മരണം ഒരു യാഥാർത്ഥ്യമാണ്

വീയപുരം ജോർജ്കുട്ടി

മരണം ഒരു യാഥാർത്ഥ്യമാണന്നുള്ളത് നമുക്ക് ഒരിക്കലും വിസ്മരിക്കുവാൻ കഴിയുന്നതല്ല. ചില ശവസംസ്ക്കാര വേളകളിൽ ശവശരീരം കാണേണ്ടതിനുവേണ്ടി നാം നിര നിരയായി നിൽക്കുമ്പോൾ ഒരു കാര്യം നാം അറിയാത് വിളിച്ചുപറയുന്നത് ഇതുപോലെയുള്ള ഏതെങ്കിലും ശവപ്പെട്ടിയിൽ കിടക്കേണ്ടതിനുവേണ്ടി ഞങ്ങളും ലൈനിൽ ആണ് എന്നാൽ സമയം നിശ്ചയമില്ല എന്നു മാത്രം.

ഒരിക്കൽ ഒരു വിധവ ശ്രീബുദ്ധന്റെ അടുക്കൽ ചെന്ന് തന്റെ മരിച്ചുപോയ കുട്ടിയെ ജീവിപ്പിച്ച്തരുവാൻ അപേക്ഷിച്ചു അപ്പോൾ ശ്രീബുദ്ധൻ പറഞ്ഞത് ആരും മരിച്ചു പോകാത്ത വീട്ടിൽ നിന്ന് കുറച്ച് കടുകുമണി വാങ്ങിക്കൊണ്ടുവന്നാൽ കുട്ടിയെ ജീവിപ്പിച്ച്‌ തരാം എന്ന് വാക്ക് കൊടുത്തു. ഈ സ്ത്രീ വളരെ പ്രത്യാശയോടുകുടെ അനേക ഭവനങ്ങൾ കയറി ഇറങ്ങി, എല്ലാവരും കടുക് കൊടുക്കുവാൻ തയ്യാറായി എന്നാൽ എല്ലാ ഭവനങ്ങളിലും മരണം സംഭവിച്ചിട്ടുണ്ടു് എന്ന യാഥാർത്ഥ്യം ആ സ്ത്രീ മനസ്സിലാക്കുകയും

പണ്ടു് കേട്ട ഒരു സമരഗാനത്തിന്റെ ഒരു ഭാഗം ഇപ്രകാരം ആണ് “കരയാൻ ഞങ്ങൾക്ക് മനസ്സില്ല, മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല” എന്നായിരുന്നു എന്നാൽ ഒരു ക്രിസ്തിയഗാനത്തിന്റെ ചില വരികൾ ഇപ്രകാരം ആണ്.” എല്ലാവരും പോകണം എല്ലാവരും പോകണം മണ്ണാകും മായവിട്ട് വെറും മണ്ണാകും മായവിട്ട്” അതേ മനസ്സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും ഈ മണ്ണാകും മായവിട്ട് പോകേണ്ടി വരും. മരിക്കാതെയിരിക്കണമെങ്കിൽ നാം ജനിക്കാതെയിരിക്കണമായിരുന്നു. ദൈവം മനുഷനെ സൃഷ്ട്ടിച്ചത് മരിക്കുവനയിട്ടല്ല പിന്നയോ ദൈവത്തോടുകൂടെ നിത്യകാലം വസിക്കേണ്ടതിനയിരുന്നു. എന്നാൽ ആദിമ മനുഷ്യരായ ആദമിനെയും, ഹവ്വയേയും വഞ്ചകനായ സാത്താൻ ഉപായത്താൽ ചതിക്കുകയും ദൈവം തിന്നരുതെ എന്ന് കൽപ്പിച്ച നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃഷഫലം തിന്നുകയും ചെയ്തതിനാൽ പാപം മനുഷ്യനിൽ കടക്കുകയും പാപത്തിന്റെ ശമ്പളം മരണം എന്നുള്ള ദൈവശിക്ഷക്ക് പാത്രീഭൂതരായിതീരുകയും ചെയ്തു. വിശുദ്ധ പൗലോസ്‌ ഇതിനെക്കുറിച്ച്‌ പറയുന്നത് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു. ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്ക്‌ നിയമിച്ചിരിക്കുന്നു. വലിയവനും – ചെറിയവനും, ധനവാനും – ദരിദ്രനും, പണ്ഡിതനും – പാമരനും, ഉടമയും – അടിമയും, മുതലാളിയും – തൊഴിലാളിയും, കുബേരനും – കുചേലനും, പാശ്ചാത്യനും – പൌരസ്ത്യനും, വെളുത്തവനും – കറുത്തവനും, കൊട്ടരവാസിയും – കൂടാരവാസിയും, യുവാവും – യുവതിയും, ബാലനും – വൃദ്ധനും, പുരുഷനും – സ്ത്രിയും, നഗരവാസിയും – ഗ്രാമീണവാസിയും, ബലവാനും – ബലഹീനനും, രാജാവും – പ്രജയും, വിശുദ്ധനും – അശുദ്ധനും, നീതിമാനും – ദുഷ്ട്ടനും, ഭക്തനും – അഭക്തനും, ആത്മീകനും – അനാത്മീകനും, യെഹൂദനും – യവനനും, തിരുമേനിയും – ഐമേനിയും, ഡോക്ടറും – രോഗിയും, ദൈവവിശ്വാസിയും – നിരീശ്വരവാദിയും, ഇങ്ങനെ എല്ലാ തുറയിലും പെട്ടവർ മരണത്തെ അഭിമുഖീകരിക്കേണ്ടിവരും. രാജാക്കന്മാർ മരിക്കുമ്പോൾ നാട് നിങ്ങി എന്നും ഹൈന്ദവാചര്യന്മാർ മരിക്കുമ്പോൾ സമാധിയായി എന്നും തിരുമേനിമാർ മരിക്കുമ്പോൾ കാലം ചെയ്തു എന്നും രാഷ്ട്രിയ നേതാക്കന്മാർ മരിക്കുമ്പോൾ അന്തരിച്ചു എന്നും ക്രിസ്തുഭക്തർ മരിക്കുമ്പോൾ കർത്താവിൽ നിദ്രപ്രാപിച്ചു എന്നും സാധാരണക്കാർ മരിക്കുമ്പോൾ മരിച്ചു (നിര്യാതരായി) എന്നും ദോഷികൾ (ദ്രോഹികൾ) മരിക്കുമ്പോൾ ചത്തുപോയി എന്നും പറയും, ഏതുരീധിയിൽ പറഞ്ഞാലും ഇതെല്ലാം ഒന്നുതന്നെയാണ്.

   1. ജനനം കൊണ്ട് ആരംഭം ഉണ്ടെങ്കിലും മരണം കൊണ്ട് അവസാനമില്ലാത്തവനാണ് മനുഷ്യൻ.
   2. കരഞ്ഞുകൊണ്ട്‌ ജനിച്ച് മറ്റുള്ളവരെ സന്തോഷിപ്പിക്കുമെങ്കിലും
        എല്ലാവരേയും കരയിപ്പിച്ചുകൊണ്ട്‌ പറക്കുന്നതാണ് മരണം.
   3. മരണം ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയാണ്.
   4. മരണം ആരുടേയും മുഖം നോക്കത്തില്ല.
   5. മരണം ആരുടേയും പ്രായം പരിഗണിക്കുന്നില്ല.
   6. മരണം ആരുടേയും കരച്ചിലിൽ മനസ്സലിയുന്നവനല്ല.
   7. ഏത് സ്ഥലത്ത് കയറി ചെല്ലാനും ധൈര്യം കാണിക്കും.
   8. മരണത്തിനു ആരെയും ഭയമില്ല.
   9. മരണം ശരീരത്തെയും ആത്മാവിനേയും തമ്മിൽ വേർപെടുത്തുന്നു.
10. മരണം ബന്ധുക്കളേയും സ്നേഹിതരെയും എന്നേക്കുമായി അകറ്റിക്കളയുന്നു.
11. മരണം അനേകരുടെ സ്വപ്നങ്ങളെ പൂവണിയിക്കത് കൊഴിയിച്ചുകളയുന്നു.
12.മരണം അനേകരെ അനാഥരാക്കുന്നു.
13.വിജയത്തിന്റെ വെന്നിക്കൊടി പറത്തിയവർ പോലും മരണത്തിന് കിഴടങ്ങേണ്ടിവരുന്നു.
14. മരണം അവസരം കാത്ത്‌ എല്ലാവരുടെയം വാതിൽക്കൽ നിൽക്കുന്നു.
15. മരണം ഒരു ലെഗേജും കൂടെ കൊണ്ടുപോകാൻ അനുവദിക്കുന്നില്ല.
16 മരണം ഷോർട്ട് നോട്ടീസിൽ കടന്നുവരും.
17. മരണം ഒരു കാലഘട്ടത്തിന്റെ അവസാനവും മറ്റൊരു ഘട്ടത്തിന്റെ ആരംഭവും ആകുന്നു.
18. മരണം അനശ്വരതയിലേക്കുള്ള ഒരു കവാടം മാത്രമാണ്.
19. മരണം വിശുദ്ധന് ലാഭവും അശുദ്ധന് നഷ്ട്ടവുമാണ്.
20. മരണം വിശുദ്ധന് പറുദീസയും അശുദ്ധന് യാതനാസ്ഥലവും ലഭിപ്പാൻ ഇടവരുന്നു.

ചില വർഷങ്ങൾക്ക് മുൻപ് മനോരമയിൽ ഒരു ചെറിയ വാർത്ത‍ വന്നത് ഇപ്രകാരമായിരുന്നു “ഹൃദയം മാത്രം സമ്മാനിച്ചില്ല” ക്ളാഗൻ ഫർട്ട് (ഓസ്ട്രിയ) മൂണിക്ക് സ്വദേശിയായ ഡോക്ടർ ജോസഫ്‌ സ്ടെഗൽ ഹൃദ്രോഗ ചികിത്സാ വിദഗ്ദധനാണ് ഇവിടെ നടന്ന ഡോക്ടന്മമാരുടെ സമ്മേളനത്തിൽ അദ്ദേഹം അവതരിപ്പിച്ച വിഷയം ഹൃദ്രോഹം തടയുന്നതിനെക്കുരിച്ചായിരുന്നു എന്നാൽ പ്രസംഗിച്ചുകൊണ്ടിരിക്കവേ താൻ ഹൃദ്രോഹം മൂലം പെട്ടന്ന് നിര്യാതനായി.

മരണം നിശ്ചയമാണ് എന്നാൽ സമയം നിശ്ചയമില്ല. വിശുദ്ധ ബൈബിൾ പറയുന്നു ആത്മാവിനെ തടുപ്പാൻ അത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനും ഇല്ല. മരണ ദിവസത്തിന്മേൽ അധികാരമുള്ളവനും ഇല്ല. ദൈവ മുൻപാകെ സകല ജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു. പുല്ലുണങ്ങുന്നു പൂ വാടുന്നു. ബൈബിൾ പറയുന്നു ഇന്നോ നാളയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ട് കഴിച്ച് വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ കേൾപ്പിൻ നാളത്തെത് നിങ്ങൾ അറിയുന്നില്ലല്ലോ നിങ്ങളുടെ ജീവൻ എങ്ങനയൂള്ളത്? അല്പ നേരത്തേക്ക് കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. ദൈവം ഒരിക്കൽ വലിയ ഭാവന കെട്ടിപ്പൊക്കിയ ധനവാനായ ഒരു മനുഷ്യനോട് പറഞ്ഞു. മുഢാ ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും പിന്നെ നീ ഒരുക്കി വെച്ചത് ആർക്കകും? പരേതനായ വിശുദ്ധ മാർ അപ്രോം അവറുകൾ ശവസംസ്ക്കാര വേളയിലേക്ക് രചിച്ചിരിക്കുന്ന ഒരു പ്രാർത്ഥനയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് മരണമാകുന്നു മനുഷ്യന്റെ അവസാനമെങ്കിൽ രാജാക്കന്മാരും പ്രഭുക്കന്മരും പൊന്നിനെ ശേഖരിക്കുന്നത് എന്തിനു്?

സൌന്ദര്യമുള്ളവർ തങ്ങളുടെ സൌന്ദര്യത്തിലും, ധനവാന്മാർ ധനത്തിലും, വിദ്വാന്മാർ തങ്ങളുടെ വിദ്യയിലും, ജ്ഞാനി തന്റെ ജ്ഞാനത്തിലും, പ്രശംസിക്കുന്നത് എന്തിന്? യൌവനക്കാർ തങ്ങളുടെ സാമർത്ഥത്തിൽ ചാഞ്ചാടുന്നതും അധികാരികൾ ശക്തിയിൽ നിഗളിക്കുന്നതും എന്തിന്?

പരേതനായ കൊച്ചുകുഞ്ഞ് ഉപദേശി രചിച്ച പാട്ടിന്റെ ചില ചരണങ്ങൾ കൂടി ഉൾപ്പെടുത്തികൊണ്ട് ഈ ലേഖനം ഞാൻ ഇവിടെ സമാപിക്കുന്നു.

കാലന്റെ കോലമായ് മൃത്യു വരുന്നെന്നെ
കയ്യും കാലും കെട്ടി കൊണ്ടു പോവാൻ
കണ്ണും മിഴിച്ചു ഞാൻ വായും പിളർന്നു ഞാൻ
മണ്‍യോടു മണ്ണങ്ങു ചേർന്നിടേണം
എല്ലാ സാമത്ഥ്യവും പുല്ലിന്റെ പൂ പോലെ
എല്ലാ പ്രൗഢത്വവും പുല്ലിന്റെ പൂ പോലെ
മർത്യന്റെ ദേഹത്തിനെന്തൊരു വൈശിഷ്ടം
എന്തിനു് ദേഹത്തിൽ ചാഞ്ചാടുന്നു
വണ്ണം പെരുത്താലും മണ്ണിന്നിരയിത്
കണ്ണിന്റെ ഭംഗിയും മായ മായ
കൊട്ടരമയാലും വിട്ടേ മതിയാവു
കോട്ടയ്ക്കകത്തേക്കും മൃത്യു ചെല്ലും
പതിനായിരം നിലപൊക്കി പണിഞ്ഞാലും
അതിനുള്ളിലും മൃത്യു കയറി ചെല്ലും
ചെറ്റപ്പുരയിൽ പാർക്കുന്ന ഭിക്ഷുവും
മറ്റും മരണത്തിനധീനനാം

ഇന്ന് നാം മരിച്ചാൽ നമ്മുടെ നിത്യത എവിടെ ചിലവഴിക്കും സ്വർഗ്ഗത്തിലോ? നരകത്തിലോ? ചിന്തിക്കുക. യേശു ക്രിസ്തു പറഞ്ഞു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.

നാം നമ്മുടെ മരണവും അടക്കവും വല്ലപ്പോഴെങ്കിലും ഒന്ന് ഭാവനയിൽ കാണണം അപ്പോൾ നമ്മുടെ ഉന്നതഭാവവും അഹങ്കാരവും സ്വാർത്ഥതയും ഒക്കെ പമ്പകടക്കും.

MGM Ministries-Article Source: gospelmediaonline.com/മരണം-ഒരു-യാഥാർത്ഥ്യമാണ്/-(Accessed in May 2015