ദൈവാലയത്തില്‍ നിന്നു വിഗ്രഹങ്ങളെ പുറത്താക്കുക
Remove the idols from God’s temple
by സാജു ജോണ്‍
2Cor. 6:1-13
“നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ..” ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ നടക്കുകയും ചെയ്യും. ഞാന്‍ അവര്‍ക്ക് ദൈവവും അവര്‍ എനിക്കു ജനവുംമാകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ അതുകൊണ്ട് “അവരുടെ നടുവില്‍ നിന്നു പുറപ്പെട്ടു വേര്പ്പെട്ടിരിപ്പിന് എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായാത് ഒന്നും തൊടരുത്: എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ട് നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും.” (2Cor. 6:16,17)
കഴിഞ്ഞ ദിവസം ഒരു കണ്‍വന്‍ഷനില്‍ പ്രസംഗിക്കാന്‍ പോയ എന്റെ സുഹൃത്ത് സങ്കടത്തോടെ ഒരു കാര്യം എന്നോട് പറഞ്ഞു. “ഓരോ ദിവസവും കണവഷന്‍ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയത് അക്രൈസ്തവരായ ഓരോ രാഷ്ട്രീയ നേതാക്കളാണ്”.
നമ്മുടെ കണ്‍വന്‍ഷനുകള്‍ക്ക് രാഷ്ട്രീയനേതാക്കള്‍ വന്നാല്‍ എന്താണു കുഴപ്പം എന്നു നിങ്ങള്‍ ചോദിച്ചേക്കാം. എന്റെ മറുചോദ്യം, അവര്‍ വന്നില്ലെങ്കില്‍ എന്താണു കുഴപ്പം? എന്തായാലും ഈ മഹാന്മാരൊക്കെ വലിഞ്ഞു കയറി വന്നതലല്ലോ; ക്ഷണിച്ചിട്ടു വന്നതല്ലേ?. എന്തിനാണ് അവരെ ക്ഷണിച്ചത്? വിളിച്ചു സുവിശേഷം കേള്‍പ്പിക്കാനാണോ? അങ്ങനെയാണങ്കില്‍ കുഴപ്പമില്ല. അവര്‍ വന്നു സുവിശേഷം കേട്ടിട്ട് പോകട്ടെ. എന്നാല്‍ അവരെന്തിനാണ് ദൈവസഭയുടെ മീറ്റിങ്ങ് ഉദ്ഘാടനം ചെയ്യാനെത്തുന്നത്? ഒരു മരണവീട്ടിലോ. വിവാഹ വീട്ടിലോ പറഞ്ഞു കേട്ട് ഒരു രാഷ്ട്രീയക്കാരന് വന്നാല്‍ നമ്മുക്കൊന്നും പറയാനാകില്ല. അയാള്‍ അവിടെ രണ്ടു വാക്ക് അനുശോചനമോ ആശംസയോ പറയട്ടെ. ഇനി കണ്വഷനായാലും ഒരു രാഷ്ട്രീയക്കാരനോ സിനിമാക്കാരനോ പറഞ്ഞു കേട്ടു വന്നാല്‍ നമ്മുക്ക് വേണ്ടെന്നു പറയാനാവില്ല. അയാള്‍ വന്നു സുവിശേഷം കേള്‍ക്കട്ടെ. നമ്മുടെ മീറ്റിങ്ങിനു വന്നു മാനസാന്തരമുണ്ടായാല്‍ അവര്‍ രണ്ട് വാക്ക് സാക്ഷ്യം പറഞ്ഞാലും എനിക്ക് വിരോധമില്ല. എന്നാല്‍ അവിശ്വാസിയായ രാഷ്ട്രീയക്കാരന്റെയോ സിനിമാക്കാരന്റെയോ” രണ്ട് വാക്കുകള്‍ നമ്മുടെ കണ്വഷനോ യോഗത്തിണോ കൊഴുപ്പുകൂട്ടുമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ പ്രിയമുള്ളവരേ നിങ്ങള്‍ കൃപയില്‍ നിന്നു വീണു പോയി, നിങ്ങള്‍ക്ക് ദൈവകൃപ ലഭിച്ചതു വ്യര്‍ത്ഥമായിപ്പോയി.
പാപികളായ നമ്മെ ഓരോരുത്തരെയും ദൈവത്തിന്റെ മുന്പില് നീതിയുള്ളവരായി നിര്ത്തേണ്ടത്തിനു കാല്‍വരി ക്രുശില് തകര്‍ക്കപ്പെടാന്‍ സ്വയം ഏല്പ്പിചു കൊടുത്തുകൊണ്ട് യേശു നമ്മുക്ക് പകരമായി പാപമായിത്തിര്ന്ന ക്രുശു സംഭവമാണു നമുക്ക് ലഭിച്ച ദൈവ കൃപ. എന്നാല്‍ നീതികരണം ഒരു തുടക്കം മാത്രം! വിശുദ്ധീകരണത്തിന്റെ ട്രാക്കിലൂടെ തേജസ്ക്കരണം വരെയുള്ള ഒരു ഓട്ടമാണ് നമുക്ക് മുന്പില് വെച്ചിരിക്കുന്നത്. എന്നാല്‍, യാത്രക്കിടയില്‍ വിശുദ്ധീകരണത്തിന്റെ ട്രാക്കു തെറ്റി ഓടിയാല്‍ നമ്മിലേക്കുള്ള ദൈവ കൃപയുടെ ഒഴുക്കു നിലക്കും! അതിനാല്‍ തേജസിന്റെ ലക്ഷ്യസ്ഥാനത്തെത്തുംവരെ വിശുദ്ധിയുടെ ട്രാക്കില്‍ വഴി മാറാതെയുള്ള ഒരു മുന്നേറ്റമാണു ക്രിസ്തീയ ജിവിതത്തെ സഫലമാക്കുന്നത്.
ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യര്ത്ഥമായിപ്പോകരുത് എന്ന ജാഗ്രത നിര്‍ദ്ദേശത്തിനൊടുവില്‍ ഏതൊക്കെ സാഹചര്യങ്ങളില്‍ നാം കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്നും പൌലോസ് ഓര്‍പ്പിക്കുന്നു.
“നിങ്ങള്‍ അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത് നീതിക്കും അധമത്തിനും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല. വെളിച്ചത്തിന് ഇരുളിനോടു കൂട്ടായ്മ പറ്റില്ല. ക്രിസ്തുവിനും ബെലിയാലിനും തമ്മില്‍ ഒരു പൊരുത്തവും പറ്റില്ല. അല്ല വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? ദൈവാലയത്തിനു വിഗ്രഹങ്ങളുമായി എന്തു യോജ്യത? നാം ജിവനുള്ള ദൈവത്തിന്റെ ആലയമല്ലോ! (2Cor. 6:14-16)
വ്യക്തമായ ഒരു വേര്‍പാടിന്റെ ഉപദേശമാണു നാം ഇവിടെ കാണുന്നത്. ഒരു ക്രിസ്ത്യാനി ലോകത്തോടും ലൌകികതയോടും കൃത്യമായ വേര്‍പാട് സുക്ഷിക്കുന്നവനായിരിക്കണം – അവന്റെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും ആത്മീയജീവിതത്തിലും! ഒരു വിശ്വാസിക്ക് എല്ലാവരുമായി കൂട്ടായമയുണ്ടാക്കാന് കഴിയില്ല. കാണുന്നതെല്ലാം അവനു വീട്ടില്‍ കയറ്റാന്‍ കഴിയില്ല. സഭയിലും അവനു നിയമങ്ങളുണ്ട് – അവന് വേര്പെട്ടവാനാണ്
ചരിത്രത്തിലുടനീളം ദൈവം തന്റെ പ്രവര്‍ത്തികള്‍ക്കു ചുക്കാന്‍പിടിക്കാന്‍ ഭരമേല്പ്പിച്ച മനുഷ്യന് സമൂഹത്തിന്റെ സകല തിന്മകളോടും കൃത്യമായ വേര്‍പാട് സുക്ഷിക്കുന്നവരായിരുന്നു. അതു പുതിയനിയമത്തിലും പഴയനിയമത്തിലും ഒരുപോലെ ബാധകമാണ്. ദൈവത്തിനുവേണ്ടി വേര്‍തിരിഞ്ഞ നാസീര്വ്രതസ്തരേയാണു ദൈവം പഴയനിയമ യിസ്രായേലിന്റെ ആത്മീയനേതൃത്വം ഭരമേല്പ്പിച്ചത് (Acts. 6:3)
ദൈവസഭ ലോകമയത്വത്തിലേക്കു പോയപ്പോഴോക്കെ സമൂഹത്തിന്റെ മുഖ്യധാര സന്ദേശത്തില്‍ നിന്നു വഴിമാറി സഞ്ചരിച്ച വേര്‍പെട്ടവരെ ദൈവം എഴുന്നേല്പിച്ചു. റോമസഭ രാഷ്ട്രീയസൌഹ്യദം ആഡംബരമാക്കിയപ്പോള് അവരില്‍നിന്നു വേര്‍പെട്ടുനിന്ന നവീകരണനേതാക്കളെ ദൈവം ഉണര്‍വിന്റെ വാഹകരാക്കി.
എന്നാല്‍, വേര്‍പെട്ട സമൂഹങ്ങള്‍ വീണ്ടും രാഷ്ട്രീയസൌഹ്യദം ആഭരണമായി കണക്കാക്കുമ്പോള്‍ ആത്മീകര്‍ക്ക് എന്തു ചെയ്യാനാകും? അവര്‍ക്ക് ഒരിക്കലും അതിനു ഹോശന പാടാന്‍ കഴിയില്ല…. വിശാസിക്ക് അവിശ്വാസിയുമായി ഓഹരിയൊന്നുമില്ല
നിങ്ങള്‍ അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത് എന്നു പൌലോസ് പറയുന്നു. സാധാരണയായി, വിശ്വാസിയും അവിശ്വാസിയും തമ്മില്‍ വിവാഹ ബന്ധത്തിലേര്‍പ്പെടുന്നതിനെ എതിര്‍ക്കാന്‍ മാത്രമാണ് ഈ വേദഭാഗം ഉപയോഗിക്കാറുള്ളത്. തീര്‍ച്ചയായും ഇക്കാര്യത്തില്ഈ വേദഭാഗം പ്രസക്തമാണ്. വിഹാഹത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും ഇടപെടല്‍ കുറഞ്ഞു വരുന്ന കാലമാണിത്. എന്നാല്‍ അനോന്യമുള്ള ശരീരാകര്ഷണത്താലോ വിശ്വാസത്തിനു പുറത്തുള്ള അനുയോജ്യതകളാലോഒരു വിശ്വാസി അവിശ്വാസിയെ ഒരു കാരണവശാലും ജീവിതപങ്കാളിയാക്കാന്‍ പാടില്ല! (അജ്ഞതയുടെ കാലയളവില്‍ ഒരു അവിശ്വാസിയും അവിശ്വാസിയും ഒരുമിച്ചു ജീവിക്കുമ്പോള്‍ അവരിലൊരാള്‍ വിശ്വാസിയായിത്തീര്ന്നാല് അവര്‍ തമ്മില്‍ പിരിയേണ്ടതില്ല എന്നും വേദപുസ്തകം പഠിപ്പിക്കുന്നു.
“അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത്” എന്ന് പൌലോസ് ഇവിടെ പറയുന്നത് വിവാഹബന്ധത്തേമാത്രം ഉദ്ദേശിച്ചല്ല ………. അശുദ്ധമായയാതൊന്നുമായും കൂട്ടുകെട്ടുണ്ടാക്കാന്‍ പാടില്ല എന്നാണിവിടെ പൌലോസ് പറയുന്നത്. “അതുകൊണ്ട് അവരുടെ നടുവില്‍ നിന്ന് പുറപ്പെട്ടു വേര്പെട്ടിരിപ്പീന് എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു …… അശുദ്ധമായത് ഒന്നും തൊടരുത് ….” (2Cor. 6:16). സഭയ്ക്കുള്ളില്‍ ദൈവിക വിശുദ്ധിക്ക് യോജിക്കാത്ത വ്യക്തികളെയും ദൈവികമല്ലാത്ത രീതികളെയും പ്രവേശിപ്പിക്കുന്നതിനെയാണ് പൌലോസ് ഈ വേദഭാഗത്ത് എതിര്‍ക്കുന്നത്!
പൌലോസ് ഒന്നര വര്‍ഷം താമസിച്ചു സുവിശേഷ പ്രവര്‍ത്തനം നടത്തി സ്ഥാപിച്ചതാണ് കൊരിന്തിലെ സഭ (Acts.18:1-11). എന്നാല്‍, താമസിയാതെ നുഴഞ്ഞു കയറിയ പുതിയ ഉപദേഷ്ടാക്കന്മാര് (2Cor. 11:4) കൊരിന്ത്യസഭയെ പൌലോസിന്റെ കയ്യില്‍ നിന്നു ഏതാണ്ട് തട്ടിപ്പറിച്ചുക്കൊണ്ടുപോയതു പോലെയായി. ദൈവവചനത്തേയും വിശുദ്ധജീവിതത്തേയും ഗൌരവമായി എടുക്കാത്ത അനേക ‘ഗുരുക്കന്മാര്’ അവര്‍ക്കുണ്ടായി (1Cor. 4:6-13). അപ്പന്റെ ഭാര്യയുമായി ദുര്‍ന്നടപ്പു ആചരിക്കുന്നവനുപോലും സഭയില്‍ “കംഫര്‍ട്ടബിളായി” കഴിയാം (1Cor. 5:1) എന്ന നില വന്നു! സഹോദരന് സഹോദരനെതിരെ കേസ് കൊടുക്കുന്നതുമൊക്കെ സാധാരണമായി (1Cor. 6:1-14). വേശ്യകളുമായി വ്യഭിചാര കര്മ്മത്തിലെര്പ്പെടുന്നവരും സഭയിലുണ്ടായി (1Cor. 6:15-18). സാമൂഹിക ബന്ധങ്ങളുടെ പേര് പറഞ്ഞ്, ജാതികളുടെ അമ്പലങ്ങളില്‍ വിഗ്രഹ സദ്യയില്‍ പങ്കെടുക്കുകയും തിരികെ സഭയില്‍ വന്ന് തിരുവത്താഴത്തിനു മുന്‍പന്തിയില്‍ കയറിയിരിക്കുകയും ചെയ്യുന്നവര്‍ കൊരിന്ത്യ സഭയിലുണ്ടായിരുന്നു (1Cor. 8:10). തിരുവത്താഴം ഒരു ജാതിയ ആഘോഷം പോലെ തിന്നാനും കുടിക്കാനുമുള്ള വേദിയാക്കിയവരും കുറവായിരുന്നില്ല (1Cor. 11:20-22).
അപ്പന്റെ ഭാര്യയെ വെച്ചു കൊണ്ടിരിക്കുന്നവനും ദുര്‍ന്നടപ്പുകാരനും സഹോദരനെതിരെ കോടതി കയറുന്നവനും വിഗ്രഹങ്ങളുടെ മുന്പില് ആടിപ്പാടുന്നവനും വിശുദ്ധമേശയെ അപമാനിക്കുന്നവനും വിശ്വാസിയാണോ? ഒരിക്കലുമല്ല!.
സഭയില്‍ വരുന്ന എല്ലാവരും വിശ്വാസികളല്ല എന്ന കാര്യം നാം ഒന്നാമത് മനസ്സിലാക്കണം. രക്ഷിക്കപ്പെടാതെ, വീണ്ടും ജനിക്കാതെ, പുതു സ്യഷ്ടിയാകാതെ സഭയില്‍ കടന്നു കൂടിയ ധാരാളമാളുകള്‍ സഭയിലുണ്ട്. സഭയ്ക്ക് പുറത്തുള്ളവര്‍ മാത്രമാണ് അവിശ്വാസികള്‍ എന്നത് നമ്മുടെ ഒരു തെറ്റിദ്ധാരണയാണ്. സഭയില്‍ കൂടി വരുന്നവരിലും ധാരാളം അവിശ്വാസികളുണ്ട് …… അവരുമായി ഇണയില്ലാപ്പിണ കൂടരുത് എന്ന് കൂടി നാം തിരിച്ചറിയേണം! അതായത്, അവിശ്വാസികളുമായി – അവര്‍ സഭയ്ക്ക് പുറത്തുള്ളവര്‍ ആണെങ്കിലും അകത്തുള്ളവരാണെങ്കിലും – നാം ഇണയില്ലാപ്പിണ കൂടരുത്!
വേര്‍പാട് സഭയ്ക്കുള്ളിലും പുറത്തും വേണം. പുറത്ത് എന്നു പറയുമ്പോള്‍ അവിശ്വാസികളുടെ സ്ഥാപനത്തില്‍ നിങ്ങള്‍ ജോലി ചെയ്യരുതെന്നോ, അവിശ്വാസിയായ ഒരു സുഹൃത്ത് നിങ്ങള്‍ക്ക് ഉണ്ടാകരുത് എന്നോ അല്ല അര്‍ത്ഥം! ലോകത്തില്‍ ആരുമായും നിങ്ങള്‍ക്ക് കൂട്ടുണ്ടാക്കാം (friendship), എന്നാല്‍ ലോകത്തിലെല്ലാരുമായും നിങ്ങള്‍ക്ക് കൂട്ടായ്മ (fellowship) ഉണ്ടാക്കാന്‍ കഴിയില്ല എന്നു പറയാറുണ്ട്. രാഷ്ട്രിയക്കാര്‍ വ്യക്തിപരമായി നിങ്ങളുടെ സുഹൃത്തുക്കള്‍ ആയിരിക്കാം. ഗവണ്മെന്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോ സെലിബ്രിറ്റികളോ പോലും നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ ആയി ഉണ്ടാകാം. എന്നാല്‍ ഈ സൌഹ്യദം അവരെ രക്ഷയിലേക്ക് നയിക്കാനാണ് നാം ഉപയോഗിക്കേണ്ടത്.
സഭായോഗവും സഭയുടെ യോഗങ്ങളും ആത്മീയ സംഗമങ്ങള്‍ ആണെന്നും അവിടെ നടക്കേണ്ടത് ആത്മീയ ശ്രുശ്രൂഷകളാണെന്നതും നാം മറന്നു പോകരുത്. അവിടെ അവിശ്വാസികള്‍ക്ക് പ്രവേശനമില്ലെന്നല്ല ഞാന്‍ പറഞ്ഞത്. അവിശ്വാസികള്‍ക്ക് സഭായോഗത്തിനു പോലും കടന്നു വരാം എന്നാണ് വേദപുസ്തകം പഠിപ്പിക്കുന്നത്: “സഭയൊക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നു എങ്കില്‍ ആത്മവരം ഇല്ലാത്തവരോ അവിശ്വാസികളോ അകത്തുവന്നാല്‍ നിങ്ങള്‍ക്ക് ഭ്രാന്തുണ്ട് എന്നുപറയുകയില്ലയോ” (1Cor. 14:23).
എന്റെ സെക്കുലര്‍ സുഹൃത്തുക്കളെ – അറിയപ്പെടുന്ന സെലിബ്രിറ്റികളെപ്പോലും – ഞാന്‍ സഭായോഗത്തിനു ക്ഷണിച്ചു കൊണ്ടു പോയിട്ടുണ്ട് ……… എന്നാല്‍, അതൊന്നും അവരെ സഭയില്‍ ‘എഴുന്നെള്ളിച്ച്’കയ്യടിവാങ്ങാനല്ല, ദൈവസാന്നിധ്യത്തിന്റെ തിരിച്ചറിവ് അവര്‍ക്കുണ്ടാകട്ടെ എന്ന ആഗ്രഹത്തിലാണ്.
ചിലരുടെ ചിന്ത രാഷ്ട്രിയക്കാരന്റെയും, സിനിമാക്കാരന്റെയും പോലിസുകാരന്റെയും ബിസിനസ്സ്കാരന്റെയും ഔദാര്യമില്ലെങ്കില്‍ ദൈവസഭയ്ക്ക് ഈ ലോകത്തില്‍ ‘പിടിച്ചുനില്ക്കാന്’ കഴിയില്ലെന്നാണ്. “അവരെയൊക്കെ നമുക്ക് പിണക്കാന്‍ പറ്റുമോ?” എന്നാണ് ചില നേതാക്കളുടെ തന്നെ ചോദ്യം. ആരേയും പിണക്കേണ്ടതില്ല സുഹ്യത്തെ …………. എല്ലാവരുമായും നല്ല സൌഹ്യദം പുലര്‍ത്തുക. എന്നാല്‍, ദൈവത്തെ രക്ഷിക്കാന്‍ ആരും തത്രപ്പെടെണ്ടതില്ല.
സഭ ദൈവത്തിന്റെതാണ്. സഭയില്‍ മഹത്വം ലഭിക്കേണ്ടത് ദൈവത്തിനു മാത്രമാണ്. സഭയില്‍ മറ്റൊന്നും, മറ്റാരും ആദരിക്കപ്പെടാനോ ആരാധിക്കണപ്പെടാനോ പാടില്ല!
ദൈവസഭയില്‍ ദൈവാശ്രയത്തില്‍ നിന്ന് പിന്മാറുമ്പോഴാണ് ഈ ‘ബാധ’കളൊക്കെ ദൈവസഭയെ ഗ്രസിക്കുന്നത്. ഒന്നാമത് സാമ്പത്തിക മണ്ഡലത്തിലാണ് സഭയുടെ ദൈവാശ്രയം നഷ്ടപ്പെടുന്നത്. “കാര്യങ്ങള്‍ നടക്കാന്‍ പണം വേണ്ടേ” എന്നാണു നേതാക്കളുടെചോദ്യം! അതുകൊണ്ട് പണമുണ്ടാക്കാന്‍ (fund raising) നേതാക്കള്‍ സഭയ്ക്കുള്ളിലെ കള്ളപ്പണക്കാരന്റെയും സഭയ്ക്ക് പുറത്തെ ബിസിനസ്കാരന്റെയും മുന്പില് തല കുനിക്കുന്നു. ദൈവാശ്രയത്തിന്റെ സ്ഥാനത്തു മനുഷ്യനിലുള്ള ആശ്രയം സ്ഥാനം പിടിക്കുന്നു.
ദൈവത്തിന്റെ പ്രവര്‍ത്തനം ദൈവത്തിന്റെ വഴിയില്‍ നടക്കുമ്പോള്‍ അതിനാവശ്യമായ എല്ലാ വിഭവങ്ങളും ദൈവം നല്കുന്നു (God’s work in God’s way will never lack God’s provision) എന്ന ഹഡ്സന്‍ ടെയിലറുടെ വാക്കുകള്‍ ഈ ഫണ്ട് റെയിസിംഗ് വിദഗ്ധരൊക്കെ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍……… പലപ്പോഴും ഫണ്ട് പിരിവ് ആവശ്യമായി വരുന്നത് ദൈവത്തിന്റെ വഴിവിട്ടു (വേല) വ്യാപിപ്പിക്കുമ്പോഴാണ്.
അവിശ്വാസിയുടെ സ്പോണ്സര്ഷിപ്പില് ദൈവ വേല വ്യാപിക്കേണ്ട കാര്യമില്ല – അത് സഭയ്ക്കുള്ളിലെ അവിശ്വാസിയായാലും സഭയ്ക്ക് പുറത്തെ അവിശ്വാസിയായാലും വേണ്ട…….
രാഷ്ട്രിയക്കാരന്റെ കാര്യവും അങ്ങനെ തന്നെ. നാം നല്ല പൌരന്മാരായിരിക്കണം; രാഷ്ട്രത്തോടുള്ള നമ്മുടെ കടപ്പാടുകള്‍ നാം നിര്‍വഹിക്കണം…. എന്നാല്‍, ദൈവസഭ രാഷ്ട്രിയക്കാരന്റെ ഔദാര്യത്തിലല്ല കഴിയേണ്ടത്! ഹെരോദാവിന്റെ സ്പോണ്‍സര്‍ഷിപ്പിലല്ല യേശു ശുശ്രൂഷ ചെയ്തത്; ഗിരിപ്രഭാഷണം ഉത്ഘാടനം ചെയ്തത് പീലാത്തോസല്ല എന്നും നാം ഓര്‍ത്തിരിക്കണം.
എന്തു കൊണ്ടു വിശ്വാസിയും അവിശ്വാസിയും തമ്മില്‍ വേര്‍പാട് അനിവാര്യമാകുന്നു എന്ന് പൌലോസ് പറയുന്നു: ഒന്നാമത് “നീതിക്കും അധര്‍മ്മത്തിനും തമ്മില്‍ കൂട്ടായ്മ പറ്റുകയില്ല” (വാ.4). ക്രിസ്ത്യാനിത്വം അടിസ്ഥാന പരമായി നീതിയില്‍ അധിഷ്ഠിതമാണ്; കാരണം, ദൈവം നീതിമാനാണ്. അവിശ്വാസികളുടെ അടിസ്ഥാന തത്വം തന്നെ അധര്‍മ്മമാണ്; കാരണം, ദൈവവചന പ്രകാരം ദൈവികതയ്ക്കപ്പുറത്ത് ‘സാമാന്യം’ (common) എന്നു വിളിക്കുന്നതു പോലും ദൈവത്തിന്റെ മുന്പില് ‘അശുദ്ധ’മാണ്. “മനുഷ്യരുടെഇടയില്‍ ഉന്നതമായത് ദൈവത്തിന്റെ മുന്‍പാകെ അറപ്പത്രേ”(Luke 16:15).
ധാര്‍മ്മികതയുടെ വ്യക്തമായ അടിത്തറയില്‍ വേണം സഭ പണിയാന്‍. അനീതിയുടെ പണം ദൈവസഭയ്ക്ക് വേണ്ട. അധര്‍മ്മത്തിന്റെ ശക്തി ദൈവസഭയെ ഭരിക്കാന്‍ പാടില്ല. അധാര്‍മ്മികതയുടെ സകല കൂട്ടുകെട്ടുകളോടും സഭ ഒത്തുതീര്‍പ്പില്ലാതെ സമരം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!
അടുത്തതായി പൌലോസ് ചോദിക്കുന്നത് വെളിച്ചത്തിനു ഇരുളിനോടു എന്തു കൂട്ടായ്മയാനുള്ളത്? എന്നാണ്. ക്രിസ്ത്യാനികള്‍ വെളിച്ചത്തിന്റെ മക്കള്‍ (John 12:36). “ദൈവം വെളിച്ചമാകുന്നു; അവനില്‍ ഇരുട്ട് ഒട്ടുമില്ല” (1John 1:5). സഭ ദൈവത്തിന്റെതാകകൊണ്ട് സഭയില്‍ ഇരുട്ട് ഒട്ടുമുണ്ടാകാന് പാടില്ല. അടുത്തതായി പൌലോസ് പറയുന്നത്: “ക്രിസ്തുവിനും ബെലിയാലിനും തമ്മില്‍ തമ്മില്‍ ഒരുപൊരുത്തവുമില്ലാ” എന്നാണ്. അതു ഭീതിതോന്നിക്കേണ്ട പ്രസ്താവനയാണ്. കാരണം ബെലിയാല്‍ (the worthless one) ഇവിടെ സാത്താന്റെ മറുപേരാണ്. നാം അവിശ്വാസികളുമായി ഇണയില്ലാപ്പിണ (yoked) കൂടുമ്പോള്‍, നീതിയേയും അധര്‍മ്മത്തേയും കൂട്ടു പിണയ്ക്കുമ്പോള് (fellowing), ഇരുളും വെളിച്ചവും തമ്മില്‍ ഇടകലര്ത്തുമ്പോള് (communion) അത് ക്രിസ്തുവിനെയും സാത്താനെയും തമ്മില്‍ ചേര്‍ത്ത് വെക്കുന്നതു (concord) പോലെയാണ്. ദൈവസഭയില്‍ കളിക്കാനിറങ്ങിയിരിക്കുന്ന അവിശ്വാസിയേയും അധര്മ്മിയേയും ഇരുട്ടിന്റെ സന്തതികളെയും “സാത്താന്” എന്നാണ് പൌലോസ് വിളിക്കുന്നത്.
ഇത്രയും കാര്യങ്ങള്‍ വിശദമാക്കിയിട്ട് പൌലോസ് ആ ആത്യന്തിക സത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: “നാം ജീവനുള്ള ദൈവത്തിന്റെ ആലയമാണ് എന്നു മറന്നു പോകരുത് …….. ദൈവാലയത്തിന് വിഗ്രഹങ്ങളുമായി ഒരു യോജ്യതയുമില്ല ….. അതിനാല്‍ ദൈവം ഇരിക്കേണ്ട സ്ഥാനത്ത് ഒരു വിഗ്രഹത്തേയും നാം വലിച്ചു കയറ്റരുത്” (2Cor. 6:16).
വാസ്തവത്തില്‍ യേശു കാല്‍വറി ക്രൂശില്‍ ജീവന് കൊടുത്ത് നമ്മെ നീതികരിച്ചു അവന്റെ മക്കളാക്കിയ ത്നമ്മെ അവന്റെ ആലയം ആക്കേണ്ടതിനാണ്…. “ഞാന്‍ അവരില്‍ വസിക്കയും അവരുടെ ഇടയില്‍ നടക്കുകയും ചെയ്യും. ഞാന്‍ അവര്‍ക്ക് ദൈവവും അവര്‍ എനിക്ക് ജനവും ആകും” (2Cor. 6:16).
ഇതു ദൈവത്തിന്റെ എക്കാലത്തുമുള്ള വാഗ്ദാനമാണ് Exo. 29:45, Lev. 26:12, Psa. 90:1, Eze. 43:7-9, Zec. 2:10,11, John 6:56). ഈ വാഗ്ദാനം യഥാര്ത്യമാകേണ്ടതിനാണ് യേശു കാല്‍വറി ക്രൂശില്‍ മരിച്ചു, നമ്മുടെ പാപങ്ങള്‍ക്ക് നീക്കം വരുത്തി നമ്മെ നീതികരിച്ചു നമ്മെ ദൈവസംസര്ഗ്ഗത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്…….. അങ്ങനെ നമ്മില്‍ വസിച്ചു കൊണ്ടാണ് ദൈവം നമ്മെ വിശുദ്ധീകരിക്കുന്നത്. അങ്ങനെ നമ്മെ വിശുദ്ധീകരിച്ച് നമ്മെ കൊണ്ടെത്തിക്കുന്നതും അവന്റെ വാസസ്ഥലത്തേക്കാണ് (Rev. 21:3).
നിങ്ങള്‍ക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത് ആത്യന്തികമായി കര്‍ത്താവിനോടോപ്പം നിത്യമായി വാഴുവാനാണ്. ഇപ്പോഴേ അവിടുന്ന് നിങ്ങളില്‍ വസിക്കുന്നുണ്ട്. ഇപ്പോഴേ നിങ്ങള്‍ ജീവനുള്ള ദൈവത്തിന്റെ ആലയമാണ്. എന്നാല്‍, അവന്റെ വാസം നമ്മില്‍ തുടരണമെങ്കില്‍ നാം മറ്റു വിഗ്രഹങ്ങളെ ഉള്ളില്‍ കയറ്റരുത്. പണവും പണക്കാരനും നമ്മുടെ വിഗ്രഹമാകരുത്. ബിസിനസും ബിസിനസുകാരനും നമ്മുടെ വിഗ്രഹമാകരുത്. മറ്റൊരു വിഗ്രഹം ഉള്ളില്‍ കയറ്റിയാല്‍ ദൈവം ഇറങ്ങിപ്പോയേക്കാം.
ദൈവം തന്റെ മഹത്വം മറ്റാര്‍ക്കും പങ്കുവയ്ക്കില്ല. അധര്‍മ്മിയും കാട്ടുകള്ളനും മുഖ്യാസനം കയ്യാളുന്ന ഒരു സ്റ്റേജിന്റെ കോണില്‍ കര്ത്താവിനേക്കൂടി കയറ്റിയിരുത്താമെന്നു ആരും വ്യാമോഹിക്കേണ്ട……… അധര്‍മ്മവുമായി, ഇരുളുമായി, ബെലിയാലുമായി, മനുഷ്യവിഗ്രഹവുമായിഒരു സഹവാസ (cohabitation) ത്തിനു ദൈവം തയ്യാറാവുകയില്ല. അതുകൊണ്ട് “അവരുടെ നടുവില്‍നിന്നും വേര്‍പെട്ടിരിപ്പിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്…. എന്നാല്‍, ഞാന്‍ നിങ്ങളെ കൈക്കൊണ്ട് നിങ്ങള്‍ക്ക് പിതാവും നിങ്ങള്‍ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിരിക്കും”എന്ന് സര്‍വ്വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു …………. (2Cor. 6:16,17)
MGM Ministries-Article Source: voiceofdesert.com/p/283/ദൈവാലയത്തില്‍-നിന്നു-വിഗ്രഹങ്ങളെ-പുറത്താക്കുക-സാജു-ജോണ്‍ – (Accessed in August 2017)