പരിശുദ്ധാത്മാവും പരിശുദ്ധാത്മസ്നാനവും

Holy Spirit and Baptism in Holy Spirit
by പാസ്റ്റർ കെ. ഇ. ഏബ്രഹാം
(പരിശുദ്ധാത്മസ്നാനം എന്ന പുസ്തകത്തിൽ നിന്ന്)

“ഞാൻ പോകുന്നത് നിങ്ങൾക്ക് പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയയ്ക്കും” (John 16:7).
മനുഷ്യൻ രക്ഷിക്കപ്പെടുന്നതിനു പരിശുദ്ധാത്മാവിന്റെ പ്രവർത്തനം അത്യാവശ്യമത്രെ. പിതാവായ ദൈവത്താൽ മനുഷ്യന് സൗജന്യമായി നല്കപ്പെട്ടതും, ക്രിസ്തുവിന്റെ പ്രായശ്ചിത്ത ബലിയിൽ നിവർത്തിച്ചിരിക്കുന്നതുമായ രക്ഷയെ മനുഷ്യഹൃദയങ്ങളിൽ അനുഭവമാക്കുന്നത് പരിശുദ്ധാത്മാവിന്റെ വേലയാകുന്നു. ഇങ്ങനെ മനുഷ്യന്നായുള്ള രക്ഷാവേളയിൽ പിതാവായ ദൈവത്തിനും, പുത്രനായ ദൈവത്തിനും, പരിശുദ്ധാത്മാവായ ദൈവത്തിനും ഒരുപോലെ സ്ഥാനമുള്ളതായിട്ടത്രെ ഇരിക്കുന്നത്. പരിശുദ്ധാത്മാവ് മനുഷ്യഹൃദയങ്ങളിൽ ദൈവത്തിന്റെ രക്ഷയെ പ്രവേശിപ്പിച്ച് താന്തന്നെ മനുഷ്യന്റെ ശരീരത്തെയും ഹൃദയത്തെയും കൈവശമാക്കി അവന്റെ ഉള്ളിൽ വസിക്കുന്നു. പരിശുദ്ധാത്മാവ് മനുഷ്യഹൃദയത്തിലേക്ക് വരിക മുഖാന്തിരം ക്രിസ്തുവും ക്രിസ്തുവിൽ കൂടെ പിതാവായ ദൈവവും അവന്റെ ഉള്ളിലേക്കു കടന്നുവരുന്നു. ഇങ്ങനെ ത്രിയേക ദൈവം മനുഷ്യനിൽ അധിവസിക്കുന്നതായ അനുഭവത്തെ തുടർന്നു വിശ്വാസി പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടു ത്രിയേക ദൈവത്തിന്റെ നിറവിൽ വസിക്കാൻ കഴിയുന്ന ഒരു വിശിഷ്ടാനുഭവം മനുഷ്യനായി നിക്ഷേപിച്ചിട്ടുണ്ട്. ആ ദിവ്യാനുഗ്രഹത്തെക്കുറിച്ചത്രെ ചുവടെ വിവരിക്കുന്നത്.

മശിഹായുടെ വരവിനെക്കുറിച്ച് പ്രവാചകന്മാർ പല പ്രാവശ്യം പ്രവചിച്ചിരുന്നവണ്ണം തന്നെ പരിശുദ്ധാത്മാവിന്റെ ആഗമനത്തെക്കുറിച്ചും അനേക പ്രാവശ്യം പ്രവചിച്ചിരിക്കുന്നതായി പഴയനിയമ ഗ്രന്ഥം പാരായണം ചെയ്താൽ ഗ്രഹിക്കാവുന്നതാണ്. പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടും സമനായി ത്രിത്വത്തിൽ മൂന്നാമനായ ഒരു ആള് അത്രേ. തനിക്ക് ഒരു ആളത്വം ഉണ്ട്. പരിശുദ്ധാത്മാവ് ഒരു ശക്തി മാത്രമെന്ന് ഉപദേശിക്കുന്നവർ ഇക്കാലത്ത് ഇല്ലാതില്ല. എന്നാൽ ദൈവത്തിന്റെ വചനത്തിൽ താൻ ആളത്വമുള്ളവനെന്ന് വ്യക്തമാക്കിയിരിക്കുന്നു. ക്രിസ്തു തന്റെ ശിഷ്യന്മാരോട് പരിശുദ്ധാത്മാവിനെപ്പറ്റി സംസാരിക്കുന്നതിൽ കാര്യസ്ഥൻ, ആശ്വാസപ്രദൻ, അവൻ, ഇത്യാദി പദങ്ങൾ ഉപയോഗിച്ചിരിക്കുന്നത് പരിശുദ്ധാത്മാവ് ആളത്വം ഉള്ളവനാകയാലത്രെ. അവന് ഒരു ശക്തിയല്ല; പ്രത്യുത ശക്തിയോടുകൂടിയ ഒരു ആള് (ദൈവം) ആകുന്നു. അതു നിമിത്തമാണ് തന്നെക്കുറിച്ച് ഉയരത്തിലെ ശക്തി എന്ന് എഴുതിയിരിക്കുന്നത്. പരിശുദ്ധാത്മാവ് ഒരു ശക്തിമാത്രമായിരുന്നെങ്കിൽ തനിക്ക് പ്രാവുപോലെ ഇറങ്ങി വരാൻ ഒരിക്കലും സാധിക്കയില്ലായിരുന്നു. കൂടാതെ, പരിശുദ്ധാത്മാവ് മനുഷ്യരിൽ പ്രവേശിച്ച് താന്തന്നെ സംസാരിക്കുന്നതും ഒരു ആള് ആകയാലത്രെ. അതിനാൽ പരിശുദ്ധാത്മാവ് ഒരു ശക്തി മാത്രമാണെന്നുള്ള ഉപദേശം വെറും നിരര്ത്ഥകമെന്നും, സത്യവചനത്തിനു വിരുദ്ധമായതെന്നും മനസ്സിലാക്കണം.

പഴയനിയമകാലത്ത് പരിശുദ്ധാത്മാവ് വിശ്വാസികളോടുകൂടെ വസിച്ചിരുന്നതേയുള്ളൂ. എന്നാൽ പുതിയനിയമ കാലത്താകട്ടെ, താൽ അവരുടെ ഉള്ളിൽ വസിക്കുമെന്നാണ് കാണുന്നത്. വിശ്വാസികളുടെ ഹൃദയങ്ങളിൽ വസിപ്പാനായി താൻ അയയ്ക്കപ്പെടുമെന്നുള്ളതു കൊണ്ട് ‘പിതാവിന് വാഗ്ദത്തം’ ‘വാഗ്ദത്തത്തിന് പരിശുദ്ധാത്മാവ്’ എന്നിത്യാദി പേരുകൾ പുതിയ നിയമത്തിൽ കാണുന്നുണ്ട്. തന്റെ വരവിനെക്കുറിച്ച് പ്രവാചകന്മാർ ധാരാളമായി സംസാരിച്ചിരുന്നു. ‘ഞാൻ അവർക്ക് വേറൊറു ഹൃദയത്തെ നല്കുകയും, പുതിയൊരു ആത്മാവിനെ ഉള്ളില് ആക്കുകയും ചെയ്യും’ (Eze. 11:19). ‘പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും’ (Eze. 36:26). ‘നിങ്ങൾ ജീവിക്കേണ്ടതിനു ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ ആക്കും’ (Eze. 37:14). ‘നിന്റെ സന്തതിമേൽ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേൽ എന്റെ അനുഗ്രഹത്തെയും പകരും’ (Isa. 44:3). ‘ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും’ (Joel 2:28).

ഈ വചനങ്ങളിൽ പ്രകാരം പരിശുദ്ധാത്മാവ് അയയ്ക്കപ്പെടുകയെന്നത് ക്രിസ്തു കഷ്ടമനുഭവിച്ചു മരിച്ചു അടയ്ക്കപ്പെട്ടു ഉയിർത്തു തേജസ്ക്കരിക്കപ്പെട്ട ശേഷമേ നിവർത്തിക്കപ്പെട്ടുള്ളൂ (John 7:39). യേശു തേജസ്ക്കരിക്കപ്പെട്ടു സ്വർഗ്ഗാധിസ്വർഗ്ഗത്തിൽ മഹിമയുടെവലതുഭാഗത്ത് ആരോഹണം ചെയ്തിട്ട് താൻ പിതാവിനോടു വാങ്ങി പരിശുദ്ധാത്മാവിനെ പകർന്നു (John 14:16). അതിനെക്കുറിച്ച് തിരുവചനത്തിൽ ഇവ്വണ്ണം വായിക്കുന്നു: ‘അവൻ ഉയരത്തിൽ കയറി മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു’ (Eph. 4:8). രാജാക്കന്മാരോ രാജ്ഞിമാരോ സ്ഥാനാഭിഷേകം ചെയ്യപ്പെട്ടു സിംഹാസനാരൂഢരാകുമ്പോൾ പ്രജകൾക്ക് ദാനങ്ങൾ കൊടുക്കുന്ന രീതി പുരാതന കാലങ്ങളിൽ തുടങ്ങി നടന്നു വരുന്നതാണല്ലോ. അഹശ്വെരോശു രാജാവ് എസ്ഥേറിനെ തന്റെ പട്ടമഹിഷിയായി സ്വീകരിച്ച് അവളുടെ തലയിൽ രാജകിരീടം വച്ച് രാജ്ഞിസ്ഥാനത്തേക്ക് ഉയര്ത്തിയപ്പോൾ രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു (Est. 2:18) എന്ന് കാണുന്നത് ഇതിനൊരു തെളിവത്രെ. അവ്വണ്ണം നമ്മുടെ കർത്താവായ ക്രിസ്തുവും ചെയ്തിരിക്കുന്നു. താന് ഉയിര്ത്തെഴുന്നേറ്റ് ആരോഹണം ചെയ്തപ്പോൾ പിതാവായ ദൈവം ‘സ്വർഗ്ഗത്തിൽ തന്റെ വലതുഭാഗത്ത് എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കര്ത്തൃത്വത്തിനും, ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിനും അത്യന്തം മീതെ ഇരുത്തുകയും സര്വ്വവും അവന്റെ കാല്ക്കീഴിലാക്കി വെച്ചു അവനെ സര്വ്വത്തിനും മീതെ തലയാക്കി’ (Eph.1:20-22) ഉയർത്തുകയും ചെയ്തപ്പോൾ അവൻ മനുഷ്യർക്ക് ദാനങ്ങളെ കൊടുത്തു. ഈ ദാനം വാഗ്ദത്തത്തിൽ പരിശുദ്ധാത്മാവാണെന്നത്രെ തിരുവചവനം പറയുന്നത്. ‘അവൻ ദൈവത്തിന്റെ വലതുഭാഗത്തേക്ക് ആരോഹണം ചെയത് പരിശുദ്ധാത്മാവാകുന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി ……… പകർന്നു തന്നു’ (Acts. 2:33) എന്നും, ‘പരിശുദ്ധാത്മാവാകുന്ന ദാനം’ (Acts. 2:38, 10:46) എന്നും നാം വായിക്കുന്നു. അതേ, കർത്താവ് ഉയരത്തിൽ കയറി തന്റെ പിതാവിനോട് ചോദിച്ച് വാഗ്ദത്തം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനെ വാങ്ങി മനുഷ്യർക്ക് ദാനമായി പെന്തക്കോസ്തു ദിവസത്തിൽ ഭൂമിയിലേക്കു അയയ്ക്കുകയാൽ അന്നു മുതൽ പരിശുദ്ധാത്മാവ് മനുഷ്യഹൃദയത്തിലേക്കു പ്രവേശിച്ച് അതിനെ നിറച്ചുകൊണ്ടിരിക്കുന്നു.

ഇതിനെ വേറൊരു രൂപത്തിൽ പരിശുദ്ധാത്മസ്നാനം എന്ന് പറയുന്നു. ഇത് അലങ്കാര ഭാഷയിൽ പറയുന്നതത്രേ. പരിശുദ്ധാത്മാവിന്റെ വരവിനെക്കുറിച്ച് പ്രവാചകന്മാർ അലങ്കാര ഭാഷയിൽ പ്രവചിച്ചിട്ടുണ്ട്. കാറ്റ്, എണ്ണ, ജലം ആദിയായവയെ സാമ്യപ്പെടുത്തി അവർ ഈ സംഗതി പ്രസ്താവിച്ചു. പരിശുദ്ധാത്മസ്നാനം എന്ന പദം ജലത്തോട് സാമ്യപ്പെടുത്തിയുള്ള അലങ്കാര പ്രയോഗമത്രെ. പരിശുദ്ധാത്മാവിനെ എണ്ണയോടു സാമ്യപ്പെടുത്തി പറയുമ്പോൾ ഏതദ്വിഷയത്തെക്കുറിച്ചു ഉപയോഗിക്കാറുള്ള പദം പരിശുദ്ധാത്മാഭിഷേകം എന്നാകുന്നു. വിശ്വാസികളുടെമേൽ പരിശുദ്ധാത്മാവിനെ പകരുന്നതിനെപ്പറ്റി തിരുവെഴുത്തിൽ ജലത്തോടു ഘടിപ്പിച്ച് ‘മഴ’ എന്ന് ഉപയോഗിച്ചിട്ടുണ്ട്. പരിശുദ്ധാത്മപ്പകർച്ച, പരിശുദ്ധാത്മാഭിഷേകം, പരിശുദ്ധാത്മസ്നാനം ഇത്യാദി പദങ്ങളെല്ലാം ഈ അനുഭവത്തെക്കുറിച്ചുള്ള വിവിധ പദങ്ങളാകുന്നു. അതിൽ ജലത്തോട് സാമ്യപ്പെടുത്തിയുള്ളത് ഇവിടെ ചിന്തിക്കാം. വിശ്വാസികൾ ദൈവാത്മാവിന്റെ നിറവ് പ്രാപിക്കുന്നതിനേയും അവരിൽ നിന്ന് ആ ദിവ്യനിറവിന്റെ വല്ലഭത്വം പുറത്തേക്ക് വ്യാപരിക്കുന്നതിനേയും കുറിച്ച് ‘ജീവജലനദി ഒഴുകുന്നതായി’ പ്രവാചകന്മാർ സംസാരിക്കുകയുണ്ടായി. ‘ഒരു നദി ഉണ്ട്, അതിന്റെ തോടുകൾ ദൈവനഗരത്തെ അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ സന്തോഷിപ്പിക്കുന്നു’ (Psa. 46:4). ‘യഹോവയുടെ ആലയത്തിൽ നിന്ന് ഒരു നദി പുറപ്പെട്ട് ശിത്തീം താഴ്വരയെ നനയ്ക്കും’ (Joel 3:18). ‘ദാഹിച്ചിരിക്കുന്നേടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും’ (Isa. 44:3). ‘അന്നാളിൽ ജീവനുള്ള വെള്ളം യെരുശലേമിൽ നിന്ന് പുറപ്പെട്ട് പാതി കിഴക്കേ കടലിലേക്കും പാതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും’ (Zec. 14:8). ‘അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടു വന്നപ്പോൾ ആലയത്തിന്റെ ഉമ്മറപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു….. ആ വെള്ളം ആലയത്തിന്റെ വലതു ഭാഗത്ത് കീഴെനിന്നു തെക്കുവശമായി ഒഴുകി… നദീതീരത്തു അക്കരെയും ഇക്കരെയും അനവധി വൃക്ഷം നില്ക്കുന്നത് ഞാൻ കണ്ടു… ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും ചലിക്കുന്ന സകല പ്രാണികളും ജീവിക്കും…. നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാൻ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല; ഫലം ഇല്ലാതെ പോകയുമില്ല; അതിലെ വെള്ളം വിശുദ്ധ മന്ദിരത്തിൽ നിന്ന് ഒഴുകി വരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായ്ക്കും’ (Eze. 47:1-12). പഴയ നിയമത്തിൽ അലങ്കാര ഭാഷയിൽ പറയപ്പെട്ടിരിക്കുന്ന ഈ പ്രവചനങ്ങളെ ഇതുപോലെ അലങ്കാര ഭാഷാപ്രയോഗത്തിൽ പുതിയ നിയമത്തിൽ പ്രസ്താവിച്ചിട്ട് അത് പരിശുദ്ധാത്മാവിനെ കുറിക്കുന്നതെന്ന് വെളിവാക്കിയിരിക്കുന്നു. കര്ത്താവായ യേശു ഇതിനെക്കുറിച്ച് ഒരിക്കൽ ഇപ്രകാരം അരുളിച്ചെയ്തതായി നാം വായിക്കുന്നു: ‘ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശു നിന്നുകൊണ്ട് ദാഹിക്കുന്നവനെല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ. എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്ന് തിരുവെഴുത്ത് പറയുന്നതുപോലെ ജീവജലത്തിന്റെ നദിക ഒഴുകും എന്ന് വിളിച്ചു പറഞ്ഞു. അവൻ ഇത് തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്’ (John 7:37). ആത്മാവിനെ ജലത്തോട് സാമ്യപ്പെടുത്തിയുള്ള പരിശുദ്ധാത്മസ്നാനം എന്നത് ജലസ്നാനം പോലെ മുഴുകലാണെന്ന് തിരുവെഴുത്ത് സ്പഷ്ടമാക്കിയിട്ടുണ്ട്. ജലസ്നാനം നടത്തിയ യോഹന്നാൻ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും’ (Mark 1:8). യോഹന്നാൻ ഏതു പ്രകാരം യോർദ്ദാൻ നദിയിൽ മുക്കി സ്നാനപ്പെടുത്തിയോ അപ്രകാരം ക്രിസ്തു ആത്മസ്നാനാർത്ഥികളെ ജീവജല നദിയിൽ മുക്കി സ്നാനപ്പെടുത്തുമെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. നമ്മുടെ കർത്താവും പുനരുത്ഥാനാനന്തരം ശിഷ്യന്മാരോട് ഇപ്രകാരം പ്രസ്താവിച്ചു: ‘യോഹന്നാൻ വെള്ളം കൊണ്ട് സ്നാനം കഴിപ്പിച്ചു; നിങ്ങള്ക്കോ ഇനി ഏറെനാള് കഴിയും മുമ്പെ പരിശുദ്ധാത്മാവു കൊണ്ട് സ്നാനം ലഭിക്കും’ (Acts. 3:5). യോഹന്നാൻ യോർദ്ദാനിൽ സ്നാനം കഴിപ്പിച്ച പ്രകാരം പരിശുദ്ധാത്മാവാം ജീവനദിയിൽ അവർ സ്നാനപ്പെടുമെന്നത്രെ കർത്താവ് അവരോട് പ്രസ്താവിച്ചത്. സ്നാപകനായ യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തിയൽ വെള്ളത്തിൽ നിമജ്ഞിച്ചായിരുന്നുവെന്ന് നാം അറിയുന്നു. അതുപോലെ ആത്മസ്നാപകനായ കർത്താവ് ജീവനദിയിൽ ആത്മസ്നാനാർത്ഥികളെ മുഴുക്കുമെന്നു താല്പര്യം. വെള്ളത്തിലുള്ള സ്നാനം ക്രിസ്തുവിന്റെ മരണ പുനരുത്ഥാനങ്ങള്ക്ക് നിദർശനമാകയാൽ സ്നാപകൻ സ്നാനാർത്ഥിയെ വെള്ളത്തിൽ നിമജ്ജിച്ചിട്ടു മുകളിലേക്ക് ഉയർത്തുന്നു. എന്നാൽ ആത്മസ്നാനത്തിൽ ക്രിസ്തു തന്റെ വിശ്വാസിയെ ആത്മനദിയിൽ നിമജ്ജിച്ചിട്ടു അവനെ അതിൽ നിന്ന് വെളിയിലേക്ക് വരുത്തുന്നില്ല. ആത്മാവാം ജീവജലത്തിൽ അവൻ മുഴുകിയിരിക്കുകയാണ്. അക്ഷരിക ജലത്തിൽ ഒരാള് നിമജ്ജിക്കപ്പെട്ട് അവിടെത്തന്നെ കഴിച്ചുകൂട്ടിയാൽ സ്വാഭാവികമായി സംഭവിക്കുന്നത് ജലം കുടിച്ചു പോകുക എന്നുള്ളതാണ്. അവ്വണ്ണം ആത്മനദിയിൽ നിമജ്ജിക്കപ്പെട്ട ദൈവപൈതൽ ആത്മാവിനെ പാനം ചെയ്യുക തന്നെ ചെയ്യുന്നു. പ്രകൃതിയിലെ വെള്ളത്തിൽ മുങ്ങി അതിൽ നിന്ന് ധാരാളം കുടിച്ചു പോയാൽ മരണമാണ് അനുഭവം. എന്നാൽ ഇത് ജീവജലമാകയാൽ മരിക്കയില്ല. പ്രത്യുത സമൃദ്ധിയായ ജീവൻ ലഭിക്കുകയാണുണ്ടാവുക.

ജലം ഒരു പാത്രത്തിൽ നിറഞ്ഞു കഴിഞ്ഞാൽ പിന്നീട് അത് കവിഞ്ഞ് പുറത്തേക്ക് ഒഴുകുക എന്നത് യഥാർത്ഥം തന്നെയാണല്ലോ. പരിശുദ്ധാത്മാവാകുന്ന ജീവജലത്തിനു വേണ്ടി ദാഹിക്കുന്ന ഒരുവൻ ക്രിസ്തുവിന്റെ അടുക്കൽ ചെല്ലുമ്പോൾ താൻ അവനെ ആ ജീവജലത്തിൽ സ്നാനപ്പെടുത്തുന്നു. ആത്മാവാകുന്ന വെള്ളത്തിൽ മുങ്ങിക്കഴിയുമ്പോൾ തന്നെ അവൻ ആത്മാവിനെ കുടിക്കയും അങ്ങനെ ആത്മാവാകുന്ന വെള്ളത്താൽ അവന്റെ ഹൃദയം നിറയപ്പെട്ടിട്ട് അവന്റെ ഉള്ളിൽ നിന്ന് ഈ ജീവജലം പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. ഇങ്ങനെ പരിശുദ്ധാത്മാവിൽ സ്നാനപ്പെടുക, പരിശുദ്ധാത്മാവിനെ കുടിച്ചു നിറയപ്പെടുക, പരിശുദ്ധാത്മാവ് കവിഞ്ഞൊഴുകുക ഈ മൂന്നനുഭവങ്ങൾ ഒന്നായി നടക്കുന്നതായിട്ടാണ് നാം കാണുന്നത്. പരിശുദ്ധാത്മസ്നാനം എന്ന ഏക പദത്തിൽ ഈ മൂന്നു സംഗതികളും അന്തർഭവിച്ചിട്ടുണ്ട്. അതിനാൽ ഈ മൂന്നു കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം തുടരെയുള്ള അദ്ധ്യായങ്ങളിലെ നമ്മുടെ ആലോചനകൾ കൊണ്ടുപോകുന്നത്.

ആത്മസ്നാനം ആത്മാവിൽ മുഴുകുകയാണെങ്കിൽ ‘ആത്മാവിനെ പകരും’ എന്ന പദപ്രയോഗം എങ്ങനെ യോജിക്കും എന്നൊരു സന്ദേഹത്തിനു ഇവിടെ വഴിയുണ്ട്. ആത്മാവിനെ പകരും എന്ന പദപ്രയോഗം ആത്മവർഷണത്തെ (മഴയെ) സൂചിപ്പിക്കുന്നതത്രെ. ഒരാളിന്റെ മേൽ ആത്മമഴ പകർന്നിട്ട് ആത്മജലത്താൽ അവിടം നിറയപ്പെട്ട് അങ്ങനെ ആ ആൾ അതിൽ മുഴുകുന്നു എന്നർത്ഥം. പെന്തെക്കോസ്തു ദിവസത്തിൽ മാളികമുറിയിൽ ആത്മജലം പകർന്ന് ആ വീടുമുഴുവന് നിറയപ്പെട്ടതിനാൽ (Acts. 2:2) നൂറ്റിരുപതു പേരും അതിൽ മുഴുകുകതന്നെ ചെയ്തുവെന്ന് ഇതിനാൽ വ്യക്തമത്രെ. അങ്ങനെ അവർ ആത്മനദിയിൽ മുഴുകപ്പെടുകയും തന്നിമിത്തം അവർ ആ ജീവജലം പാനംചെയ്ത് നിറയപ്പെടുകയും അത് അവരിൽ നിന്ന് പുറത്തേക്ക് ഒഴുകുകയുമാണുണ്ടായത് (Acts. 2:4). ജീവജലത്തെ സാമ്യപ്പെടുത്തിയുള്ളതായി മേൽ വായിച്ച പഴയനിയമ പ്രവചനങ്ങളിൽ, ദൈവത്തിന്റെ ആലയത്തിൽ നിന്ന് ജീവജലനദി പുറപ്പെട്ടു ഒഴുകുന്നതായിട്ടല്ലേ പറയപ്പെട്ടിരിക്കുന്നത്? സ്വർഗ്ഗത്തിൽ ദൈവത്തിന്റെ ആലയത്തിലെ സിംഹാസനത്തിൽ, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ഏക സിംഹാസനത്തിൽ നിന്ന് പളുങ്കുപോലെ ശുഭ്രമായ ജീവജലനദി പുറപ്പെടുന്നു. ഇത് പെന്തക്കോസ്തു ദിവസത്തിൽ ആണ് നിവർത്തിക്കപ്പെട്ടത്. ദൈവത്തിന്റെ സിംഹാസനത്തിൽ വലതു ഭാഗത്തായി യേശു ആരൂഢനായപ്പോൾ ആത്മാവാകുന്ന ഈ നദി അവിടെനിന്ന് പുറപ്പെടുകയുണ്ടായി. അന്നുമുതൽ ഈ നദി ലോകത്തിൽ ഒഴുകുന്നതിനാൽ വിശ്വാസികൾ ഈ നദിയിൽ സ്നാനപ്പെടുത്തുകയും തന്മൂലം അവർ അതിൽ നിന്ന് കുടിച്ചു നിറയപ്പെടുകയും ചെയ്യുന്നുണ്ട്. ഒരുവന്റെ ഹൃദയം പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടാലുടനെ ക്രിസ്തുവും പിതാവായ ദൈവവും അവന്റെ ഹൃദയത്തിൽ തങ്ങളുടെ സിംഹാസനം സ്ഥാപിക്കുന്നു. അപ്പോൾ ‘ഞങ്ങൾ അവന്റെ അടുക്കൽ ചെന്ന് അവനോടുകൂടെ വാസം ചെയ്യും’ (John 14:23) എന്നു യേശു പറഞ്ഞ വചനം നിവർത്തിക്കപ്പെടും. ഇങ്ങനെ വിശ്വാസിയുടെ ഹൃദയം ദൈവത്തിന്റെ ആലയമായി തീർന്നു. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ സ്ഥാപിക്കപ്പെടുമ്പോൾ ആ ആലയത്തിലെ സിംഹാസത്തിന് കീഴിൽ നിന്ന് ആത്മാവാകുന്ന ജീവജലനദി പുറത്തേക്ക് ഒഴുകിത്തുടങ്ങുന്നു. ഹാ! ആത്മാവിൽ സ്നാനപ്പെടുക, ആത്മാവിനെ കുടിക്കുക, അത് കവിഞ്ഞൊഴുകുക എന്നത് – അതേ, പരിശുദ്ധാത്മസ്നാനം എന്നത് – എത്രയോ മഹത്തായ ഒരനുഭവം! എന്നാൽ വിശ്വാസികളിൽ പലരും വീണ്ടും ജനനം പരിശുദ്ധാത്മസ്നാനം ഇവരണ്ടും ഒന്നുതന്നെയെന്നു ധരിച്ചിരിക്കുകയാണ്. വീണ്ടും ജനനം പരിശുദ്ധാത്മാവിന്റെ ഒരു പ്രവർത്തി തന്നെയെങ്കിലും അത് പരിശുദ്ധാത്മ സ്നാനമാകുന്നില്ല. ചിലപ്പോൾ വീണ്ടും ജനനം, പരിശുദ്ധാത്മസ്നാനം ഇവ രണ്ടും ഒരേ അവസരം നടന്നിരിക്കാമെങ്കിലും ഇവ രണ്ടും രണ്ടനുഭവം തന്നെയാണ്. ആത്മാവിൽ നിന്ന് ജനിക്കാതെ ഒരുവനും ഒരു ശിഷ്യനാകുവാൻ കഴികയില്ല; ദൈവത്തിന്റെ ആത്മാവിനെ കൂടാതെ ഒരുവനും യേശുവിനെ കർത്താവ് എന്ന് സാക്ഷാത്തായി ഏറ്റുപറയുവാനും കഴികയില്ല; ദൈവത്തിന്റെ ആത്മാവിനെ കൂടാതെ ഒരു മാനസാന്തരം ഉണ്ടാകുന്നുമില്ല. എങ്കിലും ആത്മാവിൽ നിന്നും ജനിക്ക എന്നതും ആത്മാവിനാൽ നിറയപ്പെടുക എന്നതും രണ്ട് അനുഭവമത്രെ. അപ്പോസ്തലന്മാർ തുടങ്ങിയുള്ള ശിഷ്യന്മാർ പെന്തക്കോസ്തു ദിവസത്തിന് മുമ്പുതന്നെ ആത്മാവിൽ ജനിച്ചിരുന്നു. എന്നാൽ അപ്പോൾ അവർ ആത്മാവിന്റെ സ്നാനം അഥവാ അഭിഷേകം പ്രാപിച്ചിരുന്നില്ല. പിന്നീട് അവർ ഈ നിറവിങ്കലേക്ക് നടത്തപ്പെടുകയാണുണ്ടായത്. അവ്വണ്ണം തന്നെ, ഫിലിപ്പോസ് എന്ന സുവിശേഷകൻ ശമര്യയിൽ ചെന്ന് വചനം പ്രസംഗിച്ചപ്പോൾ ഒരു കൂട്ടം ജനം വിശ്വസിച്ചതായി കാണുന്നു (Acts. 8). അവർ ആത്മാവിൽ നിന്ന് ജനിച്ചിരുന്നവർ തന്നെയാണല്ലോ. എന്നാൽ അവരെ പരിശുദ്ധാത്മ സ്നാനത്തിലേക്ക് പ്രവേശിപ്പിക്കേണ്ടതിനായി പത്രോസും യോഹന്നാനും ഇറങ്ങിച്ചെന്ന് അവർക്കായി പ്രാർത്ഥിച്ചപ്പോൾ അവർ ആത്മസ്നാനം പ്രാപിച്ചവരായിത്തീർന്നു. ഈ സംഗതികളാൽ, ആത്മാവിൽ നിന്ന് ജനിക്ക എന്നതും ആത്മാവിൽ സ്നാനപ്പെടുക എന്നതും രണ്ടനുഭവമെന്ന് വ്യക്തമത്രെ.

വേറെ ചിലരുടെ ധാരണ ജലസ്നാനത്തിങ്കൽ വച്ചുതന്നെ ആത്മസ്നാനവും ലഭിക്കുന്നതായിട്ടാണ്. ഇതിന് അവർക്കുള്ള ആധാരവാക്യം താഴെക്കാണുന്നതാകുന്നു:
‘നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തർ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പീൻ; എന്നാൽ പരിശുദ്ധാത്മാവെന്ന ദാനം ലഭിക്കും’ (Acts. 2:38). ഇതിൽ സ്നാനം ഏല്പീൻ എന്നാൽ ആത്മദാനം ലഭിക്കും എന്ന് കാണുന്നതിനാൽ സ്നാനം ഏല്ക്കുമ്പോൾ തന്നെ ആത്മദാനം ലഭിക്കുന്നതായിട്ടത്രെ ധരിച്ചിരിക്കുന്നത്. എന്നാൽ മാനസാന്തരപ്പെട്ട് സ്നാനം ഏറ്റാൽ ആത്മദാനം ലഭിക്കത്തക്ക യോഗ്യത ഉണ്ടാകുന്നതിനാൽ അതിനെത്തുടർന്ന് അത് ലഭിക്കുമെന്നല്ലാതെ സ്നാനകർമ്മത്തിങ്കൽ ആത്മദാനം ഉള്പ്പെട്ടിട്ടില്ല. പക്ഷേ, സ്നാനപ്പെടുന്ന അവസരം തന്നെ ആത്മസ്നാനം ലഭിച്ചുവെന്ന് വരാവുന്നതാണ്. എന്നാൽ ആത്മാസ്നാനം എന്നത് ജലസ്നാനത്തിൽ ഉള്പ്പെട്ടിരിക്കുന്നില്ലായെന്നു മനസ്സിലാക്കണം. പെന്തക്കോസ്തുനാളിൽ ആത്മസ്നാനം പ്രാപിച്ച ശിഷ്യഗണം, യോഹന്നാന്റെ സ്നാനം കൈക്കൊണ്ടിരുന്നു (Acts. 1:21). എങ്കിലും പിന്നീടവർ ആത്മസ്നാനം പ്രാപിക്കയുണ്ടായി. മാത്രമല്ല, ഫിലിപ്പോസിന്റെ പ്രസംഗത്താൽ ശമര്യയിൽ വിശ്വസിച്ച ജനം ജലസ്നാനം ഏറ്റിരുന്നതായി കാണുന്നുണ്ട് (Acts. 8:12). എങ്കിലും അവർക്ക് പിന്നാലെ ആത്മസ്നാനം ലഭിച്ചതായിട്ടാണ് പറയപ്പെട്ടിരിക്കുന്നത്. അതിനെക്കുറിച്ച് നാം ഇവ്വണ്ണം വായിക്കുന്നു: ‘അവർ (പത്രോസും യോഹന്നാനും) ചെന്നു, അവർക്ക് പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിനു അവർക്കായി പ്രാർത്ഥിച്ചു; അന്നുവരെ അവരില് ആരുടെമേലും ആത്മാവ് വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളൂ’ (Acts. 8:15,16). അവർ സ്നാനമേറ്റിരുന്നെങ്കിലും ആത്മാവ് അവരുടെ മേൽ വന്നിരുന്നില്ല എന്നല്ലേ ഇവിടെ കാണുന്നത്? ആകയാൽ ജലസ്നാനത്തിങ്കൽ ആത്മസ്നാനം ലഭിച്ചതായി സമാധാനിക്കാൻ വചനം അനുവദിക്കുന്നില്ല. തന്നെയുമല്ല, ജലസ്നാനത്തിൽ ആത്മസ്നാനം ലഭിച്ചതായി വിചാരിക്കുന്ന പക്ഷം ഫിലിപ്പോസിന്റെ കയ്യാൽ ജലസ്നാനം സ്വീകരിച്ച് ആഭിചാരകനായ ശീമോൻ (Acts. 8:13) ആത്മസ്നാനം പ്രാപിച്ചിരുതായി കരുതേണ്ടിയിരിക്കുന്നു. ജലസ്നാനം സ്വീകരിച്ചവർ പ്രാപിക്കേണ്ടതായ ഒരു അനുഭവമത്രെ ആത്മസ്നാനം. എന്നാൽ ജലസ്നാനത്തിങ്കൽ വെച്ച് അത് ലഭിച്ചുപോയി എന്ന് സമാധാനിപ്പാൻ വഴി കാണുന്നില്ല.

ഒരുവന് നല്ലവണ്ണം പ്രസംഗിക്കയോ, വചനത്തെ നല്ലവണ്ണം വ്യാഖ്യാനിക്കയോ, തീക്ഷ്ണതയോടെ നല്ല വാചകത്തിൽ പ്രാർത്ഥിക്കയോ ചെയ്താൽ ഈ സ്നാനം ലഭിച്ചിട്ടുള്ളതായി ചിലര് കരുതുന്നു. എന്നാൽ ഇത് ആത്മസ്നാനമാകുന്നില്ല. പഴയനിയമകാലത്ത് നല്ലവണ്ണം പ്രസംഗിക്കുകയും വചനത്തെ വേണ്ടവണ്ണം വ്യാഖ്യാനിക്കുകയും ചെയ്തവരായ പ്രവാചകന്മാരും ശാസ്ത്രിമാരും ഉണ്ടായിരുന്നുവല്ലോ. സകല ദൈവമക്കള്ക്കുമായി ദൈവത്താൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ദിവ്യാനുഗ്രഹമത്രെ അത്. ആത്മാവാകുന്ന ജീവജലനദിയിൽ വിശ്വാസി മുഴുക്കപ്പെടുകയും അതിൽ നിന്ന് പാനം ചെയ്ത വിശ്വാസി ആത്മാവിനാൽ നിറയപ്പെടുകയും അതിന്റെ ദിവ്യവ്യാപാരങ്ങൾ അവനിൽ നിന്ന് നിര്ഗ്ഗമിക്കയും ചെയ്യുന്ന വിശിഷ്ടാനുഭവമാണത്. എന്നു പറഞ്ഞാൽ ദൈവപൈതൽ ആത്മാവെന്ന അഗ്നിയാൽ ആവരണം ചെയ്യപ്പെട്ടും, അവന്റെ അന്തര്ഭാഗം ആ അത്യന്ത ശക്തിയാൽ നിറയപ്പെടും, ആ അഗ്നിജ്വാലയുടെ വ്യാപാരങ്ങൾ അവനിൽ നിന്ന് ഒഴുകിക്കൊണ്ടുമിരിക്കുന്ന അതിമഹത്തായ അനുഗ്രഹമത്രെ ആത്മസ്നാനം.

MGM Ministries-Article Source: trumpetmagazine.com/read.aspx?lang=2&id=5&mid=119 – (Accessed in April 2012)