Trespass Offering – (അകൃത്യയാഗം)

by പി. എസ്. ചെറിയാൻ

(‘യാഗങ്ങൾ ഉത്സവങ്ങൾ പൗരോഹിത്യം’ എന്ന ഗ്രന്ഥത്തിൽ നിന്നെടുത്ത ലേഖനം)

ആണ്ടിലൊരിക്കൽ അര്പ്പിക്കുന്ന പാപയാഗത്തിലൂടെ പാപക്ഷമ പ്രാപിച്ചിരിക്കുന്ന യിസ്രയേൽ ജനം ദൈവ ദൃഷ്ടിയിൽ പാപ വിമുക്തരാണെങ്കിലും അവരുടെ അനുദിന ജീവിതത്തിൽ പാപപ്രവര്ത്തികൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്രകാരമുളള പാപപ്രവര്ത്തികളെയാണ് അകൃത്യങ്ങള് എന്ന വാക്കുകൊണ്ടു വിവക്ഷിക്കുന്നത്.

അഭിഷിക്തനായ പുരോഹിതനും യിസ്രയേൽ സഭ മുഴുവനുമായും ജനത്തിൽ പ്രമാണിയായാലും ഒരു സാധാരണക്കാരനായാലും ഇപ്രകാരമുളള അകൃത്യങ്ങള്ക്ക് വിധേയനാണ്. തങ്ങള്ക്കു ഭവിച്ച അകൃത്യങ്ങളെ കുറിച്ച് ‘ഓരോരുത്തനും’ ബോധ്യം വരുമ്പോൾ ന്യായപ്രമാണം അനുശാസിക്കുന്ന വിധത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതാവശ്യമാണ്. ഇപ്രകാരം പ്രായശ്ചിത്തമായി കാളയെയോ ആടിനെയോ പക്ഷിയെയോ അര്പ്പിക്കാം. ഇതിനൊന്നിനും വകയില്ലാത്ത വ്യക്തിയാണെങ്കില് ഒരിടങ്ങഴിമാവ് പ്രായശ്ചിത്തമായി അര്പ്പിക്കാവുന്നതാണ്.

അഭിഷിക്തനായ പുരോഹിതന് പാപം ചെയ്താൽ അവന് ചെയ്ത അകൃത്യത്തെക്കുറിച്ച് ഓര്മ്മ വരുമ്പോൾ ഒരു കാളയുമായി താമ്രയാഗപീഠത്തിനരികത്തേക്കു വരേണം. കാളയുടെ തലയില് കൈവച്ച ശേഷം അതിനെ അറുക്കയും രക്തം കുറെ എടുത്തു താമ്രയാഗപീഠത്തിനു ചുറ്റും തളിക്കയും വിശുദ്ധ സ്ഥലത്ത് ധൂപപീഠത്തിന്റെ കൊമ്പുകളില് പുരട്ടുകയും തിരശീലയില് തളിക്കുകയും വേണം. ശേഷം രക്തം മുഴുവന് യാഗപീഠത്തിന്റെ ചുവട്ടില് ഒഴിച്ചു കളയേണം. രക്തം തളിക്കേണ്ടതായ ഈ മൂന്നു സ്ഥാനങ്ങളും മൂന്നു പ്രത്യേക വസ്തുതകൾ വെളിപ്പെടുത്തുകയാണ്.

യാഗപീഠത്തിനു ചുറ്റും തളിക്കുന്നത് യാഗാര്പ്പകന്റെ മനസാക്ഷിയുടെ ശുദ്ധീകരണത്തിനും കൊമ്പുകളില് രക്തം പുരട്ടുന്നത് ആരാധനയെയും തിരശീലയിൽ രക്തം തളിക്കുന്നത് ദൈവത്തിന്റെ സാമിപ്യത്തെയും സൂചിപ്പിക്കുന്നു. (ദൈവവുമായുളള സമാധാന സൂചകമാണിത്) സഭയൊന്നാകെയും തെറ്റില് വീണു പോകാവുന്ന സ്ഥിതിയുമുണ്ട്. ഇപ്രകാരമുളള സന്ദര്ഭങ്ങളിൽ സഭയ്ക്ക് അക്കാര്യം ബോധ്യമാവുമ്പോള് മേല്പ്പറഞ്ഞ നിലയിൽ ഒരു കാളയെയും കൊണ്ടുവന്ന് സഭയിലെ പ്രഭുക്കന്മാര് എല്ലാവരും കാളയുടെ മേല് കൈ വയ്ക്കുകയും എല്ലാ കാര്യങ്ങളും മുന് പറഞ്ഞ നിലയില് ചെയ്യേണ്ടതുമാണ്.

ഒരു പ്രമാണി പാപം ചെയ്താൽ അവന് ഊനമില്ലാത്ത ഒരു ആണ് കോലാടിനെ വഴിപാടായി കൊണ്ടുവരേണം. അവന് ആടിന്റെ തലയിൽ കൈ വച്ച ശേഷം അതിനെ അറുക്കുകയും പുരോഹിതന് കുറെ രക്തം എടുത്ത് വിരൽ കൊണ്ട് യാഗപീഠത്തിന്റെ കൊമ്പില് പുരട്ടുകയും ശേഷിച്ച രക്തം യാഗപീഠത്തിന്റെ ചുവട്ടില് ഒഴിച്ചു കളയുകയും വേണം. അതിനുശേഷം അതിന്റെ മേദസ്സും ഹോമയാഗ പീഠത്തിന്മേല് ദഹിപ്പിക്കേണം. എല്ലാ അകൃത്യ യാഗങ്ങളുടെയും മേദസ്സ് ഇപ്രകാരം ദഹിപ്പിക്കേണ്ടതാണ്. ശേഷം മാംസം ശുശ്രൂഷ നിര്വഹിക്കുന്ന പുരോഹിതനും പുരോഹിത കുടുംബത്തിലെ ശുദ്ധിയുളള ആണുങ്ങള്ക്കും ഭക്ഷിക്കാം.

എന്നാല് മുന്പറഞ്ഞ അഭിഷിക്തനായ പുരോഹിതന്റെ കാര്യത്തില് അര്പ്പിക്കപ്പെടുന്ന യാഗമൃഗത്തിന്റെ മാംസവും സഭ മുഴുവനായി അര്പ്പിക്കുന്ന അകൃത്യയാഗത്തിന്റെ മാംസവും പൂര്ണ്ണമായി ദഹിപ്പിച്ചു കളയുകതന്നെ വേണം. അത് ആര്ക്കും ഭക്ഷിക്കുവാനുളള അവകാശവും സ്വാതന്ത്ര്യവുമില്ല.

ജനത്തില് ഒരു സാധാരണക്കാരന് പാപം ചെയ്താൽ അവന് ഊനമില്ലാത്ത ഒരു പെണ്കോലാടിനെ അകൃത്യയാഗമായി കൊണ്ടുവരേണ്ടതാണ്. ഈ യാഗവും ജനത്തിൽ പ്രമാണിയായ വ്യക്തിക്കു വേണ്ടി അര്പ്പിക്കുന്ന അകൃത്യയാഗത്തിന്റെ നിലയില് തന്നേ അര്പ്പിക്കേണ്ടതാണ്. സാധാരണ നിലയില് വ്യക്തിപരമായി കടന്നു കൂടാവുന്ന അഞ്ചുവിധ അകൃത്യങ്ങളെകുറിച്ച് ലേവ്യ പുസ്തകം അഞ്ചും ആറും അദ്ധ്യായങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്.
1. ഒരുവന് സത്യവാചകം കേട്ടിട്ട് താന് സാക്ഷിയായി കാണുകയോ കേള്ക്കുകയോ ചെയ്ത കാര്യം അറിയിക്കാതെ അങ്ങനെ പാപം ചെയ്താല് അവന് തന്റെ കുറ്റം വഹിക്കേണം.
2. ഏതെങ്കിലും ഒരു മൃഗത്തിന്റെയോ ഇഴ ജാതിയുടെയോ പിണംതൊട്ടാല് അവന് അശുദ്ധനാകും. അശുദ്ധനായ ഒരു മനുഷ്യനെ തൊടുന്നവനും അശുദ്ധനാകും.
3. ദോഷം ചെയ്വാനോ ഗുണം ചെയ്വാനോ ഒരുവന് നിര്വിചാരകനായി തന്റെ അധരങ്ങള് കൊണ്ടു സത്യം ചെയ്യുകയും അത് അവനു മറവായിരിക്കുകയും ചെയ്താല് അവന് കുറ്റക്കാരനാകും.
4. വിശുദ്ധ വസ്തുക്കൾ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം ചെയ്തു പിഴച്ചുവെങ്കിൽ അവന് കുറ്റക്കാരനായിത്തീരും. വിശുദ്ധവസ്തുക്കള് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചു കുറ്റക്കാരനായിത്തീരുന്നയാള് വിശുദ്ധ മന്ദിരത്തിലെ മതിപ്പുവിലയനുസരിച്ച് ആ വിലയും അതിന്റെ അഞ്ചിൽ ഒന്നും കൂടെ ചേര്ത്ത് വിശുദ്ധമന്ദിരത്തില് കൊടുക്കയും മുന് പ്രസ്താവിച്ച നിലയില് അകൃത്യയാഗത്തിനുളള പ്രായശ്ചിത്തം കഴിക്കുകയും ചെയ്യേണം.
5. ആരെങ്കിലും പണയമായി ഒരു വസ്തു മറ്റൊരാളിനെ ഏല്പ്പിച്ചാൽ അതു തിരിച്ചു കൊടുക്കാതിരിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുന്നവന് കുറ്റക്കാരനാകും. എന്നാല് കുറ്റം ബോദ്ധ്യമാവുമ്പോള് പണയത്തിന്റെയോ വസ്തുവിന്റെയോ വിലയും അതിന്റെ അഞ്ചിലൊന്നുംകൂടി മടക്കി കൊടുക്കേണ്ടതാണ്.

ഏതെങ്കിലും സാധനങ്ങള് മോഷ്ടിക്കുകയോ അന്യായമായി കൈവശം വയ്ക്കുകയോ ചെയ്താല് ആ സാധനത്തിന്റെ വിലയും വിലയുടെ അഞ്ചില് ഒരു ഭാഗവും ചേര്ത്ത് മടക്കി കൊടുക്കുകയും സാധാരണ അകൃത്യ യാഗത്തിൽ ചെയ്യുന്ന പ്രായശ്ചിത്തം കഴിക്കുകയും വേണം. അഭിഷിക്തനായ പുരോഹിതനായാലും സഭ ഒന്നാകെ ചെയ്യുന്നതായാലും ഒരു പ്രമാണി ചെയ്യുന്നതായാലും ഒരു സാധാരണക്കാരന് ചെയ്യുന്നതായാലും പാപം പാപം തന്നെയാണ്. ഒരേ പാപം തന്നെ മേല് പറഞ്ഞ വിവിധ തരത്തിലുളള വ്യക്തികള് ചെയ്താലും അവര് ഓരോരുത്തനും അര്പ്പിക്കേണ്ട യാഗവസ്തുക്കള് വ്യത്യസ്തങ്ങളാണ്. ഒരു വ്യക്തിക്ക് സമൂഹത്തിലുളള സ്ഥാനമാണ് ആ വ്യക്തി ചെയ്യുന്ന പാപത്തിന്റെ വ്യാപ്തി വര്ദ്ധിപ്പിക്കുന്നത്. ഒരു സാധാരണക്കാരന് ചെയ്യുന്ന തെറ്റു വളരെചെറിയ വൃത്തത്തിൽ മാത്രമേ വ്യാപിക്കയുളളു. ഒരു പുരോഹിതനോ ഒരു പ്രമാണിയോ അതേപാപം തന്നെ ചെയ്താല് അതിന്റെ ആഘാതം ദൂര വ്യാപകമായിരിക്കും. ഉദാഹരണമായി സാധാരണക്കാരായ നാം ഒരു തെറ്റുചെയ്താല് നമ്മുടെ ചുറ്റുപാടും ഉളളവര് മാത്രം അത് അറിയും. എന്നാല് ഒരു മുഖ്യമന്ത്രിയോ അതുപോലെ സമുന്നതപദവിയില് ഇരിക്കുന്ന ഒരാളോ അതുപോലെ ഉളള തെറ്റു ചെയ്താല് ആ രാജ്യം എന്നുമാത്രമല്ല അതിനും അപ്പുറമായി ആ വാര്ത്ത കടന്നുചെല്ലും. അതുപോലെ അഭിഷിക്തനായ പുരോഹിതന് ഒരു പാപം ചെയ്താല് യിസ്രയേൽ സഭ മുഴുവനും അത് അറിയും. അല്ലെങ്കില് ദൈവം അറിയിക്കും. ഉദാ: ആഖാന് പിടിക്കപ്പെട്ടത് (Jos. 7:24-26). അതിനാല് ആ പ്രധാനി പ്രായശ്ചിത്തത്തിനായി കാളയെ തന്നെ കൊണ്ടുവരണം. പ്രായശ്ചിത്തം അര്പ്പിക്കുവാന് പുരോഹിതനാകട്ടെ പ്രമാണിയാകട്ടെ കാളയേയും കൊണ്ട് പോകുന്നത് ജനം എല്ലാം കാണാം. തന്റെ അകൃത്യത്തിന് പ്രായശ്ചിത്തം വരുത്തി എന്നുളളത് യിസ്രയേൽ സഭ മുഴുവനും അറിയേണ്ടതാണ്. എന്നാൽ ഒരു സാധാരണക്കാരന് പാപം ചെയ്താൽ അതിന്റെ വ്യാപ്തി അത്രയ്ക്കു വിശാലമല്ലാത്തതിനാൽ കാളയേക്കാള് കുറഞ്ഞ ഒരു മൃഗത്തെയോ അല്ല ഒരിടങ്ങഴി മാവോ പ്രായശ്ചിത്തമായി അര്പ്പിച്ചാൽ അതും ദൈവം സ്വീകരിച്ച് അവനു മോചനം നല്കും.

MGM Ministries-Article Source: trumpetmagazine.com/read.aspx?lang=2&id=4&mid=123 – (Accessed in March 2013)