്ങളിൽ ഉണ്ട്. നിങ്ങൾ കാത്തിരിക്കും എന്നും ഈ പരീക്ഷക്ക് ശേഷം നിങ്ങൾ വിജയശ്രീലാളിതനായി പുറത്തുവരും എന്നും ദൈവം അറിയുന്നു.
ദാനിയേലിനെ വിടുവിക്കുവാൻ രാജാവ് മനസ്സു വെച്ച് സൂര്യൻ അസ്തമിക്കുവോളം പ്രയത്നം ചെയ്തു (ദാനി:6:14). രാജാവും ദൈവിക അധികാരത്തിൻ കീഴുള്ള ഒരു മനുഷ്യനാണു്. അദ്ദേഹം തന്റെ മുഴുവൻ പ്രയത്നവും ഒരു ഭക്തനുവേണ്ടി ചെയ്തു. ദാനിയേലിനെക്കുറിച്ച് ദയ തോന്നിയ മനുഷ്യൻ പ്രയത്നിച്ചപ്പോൾ, ദൈവം അടങ്ങിയിരുന്നു. രാജാവിന്റെ പ്രയത്നത്താൽ ഒന്നും ചെയ്യാൻ ദൈവം ആഗ്രഹിക്കുന്നില്ല എന്ന് സ്പഷ്ടം. മനുഷ്യന്റെ ദയയല്ല നിന്നെ വിടുവിക്കുന്നത്, മറിച്ച് ദൈവത്തിനു മാത്രമേ നിന്നെ വിടുവിപ്പാൻ കഴിയൂ എന്ന് തെളിയിപ്പാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവം ദാനിയേലിനെ വിടുവിക്കും എന്ന് രാജാവിനു ഉറപ്പുണ്ട്, അത് പറയുകയും ചെയ്തു. എന്നാൽ രാജ്യത്തെ പ്രമുഖന്മാർ ആവശ്യപ്പെട്ടപ്പോൾ, തന്റെ അധികാരം കൊണ്ട് ദാനിയേലിനെ രാജാവിനു രക്ഷിക്കാമായിരുന്നു, അതിനു തുനിയാതെ പ്രമുഖന്മാരുടെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിച്ച രാജവിന്റെ പ്രയത്നം ദൈവത്തിനു വേണ്ട. ദൈവജനത്തെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്ന പലരുടെയും പിൻപിലുള്ള ലക്ഷ്യം ദൈവം അറിയുന്നു. അങ്ങനെ ഇരട്ടത്താപ്പു നയമുള്ള ആരുടെയും സഹായം തന്റെ ജനത്തിനു നൽകാൻ ദൈവം ആഗ്രഹിക്കുന്നില്ല. ദൈവത്തിനു തന്റെ ജനത്തെ രക്ഷിക്കുവാൻ അവന്റെ പക്കൽ പദ്ധതികൾ ഉണ്ട്. മറ്റാരുടെയും സഹായം ദൈവത്തിനു വേണ്ട. ദൈവം തന്റെ ജനത്തെ പരിപാലിക്കുവാൻ കഴിവുള്ളവനാണു എന്ന് തെളിയിക്കാൻ ഒരു അവസരം കാത്തിരുന്നു.
രാജാവ് തന്റെ പ്രയത്നം അവസാനിപ്പിച്ച്, വിശ്രമത്തിനായി പോയപ്പോൾ, വിശ്രമം ഇല്ലാത്ത ദൈവം തന്റെ ദൂതന്മാരെ തന്റെ ഭക്തനുവേണ്ടി അയച്ചു. മാനുഷീക പ്രയത്നം അവസാനിച്ചപ്പോൾ, ദൈവം തന്റെ പ്രവർത്തി ആരംഭിച്ചു.തന്റെ അധികാരത്തിൽ ചെയ്യാവുന്ന എല്ലാം രാജാവ് ചെയ്തപ്പോൾ, ദൈവം തനിക്കു ചെയ്യാനുള്ളത് ചെയ്യാൻ തുടങ്ങി. രാജാവ് പ്രഭാതത്തിൽ ദു:ഖശബ്ദത്തിൽ ദാനിയേലിനെ വിളിച്ചപ്പോൾ, ദൈവത്തിൽ വിശ്വസിച്ചിരുന്ന ഭക്തൻ തന്റെ വിടുതലിൽ സന്തോഷിച്ച്, മറുപടി പറയുന്നു. അത്ഭുതം കണ്ട രാജാവ് ധൈര്യത്തോടെ പിന്നീടുള്ള കാര്യങ്ങൾ തന്റെ അധികാരത്തിൽ ചെയ്യുന്നു. ഈ ദൈവം ജീവൻ ഉള്ളവൻ ആണെന്നും തനിക്കൊന്നും അസാധ്യമല്ല എന്നും ഒരു രാജ്യത്തോടു അറിയിക്കുവാൻ രാജാവ് ധൈര്യം പ്രാപിച്ചു. ദൈവം തന്റെ പ്രവർത്തി ആരംഭിച്ചാൽ, ഉന്നതന്മാർ പോലും സ്പർശിക്കപ്പെടും. അതുകൊണ്ട് ദൈവപ്രവർത്തിയും അതോടൊപ്പമുള്ള ദൈവിക ഇടപെടലുകളും നമുക്കു കാത്തിരിക്കാം.
MGM Ministries-Article Source:kraisthavaezhuthupura.com/articles/sheeladaskeezhoor/1065 – (Accessed in October 2013)
