ഏലി നൽകുന്ന പാഠം

ഷീലാ ദാസ്‌

ദൈവത്തോട്‌ മനുഷ്യനു വേണ്ടി സംസാരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ആളായിരുന്നു പഴയനിയമത്തിൽ പുരോഹിതൻ. മനുഷ്യന്റെ ജീവിതത്തിൽ, സംഭവിച്ചുപോയ പാപങ്ങളുടെ പരിഹാരത്തിനായി, പുരോഹിതന്റെ അടുത്തെത്തി അദ്ദേഹം പറയുന്ന വ്യവസ്ഥപ്രകാരം യാഗം കഴിക്കുമ്പോൾ, യാഗപീഠത്തിൽ അത്‌ അർപ്പിച്ച്‌, പരിഹാരം വരുത്തുവാൻ ദൈവത്താൽ നിയമിതനായിരുന്നു പുരോഹിതൻ. അങ്ങനെ ദൈവത്തിനും മനുഷ്യനും ഇടയിൽ നിൽപ്പാൻ തിരഞ്ഞെടുക്കപ്പെട്ട പുരോഹിതൻ വിശുദ്ധനും ദൈവിക വ്യവസ്ഥയനുസരിച്ച്‌ ജീവിക്കുന്നവനും ആയിരിക്കണം. പുരോഹിതൻ ദൈവിക ദർശനവും കാഴ്ചപ്പാടും ഉള്ളവനായിരിക്കണം. വിശുദ്ധ പൗരോഹിത്യത്തിനായി ദൈവം തിരഞ്ഞെടുത്ത അഹരോൻ മുതൽ അനേകർ ആ ശുശ്രൂഷ ചെയ്യുകയും യേശുക്രിസ്തുവിന്റെ മരണ സമയത്ത്‌, ദേവാലയത്തിലെ തിരശ്ശീല മുകൾ തൊട്ട്‌ അടി വരെ രണ്ടായി കീറിയപ്പോൾ പഴയനിയമത്തിലെ പൗരോഹിത്യ ശുശ്രൂഷക്ക്‌ അവസാനമായി എന്നും വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു.

ദൈവിക നിയോഗപ്രകാരം, പഴയനിയമത്തിൽ, ശുശ്രൂഷ ചെയ്ത പുരോഹിതൻ ആയിരുന്നു ഏലി പുരോഹിതൻ. ഹന്ന മനോവ്യസനത്തോടെ പ്രാർത്ഥിച്ചു കരഞ്ഞപ്പോൾ, അതു പോലും മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്‌ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ദൈവത്തിനു വേണ്ടി പ്രയോജനപ്പെടേണ്ട ഒരു ശമുവേൽ ആലയത്തിലെത്തുന്നതു വരെ ദൈവം കാത്തിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം ദൈവാലയത്തിലെ ശുശ്രൂഷ ദൈവത്തിന്റെ ഉത്തരവാദിത്തത്തിൽപെട്ട കാര്യമാണല്ലൊ. പ്രാർത്ഥനയുടെ മറുപടിയായി വന്ന ശമുവേൽ കാര്യങ്ങളെ ഏറ്റെടുക്കുവാൻ ദൈവം കാത്തിരുന്നു. ദൈവം നിങ്ങളെയും എന്നെയും ഒരു പ്രത്യേക ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, നാം അവിടെ എത്തുന്നതു വരെ ദൈവം കാത്തിരിക്കും. ഏലി പുരൊഹിതനെ ദൈവം തിരഞ്ഞെടുത്തു ശുശ്രൂഷ ഏൽപ്പിച്ചു, എന്നാൽ തന്റെ തലമുറയോടുള്ള ബന്ധത്തിൽ തനിക്ക്‌ ദൈവസന്നിധിയിൽ വിശ്വസ്തനാകാൻ കഴിഞ്ഞില്ല. ആലയത്തിൽ വരുന്നവർക്ക്‌ ആശ്വാസമാകേണ്ട പുരോഹിത കുടുംബം, വരുന്നവർക്ക്‌ തലവേദനയായി മാറുന്ന അവസ്ഥ. യാഗപീഠത്തിൽ സമർപ്പിക്കേണ്ട മേദസ്സ്‌ മുപ്പല്ലി കൊണ്ടു കുത്തിയെടുത്ത്‌ ഭക്ഷിക്കുന്ന മക്കൾ ഏലി പുരോഹിതന്റെ ശുശ്രൂഷക്ക്‌ തന്നെ വിനയായി. ഒരു കുടുംബത്തിന്റെ വീഴ്ചക്ക്‌ കാരണമായി തീരത്തക്ക നിലയിൽ കാര്യങ്ങൾ വഷളായിട്ടും ഏലിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നത്‌ ദു:ഖകരമായ സത്യം തന്നെ. ദൈവപുരുഷനിലൂടെ ദൈവം ദൂതറിയിച്ചിട്ടും അത്‌ ഏറ്റെടുക്കുവാനോ അനുസരിക്കുവാനോ അവർ തയ്യാറായില്ല. ഹന്നയുടെ മകൻ പ്രാർത്ഥനയുടെ ഫലമായതിനാൽ, യഹോവയുടെ വിശ്വസ്ത പ്രവാചകൻ ആയപ്പോൾ, ഏലിയുടെ മക്കൾ ശിക്ഷക്ക്‌ അർഹരായിത്തീർന്നു.

ഇന്നത്തെ ആധുനിക തലമുറയിലും ഇത്‌ നാം കാണുന്നു. ദൈവത്തിന്റെ ഹിതത്തിൽ ശുശ്രൂഷക്കായി തീരുമാനം എടുത്ത അനേക ദൈവദാസന്മാരുടെ തലമുറകൾ ഇന്ന് ദൈവഹിതത്തിൽ നിന്നും വ്യതിചലിച്ച്‌ യാത്ര ചെയ്യുകയാണു്. ഏലി പുരോഹിതന്റെ ഭാഗത്തു വന്ന തെറ്റ്‌ മക്കളെ ശാസിച്ചമർത്തിയില്ല എന്നതായിരുന്നു. അവരെ ഉപദേശിച്ചു എങ്കിലും തെറ്റിൽനിന്നും പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ഇന്നത്തെ കർത്തൃ വേലക്കാർ ഇത്‌ ചിന്തിക്കുന്നത്‌ നല്ലത്‌ തന്നെ. നാം അനേകരെ തെറ്റ്‌ തിരുത്തുന്നവരും നേർവ്വഴി കാണിച്ചു കൊടുക്കുന്ന വരും ആയിരിക്കെ, നമ്മുടെ തലമുറ ഇന്നെവിടെ? എന്ന് ചിന്തിക്കുന്നത്‌ നല്ലതാണു്. മക്കളെ ശാസിച്ച്‌ വളർത്തുന്നത്‌, ഔട്ട്‌ ഓഫ്‌ ഫാഷൻ ആയി തോന്നുന്നു എങ്കിൽ പിന്നീട്‌ ദൈവത്തിന്റെ മുൻപിൽ വില മുടക്കേണ്ടിവരികയും മനുഷ്യന്റെ മുൻപിൽ അപമാനിക്കപ്പെടുകയും ചെയ്യും. മറ്റുള്ളവർ ചെയ്യുന്ന ചെറിയ തെറ്റുകളെ വലുതായി കാണുകയും സ്വന്തം മക്കളുടെ തെറ്റുകളെ നിസ്സാരമാക്കുകയും ചെയ്താൽ അയ്യോ കഷ്ടം. നാം വിശ്വസിക്കുന്ന, പ്രസംഗിക്കുന്ന നിത്യതയെക്കുറിച്ചുള്ള ബോദ്ധ്യം തലമുറക്ക്‌ നൽകാൻ കഴിയുന്നില്ലെങ്കിൽ, ലോകത്തിലുള്ള മുഴുവൻ പേരേയും നിത്യതയിൽ എത്തിച്ചാലും നമ്മുടെ വ്യക്തിപരമായ അലസതക്ക്‌ നാം മറുപടി പരയേണ്ടി വരില്ലേ?. ഏലി പറഞ്ഞത്‌ അനുസരിക്കാ തിരുന്ന മക്കൾ മാത്രമല്ല, അദ്ദേഹവും അനർത്ഥത്തിൽ അകപ്പെടേണ്ടി വന്നെങ്കിൽ, തലമുറ മാത്രമല്ല, നാമും ശിക്ഷക്ക്‌ അർഹരാണെന്നല്ലേ മനസ്സിലാക്കുന്നത്‌. കർത്താവിനു വേണ്ടി ഒരു ജീവിതം മുഴുവൻ സമർപ്പിച്ച നമുക്ക്‌ നമ്മുടെ തലമുറയെക്കുറിച്ച്‌ ചിന്തിക്കാൻ അൽപസമയം മാറ്റി വക്കുവാൻ കഴിഞ്ഞാൽ നിത്യതയിൽ ദു:ഖിക്കേണ്ടിവരില്ല. ഇന്റർനെറ്റും ആധുനിക സംവിധാനങ്ങളും ഒക്കെ അവരെ നിത്യതയിൽ നിന്നും അകറ്റുന്ന നിലയിലേക്ക്‌ നീങ്ങുന്നു എന്ന് തോന്നിയാൽ, അവരുടെ പിണക്കം നോക്കാതെ അവരെ ശാസിച്ചമർത്തുവാൻ കഴിയട്ടെ. ഇന്ന് വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളിൽ നിന്നും നമ്മുടെ തലമുറക്ക്‌ വിടുതൽ ലഭിക്കട്ടെ. നാം ഒന്നുമറിയാത്തവരെപ്പോലെ ഇരിക്കാതെ ഈ തലമുറയിലെ, നാളെ ദൈവസഭ ഭരിക്കേണ്ട അഭിഷി ക്തന്മാരെ ശാസിച്ചും ശിക്ഷിച്ചും വളർത്തി എടുക്കാൻ തുനിയുന്നില്ലെങ്കിൽ, ദൈവിക ഇടപെടലുകൾ നാം കാണേണ്ടിവരും. നമുക്കു നമ്മുടെ തലമുറകളെക്കുറിച്ച്‌ കൂടുതൽ ഉത്തരവാദിത്തമുള്ള വരാകാൻ ദൈവം സഹായിക്കട്ടെ.

MGM Ministries-Article Source: kraisthavaezhuthupura.com/articles/sheeladaskeezhoor/1077-(Accessed in August 2014)